+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

സമസ്തയുടെ സമ്മേളന പെരുമ

കേരള മുസ്ലിംകളുടെ ആധികാരിക പണ്ഡിതസഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികം ആഘോഷിക്കാനിരിക്കുകയാണ്. 2026 ഫെബ്രുവരി നാലു മുതൽ എട്ട് വരെ കാസർഗോഡ് ജില്ലയിലെ കുണിയയിലാണ് ജനലക്ഷങ്ങൾ സംബന്ധിക്കുന്ന ചരിത്ര സംഗമം നടക്കാനിരിക്കുന്നത്. സുന്നത്ത് ജമാഅത്തിന്റെ സത്യപാന്ധാവിൽ കേരള മുസ്‌ലിംകളെ അടിയുറപ്പിച്ചു നിർത്തിയ സമസ്ത ‘ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ എന്ന പ്രമേയം ഉയർത്തിയാണ് നൂറാം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നത്. സമസ്തയുടെ ആശയ പ്രചരണത്തിലും പൊതുജനങ്ങൾക്കിടയിൽ സംഘടനക്ക് സ്വീകാര്യതയുണ്ടാക്കുന്നതിലും അതിന്റെ വാർഷിക ബഹുജന സമ്മേളനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നതൊരു യാഥാർത്ഥ്യമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് ശ്രദ്ധേയമായ 28 സമ്മേളനങ്ങളാണ് സമസ്‌ത നേരിട്ട് നടത്തിയത്.

പ്രഥമ സമ്മേളനം, താനൂർ

1927 ഫെബ്രുവരി 7ന് താനൂരിലാണ് സമസ്‌തയുടെ പ്രഥമ സമ്മേളനം നടന്നത്. താനൂരിലെ പ്രസിദ്ധമായ ഇസ്‌ലാഹുൽ ഉലും അറബിക് കോളേജിൻ്റെ (സ്ഥാപകനും പ്രിൻസിപ്പളും സമസ്ത വൈ.പ്രസിഡന്റ് പാങിൽ അഹമദ് കുട്ടി മുസ്‌ലിയാർ ആയിരുന്നു) രണ്ടാം വാർഷികവും ഇതോടൊപ്പം ഒരേ വേദിയിലാണ് നടന്നത്. വെല്ലൂർ ബാഖിയാത്തു സ്വാലിഹാത് മാനേജർ മൗലാന ളിയാഉദ്ദീൻ മുഹമ്മദ് ഹസ്രത്ത് ആയിരുന്നു രണ്ട് സമ്മേളനങ്ങളുടെയും അധ്യക്ഷൻ. കേരളത്തിൽ പ്രചാരണം ആരംഭിച്ചിരുന്ന ഖാദിയാനികൾക്കും കള്ള ത്വരീഖതുകൾക്കും ശക്തമായ താക്കീത് നൽകുന്നതായിരുന്നു സമസ്‌തയുടെ പ്രഥമ സമ്മേളനം.

രണ്ടാം സമ്മേളനം, മോളൂർ

സമസ്തയുടെ രണ്ടാം വാർഷിക സമ്മേളനം 1927 ഡിസംബർ 31ന് പാലക്കാട് ജില്ലയിലെ മോളൂരിൽ നടന്നു. താനൂരിലേത് പോലെ തന്നെ ‘മിസ്ബാഹുൽ ഇസ്ലാം’ എന്ന പേരിൽ ഉന്നത ദർസ് നടന്നിരുന്ന സ്ഥലമായിരുന്നു മോളൂരും. ദർസിന് നേതൃത്വം നൽകുന്ന ‘ലിവാഉൽ ഇസ്‌ലാം സഭ’ യുടെ ഒന്നാം വാർഷികവും സമസ്ത സമ്മേളനത്തോടനുബന്ധിച്ച് നടന്നു. പാങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ ആയിരുന്നു സമ്മേളനധ്യക്ഷൻ.

മൂന്നാം സമ്മേളനം, ചെമ്മൻകുഴി

സമസ്തയുടെ മൂന്നാം വാർഷിക സമ്മേളനം 1929 ജനുവരി 7ന് വല്ലപ്പുഴ ചെമ്മൻകുഴിയിൽ വെച്ച് നടന്നു. ആദ്യ രണ്ടു സമ്മേളനങ്ങളെ പോലെ തന്നെ ഉന്നത ദർസ് നടക്കുന്ന സ്ഥലമെന്ന നിലക്കാണ് ചെമ്മൻകുഴിയിലും സമ്മേളനം നടന്നത്. ‘മാവാരിദുസ്വാലിഹീൻ അറബി മദ്രസ’ എന്നാണ് അവിടുത്തെ ദർസ് അറിയപ്പെട്ടിരുന്നത്. സമസ്ത വൈസ് പ്രസിഡന്റ് വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാരായിരുന്നു സമ്മേളനധ്യക്ഷൻ. ഈ സമ്മേളനത്തോടനുബന്ധിച്ചാണ് സമസ്തക്ക് സ്വന്തമായി പ്രസിദ്ധീകരണം(അൽ ബയാൻ മാസിക) ആരംഭിക്കാൻ തീരുമാനിച്ചത്.

നാലാം സമ്മേളനം, മണ്ണാർക്കാട്

1930 മാർച്ച് 17ന് മണ്ണാർക്കാട് മഅ്ദനുൽ ഉലൂം മദ്റസയിൽ വെച്ചാണ് സമസ്തയുടെ നാലാം വാർഷിക സമ്മേളനം നടന്നത്. സമ്പത്തും അധ്വാനവും നൽകി പൗരപ്രമുഖനായ ഖാൻ ബഹദൂർ കല്ലടി മൊയ്തുട്ടി സാഹിബായിരുന്നു സമ്മേളനത്തിന് ചുക്കാൻ പിടിച്ചത്. സൂഫിവര്യനായ വള്ളേങ്ങര മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു സമ്മേളന അധ്യക്ഷൻ.

മണ്ണാർക്കാട് സമ്മേളനത്തിൽ ആകെ എട്ട് പ്രമേയങ്ങൾ പാസാക്കി. അതിൽ പലതും പിൽക്കാലത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുകയുണ്ടായി. ഖാദിയാനികൾ, വഹാബികൾ, കള്ള ത്വരീഖത്തുകൾ തുടങ്ങി പിഴച്ച വാദക്കാരിൽ നിന്നും സമുദായത്തെ ജാഗരൂകരാക്കുന്നതായിരുന്നു ഒരു പ്രമേയം. ബ്രിട്ടീഷ് ഗവൺമെന്റ് പാസാക്കിയ വിവാഹപ്രായവുമായി ബന്ധപ്പെട്ട സർദാ ആക്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു മറ്റൊരു പ്രമേയം. പിൽക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സ്ത്രീകൾ കയ്യെഴുത്ത് പഠിക്കുന്നതുമായി ബന്ധപ്പെട്ട് മുശാവറ നൽകിയ മറുപടിയും മണ്ണാർക്കാട് സമ്മേളന പ്രമേയത്തിൽ പെട്ടതാണ്.

അഞ്ചാം സമ്മേളനം, വെള്ളിയഞ്ചേരി

            സമസ്തയുടെ അഞ്ചാം വാർഷിക സമ്മേളനം 1931 മാർച്ച് 11ന് മലപ്പുറം ജില്ലയിലെ വെള്ളിയഞ്ചേരിയിൽ നടന്നു. മൗലാനാ കരിമ്പനക്കൽ അഹമദ് മുസ്‌ലിയാർ ആയിരുന്നു സമ്മേളന അധ്യക്ഷൻ. സ്ഥാപക പ്രസിഡന്റ് വരക്കൽ തങ്ങളുടെ ജീവിതകാലത്ത് നടന്ന അവസാന സമ്മേളനമായിരുന്നു വെള്ളിയഞ്ചേരിയിലേത്.

