ലോകപ്രശസ്ത പണ്ഡിതനും ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദായി ഗണിക്കപ്പെടുന്നവരുമാണ് ഇമാം അബൂഹാമിദുല്‍ ഗസാലി(റ).മതപണ്ഡിതന്‍,സൂഫിവര്യന്‍,തത്വജ്ഞാനി,ദാര്‍ശനികന്‍ എന്നീ മേഖലകളിലെല്ലാം ശോഭിച്ച ഇമാം ഗസാലി(റ) ‘ഹുജ്ജത്തുല്‍ ഇസ്ലാം’ എന്ന അപരനാമത്തിലാണ് മുസ്ലിം ലോകത്ത് അറിയപ്പെടുന്നത്. ആത്മീയതയുടെ ഉത്തുംഗതിയില്‍ വിരാജിച്ച് സമുദായത്തെ സമുദ്ധരിക്കുകയും ഇസ്ലാമിക വിമര്‍ശകര്‍ക്ക് വായടപ്പന്‍ മറുപടി നല്‍കുകയും ചെയ്ത ഇമാമവര്‍കള്‍ ചരിത്രത്തിലെ ഒരത്ഭുത പ്രതിഭാസം തന്നെയായിരുന്നു.ലോകം അംഗീകരിച്ച ഇമാം ഗസാലിയുടെ ചിന്തകളും വാക്കുകളും രചനകളും ഈ ആധുനിക കാലഘട്ടത്തിലും മുസ്ലിം പണ്ഡിതരും ഭൗതികരും പല വിജ്ഞാനീയങ്ങളിലും അവലംബമായി കാണുന്നുണ്ട്.
ജനനം
ഹിജ്‌റ 450ല്‍ ഇറാനിന്റെ വടക്കു കിഴക്ക് സ്ഥിതിചെയ്യുന്ന ഖുറാസാനിലെ ത്വൂസ് ജില്ലയിലെ മശ്ഹദില്‍ ആണ് ഇമാം ഗസ്സാലി (റ)ജനിച്ചത്. മുഹമ്മദ് എന്നാണ് യഥാര്‍ത്ഥ പേര്.മുഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് എന്നാണ് പൂര്‍ണ്ണനാമം.പിതാവ് വളരെ ദരിദ്രനായിരുന്നു. രോമങ്ങളില്‍ നിന്ന് നൂലുണ്ടാക്കി വിറ്റായിരുന്നു അദ്ദേഹത്തിന്റെ ഉപജീവനം.എന്നാല്‍ അദ്ദേഹം പണ്ഡിതന്മാരെ ഇഷ്ടപ്പെടുകയും ആദരിക്കുകയും അവരുടെ മജ്‌ലിസുകളില്‍ സംബന്ധിക്കുകയും ചെയ്തിരുന്നു.പിതാവിന്റെ പ്രാര്‍ത്ഥനയുടെ ഫലമായാണ് മുഹമ്മദ് എന്ന പുത്രന്‍ ജനിച്ചത്.
