അന്ത്യപ്രവാചകർ(സ്വ)യുടെ പ്രഥമ പത്നിയാകാൻ ഭാഗ്യം ലഭിച്ച മഹതിയാണ് ഹസ്റത്ത് ഖദീജ(റ).മാനവരാശിക്ക് മുഴുവൻ മാതൃകയായ 25 വർഷം നീണ്ടുനിന്ന അവരുടെ കുടുംബ ജീവിതകാലത്ത് മറ്റാരെയും നബി(സ്വ) തങ്ങൾ വിവാഹം ചെയ്തിരുന്നില്ല.നബി (സ്വ) തങ്ങളെ ആദ്യമായി പ്രവാചകനായി അംഗീകരിച്ചതും മഹതിയാണ്.നബി(സ്വ)തങ്ങൾ പറഞ്ഞു: “പുരുഷൻമാരിൽ നിന്ന് പലരും പൂർണ്ണത നേടിയിട്ടുണ്ട്. എന്നാൽ സ്ത്രീകളിൽ നിന്ന് മൂന്ന് പേരല്ലാതെ പൂർണ്ണത നേടിയിട്ടില്ല. ഇംറാൻ്റെ പുത്രി മറിയം(റ), ഫിർഔന്റെ ഭാര്യ ആസ്യ(റ), ഖുവൈലിദിൻ്റെ മകൾ ഖദീജ(റ) എന്നിവരാണവർ”. ‘ത്വാഹിറ’ എന്നാണ് മഹതിയുടെ സ്ഥാനപ്പേര്.
ഖുറൈശ് ഗോത്രത്തിൽ പെട്ട അസദ് വംശത്തിലെ ഖുവൈലിദ് ബ്നു അസദ് ആണ് മഹതിയുടെ പിതാവ്. മാതാവ് ഫാത്തിമ ബിൻത് സായിദ.മക്കയിലെ കുലീനയും ധനികയും ആയിരുന്നു ഖദീജ(റ).ശാം,യമൻ തുടങ്ങിയ നാടുകളിൽ നിന്ന് കച്ചവട ചരക്കുകൾ വാങ്ങി വിൽപ്പന നടത്തി വലിയ കച്ചവടക്കാരിയായി മാറിയിരുന്നു മഹതി.നബി തങ്ങൾക്ക് മുമ്പ് അബൂ ഹാല, അതീഖുബ്നു ആബിദ് എന്നീ രണ്ട് പേരെ മഹതി വിവാഹം കഴിച്ചിരുന്നു. അവരുടെ വഫാത്തിന് ശേഷം ഇനി ഒരു വിവാഹം കഴിക്കുകയില്ലെന്ന് തീരുമാനിച്ച മഹതി ഉന്നതരായ അനേകം ധനാഢ്യർ വിവാഹാഭ്യർത്ഥന നടത്തിയിട്ടും സ്വീകരിച്ചിരുന്നില്ല.
അങ്ങനെയിരിക്കെയാണ് മക്കക്കാർക്കിടയിൽ ‘അൽ അമീൻ’ എന്നറിയപ്പെട്ട സർവ്വ നന്മകളുടെയും വിളനിലമായ മുഹമ്മദ്(സ്വ) എന്ന യുവാവിനോട് തന്റെ കച്ചവട ചരക്കുകളുമായി ശാമിലേക്ക് പോകാൻ മഹതി ആവശ്യപ്പെടുന്നത്. എട്ടാം വയസ്സു മുതൽ തന്നെ സംരക്ഷിക്കുന്ന പിതൃവ്യൻ അബൂത്വാലിബിനെ സാമ്പത്തിക ക്ലേശതയിൽ സഹായിക്കാൻ ലഭിച്ച അവസരം നബിതങ്ങൾ മുതലെടുക്കുകയും ഖദീജ ബീവിയുടെ കച്ചവടച്ചരക്കുകളുടെ നേതൃത്വം വഹിച്ചുകൊണ്ട് ശാമിലേക്ക് പുറപ്പെടുകയും ചെയ്തു. തങ്ങളുടെ കൂടെ മൈസറത്ത് എന്ന തന്റെ അടിമയേയും ഖദീജ(റ) അയച്ചുകൊടുത്തു.ആ യാത്ര അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. ചുട്ടുപഴുത്ത മണലാരണ്യത്തിലൂടെ കത്തി ജ്വലിക്കുന്ന സൂര്യന് താഴെ സഞ്ചരിക്കുമ്പോൾ നബി(സ)ക്ക് മേഘം തണൽ നൽകിക്കൊണ്ട് കൂടെ സഞ്ചരിക്കുന്നത് മൈസറത് കണ്ടു.ശാമിനെ ലക്ഷ്യം വെച്ച് നീങ്ങുമ്പോൾ നെസ്തോറ എന്ന ക്രൈസ്‌തവ പുരോഹിതൻ മൈസറതിനോട് കൂടെയുള്ള യുവാവിനെ കുറിച്ച് ചോദിച്ചു. മക്കയിലെ ഖുറൈശികളിൽ പെട്ട ഒരാളാണെന്ന് മറുപടി പറഞ്ഞപ്പോൾ ‘നിശ്ചയം അദ്ദേഹം വരാനിരിക്കുന്ന പ്രവാചകനാണ്’ എന്ന് ആ പുരോഹിതൻ പറഞ്ഞു. കച്ചവടം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മൈസറത് നടന്ന സംഭവങ്ങളെല്ലാം തന്റെ യജമാനത്തിയെ ധരിപ്പിച്ചു.മൈസറതിന്റെ വിവരണം കേട്ട ഖദീജ ബീവി അത്ഭുതപ്പെട്ടു. മാത്രമല്ല കച്ചവടത്തിൽ ലഭിച്ച വമ്പിച്ച ലാഭം മഹതിയെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു.
