ഖുലഫാഉ റാഷിദുകളുടെ ശേഷം മുസ്‌ലിം ലോകം കണ്ട ഏറ്റവും മഹാനായ ഭരണാധികാരിയാണ് ഉമർ ബിൻ അബ്ദുൽ അസീസ്(റ). ഉമവിയ്യ ഖിലാഫത്തിലെ എട്ടാമത്തെ ഭരണാധികാരിയായ ഉമർ തൻ്റെ നീതിനിഷ്‌ഠമായ ഭരണം കാരണം ചരിത്രത്തിൽ ‘രണ്ടാം ഉമർ’, ‘അഞ്ചാം ഖലീഫ‘ തുടങ്ങിയ സ്ഥാനപ്പേരുകളിലാണ് അറിയപ്പെടുന്നത്.ഭരണ രംഗത്ത് നിലനിന്നിരുന്ന ഒരുപാട് അധാർമികതകളെ ഇല്ലായ്‌മ ചെയ്‌തതിനാൽ ഹിജ്റ ഒന്നാം നൂറ്റാണ്ടിലെ മുജദ്ദിദ് ആയും മഹാനവർകൾ അറിയപ്പെടുന്നു.
ജനനവും പഠനവും
ഹിജ്റ 61ൽ ഈജിപ്‌തിലെ ഹുൽവാനിലാണ് ഉമർ ബിൻ അബ്ദുൽ അസീസ്(റ)ൻ്റെ ജനനം. പിതാവ് അബ്ദുൽ അസീസ് ഈജിപ്‌തിലെ ഗവർണറായിരുന്നു. ഉമർ ബിൻ ഖത്താബ്(റ)ൻ്റെ മകൻ ആസിമിൻ്റെ മകൾ ഉമ്മു ആസിം ആണ് മാതാവ്. മദീനയിലാണ് തൻ്റെ ചെറുപ്പകാലം ഉമർ ചെലവഴിച്ചത്. ഉമവിയ്യ ഖിലാഫത്തിൻ്റെ ആസ്ഥാനമായ ദമസ്‌കസിൽ രാജകുമാരന്മാരോടൊപ്പമുള്ള ആഡംബര ജീവിതമോ ഈജിപ്തിൽ പിതാവിൻ്റെ ഗവർണർ മന്ദിരത്തിലെ സുഖസൗകര്യങ്ങളോ മഹാനവർകൾ ഇഷ്ടപ്പെട്ടില്ല. മറിച്ച് മദീനയിലെ പണ്ഡിതന്മാർക്കൊപ്പം ജീവിക്കാനാണ് ഉമർ ഇഷ്ടപ്പെട്ടത്. മഹാനവർകളുടെ സ്വഭാവ രൂപീകരണത്തിൽ അവർ വലിയ പങ്കുവഹിച്ചു.പ്രമുഖരായ താബിഉകൾ പലരും ഉമറിൻ്റെ ഗുരുനാഥന്മാരും സതീർത്ഥ്യരും ആയിരുന്നു. മത വിജ്ഞാനീയങ്ങൾ ഉന്നതമായ വിധത്തിൽ തന്നെ അദ്ദേഹം അഭ്യസിച്ചു. ഖിലാഫത്ത് ഏറ്റെടുക്കും മുമ്പ് രാജകുടുംബാംഗം എന്ന നിലക്ക് ആഡംബര പൂർണ്ണനായായിരുന്നു ജീവിച്ചിരുന്നതെങ്കിലും മാതാവിൻ്റെ കുടുംബ പാരമ്പര്യത്തിൻ്റെയും പിതാവിൻ്റെ ഭരണമാതൃകകളുടെയും ഗുണം കൊണ്ടാവും മറ്റു ഉമവികളിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തിൽ സത്യസന്ധതയും നീതിബോധവും വിശുദ്ധിയും ഉമർ പുലർത്തിയിരുന്നു. പിതൃവ്യനും ഖലീഫയുമായിരുന്ന അബ്ദുൽ മലിക്കിൻ്റെ മകൾ ഫാത്തിമയെയാണ് ഉമർ വിവാഹം ചെയ്തത്.
