ഇസ്ലാമിന്റെ സുവർണ്ണയുഗത്തിലെ ഏറ്റവും മനോഹരമായ ചരിത്ര അധ്യായമാണ് അന്തുലുസ് (ആധുനിക സ്പെയിൻ)വിജയം. ലോക ചരിത്രം തന്നെ മാറ്റിമറിച്ച ഇസ്ലാമിന്റെ സ്പെയിൻ വിജയം നടന്നത് ഹി. 92 ശവ്വാൽ 28നായിരുന്നു. താരിഖ് ബ്നു സിയാദ് എന്ന ചെറുപ്പക്കാരന്റെ ധീരതയുടെയും മുസ്ലിംകളുടെ അചഞ്ചല വിശ്വാസത്തിന്റെയും മകുടോദാഹരണമാണ് സ്പെയിൻ വിജയം. എട്ടുനൂറ്റാണ്ട് കാലത്തോളം നീണ്ടുനിന്ന ഇസ്ലാമിക ഭരണം അവസാനിച്ച് സ്പെയിൻ മുസ്ലിംകളുടെ ദുരന്ത ഭൂമിയായി മാറിയെങ്കിലും ഇന്നും താരിഖിന്റെ സൈന്യവും സ്പെയിൻ വിജയവും വിശ്വാസി സമൂഹത്തെ ആവേശം ജനിപ്പിക്കുന്ന ഓർമകൾ തന്നെയാണ് സമ്മാനിക്കുന്നത്.
ഹിജ്റ 92(ക്രി.711)ൽ അമവി ഭരണാധികാരി വലീദ് ബ്നു അബ്ദുൽ മലികിന്റെ കാലത്താണ് മുസ്ലിംകൾ സ്പെയിൻ കീഴടക്കുന്നത്.സ്പെയിനിലെ ഭരണവർഗമായ ഗോത്തുകൾ അനീതിയുടെയും അക്രമത്തിന്റെയും വക്താക്കളായിരുന്നു.ഭരണാധികാരികളുടെ ആഡംബര ജീവിതവും നികുതി കെട്ടിവച്ചും മറ്റുമുള്ള ചൂഷണങ്ങളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു.പൗരോഹിത്യ പ്രേരണയാൽ രാജാക്കന്മാർ ജൂതർക്കെതിരെ കൊടിയ പീഡനങ്ങൾ അഴിച്ചുവിട്ടതിനാൽ അവരും ഭരണകൂടത്തിനെതിരാവുകയും പലപ്പോഴും കലാപങ്ങൾ അഴിച്ചു വിടുകയും ചെയ്തു.സ്പെയിനിലെ മർദ്ദിത ജനവിഭാഗങ്ങളും ജൂതരും ഒരു വിമോചകനെ അന്വേഷിക്കുന്ന സമയത്തായിരുന്നു മുസ്ലിംകളുടെ രംഗപ്രവേശനം.
ക്രി. 710ൽ രാജാവായ വിറ്റീസ അന്തരിച്ചപ്പോൾ കിരീടാവകാശിയായ രാജപുത്രനെ വധിച്ചു കൊണ്ട് സേനാനായകനായ റൊഡറിക്ക് സ്പെയിനിൽ അധികാരത്തിലേറി.തങ്ങളുടെ പിതാവിന്റെ ഘാതകനായ റൊഡറിക്കിനെ വകവരുത്താൻ രാജാവിന്റെ മക്കൾ ഇറങ്ങിപ്പുറപ്പെട്ടു. അ വർ സ്പെയിനിനോട് ചേർന്ന ആഫ്രിക്കൻ നാടുകളിൽ കറങ്ങുകയും ഈ ആവശ്യാർത്ഥം പലരുമായും ബന്ധപ്പെടുകയും ചെയ്തു.പിതാവിന്റെ സുഹൃത്തും റൊഡറികിന്റെ ശത്രുവുമായിരുന്ന ക്യൂട്ടയിലെ ഗവർണ്ണർ ജൂലിയനുമായി അവർ സഖ്യത്തിലെത്തി.ഒരിക്കൽ തന്റെ പുത്രിയെ റൊഡറിക്ക് മാനഭംഗപ്പെടുത്തിയിരുന്നതിനാൽ ജൂലിയൻ രാജാവിനോട് വിദ്വേഷത്തിലായിരുന്നു.തങ്ങളുടെ കൂട്ടുകെട്ട് കൊണ്ട് മാത്രം റൊഡറിക് രാജനെ തോൽപ്പിക്കാനാവില്ലെന്ന് മനസ്സിലാക്കിയ അവർ മുസ്ലിംകളോട് സഹായം തേടാൻ തീരുമാനിച്ചു.