പഠനവും വഴിത്തിരിവായ മോഷണ കഥയും
ഗസാലി(റ) പഠനം ആരംഭിക്കുന്നത് തന്റെ പിതാവിന്റെ വിയോഗശേഷം ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെയാണ്.കുട്ടിക്കാലത്ത് നാട്ടില്‍ വച്ച് തന്നെ പ്രസിദ്ധ പണ്ഡിതന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അര്‍റാദകാനിയില്‍ നിന്ന് ഫിഖ്ഹിന്റെ(ശാഫിഈ)പ്രാഥമിക പാഠങ്ങള്‍ ഇമാം സ്വായത്തമാക്കിയിരുന്നു.തുടര്‍ന്ന് ജുര്‍ജാനിയിലേക്ക് പോയി,ഇമാം അബൂ നസ്ര്‍ ഇസ്മാഈലിയില്‍ നിന്നും തുടര്‍പഠനം നടത്തി.അദ്ദേഹത്തില്‍നിന്ന് ധാരാളം കുറിപ്പുകള്‍ പകര്‍ത്തിയെടുത്തു. പിന്നെ ത്വൂസിലേക്ക് തന്നെ മടങ്ങി.ഈ യാത്രയില്‍ ഇമാം ഗസ്സാലി(റ)യുടെ പഠന ജീവിതത്തില്‍ ഏറെ സ്വാധീനിച്ച ഒരു സംഭവം നടന്നു.തന്റെ കുറിപ്പുകളടങ്ങുന്ന ഭാണ്ഡവും പേറി യാത്ര ചെയ്യുന്ന മഹാനവര്‍കളെ കവര്‍ച്ചക്കാര്‍ പിടികൂടി. കൈവശമുള്ളതെല്ലാം തട്ടിയെടുത്തു അവര്‍ പോയി.ഗസ്സാലി ഇമാം അവരെ പിന്തുടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കൊള്ളത്തലവന്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു ആക്രോശിക്കുകയും പിന്തിരിഞ്ഞു പോകാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.അപ്പോള്‍ ഇമാം ഭവ്യതയോടെ പ്രതികരിച്ചു:ഞാന്‍ പോകാം,എന്റെ കുറിപ്പുകള്‍ മാത്രം എനിക്ക് തിരിച്ചു തരാന്‍ ദയ ഉണ്ടാകണം.കാരണം നിങ്ങള്‍ക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.ആ ഭാണ്ഡത്തിലെ പുസ്തകങ്ങളിലുള്ളത് കേള്‍ക്കാനും പഠിക്കാനും പകര്‍ത്താനുമാണ് ഞാന്‍ പാലായനം ചെയ്തത്.ഇതുകേട്ട് കൊള്ളത്തലവന്‍ ഒന്ന് ചിരിച്ചു,തുടര്‍ന്ന് അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു:അതിലുള്ളതെല്ലാം പഠിച്ചു എന്ന് നീ എങ്ങനെയാണ് അവകാശവാദമുന്നയിക്കുക.ഞങ്ങള്‍ ആ കുറിപ്പുകള്‍ നിന്നില്‍ നിന്നു വാങ്ങിയില്ലേ അതോടെ നീ വിവരം മറഞ്ഞവന്‍ ആവുകയും ചെയ്തില്ലേ? എന്നാലും അവ തിരിച്ചുകൊടുക്കാന്‍ തലവന്‍ നിര്‍ദ്ദേശിച്ചു.ഈ സംഭവത്തെക്കുറിച്ച് ഇമാം ഗസ്സാലി(റ)യുടെ പില്‍ക്കാല വിലയിരുത്തല്‍ ഇങ്ങനെയായിരുന്നു: ”എന്റെ നന്മക്ക് വേണ്ടി അല്ലാഹു നല്‍കിയ ഒരാളായിരുന്നു അദ്ദേഹം.കാരണം ത്വൂസിലെത്തിയ ഞാന്‍ മൂന്നുവര്‍ഷം മുഴുവന്‍ ആ കുറിപ്പുകളെല്ലാം മനപ്പാഠമാക്കാന്‍ വിനിയോഗിച്ചു.അങ്ങനെ കവര്‍ച്ച ചെയ്യപ്പെട്ടാലും കൊള്ളക്കാരന്‍ പരിഹസിച്ചത് പോലെ വിവരമൊഴിച്ചവന്‍ ആകാതിരിക്കുന്നവനായി ഞാന്‍ മാറി”.