ആറാം സമ്മേളനം, ഫറോഖ്

               സമസ്‌തയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സമ്മേളനങ്ങളിലൊന്നാണ് 1933 മാർച്ച് അഞ്ചിന് ഫറോഖിൽ നടന്ന ആറാം സമ്മേളനം. പാങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ സമസ്‌തയുടെ പ്രസിഡണ്ടായ ശേഷമുള്ള പ്രഥമ സമ്മേളനമായിരുന്നു അത്. സമ്മേളനത്തിൽ അവതരിപ്പിച്ച പ്രസക്തമായ പ്രസംഗങ്ങളാലും പ്രമേയങ്ങളാലും പ്രസ്‌തുത സമ്മേളനം സമസ്‌തയുടെ ചരിത്രത്തിൽ വലിയ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മഹാപണ്ഡിതനായ ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തിയായിരുന്നു ഫറോഖ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്.

ശ്രദ്ധേയമായ 15 പ്രമേയങ്ങളാണ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടത്. ഫറോഖ് സമ്മേളനം മുടക്കാൻ ബിദഇകൾ നടത്തിയ ശ്രമങ്ങൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതായിരുന്നു ഒന്നും രണ്ടും പ്രമേയങ്ങൾ. കേരള ജംഇയ്യത്തുൽ ഉലമയുടെ പേരിൽ സമ്മേളനം നിയമവിരുദ്ധമാണെന്ന് കാണിച്ച് സമസ്തക്ക് ലോയർ നോട്ടീസ് അയച്ച മമ്മു മൗലവിക്കും കൂട്ടർക്കുമെതിരെ കുഞ്ഞു മൊയ്തു മൗലവി അവതരിപ്പിച്ച ഒന്നാം പ്രമേയവും, സമസ്‌ത നേതാക്കളെ അപകീർത്തിപ്പെടുത്താൻ മലബാർ മുസ്ലിം ജമാഅത്തിന്റെ പേരിൽ ദുരാരോപണങ്ങളുന്നയിച്ച് നോട്ടീസ് പ്രസിദ്ധീകരിച്ചവർക്കെതിരെ വാളക്കുളം അബ്ദുൽബാരി മുസ്‌ലിയാർ അവതരിപ്പിച്ച രണ്ടാം പ്രമേയവും ശക്തമായ മറുപടി നൽകി. പരിഷ്കാരത്തിന്റെ പേര് പറഞ്ഞ് ഇസ്ലാം കഠിനമായി വിരോധിച്ച പലിശ ഹലാലാക്കാനുള്ള ഐക്യ സംഘക്കാരുടെ നീക്കത്തിനെതിരെ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ അവതരിപ്പിച്ച മൂന്നാം പ്രമേയം ആഞ്ഞടിച്ചു.

മിർസ ഗുലാം അഹ്മദ് ഖാദിയാനി സ്ഥാപിച്ച അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് മുസ്‌ലിംകളെല്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഫറോഖ് സമ്മേളനത്തിലെ ശ്രദ്ധേയമായ നാലാം പ്രമേയം. സമുദായം അവരെ ബഹിഷ്കരിക്കണമെന്നും അവരെ മുസ്‌ലിം ശ്മശാനത്തിൽ മറമാടുകയോ പള്ളികളിൽ കയറ്റുകയോ ചെയ്യരുതെന്നും കേരളത്തിലെ ഖാളിമാരോട് പ്രസ്‌തുത പ്രമേയം ആവശ്യപ്പെട്ടു. ഖാദിയാനികൾ മുസ്‌ലിംകളാണോ അല്ലേ എന്ന തർക്കം മുസ്‌ലിം ലോകത്ത് നടക്കുന്ന വേളയിലാണ് പാലോട്ട് മൂസക്കുട്ടി മൗലവി അവതരിപ്പിച്ച പ്രമേയം അർത്ഥശങ്കക്കിടയില്ലാത്ത വിധം അവർ മുസ്‌ലിംകളല്ലെന്ന് പ്രഖ്യാപിച്ചത്. പിന്നീട് 1974ലാണ് മുസ്‌ലിം വേൾഡ് ലീഗ് ഖാദിയാനികൾ ഇസ്‌ലാമിന് പുറത്താണെന്ന തീരുമാനമെടുക്കുന്നത്.

കേരളത്തിലെ മദ്റസ – മതസ്ഥാപനങ്ങളിൽ അധ്യാപകരെ നിശ്ചയിക്കുമ്പോൾ അവർ അഹ്ലുസ്സുന്നതി വൽ ജമാഅത്തിൽ പെട്ടവരാണോയെന്ന് സൂക്ഷിച്ച് പരിശോധിക്കണമെന്ന് കേരളത്തിലെ മതസ്ഥാപന ഭാരവാഹികളോട് ഇ വി അലി അഹമദ് മൗലവി അവതരിപ്പിച്ച അഞ്ചാം പ്രമേയം ആവശ്യപ്പെട്ടു. ഇബ്നു തൈമിയ്യ, ഇബ്നു അബ്ദുൽ വഹാബ്, ജമാലുദ്ദീൻ അഫ്ഗാനി പോലുള്ളവരെയും അവരുടെ അനുയായികളേയും കിതാബുകളെയും സുന്നികൾ സ്വീകരിക്കരുതെന്നും അവർ തർള്വിയത്തിന് അർഹരല്ലെന്നും ബൈത്തല അഹ്മദ് കുട്ടി മൗലവി അവതരിപ്പിച്ച ആറാം പ്രമേയം ആവശ്യപ്പെട്ടു. മണ്ണാർക്കാട് വെച്ച് നടന്ന സമസ്‌തയുടെ നാലാം വാർഷിക സമ്മേളനം സ്വന്തം ചെലവിലും അധ്വാനത്തിലും നടത്തിയ പൗരപ്രമുഖനായ ഖാൻ ബഹദൂർ കല്ലടി മൊയ്തുട്ടി സാഹിബിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ പരലോക ഗുണത്തിന് വേണ്ടി പ്രാർത്ഥന നിർവഹിക്കുന്നതുമായിരുന്നു പാങിൽ കുട്ടി മുസ്‌ലിയാർ അവതരിപ്പിച്ച ഏഴാം പ്രമേയം.

കേരള മുസ്‌ലിംകൾ നൂറ്റാണ്ടുകളായി നിരാക്ഷേപമായി ചെയ്തു പോരുന്നതും സുന്നത്ത് ജമാഅത്തിൻ്റെ ഉലമാക്കളാൽ മതാചാരങ്ങളാണെന്ന് സ്ഥിരപ്പെട്ടതുമായ സംഗതികളെ ശിർക്കാണെന്ന് പറയുന്നവർ സുന്നികളല്ലെന്നും അവർ ഇമാമതിനും ഖത്വീബ്, ഖാളി സ്ഥാനങ്ങൾക്കും കൊള്ളരുതാത്തവരാണെന്നും പ്രഖ്യാപിക്കുന്നതായിരുന്നു എട്ടാം പ്രമേയം. ഫറോഖ് സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ പ്രമേയം സുന്നികളെയും അസുന്നികളെയും വേർതിരിച്ച് കാണിക്കുന്നതായിരുന്നു. സമ്മേളനത്തിലെ അധ്യക്ഷൻ കൂടിയായ ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി ആയിരുന്നു പ്രസ്‌തുത പ്രമേയം അവതരിപ്പിച്ചത്.

