എട്ട് നൂറ്റാണ്ട് കാലത്തോളം നീണ്ടുനിന്ന ഇസ്ലാമിക ഭരണത്തിന് സാക്ഷ്യം വഹിച്ച നാടാണ് അന്ദുലുസ് (ആധുനിക സ്പെയിൻ).ക്രി.711 താരിഖ് ബ്നു സിയാദ് എന്ന ധീര യോദ്ധാവിലൂടെ ഇസ്ലാമിന്നധീനപ്പെട്ട സ്പെയിൻ 1492 വരെ വിവിധ മുസ്ലിം രാജവംശങ്ങൾ ഭരിച്ചു. ഈ കാലയളവിൽ സാമ്പത്തിക പുരോഗതിയിലും വൈജ്ഞാനിക വിപ്ലവത്തിലും ശാസ്ത്ര നേട്ടങ്ങളിലും ലോകത്തിന്റെ നെറുകയിൽ പരിലസിച്ചു. അന്ധകാരത്തിൽ മുങ്ങിപ്പോയിരുന്ന യൂറോപ്പിന് വൈജ്ഞാനിക വെളിച്ചം പകർന്നു നൽകിയതും മുസ്ലിം സ്പെയിനിലെ പണ്ഡിതരും സർവ്വകലാശാലകളമായിരുന്നു.ഇന്ന് ഒരു ശതമാനം മാത്രം മുസ്ലിംകൾ അധിവസിക്കുന്ന ആധുനിക സ്പെയിൻ മുസ്ലിംകളുടെ ഗതകാല സ്മരണകളുടെ കദനഭാരം പേറുന്ന ഭൂമിക കൂടിയാണ്.
യൂറോപ്പിന്റെ ഗുരുനാഥൻ
ഇസ്ലാമിന്റെ ആഗമനം മുതൽ സ്പെയിനിൽ മത ഭൗതിക വിജ്ഞാനീയങ്ങൾ പൂത്തുലയുകയായിരുന്നു.അബ്ബാസി ഖിലാഫത്തിന്റെ ആസ്ഥാനമായ ബാഗ്ദാദിന് സമാനമായ വളർച്ച അക്കാലത്ത് സ്പെയിനിലെ അമവികളുടെ തലസ്ഥാന നഗരിയായ കോർഡോവക്കുണ്ടായിരുന്നു. പ്രസിദ്ധ തഫ്സീർ,ഹദീസ് പണ്ഡിതൻ ഇമാം ഖുർ ത്വു,ലോകപ്രശസ്ത അറബി വ്യാകരണ ഗ്രന്ഥം അൽഫിയയുടെ രചയിതാവ് ഇബ്നു മാലിക്,പ്രസിദ്ധ സൂഫിവര്യനായ ശൈഖുൽ അക്ബർ മുഹ്യുദ്ദീനുബ്നു അറബി തുടങ്ങീ തലയെടുപ്പുള്ള ഒട്ടനേകം മതപണ്ഡിതർക്ക് സ്പെയിൻ ജന്മം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ വൈദ്യം,ഗോളം,സസ്യം,ഗണിതം,ഭൗമം,ചരിത്രം തുടങ്ങി ഏതാണ്ടെല്ലാ ഭൗതിക വിജ്ഞാന ശാസ്ത്ര മേഖലയിലും സ്പെയിനിലെ മുസ്ലിം പ്രതിഭകൾ ജ്വാലിച്ചു നിന്നിരുന്നു. ഒരുപക്ഷേ മതപണ്ഡിതരാക്കാളേറെ ഭൗതികശാസ്ത്ര പ്രതിഭകളിലൂടെയായിരിക്കാം മുസ്ലിം സ്പെയിൻ അറിയപ്പെടുന്നത്.
