“അവസാന ആകാശവും കഴിഞ്ഞാൽ ഈ പറവകൾ എങ്ങോട്ട് പോവും“
കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലമായി ഫലസ്തീൻ ജനത അനുഭവിക്കുന്ന നീതിനിഷേധത്തിന്റെയും ദൈന്യതയുടെയും ആഴമാണ് ഈ വാക്കുകളിലൂടെ വിഖ്യാത ഫലസ്തീൻ കവി ദാർവിശ് പ്രകടിപ്പിക്കുന്നത്.കാലമിത്ര കഴിഞ്ഞിട്ടും ഇന്നും ലോകത്ത് അനിശ്ചിതമായി തുടരുന്ന ഏറ്റവും രൂക്ഷമായ അന്താരാഷ്ട്ര പ്രശ്നമേതെന്ന് ചോദിച്ചാൽ അതിനോരറ്റയുത്തരമേ ഒള്ളൂ ;ഫലസ്തീൻ ഇസ്രയേൽ പ്രശ്നം.പിഞ്ചുകുട്ടികളെയും നിരായുധരായ സാധാരക്കാരെയും വരെ കൊന്നൊടുക്കി മനുഷ്യത്വത്തിന്റെ സകല സീമകളും ലംഘിക്കുന്ന ഇസ്രായേലിന്റെ ക്രൂരതയുടെയും ഫലസ്തീനികളുടെ ചെറുത്തുനിൽപ്പിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഒട്ടനവധി സംഭവങ്ങളാണ് ലോകം കണ്ടും കേട്ടും കഴിഞ്ഞത്. ന്യായീകരിക്കാൻ നീതിയുടെ ഒരു കണിക പോലുമില്ലാഞ്ഞിട്ടും അമേരിക്കയുടെ തണലിൽ (വിഷയത്തിൽ അന്താരാഷ്ട്ര സമൂഹവും ശക്തമായി ഇടപെടുന്നില്ല )തങ്ങളുടെ സൈനിക ശക്തി ഉപയോഗിച്ചുകൊണ്ട് ഇസ്രായേൽ പൈശാചികത്വം തുടരുമ്പോൾ ഫലസ്തീൻ ലോകസമൂഹത്തിന് മുന്നിൽ ഒരു നോവായി, വികാരമായി അവശേഷിക്കുകയാണ്.
ചരിത്രം ചർച്ചയാക്കപ്പെടുമ്പോൾ..
1881ലെ ജൂതരുടെ ഫലസ്തീനിലേക്കുള്ള സംഘടിത പാലായനത്തോടു കൂടിയാണ് ഇന്നത്തെ പലസ്തീൻ ഇസ്രായേൽ പ്രശ്നം ആരംഭിക്കുന്നത്. ചരിത്രാതീതകാലം തൊട്ടേ ഫലസ്തീനിൽ ഒട്ടനേകം അധിനിവേശങ്ങളും മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളും കൂട്ടക്കൊലകളുമൊക്കെ അരങ്ങേറിയിട്ടുണ്ടങ്കിലും അതിന് ഇന്നത്തെ ഇസ്രായേൽ ഫലസ്തീൻ പ്രശ്നവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം.കാരണം ഇവിടെ കൊലയാളികൾ ജൂതരും ഇരയാക്കപ്പെടുന്നത് മുസ്ലിംകളുമാണല്ലോ.. എന്നാൽ ചരിത്രത്തിലെവിടെയും മുസ്ലിംകൾ ജൂതരെ അവരുടെ പുണ്യഭൂമിയായ ജെറുസലേമിൽ നിന്ന് നാടുകടത്തിയതായോ അവരുടെ ദേവാലയങ്ങൾ നശിപ്പിച്ചതായോ കാണാൻ കഴിയില്ല.