ഇന്ത്യയിലെ സൂഫി മഹാരഥന്മാരില്‍ പ്രമുഖനാണ് മെഹബൂബെ ഇലാഹി സുല്‍ത്താനുല്‍ മശാഇഖ് ഹസ്‌റത് നിസാമുദ്ദീന്‍ ഔലിയ(റ). പതിമൂന്നാം നൂറ്റാണ്ടില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ആത്മീയ സംസ്‌കരണവും അശരണര്‍ക്ക് ആശ്രയവുമായി വര്‍ത്തിച്ച നിളാമുദ്ദീന്‍ ഔലിയ ഇന്ത്യയിലെ ഇസ്ലാമിക പ്രചരണത്തിൽ വഹിച്ച പങ്ക് അവിസ്മരണീയമാണ്.രാജ്യ തലസ്ഥാന നഗരിയിലെ ജനനിബിഢമായ ദര്‍ഗയും ഔലിയയുടെ പേര് നല്‍കപ്പെട്ട നിരവധി റോഡുകളും റെയില്‍വേ സ്റ്റേഷനുകളും മറ്റു സ്മാരകങ്ങളുമെല്ലാം നിളാമുദ്ദീന്‍ ഔലിയക്ക് ഇന്നും ഇന്ത്യന്‍ ജനതയിലുള്ള സ്വാധീനം വിളിച്ചോതുന്നു.
ജനനം
ക്രിസ്താബ്ദം 1238 ല്‍ ഉത്തര്‍പ്രദേശിലെ ബുദൗനിലാണ് നിളാമുദ്ധീന്‍ ഔലിയ ജനിച്ചത്. മുഹമ്മദ് ബ്‌നു അഹ്‌മദുല്‍ ബുഖാരി എന്നാണ് യഥാര്‍ത്ഥ നാമം.മാതാവും പിതാവും പ്രവാചക കുടുംബത്തില്‍ പെട്ടവരാണ്. അഞ്ചാം വയസ്സില്‍ പിതാവ് അഹമദ് ബിന്‍ അലി വഫാത്തായി. പിന്നീട് കഷ്ടതകള്‍ നിറഞ്ഞ ആ കുടുംബത്തെ പോറ്റാന്‍ മാതാവ് നന്നേ പാടുപെട്ടു. മാതാവും പുത്രനും മാത്രമടങ്ങുന്ന ആ കൊച്ചു കുടുംബം മിക്കപ്പോഴും പട്ടിണികിടന്നാണ് ദിവസങ്ങൾ കഴിച്ചുകൂട്ടിയത്.
പഠനം
ഭക്തയായ ആ മാതാവ് മകനെ പഠിപ്പിക്കാന്‍ മൗലാനാ അലാവുദ്ദീന്‍ ഉസൂലിയുടെ സമക്ഷത്തിലേക്കയച്ചു. അതോടെ നിസാമുദ്ദീന്‍ വിജ്ഞാനത്തിന്റെ പടവുകള്‍ കയറാനുള്ള യജ്ഞമാരംഭിച്ചു.സാമ്പത്തികമായി വളരെയധികം ക്ലേശിച്ചിരുന്നെങ്കിലും ജ്ഞാനസമ്പന്നനായിരുന്നു നിസാമുദ്ദീന്‍.പതിനാറാം വയസ്സില്‍ നിളാമുദ്ധീന്‍ ബുദൗനില്‍ നിന്ന് ഡല്‍ഹിയിലെത്തി. നാലുവര്‍ഷത്തോളം അവിടെ പഠനം തുടര്‍ന്ന നിളാമുദ്ധീന്‍ സുല്‍ത്താന്‍ നാസറുദ്ദീന്‍ മഹ്‌മൂദിന്റെ മതകാര്യതലവനായിരുന്ന മൗലാനാ ശംസുദ്ധീന്‍ ഖവാറസ്മിയുടെ ശിഷ്യത്വം സ്വീകരിച്ചു. പഠന നൈപുണ്യത്തിലും പരിശ്രമത്തിലും നിളാമുദ്ദീന്‍ ചെറുപ്പത്തിലെ പേരുകേട്ടു.വിജ്ഞാന സംബന്ധമായ തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ പ്രത്യേക വൈഭവം നിളാമുദ്ധീന് ഉണ്ടായിരുന്നു. ‘മഹ്ഫില്‍ ശിക്കാല്‍’ (തര്‍ക്കങ്ങളെ തകര്‍ക്കുന്നവന്‍) എന്നൊരു അപരനാമം തന്നെ മഹാനവര്‍കള്‍ക്കുണ്ട്.