സ്പെയിൻ ഭരണാധികാരികൾ പണ്ഡിതന്മാർക്കും ഗവേഷകർക്കും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും വലിയ പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് വിവിധ ശാഖകളിൽ നിപുണരായ പണ്ഡിതന്മാർ സ്പെയിനിൽ ഉയർന്നു വരികയും അവർ വിലമതിക്കാനാകാത്ത സംഭാവനകൾ ലോകത്തിന് സമർപ്പിക്കുകയും ചെയ്തു.അതേസമയം ഇന്ന് ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെയും വിദ്യാഭ്യാസ യോഗ്യതകളുടെയും വീമ്പ് പറയുന്ന യൂറോപ്യർ അന്ന് അന്ധകാരത്തിന്റെ പടുകുഴിയിലായിരുന്നു. പൗരോഹിത്യത്തിന്റെ കരാളഹസ്തങ്ങൾ അവരുടെ ചിന്തകൾക്കും സ്വാതന്ത്ര്യങ്ങൾക്കും കടിഞ്ഞാണിട്ടിരുന്നു.ശാസ്ത്രീയ ഗ്രന്ഥങ്ങൾ വായിക്കുന്നത് തന്നെ യൂറോപ്യൻ രാജ്യങ്ങളിൽ പൊറുക്കപ്പെടാനാവാത്ത മഹാപാപമായിരുന്നു. പ്രകൃതിയിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് ശാസ്ത്രീയ കാരണങ്ങൾ കണ്ടെത്തുന്നത് മതവിശ്വാസത്തിനെതിരെയുള്ള വിപ്ലവമായി കണക്കാക്കുകയും അത്തരം ശ്രമങ്ങൾക്ക് മുതിരുന്നവരെ തൂക്കിലേറ്റലുമായിരുന്നു ക്രൈസ്തവ സഭകളുടെ പതിവ്.യഥാർത്ഥ അധികാരം പുരോഹിതന്മാർക്കായതിനാൽ ഭരണാധികാരികൾ അവരുടെ ക്രൂരതകൾക്ക് ഒത്താശ ചെയ്തുകൊടുക്കുകയും ശാസനകൾക്ക് വിധേയപ്പെട്ട് ഭരണചക്രം തിരിക്കുകയും ചെയ്തു. പതിമൂന്നാം നൂറ്റാണ്ടിൽ യൂറോപ്പിലെ ചർച്ചുകളിൽ വെറും 12 പുസ്തകങ്ങൾ മാത്രമാണുണ്ടായിരുന്നത്.അതേസമയം മുസ്ലിം സ്പെയിനിൽ ലക്ഷക്കണക്കിന് പുസ്തകങ്ങളുള്ള ഒട്ടേറെ ലൈബ്രറികളുണ്ടായിരുന്നു. മുസ്ലിംകൾ ഭരിക്കുന്ന കാലത്ത് സ്പെയിൻ വൈജ്ഞാനിക പുരോഗതിയിൽ സ്പെയിൻ യൂറോപ്പിന്റെ ആകർഷക ബിന്ദുവായിരുന്നു.ഒട്ടേറെ യൂറോപ്യർ സ്പെയിനിലെ മുസ്ലിം സർവ്വകലാശാലകളിൽ വന്ന് പഠനം നടത്തി.കൊർഡോവയിലെയും സെവില്ലയിലെയും ഗ്രാനഡയിലെയും മലാഗയിലെയും ഇത്തരം കലാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് പില്‍ക്കാലത്ത് യൂറോപ്പിൽ വൈജ്ഞാനിക വിപ്ലവങ്ങൾക്കും നവോത്ഥാന ചിന്തകൾക്കും തുടക്കം കുറിച്ചത്.സ്പെയിൻ പണ്ഡിതരുടെ ഗ്രന്ഥങ്ങൾ ഭാഷാന്തരം നടത്തിയാണ് യൂറോപ്പ്യർ വിജ്ഞാനത്തിന്റെ പടവുകൾ കയറിയത്.മുസ്ലിം പണ്ഡിതർ മാസങ്ങളും വർഷങ്ങളുമെടുത്തു സമ്പാദിച്ച ഗവേഷണ വിജ്ഞാനീയങ്ങൾ ലാറ്റിനിലേക്കും മറ്റും പരിഭാഷപ്പെടുത്തി ഒറ്റയടിക്ക് യൂറോപ്യർക്ക് ലഭ്യമായി.സ്പെയിനിൽ നിന്ന് മുസ്ലിങ്ങളെ പുറത്താക്കിയ വേളയിൽ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങൾ യൂറോപ്പിലേക്ക് കടത്തിക്കൊണ്ടു പോയിരുന്നു. അവകളെ പരിഭാഷപ്പെടുത്തിയും പഠനവിധേയമാക്കിയുമാണ് യൂറോപ്യർ ഇന്ന് ആധുനിക ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരായി മാറിയത്.യഥാർത്ഥത്തിൽ ആധുനികലോകത്തെ മിക്ക ശാസ്ത്ര ശാഖകളുടെയും അടിവേരുകൾ ചെന്നെത്തുന്നത് മുസ്ലിം പ്രതിഭകളിലാണ്.മാത്രമല്ല അറബികൾ ഇല്ലായിരുന്നുവെങ്കിൽ യൂറോപ്പ് ഇന്നും ഇരുട്ടിൽ തപ്പുമായിരുന്നു എന്ന് തന്നെ പറയാം.