ജറുസലേമിനു നേരെ ആദ്യമായി വൈദേശികധിക്രമണം നടത്തിയത് BC 722 ൽ അസീറിയൻ രാജവംശത്തിലെ സൈറൺ രണ്ടാമൻ ചക്രവർത്തിയാണ്.പിന്നീട് ബാബിലോണിയക്കാരും അലക്സാണ്ടറും ടോളമിയും സെലൂക്കസ് സാമ്രാജ്യത്തിലെ അന്ത്യോക്യസുമെല്ലാം ഫലസ്തീൻ അധീനപ്പെടുത്തിതുകയും ജൂതരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂതർക്കു നേരെ ഏറ്റവും കൂടുതൽ ക്രൂരതകൾ നടത്തിയത് റോമാസാമ്രാജ്യത്തിലെ ഭരണാധികാരിയായ ടൈറ്റസ് സീസറാണ്.AD 70 ൽ ജൂതരുടെ വിശുദ്ധ ദേവാലയമായാ ‘Solaman ‘s Temple’ ന് തീയിടുകയും ആയിരക്കണക്കിന് പുരോഹിതന്മാരെ കൊലപ്പെടുത്തുകയും ചെയ്ത ടൈറ്റസ് ജൂതരെ കൂട്ടക്കൊല ചെയ്തു. അവരുടെ ദേവാലയങ്ങളും ഭവനങ്ങളുമെല്ലാം തകർത്തു.ജെറുസലേമിൽ നിന്ന് അവരെ ആട്ടി പുറത്താക്കുകയും ചെയ്തു. AD 637 ൽ ഉമർ (റ) വിന്റെ നേതൃത്വത്തിൽ ഫലസ്തീനിൽ ഇസ്ലാമിക ഭരണം വന്നത് മുതൽ മാത്രമാണ് ഇതിനെല്ലാം ഒരറുതിയായതും ജൂതർക്ക് തങ്ങളുടെ വിശുദ്ധ ഭൂമിയിൽ പുനരധിവസിക്കാൻ കഴിഞ്ഞത് എന്നതും നിഷേധിക്കാനാവാത്ത ചരിത്രസത്യമാണ്.ഒന്നാം കുരിശുയുദ്ധനന്തരം കുരിശുയൊദ്ധക്കൾ ജെറുസലേം കീഴടക്കിയപ്പോഴും ജൂതർ വംശീയമായി വേട്ടയാടപെട്ടിരുന്നു.പിന്നീട് ഖുദ്സിന്റെ വിമോചകൻ സ്വലാഹുദ്ദീൻ അയ്യൂബിയാണ് ജെറുസലേമിൽ ജൂതരുടെയും വിമോചകനായത്.മാത്രമല്ല കഴിഞ്ഞ നൂറ്റാണ്ടുകളിൽ ക്രിസ്തുവിന്റെ ഘാതകർ എന്ന നിലക്ക് യൂറോപ്പിന്റെ പല ഭാഗങ്ങളിലും വംശീയാക്രമണങ്ങൾക്കും വിവേചനത്തിനും ഇരയായ ജൂതർ അഭയംതേടി വന്നിരുന്നത് ഉസ്മാനിയ്യ ഖിലാഫത്തിന്റെ പ്രദേശങ്ങളിലേക്കയിരുന്നു ആയിരുന്നു എന്നതും വിസ്മരിക്കാവതല്ല. അതിനാൽ തന്നെ ഇന്ന് ഇസ്രായേൽ ഫലസ്തീനിലെ അറബ് സമൂഹത്തിന് നേരെ നടത്തുന്ന ആക്രമണങ്ങളെ യാതൊരു തരത്തിലും ന്യായീകരിക്കാനോ അംഗീകരിക്കാനോ നമുക്ക് സാധ്യമല്ല.ഇത് ജൂതന്റെ മധുരപ്രതികാരമല്ല മറിച്ച് ചരിത്രം കണ്ട ഏറ്റവും മൃഗീയമായ വഞ്ചനയാണ്, നന്ദികേടാണ്.