ബാബ ഫരീദിന്റെ സന്നിധിയില്‍
ഡല്‍ഹിയിലെ പഠനശേഷമാണ് നിളാമുദ്ധീന്‍ ഔലിയ തന്റെ പ്രധാന ശൈഖായ അജോധനയിലെ ഖാജാ ഫരീദ് (ബാബ ഫരീദ്) അവര്‍കളുടെ അടുക്കലേക്കെത്തുന്നത്. ആദ്യമായി ശൈഖിനെ അഭിവാദനമര്‍പ്പിച്ച ശേഷം ഔലിയ ഒരു പേര്‍ഷ്യന്‍ ഈരടിചൊല്ലി:“അങ്ങയോടുള്ള അകല്‍ച്ച എന്റെ ഹൃദയത്തെ ജ്വലിക്കുന്നു അഗ്‌നിനാളമാക്കി. അങ്ങയിലെത്താനുള്ള ആഗ്രഹത്തിന്റെ ജലപ്രളയത്തില്‍ എന്റെ ആത്മാവ് മുങ്ങിപ്പോയി”.ഇരുപതാമത്തെ വയസ്സിലാണ് നിളാമുദ്ധീന്‍ ബാബാ ഫരീദിന്റെ ശിഷ്യനായി ബൈഅത്ത് ചെയ്യുന്നത്.
ബാബ ഫരീദ് ഔലിയക്ക് പ്രത്യേക പരിഗണനനല്‍കി. ആത്മീയ ജ്ഞാനത്തിന്റെ കനകച്ചെപ്പുകള്‍ തുറക്കുന്നതിന് നിസാമുദ്ദീന് പ്രചോദനമായത് ബാബാ ഫരീദിന്റെ ശിഷ്യത്വമാണ്. അവാരിഫുല്‍ മആരിഫിലെ ആറ് അദ്ധ്യായങ്ങളും അബൂശാക്കിര്‍ സാല്‍മിയുടെ തൗഹീദും ഖുര്‍ആനിന്റെ പാരായണ നിയമങ്ങളും ഗുരുവിന്റെ സമക്ഷത്തിങ്കല്‍ വച്ചുതന്നെ ഔലിയ പഠിച്ചു.ഒരുദിവസം ജുമുഅ നിസ്‌കാരത്തിന് ശേഷം ബാബാ ഫരീദ് ശിഷ്യനെ വിളിച്ചു, തന്റെ ഉമിനീര്‍ ശിഷ്യന്റെ നാവില്‍ തൊടുവിച്ചു കൊണ്ടു പറഞ്ഞു:“നിളാമുദ്ദീന്‍, നിങ്ങള്‍ ഖുര്‍ആന്‍ മനഃപാഠമാക്കുക.അല്ലാഹു ഇരുലോകത്തും നിങ്ങള്‍ക്ക് നന്മ പ്രദാനം ചെയ്തിരിക്കുന്നു”. കഴിയുന്നത്ര വേഗം ഔലിയ ശൈഖിന്റെ ഉപദേശം അന്വര്‍ത്ഥമാക്കി.
ഡല്‍ഹിയിലേക്ക്
ബാബ ഫരീദിന്റെ ശിക്ഷണത്തിലൂടെ നിളാമുദ്ദീന്‍, ‘ഔലിയ’ ആയി മാറി.തുടര്‍ന്ന് നിളാമുദ്ദീനോട് ഡല്‍ഹിയിലേക്ക് പോകാന്‍ ശൈഖ് നിര്‍ദേശിച്ചു: ”നിങ്ങള്‍ ഡല്‍ഹിയില്‍ പോവുക, ഹിന്ദുസ്ഥാന്‍ പിടിച്ചടക്കുക”. ഔലിയക്ക് ഹിന്ദുസ്ഥാന്റെ ആത്മീയാധികാര പത്രമായ ‘ഖിലാഫത് നാമ’ യും ബാബ ഫരീദ് നല്‍കി. അംഗീകാരം നല്‍കുമ്പോള്‍ ശൈഖ് പറഞ്ഞു:“വിജ്ഞാനത്തിന്റെ ഖനി അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.ബുദ്ധിയും സ്‌നേഹവും പ്രദാനം ചെയ്തിരിക്കുന്നു.ഈ സവിശേഷതകള്‍ മേളിക്കുന്ന വ്യക്തി തീര്‍ച്ചയായും ‘ഖലീഫ’യുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെടാന്‍ അര്‍ഹനാണ്”.