അങ്ങനെ അവർ മൊറോക്കോയിൽ ചെന്ന് അമവികളുടെ ആഫ്രിക്കൻ ഗവർണറായിരുന്ന മൂസ ബ്നു നുസൈറിനോട് സഹായം തേടി.മൂസ ഖലീഫ വലീദിനെ വിവരമറിയിച്ചു.അപരിചിതമായ സ്ഥലവും അപകടം പിടിച്ച യാത്രയുമായതിനാൽ ആദ്യം ഖലീഫ സംശയം പ്രകടിപ്പിച്ചെങ്കിലും പിന്നീട് സമ്മതം മൂളി.ആദ്യമായി ത്വരീഫ് ബ്നു മലികിന്റെ നേതൃത്വത്തിൽ നാലായിരം വരുന്ന സൈന്യത്തെ മൂസ സ്പെയിനിലേക്കയച്ചു.അവർ ജസീറത്തുൽ ഖള്റക്കടുത്തുള്ള ഒരു ദ്വീപിലാണ് തമ്പടിച്ചത്.സ്പെയിനിൽ ആദ്യമായി കാലുകുത്തിയ മുസ്ലിം ത്വരീഫാണ്.പ്രസ്‌തുത ദ്വീപ് ഇന്നും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
തന്റെ സേവകനും ബർബറി വംശജനുമായ ത്വാരിഖ് ബ്നു സിയാദിനെയാണ് മൂസ പിന്നീട് സ്പെയിൻ പിടിച്ചെടുക്കാനായി തെരഞ്ഞെടുത്തത്.ഏഴായിരം ഭടന്മാരടങ്ങിയ സൈന്യവുമായി ത്വാരിഖ് സ്പെയിനിലേക്ക് പുറപ്പെട്ടു.സൈന്യത്തിൽ ഭൂരിഭാഗവും മൂസയുടെ ആഫ്രിക്കയിലെ മുന്നേറ്റത്തിന്റെ ഭാഗമായി ഇസ്ലാം സ്വീകരിച്ച ബർബർ വംശജർ ആയിരുന്നു.മുസ്ലിം പക്ഷത്തു ചേർന്ന ജൂലിയൻ നൽകിയ നാല് കപ്പലുകളിലായി മുസ്ലിം സൈന്യം ജിബ്രാൾട്ടർ പർവ്വതത്തിന്റെ അടിവാരത്തിലെത്തി നിലയുറപ്പിച്ചു.ത്വാരിഖ് ബ്നു സിയാദും സൈന്യവും കപ്പിലിറങ്ങിയ ഈ സ്ഥലം പിന്നീട് അദ്ദേഹത്തിന്റെ പേരിൽ ‘ജബലു ത്വാ രിഖ്’ (ജിബ്രാൾട്ടർ) എന്ന് അറിയപ്പെട്ടു.
ഈ വിവരമറിഞ്ഞയുടനെ അവിടുത്തെ ഗവർണർ തദ്‌മീർ ജിബ്രാൾട്ടറിന്റെ പിൻവശത്തുള്ള ജസീറതുൽ ഖള്റായിലും സൈന്യവുമായി തമ്പടിച്ചു.മൂന്ന് ദിവസം നീണ്ടു നിന്ന തദ്‌മീറുമായുള്ള യുദ്ധ ത്തിൽ ആദ്യ വിജയം മുസ്‌ലിംകൾക്കായിരുന്നു.തദ്‌മീർ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് റൊഡറികിനെ സമീപിച്ചു.വിവരമറിഞ്ഞ റൊഡറിക് ത്വാരിഖിനെ നേരിടുവാൻ സുസജ്ജമായ എഴുപതിനായിരം ഭടന്മാരടങ്ങിയ സൈന്യവുമായി പുറപ്പെട്ടു. ഇതറിഞ്ഞ ത്വാരിഖ് മൂസയോട് കൂടുതൽ സഹായ സൈന്യത്തെ ആവശ്യപ്പെട്ടു. മൂസ അയ്യായിരം പേരടങ്ങിയ ഒരു സൈന്യത്തെ കൂടി സ്പെയിനിലേക്കയച്ചു. ഇതോടെ മുസ്ലിംകളുടെ അംഗബലം പന്ത്രണ്ടായിരമായി.എന്നാൽ റൊഡറിക്കിന്റെ സൈന്യം ആകെ ഒരു ലക്ഷത്തോളമുണ്ടായിരുന്നു. അവിടുത്തെ ഭൂമിശാസ്ത്രപരമായ ചുറ്റുപാടൊക്കെ നന്നായി അറിയാവുന്ന സ്പെയിൻകാരുമായിരുന്നു അവർ.