ലോകത്തിന്റെ വിമോചകനായി മാറുന്ന അത്ഭുത വ്യക്തിത്വത്തിന്റെ ഉടമയെ ജീവിതപങ്കാളിയായി ലഭിക്കാൻ മഹതി അത്യധികം ആഗ്രഹിച്ചു.ഇക്കാര്യം മഹതി തന്റെ ദാസി നഫീസ ബിൻത് ഉമയ്യയെ ധരിപ്പിച്ചു. അങ്ങിനെ നഫീസ നബി(സ)യിലേക്ക് ചെന്നു തന്റെ ആഗമനോദ്ദേശ്യം അറിയിച്ചുകൊണ്ട് പറഞ്ഞു:“സാമ്പത്തിക പ്രശ്‌നം പരിഹരിച്ചു തരുന്ന,സമ്പത്തും സൗന്ദര്യവും താങ്കൾക്ക് യോജിപ്പും ഉള്ള ഒരു വിവാഹ ബന്ധത്തിന് താങ്കൾ തയ്യാറാണോ? ആരാണെന്ന് ആരാഞ്ഞ നബി(സ), ഖദീജയെന്ന് കേട്ടപ്പോൾ സമ്മതമറിയിച്ചു.തുടർന്ന് നബി(സ്വ) തന്റെ പിതൃവ്യരുമൊത്ത് ഖദീജ ബീവി(റ)യുടെ പിതാമഹനായ അംറുബ്നു അസദിൻ്റെ വീട്ടിലെത്തി. അബൂത്വാലിബിന്റെ നേതൃത്വത്തിൽ വിവാഹ കർമ്മം നടന്നു. അബൂ ത്വാലിബ് നടത്തിയ പ്രസംഗത്തിൽ മഹാനായ ഇബ്റാഹീം നബി(അ)ന്റെ ശ്രേഷ്ഠമായ സന്താനപരമ്പരയിൽ പെടുത്തിയ തിന്ന് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ഇങ്ങനെപറഞ്ഞു: “എന്റെ ഈ സഹോദര പുത്രൻ മുഹമ്മദു ബ്നു അബ്ദില്ല സാമ്പത്തികം കുറവാണെങ്കിലും മഹത്വം,ബുദ്ധി, ശ്രേഷ്ഠത എന്നിവയിൽ അതുല്യനാണ്.സമ്പത്ത് നീങ്ങിപ്പോകുന്ന നിഴൽ മാത്രമാണ്.നിശ്ചയം ഇദ്ദേഹത്തിന് ഉജ്ജ്വലമായ അവസ്ഥയും ഭാസുരമായ ഭാവിയുമുണ്ട്”. അന്ന് നബി തങ്ങൾക്ക് 25ഉം മഹതിക്ക് 40ഉം വയസ്സായിരുന്നു പ്രായം. ഇരുപത് ഒട്ടകം ആയിരുന്നു നബി തങ്ങൾ നൽകിയ മഹ്ർ.