വൈദ്യശാസ്ത്രം
വൈദ്യശാസ്ത്ര മേഖലയിൽ മുസ്ലിം സ്പെയിനിലെ പ്രതിഭകൾ വലിയ നേട്ടങ്ങൾ കൈവരിച്ചിരുന്നു.വിദ്യാർത്ഥികളും പണ്ഡിതരും നിരന്തരം രോഗങ്ങളെയും മരുന്നുകളെയും പറ്റി ഗവേഷണം നടത്തുകയും നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു.സ്പെയിനിലെ പല മന്ത്രിമാരും ന്യായാധിപരും ഭരണതലത്തിലെ ഉന്നതോദ്യോഗസ്ഥരും വരെ വൈദ്യം ഒരു ഉപ തൊഴിലായി സ്വീകരിച്ചിരുന്നു.പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിൽ പടർന്നു പിടിച്ച കോളറ മഹാമാരി അനേക ലക്ഷങ്ങളുടെ ജീവൻ കവർന്നെടുത്തപ്പോൾ അവ ദൈവവിധിയാണെന്ന പുരോഹിത വാക്കുകളിൽ യൂറോപ്യർ നിസ്സഹായരും പരിഭ്രാന്തരുമായി നിൽക്കുകയുണ്ടായി.എന്നാലത് പകർച്ചവ്യാധിയാണെന്നും അതിനെ നിയന്ത്രിക്കാൻ കഴിയുമെന്നും ജനങ്ങളെ ഉണർത്തിയത് മുസ്ലിം ഭിഷഗ്വരന്മാരായിരുന്നുലിസാനുദ്ധീൻ ബ്നു ഖതീബ് ആണ് കോളറയെ പറ്റി പഠനം നടത്തി അതൊരു സാംക്രമിക രോഗമാണെന്ന് കണ്ടെത്തിയത്.മുസ്ലിം സ്പെയിനിലെ പ്രസിദ്ധ വൈദ്യശാസ്ത്രജ്ഞനായ ഇബ്നു സീനയുടെ ‘അൽ ഖാനൂനി ഫി ഥ്വിബ്’ വൈദ്യശാസ്ത്രത്തിലെ വിജ്ഞാനകോശമാണ്.ആധുനിക കാലഘട്ടത്തിലെ യൂണിവേഴ്സിറ്റി സിലബസുകളിൽ പോലും അത് പഠന വിഷയമാണ്.മറ്റൊരു പ്രസിദ്ധ വൈദ്യശാസ്ത്രജ്ഞനായ ഖലഫ് ബ്നു അബ്ബാസുസ്സഹ്റാവി യാണ് ശസ്ത്രക്രിയയെ ഒരു ശാസ്ത്രമാക്കി വളർത്തിയത്.സ്പെയിനിലെ ഉമവി ഭരണാധികാരി ഹകമിന്റെ കൊട്ടാര വൈദ്യനായിരുന്ന അദ്ദേഹത്തിന്റെ വിഖ്യാത കൃതിയായ തസ്രീഫിന്റെ അവസാന ഭാഗം ശസ്ത്രക്രിയകളെ കുറിച്ചുള്ള പഠനമാണ്.വ്രണങ്ങളെ പൊളിക്കൽ,വൃക്കയിലെ കല്ലിന്റെ വിശ്ലേഷണം,അംഗഛേദം,കീറിമുറിക്കൽ എന്നിവയെല്ലാം അതിൽ പ്രതിപാദിക്കുന്നുണ്ട്.പിന്നീട് യൂറോപ്യർ ഇത് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തുകയും വെനീസിലും(1497ൽ) ബാസിലിലും(1541ൽ) ഓക്സ്ഫോർഡിലും(1778ല്‍) പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ജനറൽ മെഡിസിനിൽ ഒട്ടേറെ സംഭാവനകൾ ചെയ്ത മുസ്ലിം സ്പെയിനിലെ പ്രതിഭയാണ് ഇബ്നു സുഹ്കി.സ്പെയിനിലെ മുവഹ്ഹിദ് ഭരണത്തിന്റെ സ്ഥാപകനായ അബ്ദുൽ അമീറിന്റെ മന്ത്രിയായിരുന്ന അദ്ദേഹം ആറ് വൈദ്യഗ്രന്ഥങ്ങൾ രചിക്കുകയും ചർമം, അസ്ഥി എന്നിവയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് പല കണ്ടുപിടിത്തങ്ങളും നടത്തുകയും ചെയ്തിട്ടുണ്ട്.സ്പാനിഷ് ഡോക്ടറായ അൽ ബാലിഹിബ്നു മുദഫർ ആണ് ആദ്യമായി സഞ്ചരിക്കുന്ന ആശുപത്രി എന്ന സംവിധാനം സ്ഥാപിക്കുന്നത്.സെൽജൂക്ക് സുൽത്താൻ മലിക് ഷായുടെ സഹായത്തോടെ നാല്പത് ഒട്ടകങ്ങളെയാണ് വൈദ്യ ഉപകരണങ്ങൾ ചുമക്കുവാൻ അദ്ദേഹം സജ്ജമാക്കിയത്. പ്രസിദ്ധ തത്വചിന്തകനായ ഇബ്നു റുഷ്ദ് ഒരു വൈദ്യശാസ്ത്രജ്ഞൻ കൂടിയായിരുന്നു.