സിയോണിസം; ജൂതന്റെ അജണ്ട ഭീകരമാണ്
1881 ലാണ് ഫലസ്തീനിലെക്കുള്ള ഇസ്രായേലിന്റെ സംഘടിത കുടിയേറ്റം(ഏലിയ)ആരംഭിക്കുന്നത്.അതൊരു കേവല കുടിയേറ്റമായിരുന്നില്ല; മറിച്ച് ഫലസ്തീനികളുടെ കയ്യിൽ നിന്നും പണം കൊടുത്തു ഭൂമി വിലക്കുവാങ്ങി സ്ഥിരതാമസവും അധികാരവും ഉറപ്പിക്കുന്ന രീതിയിലുള്ള ഒരു ‘കൊളോണിയൽ അധിനിവേഷം’ആയിരുന്നു അത്.വേലികെട്ടി അതിരിടുന്ന തങ്ങളുടെ അതിർത്തിയിലേക്ക് അറബികളെ പ്രവേശിക്കാൻ ജൂതർ അനുവദിച്ചിരുന്നില്ല.തുടർന്ന് 1897 ൽ സ്വീറ്റ്സർ ലൻഡിലെ ബേസിൽ വച്ച് സയണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിക്കപ്പെട്ടു.ജൂതമതം ഉടലെടുത്ത പാലസ്ഥീൻ പ്രദേശത്ത് ഇസ്രയേൽ എന്ന രാഷ്ട്രം രൂപവൽക്കരിക്കുക എന്നായിരുന്നു സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.ഹങ്കേറിയൻ മാധ്യമപ്രവർത്തകനായ തിയോഡർ ഹെർഷൽ ആണ് The ‘Jewish State’എന്ന തന്റെ പുസ്തകത്തിലൂടെ ഈ ആശയത്തിന് തുടക്കം കുറിച്ചത്.’ഭൂമിയില്ലാത്ത ജനതക്ക് (ജൂതർ)ജനത ഇല്ലാത്ത ഭൂമി (ഫലസ്തീൻ)നൽകുക’ എന്നായിരുന്നു ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സയണിസ്റ്റുകൾ ഉയർത്തിയ മുദ്രാവാക്യം. അന്ന് പത്തുലക്ഷത്തോളം അറബികൾ താമസിക്കുന്ന ഫലസ്തീനെയാണവർ ‘ ജനതയില്ലാത്ത ഭൂമി ‘ യായി യായി ചിത്രീകരിച്ചത്. പിന്നീട് ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ചത് സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളാണ്.
എന്നാൽ ഇവിടെ നാം പ്രത്യേകം പരാമർശിക്കേണ്ട ഒരു കാര്യം സയണിസത്തിന്റെ അജണ്ട ഫലസ്തീൻ കൊണ്ടും അവസാനിക്കുന്നതല്ല എന്നതാണ്.അവരുടെ സ്വപ്നവും പദ്ധതിയും ‘ഗ്രേറ്റർ ഇസ്രായേൽ’ആണ്. അവരുടെ വിശ്വാസപ്രകാരം എബ്രഹാം (ഇബ്രാഹിം നബി) ഭൂമിയിലൂടെ സഞ്ചരിച്ച മുഴുവൻ സ്ഥലങ്ങളും ദൈവമായ യഹോവ ജൂതർക്ക് നൽകിയിട്ടുണ്ട് എന്നതാണ്.ലോകഭൂപടത്തിൽ ഈ പ്രദേശങ്ങളെയൊക്കെയും അടയാളപ്പെടുത്തുന്ന പാമ്പ് ചുറ്റിയ നിലയിലുള്ള വൃത്തത്തിന് ‘Zionist Snake’ എന്നാണ് പറയപ്പെടുന്നത്. അങ്ങനെ വരുമ്പോൾ സയണിസ്റ്റ് സങ്കല്പത്തിൽ മുഴുവൻ ഫലസ്തീൻ മാത്രമല്ല ഇന്നത്തെ മക്കയും മദീനയും ഉൾക്കൊള്ളുന്ന ഹിജാസും, മുഴുവൻ സിറിയയും ലബനാനും ഈജിപ്തിലെ കൈറോയുമെല്ലാം ജൂതന് അവകാശപ്പെട്ടതാണ്. അതിനാൽ തന്നെ ഈ പ്രദേശങ്ങളിൽ നിന്നെല്ലാം അറബികളെ ഉന്മൂലനം ചെയ്തുകൊണ്ട് ജൂതരെ കുടിയിരുത്തുക എന്നതാണ് സയണിസത്തിന്റെ ആത്യന്തികവും കുടിലവുമായ ലക്ഷ്യം. ഈയൊരു ചതി മനസ്സിലാക്കാൻ അറബ് രാജ്യങ്ങൾക്കോ ഈജിപ്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് തീർത്തും ദൗർഭാഗ്യകരമാണ്. തങ്ങളുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി ഇസ്രായേലിന്റെ ചെയ്തികൾക്കെതിരെ പലപ്പോഴും കുറ്റകരമായ മൗനം ദീക്ഷിക്കുകയാണ് അറബ് രാജ്യങ്ങൾ ചെയ്തത്. പ്രതിഷേധങ്ങളാകട്ടെ കേവലം വാക്കുകളിലും ‘സമാധാന സന്ദേശത്തി’ലും ഒതുങ്ങി.