✍🏻അല്‍ഫാസ് നിസാമി ചെറുകുളം
പ്രകടന പരതയിൽ അതിരു കടന്ന ബഹുസ്വരതയും മതേതരത്വവും മുസ്‌ലിംങ്ങൾക്കിടയിൽ സൃഷ്ടിച്ച ആഘാതം ചെറുതല്ല. അതിനാൽ തന്നെ, ഈ അടുത്ത വർഷങ്ങളിലായി ഇളവുകൾ തേടിയുള്ള നെട്ടോട്ടത്തിലാണ് സമുദായം. പാലിൽ നിന്നും വേർതിരിക്കപ്പെട്ട വെണ്ണയേക്കാളുപരി ഇസ്‌ലാമിക വിധി വിലക്കുകൾ ഇവിടെ അവിതർക്കിതമായി വ്യക്തമായിട്ടും അവ അംഗീകരിക്കാൻ വൈമനസ്യം കാണിക്കുന്നതാണ് കഷ്ടം. കേരളീയർ ഒരു ഓണത്തെ കൂടി വരവേൽക്കാനിരിക്കെ, തീർത്തും ഹൈന്ദവ വിശ്വാസത്തിൽ നിന്നും ഐതീഹ്യത്തിൽ നിന്നും പരിണമിച്ച ഓണത്തെ – അവരേക്കാളുപരി ഊഷ്മളതയോടെ വരവേൽക്കാൻ സമുദായം മുന്നിടുന്നത് എത്ര മാത്രം ലജ്ജാവഹമാണ്. ആരാണീ പ്രവണതക്ക് ചുക്കാൻ പിടിക്കുന്നതെന്ന ചോദ്യത്തിനു മുമ്പിൽ മൗനിയാവാനേ പലപ്പോഴും സാധ്യമാവുന്നുള്ളൂ. തീവ്ര മതേതരത്വ ബോധമാണ് അതിന് ഉത്തരമെങ്കിൽ സ്വത്വം നശിച്ചു പോകുന്നതിന് വലിയ വില നൽകേണ്ടി വരും. മതങ്ങൾ പരസ്പരം സൗഹാർദ്ദത്തിൽ ആവില്ലെന്നും മനുഷ്യ സൗഹാർദ്ദമേ സാധ്യമാവൂ എന്നുമുള്ള സത്യം ഇനിയും തിരിച്ചറിയാതെ പോവരുത്. അല്ലെങ്കിൽ പാരത്രിക ലോകത്ത് വെച്ച് പരിശുദ്ധ പ്രവാചകർ (സ) ശുപാർശ ചെയ്യുന്നവരിൽ പല മുസ്‌ലിം നാമധാരികളേയും കണ്ടില്ലെന്നു വരാം …
ഐതീഹ്യങ്ങളിലെ ഓണം
നൂറ്റാണ്ടുകൾക്ക് മുമ്പ്, “തൃക്കാക്കര” യിലാണ് ഓണം വിരചിതമാവാൻ ഇതിവൃത്തമായ സംഭവം അരങ്ങേറിയതെന്ന് ഹിന്ദു പുരാണങ്ങളിലും ഐതീഹ്യങ്ങളിലും കാണാം. ഭഗവാന്റെ “തൃക്കാൽ” വെച്ച “കര” യാണ് പിന്നീട് “തൃക്കാക്കര” യായത് എന്നതും ഓണവും ആ നാടും തമ്മിലുള്ള അഭേദ്യ ബന്ധവും ഹൈന്ദവ ആചാര്യന്മാർ വ്യക്തമാക്കുന്നുണ്ട്. കേരളീയർ കേട്ടു പഠിച്ച ഒരു പാട് കെട്ടുക്കഥകൾ ഓണത്തിനു പിന്നിൽ ഉണ്ടെങ്കിലും അവരുടെ “ശ്രീമത് ഭാഗവതം” എന്ന സംസ്കൃത ശ്ലോക പ്രമാണത്തിൽ പറയുന്നത്, പ്രധാന വാമനാവതാര ക്ഷേത്രമായ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഭഗവാനെ വീട്ടിൽ കൊണ്ടു വന്നു ആരാധിക്കുന്ന ദിവസമാണ് തിരുവോണ ദിവസം. അസുര ചക്രവർത്തിമാരിൽ നിന്നും വിഭിന്നമായി നല്ല രീതിയിൽ ഭരിച്ച മഹാബലിയെ സ്വർഗ്ഗത്തേക്കാൾ ഉന്നത സ്ഥാനത്തെത്തിക്കാൻ വേണ്ടിയാണ് ഭഗവാൻ വാമനനായി അവതരിച്ച് മൂന്ന് അടി മണ്ണ് വേണമെന്ന് ആവശ്യപ്പെട്ടത്. ആകാശവും ഭൂമിയും മറ്റുമെല്ലാം രണ്ടടിയിൽ തന്നെ അളന്നെടുത്ത ഭഗവാൻ, മഹാബലിയെ പ്രസ്തുത സ്ഥലത്തേക്കയച്ചു. ചിങ്ങം മാസത്തിലെ “തിരുവോണ” നക്ഷത്രം പിറക്കുന്ന നാളിൽ തന്റെ ദാസന്മാരെ വന്നു കണ്ടു കൊള്ളാൻ ആ ഉത്തമ രാജാവിന് വരവും നൽകി. ഈ സംഭവമാണ്
ശ്രോണായാം ശ്രവണദ്വാദശ്യാം മുഹൂർത്തേടഭിജിതി പ്രഭുഃ
സർവേ നക്ഷത്രതാരാദ്യശ്ചക്രുസ്തജ്ജന്മ ദക്ഷിണം.