ആത്മസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍
ഗുരുവിന്റെ അനുഗ്രഹം വാങ്ങി ഔലിയ അജോധനയില്‍ നിന്ന് ഡല്‍ഹിയിലെത്തി.ഡല്‍ഹി അക്കാലത്ത് സുല്‍ത്താനതിന്റെ തലസ്ഥാനമാണ്.ലോകത്തെ സമ്പന്ന നഗരങ്ങളിലൊന്ന്.ജനം ആഡംബരത്തില്‍ മതിമറക്കുകയായിരു ന്നു. അല്ലാഹുവില്‍ നിന്നും മൂല്യങ്ങളില്‍നിന്നും അവര്‍ അകലുകയായിരുന്നു.സദാചാരപരമായി അധഃപതിച്ചുകൊണ്ടിരുന്ന ജനതയെ അല്ലാഹുവിന്റെ മാര്‍ഗത്തിലടുപ്പിക്കുന്ന ഉത്തരവാദിത്വമായിരുന്നു നിളാമുദ്ദീന്‍ ഔലിയയുടേത്. ഈ കാര്യത്തില്‍ നിളാമുദ്ധീന്‍ ഔലിയ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയും മഹത്തായ സേവനങ്ങളര്‍പ്പിക്കുകയും ചെയ്തു.സമകാലീന ചരിത്രകാരന്‍ ളിയാഉദ്ദീന്‍ ബറനി വിവരിക്കുന്നു:“നിസാമുദ്ധീന്‍ ഔലിയ ആത്മീയ പ്രഭാവത്തിന്റെ കവാടങ്ങള്‍ തുറന്നു.പാപികളോട് പശ്ചാത്തപിക്കാന്‍ പ്രോത്സാഹിപ്പിച്ചു. എല്ലാവരെയും;ധനവാനേയും ദരിദ്രനെയും, രാജാവിനെയും അടിമയേയും, പണ്ഡിതനെയും പാമരനെയും തന്റെ ആത്മീയ സഹായത്തോടെ ഹൃദയശുദ്ധി വരുത്താന്‍ അനുവദിച്ചു.ശൈഖിനോട് പ്രതിജ്ഞ ചെയ്തവര്‍ക്കെല്ലാം ആത്മീയമായി അദ്ദേഹത്തോട് ബന്ധപ്പെട്ടതായി തോന്നി.ചീത്ത വൃത്തികളെല്ലാം അവര്‍ ഉപേക്ഷിച്ചു.ആരെങ്കിലും വല്ല പാപവും ചെയ്തുപോയാല്‍ ശൈഖ് അവരെക്കൊണ്ട് പശ്ചാത്താപം ചെയ്യിക്കുകയും പ്രതിജ്ഞ പുതുക്കുകയും ചെയ്തു.വിശുദ്ധിയുടെ മാര്‍ഗത്തില്‍ ചലിക്കാന്‍ പ്രതിജ്ഞയെടുത്തവന്‍ തിന്മയില്‍ നിന്ന് രക്ഷപ്പെടുകയും ശൈഖിന്റെ പ്രേരണയാല്‍ ക്രമേണ പ്രാര്‍ത്ഥനയിലും ദിക്‌റുകളിലും പങ്കുകൊള്ളുകയും ചെയ്തു”.
