✍🏻 മുഹമ്മദ് ഫവാസ് അകമ്പാടം
ചില വാര്‍ത്തകള്‍ അങ്ങനെയാണ്. മനസ്സിനെ എത്ര പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചാലും ഉള്ളിലെവിടെയോ ഉള്‍ക്കൊള്ളാന്‍ ഒരു പ്രയാസമാണ്. കഴിഞ്ഞ ചൊവ്വ ( ജൂണ്‍ 1 ) രാത്രി ഏകദേശം രണ്ടുമണിയോടടുത്ത സമയത്താണ് നബീലിന്റെ ( ഹുദൈഫയുടെ സഹപാഠി സുഹൃത്ത് ) ഫോണ്‍കോള്‍ വരുന്നത് ആദ്യം റിങ് ചെയ്ത് കട്ടായി. പിന്നീട് വീണ്ടും അവന്റെ കോള്‍ വന്നപ്പോള്‍ തന്നെ മനസ്സില്‍ ഒരു അപകടസൂചന തെളിഞ്ഞതാണ്. ഫോണെടുത്ത ഉടനെ കേള്‍ക്കുന്നത്. ‘ എടാ നീ അറിഞ്ഞോ? നമ്മുടെ ഹുദൈഫ മരിച്ചെടാ ‘ എന്ന തീര്‍ത്തും അപ്രതീക്ഷിതമായ വാര്‍ത്തയാണ്.
പാതി ഉറക്കില്‍ നിന്നും ഒരു ഞെട്ടലോടെ ഞാന്‍ പൂര്‍ണ്ണമായ ഉണര്‍വിലേക്ക് എത്തിയപ്പോഴേക്കും സങ്കടത്താല്‍ കണ്ണുനീര് കവിള്‍ത്തടം നയിച്ചിരുന്നു. പിന്നീട് കുറച്ചു നേരം മൗനമായി ചിന്തിച്ചിരുന്നു. ചിന്തയിലുടനീളം പ്രിയപ്പെട്ട സഹോദരന്‍ കുറഞ്ഞ കാലയളവില്‍ സമ്മാനിച്ച ഓര്‍മ്മകള്‍ ഒരു കടല്‍പോലെ മനസ്സില്‍ പരന്നു കിടക്കുകയായിരുന്നു. അപ്പോള്‍ തന്നെ രണ്ടുമൂന്ന് ആളുകള്‍ക്ക് ഫോണ്‍ ചെയ്തു വിവരം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അവരാരും ഈ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. അതിനപ്പുറം അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല എന്നുവേണം പറയാന്‍.
മരണവാര്‍ത്ത വരുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് കുടുംബത്തോടൊപ്പം യാസീന്‍ പാരായണവും മറ്റു കളിചിരികളും എല്ലാം കഴിഞ്ഞ് വീട്ടിനകത്തെ എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് നന്നാക്കുന്നതിനിടയില്‍ പെട്ടെന്ന് ഷോക്കേല്‍ക്കുകയും ഉടനെ ബോധരഹിതനായി വീഴുകയും ആയിരുന്നു. ഉടനെതന്നെ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും നാഥന്റെ വിധിക്കു മുമ്പില്‍ കീഴടങ്ങി അവന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു.
യതീമായിട്ടാണ് ഹുദൈഫ വളര്‍ന്നതെങ്കിലും ഉപ്പയില്ലാത്ത സങ്കടം ഉമ്മയും സഹോദരങ്ങളും അവനെ അറിയിച്ചിരുന്നില്ല. അവരുടെയെല്ലാം തണലില്‍ ആ സുന്ദരമായ ദേശത്ത് കുറഞ്ഞ കാലത്തെ പഠനത്തിനുശേഷം കേരളത്തിലേക്ക് വരികയും തിരൂര്‍ക്കാട് യത്തീംഖാനയില്‍ പഠനം ആരംഭിക്കുകയും ചെയ്തു. ശേഷം മാട്ടൂല്‍, പാലേക്കോട്, ഉടുമ്പുന്തല എന്നിവിടങ്ങളിലും അവസാനമായി മഹിതമായ ദര്‍സീ പാരമ്പര്യം നിലകൊള്ളുന്നു ആലത്തൂര്‍പടി ദര്‍സിലും പഠനത്തിനായി എത്തുകയായിരുന്നു. അതോടൊപ്പം കഴിഞ്ഞവര്‍ഷം മുതല്‍ ഹൈദരാബാദ് ജാമിഅ നിസാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ ആദ്യവര്‍ഷ ഡിസ്റ്റന്‍സ് പഠനവും ആരംഭിച്ചിരിന്നു.