[ ശ്രീമത് ഭാഗവതം – അഷ്ടമ സ്കന്ധം : 5 ]
എന്ന് തുടങ്ങുന്ന ശ്ലോകത്തിലൂടെ പ്രതിപാദിക്കുന്നത്.
ഓണാഘോഷമെന്ന പേരിൽ യതാർത്ഥത്തിൽ ആ ദിവസം കൊണ്ടാടുന്നത് തൃക്കാക്കരയപ്പനെ വീട്ടിൽ കൊണ്ടുപോയി പൂജിക്കലാണ്. അതിലൂടെ മഹാബലിയും സ്മരിക്കപ്പെടുന്നു. അതിനാൽ, യതാർത്ഥ ഇസ്‌ലാം മത വിശ്വാസിക്ക് എങ്ങനെയാണ് ഓണമാഘോഷിക്കൽ ഭൂഷണമാവുക..? എത്ര തന്നെ അതിന് വേണ്ടി ചരട് വലിക്കപ്പെട്ടാലും കണ്ണടച്ച് ഇരുട്ടാക്കാൻ ഉത്ബുദ്ധരായ സമുദായം മുതിരരുത്.
ശരീഅത്ത് എന്ത് പറയുന്നു
സത്യവിശ്വാസികളോടാണ് മതത്തിന്റെ വിധി വിലക്കുകൾ സംവദിക്കുന്നത്. മറ്റുള്ളവർ സത്യവും ധർമ്മവും നീതിയും ബോധ്യമായാലും അതിന് മുഖം കൊടുക്കണമെന്നില്ല. ഓണം, ക്രിസ്തുമസ് തുടങ്ങിയ ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കുകൊള്ളുന്നതിന് കൃത്യമായ അതിർത്തി ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. “നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം” [109 – 06] എന്ന ഖുർആനിന്റെ സമീപനം ഇവിടെ ഇരുത്തി ചിന്തിപ്പിക്കുന്നു. “ഒരാൾ ഒരു ജനതയെ അനുകരിക്കുന്ന പക്ഷം അവൻ അവരിൽ പെട്ടവനാണ്”[ അബൂ ദാവൂദ്] , ” നാമല്ലാത്തവരെ അനുകരിക്കുന്നവൻ നമ്മിൽ പെട്ടവനല്ല. നിങ്ങൾ യഹൂദരോടും ക്രിസ്ത്യാനികളോടും അനുകരിച്ച് പ്രവർത്തിക്കരുത്” [തിർമുദി] – പരിശുദ്ധ നബി (സ) യുടെ ഈ മഹത് വചനങ്ങൾ ഇത്തരം ആഘോഷങ്ങൾക്ക് മുതിരുന്നവരെ തടയിടുന്നു.
മാത്രമല്ല, ശാമുകാരുടെ “നൈറൂസ്” എന്ന ആഘോഷത്തെ സംബന്ധിച്ച് ബഹുമാനപ്പെട്ട ഇബ്നു ഹജർ ഹൈതമി (റ) വിന്റെ ഫതാവൽ കുബ്റയിൽ വിസ്തരിച്ച ഫത്‌വകൾ ഇവിടേയും ബാധകമാകുന്നു. കുഫ്റിൽ സാദൃശ്യപ്പെടുക എന്ന ഉദ്ദേശത്തോടെ ആഘോഷിച്ചാൽ കാഫിറാകുന്നതാണ്. കുഫ്റിൽ സാദൃശ്യത ഉദ്ദേശിച്ചില്ല – പക്ഷെ, അവരുടെ ആഘോഷത്തിൽ സാദൃശ്യപ്പെടുന്നു എന്ന് ഉദ്ദേശിച്ചാൽ കാഫിറാകില്ലെങ്കിലും കുറ്റക്കാരനാകും. സാദൃശ്യത തീരെ തന്നെ ഉദ്ദേശിക്കാതെ അവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടാൽ നിർബന്ധമായും എതിർക്കപ്പെടേണ്ടതുമാണ് [ഫതാവൽ കുബ്റ – 4 /239 ] .ചുരുക്കത്തിൽ, ഇസ്‌ലാം മത വിശ്വാസികൾ ഈ വിധ ആഘോഷങ്ങൾ വെടിയൽ അനിവാര്യമാണ്. എങ്കിലും, ആഘോഷങ്ങളുടെ ഭാഗമായിട്ട് അവർ തയ്യാറാക്കിയ വിഭവങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടാൽ ക്ഷണം സ്വീകരിക്കുന്നത് പ്രശ്നമില്ല. പക്ഷേ, അവർക്ക് സമ്മാനങ്ങൾ നൽകലും ആശംസ നേരലും പാടില്ലാത്തതാണ്. കാരണം, അവരുടെ മതാചാരത്തെ നാം അംഗീകരിച്ചു എന്ന ചിന്ത അവർ സത്യത്തിലാണെന്ന ഉൾനാട്യത്തിലേക്ക് അവരെ നയിക്കുക വഴി തിന്മയിൽ സഹായിക്കലാവുമത്. നിങ്ങൾ പരസ്പരം ശത്രുതയിലും തിന്മയിലും സഹായിക്കരുതെന്നാണ് [5:2] ഖുർആനിക അധ്യാപനം.