ഈജിപ്താകട്ടെ, അമേരിക്ക കഴിഞ്ഞാൽ ഇസ്രായേലിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളായിരുന്നു അവിടുത്തെ പല ഭരണാധികാരികളും.മാറിയ സാഹചര്യത്തിലും അമേരിക്കയുമായും ഇസ്രായേലുമായും പുതിയ ആയുധക്കരാറുകൾ ഒപ്പിടാൻ മത്സരിക്കുന്ന അറബ് രാജ്യങ്ങളും ഈജിപ്തിലെ ‘രണ്ടാം ഹുസ്നി മുബാറക്ക്’ ആകാൻ ഒരുങ്ങുന്ന ഫത്താഹ് അൽ സീസിയുമെല്ലാം സ്വന്തം കുഴി തന്നെയാണ് തോണ്ടുന്നത് എന്നതിൽ യാതൊരു സംശയവുമില്ല. ഇനിയും ബോധോധയമുണ്ടായില്ലങ്കിൽ ‘ക്ഷണിച്ചുവരുത്തിയ വിപത്ത്’ വൈകാതെതന്നെ അവരെയും പിടികൂടും…
ബാൽഫർ പ്രഖ്യാപനം; ബ്രിട്ടന്റെ കുബുദ്ധി
ഒന്നാം ലോകമഹായുദ്ധ സമയത്ത് ഫലസ്തീൻ ജനതയുടെ 90 ശതമാനവും അറബികളായിരുന്നു. എന്നാൽ യുദ്ധത്തിൽ ജൂത ലോബിയുടെ പണവും പിന്തുണയും ഉറപ്പാക്കുന്നതിന് ബ്രിട്ടനടക്കമുള്ള സാമ്രാജ്യത്വശക്തികൾ ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു.1917 ൽ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ബാൽഫർ(ക്രിസ്ത്യൻ സയണിസ്റ്റ്) ‘Balfer Decleration’ (ബാൽഫർ പ്രഖ്യാപനം) നടത്തി. ഫലസ്തീൻറെ മണ്ണിൽ ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള സയണിസ്റ്റുകളുടെ ആഗ്രഹത്തെ ബ്രിട്ടൻ അംഗീകരിക്കുന്നു എന്നായിരുന്നു ബാൽഫർ അന്നത്തെ സയണിസ്റ്റ് നേതാവായ വാൽട്ടർ റോത്‍സ് ചയിൽഡിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നത്.ഒരാളുടെ(അറബികളുടെ)ഭൂമി മറ്റൊരാൾക്ക് (ജൂതർക്ക്) മൂന്നാമതൊരാൾ(ബ്രിട്ടൻ) നൽകുന്ന ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിരോധാഭാസവും വിചിത്രവുമായ നീക്കമായിരുന്നു അത്.യുദ്ധം അവസാനിച്ചപ്പോൾ ഉസ്മാനിയ ഖിലാഫത്ത് തകരുകയും യുദ്ധത്തിൽ വിജയിച്ച ബ്രിട്ടന്റെ കോളനിയായി ഫലസ്തീൻ മാറുകയും ചെയ്തു.
അധിനിവേശവും ഇസ്രായേൽ രൂപീകരണവും
ബാൽഫർ പ്രഖ്യാപനത്തോടെ ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം വലിയ തോതിൽ വർദ്ധിച്ചു.1929 മുതൽ 39 വരെയുള്ള അഞ്ചാം ആലിയ (സംഘടിത കുടിയേറ്റം) ക്കാലത്ത് രണ്ടര ലക്ഷം ജൂതന്മാർ ഫലസ്തീനിലേക്ക് കുടിയേറി.