മതപരിഷ്കരണത്തിന്റെ പേരിൽ സമുദായത്തിൽ നുഴഞ്ഞുകയറിയ ഭൗതികവാദികൾക്ക് എതിരെയായിരുന്നു പി. കുഞ്ഞി മൊയ്തു മൗലവി അവതരിപ്പിച്ച ഒമ്പതാം പ്രമേയം. തറാവീഹ് എട്ട് റക്അത്  വാദക്കാർക്കെതിരെയായിരുന്നു കെ കുഞ്ഞിമ്മു മൗലവി അവതരിപ്പിച്ച പത്താം പ്രമേയം. നിയമലംഘനം പോലുള്ള ഗവൺമെൻ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെയും അത്തരം പ്രസ്ഥാനങ്ങളോട് സഹകരിക്കുന്നതിനേയും എതിർക്കുന്നതായിരുന്നു സമസ്‌തയുടെ 11,12 പ്രമേയങ്ങൾ. സമസ്തയുടെ പണ്ഡിതരെ ബ്രിട്ടീഷ് അനുകൂലികളായി ചിത്രീകരിക്കാൻ എതിരാളികൾ പ്രസ്‌തുത പ്രമേയം എടുത്തു കാണിക്കാറുണ്ട്. യഥാർത്ഥത്തിൽ ഭരിക്കുന്ന കക്ഷികളോട് യോജിച്ചു പോകുക എന്ന സുന്നത്ത് ജമാഅത്തിന്റെ നയം പിന്തുടരുക മാത്രമാണ് സമസ്‌ത ചെയ്തത്. ഖിലാഫത് നിസഹകരണ പ്രസ്ഥാനങ്ങളുടെ മറവിൽ മുസ്‌ലിംകളെ സമരത്തിലേക്ക് വലിച്ചിഴക്കുകയും ഒടുവിൽ പ്രതിസന്ധിഘട്ടത്തിൽ പിൻവലിയുകയും ചെയ്ത കോൺഗ്രസ് പാർട്ടിയോടുള്ള പ്രതിഷേധവും അതിലുണ്ടായിരുന്നു.

സുന്നത്ത് ജമാഅതിന് എതിരായി വരുന്ന ബിദഈ ദുർബോധനങ്ങളെ പ്രതിരോധിക്കാൻ യഥാർത്ഥത്തിലുള്ള മതപഠനം ആവശ്യമായതിനാൽ എല്ലാ ജുമുഅത്ത് പള്ളികളിലും ദർസുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പതിമൂന്നാം പ്രമേയം. അതോടൊപ്പം സമുദായാഭിവൃദ്ധിക്കുതകുന്ന മറ്റു വിദ്യാഭ്യാസങ്ങളെ പ്രചരിപ്പിക്കണമെന്നും കെ കുഞ്ഞമ്മുട്ടി മൗലവി അവതരിപ്പിച്ച പ്രമേയം കേരളത്തിലെ മഹല്ല് ജമാഅത്തുകളോടും പൊതുജനങ്ങളോടും ആവശ്യപ്പെട്ടു. ചോറ്റൂർ, കോരൂർ ത്വരീഖതുകൾക്കെതിരെയായിരുന്നു പതിനാലാം പ്രമേയം. ശരീഅത്ത് വിരുദ്ധമായ അവ രണ്ടിനെയും മുസ്‌ലിംകൾ സ്വീകരിക്കരുതെന്നും അതിൽ പെട്ടുപോയവർ അടിയന്തരമായി പിൻവാങ്ങണമെന്നും കുഞ്ഞായിൻ മുസ്‌ലിയാർ അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ അംഗങ്ങളായ എല്ലാ പണ്ഡിതന്മാരും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസ കർമ്മങ്ങൾ മാത്രം അനുഷ്ഠിക്കുന്നവരായിരിക്കൽ നിർബന്ധമാണെന്ന് അനുശാസിക്കുന്നതായിരുന്നു പതിനഞ്ചാം പ്രമേയം. യഥാർത്ഥ സുന്നികളല്ലാത്തവർക്ക് സംഘത്തിൽ അംഗത്വം നൽകരുതെന്നും സുന്നത്ത് ജമാഅത്തിന് എതിരായെന്ന് തെളിയുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നും പാങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ അവതരിപ്പിച്ച പ്രസ്‌തുത പ്രമേയം ആവശ്യപ്പെട്ടു.

പതിനാറാം സമ്മേളനം, കാര്യവട്ടം

(ഫറോഖ് സമ്മേളനത്തിന് ശേഷം കാര്യവട്ടം സമ്മേളനത്തിന് മുമ്പായി ഒമ്പത് സമ്മേളനങ്ങൾ കൂടി നടന്നിരുന്നെങ്കിലും അവയെ കുറിച്ചുള്ള വിവരങ്ങളളോ രേഖകളോ ലഭ്യമല്ല. കാര്യവട്ടം സമ്മേളന മിനിറ്റിൽ പതിനാറാം സമ്മേളനം എന്നാണ് നൽകിയിരിക്കുന്നത്.)

             സമസ്‌തയുടെ ചരിത്രത്തിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന സമ്മേളനമാണ് 1945 മെയ് 27, 28 തിയ്യതികളിൽ കാര്യവട്ടത്ത് നടന്ന 16ാം സമ്മേളനം. രണ്ട് ദിവസം(മെയ് 27,28) സമ്മേളന പരിപാടികൾക്കും മൂന്നാം ദിവസം വഹാബികളുമായി സംവാദം നടത്താനുമായിരുന്നു തീരുമാനിച്ചിരുന്നത്. സുന്നി വിശ്വാസാചാരങ്ങളെ ശിർക്കായി ആരോപിച്ചുകൊണ്ട് വഹാബികൾ രചിച്ച ‘അത്തൗഹീദ്’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി സംവാദത്തിന് ക്ഷണിച്ചുകൊണ്ട് സ്വാഗതസംഘം ഭാരവാഹികൾ വഹാബി സംഘടനയായ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടിന് കത്തും നൽകിയിരുന്നു. എന്നാൽ സമ്മേളന അധ്യക്ഷനായ മഹാനായ ഖുതുബി മുഹമ്മദ് മുസ്‌ലിയാരെ അവഹേളിക്കുകയും നിസ്സാരപ്പെടുത്തുകയും ചെയ്യുന്ന മറുപടിയാണ് വഹാബികൾ നൽകിയത്. ഖുതുബി മുഹമ്മദ് മുസ്‌ലിയാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനമായതിനാൽ സദസ്സിൽ അല്ലാഹുവിന്റെ കോപമിറങ്ങുമെന്ന് ഭയപ്പെടുന്നത് കൊണ്ട് സംവാദത്തിന് തയ്യാറല്ല എന്നാണ് കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റായ കെ എം മൗലവി മറുപടിക്കത്തിൽ പറഞ്ഞത്. ഇങ്ങനെ ധിക്കാരപരവും നിന്ദ്യവുമായ മറുപടിയിലൂടെ വഹാബികൾ സംവാദത്തിൽ നിന്നും ഒഴിഞ്ഞുമാറി. തുടർന്ന് ഖുതുബി മുഹമ്മദ് മുസ്‌ലിയാരെ അവഹേളിച്ച കെ.എം.മൗലവിക്കെതിരെ രൂക്ഷമായ ഭാഷയിൽ സമ്മേളനം പ്രതിഷേധ പ്രമേയം പാസാക്കുകയുണ്ടായി. കാര്യവട്ടം സമ്മേളനത്തിൽ ആകെ ഏഴ് പ്രമേയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

