✍🏻 സയ്യിദ് അമീറുദ്ധീൻ നിസാമി
20/03/2019 വ്യഴാഴ്ച്ച… സമയം 11:30 AM ഹൈദരാബാദ് ജാമിഅ നിസാമിയ്യയിലെ ഓഡിറ്റോറിയത്തിന്റെ താഴ്ഭാഗത്ത് പരീക്ഷാഹാളിൽ ബുഖാരി ശരീഫ് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. പെട്ടെന്നായിരുന്നു പരീക്ഷ ചുമതലയുള്ള ഉസ്താദ് ഇംതിയാസ് സാഹിബിന്റെ വരവ്. പരീക്ഷാഹാളിൽ എത്തിയ അദ്ദേഹം ഉർദുവിൽ എന്തൊക്കെയോ പറയുന്നു. ശ്രദ്ധിച്ചപ്പോൾ ഇരുപത്തിരണ്ടാം തീയതി നടക്കാനിരിക്കുന്ന പരീക്ഷയും കൂട്ടി ശനിയാഴ്ച രണ്ട് പരീക്ഷ ഉണ്ടായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കേട്ടപ്പോൾ എന്തോ ഒരു പന്തികേട് തോന്നിയെങ്കിലും കൂടുതൽ ആലോചിച്ച് സമയം കളയാതെ പരീക്ഷ പേപ്പറിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. പിന്നീട് 21/03/2020 ന് പരീക്ഷ കഴിഞ്ഞ് വൈകുന്നേരം അഞ്ചു മണിക്ക് റൂമിൽ എത്തിയപ്പോഴാണ് അറിയുന്നത് ബാക്കിയുള്ള പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട് എല്ലാവരും നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അഞ്ചുമണിക്ക് റൂമിലെത്തിയ അവസാനവർഷക്കാരായ ഞാനും എന്റെ സുഹൃത്തുക്കളും മടക്കയാത്രയ്ക്ക് ഒരുങ്ങിയിട്ടില്ലയിരുന്നു. മാത്രമല്ല ഞങ്ങൾ മുമ്പേ എടുത്തുവെച്ച റിട്ടേൺ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയും വേണമായിരുന്നു. അതിനാൽ ഞങ്ങൾ നാളെ കഴിഞ്ഞ് തിങ്കളാഴ്ച നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. യഥാർത്ഥത്തിൽ കോവിഡ് ’19 എന്ന മഹാ വൈറസിന്റെ വ്യാപനത്തിന്റെ ഗൗരവം ഞങ്ങൾ പൂർണ്ണമായി തിരിച്ചറിഞ്ഞിരുന്നില്ല. അന്ന് രാത്രി 9:30 നുള്ള ട്രെയിനിൽ ഭൂരിഭാഗം വിദ്യാർത്ഥികളും നാട്ടിലേക്ക് തിരിച്ചു. റൂം ശൂന്യമായി… ഞങ്ങൾ പതിനെട്ട് മലയാളി വിദ്യാർത്ഥികൾ മാത്രം.
പിന്നീട് സംഭവിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.
പിന്നീട് സംഭവിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.
ഒറ്റദിവസംകൊണ്ട് കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു കർഫ്യൂ പ്രഖ്യാപിക്കൽ, ലോക്ക് ടൗൺ, ഗതാഗത മാർഗ്ഗങ്ങളെല്ലാം റദ്ദ് ചെയ്തു. ഞങ്ങൾ ശരിക്കും ലോക്കായി. പക്ഷേ വലിയ മാനസിക പ്രയാസം ഒന്നും ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല. ആദ്യഘട്ട ലോക്ക് ടൗൺ പ്രഖ്യാപിച്ചപ്പോൾ വലിയ നിരാശയൊന്നും ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നില്ല. പക്ഷേ ഒരു അറ്റമില്ലാതെ നീണ്ടു പോയപ്പോൾ വിരസമായി തുടങ്ങിയിരുന്നു. നാട്ടിലേക്ക് പോകാൻ പല മാർഗങ്ങളും അന്വേഷിച്ചു ഒന്നും പ്രായോഗികമല്ലെന്ന് തിരിച്ചറിയലോടു കൂടി എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച് ഹൈദരാബാദിൽ തന്നെ നിൽക്കാൻ ഞങ്ങൾ നിർബന്ധിതരായി.