വഖ്ഫ് സ്വത്തുക്കളുടെ കയ്യേറ്റം നിയമ വിധേയമാക്കാൻ സഹായിക്കുന്ന വഖഫ് ഭേദഗതി നിയമം കേന്ദ്രസർക്കാർ നിലവിൽ വരുത്തിയിരിക്കുകയാണ്. കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി കിരൺ റിജ്ജു അവതരിപ്പിച്ച ഭേദഗതി ബിൽ 2025 ഏപ്രിൽ മൂന്നിന് ലോക്സഭയും നാലിന് രാജ്യസഭയും പാസാക്കി. തുടർന്ന് ഏപ്രിൽ അഞ്ചിന് തന്നെ രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു. ഇന്ത്യ മുന്നണിയടക്കമുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങളെ ഭൂരിപക്ഷത്തിന്റെ ഹുങ്ക് കൊണ്ട് മറികടന്നാണ് കേന്ദ്രസർക്കാർ നിയമം പാസാക്കിയെടുത്തത്. 2014 മുതൽ മോദി സർക്കാർ അധികാരത്തിലെത്തിയത് മുതൽ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വിശിഷ്യാ മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ള നിയമനിർമാണങ്ങളുടെ തുടർച്ചയാണ് വഖഫ് ഭേദഗതിയും എന്നത് പകൽ വെളിച്ചം പോലെ വ്യക്തമുള്ള സംഗതിയാണ്. ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കപ്പെടുകയും സിഎഎ – എൻആർസിയും ഏക സിവിൽ കോഡും നടപ്പാക്കാനിരിക്കുകയും ചെയ്യുന്ന വേളയിൽ കേന്ദ്രസർക്കാർ ധൃതിപ്പെട്ട് നടപ്പിലാക്കിയ വഖ്ഫ് ബിൽ ന്യൂനപക്ഷങ്ങളെ കൂടുതൽ ആശങ്കപ്പെടുത്തുന്നതോടൊപ്പം രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്ക് കളങ്കമേർപ്പെടുത്തുന്നതുമാണ്. എങ്കിലും ബില്ലിനെതിരെ സഭക്കകത്ത് പ്രതിപക്ഷം പ്രകടിപ്പിച്ച ഐക്യവും, ബിൽ പാസായത് മുതൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നുവരുന്ന പ്രതിഷേധങ്ങളും സമരങ്ങളും ആശാവഹമായ കാര്യം തന്നെയാണ്.
എന്താണ് വഖഫ്
ഇസ്ലാമിക വിശ്വാസപ്രകാരം അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് വിശ്വാസികൾ സ്വകാര്യ സ്വത്തിൽ നിന്ന് സമർപ്പിക്കുന്ന ദാനമാണ് വഖ്ഫ് സ്വത്തുക്കൾ. സാധാരണയായി പള്ളികൾ, ഖബ്ർസ്ഥാനുകൾ, ദർഗകൾ, മതപഠന കേന്ദ്രങ്ങൾ, മറ്റു സാമൂഹ്യ സേവന സ്ഥാപനങ്ങൾ എന്നിവയാണ് വഖഫ് ആയി ദാനം ചെയ്യാറ്. വ്യക്തികളുടെയും സമൂഹത്തിന്റെയും നന്മക്കായി നീക്കിവെക്കുന്ന വഖഫ് സ്വത്തുക്കൾ അധ്യായനപ്പെടാതെ എന്നും നിലനിൽക്കണമെന്നും മതം നിഷ്കർഷിക്കുന്നു. ദാനം ചെയ്ത ഭൂമിയിൽ മതപരമായ ആചാരങ്ങളും കാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ നന്മ ഉദ്ദേശിച്ചുള്ള പദ്ധതികളും നടക്കുമ്പോൾ അതിന്റെ പ്രതിഫലത്തിന്റെ വിഹിതം മരണാനന്തരവും വഖഫ് ചെയ്തവർക്കും ലഭിക്കുമെന്നുമാണ് മതപ്രമാണം.