ഇമാമുല്‍ ഹറമൈനിയുടെ പ്രിയ ശിഷ്യന്‍
ഇതിനുശേഷം മഹാനവര്‍കള്‍ നൈസാബൂരിലേക്ക് പോയി,അറിവിന്റെ നിറസാഗരമായ പ്രമുഖ പണ്ഡിതന്‍ ഇമാമുല്‍ ഹറമൈനി (റ )ആയിരുന്നു അവിടുത്തെ ഗുരുനാഥന്‍.ഗുരുവിനെ നന്നായി ഉപയോഗപ്പെടുത്തിയ ഗസാലി(റ) അക്കാലത്ത് പ്രചാരം നേടിയ സര്‍വ്വ വിജ്ഞാന ശാഖകളിലും പ്രാവീണ്യം നേടി.നൂറുകണക്കിന് വരുന്ന തന്റെ സഹപാഠികള്‍ക്കിടയില്‍ ഗുരുവിന്റെ അടുക്കല്‍ പ്രത്യേക സ്ഥാനം കരസ്ഥമാക്കാനും ഗസാലി(റ)ക്ക് കഴിഞ്ഞു. ഇമാമുല്‍ ഹറമൈനി ഒരിക്കല്‍ തന്റെ പ്രിയശിഷ്യനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു:”ഗസാലി വിജ്ഞാനത്തിന്റെ അലയടിച്ചുയരുന്ന ഒരു സമുദ്രമാണ്”.ഹിജ്‌റ 478ല്‍ ഇമാമുല്‍ ഹറമൈനി(റ)വഫാത്താകുന്നത് വരെ ഇമാമവര്‍കള്‍ നൈസാപൂരില്‍ തങ്ങി.
നിസാമുല്‍ മുല്‍ക്കിന്റെ ദര്‍ബാറില്‍
നൈസാബൂരില്‍ നിന്ന് നിന്ന് ഇമാം ഗസ്സാലി(റ) അന്ന് ഭരണത്തിലുണ്ടായിരുന്ന സല്‍ജൂഖി ഭരണകൂടത്തിലെ പ്രധാനമന്ത്രിയായ നിളാമുല്‍ മുല്‍കിനെ ലക്ഷ്യം വെച്ച് മുഅക്‌സറിലേക്ക് പോയി.നിളാമുല്‍ മുല്‍കിന്റെ സദസ്സ് പണ്ഡിതന്മാരുടെയും തത്വജ്ഞാനികളുടെയും ഒരു നിറസങ്കേതം തന്നെയായിരുന്നു.കൊട്ടാരത്തില്‍ വച്ച് യുവപണ്ഡിതനായ ഗസ്സാലി(റ) എല്ലാ വിഷയങ്ങളിലും സംവാദങ്ങളും വാദപ്രതിവാദങ്ങളും നടത്തി.നിദാന ശാസ്ത്രത്തിലും തര്‍ക്കശാസ്ത്രത്തിലും അഗ്രഗണ്യത തെളിയിച്ചിരുന്ന ഇമാമവര്‍കളുടെ മുന്നില്‍ പ്രഗല്‍ഭ പണ്ഡിതരെല്ലാം നിഷ്പ്രഭരായി.എല്ലാവരും മഹാനവര്‍കളുടെ കഴിവുകള്‍ അംഗീകരിച്ചു.ഇമാമവര്‍കളുടെ അസാധാരണമായ കഴിവുകളില്‍ ആകൃഷ്ടനായ നിളാമുല്‍ മുല്‍ക് അക്കാലത്ത് ഏതൊരു പണ്ഡിതനും ആഗ്രഹിക്കുന്ന ബാഗ്ദാദിലെ നിളാമിയ്യ മദ്രസയില്‍ പ്രധാന അധ്യാപകനായി ഇമാം ഗസ്സാലി(റ)യെ നിയമിച്ചു. അന്ന് മഹാനവര്‍കള്‍ക്ക് 34 വയസ്സേ പൂര്‍ത്തിയായിരുന്നുള്ളൂ.
നാലുവര്‍ഷമാണ് ഇമാം ഗസ്സാലിയില്‍ നിളാമിയ്യയില്‍ കഴിച്ചുകൂട്ടിയത്.അപ്പോഴേക്കും മഹാനവര്‍കള്‍ വിശ്വകീര്‍ത്തി നേടിയിരുന്നു.ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും മഹാനവര്‍കളെ തേടി ജ്ഞാനാന്വേഷികള്‍ ബാഗ്ദാദിലേക്ക് ഒഴുകി.ഒരേസമയം മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ദര്‍സ് നടത്തിയിരുന്ന ഇമാമവര്‍കളുടെ അടുക്കല്‍ ഭരണാധികാരികളും മന്ത്രിമാരും പതിവ് സന്ദര്‍ശകരായിരുന്നു. ഇമാമിന്റെ സ്ഥാനത്തിനു മുമ്പില്‍ സുല്‍ത്താന്റെ പദവിക്കു പോലും മങ്ങലേല്‍ക്കുകയുണ്ടായി.