മദീനയിൽ ഗവർണർ
ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക്കിൻ്റെ കാലത്ത് മദീനയിലെ ഗവർണറായിട്ടായിരുന്നു ഉമറിൻ്റെ ഭരണരംഗത്തെ അരങ്ങേറ്റം. ഈജിപ്തിൽ 21 വർഷം ഗവർണർ പദവിയിലിരുന്ന, അക്കാലത്തെ ഏറ്റവും മികച്ച ഉമവിയ്യ ഗവർണറായിരുന്ന തൻ്റെ പിതാവ് തന്നെയായിരുന്നു ഭരണരംഗത്തെ വഴികാട്ടി.ഗവർണറായപ്പോൾ തൻ്റെ ഗുരുനാഥന്മാരും സതീർത്ഥ്യരുമായ പത്ത് പേരെ ഉമർ ഉപദേഷ്ടാക്കളായി നിയമിച്ചു. ഖലീഫയുടെ നിർദ്ദേശമനുസരിച്ച് മസ്‌ജിദുന്നബവി ഉമറിൻ്റെ നേതൃത്വത്തിൽ വിപുലീകരിക്കുകയും ചെയ്തു. അന്ന് ഇറാഖിലെ ഗവർണറും വീരശൂര പരാക്രമിയുമായിരുന്ന ഹജ്ജാജ് ബിൻ യൂസുഫിൻ്റെ ശിക്ഷ ഭയന്ന് പണ്ഡിതന്മാരെടക്കം നിരവധിപേർ മദീനയിൽ ഉമറിൻ്റെ അടുക്കൽ അഭയം തേടിയിരുന്നു. അവരെ വിട്ടു കൊടുക്കാൻ ഹജ്ജാജ് ആവശ്യപ്പെട്ടപ്പോൾ ഉമർ അതിനു വഴങ്ങിയില്ല.ഇത് ഖലീഫയുടെ അനിഷ്ടത്തിന് ഇടയാക്കുകയും ഉമറിന് ഗവർണർ സ്ഥാനം ത്യജിക്കേണ്ടി വരികയും ചെയ്‌തു.വലീദിന് ശേഷം ഖലീഫയായ അദ്ദേഹത്തിൻ്റെ സഹോദരൻ സുലൈമാൻ ബിൻ അബ്ദുൽ മലിക്ക് മികച്ച ഭരണാധികാരിയായിരുന്നു. രണ്ടര വർഷമായിരുന്നു സുലൈമാൻ്റെ ഭരണകാലം.അദ്ദേഹത്തിൻ്റെ സൽകർമ്മങ്ങളിൽ ഏറ്റവും മികച്ചത് തൻ്റെ ശേഷം ഖലീഫയായി ഉമറുബ്‌നു അബ്ദുൽ അസീസിനെ നിയമിച്ചുകൊണ്ട് വസിയ്യത് ചെയ്‌തതാണ്.
ഖലീഫ പദവിയിൽ
ഖലീഫയുടെ വഫാത്തിന് ശേഷം അദ്ദേഹത്തിൻ്റെ വസിയ്യത് അറിഞ്ഞ ഉമവികൾ ഉമർ ബിൻ അബ്ദുൽ അസീസി (റ)നെ പുതിയ ഖലീഫയായി വാഴിച്ചു. എന്നാൽ ഉമർ ഭരണമേറ്റെടുക്കാൻ കൂട്ടാക്കിയില്ല.“തന്നെ ഖലീഫയായി തെരഞ്ഞെടുത്തത് ജനങ്ങൾ അല്ല” എന്നതായിരുന്നു അദ്ദേഹത്തിൻ്റെ വിസമ്മതിക്ക് കാരണം.ഉമവികൾ യഥാർത്ഥ ഖിലാഫത്തിൽ നിന്ന് വ്യതിചലിക്കുകയും കുടുംബാധിപത്യ രീതിയിലേക്ക് മാറുകയും ചെയ്തിരുന്നു. ഈ രാജഭരണ രീതിയെ ഒട്ടും അംഗീകരിക്കാതിരുന്ന ഉമർ ഖലീഫയെ തെരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്ക് വിട്ടു കൊടുത്തു.അദ്ദേഹം പറഞ്ഞു:“ജനങ്ങളെ, എൻ്റെയോ മുസ്ലിം ജനസാമാന്യത്തിൻ്റെയോ അഭിപ്രായം ആരായാതെ ഖിലാഫത്തിൻ്റെ ഉത്തരവാദിത്തങ്ങളിൽ എന്നെ അകപ്പെടുത്തിയിരിക്കയാണ്.അതിനാൽ ഞാനിതാ ഖിലാഫത്ത് ഒഴിയുകയാണ്.നിങ്ങൾ ആഗ്രഹിക്കുന്നത് ആരെയാണോ,അയാളെ ഖലീഫയായി തെരഞ്ഞെടുത്തു കൊള്ളുക”. പക്ഷേ ജനങ്ങൾ മഹാനവർകളുടെ സ്ഥാനത്യാഗം അംഗീകരിച്ചില്ല. അവർ ഒറ്റക്കെട്ടായി ഉമറിനെ തന്നെ ഖലീഫയായി തെരഞ്ഞെടുത്തു.ഹി.99 സ്വഫർ മാസത്തിലായിരുന്നു ഉമർ ബിൻ അബ്ദുൽ അസീസ് ഖലീഫയായി സ്ഥാനമേറ്റത്.
ഖലീഫയായി അവരോധിതനായപ്പോൾ കൊട്ടാരത്തിലേക്ക് ഉമറിനെ ആനയിക്കാനുള്ള രാജകീയമായ വാഹനം വന്നു. അലംകൃതമായ ഒരു കുതിര; അകമ്പടി സേവിക്കാൻ വേറെയും വാഹനങ്ങൾ.ഉമർ പറഞ്ഞു:“ഇതൊന്നും എനിക്ക് വേണ്ട, എൻ്റെ കോവർകഴുത മതി എനിക്ക്”. മാത്രമല്ല രാജകീയ അശ്വങ്ങളെ വിൽക്കുവാനും അദ്ദേഹം കൽപ്പിച്ചു, അവയുടെ വില പൊതുഖജനാവിൽ അടക്കുവാനും. ഉമർ ഖലീഫയായപ്പോൾ അദ്ദേഹത്തെ ആദ്യമായി സന്ദർശിച്ചത് സാലിം സുദി എന്ന പ്രശസ്‌തനായ വ്യക്തിയായിരുന്നു.ഉമർ അദ്ദേഹത്തോട് ചോദിച്ചു:“എൻ്റെ നിയമനം അങ്ങയെ സന്തോഷിപ്പിക്കുന്നുവോ…അതോ ദുഃഖിപ്പിക്കുന്നുവോ..? അപ്പോൾ “ജനങ്ങൾക്കു വേണ്ടി ഞാൻ സന്തോഷിക്കുന്നു. നിങ്ങൾക്കു വേണ്ടി ദുഃഖിക്കുന്നു” എന്നായിരുന്നു സുദിയുടെ മറുപടി.