വഖഫ് ബോർഡുകൾ
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി 1954 ലാണ് വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട നിയമം വരുന്നത്. അത് പ്രകാരം വഖഫ് സ്വത്തുക്കളുടെ പരിപാലനങ്ങൾക്കും നിയന്ത്രണങ്ങൾക്കുമായി സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും നിലവിൽ വന്നു. ബ്രിട്ടീഷ് ഭരണകാലത്തും വഖഫ് ബോർഡുകൾ നിലവിലുണ്ടായിരുന്നെങ്കിലും വ്യക്തമായ നിയമ സംവിധാനമൊന്നും അതിനില്ലായിരുന്നു. പിന്നീട് നിലവിലുള്ള നിയമം അപര്യാപ്തമായി തോന്നിയപ്പോൾ 1995ൽ അന്നത്തെ നരസിംഹറാവു സർക്കാർ പുതിയ നിയമം (വഖഫ് ആക്ട് ഓഫ് 1995) കൊണ്ടുവന്നു. ഇതിൽ 2013ൽ മൻമോഹൻ സിംഗിന്റെ കാലത്ത് ചില ഭേദഗതികളും വരുത്തുകയുണ്ടായി. നിലവിൽ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 32 വഖഫ് ബോർഡുകൾ പ്രവർത്തിക്കുന്നുണ്ട്.ബോർഡുകളുടെ കീഴിൽ ഇന്ത്യയിലൊട്ടാകെ ആകെ 8.7 ലക്ഷം സ്വത്തുക്കൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ വഖഫ് ബോർഡ് സ്ഥാപിക്കപ്പെടുന്നത് 1967 ലാണ്. കോഴിക്കോട് ആസ്ഥാനമായി രൂപീകരിച്ച ഈ സമിതിക്ക് കീഴിലാണ് കേരളത്തിലെ മുഴുവൻ വഖഫ് സ്ഥാപനങ്ങളും സ്വത്തുക്കളും പ്രവർത്തിക്കുന്നത്.
പുതിയ ഭേദഗതികളും ഗൂഢ ലക്ഷ്യങ്ങളും
വഖഫ് ഭൂമികളുടെ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കുമെന്നും വിശാലമാക്കുമെന്നും അവകാശപ്പെട്ടാണ് എൻഡിഎ സർക്കാർ 2024 ഓഗസ്റ്റിൽ പാർലമെന്റിൽ വഖഫ് ഭേദഗതി നിയമം അവതരിപ്പിച്ചത്. തുടർന്ന് പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് ജെപിസിക്ക് വിട്ട ബിൽ നിലവിലെ ബജറ്റ്പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കുകയായിരുന്നു. കാലങ്ങളായി ഇന്ത്യൻ ജനത ഉയർത്തിപ്പിടിക്കുന്ന മത സാഹോദര്യവും മൂല്യങ്ങളും ഇല്ലായ്മ ചെയ്തു വിവിധ സമുദായങ്ങൾക്കിടയിൽ സ്പർദ്ധയും ഭിന്നിപ്പും വളർത്തി മുതലെടുപ്പിന്റെ രാഷ്ട്രീയം കളിക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണ് പുതിയ വഖഫ് ഭേദഗതിയും.വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് കയ്യാളുന്നത് ഭൂമാഫിയകളാണെന്നും മുസ്ലിംകൾ ഇതര മതസ്ഥരുടെ ഭൂമികളും സ്വത്തുക്കളും കയ്യേറുകയാണെന്നും സംഘ്പരിവാറും ബിജെപിയും കാലങ്ങളായി നടത്തുന്ന ദുഷ്പ്രചരണമാണ്. റെയിൽവേയും പ്രതിരോധവകുപ്പും കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി വഖഫ് ബോർഡ് ആണെന്ന കണക്കുകളും അവർ പെരുപ്പിച്ചു കാണിക്കാറുണ്ട്. പുതിയ ഭേദഗതികൾ പ്രധാനമായും വഖഫ് ബോർഡിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് വഖഫ് ബോർഡുകൾക്ക് കൂച്ചു വിലങ്ങിടുകയും പതിയെ രാജ്യത്തെ മുസ്ലിംകളുടെ ‘അധിനിവേശ’ സ്വത്തുക്കൾ പിടിച്ചടക്കുകയും ലക്ഷ്യമിട്ടുള്ളതാണ്. യഥാർഥത്തിൽ വഖഫ് ബോർഡിന് വഖഫ് സ്വത്തിന്മേൽ ഒരു ഉടമാവകാശവും ഇല്ല.വഖഫ് ചെയ്യപ്പെട്ട സ്വത്ത് ദാനം ചെയ്തയാളുടെ ഉദ്ദേശ്യ പ്രകാരം സംരക്ഷിക്കുകയും പരിപാലിക്കുകയും മാത്രമാണ് ബോർഡിന്‍റെ ചുമതല.
