എട്ട് നൂറ്റാണ്ട് കാലത്തോളം നീണ്ടുനിന്ന സ്പെയിനിലെ ഇസ്ലാമിക ഭരണത്തിലെ സുപ്രധാന ഭരണാധികാരിയാണ് അബ്ദുറഹ്മാൻ ഒന്നാമൻ. സുഖാഡംബരങ്ങളിൽ നിന്ന് ഒന്നുമില്ലായ്മയിലേക്ക് കൂപ്പുക്കുത്തുകയും ഒടുവിൽ ഐതിഹാസിക തിരിച്ചു വരവ് നടത്തുകയും ചെയ്ത അബ്ദുറഹ്മാന്റെ പോരാട്ട ജീവിതം ലോകചരിത്രത്തിലെ അത്യപൂർവ്വമായ അധ്യാങ്ങളിലൊന്നാണ്. സ്പെയിനിലെ അമവീ ഭരണത്തിന്റെ സ്ഥാപകനായ അബ്ദുറഹ്മാൻ ഇസ്ലാമിക ചരിത്രത്തിൽ ‘ദാഖിൽ’ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്.വിസ്മരിക്കപ്പെട്ട സ്പെയിനിന്റെ ഈ ധീര നായകനെ കുറിച്ച് അല്പം പരിചയപ്പെടാം.
കൂട്ടക്കൊലയിൽ നിന്നുള്ള രക്ഷപ്പെടൽ
ഹി.വർഷം 132 ലാണ് അമവിയ്യ ഭരണകൂടത്തിന് അന്ത്യമിട്ടുകൊണ്ട് അബ്ബാസികൾ അധികാരത്തിലേറുന്നത്.തലസ്ഥാനനഗരിയായ ഡമസ്കസിൽ കടന്ന അബ്ബാസികൾ നിഷ്ഠൂരമായ ക്രൂരകൃത്യങ്ങളാണ് നടത്തിയത്.അബ്ദുല്ലാഹി ബ്നു അലിയുടെയും അബു മുസ്ലിമുൽ ഖുറാസാനിയുടെയും നേതൃത്വത്തിൽ നടന്ന അബ്ബാസികളുടെ നരമേധത്തിൽ അമ്പതിനായിരത്തോളം പേർ ഡമസ്കസിൽ കൊലചെയ്യപ്പെട്ടു.തങ്ങളുടെ രാഷ്ട്രീയ ബദ്ധവൈരികളായ ഉമവികളോട് അബ്ബാസി സൈന്യം ഒരു ദയയും കാണിച്ചില്ല.ഉമവിയ്യ വംശജർ പ്രായ ലിംഗ ഭേദമന്യേ കൂട്ടക്കൊല ചെയ്യപ്പെട്ടു.ഓടി രക്ഷപ്പെട്ട അവസാനത്തെ ഉമവി ഭരണാധികാരി മർവാനുബ്നു മുഹമ്മദ് ഒടുവിൽ ഈജിപ്തിലെ ബൂസ്വൂറയിൽ വെച്ച് അബ്ബാസികളുടെ വാളിന്നിരയായി. ഉമവിയ്യ രാജകുടുംബത്തെ ഉന്മൂലനം ചെയ്യാനുള്ള അബ്ബാസികളുടെ നീക്കത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ട ഏക വ്യക്തിയാണ് ഖലീഫ ഹിശാമുബ്നു അബ്ദുൽ മലികിന്റെ പൗത്രൻ അബ്ദുറഹ്മാനുബ്നു മുആവിയ.
സാഹസികത നിറഞ്ഞ ഒളിവ് ജീവിതം
അബ്ബാസികളുടെ കൈകളിൽ നിന്ന് ഒരുവിധം രക്ഷപ്പെട്ടു പലയിടങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നു അബ്ദുറഹ്മാൻ.കൂടെ പതിമൂന്നുകാരനായ അനിയനും ഉണ്ടായിരുന്നു.എന്നാൽ യൂഫ്രട്ടീസ് നദി തീരത്തുള്ള ബദുക്കളുടെ ഒരു സാങ്കേതത്തിൽ വെച്ച് ഇരുവരെയും പിടികൂടാൻ അബ്ബാസി കുതിരപ്പടയാളികൾ ശ്രമിച്ചു.എന്നാൽ പിടികൊടുക്കാതെ അബ്ദുറഹ്മാനും സഹോദരനും യൂഫ്രട്ടീസ് നദിയിൽ ചാടി.അപ്പോൾ തിരിച്ചുവന്നാൽ വെറുതെ വിടാമെന്ന് ശത്രുക്കൾ വാഗ്ദാനം ചെയ്തു.ചതിക്കെണി മനസ്സിലാക്കാതെ തിരികെ നീന്തിയ അനിയനെ കരയിലെത്തിയപ്പോൾ അബ്ബാസി പട്ടാളക്കാർ നിഷ്കരുണം വധിച്ച് കളഞ്ഞു.ഇത് കണ്ട അബ്ദുറഹ്മാൻ ഒരു വിധം നീന്തി അക്കരെയെത്തി രക്ഷപ്പെട്ടു.