ഇക്കാലയളവില്‍ അവന്‍ പിന്നിട്ട വഴികളിലെല്ലാം ശോഭനമായ സൗഹൃദത്തിന്റെ വിത്തുകള്‍ പാകിയിരുന്നു. അവന്‍ അങ്ങനെയാണ് എവിടെയും ഏവരോടും പെട്ടെന്നുതന്നെ ബന്ധം സ്ഥാപിക്കുകയും അതു നിലനിര്‍ത്തിക്കൊണ്ടു പോവാന്‍ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു.
അതുകൊണ്ടുതന്നെയാവാം അവന്റെ മരണവാര്‍ത്ത അറിഞ്ഞയുടനെ നിരവധി തഹ്ലീലുകളും ഖത്മുകളും മറ്റു സല്‍കര്‍മ്മങ്ങളും അവനിലേക്ക് ഒഴുകിയെത്തിയത്.
പ്രിയപ്പെട്ട ഇര്‍ഷാദിന്റെ വിയോഗാനന്തരം പലപ്പോഴും ഹുദൈഫയും അതുപോലെ മരിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് പല സന്ദര്‍ഭങ്ങളിലും അവന്‍ തന്നെ പറഞ്ഞതായി സഹപാഠികള്‍ വഴി അറിയാന്‍ സാധിച്ചു. അവന്റെ ആഗ്രഹം പോലെ തന്നെ ഒരുപാട് പണ്ഡിത മഹത്തുക്കളുടെ പ്രാര്‍ത്ഥനയാലും നന്മയാര്‍ന്ന വാക്കുകളാലും അവന്‍ ആഗ്രഹിച്ചതുപോലെ നാഥന്‍ അവനെ തിരിച്ചു വിളിച്ചു.
സൗഹൃദത്തിന് വല്ലാതെ വില കല്‍പ്പിച്ചിരുന്ന ഹുദൈഫ ഒരു ചെറുപുഞ്ചിരി നല്‍കിക്കൊണ്ട് എല്ലാവരെയും സന്തോഷിപ്പിക്കാനും ഏവരുടെയും വിഷമത്തില്‍ പങ്കുചേരാനും മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
സമസ്തയെയും അതിന്റെ കീഴ്ഘടകങ്ങളെയും നെഞ്ചോട് ചേര്‍ത്തുവെച്ച് ‘വിനയം വിജ്ഞാനം സേവനം’ എന്ന വിദ്യാര്‍ത്ഥി പടയണിയുടെ മഹിതമായ ആശയത്തെ ജീവിതത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് നീ ജീവിച്ചു തീര്‍ത്തപ്പോള്‍ അത് എല്ലാവര്‍ക്കും പകര്‍ത്തിയെടുക്കാന്‍ പോന്ന ഒരു അധ്യായമായിരുന്നു.
പ്രിയപ്പെട്ട സഹോദരാ… നീ എത്രയോ ഭാഗ്യവാനാണ് മുതഅല്ലിമായി ജീവിച്ച് മരിക്കുക എന്നതിനപ്പുറം ഉസ്താദുമാരുടെയും കുടുംബത്തിന്റെയും മറ്റു നിന്റെ കൂട്ടുക്കാര്‍, ഗുണകാംക്ഷികള്‍ തുടങ്ങി എത്ര ആളുകളുടെ പ്രാര്‍ത്ഥനകളുമായാണ് നീ പറന്നകന്നത്.
നിന്റെ വിയോഗത്തില്‍ വേദനിക്കുന്ന ഒരുപാട് നല്ല നല്ല സൗഹൃദങ്ങളും ഉസ്താദുമാരും ബന്ധുക്കളും എന്നും നിനക്കായി കഴിയും വിധം സല്‍കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കും.അതെല്ലാം കണ്ടുകൊണ്ട് തിരമാലകള്‍ക്കപ്പുറം അങ്ങ് അഗത്തിയിലെ പള്ളിക്കാട്ടില്‍ നീ സന്തോഷവാനായിരിക്കും എന്ന പ്രതീക്ഷയോടെ…