നാട്ടിലെ ജനപ്രതിനിധികളെയും ഉത്തരവാദിത്തപ്പെട്ട പല ഉദ്യോഗസ്ഥരെയും നിരന്തരം വിളിച്ചു കൊണ്ടിരുന്നു, അവരിൽ നിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. എല്ലാം ശാന്തമാകുന്നത് വരെ നിങ്ങൾ അവിടെ തന്നെ നിന്നോളൂ അതാണ് സുരക്ഷിതത്വം എന്ന് ചിലർ പറഞ്ഞു. നാട്ടിലേക്ക് പോകാനുള്ള എല്ലാ ആലോചനകളും അതോടെ എടുത്തു വെച്ചു.ഏതായാലും ഓരോ ദിവസവും ശരവേഗത്തിൽ കടന്ന് പോയിക്കൊണ്ടിരുന്നു. സ്മാർട്ട്ഫോണിന്റെ സാന്നിധ്യം വിരസമായി തുടങ്ങിയ ദിവസങ്ങളെ തള്ളി നീക്കാൻ ഞങ്ങളെ ഏറെ സഹായിച്ചു . ഉറങ്ങിയും ഫോണിൽ ചെലവഴിച്ചും ആദ്യദിനങ്ങൾ മുന്നോട്ടുപോയി സമയം വെറുതെ ഉറങ്ങി തീർക്കണ്ടായെന്ന് തോന്നിയപ്പോൾ ഞങ്ങൾ എന്നും രാവിലെ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. കോളേജിലെ റെഗുലർ വിദ്യാർഥികളായ ഉറുദു കുട്ടികളുടെ ബാറ്റും ബോളും ചോദിച്ചുവാങ്ങി എന്നും കളി തന്നെ. ഇതുവരെ ബാറ്റും ബോളും തൊട്ടു നോക്കാത്തവരും വലിയ താൽപര്യം കാണിച്ചത് എല്ലാവർക്കും പ്രചോദനമായി. എല്ലാവർക്കും ഹരമായി മാറി. ഇടയ്ക്കിടെ കോളേജിലെ വലിയ വിദ്യാർത്ഥികൾ ഞങ്ങളോട് മത്സരത്തിന് വരികയും കളിക്കുകയും ചെയ്തു. എല്ലാ കളിയിലും ഞങ്ങളുടെ ടീമിന് തന്നെയായിരുന്നു വിജയം.കേരളം തെലങ്കാനയെ തോൽപ്പിച്ചു എന്നമട്ടിൽ വലിയ സന്തോഷത്തോടെയായിരുന്നു എന്നും കളിക്കളത്തിൽ നിന്ന് മടങ്ങാറ് .കളി മാത്രമല്ല പഠനങ്ങളിലും പലരും ഏർപ്പെട്ടു, ഉന്മേഷം ലഭിക്കാൻ ചർച്ചകളും മത്സരങ്ങളും സമാജങ്ങളും സംഘടിപ്പിക്കൽ പതിവായിരുന്നു.രാത്രി, പാട്ടും പറച്ചിലുമായി സമയം ഒരുപാട് നീളുമായിരുന്നു. ആത്മീയാനന്ദത്തിന് വേണ്ടി ഹദ്ദാദ് റാത്തീബും മങ്കൂസ് മൗലിദും ബുർധ ബൈത്തുകളും ഇടംപിടിച്ചിരുന്നു. എല്ലാം കൊണ്ടും മനോഹരമായ ദിനരാത്രങ്ങൾ ഞങ്ങൾ അനുഭവിച്ചു കൊണ്ടിരുന്നു.
പിന്നീടങ്ങോട്ട് മനസ്സും ശരീരവും ഹൈദരാബാദിലെ വിശാലമായ നിസാമിയ്യ ക്യാമ്പസിൽ ഇറക്കി വെക്കുകയായിരുന്നു. സാധാരണ എക്സാമിന് ഒരാഴ്ച മുമ്പ് വന്ന് എക്സാം കഴിഞ്ഞ ഉടനെ തിരിച്ചു പോകാറായിരുന്നു പതിവ്. ഇപ്പോൾ ഒരുപാട് ദിവസങ്ങൾ ലഭിക്കുകയായിരുന്നു. ക്യാമ്പസിലെ ഓരോ, മുക്കും, മൂലയും ജീവനക്കാരെയും, ജീവിത ശൈലികളെയും എല്ലാം മനസ്സിലാക്കാൻ അത് ഞങ്ങളെ സഹായിച്ചു. പുറത്തു കടകളെല്ലാം അടച്ചിട്ടിരിക്കുന്നു, നിറയെ പോലീസ്, ഇതൊന്നുമറിയാതെ സന്തോഷവും കളിയും ചിരിയുമായി ക്യാമ്പസിനുള്ളിൽ ഞങ്ങൾ കഴിഞ്ഞുകൂടി ഹൈദരാബാദിലെ ഭക്ഷണരീതി മടുപ്പ് പിടിപ്പിച്ചിരുന്നു, ഞങ്ങൾ റൂമിൽ ചില ചെറിയ ഭക്ഷണവിഭവങ്ങളൊക്കെ ഉണ്ടാക്കുമായിരുന്നു മറ്റാരുമറിയാതെ ഗ്രില്ലഡ് ചിക്കൻ ഉണ്ടാക്കിയത് ഒരു വല്ലാത്ത രസകരമായ അനുഭവമായിരുന്നു. അതിനിടെ പ്രതീക്ഷിക്കാതെയായിരുന്നു റമദാനിന്റെ കടന്നുവരവ്. നാട്ടിലെ പോലെയുള്ള ആത്മീയ നിർവൃതിയൊന്നുമില്ലായിരുന്നു. എങ്കിലും എല്ലാവിധ ബഹുമാനത്തോടും കൂടി റമദാനിനെ ഞങ്ങൾ വരവേറ്റു. ഓരോ ദിവസവും ഞങ്ങൾ വ്യത്യസ്ത പലഹാരങ്ങൾ റൂമിൽ ഉണ്ടാക്കിയിരുന്നു. കാന്റീനിൽ നിന്ന് ഈത്തപ്പഴം, തണ്ണിമത്തൻ, ഹൈദരാബാദ് സ്പെഷ്യൽ പരിപ്പ് വേവിച്ചത് തുടങ്ങിയ വിഭവങ്ങൾ കൊണ്ട് നോമ്പ് തുറന്ന ഉടനെ റൂമിൽ വച്ച് ഒരു വിശാലമായ നോമ്പു തുറ ഉണ്ടാകുമായിരുന്നു. നിഷ്കളങ്കമായ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മധുരം ഞങ്ങൾ ആസ്വദിക്കുമായിരുന്നു.എല്ലാ ദിവസവും ഒരുമിച്ച് തന്നെ രാത്രി നിസ്കാരങ്ങൾ നിർവഹിക്കും. ഇതിനെല്ലാം ഇടയിൽ വീട്ടുകാരുടെ ദുഃഖത്തോടെയുള്ള ഫോൺകോളുകൾ കൈകാര്യം ചെയ്യാനായിരുന്നു വലിയ പ്രയാസം. ഇവിടെ നോമ്പ് തുറയുടെയും, അത്താഴത്തിന്റെയും സമയമായാൽ വലിയ സൈറൺ മുഴങ്ങാറാണ് പതിവ് കൗതുകത്തോടെ ഞങ്ങളത് കേൾക്കുമായിരുന്നു.ചിലർ ഫോണിൽ റെക്കോർഡ് ചെയ്തു വെക്കുകയും ചെയ്തിരുന്നു.
എല്ലാം കഴിഞ്ഞ് അവസാനം നാട്ടിലേക്ക് പോകാനുള്ളതെല്ലാം ശെരിയാവുമ്പോൾ ഞങ്ങൾ നല്ല ഒരു ക്രിക്കറ്റ് ടീം ആയി മാറിയിരുന്നു. പലരും നല്ല പാചകവും പഠിച്ചിരുന്നു. മാത്രമല്ല ഒരുപാട് അനുഭവജ്ഞാനവും, ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനും, സാഹചര്യത്തിനനുസരിച്ച് മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്താനുമുള്ള പരിശീലനവും ഞങ്ങൾ നേടി കഴിഞ്ഞിരുന്നു. കെഎംസിസിയുടെ സഹായത്തോടെ ബസ്സ് മാർഗ്ഗമായിരുന്നു നാട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര. യാത്ര ദിവസം രാവിലെ തന്നെ ഞങ്ങൾ എല്ലാ ഒരുക്കങ്ങളും നടത്തി മാസ്ക്കും സാനിറ്റൈസറും ഗ്ലൗസും ഭക്ഷണവും തുടങ്ങി യാത്രക്ക് വേണ്ട എല്ലാം ഒരുക്കി വെച്ചു. അധികം വൈകാതെ ഞങ്ങൾ ക്കുള്ള ബസ് ക്യാമ്പസിന്റെ അടുത്ത് എത്തിച്ചേർന്നു. മധുരമുള്ള ഒരുപാട് അനുഭവങ്ങൾ നൽകി ഞങ്ങളെ മാറോടു ചേർത്തു പിടിച്ച് സ്നേഹിച്ച ക്യാമ്പസി നോട് അവസാനമായി വിട പറഞ്ഞു… നാട്ടിലേക്ക് പോകുന്ന സന്തോഷമുണ്ടെങ്കിലും എവിടെയൊക്കെയോ ചില മൂകതകൾ കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ബസ്സിനടുത്തേക്ക് നടന്നു നീങ്ങി നിസാമിയ്യ അധികൃതരും വാഹനത്തിനടുത്തെത്തി ഞങ്ങളുടെ യാത്രയുടെ വിശദാംശങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അങ്ങനെ ഹൈദരാബാദിനോട് വിടപറഞ് ഞങ്ങളുടെ യാത്ര ആരംഭിച്ചു… ബസ് മുഖേന ഇത്ര ദീർഘമായ യാത്ര ആദ്യമായിട്ടായിരുന്നു ഞങ്ങളിൽ പലർക്കും. വൈകാതെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തി ഇപ്പോഴിതാ റൂം ക്വറന്റൈൻ…. ജനൽ പാളികളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ആ മനോഹരമായ ഓർമ്മകൾ ഒരുപാട് സന്തോഷങ്ങൾ നൽകുന്നു…..