പരിഷ്കാരങ്ങൾ
തുടർന്ന് ഉമർ ബിൻ അബ്ദുൽ അസീസ് ഭരണരംഗത്ത് പല പരിഷ്‌കാരങ്ങളും വരുത്തി. ആദ്യമായി മഹാനവർകൾ ചെയ്തത് പരിവർത്തിത മുസ്‌ലിംകളുടെ മേൽ സർക്കാർ ഏർപ്പെടുത്തിയ ജിസ‌്യ നിർത്തലാക്കിയതാണ്.ഉമർ പറഞ്ഞു:”അല്ലാഹു മുഹമ്മദ് നബിയെ മാർഗദർശിയായാണ് നിയോഗിച്ചത്. കരം പിരിവ്കാരനായിട്ടല്ല”.അതുപോലെ മുൻ ഖലീഫമാരുടെ കാലത്ത് രാജകുടുംബത്തിന് ഉണ്ടായിരുന്ന സർവ്വ ആനുകൂല്യങ്ങളും ഉമർ നിർത്തൽ ചെയ്തു. ഖലീഫ സ്വയം തിരുത്തിക്കൊണ്ടാണ് പരിഷ്‌കരണ നടപടികൾ ആരംഭിച്ചത്. രാജകുടുംബാംഗങ്ങളിൽ നിന്ന് ഒരുപാട് എതിർപ്പുകളുണ്ടായെങ്കിലും അവയെല്ലാം തരണം ചെയ്തുകൊണ്ട് തൻ്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാൻ ഉമർ ആർജ്ജവം കാണിച്ചു. ഖലീഫയുടെ പേരിലും ഉമവികുടുംബത്തിൻ്റെ പേരിലും ഉണ്ടായിരുന്ന മുഴുവൻ സമ്പത്തും ബൈത്തുൽമാലിൽ ലയിപ്പിച്ചു.സ്വന്തം ഭാര്യയുടെ ആഭരണങ്ങൾ വരെ അതിലുണ്ടായിരുന്നു.
അക്രമകാരികളായ മുഴുവൻ ഗവർണർമാരെയും തൽസ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ട് ഉമർ ബിൻ അബ്ദുൽ അസീസ് ഉത്തരവിറക്കി. ഖലീഫയും ഗവർണർമാരും സമ്മാനം സ്വീകരിക്കുന്നത് കൈക്കൂലി വാങ്ങുന്നതിനു തുല്യമാണെന്ന് പ്രഖ്യാപിച്ച ഖലീഫ ഗവർണർമാർ കച്ചവടത്തിൽ ഏർപ്പെടുന്നത് വിലക്കി ഉത്തരവിറക്കുകയും ചെയ്തു. രാജസദസും സ്തുതി പാടലും നിരോധിച്ചു. അമിതമായി തന്നെ ആദരിക്കുന്നത് വിലക്കുകയും പ്രജകൾക്ക് പ്രത്യേക സമ്മതത്തിൻ്റെ ആവശ്യമില്ലാതെ ഖലീഫയെ സമീപിക്കാൻ സാധിക്കുന്ന പഴയ രീതി പുനസ്ഥാപിക്കുകയും ചെയ്തു. കൊട്ടാരത്തിലെ ആയിരക്കണക്കിന് പരിചാരികമാരെയും സുന്ദരികളെയും സ്വതന്ത്രകളാക്കി പറഞ്ഞയച്ചു.
ചുങ്കം പിരിക്കുന്ന സമ്പ്രദായം അമവിഭരണത്തിൽ പലയിടത്തും നടപ്പാക്കപ്പെട്ടിരുന്നു. തീർത്തും അനിസ്ലാമികമായ ഈ രീതി മഹാനവർകൾ നിരോധിച്ചു. സാമ്രാജ്യം മുഴുവൻ അളവും തൂക്കവും ഏകീകരിക്കുകയും പൂഴ്ത്തിവെപ്പും വഞ്ചനയും കർശനമായി തടയുകയും ചെയ്തു. അതുപോലെ ജാഹിലിയ്യ കാലത്ത് നിലനിന്നിരുന്ന ദുരാചാരങ്ങൾ പലതും അമവി കാലത്ത് വീണ്ടും തലപൊക്കിയിരുന്നു.മരണവീട്ടിൽ മാറത്തടിച്ചു കരയുന്ന രീതി അതിൽ ഒന്നായിരുന്നു.ഉമർ അത് കർശനമായി നിരോധിച്ചു. മദ്യപാനം പലയിടത്തും സാർവ്വത്രികമായിരുന്നു.അതു തടയാൻ വേണ്ട നടപടികളും ഖലീഫ സ്വീകരിച്ചു.ഇങ്ങനെ തീർത്തും ഭൗതികമായ സുഖസൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ദൈവഭക്തിയും ലാളിത്യവും തെരഞ്ഞെടുക്കുകയും മുൻഗാമികൾ തുടങ്ങിവെച്ച സർവ്വ തിന്മകൾക്കും തൻ്റെ അധികാരശക്തി ഉപയോഗിച്ച് തിരുത്തൽ വരുത്തുകയും ചെയ്തുവെന്നതാണ് ഉമറുബ്നു അബ്ദുൽ അസീസി(റ)ൻ്റെ പ്രത്യേകത.