ഇബ്നു സീനയുടെ അൽ ഖാനൂനിന് സമാനമായ സ്ഥാനമലങ്കരിക്കുന്ന റുഷ്ദിന്റെ കൃതിയാണ് ‘കുല്ലിയ്യാതു ഫി ഥ്വിബ്’. വസൂരി രോഗമുക്തന് വീണ്ടും ആ രോഗം ബാധിക്കുകയില്ലെന്ന വസ്തുത അതിൽ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.നേത്രാന്തര പടലത്തിന്റെ പ്രവർത്തനങ്ങളും ആ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. അക്കാലത്ത് ലോകത്തിന്റെ പല കോണുകളിൽ നിന്നും സ്പെയിനിലേക്കാണ് രോഗികൾ വിദഗ്ധ ചികിത്സ തേടിയെത്തിയിരുന്നത്പിന്നീട് സ്പാനിഷ് അറബ് സർവകലാശാലകളുടെ ക്രൈസ്തവരും യഹൂദരുമായ സന്താനങ്ങളും മുസ്ലിം പണ്ഡിത രചനകളുടെ പരിഭാഷകളുമാണ് യൂറോപ്പിൽ വൈദ്യശാസ്ത്ര പഠനത്തിന് തിരികൊളുത്തിയത്.
ഗോളശാസ്ത്രം
സ്പെയിനിലെ മുസ്ലിം പ്രതിഭകൾ നിസ്തുലമായ സംഭവനയർപ്പിച്ച മറ്റൊരു മേഖലയാണ് ഗോളശാസ്ത്രം.ഗവേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഈ ശാസ്ത്ര ശാഖയെ പരിപോഷിപ്പിക്കുന്നതിന് ഭരണാധികൾ ഉദാരമായ പ്രോത്സാഹനം നൽകിയിരുന്നു.പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഊർജ്ജതന്ത്രം,അന്തരീക്ഷ വിജ്ഞാനം,ഗോളം എന്നീ വിഷയങ്ങളിൽ അരിസ്റ്റോട്ടിൽ ഗ്രന്ഥങ്ങൾ അറബിയിൽ നിന്നും ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിരുന്നു.പലതിന്റെയും ഗ്രീക്ക് മൂല്യങ്ങൾ നഷ്ടപ്പെട്ടിരുന്നതിനാൽ അറബ് ഭാഷ്യത്തിലൂടെയാണ് അവ ലോകത്തിന് ലഭിച്ചത്.ഗോളങ്ങളുടെ പരിഷ്കരിച്ച പട്ടിക തയ്യാറാക്കി ഗോളശാസ്ത്ര പഠനങ്ങൾക്ക് വലിയ സംഭാവന നൽകിയ സ്പെയിൻ പണ്ഡിതനാണ് അബുൽ ഖാസിം മസ്ലമ അൽ മജ് രീത്വി.കിതാബുൽ ഹയ്അ: എന്ന പ്രസിദ്ധ ഗോളശാസ്ത്ര കൃതിയുടെ കർത്താവാണ് നൂറുദ്ദീൻ അബു ഇസ്ഹാഖ് അൽ ബിതറൂജി.ഗ്രഹങ്ങളെയും അവയുടെ സഞ്ചാരപഥങ്ങളെയും സംബന്ധിച്ച് കൃത്യമായ അറിവ് നൽകുന്ന ഈ ഗ്രന്ഥം പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണെന്ന ടോളമി സിദ്ധാതത്തിന്റെ ഖണ്ഡനം കൂടിയാണ്.1217ൽ മൈക്കൽ സ്കോട്ട് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയ ഈ കൃതി 1259ൽ ഹിബ്രുവിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.അസ്സർഖാലി, ജാബിർ ബ്നു അഫ്ലഹ് തുടങ്ങിയവരും പ്രസിദ്ധ സ്പെയിൻ ഗോളശാസ്ത്രജ്ഞരാണ്.അറബിയിൽ രചിച്ച ഗോളശാസ്ത്ര ഗ്രന്ഥങ്ങൾ ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്തതാണ് യൂറോപ്പിലെ ഗോളശാസ്ത്ര വിപ്ലവങ്ങൾക്ക് നിമിത്തമായത്.ഇന്നും യൂറോപ്യർ ഉപയോഗിക്കുന്ന നിരവധി ഗോളശാസ്ത്ര സാങ്കേതിക പദങ്ങൾ അറബിയിലാണെന്നത് ഇതിന്റെ പ്രകടമായ തെളിവുകളാണ്.