മനംമാറ്റം
എന്നാല്‍ മതഭൗതിക വളര്‍ച്ചയുടെ അത്യുന്നതങ്ങളിലെത്തിയ ഗസ്സാലി ഇമാമിന് പിന്നീട് മനം മാറ്റമുണ്ടാകാന്‍ തുടങ്ങി.സ്വന്തത്തെക്കുറിച്ച് സംശയത്തോടെ വിശകലനം ചെയ്ത ഗസാലി(റ),താന്‍ നേടിയ അറിവ്, അറിവിന്റെ ലക്ഷ്യം എന്നിവയുടെ പിന്നിലുള്ള സ്ഥാനമാനങ്ങള്‍ക്ക് വിധേയപ്പെടലിനെയും ഭൗതിക താല്‍്പര്യങ്ങളെയും കുറിച്ചോര്‍ത്തപ്പോള്‍ ആത്മനിന്ദ വരാന്‍ തുടങ്ങി.ദര്‍സും വഅളും സംസാരവുമെല്ലാം ഒഴിവാക്കി ദീര്‍ഘകാലം അഗാധ ചിന്തയിലാണ്ട ഇമാമവര്‍കളുടെ ആരോഗ്യം നന്നേ ക്ഷയിച്ചു.ഒടുവില്‍ ഹിജ്‌റ 488 ദുല്‍ഖഅദ് മാസത്തില്‍ ഇമാമവര്‍കള്‍ ബാഗ്ദാദ് വിട്ടു.തനിക്കും കുടുംബത്തിനും അത്യാവശ്യ ചെലവുകള്‍ക്ക് വേണ്ടിയല്ലാത്തതെല്ലാം അര്‍ഹരായവര്‍ക്ക് ധര്‍മ്മം ചെയ്തതിന് ശേഷമായിരുന്നു ഏകാന്തവാസത്തിനുള്ള ഈ യാത്ര.ആ കാലത്തിലെ തന്റെ അവസ്ഥയെപ്പറ്റി ഇമാമവര്‍കള്‍ തന്നെ വിവരിക്കുന്നു:”എന്റെ ആന്തരികാവസ്ഥയെ ഒരു സ്വയം വിമര്‍ശനത്തിനു വിധേയമാക്കിയപ്പോള്‍ ഞാന്‍ ദുന്‍യവിയായ താല്‍പ്പര്യങ്ങളില്‍ മുങ്ങിത്താഴുകയാണെന്ന് എനിക്കു മനസ്സിലായി.ബാഹ്യദൃഷ്ടിയില്‍ ഏറ്റവും ശ്രേഷ്ഠമായ കര്‍മമായ ദര്‍സ് തദ്‌രീസില്‍ വ്യാപൃതനായി കഴിയുന്ന മുദരിസായിരുന്നു ഞാന്‍. പക്ഷേ,ദര്‍സ് നടത്തുന്ന വിഷയങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിനു വിധേമാക്കിയപ്പോള്‍ അവയില്‍ അധികവും എനിക്ക് ആഖിറത്തില്‍ പ്രയോജനപ്പെടുന്നവയല്ലെന്നും,ഒരുപടി കൂടി കടന്ന് എന്റെ നിയ്യത്ത് ഒന്നു പരിശോധിച്ചപ്പോള്‍ എന്റെ ലക്ഷ്യം അല്ലാഹുവിന്റെ പൊരുത്തം കരസ്ഥമാക്കല്‍ മാത്രമായിരുന്നില്ല,പേരും പെരുമയും പ്രശസ്തിയുമെല്ലാം തന്നെ ഞാനും ലക്ഷ്യമാക്കിയിരുന്നു എന്നും ബോധ്യമായി.ആത്മീയനാശത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് ഞാനെന്ന് ഉറ പ്പിച്ചു.എന്റെ ആത്മീയ നില മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ചെയ്യാത്തപക്ഷം എന്റെ കാര്യം അപകടത്തിലുമാണ്.എന്റെ പദവികള്‍ ഉപേക്ഷിച്ചു ബഗ്ദാദിനോടു യാത്ര പറയണമെന്ന വിചാരത്തില്‍ മാസങ്ങള്‍ കടന്നുപോയി”(അല്‍മുന്‍ഖിദു മിന ളലാല്‍)