സാഹസികതയും ഉദ്യോഗവും നിറഞ്ഞ ഒളിവ് ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.യൂഫ്രട്ടീസ് കടന്ന അബ്ദുറഹ്മാൻ ആദ്യമായി കാൽനടയായി തെക്കോട്ട് സഞ്ചരിച്ചു.വളരെ ദുഷ്കരമായ സാഹചര്യങ്ങളും ദുർഘടമായ പാതകളും താണ്ടി അദ്ദേഹം ഫലസ്തീനിലെത്തിച്ചേർന്നു.അവിടെ വെച്ച് ബദർ എന്ന തന്റെ വിശ്വസ്തനും പ്രാപ്തനുമായ അടിമ അദ്ദേഹത്തോടൊപ്പം ചേർന്നു.തുടർന്ന് ഇരുവരും പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര തിരിക്കുകയും ആഫ്രിക്കയുടെ വടക്ക് പ്രദേശത്തിലെത്തുകയും ചെയ്തു.വിശപ്പടക്കാൻ ഒരു റൊട്ടിക്കഷണമോ അതു വാങ്ങുവാൻ ഒരു നാണയത്തുട്ടുപോലുമോ കൈവശമില്ലാതെ ഈ രാജകുമാരനും ഭൃത്യനും നടത്തിയ സാഹസികയാത്ര ചരിത്രത്തിലെ കോൾമയിർ കൊള്ളിക്കുന്ന അധ്യായമാണ്. അവിടത്തെ അബ്ബാസി ഗവർണർ അദ്ദേഹത്തെ പിന്തുടരാൻ ചാരന്മാരെ അയച്ചിരുന്നുവെങ്കിലും ഇരുവരും വേഷപ്രഛന്നരായി രക്ഷപ്പെട്ടു. അഞ്ചുവർഷത്തിനുശേഷം അബ്ദുറഹ്മാനും അടിമയും സ്പെയിനിനടുത്തുള്ളള ബദുക്കൾ താമസിക്കുന്ന ക്യൂട്ട എന്ന പ്രദേശത്തെത്തി. അബ്ദുറഹ്മാന്റെ മാതാവ് ബർബർ വംശജയായിരുന്നതിനാൽ ബന്ധുക്കൾ അവർക്ക് അഭയം നൽകി.സാഹചര്യം അല്പം മെച്ചപ്പെട്ട ശേഷം തന്റെ നഷ്ടപ്പെട്ട ഭരണാധികാരവും സ്ഥാനങ്ങളും തിരികെ പിടിക്കാനായി അബ്ദുറഹ്മാന്റെ ശ്രമം. അതിനായി തന്ത്രപൂർവ്വം കരുക്കൾ നീക്കുകയും ചെയ്തു.സ്പെയിനിലുള്ള ഉമയ്യ വംശജരുമായി അദ്ദേഹം നിരന്തരം എഴുത്തു കുത്തുകൾ നടത്തി.
‘ദാഖിലി’യായി അന്ദലുസിൽ
ആദ്യമായി ക്യൂട്ടക്ക് അഭിമുഖമായി അന്ദലുസിന്റെ ദക്ഷിണ ഭാഗത്ത് താമസിക്കുന്ന സിറിയൻ സൈനികരുമായി അബ്ദുറഹ്മാൻ ബന്ധപ്പെട്ടു. അവർ അദ്ദേഹത്തെ നേതാവായി അംഗീകരിക്കുകയും ചെയ്തു.അതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി തുടങ്ങി. തുടർന്ന് അദ്ദേഹം കടൽകടന്ന് 755 ആഗസ്റ്റ് 14 (ഹി. 138)ന് അൽ മുനക്കബ് തീരത്തിറങ്ങി.മുദരികളുടെയും,അവരുടെ തലവനും അന്ദലുസ് ഗവർണറുമായ യൂസുഫ് ബ്നു അബ്ദുറഹ്മാനിൽ ഫിഹ്രിയുടെയും പീഡനങ്ങളിൽ രോഷാകുലരായി കഴിഞ്ഞിരുന്ന യമനികളും അബ്ദുറഹ്മാനെ സഹായിക്കാൻ തയ്യാറായി. അവർ അബ്ദുറഹ്മാനെ വരവേൽക്കാൻ ഒരു കപ്പൽ അയച്ചു.ആ കപ്പലിൽ കയറി തന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ അബ്ദുറഹ്മാൻ സ്പെയിനിലേക്ക് തിരിച്ചു.