ചരിത്ര രചന
ചരിത്രരചന മേഖലയിലും മുസ്ലിം സ്പെയിൻ പണ്ഡിതന്മാർ അനല്പമായ സംഭാവനകളർപ്പിച്ചിട്ടുണ്ട്.സ്പെയിനിന്റെ പ്രഥമ ചരിത്രകാരനായി അറിയപ്പെടുന്നത് കൊർഡോവക്കാരനായ അബൂബകർ ബ്നു ഉമറാണ്.അമ്പതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ് മറ്റൊരു ചരിത്രകാരനായ അബൂ ഹയ്യാൻ മർവാൻ.അതിൽ അൽ മതീൻ എന്ന ബൃഹത് ഗ്രന്ഥം അറുപത് വാള്യങ്ങളുണ്ട്.ആധുനിക ചരിത്രകാരന്മാർ പോലും ആശ്രയിക്കുന്ന മറ്റൊരു സ്പെയിൻ ചരിത്രകാരനാണ് കൊർഡോവക്കാരനായ ഇബ്നു ഖുതയ്യ. ‘താരീഖുൽ ഇഫ്തിതാഹ്’ എന്ന അദ്ദേഹത്തിന്റെ കൃതി സ്പെയിൻ വിജയം മുതൽ അബ്ദുറഹ്മാൻ മൂന്നാമൻ വരെയുള്ള കാലഘട്ടത്തിന്റെ ആധികാരിക രേഖയാണ്.ലോക പ്രശസ്ത ചരിത്രകാരനായ ഇബ്നു ഖൽദൂൻ സ്പെയിനിന്റെ തൊട്ടടുത്തുള്ള മൊറോക്കോകാരനാണ്.ലോക ചരിത്രം പറയുന്ന ‘മുഖദ്ദിമ’ യുടെ കർത്താവായ അദ്ദേഹം സ്പെയിനിലെ സെവില്ലയിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്.1248ൽ ഫെർഡിനന്റ് രണ്ടാമൻ സെവില്ല പിടിച്ചെടുത്തപ്പോൾ ടുണീഷ്യയിലേക്ക് താമസം മാറ്റിയ ഇബ്നു ഖൽദൂൻ പിന്നീട് 1261ൽ ഗ്രാനഡയിലെ സുൽത്താൻ മുഹമ്മദ് ആറാമന്റെ സേവനത്തിൽ പ്രവേശിച്ചിരുന്നു.ആഫ്രിക്ക,യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ മറ്റൊരു പ്രസിദ്ധ കൃതിയാണ് ‘അൽ മുബ്‌ദതഉ വൽ ഖബറു ഫീ അയ്യാമിൽ അറബി വൽ അജം വൽ ബർബർ’. മുവഹ്ഹിദ് ഭരണത്തിന്റെ ആധികാരിക ചരിത്ര രേഖയായ അൽ മുഅ്ജിബ് രചിച്ച അബുൽ വലീദ്,പണ്ഡിതന്മാരുടെ ജീവചരിത്രം വിവരിക്കുന്ന താരീഖുൽ ഉലമാഇന്റെ കർത്താവ് അബ്ദുല്ലാഹിബ്നുൽ ഫറദി,ശാസ്ത്ര ചരിത്രകാരനായ അബുൽ ഖാസിമു ബ്നു അഹ്മദ്,ഭിഷഗ്വരന്മാരുടെ ജീവചരിത്രമെഴുതിയ ഇബ്നു അബീ ഉസൈബിയ തുടങ്ങിയവരും സ്പെയിനിലെ ചരിത്ര രചയിതാക്കളായ പ്രതിഭകളാണ്.