ആത്മീയത തേടിയ ഏകാന്ത യാത്ര
ബാഗ്ദാദ് വിട്ട ഇമാം ഗസാലി(റ) ആദ്യം ശാമിലേക്ക് തിരിച്ചു.അവിടെ ഏകദേശം രണ്ടു വര്‍ഷത്തോളം ആത്മസംസ്‌കരണത്തിലേര്‍പ്പെട്ടു.ഡമസ്‌കസ് പള്ളിയില്‍ ഇഅ്തികാഫിരുന്ന്,മുജാഹദയും രിയാളയും അനുഷ്ഠിച്ചു,ഇലാഹി ചിന്തയിലായി ജീവിതം നയിച്ചു. മസാറുകള്‍ സന്ദര്‍ശിച്ച് മഹാന്മാരുടെയും അനുഗ്രഹീത സ്ഥലങ്ങളുടെയും സാമീപ്യവും പരമാവധി നേടിയെടുത്തു.പിന്നെ ബൈത്തുല്‍ മുഖദ്ദസിലേക്ക് യാത്ര തിരിച്ചു.നിത്യവും ഖുബ്ബതു സഖ്‌റയില്‍ ചെന്ന് ആരാധനയിലും ഔറാദിലും കഴിഞ്ഞുകൂടി.ശേഷം ഹസ്രത്ത് ഇബ്രാഹിം നബി(അ)യുടെ ഖബര്‍ സിയാറത്ത് ചെയ്തു.ബൈത്തുല്‍ മുഖദ്ദസില്‍ വച്ച് ഇബ്രാഹിം നബി(അ)യെ സ്വപ്നത്തില്‍ ദര്‍ശിക്കാനും മഹാനവര്‍കള്‍ക്ക് കഴിഞ്ഞു.
തുടര്‍ന്ന് ഹജ്ജിനും സിയാറത്തിനുമായി മക്കയും മദീനയും ലക്ഷ്യമാക്കി പോയി.അപ്പോഴേക്കും ഏകാന്ത വാസം 10 വര്‍ഷത്തോടടുത്തിരുന്നു.ഏകാന്തവാസത്തിന്റെ ഈ കാലഘട്ടത്തില്‍ ആത്മീയനുഭൂതിയുടെ അനര്‍ഘനിമിഷങ്ങള്‍ ഇമാവര്‍കള്‍ അനുഭവിച്ചു. മറ്റെല്ലാ വിജ്ഞാനങ്ങളെക്കാളും പ്രധാനം തസ്വവ്വഫ് ആണെന്നും ഇമാം മനസ്സിലാക്കി.മഹാനവര്‍കള്‍ തന്നെ പറയുന്നു:”അല്ലാഹുവിലേക്കെത്തിച്ചേര്‍ന്നവര്‍ സൂഫിയാക്കള്‍ മാത്രമാണെന്ന് ഈ കാലയളവില്‍ ഉറപ്പാുയും ഞാന്‍ മനസ്സിലാക്കി.അവര്‍ തിരഞ്ഞെടുത്ത മാര്‍ഗം യഥാര്‍ഥമാണെന്നും ത്യാഗത്തിന്റെ തീച്ചൂളയില്‍ കടഞ്ഞെടുക്കപ്പെട്ട അവരുടെ സ്വഭാവഗുണങ്ങള്‍ അത്യുല്‍കൃഷ്ടമാണെന്നും ഞാന്‍ ഉറപ്പിച്ചു.കേവലം ബാഹ്യമായ തത്വശാസ്ത്രങ്ങള്‍ അവരുടെ വഴിയോട് കിടപിടിക്കുന്നതല്ല.കാരണം മഹാന്മാരായ സൂഫിയാക്കളുടെ ബാഹ്യവും ആന്തരികവുമായ എല്ലാ ചലനങ്ങളും തിരുനബി(സ്വ) തങ്ങളുടെ നുബുവ്വത്തിന്റെ പ്രകാശഗോപുരത്തില്‍ നിന്നും പകര്‍ന്നെടുക്കപ്പെട്ട തിരിനാളങ്ങളാണ്. ഈമാനിയായ പ്രഭ കരസ്ഥമാക്കാന്‍ ഭൂമുഖത്ത് നുബുവ്വത്തിന്റെ പ്രകാശത്തേക്കാള്‍ ഉയര്‍ന്ന മറ്റൊരു പ്രകാശവുമില്ലല്ലോ!”