സ്പാനിഷ് ചക്രവർത്തിയുടെ പടുകൂറ്റൻ സൈന്യം മുസ്‌ലിം സേനക്കഭിമുഖമായി അണിനിരന്നപ്പോൾ അതവരിൽ ഭീതിയുളവാക്കി.ഇത് മനസ്സിലാക്കിയ ത്വാരിഖ് ഒരുജ്ജ്വല പ്രസംഗം ചെയ്തു.”ജനങ്ങളേ, നിങ്ങൾക്ക് രക്ഷാമാർഗമെവിടെ? നിങ്ങളുടെ പിന്നിൽ സമുദ്രം.മുമ്പിൽ ശത്രുവും.നിങ്ങൾക്കു ആശ്രയിക്കാവുന്നത് സ്ഥൈര്യവും ക്ഷമയും മാത്രം. നിങ്ങൾ ഈ ഉപദ്വീപിൽ ലുബ്‌ധന്മാരുടെ സദ്യയിലെ അനാഥകളെക്കാളും അവഗണിക്കപ്പെട്ടവരാണ്. ശത്രു സൈന്യം നിങ്ങൾക്കഭിമുഖമായി നിൽക്കുന്നു. അവർക്ക് ആയുധങ്ങൾ വേണ്ടതി ലധികമുണ്ട്.ഭക്ഷണവും സുലഭം.നിങ്ങൾക്കാശ്രയം നിങ്ങളുടെ വാളുകൾ മാത്രം.ആഹാരം വേണമെങ്കിൽ ശത്രുവിൽ നിന്ന് പിടിച്ചെടുക്കണം.നിങ്ങളുടെ ഇല്ലായ്മയുടെ ഈ അവസ്ഥ ദീർഘിപ്പിക്കുകയും അതിനിടക്ക് ഒന്നും നേടുവാൻ കഴിഞ്ഞതുമില്ലെങ്കിൽ നിങ്ങളുടെ പ്രശസ്‌തി നഷ്ടപ്പെടും.അതിന്റെ ഫലം നിങ്ങളെ സംബന്ധിച്ച് ശത്രുവിന്റെ മന സ്സിലിപ്പോഴുള്ള ഭയത്തിൻ്റെ സ്ഥാനത്തു നിങ്ങളെ ആക്രമിക്കാനുള്ള ധൈര്യം സ്ഥലം പിടിക്കലായിരിക്കുംഈ ഹീനമായ അവസ്ഥ വരാതിരിക്കാൻ ഈ മർദ്ദകനോട് നിങ്ങൾ പോരാടുക. നിങ്ങൾ മരിക്കാൻ സന്നദ്ധരാണെങ്കിൽ അവന്നെതിരെ ഈ സുവർണാവസരം പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്.വൻക്ലേശം അല്‌പം സഹിച്ചാൽ വൻ സുഖാനന്ദങ്ങൾ ദീർഘകാലം അനുഭവിക്കാം” സൈന്യത്തിൽ ആവേശവും ആത്മവിശ്വാസവുമുണ്ടാക്കിയ ഈ പ്രസംഗം അതിന്റെ ആശയ ഗാംഭീര്യത്താൽ ചരിത്രഗ്രന്ഥങ്ങളിൽ പ്രാധാന്യപൂർവ്വം സ്ഥാനം പിടിച്ചിട്ടുണ്ട്.