മറ്റു വിജ്ഞാനീയങ്ങളും പ്രതിഭകളും ദാർശനിക രംഗത്തും സ്പെയിൻ വലിയ പുരോഗതി നേടിയിരുന്നു.അക്കാലത്തെ സ്പെയിൻ പണ്ഡിതന്മാർ അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും ദർശനങ്ങൾ പഠനവിധേയമാക്കുകയും ഖണ്ഡനങ്ങൾ നടത്തുകയും ചെയ്തിരുന്നു.മുമ്പ് പരാമർശിക്കപ്പെട്ട ഇബ്നു റുഷ്ദ് ഏറ്റവും അറിയപ്പെട്ടത് തത്വശാസ്ത്രജ്ഞൻ എന്ന നിലക്കാണ്.അരിസ്റ്റോട്ടിൽ കൃതികൾ പഠനവിധേയമാക്കാനാണ് അദ്ദേഹം ജീവിതത്തിന്റെ വലിയ ഭാഗവും ചെലവഴിച്ചത്.അരിസ്റ്റോട്ടിലിന്റെ ഒരുപാട് കൃതികൾ വിവർത്തനം ചെയ്ത റുഷ്ദിലൂടെയാണ് പിൽക്കാലത്ത് അരിസ്റ്റോട്ടിലിനെ ലോകം അറിഞ്ഞത്.ഇബ്നു റുഷ്ദിന്റെ പ്രധാന രചനയാണ് ഇമാം ഗസാലി(റ) തത്വചിന്തകരെ ഖണ്ഡിച്ച് എഴുതിയ തഹാഫുതുൽ ഫലാസിഫ (തത്വചിന്തകളുടെ വൈരുദ്ധ്യം)ക്ക് മറുപടിയായി രചിച്ച ‘തഹാഫുതു തഹാഫുത്'(വൈരുദ്ധ്യത്തിന്റെ വൈരുദ്ധ്യം). മുസ്ലിം ലോകത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ച ഈ കൃതിയുടെ അനുരണനം ഇനിയും അവസാനിച്ചിട്ടില്ല.പല പണ്ഡിതരും ഇബ്നു റുഷ്ദിൽ മതവിരുദ്ധത ആരോപിച്ചിരുന്നു.ഫൽസഫതു ബ്നു റുഷ്ദ്, തൽഖീസു കുതുബി അറസ്തൂ എന്നിവയും റുഷ്ദിന്റെ പ്രധാന തത്വശാസ്ത്ര രചനകളാണ്.മറ്റൊരു പ്രസിദ്ധ വൈദ്യശാസ്ത്രജ്ഞനായ ഇബ്നു സീനയും ദർശനിക രംഗത്ത് അറിയപ്പെട്ട പണ്ഡിതനാണ്.മതത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്ന തരത്തിലുള്ള പഠനങ്ങളും ആശയങ്ങളും വ്യാപിച്ച ഘട്ടങ്ങളിൽ തത്വശാസ്ത്ര പഠനങ്ങൾക്കെതിരെ മതപണ്ഡിതരുടെ എതിർപ്പ് ഉയർന്നിരുന്നു.ഇതിനാൽ മറ്റു വിജ്ഞാനീയങ്ങളിൽ നിന്ന് വിഭിന്നമായി ഭരണാധികാരികൾ ഇതിന് വലിയ പ്രോത്സാഹനം നൽകിയില്ല.ഇബ്നു ബാജ,ഇബ്നു തുഫൈൽ തുടങ്ങി പുരോഗമന ചിന്താഗതിക്കാർ വധശിക്ഷക്ക് വിധേയരാവുകയും ചെയ്തു.
ഗണിതശാസ്ത്രത്തിലും മുസ്ലിം സ്പെയിനിന്റെ സംഭാവന മികച്ചതാണ്. ബീജഗണിതം അറബികൾ മുഖേനയാണ് യൂറോപ്പിനെ ലഭിച്ചത്. അതിന്റെ ഇംഗ്ലീഷ് പദമായ ആൾജിബ്രയുടെ ഉല്പത്തി അറബ് പദമായ ‘അൽ ജബ്ർ’ ആണ്.ട്രാൻസോക്സിയാനക്കാരനായ മുഹമ്മദ് ബ്നു മൂസൽ ഖവാറസ്മിയാണ് അൽജിബ്രയുടെ ഉപജ്ഞാതാവ്. അദ്ദേഹം തന്നെയാണ് ‘പൂജ്യം’ എന്ന അക്കം കണ്ടുപിടിച്ചതും.മുമ്പ് റോമൻ അക്കങ്ങളായിരുന്നു യൂറോപ്പിൽ ഉപയോഗിച്ചിരുന്നത്.പൂജ്യമില്ലാത്തത് അതിന്റെ വലിയ ന്യൂനതയായിരുന്നു.തുടർന്ന് പൂജ്യത്തിന്റെ കണ്ടുപിടുത്തത്തോടെ അറബ് അക്കങ്ങൾ യൂറോപ്പിൽ പ്രചാരത്തിലായി.പൂജ്യത്തിന് ഇംഗ്ലീഷിൽ പറയുന്ന സീറോ അറബിയിലെ ‘സ്വിഫ്ർ’ എന്നതിൽ നിന്ന് കടമെടുത്തതാണ്.