വീണ്ടും അധ്യാപന വഴിയില്‍
ഇനിയും ഇങ്ങനെ തന്നെ തുടരണോ അതോ അധ്യാപനവും ഗ്രന്ഥ രചനകളുമടക്കമുള്ള കാര്യങ്ങളിലേക്ക് തിരിയണോ എന്ന അന്ത:സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഇമാമവര്‍കള്‍ അതിനിഷ്‌കളങ്കതയോടെ രണ്ടാമത്തേത് തിരഞ്ഞെടുത്തു.ഇമാമവര്‍കളുടെ ശിഷ്ട ജീവിതം മുസ്ലിം ഉമ്മത്തിന് വലിയൊരു മുതല്‍ കൂട്ടായിത്തീരണമെന്നായിരുന്നു അല്ലാഹുവിന്റെ ഹിതം.മഹാന്മാരുമായുള്ള കൂടിയാലോചനയും ഉപദേശവും,താന്‍ ഈ രംഗത്തേക്ക് കടന്നുവരുന്നത് വളരെയധികം നന്മകള്‍ക്ക് വഴി തെളിയിക്കുമെന്ന സൂചനയോടു കൂടി ആ മഹാന്മാര്‍ക്കുണ്ടായ സ്വപ്നദര്‍ശനവും, അല്ലാഹു ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തില്‍ ഈ ഉമ്മത്തില്‍ ദീനി പരിഷ്‌കര്‍ത്താക്കളെ നിയോഗിക്കുമെന്ന ഹദീസിന്റെ പ്രചോദനവും വീണ്ടും പൊതുരംഗത്തേക്കിറങ്ങാനുള്ള ഇമാം ഗസാലി(റ)യുടെ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.അങ്ങനെ ഹി.499 ദുല്‍ഖഅ്ദ് മാസത്തില്‍ ഇമാം ഗസ്സാലി(റ) നൈസാബൂരിലേക്ക് തിരിച്ചു.അവിടുത്തെ നിളാമിയ്യ മദ്രസയുടെ നേതൃത്വ പദവി ഏറ്റെടുത്തു.എന്നാല്‍ ഒരു വര്‍ഷമേ ഇമാമവര്‍കള്‍ അവിടെ കഴിച്ചുകൂട്ടിയുള്ളൂ.നൈസാബൂര്‍ വിട്ട ഇമാമവര്‍കള്‍ ജന്മനാടായ ത്വൂസില്‍ തിരുച്ചെത്തി.നിളാമിയ്യ മദ്രസയുടെ അധ്യാപന വൃത്തി ഇമാം ഗസ്സാലി(റ)ഏറ്റെടുത്തതറിഞ്ഞ മന്ത്രി ബാഗ്ദാദിലേക്ക് തിരിച്ചുവരാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.പക്ഷേ ഏറ്റവും അവസാനം ജന്മനാട്ടില്‍ തന്നെ കഴിച്ചു കൂട്ടാനാണ് മഹാനവര്‍കള്‍ ഇഷ്ടപ്പെട്ടത്. അങ്ങനെ വിവിധ വിഷയങ്ങളുടെ സംസ്‌കരണവും ഗ്രന്ഥരചനകളുമായി ഇമാം അവര്‍കള്‍ മുഴുവന്‍ സമയവും ഫലപ്രദമായി വിനിയോഗിച്ചു.
