തിളക്കമാര്‍ന്ന ജീവിതത്തിലൂടെ ഉന്നതമായ അറിവിലൂടെ ആത്മീയതയുടെ അപാരമായ ശ്രേണിയിലെത്തിയ മഹതിയാണ് സയ്യിദ നഫീസത്തുല്‍ മിസ്വ് രിയ്യ(റ). ഹിജ്‌റ 145 റബീഉല്‍ അവ്വല്‍ 11ന് മക്കയിലാണ് മഹതി ജനിച്ചത്.സയ്യിദ് ഹസനുല്‍ അന്‍വര്‍(റ) ആണ് പിതാവ്.മാതാവ് ഉമ്മുസല്‍മ. പ്രവാചക പൗത്രന്മാരായ ഹസന്‍(റ),ഹുസൈന്‍(റ)എന്നിവരുടെ സന്താന പരമ്പരയിലാണ് മഹതിയുടെ മാതാപിതാക്കളുടെ കുടുംബവേരുകള്‍ സംഗമിക്കുന്നത്.
ആത്മീയ ശിക്ഷണത്തില്‍ നഫീസ ബീവിയെ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു.ചെറുപ്പത്തില്‍ തന്നെ എഴുത്തും വായനയും പ്രാഥമിക വിദ്യാഭ്യാസവും നേടി.എട്ടാം വയസ്സില്‍ മഹതി വിശുദ്ധ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി.അതീവ ബുദ്ധിമതിയും വിജ്ഞാനത്തോട് അടങ്ങാത്ത അഭിനിവേശവുമുണ്ടായിരുന്ന മഹതി ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ് തുടങ്ങി വിജ്ഞാനിയങ്ങളും സ്വായത്തമാക്കി. ശേഷം മാതാപിതാക്കളോടൊപ്പം മദീനയിലേക്ക് പോവുകയും അവിടെ നിന്ന് വിജ്ഞാനം നുകരുകയും ചെയ്തു. വിവാഹ പ്രായത്തിന് മുമ്പ് തന്നെ ‘നഫീസത്തുല്‍ ഇല്‍മ്’ എന്ന വിശേഷണത്തിന് മഹതി അര്‍ഹയായിരുന്നു.
അഹ്ലു ബൈത്ത് പരമ്പരയിലെ പ്രസിദ്ധനായ ജഅ്ഫര്‍ സ്വാദിഖ്(റ)ന്റെ പുത്രന്‍ ഇസ്ഹാഖുല്‍ മുഅ്തമി(റ)നാണ് മഹതിയെ വിവാഹം കഴിച്ചത്.ഹിജ്‌റ 161 റജബ് അഞ്ചിനായിരുന്നു വിവാഹം. നീതി, നന്മ, ധീരത തുടങ്ങി സല്‍ഗുണങ്ങളെല്ലാം സമ്മേളിച്ച ഇസ്ഹാഖ് ആരിഫും ആബിദും ആയിരുന്നു. ഖാസിം, ഉമ്മുകുല്‍സും എന്നീ സന്താനങ്ങള്‍ ആ മാതൃക ദമ്പതികള്‍ക്കുണ്ടായി. കുടുംബ ജീവിതത്തോടൊപ്പം തന്റെ ആത്മീയ ആചാരങ്ങള്‍ മഹതി പിന്തുടര്‍ന്നു. ജീവിതത്തിന്റെ പ്രത്യക്ഷ ഭൗതിക ധര്‍മ്മങ്ങള്‍ കഴിഞ്ഞു ബാക്കി പൂര്‍ണ്ണമായും ഇലാഹി സ്മരണയിലേക്കും ആത്മീയ ലോകത്തേക്കും മഹതി മാറ്റിവെച്ചു. ഭൗതിക വിരക്തിയായിരുന്നു ബീവിയുടെ മുഖമുദ്ര. വലിയ ജ്ഞാന സമ്പത്ത് ഉണ്ടായിരുന്ന മഹതി മദീനയില്‍ വിജ്ഞാനത്തിന്റെ കേന്ദ്രമായും പരിലസിച്ചു. നിരവധി മഹാന്മാരായ പണ്ഡിതന്മാര്‍ മഹതിയെ അറിവ് നേടാനായി സമീപിക്കാറുണ്ടായിരുന്നു.