സുമുഖനും തേജസ്സിയുമായ ആ ചെറുപ്പക്കാരന് യമനികളും സ്പെയിൻകാരും ഊഷ്മളമായ വരവേൽപ്പ് നൽകി. അവരുടെ സഹായ സഹകരണത്തോടെ അബ്ദുറഹ്മാൻ സ്പെയിനിലെ പട്ടണങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തു. ക്രി.756 മാർച്ചിൽ (ഹി. 138) സ്പെയിനിലെ പ്രമുഖ നഗരമായ സെവില്ലയിൽ അബ്ദുറഹ്മാൻ പ്രവേശിച്ചു. അതേ വർഷം മെയ് 15ന് കൊർദോവക്കടുത്ത് നടന്ന യുദ്ധത്തിൽ യൂസുഫുൽ ഫിഹ് രിയെ തോൽപ്പിച്ചു.തുടർന്ന് തലസ്ഥാനമായ കോർദോവയിലേക്ക് നീങ്ങിയ അബ്ദുറഹ്മാൻ നഗരം കീഴടക്കിയതോടെ സ്പെയിനിലെ അബ്ബാസി ഭരണത്തിന് അന്ത്യമായി.ഫിഹ് രി ടോളിഡോവിലേക്ക് പിൻവാങ്ങി. അതിസാഹസികതയോടെയും ധീരതയോടെയും സ്പെയിൻ തിരിച്ചുപിടിച്ച അബ്ദുറഹ്മാൻ അങ്ങനെ അൽ ദാഖിൽ (ആഗതൻ) എന്ന് ചരിത്രത്തിൽ വിശ്രുതനായി. ഇതുപോലൊരു തിരിച്ചുവരവും പ്രതികാരവും ലോകചരിത്രത്തിൽ തന്നെ അത്യപൂർവ്വമാണ്.
വിജയങ്ങളും ഭരണത്തിന്റെ വിപുലീകരണവും
അബ്ബാസി ഖിലാഫത്തിന്റെ കീഴിൽ അല്ലാതെ സ്വതന്ത്ര ഭരണകൂടം നിലവിൽ വന്ന ആദ്യത്തെ മുസ്ലിം പ്രദേശമായിരുന്നു അബ്ദുറഹ്മാൻ ഒന്നാമന്റെ അന്ദലുസിലെ ഉമവീ ഭരണകൂടം. എങ്കിലും ഈ കാലങ്ങളിലൊക്കെയും അദ്ദേഹം ഖലീഫ എന്ന പേര് സ്വീകരിച്ചിരുന്നില്ല.മറിച്ച് അമീർ ആയി നിലകൊണ്ടു.
ഭരണമേറ്റെടുത്തത് മുതൽ ആഭ്യന്തര കുഴപ്പങ്ങളും വടക്കു നിന്നുള്ള ക്രിസ്ത്യൻ ഭീഷണികളും ബാഗ്ദാദിൽ നിന്നുള്ള അബ്ബാസികളുടെ എതിർപ്പും അബ്ദുറഹ്മാൻ ശക്തമായി നേരിട്ടു.നാൽപ്പതിനായിരത്തിൽപരം അംഗബലമുള്ള ഒരു ബർബരി സേനക്ക് അദ്ദേഹം രൂപകൽപ്പന നൽകിയിരുന്നു.ടോളിഡോവിലായിരുന്ന സ്ഥാനഭ്രഷ്ടനായ അബ്ബാസി ഗവർണർ യൂസുഫുൽ ഫിഹ് രി അബ്ദുറഹ്മാൻ എതിരെ സൈനിക സജ്ജീകരണം നടത്തി.ക്രി. 758(ഹി. 140)ൽ അദ്ദേഹം കൊർദോവ വളയുകയും ഉമവീ ആധിപത്യത്തിനെതിരെ ഭീഷണികൾ ഉയർത്തുകയും ചെയ്തു.എന്നാൽ ടോളിഡോക്ക് സമീപം നടന്ന യുദ്ധത്തിൽ അബ്ദുറഹ്മാന്റെ സൈന്യം അദ്ദേഹത്തെ കൊലപ്പെടുത്തി.ക്രി. 764ൽ ടോളിഡോവും അമവികൾക്കധീനമായി.ഇതോടൊപ്പം മറ്റു ഇതര അറബ്-ബർബർ ഗോത്രത്തലവന്മാർ അഴിച്ചുവിട്ട കലാപങ്ങളും അബ്ദുറഹ്മാൻ പ്രതിരോധിച്ചു.