തുടർന്ന് ജർമ്മനിയിൽ ജൂതർക്കെതിരെ ഹിറ്റ്ലർ നടത്തിയ കൂട്ടക്കുരുതികൾ ജൂതർക്ക് സ്വന്തമായൊരു രാഷ്ട്രം വേണമെന്ന ആവശ്യത്തിന് ശക്തികൂട്ടി. ഈ സമയത്ത് തന്നെ ജർമ്മനിയിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഫലസ്തീനിലേക്ക് കുടിയേറിയ ജൂതർ ഫലസ്തീൻ ഭൂമി കൈക്കലാക്കാൻ തുടങ്ങിയിരുന്നു.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അഭയാർത്ഥി പ്രവാഹം രൂക്ഷമായി. ഇതിനെതുടർന്ന് ഫലസ്തീനിലെ അറബ് സമൂഹവും ജൂതരും തമ്മിൽ നിരന്തരം സംഘർഷങ്ങളും അരങ്ങേറി.ഇതോടെ വിഷയം യുഎൻ പൊതുസഭ ചർച്ചചെയ്തു.1947 നവുംബർ 29 ന് ചേർന്ന യു.എൻ ജനറൽ അസംബ്ലി പലസ്തീൻ ജൂതർക്കും അറബികൾക്കുമായി വിഭജിക്കുവാൻ തീരുമാനിച്ചു.ബ്രിട്ടനും അമേരിക്കയുമൊക്കെ ചേർന്നെടുത്ത ഈ തീരുമാനത്തെ അറബ് ലീഗ് രാജ്യങ്ങൾ എതിർത്തെങ്കിലും ഫലമുണ്ടായില്ല.അങ്ങനെ 1948 മെയ് 14-ന് അർദ്ധരാത്രി കൊടിയ വഞ്ചനയിലൂടെ ഇസ്രയേൽ എന്ന പുതിയ രാജ്യം പിറവികൊണ്ടു. ഇന്ത്യ-പാക്ക് വിഭജനത്തിന് ശേഷം സാമ്രാജ്യത്വം ലോകത്തിനു സമ്മാനിച്ച മറ്റൊരു ദുരന്തമായിരുന്നു ഫലസ്തീൻ വിഭജനം. ഏഴര ലക്ഷത്തോളം ജനങ്ങളാണ് വിഭജനത്തെ തുടർന്ന് സ്വന്തം വീടും നാടും വിട്ട് അഭയാർത്ഥികളായിതീർന്നത്.
നീതി നിഷേധത്തിന്റെ ഏഴു പതിറ്റാണ്ട്
കൊടുംവഞ്ചനയിലൂടെ രൂപീകരിക്കപ്പെട്ട ഇസ്രായേൽ അതിലും വലിയ ചതിയാണ് രൂപീകരണ ശേഷം ഫലസ്തീനികളോട് ചെയ്തത്. ഇസ്രായേൽ, ഫലസ്തീൻ എന്നീ രണ്ട് രാഷ്ട്രങ്ങൾ രൂപീകരിക്കാനായിരുന്നല്ലോ യുഎൻ പൊതുസഭ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇസ്രായേലിനോടൊപ്പം തന്നെ വെസ്റ്റ്ബാങ്കും ഗസ്സയും ചേർന്ന് ഫലസ്തീൻ രാഷ്ട്രവും രൂപീകൃതമാകേണ്ടതാണ്. എന്നാൽ ഇസ്രായേൽ രൂപീകരിക്കപ്പെട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കപ്പെട്ടില്ല. മാത്രമല്ല 1948 ലെയും 1967 ലെയും അറബ് യുദ്ധങ്ങളിലൂടെയും തുടർന്നും അനധികൃതമായി ഫലസ്റ്റീൻ ഭൂമി കൈയേറി ഇസ്രായേൽ തങ്ങളുടെ അതിനിവേശ പ്രദേശത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്തു.ഇപ്പോഴുമതു തുടർന്നുകൊണ്ടിരിക്കുന്നു. മാത്രമല്ല ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശത്തെ വരെ ചോദ്യം ചെയ്തുകൊണ്ട് വളരെ ക്രൂരമായ ആക്രമണങ്ങളാണ് ഇസ്രായേൽ പട്ടാളം വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.1987 മുതൽ ഗസയിലെയും ഇസ്രായിലെയും ജൂത ഇടപെടലിനെതിരെ ഫലസ്തീൻ ജനത ‘ഇൻതിഫാദ’ എന്നപേരിൽ ജനകീയ മുന്നേറ്റം ആരംഭിച്ചു.ഇതിനെയൊക്കെ വളരെ ക്രൂരമായാണ് ഇസ്രയേൽ പട്ടാളം അടിച്ചമർത്തിയത്. 1987 മുതൽ 93 വരെ നീണ്ടുനിന്ന ഒന്നാം ഇൻതിഫാദക്കാലത്ത് രണ്ടായിരത്തിലേറെ ഫലസ്തീനികളാണ് കൊലചെയ്യപ്പെട്ടത്.