കേരളത്തിൽ മത വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച മദ്രസ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനിടയാക്കിയ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പ്രസംഗം നടന്നത് കാര്യവട്ടം സമ്മേളനത്തിലായിരുന്നു. രാജ്യം സ്വതന്ത്രമാകുന്നതോടെ പൊതു വിദ്യാലയങ്ങളിലെ മതാധ്യാപനം ഇല്ലാതാകുമെന്നും അത് മുസ്‌ലിം സമുദായത്തെ സാരമായി ബാധിക്കുമെന്നും ദീർഘവീക്ഷണം ചെയ്ത ബാഫഖി തങ്ങൾ മതപഠനത്തിനായി ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളുള്ള പ്രത്യേക കരിക്കുലം വേണമെന്നും സമസ്ത നേതാക്കളോട് നിർദ്ദേശിച്ചു. തുടർന്നുണ്ടായ ചർച്ചകളുടെ ഫലമായാണ് 1951ൽ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കപ്പെടുന്നത്. പൗരപ്രമുഖനും സർവ്വ സ്വീകാര്യനുമായിരുന്ന ബാഫഖി തങ്ങൾ കാര്യവട്ടം സമ്മേളനത്തോടു കൂടിയാണ് സമസ്‌തയിൽ സജീവമാകുന്നതും.

പതിനേഴാം സമ്മേളനം, മീഞ്ചന്ത

           സമസ്‌തയുടെ പതിനേഴാം സമ്മേളനം 1947 മാർച്ച് 15,16,17 തിയ്യതികളിൽ കോഴിക്കോട് മീഞ്ചന്തയിൽ വെച്ച് വിപുലമായി നടന്നു. ബാഖിയാത്തു സ്വാലിഹാത് പ്രിൻസിപ്പൾ ശൈഖ് ആദം ഹസ്റത്ത് ആയിരുന്നു സമ്മേളന അധ്യക്ഷൻ. സമ്മേളനത്തിന് മുന്നോടിയായി സംഘാടകർ വഹാബികളെ സംവാദത്തിന് ക്ഷണിച്ചു കത്തയച്ചിരുന്നെങ്കിലും കാര്യവട്ടത്തിന് സമാനമായി വഹാബികൾ വീണ്ടും ഒഴിഞ്ഞുമാറി. 50,000 പേർക്ക് ഇരുന്നു കേൾക്കാനുള്ള പന്തലും സൗകര്യവുമൊരുക്കിയ പ്രൗഢമായ സമ്മേളനത്തിന്റെ മുഖ്യ സംഘാടകർ സമസ്‌ത വൈസ് പ്രസിഡന്റുമാരായ പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാരും റഷീദുദ്ദീൻ മൂസ മുസ്‌ലിയാരും ആയിരുന്നു.

സമ്മേളനത്തിൻ്റെ പ്രഥമ ദിവസമായ മാർച്ച് 15ന് മീഞ്ചന്ത ജുമുഅത് പള്ളിയിൽ വെച്ച് സമസ്ത മുശാവറ യോഗം ചേർന്നു. സമസ്‌ത പ്രസിഡന്റ് വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒമ്പത് പ്രമേയങ്ങൾ പാസ്സാക്കി. ജുമുഅ ഖുതുബയിൽ അറബിയല്ലാത്ത മറ്റു ഭാഷകൾ ഉപയോഗിക്കുന്നത് നല്ലതല്ലാത്തതും മുൻകറത്തായ ബിദ്അതുമാണെന്ന് ഉണർത്തുന്നതായിരുന്നു പ്രധാന പ്രമേയം.

സമാപന സമ്മേളനത്തിൽ സമസ്‌തയുടെ ലക്ഷ്യങ്ങളും നാളിതുവരെയുള്ള സംഘടനയുടെ പ്രവർത്തനങ്ങളും വിശദീകരിച്ചു കൊണ്ട് പ്രസിഡന്റ് വാളക്കുളം അബ്ദുൽബാരി മുസ്‌ലിയാരും, ഉലമാക്കളും ഉമറാക്കളും തമ്മിലുള്ള ബാധ്യതകൾ വിശദീകരിച്ചു കൊണ്ട് വൈസ് പ്രസിഡന്റ് പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്ലിയാരും പ്രസംഗിച്ചു. ഇസ്തിഗാസ, തഖ്ലീദ്, കറാമത് തുടങ്ങിയ വിഷയങ്ങളിൽ യഥാക്രമം കുഞ്ഞായിൻ മുസ്ലിയാർ, സ്വദഖത്തുല്ല മുസ്ലിയാർ, കണ്ണിയത് അഹ്മദ് മുസ്ലിയാർ തുടങ്ങിയവർ വിഷയാവതരണവും നടത്തി.

പതിനെട്ടാം സമ്മേളനം, വളാഞ്ചേരി

            സമസ്ത‌യുടെ പതിനെട്ടാം സമ്മേളനം 1950 ഏപ്രിൽ 29, 30 തിയ്യതികളിൽ വളാഞ്ചേരിയിൽ നടന്നു. കേരളത്തിൽ വേരോട്ടം തുടങ്ങിയിരുന്ന ജമാഅത്തെ ഇസ്ലാമിക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം വളാഞ്ചേരിയിൽ നടന്നത്. 1948ൽ കേരളത്തിൽ പ്രവർത്തനമാരംഭിച്ച ജമാഅത്തിന്റെ ആസ്ഥാനവും പ്രഥമ സംസ്ഥാന സമ്മേളനം നടന്നതും വളാഞ്ചേരിയിലായിരുന്നു. സമ്മേളനത്തിന് മുന്നോടിയായി ജമാഅത്തെ ഇസ്‌ലാമി കേരള അമീറിനെ വാദപ്രതിവാദത്തിന് ക്ഷണിച്ചുകൊണ്ട് സംഘാടകർ കത്തയക്കുകയും ചെയ്തിരുന്നു. പൗര പ്രമുഖനായ കളത്തിൽ ബാപ്പു സാഹിബ് ആയിരുന്നു സ്വീകരണ സംഘം ചെയർമാൻ.

വളാഞ്ചേരി സമ്മേളനത്തിന്റെ രണ്ടുദിവസവും ഉച്ചവരെ മുശാവറ യോഗം ചേർന്നു. മൂന്ന് തീരുമാനങ്ങൾ പ്രസ്തുത മുശാവറ കൈകൊള്ളുകയുണ്ടായി. കോഴിക്കോട് ടൗൺഹാളിൽ ചേർന്ന ആർഎസ്എസ് വിദ്യാർത്ഥി വിഭാഗത്തിന്റെ യോഗത്തിൽ മുസ്‌ലിംകളെ അപമാനിക്കുന്നതും പൊന്നാനി മുഈനത്തുൽ ഇസ്ലാം സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കെ കേളപ്പൻ നായരുടെ പ്രസ്താവനക്കെതിരെയുള്ള പ്രതിഷേധ പ്രമേയമായിരുന്നു അതിൽ പ്രധാനം.