ക്രി.763ൽ അബുൽ അബ്ബാസിന്റെ പിൻഗാമിയായ അബൂ ജഅ്ഫറുൽ മൻസൂർ അന്ദുലുസ് പിടിച്ചെടുക്കാൻ ശ്രമം നടത്തി.അദ്ദേഹം അലാഉ ബ്‌നു മുഗീസിനെ സ്പെയിനിൽ അബ്ബാസികളുടെ ഗവർണറായി നിയമിച്ചു.അയാൾ രഹസ്യമായി സ്പെയിനിലെത്തി. എന്നാൽ അധികം താമസിയാതെ ഉമയ്യാക്കളുടെ ചാരന്മാർ അദ്ദേഹത്തെ പിടികൂടുകയും ശിരഛേദം നടത്തുകയും ചെയ്‌തു. ഉപ്പിലിട്ടു സൂക്ഷിച്ച ഗവർണറുടെ തലയും അദ്ദേഹത്തിൻ്റെ നിയമന ഉത്തരവും കറുത്ത ശീലയിൽ പൊതിഞ്ഞു മൻസൂറിലേക്കയച്ചു.ആ സമയം ഖലീഫ തീർത്ഥാടനത്തിനായി മക്കയിലായിരുന്നു. സംഭവമറിഞ്ഞ് ഞെട്ടിപ്പോയ മൻസൂർ ഇങ്ങനെ പ്രതിവചിച്ചു:“അല്ലാഹുവിനു സ്‌തുതി! നമ്മെയും അദ്ദേഹത്തെയും അല്ലാഹു സമുദ്രങ്ങളാൽ വേർതിരിച്ചു”. സൈനിക നീക്കങ്ങൾ വിജയിക്കാതെ വന്നതോടെ അബ്ബാസി സ്പെയിനിൽ ഭരണം പുനസ്ഥാപിക്കാൻ അബ്ദുറഹ്മാനെ വശീകരിക്കാൻ മൻസൂർ ഒരുമ്പെട്ടു. ഇതിനായി ഒരു ദൂതനെ സ്പെയിനിലേക്കയച്ചു. അബ്ദുറഹ്മാന്റെ പ്രാപ്തിയും നിശ്ചയദാർഢ്യവും മൻസൂർ പുകഴ്ത്തുകയും ‘സ്വഖ്റു ഖുറൈശ്‘(ഖുറൈശികളിലെ പരുന്ത്) എന്നു വരെ വിശേഷിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിലൊന്നും അബ്ദുറഹ്മാൻ വീണില്ല. തന്റെ പ്രീണന നയങ്ങൾ വിഫലമായതോടെ ഫ്രഞ്ച് ചക്രവർത്തി ഷാർലമൈനെ മൻസൂർ അമവികൾക്കെതിരിൽ കൂട്ടുപിടിച്ചു. പാരിതോഷികങ്ങളും നയതന്ത്ര പ്രതിനിധികളെയും അയച്ച് മൻസൂറും ചക്രവർത്തിയും പരസ്പരം അടുത്തുവെങ്കിലും അബ്ദുറഹ്മാനെതിരിൽ ഇരുവർക്കും പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല.