ലളിത ജീവിതം
വളരെ ലളിതമായ ജീവിതം തെരഞ്ഞെടുത്ത ഉമർ ബിൻ അബ്ദുൽ അസീസ് കേവലം രണ്ട് ദിർഹമാണ് ഒരു ദിവസത്തെ ചെലവിനായി ഉപയോഗിച്ചിരുന്നത്. അങ്ങേയറ്റത്തെ ദൈവഭയവും ലൗകിക സുഖങ്ങളോട് വിരക്തിയുമുള്ള ഭരണാധികാരിയായിരുന്നു മഹാനവർകൾ.ഖലീഫക്കുള്ള കൊട്ടാരം വേണ്ടന്നുവെക്കുകയും തനിക്ക് താമസിക്കാനായി മിതമായ സൗകര്യങ്ങളുള്ള ഒരു ഒരു വീട് തിരഞ്ഞെടുക്കുകയും ചെയ്തു.മഹാനവർകളുടെ ജീവിത ലാളിത്യവുമായി ബന്ധപ്പെട്ട നിരവധി കഥകൾ സുപരിചിതമാണ്. ഉമറിൻ്റെ സാമ്പത്തിക സൂക്ഷ്മതക്ക് ഒരു ഉദാഹരണം; ഒരിക്കൽ മഹാനവർകൾ വിളക്ക് കത്തിച്ചു വെച്ച് ജോലി ചെയ്യുകയായിരുന്നു. അന്നേരം അവിടെ ഒരാൾ വന്നു. അയാളുമായി സംസാരം തുടങ്ങിയപ്പോൾ ഉമർ വിളക്ക് കെടുത്തിക്കളഞ്ഞു.അതിൻ്റെ കാരണമന്വേഷിച്ചപ്പോൾ മഹാനവർകൾ പറഞ്ഞത് ഇതായിരുന്നു:“ഇത് സർക്കാരിൻ്റെ വിളക്കാണ്. നമ്മുടെ സംസാരം സ്വകാര്യമാണല്ലോ….സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി പൊതുമുതൽ ഉപയോഗിക്കാവുന്നതല്ല”.
ക്ഷേമപ്രവര്‍ത്തനങ്ങളും ഇസ്ലാമിക പ്രചാരണവും
നീതിനിഷ്ഠമായ ഭരണത്തിനു പുറമേ ഒരുപാട് ക്ഷേമ പ്രവര്‍ത്തനങ്ങളും ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ) നടത്തി. രാജ്യത്തെ വഴിയോരങ്ങളില്‍ വഴിയമ്പലങ്ങള്‍ സ്ഥാപിച്ചു. അവിടങ്ങളില്‍ രോഗികളായ യാത്രക്കാര്‍ക്ക് രണ്ടു ദിവസവും അല്ലാത്തവര്‍ക്ക് ഒരു ദിവസവും സൗജന്യ താമസം അനുവദിച്ചു. തൻ്റെ രാജ്യത്ത് അവശതയനുഭവിക്കുന്ന ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുകയും അവര്‍ക്കെല്ലാം പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളുടെയൊക്കെ ഫലമായി രാജ്യത്തെങ്ങും സുഖവും സുസ്ഥിതിയും കളിയാടി.ഹദീസുകള്‍ നഷ്ടപെടുമെന്ന ഭയത്താല്‍ അവ ക്രോഡീകരിക്കുന്നതിനായി ഔദ്യോഗികമായി ഉത്തരവിട്ട ആദ്യ ഭരണാധികാരി ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ) ആണ്. പ്രമുഖ പണ്ഡിതരായ ഇബ്നുശിഹാബ് അല്‍ സുഹ് രിയും അബൂബക്കര്‍ ഇബ്നു മുഹമ്മദുമാണ് ഹദീസ് ക്രോഡീകരണത്തിന് നേതൃത്വം നല്‍കിയത്.