പരസ്പര സ്നേഹത്തിന്റെയും അർപ്പണത്തിന്റെയും പ്രതീകമായിരുന്നു നബി(സ)തങ്ങളും ഖദീജ ബീവിയും തമ്മിള്ള ബന്ധം.തങ്ങളുടെ ദൗത്യ നിർവഹണത്തിന് മനസ്സാ വാചാ കർമ്മണാ സഹായിക്കുന്ന ഒരു ഇണയെ ഖദീജ ബീവിയിലൂടെ അല്ലാഹു എത്തിക്കുകയായിരുന്നു. പ്രവാചകർക്കും ദീനിനും വേണ്ടി തന്റെ സമ്പത്തും സമയവും ബീവി അകമഴിഞ്ഞ് ചിലവഴിച്ചു. നബി(സ്വ) ഹിറാ ഗുഹയിൽ ഏകാന്തനായി സൃഷ്ടാവിനെ ആരാധിക്കുന്ന സമയത്ത് തങ്ങൾക്ക് വേണ്ട ഭക്ഷണവും മറ്റു സൗകര്യങ്ങളും ബീവി ചെയ്തുകൊടുത്തു. ഒടുവിൽ അപ്രതീക്ഷിതമായി ദിവ്യസന്ദേശം ലഭിച്ച നബി(സ്വ) തങ്ങൾ പരിഭ്രമിച്ച് എത്തിയതും തന്റെ സഹധർമ്മിണിയുടെ അടുത്തേക്കായിരുന്നു. ‘എന്നെ പുതപ്പിട്ടുമൂടൂ’ എന്ന ആവശ്യവുമായി ഭയന്നു വിറച്ചെത്തിയ പ്രിയതമനെ ആശ്വസിപ്പിച്ചുകൊണ്ട് ഖദീജ(റ) ഹിറാ ഗുഹയിലെ സംഭവങ്ങൾ ആദ്യന്തം കേട്ടുമനസ്സിലാക്കി. അസാധാരണ ധൈര്യവും സാമർത്ഥ്യവും പ്രകടിപ്പിച്ചുകൊണ്ട് ഖദീജ(റ) ഇങ്ങനെ പ്രതികരിച്ചു: “താങ്കളെ അല്ലാഹു ഒരിക്കലും നിന്ദിക്കില്ല. താങ്കൾ കുടുംബ ബന്ധം ചേർക്കുന്നു, സത്യം മാത്രം പറയുന്നു, ദരിദ്രരെ സഹായിക്കുന്നു, അതിഥികളെ സൽകരിക്കുന്നു”.സഹധർമിണിയുടെ ഈ വാക്കുകൾ നബി(സ) ക്ക് ശാന്തിയും സമാധാനവും നൽകുന്നതായിരുന്നു.
എന്നാൽ ഖദീജ(റ) സംഭവത്തിൻ്റെ രഹസ്യമറിയാൻ അക്കാലത്തെ പണ്ഡിതനും തന്റെ പിതൃവ്യ പുത്രനുമായ വറഖത് ബ്നു നൗഫലിന്റെ അടുത്തേക്ക് നബി(സ)യെ കൊണ്ടു പോയി. വേദഗ്രന്ഥങ്ങളിൽ അവഗാഹമുള്ള വറഖഃയോട് നബി(സ) തന്റെ അനുഭവങ്ങൾ വിശദീകരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “അത് മൂസാ നബിയുടെ അടുത്ത് വരാറുണ്ടായിരുന്ന നാമൂസ് (ജിബ്രീൽ) ആണ്. അന്ന് ഞാൻ ആരോഗ്യ ദൃഢഗാത്രനായ യുവാവായിരുന്നെങ്കിൽ! നിങ്ങളുടെ ജനത നിങ്ങളെ നാട്ടിൽ നിന്ന് പുറത്താക്കുന്ന സന്ദർഭം! ഞാൻ നിങ്ങളെ സഹായിക്കുമായിരുന്നു”. തന്നെ സ്നേഹാദരവോടെ ‘അൽ അമീൻ’ എന്ന് വിളിക്കുന്നവർ പുറത്താക്കുമെന്ന് കേട്ടപ്പോൾ നബി(സ)ക്ക് അവിശ്വസനീയമായി തോന്നി. നബി(സ) ചോദിച്ചു: അവരെന്നെ പുറത്താക്കുമോ? വറഖഃ പറഞ്ഞു: “അതെ, താങ്കൾ കൊണ്ടു വന്നതുപോലുള്ള കാര്യം ആരു കൊണ്ടുവന്നാലും ശത്രുത വെക്കപ്പെടാതിരിക്കില്ല”(ബുഖാരി).