മൻസൂറിന് ശേഷം ഖലീഫയായ മകൻ മഹ്ദിയും അബ്ദുറഹ്മാനെതിരിൽ സൈനിക നീക്കം നടത്തി.അബ്ദുറഹ്മാനുബ്നു ഹബീബിൽ ഫിഹ് രി എന്ന സേനാനായകനെ അദ്ദേഹം സ്പെയ്നിലേക്കയച്ചു. തനിക്ക് പിന്തുണ ആവശ്യപ്പെട്ട് ബാർസിലോണയിലെ ഭരണാധികാരി സുലൈമാൻ ബ്നു യഖ്ളാന് ഫിഹ് രി കത്തയച്ചു.പക്ഷെ സുലൈമാൻ വഴങ്ങിയില്ല. ഇതിൽ ക്ഷുഭിതനായ ഫിഹ് രി തന്റെ ബർബരി സൈന്യത്തെ ആദ്യം ബാർസലോണയിലേക്ക് നയിച്ചു. പക്ഷെ യുദ്ധത്തിൽ ഫിഹ് രി തോറ്റുപോയി.അദ്ദേഹം ഓടിരക്ഷപ്പെടാതിരിക്കാൻ അബ്ദുറഹ്മാൻ അദ്ദേഹത്തിന്റെ സൈന്യത്തിലുണ്ടായിരുന്ന ആനകളെ കൊല്ലുകയും കപ്പലുകൾ കത്തിക്കുകയും ചെയ്തു.ഫിഹ് രി വലൻസിയയിൽ താവളമുറപ്പിച്ച് ഉമവികൾക്കെതിരെ ആക്രമണം തുടർന്നു.ശല്യം രൂക്ഷമായപ്പോൾ,ഫിഹ് രിയുടെ തല തനിക്കെത്തിക്കുന്ന ആൾക്ക് അബ്ദുറഹ്മാൻ 1000 ദിനാർ ഇനാം പ്രഖ്യാപിച്ചു.ഇതോടെ ബർബരികളിൽ പെട്ട ഒരാൾ ഫിഹ് രിയെ പിന്തുടർന്ന് സൂത്രത്തിൽ കൊലപ്പെടുത്തി. അബ്ബാസികൾക്കും മഹ്ദിക്കും ഏറ്റ വലിയൊരു തിരിച്ചടിയായിരുന്നു ഫിഹ് രിയുടെ മരണം. മഹ്ദി പിന്നീട് അന്ദുലുസ് പിടിച്ചെടുക്കാനുള്ള തന്റെ ശ്രമങ്ങളിൽ നിന്ന് പിന്തിരിയുകയാണുണ്ടായത്.
അബ്ബാസികളിൽ നിന്നെന്ന പോലെ പരിസരത്തുള്ള ക്രിസ്തീയ രാജ്യങ്ങളിൽ നിന്നും അബ്ദുറഹ്മാന്റെ ഉമവീ ഭരണകൂടത്തിന് വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു.ക്രി.778ൽ ഫ്രഞ്ച് ചക്രവർത്തി ഷാർലമെയ്ൻ അൻദലൂസിലേക്ക് പട നയിച്ചു.അദ്ദേഹത്തിന്റെ സൈന്യം വടക്കൻ അതിർത്തിയിലൂടെ ഉള്ളോട്ടു കടന്ന് സരഗോസ വരെ എത്തിയെങ്കിലും നഗര കവാടങ്ങൾ അടഞ്ഞു കിടന്നത് അവർക്ക് പ്രയാസം സൃഷ്ടിച്ചു.അതേ സമയത്താണ് ഫ്രാൻസിൽ ഷാർലമയ്‌ന്റെ ശത്രുക്കൾ ആഭ്യന്തര യുദ്ധത്തിന്റെ ഭീഷണിയുയർത്തിയത്.തന്മൂലം ഫ്രഞ്ച് സൈന്യം പിന്തിരിയാൻ നിർബന്ധിതരായി.തിരിച്ചുപോകുമ്പോൾ പിന്നണി സേനയെ ഉമവീ സൈന്യം ആക്രമിച്ചത് മൂലം ഫ്രഞ്ച് സേനയ്ക്ക് കനത്ത ആൾ നാശം നേരിടുകയും ചെയ്തു.ഫ്രഞ്ചുകാരുടെ ആക്രമണത്തിന് അറുതി വന്നശേഷം അബ്ദുറഹ്മാന് തന്റെ രാജ്യത്തിനെതിരെ കാര്യമായി ഭീഷണികളൊന്നുമുണ്ടായില്ല.
ഭരണ നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും
രാഷ്ട്രത്തെ ഏകീകരിക്കുകയും സമാധാനം സ്‌ഥാപിക്കുകയും ചെയ്‌തശേഷം വികസനപ്രവർത്തനങ്ങളിൽ അബ്ദുറഹ്മാൻ ശ്രദ്ധ കേന്ദ്രീകരിച്ചു. ആകെ 33 കൊല്ലമാണ് അബ്ദുറഹ്മാൻ ദാഖിൽ സ്പെയിൻ ഭരിച്ചത്. ഇതിൽ ആദ്യത്തെ 20 കൊല്ലം യുദ്ധങ്ങൾ നിറഞ്ഞതായിരുന്നു. ബാക്കിയുള്ള 13 വർഷമായിരുന്നു വികസനക്ഷേമപ്രവർത്തനങ്ങൾ നടന്നത്.