സമാപന പൊതുസമ്മേളനത്തിൽ പാറക്കടവ് ഖാളി പി വി അബ്ദുല്ല മുസ്‌ലിയാരായിരുന്നു അധ്യക്ഷത വഹിച്ചത്. ജമാഅത്തെ ഇസ്‌ലാമിയായിരുന്നു പ്രാസംഗികരുടെ പ്രധാന വിഷയം. ജമാഅത്ത് സ്ഥാപകൻ മൗദൂദി സാഹിബിന്റെ ഉറുദു ഗ്രന്ഥങ്ങളടക്കം ഉദ്ധരിച്ചുകൊണ്ട് ശംസുൽ ഉലമ ഇ കെ അബൂബകർ മുസ്‌ലിയാർ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശംസുൽ ഉലമയെ കൂടാതെ പറവണ്ണ മുഹ് യുദ്ദീൻ കുട്ടി മുസ്‌ലിയാർ, മുഹമ്മദ് മുസ്‌ലിയാർ ശീറാസി, പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കാടേരി മുഹമ്മദ് മുസ്‌ലിയാർ, സ്വദഖതുല്ല മുസ്‌ലിയാർ, ബാഫഖി തങ്ങൾ എന്നിവരും വളാഞ്ചേരി സമ്മേളനത്തിൽ പ്രസംഗിച്ചു. മതവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതും ഉയർന്ന പണ്ഡിതരെ വാർത്തെടുക്കുന്നതിനായി പള്ളിദർസുകൾ പരിപോഷിപ്പിക്കാൻ പ്രചോദനം നൽകുന്നതുമായിരുന്നു ബാഫഖി തങ്ങളുടെ പ്രസംഗം.

പത്തൊമ്പതാം സമ്മേളനം, വടകര 

           ചരിത്രപ്രസിദ്ധമായ സമസ്‌തയുടെ പത്തൊമ്പതാം സമ്മേളനം 1951 മാർച്ച് 23,24,25 തിയ്യതികളിൽ വടകര പാക്കിസ്ഥാൻ മൈതാനിയിൽ നടന്നു. വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിമായത്തുൽ അനാം സഭ പ്രതിനിധികളുടെ ക്ഷണം സ്വീകരിച്ചു കൊണ്ടായിരുന്നു സമ്മേളനം വടകരയിൽ നടന്നത്. സംഘത്തിന്റെ ഭാരവാഹികളെ കൊണ്ട് സമസ്‌തയുടെ സമ്മേളനം വടകരയിൽ നടത്തണമെന്ന് അപേക്ഷിക്കാൻ പ്രേരിപ്പിച്ചതും അതിനുവേണ്ടി മുന്നിട്ടിറങ്ങിയതുമെല്ലാം ബാഫഖി തങ്ങളായിരുന്നു.

മദ്രാസ് ചീഫ് ഖാളിയും മുഫ്‌തിയുമായ മൗലാന മുഹമ്മദ് ഹബീബുല്ല സാഹിബ് ആയിരുന്നു വടകര സമ്മേളന അധ്യക്ഷൻ. മൗലാനാ ഖലീലുറഹ്മാൻ ബീഹാരി ആയിരുന്നു ഉദ്ഘാടനം. സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന മുശാവറയിൽ വെച്ച് സമസ്തയുടെ പുതിയ സെക്രട്ടറിയായി പറവണ്ണ മുഹ്‌യുദ്ധീൻ കുട്ടി മുസ്‌ലിയാരെ തെരഞ്ഞെടുത്തു.

സമസ്തയുടെ പ്രഥമ കീഴ്ഘടകമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ രൂപീകരണമടക്കം ആറ് പ്രമേയങ്ങളാണ് വടകര സമ്മേളനത്തിൽ അവതരിപ്പിച്ചത്. സമ്മേളനം കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷം വാളക്കുളം ജുമുഅത്ത് പള്ളിയിൽ ചേർന്ന യോഗത്തിൽ വെച്ച് വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ കമ്മിറ്റി നിലവിൽ വരികയും മദ്റസകൾക്ക് അംഗീകാരം നൽകലടക്കമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. മഹാത്മാക്കളുടെ പേരിലുള്ള നേർച്ചകളിൽ നടന്നുവരുന്ന അനാചാരങ്ങൾ അവസാനിപ്പിക്കാനുള്ള ആഹ്വാനവും സ്കൂൾ വാർഷിക പരിപാടികളിൽ നടക്കുന്ന നാടകാഭിനയം, ഡാൻസ് എന്നിവയിൽ നിന്ന് മുസ്ലിം വിദ്യാർത്ഥികളെ മാറ്റിനിർത്താനുള്ള അഭ്യർത്ഥനയുമായിരുന്നു മറ്റു പ്രധാന പ്രമേയങ്ങൾ.

ഇരുപതാം സമ്മേളനം, താനൂർ

            സമസ്തയുടെ ഇരുപതാം വാർഷിക മഹാസമ്മേളനം 1954 ഏപ്രിൽ 24, 25 തിയ്യതികളിൽ താനൂരിൽ വെച്ച് നടന്നു. പ്രഥമ ദിവസം സമസ്ത മുശാവറ യോഗവും പണ്ഡിതന്മാർക്കുള്ള ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ പഠനക്ലാസും നടന്നു.

താനൂർ സമ്മേളനത്തോടനുബന്ധിച്ചാണ് വിദ്യാഭ്യാസ ബോർഡിന് ശേഷമുള്ള സമസ്‌തയുടെ രണ്ടാമത്തെ കീഴ്ഘടകമായ സുന്നി യുവജന സംഘം (എസ് വൈ എസ്) രൂപീകരിക്കപ്പെടുന്നത്. സമ്മേളനത്തിൽ സമസ്‌ത സെക്രട്ടറി പറവണ്ണ മുഹ് യുദ്ധീൻ കുട്ടി മുസ്‌ലിയാരും പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരും തങ്ങളുടെ പ്രസംഗങ്ങളിൽ സമസ്‌തക്ക് കീഴിൽ ഒരു യുവജന സംഘത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് തൊട്ടടുത്ത മാസം കോഴിക്കോട് അൻസാറുൽ മുസ്‌ലിമീൻ സംഘം ഓഫീസിൽ ചേർന്ന യോഗത്തിൽ വെച്ച് സുന്നി യുവജന സംഘം രൂപീകരിക്കപ്പെട്ടു. അതുപോലെ സമസ്‌തയുടെ കീഴിൽ ഉയർന്ന ദർസ് സ്ഥാപിക്കാൻ ഉദ്ദേശിക്കുകയും അതിനായി ഫണ്ട് പിരിക്കാൻ പറവണ്ണ ഉസ്താദ് കൺവീനറായി ഒരു കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഉയർന്ന ദർസിനെ കുറിച്ചുള്ള ഈ ആശയമാണ് പിന്നീട് 1963ൽ ജാമിഅഃ നൂരിയ്യ സ്ഥാപിക്കുന്നതിലേക്ക് നയിച്ചത്.

തെന്നിന്ത്യൻ മുഫ്തിയും വെല്ലൂർ ബാഖിയാത് പ്രിൻസിപ്പളുമായ മൗലാനാ ശൈഖ് ആദം ഹസ്റത് ആയിരുന്നു സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്. ഖുതുബി മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു ഉദ്ഘാടകൻ. മദ്ഹബിന്റെ ആവശ്യകത ഊന്നിപ്പറയുന്നതും ഖുതുബ പരിഭാഷ സംബന്ധിച്ച വിവാദങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നതുമായിരുന്നു ഖുതുബിയോരുടെ പ്രസംഗം. ആദം ഹസ്‌റത്തിൻ്റെ പ്രസംഗവും മദ്ഹബിന്റെ ആവശ്യകത സംബന്ധിച്ചായിരുന്നു. മുഅ്ജിസത്തും കറാമത്തും, ഇസ്‌ലാമും ഇതര ഇസങ്ങളും, സുന്നത്തും ബിദ്അതും, ഖുതുബ പരിഭാഷ, പുത്തൻ പ്രസ്ഥാനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും അരങ്ങേറി.