ഉത്സവക്കെണി
പരിപൂർണ്ണ ഇസ്‌ലാം മത വിശ്വാസിക്ക് ഓണം, വിഷു, ക്രിസ്തുമസ് തുടങ്ങിയ ആഘോഷോത്സവങ്ങൾ കെണിയായിരിക്കുകയാണ്. മക്കളുടെ വിദ്യാഭ്യാസത്തിൽ വരെ ഭയാനകരമായ കൈയ്യൊപ്പാണ് ഇത്തരം ഉത്സവങ്ങൾക്കുള്ളത്. പൂക്കളം ഇടലും ക്രിസ്തുമസ് ട്രീ ഒരുക്കലും മുണ്ടും സെറ്റ് സാരിയും മാവേലിയും സാന്താക്ലോസും തിരുവാതിരയുമെല്ലാം ഗ്രെയ്ഡ് മാർക്കിന് മാനദണ്ഡമാവുമ്പോൾ , മക്കനയിട്ട ഫാത്വിമയും തൊപ്പിയിട്ട മുഹമ്മദും – പൊട്ട് തൊട്ട ശ്രീകൃഷ്ണനും കുരുശുമാലയിട്ട കന്യാമറിയവുമാവുന്നത് നെഞ്ചിടിപ്പോടെയല്ലാതെ എങ്ങനെയാണ് നോക്കികാണാനാവുക.?
അതോടൊപ്പം, പെരുന്നാൾ ദിനത്തിൽ അമുസ്‌ലിംങ്ങളിൽ നിന്ന് ഒരാളും തൊപ്പിയിട്ട ഫോട്ടോ സ്കൂൾ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാറില്ലെന്നത് ചേർത്ത് വായിക്കേണ്ടതാണ്. ഉത്സവങ്ങളും ഇസ്‌ലാമിനെതിരെയുള്ള ഒളിയജണ്ടയാണോ എന്ന് സംശയിച്ചു പോകുന്നു.ങ്ങൾ ഏത് തന്നെ മാറി മാറി വന്നാലും പ്രതിസ്ഥാനത്ത് ഇസ്‌ലാം മാത്രമാണെന്നത് ഇസ്‌ലാമിന്റെ സത്യത്തെയാണ് വിളിച്ചോതുന്നത്.
മുൻഗാമികൾ ജീവനർപ്പിച്ച് നേടിത്തന്ന ഈ പവിത്രത നമ്മുടെ കരങ്ങളാൽ കളങ്കപ്പെടാൻ പാടില്ല. വീട് മുതൽ നാട് വരെയും ചെറുപ്പം മുതൽ വലുപ്പം വരെയും തുടക്കം മുതൽ ഒടുക്കം വരെയും മതം മാത്രം മുഖമുദ്രയാക്കിയ ഒരാളും ഈ വിധ പ്രതിസന്ധികളിൽ കുലുങ്ങുകയില്ല. എന്ന് മാത്രമല്ല, കാലം കാതോർക്കുന്ന ദിശാബോധം നൽകാൻ അവൻ പ്രാപ്തനായിരിക്കും. അത്തരക്കാരിൽ നിന്ന് അറിയാതെ പോലും വീഴ്ച വരാൻ പാടില്ല. പോസിറ്റീവ് എനർജിയുള്ളവരിൽ പോലും ഒരു പണ്ഡിതന്റെയോ മത വിദ്യാർത്ഥിയുടെയോ “ഓണാംശംസ സ്റ്റാറ്റസ് ” ഉത്തേജിപ്പിക്കുന്ന നെഗറ്റീവ് എനർജി അതി തീവ്രമാവും. സത്യം സത്യമായി മനസ്സിലാക്കാനും ശരിയെ ശരിയായി നിലനിർത്താനും നാം പ്രതിജ്ഞാബദ്ധരാണ്. ധർമ്മം അധർമ്മത്തിന് വഴിമാറരുത്…