യുദ്ധരംഗത്തെന്നപോലെ വികസനരംഗത്തും അദ്ദേഹം കഴിവ് തെളിയിച്ചു.നഗരങ്ങൾ മോടികൂട്ടി,ഭിത്തികളാൽ വലയം ചെയ്യപ്പെട്ട തലസ്‌ഥാനനഗരിയിലേക്ക് ശുദ്ധജലം എത്തിക്കാൻ കനാൽ നിർമിച്ചു.കൊർദോവക്കു വെളിയിൽ ഒരു രാജധാനി നിർമിച്ചു.അതിലെ ഉദ്യാനത്തിലേക്ക് ജലസേചനം ഏർപ്പെടുത്തുകയും ഉദ്യാനത്തിൽ പൗരസ്‌ത്യ നാടുകളിലെ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.മരിക്കുന്നതിനു രണ്ടുവർഷം മുമ്പ് കൊർദോവയിൽ ഒരു കൂറ്റൻ പള്ളിയുടെ നിർമാണം അദ്ദേഹം തുടങ്ങിവെച്ചിരുന്നു.ഭരണം കാര്യക്ഷമമാക്കുന്നതിനുവേണ്ടി ഒരു പ്രധാനമന്ത്രി,രണ്ട് സെക്രട്ടറിമാർ, ന്യായാധിപൻ,പൊലീസ്മേധാവി എന്നിവരെ നിയമിച്ചു. ഭരണസൗകര്യത്തിനായി രാജ്യത്തെ ആറു പ്രവിശ്യകളായി തിരിച്ചു. മികച്ച രീതിയിലുള്ള തപാൽ സമ്പ്രദായവും നടപ്പാക്കി.രാജ്യരക്ഷയ്ക്കും വികസനത്തിനും വേണ്ടി ഒരു സ്ഥിരം സൈന്യത്തെയും അബ്ദുറഹ്മാൻ സജ്ജീകരിച്ചു.ധൈഷണികമേഖലകളിലും അബ്‌ദുർറഹ്‌മാൻ്റെ സംഭാവനകൾ മികച്ചവയായിരുന്നു. അദ്ദേഹത്തിൻറെ ഭരണാന്ത്യത്തോടെ കൊർദോവ ഒരു സാംസ്കാരികകേന്ദ്രം എന്ന നിലയ്ക്ക് ബഗ്ദാദിനോടും കോൺസ്റ്റാൻറിനോപ്പിളിനോടും കിടപിടിക്കാൻ തുടങ്ങി. ഭരണ സൈനിക സംവിധാനങ്ങൾ സിറിയൻ രീതിയിൽ അദ്ദേഹം പരിഷ്കരിച്ചു. അദ്ദേഹത്തിന്റെ പിൻഗാമികൾ നൂറ്റാണ്ടുകളോളം പ്രസ്തുത രീതി പിന്തുടർന്നുപോന്നു.
ശത്രുക്കളോട് ശക്തമായ നയങ്ങൾ കൈക്കൊണ്ടിരുന്നെങ്കിലും അബ്ദുറഹ്മാൻ നീതിമാനും പ്രജാവൽസലനുമായിരുന്നു. പരാതികൾ അദ്ദേഹം നേരിട്ട് പരിശോധിക്കുകയും നീതി നടപ്പാക്കുകയും ചെയ്‌തു.അറബികൾ, ബർബരികൾ,സിറിയക്കാർ,ഗോത്തുകൾ തുടങ്ങിയ വിവിധ ജനവിഭാഗങ്ങളെ കോർത്തിണക്കി ഒരു ഏകീകൃത മുസ്‌ലിം രാഷ്ട്രം കെട്ടിപ്പടുക്കാൻ അബ്ദുറഹ്മാന് സാധിച്ചു.ഹിജ്‌റ 172 റബീഉൽ ആഖിർ 25 (ക്രി.788 സെപ്റ്റംബർ 30) ന് കൊർഡോവയിൽ വെച്ച് അബ്ദുറഹ്മാൻ ഒന്നാമൻ അന്ത്യശ്വാസം വലിച്ചു.