ഇരുപത്തിയൊന്നാം സമ്മേളനം, കക്കാട് 

             സമസ്ത‌യുടെ ഇരുപത്തിയൊന്നാം സമ്മേളനം 1961 ഫെബ്രുവരി 7, 8, 9 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കക്കാട് വെച്ച് നടന്നു. വിദ്യാഭ്യാസ ബോർഡിന്റെ രണ്ടാം സമ്മേളനവും അതോടൊപ്പം നടന്നു. പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങൾ ചെയർമാനും എടരിക്കോട് വിടി അബ്ദുല്ല കോയ തങ്ങൾ കൺവീനറുമായ സ്വാഗത സംഘമാണ് സമ്മേളന തയ്യാറെടുപ്പുകൾ നടത്തിയത്.

കക്കാട് മിഫ്താഹുൽ ഉലും മദ്റസയുടെ സമീപമുള്ള പുരാതന ക്ഷേത്രമുൾക്കൊള്ളുന്ന ഏഴ് ഏക്കർ വരുന്ന അമ്പലപ്പറമ്പ്, സമ്മേളനത്തിനായി വിട്ടുതരാൻ സംഘാടകർ കക്കാട്ടെ ഹിന്ദു സമുദായ നേതാക്കളോട് ആവശ്യപ്പെട്ടപ്പോൾ വളരെ സന്തോഷത്തോടു കൂടി അവർ സ്ഥലം അനുവദിക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപമുയർന്ന സമ്മേളന സ്റ്റേജ് ഹിന്ദു മുസ്‌ലിം മൈത്രിയുടെ ഉദാഹരണം കൂടിയായിരുന്നു. സമസ്‌തയുടെ സ്ഥാപക നേതാവും സൂഫിവര്യനുമായ പാനായിക്കുളം മുസ്‌ലിയാരുടെ അബ്ദുറഹ്മാൻ നാമധേയത്തിലായിരുന്നു സമ്മേളന നഗരി അറിയപ്പെട്ടത്.

ശംസുൽ ഉലമ ഇ കെ അബൂബകർ മുസ്‌ലിയാർ സമസ്തയുടെ ജനറൽ സെക്രട്ടറിയായ ശേഷമുള്ള പ്രഥമ സമ്മേളനമായിരുന്നു കക്കാട് സമ്മേളനം. സമ്മേളനത്തിന്റെ രണ്ടാം ദിവസം പകലിൽ യഥാക്രമം സമസ്ത‌ കേരള ജംഇയ്യത്തുൽ ഉലമ പ്രതിനിധി സമ്മേളനം, എസ് വൈ എസ് സ്റ്റേറ്റ് കൗൺസിൽ, ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രതിനിധി സമ്മേളനം എന്നിവ നടന്നു. വൈകീട്ട് വിദ്യാഭ്യാസ ബോർഡ് പൊതു സമ്മേളനവും നടന്നു. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ആയിരുന്നു ഉദ്‌ഘാടകൻ. വെല്ലൂർ ബാഖിയാത്ത് പ്രിൻസിപ്പൾ മൗലാനാ മുഹമ്മദ് അബൂബക്കർ ഹസ്രത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പ്രമേയ പ്രഭാഷണങ്ങൾ കെ വി മുഹമ്മദ് മുസ്ലിയാർ (വിദ്യാഭ്യാസ ബോർഡ് അന്നും ഇന്നും), എൻ അബ്ദുല്ല മുസ‌ലിയാർ (ഇസ്ലാമും പുത്തൻ പ്രസ്ഥാനങ്ങളും), വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാർ (ഇസ്ലാമും ജമാഅത്തെ ഇസ്ലാമിയും), പി എ അബ്ദുല്ല മുസ്‌ലിയാർ മട്ടന്നൂർ (ഇൽമും അമലും) എന്നിവർ അവതരിപ്പിച്ചു.

മൂന്നാം ദിവസം രാവിലെ സമസ്‌ത മുശാവറ യോഗം ചേർന്നു. ഉച്ചക്ക് ശേഷം മമ്പുറം മഖാമിലേക്ക് ബഹുജന സിയാറത്ത് നടന്നു. വൈകീട്ട് നടന്ന സമാപന മഹാ സമ്മേളനം മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ദയൂബന്ദ് ദാറുൽ ഉലൂം പ്രിൻസിപ്പൾ ഖാരി മുഹമ്മദ് ത്വയ്യിബ് സാഹിബ് ആയിരുന്നു അധ്യക്ഷൻ. കണ്ണിയത് അഹ്മദ് മുസ്‌ലിയാർ, ശംസുൽ ഉലമ, കോട്ടുമല അബൂബകർ മുസ്‌ലിയാർ, സ്വദഖതുല്ല മുസ്‌ലിയാർ, ഉള്ളാൾ കുഞ്ഞിക്കോയ തങ്ങൾ, കെ കെ അബൂബകർ ഹസ്‌റത്ത് എന്നിവർ വിഷയാവതരണങ്ങൾ നടത്തി.

സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ ആയിരുന്നു കക്കാട് സമ്മേളനത്തിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. കേരളത്തിലെ ഇസ്‌ലാമികാഗമനം, പള്ളിദർസുകൾ, വാഴക്കാട് ദാറുൽ ഉലൂം, താനൂർ ഇസ്ലാഹുൽ ഉലൂം എന്നിവയുടെ ചരിത്രം, വഫാത്തായ സമസ്ത‌ പണ്ഡിതരുടെ ജീവചരിത്രം, മമ്പുറം – ജിഫ് രി – പാണക്കാട് സാദാത്തുക്കളുടെ ജീവചരിത്രം എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു സുവനീർ. ടി കെ അബ്ദുല്ല മുസ്‌ലിയാർ ആയിരുന്നു മുഖ്യ പത്രാധിപർ.

ഇരുപത്തിരണ്ടാം സമ്മേളനം, കാസർഗോഡ് 

സമസ്‌തയുടെ ഇരുപത്തിരണ്ടാം സമ്മേളനം 1963 ഡിസംബർ 27, 28, 29 തിയ്യതികളിൽ കാസർഗോഡ് മാലിക് ദീനാർ നഗറിൽ വെച്ച് നടന്നു. അതോടൊപ്പം വിദ്യാഭ്യാസ ബോർഡിൻ്റെ മൂന്നാം സമ്മേളനവും അരങ്ങേറി.

രണ്ടാം ദിവസം നടന്ന വിദ്യാഭ്യാസ ബോർഡിന്റെ പൊതു സമ്മേളനത്തിൽ ഖുർആൻ ദുർവ്യാഖ്യാനങ്ങളുടെ ബന്ധനം, മതവിദ്യാഭ്യാസം, ഇസ്‌ലാമിക സംസ്കാരം, ആദാബ് തുടങ്ങി വിഷയങ്ങളിൽ യഥാക്രമം കെ വി മുഹമ്മദ് മുസ്‌ലിയാർ, കെ കെ അബൂബകർ ഹസ്രത്ത്, എൻ അബ്ദുല്ല മുസ്‌ലിയാർ, സി അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവർ വിഷയാവതരണം നടത്തി.