പ്രകൃതിരമണീയത കൊണ്ട് സമ്പന്നമായിരുന്ന സ്പെയിനിൽ ധാരാളം കവികളും ഉടലെടുത്തിരുന്നു.സ്പെയിനിലെ അമവിഭരണത്തിന്റെ സ്ഥാപകനായ അബ്ദുറഹ്മാൻ ദാഖിൽ മുതലുള്ള ഭരണാധികാരികളെല്ലാം നല്ല കവിതാവാസനയുള്ളവരായിരുന്നു.കവികൾ ഭരണാധികാരികളുടെ സന്തതസഹചാരികളും കൊട്ടാരങ്ങൾ കവിയരങ്ങുകളും സാഹിത്യ സദസ്സുകളും കൊണ്ട് നിറഞ്ഞതുമായിരുന്നു. അബ്ദുല്ലാഹിബ്നു സൈദൂൻ,ഇബ്നു ഹാനീ,അമീർ മുസ്തക്ഫിയുടെ പുത്രി വല്ലാദ തുടങ്ങിയവർ സ്പെയിനിലെ സാഹിത്യ പ്രതിഭകളായിരുന്നു.
സാഹിത്യത്തിലും ശാസ്ത്രത്തിലും ചരിത്രത്തിലും അറിയപ്പെട്ട സ്പെയിൻ പണ്ഡിതനാണ് ലിസാനുദ്ധീൻ ബ്നുൽ ഖത്തീബ്.ദക്ഷിണ സ്പെയിനിലെ ലോശയിൽ 1313-ൽ ജനിച്ച അദ്ദേഹം ‘ദുൽ വിസാറത്തെനി’ എന്ന പേരിൽ പ്രസിദ്ധനായി. ബനൂ നസ്ർ രാജവംശത്തിലെ യൂസുഫുൽ ഹജ്ജാജിന്റെയും പുത്രൻ മുഹമ്മദ് അഞ്ചാമന്റെയും മന്ത്രിയായിരുന്നു.പദ്യം, ചരിത്രം, ഭൂമിശാസ്ത്രം, വൈദ്യം, തത്വശാസ്ത്രം എന്നീ വിഷയങ്ങളിൽ 60- ഓളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഗ്രാനഡയുടെ സമ്പൂർണ്ണ ചരിത്രം ഒരു പ്രധാന കൃതിയാണ്.ബനൂനസ്റ് ഭരണകൂടത്തിന്റെ ആധികാരിക ചരിത്രകാരനായി അറിയപ്പെടുന്ന അദ്ദേഹം ‘താരീഖു ദൗലത്തിന്നസ്‌രിയ്യ’ എന്ന പേരിൽ ഗ്രന്ഥവും രചിച്ചിട്ടുണ്ട്.1371-ൽ ഗ്രാനഡയിൽ നിന്നും ഒളിച്ചോടിയ ഇബ്നു ഖതീബ് മൂന്നു വർഷങ്ങൾക്ക് ശേഷം മൊറോക്കോയിലെ ഫാസിൽ വച്ച് വധിക്കപ്പെട്ടു.
1903-ൽ റൈറ്റ് ബ്രദേഴ്സ് വിമാനം നിർമ്മിക്കുന്നതിന് ആയിരം വർഷം മുമ്പ് സ്പെയിൻകാരനായ അബ്ബാസ് ബ്നു ഫർനാസ് അന്തരീക്ഷത്തിലൂടെ പരീക്ഷണ പറക്കൽ നടത്തിയിരുന്നു.തോലുറയും തൂവലുകളും ഉപയോഗിച്ച് സ്വന്തമായി നിർമിച്ച വിമാനത്തിൽ ഒരു മലമുകളിൽ നിന്നും അദ്ദേഹം താഴോട്ട് പറന്ന് അൽപസമയം ആകാശത്ത് തങ്ങിക്കളിച്ച് നിലം പതിച്ചെങ്കിലും മരണത്തിൽ നിന്ന് രക്ഷപ്പെട്ടു.കോർഡോവയിലെ ഗ്രാൻ്റ് പള്ളി മിനാരത്തിൽ നിന്നാണ് ഈ പരീക്ഷണ പറക്കലിന് അദ്ദേഹം മുതിർന്നതെന്നാണ് അഭിപ്രായം.അറിയപ്പെട്ട പണ്ഡിതനും കവിയും കൂടിയായിരുന്നു ഇബ്നു ഫർനാസ്.ഗണിത ശാസ്ത്രജ്ഞനായിരുന്ന ഖലിലുബ്നു അഹ്മദിൻ്റെ സിദ്ധാന്തങ്ങൾ വിശദീകരിക്കാൻ കഴി വുള്ള കോർഡോവയിലെ ഏക പണ്ഡിതനായിരുന്നു ഇബ്നു ഫർനാസ്.അദ്ദേഹം സ്വന്തമായി ഘടികാരവും (മിസ്ഖാൻ എന്നറിയപ്പെടുന്നു) നിർമിച്ചിരുന്നു.