ദാരിദ്രനായ സല്‍ക്കാരപ്രിയന്‍
ഔലിയയുടെ അനുയായികളില്‍ രാജകുമാരന്മാരും കൊട്ടാര പണ്ഡിതരും കച്ചവടക്കാരും സാധാരണക്കാരുമെല്ലാം ഉണ്ടായിരുന്നു.അനുഗ്രഹത്തിനും ആഗ്രഹ സഫലീകരണത്തിനുമായി ജനം ഔലിയയുടെ അടുക്കലേക്ക് ഒഴുകി.എണ്ണമറ്റ സമ്മാനങ്ങളും ധര്‍മ്മവും ഔലിയയുടെ പര്‍ണ്ണശാലയിലേക്കൊഴുകി.എന്നാല്‍ ഒന്നും സൂക്ഷിച്ചു വെക്കാതെ ഔലിയ കിട്ടിയതൊക്കെ അപ്പപ്പോള്‍ തന്നെ വിതരണം ചെയ്തു. ധര്‍മ്മം ചോദിച്ചെത്തുന്നവര്‍ക്ക് കൈ നിറയെ പണം നല്‍കുകയും ചെയ്തു.വിദൂരത്തുനിന്ന് എത്തുന്നവരെ അതിഥിയായി സ്വീകരിക്കും.സല്‍ക്കാര പ്രിയനായിരുന്ന ഔലിയ അതിഥികള്‍ക്ക് ഏറ്റവും നല്ല ഭക്ഷണം കൊടുക്കാന്‍ ശ്രദ്ധവെച്ചു.ദരിദ്രനും ധനവാനും ഒരുപോലെ വിശപ്പു തീര്‍ത്തു.എന്നാല്‍ ഔലിയയുടെ ഭക്ഷണം വളരെ ലളിതമായിരുന്നു; ഒരു റൊട്ടിയും പച്ചക്കറിയും അല്പം ചോറും മാത്രം.ഔലിയ അധിക ദിവസവും വ്രതമെടുക്കും.എന്നാല്‍ അടുക്കളയില്‍ എപ്പോഴും തിരക്ക് തന്നെയായിരുന്നു.
രാജാക്കന്മാര്‍ക്ക് ബഹിഷ്‌കരണം
നിസാമുദ്ദീന്‍ ഔലിയയുടെ കാലത്ത് ഏഴു സുല്‍ത്താന്മാര്‍ ഡല്‍ഹി സിംഹാസനം അലങ്കരിച്ചു.ആരുടെയും കൊട്ടാരം സന്ദര്‍ശിച്ച് അപമാനിതനാകാന്‍ ഔലിയ തയ്യാറായില്ല.ഒരിക്കല്‍ മാത്രം അദ്ദേഹം രാജകൊട്ടാരം സന്ദര്‍ശിച്ചു.സംഗീതത്തെ സംബന്ധിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാടു തെളിയിക്കാന്‍, അതും സുല്‍ത്താന്റെ (ഗിയാസുദ്ദീന്‍ തുഗ്ലക്ക്) ക്ഷണമനുസരിച്ചു മാത്രം.സൂഫി സംഗീതത്തെ(സമാഇ) കുറിച്ചു അന്ന് ഔലിയ കൊട്ടാരത്തില്‍ നടത്തിയ പ്രഭാഷണം കര്‍മ്മ ശാസ്ത്രത്തിലുള്ള മഹാനവര്‍കളുടെ അവഗാഹം വ്യക്തമാക്കുന്നതായിരുന്നു.