നവോത്ഥാന നായകന്‍
തത്വശാസ്ത്രഞരുടെയും നിരീശ്വര-നിര്‍മത പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിനെതിരെ വെല്ലുവിളി ഉയര്‍ത്തിയ കാലഘട്ടമായിരുന്നു ഇമാം ഗസാലി(റ)യുടേത്.ശാസ്ത്രത്തിന്റെ കടന്നുകയറ്റവും സൂഫിസം വാദിക്കുന്ന പലരുടെയും വഴിവിട്ട നീക്കങ്ങളും നിഷ്‌കര്‍മകാരികളായ ഉലമാക്കളും സമുദായത്തില്‍ വലിയൊരു വിഭാഗത്തിന്റെ ഈമാനില്‍ ഇളക്കം തട്ടിച്ചിരുന്നു.അവരുടെയെല്ലാം സംശയങ്ങള്‍ ദൂരീകരിക്കാനും ആത്മ സംസ്‌കരണം നല്‍കാനും ഇമാം ഗസാലി(റ) മുന്നിട്ടിറങ്ങി. ഈ കാലഘട്ടത്തില്‍ തന്റെ കടമയും ഉത്തരവാദിത്വവും ഏറ്റവും ഉയര്‍ന്ന ഇബാദത്തും അതാണെന്ന് മഹാനവര്‍കള്‍ ഉറപ്പിച്ചു.
ഇസ്ലാമിനെതിരെ ഉയര്‍ന്ന മുഴുവന്‍ പ്രത്യശാസ്ത്രങ്ങളുടെയും പൊള്ളത്തരങ്ങള്‍ ഗസാലി ഇമാം തുറന്നുകാട്ടി.ശാസ്ത്രത്തിന്റെ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ ഉലമാക്കള്‍ ധൈര്യപ്പെടാതിരുന്ന കാലത്ത് നിരൂപണ ദൃഷ്ടിയുമായി ശാസ്ത്ര ശാഖകളുടെ ഉള്ളറകളിലേക്ക് ഇമാമവര്‍കള്‍ കടന്നുചെന്നു.ശാസ്ത്രീയ വിഷയങ്ങളുടെ അടിസ്ഥാനം കേവലം നിഗമനങ്ങള്‍ മാത്രമാണെന്നും ദിവ്യ വെളിപാടുകളുടെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ദീന്‍ മാറ്റങ്ങള്‍ക്ക് വിധേയമാവാത്ത യാഥാര്‍ത്ഥ്യമാണെന്നും മഹാനവര്‍കള്‍ സമര്‍ത്ഥിച്ചു.അങ്ങനെ തിരമാല കണക്കെ ആഞ്ഞടിച്ച പ്രതിസന്ധിയില്‍ നിന്നും മുസ്ലിം നൗകയെ കാത്തുസൂക്ഷിച്ച നവോത്ഥാന നായകനായി ഇമാം ഗസാലി(റ) മാറി.