പുതിയതായി വന്ന ഭേദഗതികൾ ബിജെപിയുടെ നിഗൂഢമായ മുസ്ലിം വിരുദ്ധ നീക്കങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.വഖഫ് കൗൺസിലിലെയും വഖഫ് ബോർഡിലെയും അംഗങ്ങൾ മുസ്ലിംകൾ മാത്രമായിരിക്കണമെന്ന വ്യവസ്ഥ എടുത്തു കളയുകയും ബോർഡിൽ രണ്ട് അമുസ്ലിംകൾ വേണമെന്ന നിബന്ധന വെക്കുകയും ചെയ്തിരിക്കുന്നു. ഇത് വഖ്ഫിന്റെ മതസ്വഭാവം ഇല്ലാതാക്കുന്നതും ഒരു വിഭാഗത്തിന് സ്വന്തം മതാചാരങ്ങളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യാൻ അനുവാദം നൽകുന്ന ഭരണഘടനയുടെ 26ാം ആർട്ടിക്കിളിലെ തത്വങ്ങൾക്കെതിരെയുള്ള നഗ്നമായ കടന്നു കയറ്റവുമാണ്. ഇതുകൊണ്ടാണ് ഇത് കേവലം മുസ്‌ലിം വിഷയമല്ല, മറിച്ച് ഭരണഘടനക്കെതിരെയുള്ള ആക്രമണമാണെന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികൾ ആരോപിക്കുന്നത്.ഈ വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് രാജ്യത്തെ ഹൈന്ദവ ക്ഷേത്രങ്ങളുടെ നടത്തിപ്പുകാരായ ദേവസ്വം ബോർഡിൽ ഏതെങ്കിലും മുസ്ലിംകൾക്ക് നിങ്ങൾ അംഗത്വം നൽകുമോ എന്ന പ്രതിപക്ഷത്തിന്റെ പാർലമെന്റിലെ നിരന്തര ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാരിന് മറുപടിയുണ്ടായിരുന്നില്ല. അതുപോലെ പുതിയ ഭേദഗതി പ്രകാരം കുറഞ്ഞത് അഞ്ചുവർഷം മുസ്ലിമായ വ്യക്തിക്കു മാത്രമേ വഖഫ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഭേദഗതിയിലെ ഗൗരവമായ മറ്റൊരു വ്യവസ്ഥ, വഖഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന പരാതികൾ സ്വീകരിക്കാനും പരിശോധിച്ചു തീർപ്പ് കൽപ്പിക്കാനുമുള്ള അവകാശം അതാത് സംസ്ഥാനത്തെ വഖഫ് ട്രൈബ്യൂണലിൽ നിന്ന് മാറ്റി ജില്ലാ കളക്ടറിലേക്ക് നിക്ഷിപ്തമാക്കിയിരിക്കുന്നു എന്നതാണ്.ഇത് വഖഫ് ബോർഡിന്റെ അധികാരങ്ങൾ വെട്ടിക്കുറക്കുന്നതും വഖഫ് ഭൂമികൾ കയ്യേറി സർക്കാർ സ്വത്തുക്കളാക്കാനുള്ള അപകടകരമായ നീക്കത്തിന്റെ ഭാഗവുമാണ്.പരാതികൾ കൈകാര്യം ചെയ്യുന്ന കളക്ടറക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർ അത് യഥേഷ്ടം നീട്ടിവെക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ഇനി അവ വഖഫ് സ്വത്ത് അല്ല എന്ന് വിധിക്കാനും അവർക്ക് അധികാരമുണ്ടാകും.മാത്രമല്ല ഏതെങ്കിലും വഖഫ് സ്വത്ത് ആരെങ്കിലും കയ്യേറുകയും അവകാശവാദം ഉന്നയിക്കുകയും ചെയ്താൽ അതിൽ തീർപ്പാക്കുന്നത് വരെ ആ സ്വത്തു വകകൾ വഖഫ് ആയി കണക്കാക്കപ്പെടരുതെന്നും പുതിയ ഭേദഗതി അനുശാസിക്കുന്നു. ഇതോടെ യാതൊരു തെളിവുമില്ലാതെ സമാധാനാന്തരീക്ഷം തകർക്കാൻ മാത്രം ലക്ഷ്യമിട്ടുകൊണ്ട് സംഘ്പരിവാറും മറ്റും വ്യാജമായി അവകാശമുന്നയിക്കുന്ന പള്ളികളും ഖബ്ർസ്ഥാനുകളും വരെ ഉപയോഗിക്കാൻ സാധിക്കാതെ വരും. നൂറ്റാണ്ടുകളോളം പഴക്കമുള്ള വഖഫ് ഭൂമികളെയും സ്ഥാപനങ്ങളെയും വരെ ഇത് സാരമായി ബാധിക്കും.