അതിരൂക്ഷമായ പോരാട്ടമാണ് മെഡിനസിഡോണിയക്കു സമീപമുള്ള ഗൗഡ്‌ലിറ്റ് നദിക്കരയിലെ യുദ്ധ ഭൂമിയിൽ പിന്നീട് നടന്നത്.എഡി. 711 (ഹിജ്റ 92) റമളാൻ 28നാണ് യുദ്ധം ആരംഭിച്ചത്. ഇത് ശവ്വാൽ അഞ്ച് വരെ നീണ്ടു.ഘോരമായ സംഘട്ടനത്തിന്റെ പര്യാവസാനം സ്പെയിൻ സേനയുടെ പിന്തിരിഞ്ഞോട്ടമായിരുന്നു.മുസ്‌ലിം പക്ഷത്ത് നിന്ന് മുവ്വായിരം പേർ രക്തസാക്ഷികളായി.ശത്രുപക്ഷത്ത് പതിനായിരങ്ങൾ കൊല്ലപ്പെട്ടു.പലരും ഓടി രക്ഷപ്പെട്ടു.ചിലർ നദിയിൽ ചാടി ആത്മഹത്യ ചെയ്‌തു.രാജാവ് റൊഡറികിനും വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്യേണ്ടി വന്നു.
ജൂലിയനും മുൻ രാജാവായ വിറ്റീസയുടെ പുത്രന്മാരും മുസ്ലിംകളെ സഹായിച്ചതിനാൽ സ്പെയിൻ കീഴടക്കൽ കൂടുതൽ സുഗമമായി.ഗ്രാമങ്ങളും പട്ടണങ്ങളും ഒന്നൊന്നായി നാട്ടുകാർ മുസ്ലിംകൾക്ക് ഏൽപ്പിച്ചു കൊണ്ടിരുന്നു. പ്രമുഖ നഗരമായ സെവിയ്യ ആയുധം താഴെവച്ച് സന്ധിക്ക് തയ്യാറായി. കീഴടക്കിയ സ്ഥലങ്ങളിലെല്ലാം മുസ്ലിംകൾ പരിപൂർണ്ണമായ മതസ്വാതന്ത്ര്യം പ്രദേശവാസികളായ ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും നൽകി.തടവുകാരോട് ഉദാരമായി പെരുമാറി.ഹി.94ൽ മുസ്ലിംകൾ മറ്റൊരു പ്രധാന നഗരമായ മാഡ്രിഡ് കീഴടക്കി.സ്പെയിനിലെ വിജയ മുന്നേറ്റം വേഗത്തിലാക്കാൻ ഗവർണർ മൂസ ബ്നു നുസൈറും എത്തിച്ചേർന്നു. രണ്ടു പ്രഗൽഭരായ സേനാധിപരുടെയും സൈന്യം വളരെ വേഗത്തിൽ സ്പെയിൻ പരിപൂർണ്ണമായും ഇസ്ലാമിക ആധിപത്യത്തിൽ കൊണ്ടുവന്നു.ഇരുവരുടെയും അസാമാന്യമായ വിജയയാത്ര പിരണീസ് പർവതനിര വരെ എത്തിയ ശേഷം അവസാനിപ്പിച്ചു. ഫ്രാൻസിലൂടെ കിഴക്കോട്ട് സഞ്ചരിച്ച് അറബികൾക്കിതുവരെ കീഴടക്കാൻ കഴിയാത്ത കോൺസ്‌റ്റാൻ്റിനോപ്പിളിൽ വിജയ പതാക നാട്ടുവാൻ മൂസ ആഗ്രഹിച്ചിരുന്നു.പക്ഷേ ഖലീഫയുടെ അനുമതി ലഭിച്ചില്ല. വിശ്രമമില്ലാതെയുള്ള സാഹസ കൃത്യങ്ങളിലേർപ്പെട്ട് തൻ്റെ സൈന്യത്തിന് ജീവാപായം വരുത്തിവെക്കുന്നതിനെ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അങ്ങനെ ഹിജ്റ 96ൽ വമ്പിച്ച യുദ്ധ സ്വത്തുമായി മൂസയും ത്വാരിഖും തങ്ങളുടെ ഇതിഹാസം രചിച്ച സൈന്യവുമായി ഡമസ്കസിലേക്ക് തിരിച്ചു. തിരിച്ചുപോരുമ്പോൾ മുസ്ലിം സ്പെയിനിന്റെ തലസ്ഥാനമായ സെവില്ലയിൽ മൂസ തന്റെ മകൻ അബ്ദുല്ലയെ ഗവർണറായി നിയമിക്കുകയും ചെയ്തു.