ഗ്രന്ഥരചന
ഇമാം ഗസ്സാലി(റ) തസവ്വുഫ്,തത്വശാസ്ത്രം,കര്‍മ്മശാസ്ത്രം എന്നീ വിജ്ഞാന ശാഖകളിലായി നൂറിലേറെ കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.രചനകളില്‍ ഏറ്റവും പ്രശസ്തമായ വിശ്വപ്രസിദ്ധ തസവ്വുഫ് ഗ്രന്ഥം ‘ഇഹ്‌യ ഉലൂമുദ്ദീന്‍’ പിറവി കൊള്ളുന്നത് മഹാനവര്‍കളുടെ ഏകാന്തവാസ കാലത്താണ്. യാത്രയില്‍ തന്റെ ഹൃദയത്തില്‍ അനുഭവപ്പെട്ട പ്രതിഫലനങ്ങള്‍, അനുഭവങ്ങള്‍, ഈമാനിയായ ചിന്തകള്‍ എന്നിവയെല്ലാം മഹാനവര്‍കള്‍ ഇഹ്‌യാഇലൂടെ ലോകത്തിന് മുമ്പില്‍ സമര്‍പ്പിച്ചു. മുസ്ലിം ഉമ്മത്തിന്റെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയഇഹ്‌യാഇന്റെ മഹത്വമറിയാന്‍ ശൈഖ് മുഹമ്മദ് ഗാസറൂനിയുടെ വാക്കുകള്‍ മതി:”മുഴുവന്‍ ഗ്രന്ഥങ്ങളിലെ വിജ്ഞാനങ്ങള്‍ മായ്ക്കപ്പെട്ടാലും ഇഹ്യാഅ് മുഖാന്തിരം അവയെ പുനരുജീവിപ്പിക്കാനാവും”.ഇഹ്‌യക്ക് നിരവധി സംഗ്രഹ-നിരൂപണ- വ്യാഖ്യാന ഗ്രന്ഥങ്ങള്‍ പില്‍ക്കാലത്തുണ്ടായി.
മറ്റൊരു പ്രസിദ്ധ ഗ്രന്ഥമായ ‘തഹാഫുതുല്‍ ഫലാസിഫ’ ഇസ്ലാമിനു നേരെ കടന്നാക്രമണ ശൈലി സ്വീകരിച്ച തത്വശാസ്ത്രജ്ഞര്‍ക്കും ശാസ്ത്രീയ ചിന്താധാരകള്‍ക്കുമുള്ള ഇമാമവര്‍കളുടെ മറുപടികളുടെ സമാഹാരമാണ്. അതിന്റെ രചന മുസ്ലിംപണ്ഡിത ലോകത്ത് വലിയ പ്രയോജനവും ശാസ്ത്രലോകത്ത് അമ്പരപ്പുമുണ്ടാക്കി. ശാസ്ത്രീയ വീക്ഷണഗതികളുടെ ആകെത്തുക ലളിതമായ ശൈലിയില്‍ വരച്ചുകാട്ടുന്ന മറ്റൊരു കൃതിയാണ് ‘മഖാസിദുല്‍ ഫല്‍സഫ’.ആത്മകഥാശൈലിയില്‍ മഹാനവര്‍കള്‍ രചിച്ച കൃതിയാണ് ‘അല്‍ മുന്‍ഖിദു മിനള്ളലാല്‍'(മാര്‍ഗ്ഗ ഭ്രംശത്തില്‍ നിന്നുള്ള മോചനം).ഫിഖ്ഹിലെ പ്രധാന രചനകള്‍ അല്‍ ബസീത്വ്, അല്‍വസീത്വ് ,അല്‍വജീസ്,ഖുലാസതുല്‍ മുഖ്തസ്വര്‍ എന്നിവയാണ്.
വഫാത്
ഗസ്സാലി ഇമാമി(റ)ന് അനന്തരാവകാശികളായി പെണ്‍കുട്ടികള്‍ അല്ലാതെ ഉണ്ടായിരുന്നില്ല.ഹിജ്‌റ 505(എഡി 1111) ജുമാദുല്‍ ഉഖ്‌റ14ന് തിങ്കളാഴ്ച ഇമാം ഗസ്സാലി(റ) വഫാത്തായി.അന്ന് മഹാനവര്‍കള്‍ക്ക് 55 വയസ്സായിരുന്നു പ്രായം. അവസാന കാലങ്ങള്‍ ചെലവഴിച്ച ത്വൂസില്‍ തന്നെയാണ് മഖ്ബറ സ്ഥിതി ചെയ്യുന്നത്. വഫാത്തായെങ്കിലും കഴിഞ്ഞ ഒമ്പത് നൂറ്റാണ്ടുകളായി തന്റെ രചനങ്ങളിലൂടെ ഇമാം ഗസ്സാലി(റ) മുസ്ലിം ലോകത്ത് നിറഞ്ഞു നില്‍ക്കുന്നു.
Very useful