മനുഷ്യകുലത്തിന് കാരുണ്യവും മാർഗ്ഗദർശകവുമായി അവതരിക്കപ്പെട്ട അല്ലാഹുവിന്റെ കലാമാണ് വിശുദ്ധ ഖുർആൻ. അന്ത്യപ്രവാചകർ മുഹമ്മദ് നബി(സ്വ) ഏറ്റവും വലിയ മുഅജിസത് ആയ ഖുർആൻ 23 വർഷങ്ങൾ കൊണ്ടാണ് അവതീർണമായത്.മനുഷ്യസമൂഹത്തെ സംസ്കരിക്കുകയും ദൈവിക മാർഗ്ഗത്തിലേക്കും ശാശ്വത വിജയത്തിലേക്കും അവരെ നയിക്കുകയുമാണ് ഖുർആനിന്റെ അടിസ്ഥാന ലക്ഷ്യം. ഖുർആൻ പാരായണം ഏറെ പ്രതിഫലാർഹമായ പുണ്യകർമ്മമാണ്. പ്രവാചകൻ(സ്വ)ഖുർആനിലെ ഓരോ അക്ഷരങ്ങൾക്കും പത്ത് ഹസനാത്ത്(നന്മകൾ) വീതം പ്രതിഫലം ഉണ്ടെന്ന് ഹദീസിലൂടെ പഠിപ്പിക്കുന്നു.
നിർവചനം വിധി
സാധാരണ പുസ്തകം വായിക്കുന്ന ലാഘവത്തോടെ ഖുർആൻ പാരായണം ചെയ്യാൻ പാടുള്ളതല്ല. അതിന് ചില നിയമങ്ങളും മര്യാദകളും പാലിക്കേണ്ടതുണ്ട്. ശുദ്ധി ഉണ്ടായിരിക്കുക(വുളൂഅ്), പിശാചിൽ നിന്ന് അഭയം തേടുക എന്നിവയെല്ലാം അതിൽ പെട്ടതാണ്. എന്നാൽ ഖുർആനിന്റെ ഓരോ ഹർഫിനും അതിന്റേതായ മഖ്റജുകളും(അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം) സ്വിഫതുകളും(അക്ഷരങ്ങളുടെ വിശേഷങ്ങൾ) മൂലമുണ്ടായിത്തീരുന്ന مد.تفخيم.ترقيق പോലോത്തവ പരിപൂർണ്ണമായി കൊടുക്കുന്നതിനാണ് തജ്‌വീദ്(ഖുർആൻ പാരായണ ശാസ്ത്രം) എന്ന് പറയുന്നത്. അല്ലാഹുവിന്റെ കലാമായ പരിശുദ്ധ ഖുർആനിനെ ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഗ്രഹിച്ച് മാലാഖ ജിബ്രീൽ(അ) തിരുദൂതർ(സ്വ)ക്ക് ഓതിക്ടുകൊടുത്ത അതേപ്രകാരം തെറ്റുകൂടാതെ പാരായണം ചെയ്യാൻ കഴിയുക എന്നതാണ് തജ്‌വീദ് കൊണ്ട് ലക്ഷീകരിക്കുന്നത്.തജ്‌വീദ് അനുസരിച്ച് തന്നെ ഖുർആൻ ഓതൽ എല്ലാ വിശ്വാസികൾക്കും ഫർള് ഐൻ ആണ്(വ്യക്തിഗത ബാധ്യത).അതുപോലെ തജ്‌വീദിന്റെ നിയമങ്ങൾ അറിഞ്ഞിരിക്കൽ ഫർള് കിഫായയുമാണ്(സാമൂഹ്യ ബാധ്യത).പ്രാമാണിക തെളിവുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ് ഇത്. മാത്രമല്ല മുസ്ലിമായ എല്ലാവരുടെ മേലിലും അഞ്ചു വഖ്ത് നിസ്കാരം നിർവഹിക്കൽ ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണല്ലോ. നിസ്കാരത്തിന്റെ നിർബന്ധ റുക്നുകളിൽ പെട്ട ഫാത്തിഹ സൂറത് പരിപൂർണ്ണമായ സ്വീകാര്യതയ്ക്ക്, അതിന്റെ യഥാവിധി പാരായണം ചെയ്യേണ്ടതുണ്ട്. തജ്‌വീദ് നിയമങ്ങൾ പാലിക്കാതെയോ, ഭംഗം വരുത്തിയോ ഓതിയാൽ ഫാത്തിഹ അപൂർണ്ണമാകും; അതു മുഖേന നിസ്കാരം തന്നെ അസാധുവാകാനും സാധ്യതയുണ്ട്. ഇത് നാം ഗൗരവത്തിലെടുക്കേണ്ടതുണ്ട്.