സമ്മാനങ്ങളുടെ ഭാണ്ഡവുമായി വരുന്ന രാജകുടുംബാംഗങ്ങളെ വൈമനസ്യത്തോടെയാണ് ഔലിയ സ്വീകരിക്കുക.മഹാനവര്‍കള്‍ പറയും:’എന്തിനാണ് ഇവര്‍ എന്റെ സമയം പാഴാക്കാന്‍ വന്നിരിക്കുന്നത്?’.ജമാലുദ്ദീന്‍ ഖില്‍ജി ഭരണത്തിലേറിയ കാലത്ത് ഔലിയ പ്രശസ്തിയുടെ പാരമ്യതയിലായിരുന്നു.ഔലിയയെ സന്ദര്‍ശിക്കാന്‍ ജമാലുദ്ദീന് ഉല്‍ക്കടമായ ആഗ്രഹമുണ്ടായി.പക്ഷേ,അപേക്ഷകളെല്ലാം ഔലിയ നിരസിച്ചു.തുടര്‍ന്ന് ഔലിയയുടെ ഏറ്റവും പ്രധാനപ്പെട്ട ശിഷ്യനായ കൊട്ടാരം കവി അമീര്‍ ഖുസ്രുവിന്റെ സഹായത്തോടെ സുല്‍താന്‍ ഒരു സൂത്രമൊപ്പിച്ചു.വിവരമറിയിക്കാതെ അപ്രതീക്ഷിതമായി കടന്നുചെല്ലുക; പക്ഷേ, ഇതൊരു വഞ്ചനയായിത്തീരുമോ എന്ന് ഖുസ്രു ഭയപ്പെട്ടു.സുല്‍ത്താന്റെ ഉദ്ദേശ്യം ഖുസ്രു ഔലിയയോടു പറഞ്ഞു.നിശ്ചയിക്കപ്പെട്ട ദിവസം ഔലിയ അജോധനിലെ തന്റെ ശൈഖിന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ പോയി. ഔലിയയെ കാണാനെത്തിയ സുല്‍താന്‍ നിരാശനാവുകയും ചെയ്തു.
തുടര്‍ന്ന് അലാവുദ്ദീന്‍ ഖില്‍ജി അധികാരത്തിലെത്തിയപ്പോഴും ഔലിയയെ സന്ദര്‍ശിക്കാനുള്ള ആഗ്രഹമറിയിച്ചു.എന്നാല്‍ ഇത് നിരസിച്ചു കൊണ്ട് ഔലിയ പറഞ്ഞു:“സുല്‍ത്താന്‍ ഇങ്ങോട്ട് വരേണ്ട,സുല്‍ത്താന്‍ ഇല്ലാതെ തന്നെ ഞാന്‍ പ്രാര്‍ത്ഥിച്ചു കൊള്ളാം, അതാണ് നല്ലത്”. തുടര്‍ന്ന് ഔലിയയെ സ്വാധീനിക്കാന്‍ വേണ്ടി സുല്‍ത്താന്‍ കുറെ സ്വര്‍ണനാണയം കൊടുത്തയച്ചു.എന്നാല്‍ സുല്‍ത്താന്റെ ഉദ്ദേശം ഫലിച്ചില്ല.ഔലിയ സ്വര്‍ണ്ണനാണയങ്ങളെല്ലാം വിതരണം ചെയ്തു. ദേഷ്യം വന്ന സുല്‍ത്താന്‍ സന്ദര്‍ശിക്കാനനുവദിച്ചില്ലെങ്കില്‍ സ്വര്‍ണ്ണനാണയങ്ങള്‍ തിരിച്ചു തരണമെന്നറിയിച്ചു.ആവശ്യം കേട്ടപാടെ ഔലിയ പറഞ്ഞു.“നാണയങ്ങള്‍ പാവപ്പെട്ടവരുടേതാണ്.അതവര്‍ക്കു തന്നെ കൊടുത്തു കഴിഞ്ഞു.ഒരു പണം പോലും ഞാന്‍ സ്വന്തമാക്കിയിട്ടില്ല”. തുടർന്ന് ഔലിയയെ പാഠം പഠിപ്പിക്കാനായിരുന്നു സുല്‍ത്താന്റെ നീക്കം. സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ താന്‍ പരിവാരസമേതം അങ്ങോട്ടുവരുമെന്ന് ഭീഷണിപ്പെടുത്തി.ഔലിയ ശാന്തസ്വരത്തില്‍ ദൂതനോട് പറഞ്ഞു: “എന്റെ ഖാന്‍ഖാഹിന് രണ്ടു വാതിലുകളുണ്ട്.ഒന്നിലൂടെ സുല്‍താന്‍ പ്രവേശിച്ചാല്‍ മറ്റേ വാതിലിലൂടെ ഞാന്‍ പുറത്തേക്കോടും”. ഇതോടെ സുല്‍ത്താന് കീഴടങ്ങേണ്ടിവന്നു. അദ്ദേഹം ഔലിയോടു മാപ്പപേക്ഷിച്ചു.