ഇസ്രായേലിന്റെ വഞ്ചന പരമ്പരയിലെ മറ്റൊരു ക്രൂര അധ്യായമാണ് 1993 ലെ ഓസ്ലോ കരാർ.ഒന്നാം ഇൻതിഫാദക്ക് അന്ത്യം കുറിച്ചുകൊണ്ട് യു എസിന്റെ മധ്യസ്ഥതയിൽ നോർവേയിലെ ഓസ്ലോയിൽ വച്ച് ഇസ്രായേൽ പ്രധാനമന്ത്രി യിശാഖ് റബീനും പലസ്തീൻ ലിബറേഷൻ അതോറിറ്റിയുടെ നേതാവ് യാസർ അറഫാത്തും തമ്മിൽ ഒപ്പിട്ട ഈ കരാറനുസരിച്ച് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1967-ലെ യുദ്ധത്തിൽ ഇസ്രയേൽ കൈയേറിയ പ്രദേശങ്ങളിൽ നിന്ന് പിന്മാറി ഗാസയും വെസ്റ്റ് ബാങ്കും ചേർത്ത് സ്വയംഭരണ സർക്കാരുണ്ടാക്കാൻ പലസ്തീന് അനുമതി നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇസ്രായേൽ വീണ്ടും തങ്ങളുടെ തനിനിറം വീണ്ടും കാട്ടി.27 വർഷങ്ങൾ കഴിഞ്ഞിട്ടും കരാർ വ്യവസ്ഥകൾ പാലിക്കാൻ ഇസ്രായേൽ തയ്യാറായില്ല എന്ന് മാത്രമല്ല ‘Wailing wall’ ( ടൈറ്റസ് തകർത്ത Solaman’s Temple ന്റെ അവശിഷ്ടം) ഉയർത്തിക്കാട്ടി, ഫലസ്തീനികൾ തങ്ങളുടെ പലസ്തീൻ രാജ്യത്തിന്റെ തലസ്ഥാനമായി കണക്കാക്കുന്ന മസ്ജിദുൽ അഖ്സ ഉൾക്കൊള്ളുന്ന ‘കിഴക്കൻ ജറുസലേമിനു’ നേരെ വരെ അവകാശം ഉന്നയിക്കുന്നതാണ് ലോകം കണ്ടത് !. 2000 ത്തിൽ Wailing Wall ഉൾകൊള്ളുന്ന ‘Temple Mount’ തീവ്ര സയണിസ്റ്റ് ആയ അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ സന്ദർശിച്ചതിനെതുടർന്നാരംഭിച്ച രണ്ടാം ഇന്തിഫാദ ആറായിരത്തോളം പലസ്തീനികളുടെ ജീവൻ അപഹരിക്കുകയും ചെയ്തു.ഓസ്ലോ കരാറിന്റെ ഭാഗമായി 1993 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം യിഷാക് റബീനും യാസർ അറഫാത്തിനുമായിരുന്നു ലഭിച്ചിരുന്നത് എന്നും നാം ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
ഇസ്രായേൽ രാഷ്ട്രം രൂപീകരിക്കപ്പെട്ടപ്പോൾ അഭയാർഥികളായിതീർന്ന ഫലസ്തീനികൾ എന്നെങ്കിലുമൊരിക്കൽ തങ്ങൾക്ക് തങ്ങളുടെ ജന്മ ഭൂമിയിലേക്ക് മടങ്ങി പോകാം എന്ന് ആശിച്ചിരുന്നു.എന്നാലിന്ന് തങ്ങൾക്ക് ഐക്യരാഷ്ട്രസഭ അനുവദിച്ചു തന്ന സ്ഥലത്ത് തന്നെ സ്വതന്ത്രമായൊരു രാഷ്ട്രത്തിനായി കാത്തിരിക്കുകയാണവർ. അതിനായവർ അന്താരാഷ്ട്ര സമൂഹത്തിന്റെ അവഗണനകൾക്കിടയിലും തങ്ങളോടാവും വിധം പോരാടുന്നു.പടക്കം പൊട്ടും പോലെ ബോംബുകളും മിസൈലുകളും പൊട്ടുന്ന നാട്ടിൽ കവണയും കല്ലുമായി ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങൾ വരെ നടത്തുന്ന പോരാട്ടം ലോകത്തെ നൊമ്പരക്കാഴ്ചയാണ്.ഒരു കാര്യം ഉറപ്പാണ് ചരിത്രം അവരോട് നീതി കാണിക്കുക തന്നെ ചെയ്യും.ഫലസ്തീൻമക്കൾ ചിരിച്ചല്ലാതെ, അവരോട് ചെയ്തതിനെല്ലാം ജൂത സയണിസ്റ്റുകൾ കണക്കു പറയാതെ ലോകം അവസാനിക്കുകയില്ല… തീർച്ച.