ഉത്ഭവം വികാസം
സ്വഹാബാക്കൾ പ്രവാചകർ(സ്വ)യുടെ അധരത്തിൽ നിന്ന് കേട്ട് പഠിക്കുകയും, അവ മനപാഠമാക്കിയും ഈന്തപ്പനയോലകളിലും മറ്റും എഴുതിയും പാറകളിൽ കൊത്തിവെച്ചുമെല്ലാം സൂക്ഷിക്കുകയും ചെയ്തു. തുടർന്ന് പ്രവാചകരിൽ നിന്നും പകർന്നു കിട്ടിയത് സ്വഹാബികൾ ലോകത്തിന്റെ നാനാഭാഗത്തും യഥാവിധി എത്തിക്കുകയുണ്ടായി. എന്നാൽ ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ അബ്ബാസിയ്യ ഖിലാഫത്തിന് കീഴിൽ മുസ്ലിം രാഷ്ട്രങ്ങൾ വികസിച്ചപ്പോൾ അവിടങ്ങളിൽ നിരവധി അറബിതര മുസ്ലിംകൾ ഇസ്ലാമിലേക്ക് പ്രവേശിക്കുകയുണ്ടായി.അവരുടെ ഖുർആൻ പാരായണങ്ങളിൽ ധാരാളം അക്ഷരപ്പിശകുകൾ വർധിക്കുകയുണ്ടായി. അങ്ങനെയാണ് മഹാന്മാരായ ഖുർആൻ പണ്ഡിതന്മാർ സ്വരസൂചിക നിയമം എഴുതാൻ തുടങ്ങിയത്. ആദ്യമായി രേഖപ്പെടുത്തപ്പെട്ട ഖുർആൻ പാരായണ ശാസ്ത്രഗ്രന്ഥം അബു ഉബൈദ് അൽ ഖാസിം ബ്നു സലാം എന്നവരുടെ ‘അൽ ഖിറാഅത്ത്’ എന്ന പേരിലുള്ളതാണ്.പിന്നീട് ഖുർആൻ പാരായണ പഠന ക്ലാസുകളിലൂടെയും ഗ്രന്ഥ രചന കളിലൂടെയും തജ്‌വീദ് വിജ്ഞാന ശാഖ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയുണ്ടായി.കൂഫക്കാരനായ താബിഉകളിൽപ്പെട്ട ഇമാം ആസിം(റ) എന്നിവരുടെ ഖിറാഅത്ത് അനുസരിച്ചാണ് നാം പാരായണം ചെയ്യുന്നത്.അവരുടെ രണ്ട് റാവിമാർ ഇമാം ഹഫ്സ്, ഇമാം അബൂബക്കർ ശുഅ്ബ എന്നവരാണ്. ഇവരിൽ ഇമാം ഹഫ്‌സിന്റെ രിവായത് പ്രകാരമാണ് നാം ഓതുന്നത്.
പാരായണ രീതികളും മഹത്വവും
മൂന്ന് രീതിയിലാണ് തജ്‌വീദ് അനുസരിച്ചുള്ള ഖുർആൻ പാരായണം ചെയ്യേണ്ടത്.
1.തഹ്ഖീഖ്(تحقيق) – താമസത്തോടുകൂടി ഓതുക. ഈ ഗണത്തിൽ പെട്ടത് തന്നെയാണ് തന്നെയാണ് ‘തർത്തീൽ ‘(ആയത്ത് പഠിക്കാനും പഠിപ്പിക്കാനുമുള്ളതാണ് തഹ്ഖീഖ്,ചിന്തിക്കാനും അർത്ഥമറിഞ്ഞ് പാരായണം ചെയ്യാനുമുള്ളതാണ് തർതീൽ)
2. ഹദ്ർ(حذر) – വേഗതയിൽ ഓതുക.
3. തദ്‌വീര്‍(تدوير) – തഹ്ഖീഖിനും ഹദ്റിനും ഇടയിലുള്ള അവസ്ഥ.
‘ഖുർആൻ നിങ്ങൾ തർതീൽ ആയി പാരായണം ചെയ്യുക’ എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്(സൂറതുൽ മുസമ്മിൽ 04). സാവധാനം ശ്രദ്ധയോടെ കൃത്യമായി പാരായണം ചെയ്യുക എന്നാണ് ഇതുകൊണ്ടുള്ള ഉദ്ദേശം. ഇമാം അബു ദാവൂദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം:“അന്ത്യനാളിൽ അല്ലാഹു ഖുർആൻ പഠിച്ചവരോട് നിങ്ങൾ ഭൂമിയിൽ നിന്ന് പാരായണം ചെയ്ത പ്രകാരം പാരായണം ചെയ്യാൻ പറയും, അവൻ പാരായണം ചെയ്യുംതോറും അവരുടെ സ്ഥാനം വർദ്ധിച്ചുകൊണ്ടേയിരിക്കും. അവൻ എപ്പോഴാണ് അവസാനിപ്പിക്കുന്നത്, അവിടെയായിരിക്കും അവന്റെ സ്ഥാനം”.അപ്പോൾ നാം എത്രയും സാവധാനമാണോ ഖുർആൻ ഓതുന്നത് അത്രയും ഉയർന്ന സ്ഥാനം സ്വർഗ്ഗത്തിൽ കരസ്ഥമാക്കാൻ കഴിയും.