മൂന്നാം ദിവസം രാവിലെ പള്ളി ദർസുകളുടെ പുരോഗതിയെ സംബന്ധിച്ച് പണ്ഡിത സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. സമാപന പൊതുസമ്മേളനത്തിൽ ആൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും ബറേൽവി പണ്ഡിതനുമായ മൗലാനാ ആലെ മുസ്‌തഫ (യു പി) ആയിരുന്നു അധ്യക്ഷൻ. മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു ഉദ്ഘാടകൻ. വിലായത്ത് കറാമത്ത്, മൗദൂദി ഖണ്ഡനം, ഇജ്‌തിഹാദ് തഖ്ലീദ്, പ്രശ്നം വെക്കലും കണക്കുപറയലും തുടങ്ങി വിഷയങ്ങളിൽ യഥാക്രമം ശംസുൽ ഉലമ ഇ കെ ഉസ്താദ്, വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ കെ സ്വദഖതുല്ലാഹ് മുസ്‌ലിയാർ, കോട്ടുമല അബൂബകർ മുസ്‌ലിയാർ എന്നിവർ വിഷയാവതരണം നടത്തി. കാസർകോട് സമ്മേളനത്തോടനുബന്ധിച്ചാണ് സമസ്തക്ക് ഔദ്യോഗികമായി പതാക നിലവിൽ വരുന്നത്.

ഇരുപത്തിമൂന്നാം സമ്മേളനം, തിരുന്നാവായ

സമസ്ത‌യുടെ ഇരുപത്തിമൂന്നാം സമ്മേളനം 1972 മെയ് 5, 6, 7 തിയ്യതികളിൽ തിരുന്നാവായ നിളാ നദി തീരത്ത് മഖ്‌ദൂം നഗറിൽ വെച്ച് നടന്നു. അതോടൊപ്പം ജാമിഅ നൂരിയ്യയുടെ ഒമ്പതാം വാർഷിക ഏഴാം സനദ് ദാന സമ്മേളനവും സംഘടിപ്പിക്കപ്പെട്ടു. തിരുന്നാവായ ഖാളിയായിരുന്ന എൻ അബൂബക്കർ മുസ്‌ലിയാരുടെയും പഞ്ചായത്തിലെ എടക്കുളം മുദരിസായിരുന്ന സി എച്ച് ഹൈദ്രോസ് മുസ്ലിയാരുടെയും ശ്രമഫലമായാണ് സമ്മേളനം തിരുന്നാവായയിലെത്തിയത്. പാണക്കാട് പൂക്കോയ തങ്ങൾ ചെയർമാനും കിളിയമണ്ണിൽ മൊയ്തു ഹാജി കൺവീനറുമായ സ്വാഗത സംഘമാണ് സമ്മേളന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.

ഒന്നാം ദിവസം എസ് വൈ എസ് സമ്മേളനം, രണ്ടാം ദിനം ജാമിഅ സന്നദ് ദാന സമ്മേളനം, മൂന്നാം ദിനം സമസ്ത‌യുടെ സമ്മേളനം എന്നിങ്ങനെയാണ് പരിപാടികൾ ക്രമീകരിക്കപ്പെട്ടത്. ഒന്നാം ദിവസത്തെ എസ്.വൈ.എസ് സമ്മേളനത്തിൽ കേരള നിയമസഭാ സ്പീക്കർ കെ ബാവ ഹാജി സാഹിബ് ആയിരുന്നു ഉദ്ഘാടകൻ. ഹൈദരാബാദിലെ നൂരിഷാ തങ്ങൾ അധ്യക്ഷത വഹിച്ചു. സമാപന മഹാസമ്മേളനം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. ശൈഖ് അബ്ദുൽ ഖാദിർ സൂഫി ഹസ്രത്ത് ആയിരുന്നു അധ്യക്ഷൻ.

ഇരുപത്തിനാലാം സമ്മേളനം (അറുപതാം വാർഷികം), കോഴിക്കോട്

ചരിത്ര പ്രസിദ്ധമായ സമസ്‌തയുടെ അറുപതാം വാർഷിക മഹാസമ്മേളനം 1985 ഫെബ്രുവരി 1, 2, 3 തിയ്യതികളിൽ കോഴിക്കോട് കടപ്പുറത്ത് ‘വരക്കൽ മുല്ലക്കോയ തങ്ങൾ നഗറി’ൽ നടന്നു. കോട്ടുമല അബൂബക്കർ മുസ്‌ലിയാർ ചെയർമാനും കാന്തപുരം അബൂബകർ മുസ്‌ലിയാർ കൺവീനറും എം കെ സി അബു ഹാജി ട്രഷററുമായ 5001 സ്വാഗതസംഘമാണ് സമ്മേളന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

മൂന്നുദിവസം കൊണ്ട് നാല് കേന്ദ്രങ്ങളിലായി പതിനൊന്ന് സമ്മേളനങ്ങളാണ് അരങ്ങേറിയത്. സമ്മേളനത്തിന്റെ ഒന്നാം ദിവസത്തെ സമാപന സമ്മേളനമായ എസ് വൈ എസ് സമ്മേളനം സയ്യിദ് ഉമർ ബാഖവി തങ്ങൾ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസത്തെ സമാപന സംഗമമായ വിദ്യാഭ്യാസ ബോർഡ് സമ്മേളനം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു.

മൂന്നാം ദിവസത്തെ സമാപന പൊതുസമ്മേളനം സമസ്ത പ്രസിഡന്റ്‌ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ശൈഖുനാ ശംസുൽ ഉലമ ഉദ്ഘാടനം ചെയ്തു. 20 ലക്ഷം പേരാണ് സമാപന മഹാ സമ്മേളനത്തിൽ സംബന്ധിക്കാൻ കോഴിക്കോട് കടപ്പുറത്ത് തടിച്ചു കൂടിയത്. അറുപതാം വാർഷികത്തിൽ സമസ്തയുടെ നയവും നിലപാടുകളും വ്യക്തമാക്കിക്കൊണ്ട് ശംസുൽ ഉലമ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. പ്രസംഗത്തിനൊടുവിൽ തന്റെ ചൂണ്ടുവിരൽ കൊണ്ട് സദസ്സിനെ എഴുന്നേൽപ്പിച്ചു നിർത്തി 33 തവണ തഹ്ലീൽ ചൊല്ലിയാണ് ശൈഖുന ഉദ്ഘാടനം നിർവഹിച്ചത്. സമ്മേളനത്തോടനുബന്ധിച്ച് ബൃഹത്തായ സുവനീറും പ്രസിദ്ധീകരിച്ചിരുന്നു.

ഇരുപത്തഞ്ചാം സമ്മേളനം (എഴുപതാം വാർഷികം), കോഴിക്കോട്

സമസ്തയുടെ എഴുപതാം വാർഷിക മഹാ സമ്മേളനം 1996 മാർച്ച് 29, 30, 31 തിയ്യതികളിൽ കോഴിക്കോട് കടപ്പുറത്ത് വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടന്നു. ശംസുൽ ഉലമ ചെയർമാനും കെ ടി മാനു മുസ്‌ലിയാർ കൺവീനറുമായ സ്വാഗതസംഘമാണ് സമ്മേളന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 29, 30 തിയ്യതികളിൽ പഠനക്യാമ്പും 31ന് സമാപന പൊതുസമ്മേളനവും നടന്നു. സമസ്ത പ്രസിഡന്റ് അസ്ഹരി തങ്ങളുടെ അധ്യക്ഷതയിൽ ജന.സെക്രട്ടറി ശംസുൽ ഉലമ ഇ കെ അബൂബകർ മുസ്‌ലിയാരാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.