തന്റെ ജീവിതത്തിന്റെ ഏകദേശം അവസാന സമയത്ത് ഹിജ്‌റ 203 റമളാനിലാണ് നഫീസ ബീവി ഈജിപ്തിലെത്തുന്നത്.ഭര്‍ത്താവിനോടൊപ്പം ഹജ്ജ് ചെയ്ത ശേഷം ബൈത്തുല്‍ മുഖദ്ദസിലേക്ക് പോയി,വിശുദ്ധ ഗേഹത്തിനു പരിസരത്തായി മറപെട്ടുകിടക്കുന്ന നിരവധി പ്രവാചകന്മാരുടെയും മഹത്തുകളുടെയും മഖ്ബറകള്‍ സന്ദര്‍ശിച്ച് പുണ്യം നേടിയ ശേഷമാണ് മഹതി ഈജിപ്തിലേക്ക് തിരിച്ചത്.അഹ്ലു ബൈത്തും പണ്ഡിതയുമായ മഹതിക്ക് ഈജിപ്തുകാര്‍ രാജകീയ സ്വീകരണം നല്‍കി.ബീവിയുടെ മഹത്വവും കറാമത്തുകളും അറിഞ്ഞ മിസ്രികൾ പ്രശ്‌നപരിഹാരം ആഗ്രഹിച്ചും രോഗശമനം തേടിയും മഹതിയുടെ അടുക്കലേക്കൊഴുകി. സന്ദര്‍ശകബാഹുല്യം കാരണം ഭരണാധികാരിയായ സലിയ്യുബ്‌നു ഹകം നല്‍കിയ സ്ഥലത്താണ് മഹതി താമസിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ ജനങ്ങളുടെ ആധിക്യം തന്റെ ഇബാദത്തിന് വിഘ്‌നം സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ മഹതി ഈജിപ്ത് വിടാനൊരുങ്ങിയിരുന്നു.ധര്‍മ്മസങ്കടത്തിലായ മിസ്രികൾ സന്ദര്‍ശക ദിവസം രണ്ടുദിവസമായി ക്രമപ്പെടുത്തി മഹതിയെ ഈജിപ്തില്‍ തന്നെ പിടിച്ചു നിര്‍തുകയായിരുന്നു.
ഈ കാലയളവിലാണ് പല മഹാന്മാരുമായി ബന്ധം ദൃഢപ്പെടുത്താനും, ശാഫിഈ ഇമാമിന് മഹതിയുടെ ശിഷ്യത്വം നേടിയെടുക്കാനും സാധ്യമായത്.ഇറാഖില്‍ നിന്ന് ഈജിപ്തിലെത്തിയ ഇമാമവര്‍കള്‍ ബീവിയുമായി ആത്മീയ ബന്ധം സ്ഥാപിച്ചു.ഒരിക്കല്‍ ശാഫിഈ ഇമാമി(റ)ന് രോഗം വന്ന സന്ദര്‍ഭത്തില്‍ ബീവിയുടെ അരികിലേക്ക് ആളെ അയച്ചു. എന്നാല്‍ അന്ന് മഹതി നടത്തിയ പ്രാര്‍ത്ഥനയില്‍ ഇമാമിന് മരണം അടുത്തിരിക്കുന്നുവെന്നതിന്റെ സൂചനകളുണ്ടായിരുന്നു. അതറിഞ്ഞപ്പോള്‍ തന്റെ മയ്യിത്ത് നിസ്‌കരിക്കാന്‍ ബീവിക്ക് സൗകര്യം ചെയ്തുകൊടുക്കാന്‍ ഇമാമവര്‍കള്‍ വസ്വിയ്യത്ത് ചെയ്യുകയുണ്ടായി. ആ രോഗത്തില്‍ തന്നെ മഹാന്‍ വഫാത്താവുകയും ചെയ്തു.ഈജിപ്തിലെയും ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മറ്റനേകം പണ്ഡിതന്മാരും ബീവിയെ പലപ്പോഴും സന്ദര്‍ശിച്ച് സംശയനിവൃത്തി വരുത്തുകയും പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്തിരുന്നു.
പ്രവാചക സ്‌നേഹത്തില്‍ വലയം പ്രാപിച്ച മഹതി ജീവിതകാലത്ത് കാല്‍നടയായി മുപ്പതോളം ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചിട്ടുണ്ട്. 60 കഴിഞ്ഞപ്പോള്‍ മഹതി തന്റെ ഭവനത്തില്‍ ഒരു ഖബ്ര്‍ കുഴിക്കുകയും ആറായിരത്തോളം ഖത്മുകള്‍ ഓതി ആ ഇടുങ്ങിയ ഖബ്‌റില്‍ ആരാധനകളില്‍ ധന്യമാവുകയും ചെയ്തു. ഹിജ്‌റ 208 റജബിൽ മഹതിക്ക് രോഗം ബാധിച്ചു.
രണ്ടുമാസത്തോളം നീണ്ടുനിന്ന രോഗം മഹതിയെ പാടെ അവശയാക്കിയെങ്കിലും തന്റെ ഇബാദത്തുകളിലും മറ്റും മഹതി യാതൊരുവിധ ഭംഗവും വരുത്തിയിരുന്നില്ല. ഹിജ്‌റ 208 റമളാന്‍ മാസത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ മഹതി ഭൗതികലോകത്ത് നിന്ന് വിടചൊല്ലി.മഹതിയെ മദീനയില്‍ മറവ് ചെയ്യാന്‍ ഭര്‍ത്താവ് ഇസ്ഹാഖ് തീരുമാനിച്ചു.പക്ഷേ മിസ്രികള്‍ വിട്ടുകൊടുത്തില്ല.അവരുടെ ആവശ്യത്തിനു വഴങ്ങാതെ മദീനയിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് ഒരുങ്ങി. എന്നാല്‍ നബി(സ്വ) സ്വപ്നദര്‍ശനത്തിലൂടെ മഹതിയെ ഈജിപ്തില്‍ തന്നെ മറവു ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.ഈജിപ്തിലെ കൈറോയിൽ മഹതിയുടെ പേരിൽ സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് ബീവിയുടെ മഖ്ബറ സ്ഥിതി ചെയ്യുന്നത്.
ماشاء الله تبارك الله
നല്ല എഴുത്ത് 🤍
❤️