ഇസ്ലാംമത പ്രചാരണത്തിനും ഉമർ ബിൻ അബ്ദുൽ അസീസ് വലിയ പ്രാധാന്യം നൽകി.ഈ കാര്യത്തിൽ സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും മാർഗ്ഗമാണ് മഹാനവർകൾ സ്വീകരിച്ചത്.അന്നത്തെ റോമാ ചക്രവർത്തി ലിയോ മൂന്നാമന് ഇസ്ലാമിന്റെ സവിശേഷതകൾ വിവരിക്കുന്ന ഒരു സന്ദേശം തയ്യാറാക്കി മഹാനവർകൾ അയച്ചുകൊടുത്തിരുന്നു. ഖലീഫക്ക് കപ്പം നൽകുന്ന സാമന്തന്മാർക്കെല്ലാം ഇസ്ലാം കൊണ്ട് അനുഗ്രഹീതമാകാൻ മഹാനവർകൾ കത്തെഴുതി.അവർ ആരെയും സ്ഥാനഭ്രഷ്ടരാക്കില്ലെന്ന് അദ്ദേഹം അവർക്ക് വാക്ക് കൊടുത്തു.ഉമറിൻ്റെ സഹിഷ്‌ണുതയോടു കൂടിയുള്ള സമീപനം കാരണം ധാരാളം അമുസ്ലീങ്ങൾ ഇസ്ലാം സ്വീകരിച്ചു. പ്രതിയോഗികളെ അടിച്ചമർത്താനല്ല, സംവാദത്തിലൂടെ അവരിൽ മനപരിവർത്തനം ഉണ്ടാക്കുവാനാണ് ഉമർ ശ്രമിച്ചത്.ഖവാരിജുകൾ വിപ്ലവത്തിനൊരുങ്ങിയപ്പോൾ ഖലീഫ അവരുടെ നേരെ സൈന്യങ്ങളെയല്ല, സംവാദകരെയാണ് നിയോഗിച്ചിരുന്നത്.അവരുടെ നേതാവുമായി മഹാനവർകൾ തന്നെ സംവാദം നടത്തിയിരുന്നു. ഈ നയം കൊണ്ട് ഒരുപാട് രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഉമർ ബിൻ അബ്ദുൽ അസീസിന് കഴിഞ്ഞു. വിജയകരമായ ഭരണത്തിൻ്റെ അടിസ്ഥാനം കയ്യൂക്കും അക്രമവുമല്ല; നീതിയും ന്യായവുമാണെന്ന് മഹാനവർകൾ തെളിയിച്ചു.
വഫാത്
ഉമറിൻ്റെ സൽഭരണം അധികകാലം നീണ്ടുനിന്നില്ല. രണ്ടു വർഷവും 5 മാസവുമായിരുന്നു അതിൻ്റെ ആയുസ്സ്. ഹിജ്റ 101 റജബ് മാസത്തിൽ തൻ്റെ മുപ്പത്തി ഒൻപതാം വയസ്സിൽ മഹാനവർകൾ വഫാത്തായി. ഉമറിൻ്റെ വിപ്ലവകരമായ പരിഷ്കാരങ്ങൾ മുൻ ഭരണാധികാരികളുടെ കാലത്ത് അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്ന ഉമവികളിലെ പ ലർക്കും കനത്ത പ്രഹരമേൽപ്പിച്ചിരുന്നു.പരമ്പരാഗതമായ രാജവാഴ്ച്ച അവസാനിപ്പിച്ച് ഭരണാധികാരി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഖിലാഫത്ത് വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടുമെന്നും അവർ ആശങ്കപ്പെട്ടിരുന്നു. ഇക്കാരണത്താൽ ആ മഹാനുഭാവനെ ഉമവികളിൽ തന്നെ ചിലർ വിഷംകൊടുത്ത് കൊല്ലുകയായിരുന്നുവത്രേ.