ശിഷ്യസമ്പത്
ശിഷ്യന്മാരെ പരിശീലിപ്പിക്കുന്നതില്‍ ഔലിയ പ്രത്യേകം ശ്രദ്ധവെച്ചു.ഔലിയയുടെ ഖാന്‍ഖാഹ് സൂഫികളുടെ ശില്പശാലയായിരുന്നു.അവിടുത്തെ സാമൂഹിക ജീവിതം ഓരോ അംഗത്തിന്റെ ഹൃദയത്തിലും അഗാധമായ മാറ്റം വരുത്തി.ഓരോ ശിഷ്യന്റെയും ദൗര്‍ബല്യങ്ങളും ന്യൂനതകളും പ്രത്യേകം കണ്ടെത്തി ചികിത്സിക്കാന്‍ ഔലിയ ശ്രദ്ധവെച്ചു.പഠിപ്പിക്കുന്ന കാര്യത്തില്‍ ഒരിക്കലും ശിക്ഷാമുറകള്‍ പ്രയോഗിച്ചിരുന്നില്ല.തന്റെ വ്യക്തിത്വത്തില്‍ ശിഷ്യന്മാര്‍ സ്വയം ആകൃഷ്ടരാവുകയായിരുന്നു. ചിശ്തി സില്‍സിലക്ക് രൂപവും ഭാവവും നല്‍കിയത് നിസാമുദ്ദീന്‍ ഔലിയയാണ്.തുടര്‍ന്ന് തന്റെ ശിഷ്യന്മാര്‍ നാടിന്റെ നാനാഭാഗത്തേക്കും അതിന്റെ പ്രചാരമത്തിച്ചു. മുപ്പത്തിരണ്ടു വര്‍ഷം ഔലിയ ഗുല്‍ബര്‍ഗയില്‍ ഖാന്‍ഖാഹ് സ്ഥാപിച്ചു.അമീര്‍ കുസ്രു,കമാലുദ്ദീന്‍ അല്ലാമ, ശൈഖ് അബ്ദുല്‍ മുഖ്തദിര്‍ കിന്ദി, ശൈഖ് അഹ്‌മദ് താനേസ്രി, ശൈഖ് ജലാലുദ്ദീന്‍ എന്നിവര്‍ ഔലിയയുടെ പ്രമുഖ ശിഷ്യന്മാരാണ്.
വഫാത്
എമ്പതാം വയസ്സിലായിരുന്നു നിസാമുദ്ദീന്‍ ഔലിയയുടെ വഫാത്ത്.ഒരു ദിവസം ഔലിയ പ്രവാചകരെ സ്വപ്നത്തില്‍ ദര്‍ശിച്ചു.നബി(സ്വ)തങ്ങള്‍ പറഞ്ഞു: “നിളാം.. ഞാന്‍ താങ്കളെ കാത്തിരിക്കുകയാണ്”. അനുയായികളില്‍ ചിലര്‍ അവരുടെ വലിയ കൊട്ടാരങ്ങളില്‍ ഔലിയക്ക് അന്ത്യ വിശ്രമസ്ഥലമൊരുക്കാന്‍ ആഗ്രഹിച്ചു. ഔലിയ പറഞ്ഞു:“വേണ്ട, എന്നെ ഒരു തുറന്ന സ്ഥലത്ത് മറവുചെയ്താല്‍ മതി”. വഫാതാകുന്നതിന് നാല്‍പതു ദിവസം മുമ്പുതന്നെ ഔലിയ ഭക്ഷണം നിറുത്തിയിരുന്നു. ഔലിയയുടെ ആരോഗ്യകാര്യത്തില്‍ ആശങ്കപ്പെട്ട ശിഷ്യര്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ “മുത്തുനബിയെ കാണാന്‍ വെമ്പുന്ന എനിക്കെന്തിനു ഭക്ഷണം” എന്നായിരുന്നു ഔലിയയുടെ മറുപടി.ക്രി. 1325 റബീഉല്‍ ആഖിര്‍ 18 വെള്ളി ഉച്ചക്കു ശേഷം ആത്മീയമണ്ഡലത്തിലെ ആ ഉജ്ജ്വലതാരം ഇഹലോകവാസം വെടിഞ്ഞു. ഇന്ന് ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് നിളാമുദ്ധീന്‍ ഔലിയയുടെ ദര്‍ഗ്ഗ ശരീഫ്.