പ്രതീക്ഷ നൽകുന്ന പ്രതിഷേധങ്ങൾ
നിയമഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് മുതൽ മത രാഷ്ട്രീയ ഭേദമന്യേ രാജ്യത്തോടും ഭരണഘടനയോടും പ്രതിബദ്ധതയുള്ള രാജ്യത്തെ എല്ലാ പാർട്ടികളും സംഘടനകളും ഇതിനെ ശക്തമായി എതിർക്കുകയാണ്. പാർലമെന്റിന്റെ ഇരുസഭകളിലും ഒറ്റക്കെട്ടായാണ് ഇന്ത്യ മുന്നണിയും പ്രതിപക്ഷവും ബിജെപിക്കും കേന്ദ്രസർക്കാറിനുമെതിരെ ആഞ്ഞടിച്ചത്. രാത്രി രണ്ടുമണിവരെ നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കുമൊടുവിലാണ് കേന്ദ്രസർക്കാറിന് ഭൂരിപക്ഷ ബലത്തിൽ നിയമം പാസാക്കിയെടുക്കാനായത്. വോട്ടിംഗിൽ പരാജയപ്പെട്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വിള്ളൽ വീണു തുടങ്ങിയിരുന്ന പ്രതിപക്ഷത്തിന് ഐക്യവും പുത്തനുണർവും വീണ്ടെടുക്കാൻ പാർലമെന്റിലെ ചർച്ച ഉപകരിച്ചു എന്ന് വേണം കരുതാൻ.
അതുപോലെ ബിൽ പാസായത് മുതൽ നിയമ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒട്ടേറെ ഹർജികളാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്യപ്പെടുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രാജ്യത്തെ മുസ്ലിം സംഘടനകളും നിരവധി രാഷ്ട്രീയ പാർട്ടികളും എംപിമാരും വരെ ഹരജിയുടെ ഭാഗമായിട്ടുണ്ട്.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നിവക്ക് വേണ്ടി യഥാക്രമം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്വി, കപിൽ സിബൽ എന്നിവരാണ് കേസ് വാദിക്കുന്നത്.ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പിൽ വരുത്തുകയില്ല എന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു കഴിഞ്ഞു.ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരത്വ സമര കാലത്തിന് സമാനമായ പ്രതിഷേധ പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം ജനാധിപത്യ രീതിയിലുള്ള സമരങ്ങളും പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ഇടപെടലിലുമാണ് ഇനി രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ജനാധിപത്യ മതേതര വിശ്വാസികളുടെയും പ്രതീക്ഷ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റങ്ങൾക്കും ന്യൂനപക്ഷ അവകാശങ്ങളുടെ നിഷേധങ്ങൾക്കുമെതിരെ എന്നും ഐക്യപ്പെട്ട് സമരപ്പെട്ട പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഗുജറാത്തിൽ നടന്ന എഐസിസി സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആഹ്വാനം ചെയ്തത് പോലെ കൊളോണിയൽ ശക്തികൾക്കെതിരെ പോരാടിയ അതേ വീര്യത്തോടെ ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയം യഥാർത്ഥ ഇന്ത്യക്കാർക്ക് അതിക്രമിച്ചിരിക്കുന്നു.