ഇരുപത്തിയാറാം സമ്മേളനം (പ്ലാറ്റിനം ജൂബിലി)

സമസ്‌തയുടെ 75ാം വാർഷികവും വിദ്യാഭ്യാസ ബോർഡിന്റെ 50-ാം വാർഷികവും 2001ൽ ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു.

‘ഇസ്ലാം;സമഗ്രം,കാലികം, ശാസ്ത്രീയം’ എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. കെ ടി മാനു മുസ്‌ലിയാരായിരുന്നു സമ്മേളന പരിപാടികളുടെ കൺവീനർ. കാസർഗോട്, പാലക്കാട്, തൃശൂർ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖല സമ്മേളനങ്ങൾ നടന്നു. തിരുവനന്തപുരം തമ്പാനൂരിലെ ‘സമസ്‌ത ജൂബിലി സൗധം’ പ്ലാറ്റിനം ജൂബിലി സമ്മേളനോപഹാരമാണ്.

ഇരുപത്തിയേഴാം സമ്മേളനം(85 വാർഷികം), കൂരിയാട്

സമസ്‌തയുടെ 85-ാം വാർഷിക മഹാസമ്മേളനം 2012 ഫെബ്രുവരി 23 – 26 തിയ്യതികളിൽ വേങ്ങര കൂരിയാട് വെച്ച് നടന്നു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പാണക്കാട് ചെയർമാനും കോട്ടുമല ടി എം ബാപ്പു മുസ്ലിയാർ കൺവീനറുമായ 5001 അംഗ സ്വാഗതസംഘ‌മാണ് സമ്മേളന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ‘സത്യസാക്ഷികളാവുക’ എന്നായിരുന്നു സമ്മേളന പ്രമേയം. സമ്മേളനത്തിന്റെ വിളംബരമായി തിരുവനന്തപുരം മുതൽ കാസർകോട് വരെ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തിൽ സന്ദേശ ജാഥ സംഘടിപ്പിച്ചിരുന്നു.

സമ്മേളനത്തോടനുബന്ധിച്ച് 25,000 ത്തിലധികം പ്രതിനിധികൾ പങ്കെടുത്ത പഠന ക്യാമ്പ് നടന്നു. വിവിധ സെഷനുകളിലായി 33 പഠനാർഹമായ ക്ലാസുകളാണ് ക്യാമ്പിൽ നടന്നത്. സമ്മേളനത്തോടനുബന്ധിച്ച് ‘സാക്ഷ്യം’ എക്സിബിഷൻ സംഘടിപ്പിക്കപ്പെട്ടു. ‘സത്യസരണിയുടെ ചരിത്ര സാക്ഷ്യം’ എന്ന ആയിരത്തിലധികം പേജുള്ള സമ്മേളനം സുവനീറും പുറത്തിറങ്ങി. സുപ്രഭാതം ദിനപത്രത്തിൻ്റെ ട്രയൽ കോപ്പി പുറത്തിറങ്ങിയതും സമ്മേളന വേദിയിൽ വെച്ചാണ്.

കൂരിയാട് സമ്മേളനത്തിൽ ആകെ 23 പ്രമേയങ്ങൾ അവതരിപ്പിച്ചു. സമാപന മഹാ സമ്മേളനം കൂരിയാട് ദേശീയപാതയോരത്തെ 80 ഏക്കറിലധികം വരുന്ന വിശാലമായ വയലിലാണ് നടന്നത്. സമസ്‌ത പ്രസിഡൻ്റ് ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പത്ത് ലക്ഷത്തോളം ആളുകളാണ് സമാപന സമ്മേളനത്തിൽ സംബന്ധിച്ചത്.

ഇരുപത്തിയെട്ടാം സമ്മേളനം(90ാം വാർഷികം), ആലപ്പുഴ

സമസ്‌തയുടെ 90-ാം വാർഷിക മഹാസമ്മേളനം 2016 ഫെബ്രുവരി 11 – 14 തിയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടന്നു. തെക്കൻ കേരളത്തിൽ നടന്ന സമസ്‌തയുടെ ഏക വാർഷിക സമ്മേളനമാണ് ആലപ്പുഴ സമ്മേളനം. ‘സമസ്ത: ആദർശ വിശുദ്ധിയുടെ 90 വർഷം’ എന്നായിരുന്നു സമ്മേളന പ്രമേയം. കോട്ടുമല ബാപ്പു മുസ്ലിയാർ ചെയർമാനും, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ജനറൽ കൺവീനറുമായ സ്വാഗത സംഘമാണ് സമ്മേളന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. സമ്മേളന പ്രചാരണാർത്ഥം നടത്തിയ ഉത്തര മേഖല(മംഗലാപുരം – ആലപ്പുഴ) ദക്ഷിണ മേഖല(കന്യാകുമാരി – ആലപ്പുഴ) സന്ദേശ യാത്രകൾക്ക് യഥാക്രമം കോട്ടുമല ബാപ്പു മുസ്ലിയാരും പ്രഫ.കെ ആലിക്കുട്ടി മുസ്‌ലിയാരും നേതൃത്വം നൽകി. 2015 ഡിസംബർ 13ന് മംഗളൂരു നെഹ്റു മൈതാനിയിൽ വെച്ച് ഉദ്ഘാടന സമ്മേളനവും സംഘടിപ്പിച്ചു.

ബഹ്റൈനിലെ സുന്നി ശരീഅത്ത് കോടതി ചീഫ് ജസ്റ്റിസ് അഹമദ് ബിൻ സമി അൽഫനീൻ അൽ ദുസൂരിയാണ് 90-ാം വാർഷികത്തിന്റെ ചതുർദിന മഹാസംഗമം ഉദ്ഘാടനം ചെയ്തത്. പഠന ക്യാമ്പിൽ 25,000 ത്തോളം പേരാണ് പങ്കെടുത്തത്. നമ്മുടെ മതം, നമ്മുടെ സമുദായം, നമ്മുടെ രാജ്യം, നമ്മുടെ ആദർശം, നമ്മുടെ സംഘടന, നമ്മുടെ മഹല്ല്, നമ്മുടെ വഴി തുടങ്ങി വിവിധ സെഷനുകളിലായി നിരവധി പഠനാർഹമായ ക്ലാസുകൾ അരങ്ങേറി. മജ്ലിസുന്നൂർ ആത്മീയ സംഗമവും ബുക്ക് ഫെയറും സംഘടിപ്പിക്കപ്പെട്ടു. സമ്മേളന സുവനീറും പുറത്തിറങ്ങി.

ആലപ്പുഴ കടപ്പുറത്ത് തടിച്ചുകൂടിയ 25 ലക്ഷത്തോളം ജനങ്ങളെ സാക്ഷി നിർത്തിയാണ് സമാപന മഹാ സമ്മേളനം നടന്നത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പാണക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്‌ത ഉപാധ്യക്ഷൻ എ പി മുഹമ്മദ് മുസ്ലിയാർ കുമരംപുത്തൂർ അധ്യക്ഷത വഹിച്ചു. കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവർ മുഖ്യാതിഥികളായി. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ സമാപന പ്രസംഗങ്ങൾ നടത്തി.

ഹാഫിള് അമീൻ നിഷാൽ വെള്ളേരി
Student at  |  + posts
Share this article
Shareable URL
Prev Post

വോട്ട് ചോറിയും ജനാധിപത്യത്തിൻറെ ഭാവിയും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next
0
Would love your thoughts, please comment.x
()
x