അങ്ങനെ അന്ധകാരത്തിൽ നിന്ന് ദിവ്യസന്ദേശത്തിന്റെ വെളിച്ചത്തിലേക്ക് ലോക ജനതയെ നയിക്കാൻ നിയുക്തരായ ഭർത്താവിന് താങ്ങും തണലുമായി ശിഷ്ടജീവിതം നയിക്കാൻ ആ മഹതിക്ക് ഭാഗ്യം ലഭിച്ചു. ഒരു ഭർത്താവ് എന്നതിലുപരി പ്രവാചകത്വ പദവിയിലെത്തിയ വിശ്വവിമോചകന് തന്റെ ദൗത്യ നിർവഹണത്തിന് സംരക്ഷണവും പിന്തുണയും നൽകി മഹതി ത്യാഗപൂർണ്ണമായ പുതിയ ജീവിതം നയിച്ചു.ഒരിക്കൽ ജിബ്‌രീൽ(അ) വന്ന് നബി(സ്വ)തങ്ങളോട് ഖദീജ(റ)യോട് റബ്ബിന്റെ സലാം പറയാൻ ആവശ്യപ്പെട്ടു. നബി(സ) പറഞ്ഞു: “ഖദീജാ! ഇതാ ജിബ്രീൽ നിന്റെ റബ്ബിൽ നിന്ന് സലാം പറയുന്നു”. അപ്പോൾ ഖദീജ(റ) പറഞ്ഞു: “അല്ലാഹു സലാമാണ്, അവനിൽ നിന്നാണ് സലാം,ജിബ് രീലിന്റെ മേൽ സലാമുണ്ടാകട്ടെ”. സ്വർഗ്ഗത്തിൽ സമുന്നതമായ ഒരു ഭവനം മഹതിക്ക് അല്ലാഹു ഒരുക്കി വെച്ചതായി നബി(സ) സന്തോഷ വാർത്ത അറിയിച്ചിരുന്നു.
ഹിജ്റയുടെ മൂന്നുവർഷം മുമ്പ് ഖദീജ(റ) ഇഹലോകവാസം വെടിഞ്ഞു. നബി(സ്വ) തങ്ങൾക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ താങ്ങും തണലുമാണ് അതോടെ നഷ്ടപ്പെട്ടത്. ഒരുമാസത്തിനുശേഷം പിതൃവ്യൻ അബൂത്വാലിബും മരിച്ചു.ഇരുവരുടെയും വിയോഗത്തിനുശേഷമാണ് നബി(സ്വ)യെ ദേഹോപദ്രവങ്ങളേൽപ്പിക്കാൻ ശത്രുക്കൾക്ക് ധൈര്യം വന്നത്.
ഈ വർഷത്തെ ദുഃഖവർഷമായി നബി തങ്ങൾ വിശേഷിപ്പിച്ചു.പരസ്പര സ്നേഹവും ആത്മാർത്ഥതയും ത്യാഗ സമ്പന്നതയും സഹകരണവും നിറഞ്ഞ നിന്നിരുന്ന ആ ദാമ്പത്യ ജീവിതത്തെ ബീവിയുടെ വഫാത്തിന് ശേഷവും നബി(സ്വ)തങ്ങൾ അനുസ്മരിക്കാറുണ്ടായിരുന്നു. മൃഗങ്ങളെ അറുത്ത് ഖദീജ(റ) യുടെ കൂട്ടുകാരികൾക്ക് കൊടുത്തയക്കാറുണ്ടായിരുന്നു.പലപ്പോഴും അവരുടെ മഹത്വങ്ങൾ എടുത്തു പറയാറുണ്ടായിരുന്നു. നിരന്തരമായ അനുസ്‌മരണങ്ങളും പ്രകീർത്തനങ്ങളും കേട്ട് ഒരിക്കൽ ആയിശ(റ) നബി(സ)യോട് ചോദിച്ചു: അതൊരു വൃദ്ധയായിരുന്നില്ലേ? അവർക്ക് പകരം നിങ്ങൾക്ക് അല്ലാഹു ഉന്നതരായ ഭാര്യ മാരെ നൽകിയില്ലേ? ഇതു കേട്ട് നബി(സ്വ) ദേഷ്യപ്പെട്ട് വിവർണ്ണമായ മുഖത്തോടെ ഇപ്രകാരം പ്രതികരിച്ചു: “അല്ലാഹുവാണ് സത്യം, അവരേക്കാൾ ഉത്തമരായ ഭാര്യമാരെ അല്ലാഹു എനിക്ക് പകരം തന്നിട്ടില്ല. ജനങ്ങൾ ഒന്നടങ്കം എന്നെ അവിശ്വസിച്ചപ്പോൾ മഹതി എന്നിൽ വിശ്വ സിച്ചു.അവർ ഒന്നടങ്കം എന്നെ കളവാക്കിയപ്പോൾ മഹതിയെന്നെ സത്യമാക്കി. ജനങ്ങൾ എന്നെ തടഞ്ഞപ്പോൾ അവർ സമ്പത്ത്
കൊണ്ട് എന്നെ സഹായിച്ചു. ഇതര പത്നിമാരിൽ നിന്ന് ഭിന്നമായി അവരിൽനിന്ന് എനിക്ക് സന്താന സൗഭാഗ്യമുണ്ടായി”.