ജ്ഞാന സമ്പാദനത്തിനായി മൊറോക്കോയിൽ നിന്നും സ്പെയിനിലേക്ക് കുടിയേറിയ പ്രമുഖ പണ്ഡിതനാണ് ഖാസി ഇയാള്(റ).1088-ൽ മൊറോക്കോയിൽ ജനിച്ച അദ്ദേഹം ഉപരി പഠത്തിനായി സ്പെയിനിലെത്തി. വ്യാകരണം,ഭാഷ,വംശാവലി,അറബികളുടെ യുദ്ധങ്ങൾ തുടങ്ങിയ മേഖലകളിൽ വിപുലമായ വിജ്ഞാനത്തിനുടമയായിരുന്നു ഖാളി ഇയാള്.ക്രി.1121-ൽ സബ്‌തയിലും,1136 – ൽ ഗ്രാനഡയിലും ഖാസിയായി നിയമിക്കപ്പെട്ടു.അശ്ശിഫാ ബി തഅ് രീഫി ഹുഖൂഖിൽ മുസ്ത്വഫാ,അഞ്ച് ഭാഗങ്ങളുള്ള തർകീബുൽ മദാരികി വ തഖ് രീബുൽ മസാലികി ഫീ മഅരിഫതി അഅ്ലാമി മദ്ഹബിൽ ഇമാം മാലിക് തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.1149-ൽ മറാകിശിൽ വെച്ച് മരണപ്പെട്ടു.
പ്രസിദ്ധനായ സ്‌പാനിഷ് ലോകസഞ്ചാരിയാണ് ഇബ്നു ജുബൈർ.1145- ൽ വലൻസിയയിൽ ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ നാമം അബുൽ ഹുസൈൻ മുഹമ്മദ് എന്നാണ്.1183-നും 1185 – നുമിടയിൽ ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ചു.ഇബ്നു ജുബൈറിൻ്റെ യാത്രാ ഗ്രന്ഥമായ ‘രിഹ് ലതു ബ്നു ജുബൈർ’ ഏറ്റവും നല്ല യാത്രാ വിവരണ ഗ്രന്ഥമാണ്.
ഭൂമിശാസ്ത്ര മേഖലയിൽ ഏറ്റവും വിഖ്യാതനായ മുസ്ലിം സ്പെയിനിലെ പണ്ഡിതനാണ് അബൂ അബ്‌ദില്ല അൽ ഇദ്രീസി. മൊറോക്കോയിലെ സഭത്തയിൽ ജനിച്ച അദ്ദേഹം കൊർഡോവ യൂണിവേഴ്സിറ്റിയിലെ വിവിധ വിജ്ഞാന ശാഖകളിൽ ഉപരിപഠനം നടത്തി. റോം,ഗ്രീസ്,ഫ്രാൻസ്,ബ്രിട്ടൻ,ഈജിപ്ത്, പശ്ചിമാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം സഞ്ചരിച്ച അദ്ദേഹം തയ്യാറാക്കിയ മാപ്പിന് വലിയ പ്രചാരം ലഭിച്ചിരുന്നു. ഇദ്രീസിക്ക് വലിയ സ്ഥാനം നൽകിയ നോർമൻ രാജവംശത്തിലെ റോജർ രണ്ടാമൻ രാജാവിനാണ് ‘നുസ്ഹതുൽ മുഷ്താഖ് ഫീ ഇഖ്തിറാഖിൽ ആഫാഖ്’ എന്ന തന്റെ കൃതി അദ്ദേഹം സമർപ്പിച്ചത്. മുസ്ലിം സ്പെയിൻ സംഭാവന ചെയ്ത മറ്റൊരു ഭൂമിശാസ്ത്രജ്ഞനാണ് അബൂ ഉബൈദില്ല അൽബകരി.അദ്ദേഹത്തിന്റെ ‘അൽ മസാലിക വൽ മമാലിക്’ എന്ന ഭൂമിശാസ്ത്ര പുസ്തകം പ്രസിദ്ധമാണ്.
ഇങ്ങനെ സർവ്വ വിജ്ഞാന മേഖലകളിലും ശോഭിച്ചു നിന്നവരായിരുന്നു സ്പെയിൻ മുസ്ലിംകൾ. എന്നാൽ 1492 ഗ്രാനഡയുടെ പതനത്തോടെ സ്പെയിനിലെ ഇസ്ലാമിന്റെ പ്രതാപവും നൂറ്റാണ്ടുകളുടെ പൈതൃകവും തച്ചുടക്കപ്പെട്ടു.ഇന്നിപ്പോൾ ഇത് മുസ്‌ലിംകളുടെതാണ് എന്ന് പശ്ചാത്യർ പറയുന്നത് മാത്രം വിശ്വസിക്കുന്ന ദയനീയ അവസ്ഥയിലേക്ക് നാം എത്തിയിരിക്കുന്നു.