കേരള മുസ്ലിംകളുടെ ആധികാരിക പരമോന്നത പണ്ഡിതസഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.പരിശുദ്ധ ഇസ്ലാമിന്റെ യഥാര്‍ത്ഥ ആശയാദര്‍ശങ്ങള്‍ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് മുസ്ലിം ഉമ്മത്തിനെ മത, സാമൂഹിക,വൈജ്ഞാനിക രംഗങ്ങളില്‍ പുരോഗതിയിലേക്കും ഉന്നമനത്തിലേക്കും നയിക്കുക എന്ന മഹത്കര്‍ത്തവ്യമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളം മുസ്ലിംകള്‍ക്ക് മതപരമായും,സാമ്പത്തികപരമായും, രാഷ്ട്രീയപരമായും ഉയര്‍ന്ന നിലവാരവും വളര്‍ച്ചയും ലഭ്യമാക്കിയത് സമസ്ത കേരളത്തില്‍ സാധ്യമാക്കിയ തുല്യതയില്ലാത്ത നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ മൂലമാണ്.എന്നാല്‍ സമുദായത്തില്‍ നവോത്ഥാനവും പുരോഗതിയും കൊണ്ടുവന്നത് തങ്ങളാണെന്ന് പുത്തനാശയക്കാര്‍ അവകാശപ്പെടുന്ന ഒരു പ്രവണത കാലങ്ങളായുണ്ട്.അവരുടെ ഇത്തരം കുപ്രചരണങ്ങള്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരുകളുടെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വരെ കടന്നുകൂടിയിട്ടുണ്ട്.സമസ്ത നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന സാഹചര്യത്തില്‍ സമസ്തയുടെ മത വിദ്യാഭ്യാസരംഗത്തെ നവോത്ഥാനം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.
നവോത്ഥാനം വിദ്യാഭ്യാസത്തിലൂടെ
സമസ്തയുടെ ഭരണഘടനയിലെ അഞ്ച് ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ മൂന്നാമതായി പറയുന്ന കാര്യമാണ് മത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് പുറമേ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധം ഭൗതിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് ചെയ്യുക എന്നത്.ഇതില്‍നിന്ന്, മത വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നല്‍കുകയും അതോടൊപ്പം കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഭൗതിക വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നത് സമസ്തയുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ പെട്ടതാണെന്ന് മനസ്സിലാക്കാം.ഈ ലക്ഷ്യം മുന്‍നിര്‍ത്തി വിദ്യാഭ്യാസരംഗത്ത് നാളിതുവരെ വ്യവസ്ഥാപിതമായ മുന്നേറ്റങ്ങളാണ് സമസ്ത നടത്തിയത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി മദ്രസകളും ഉന്നത പഠനത്തിനായി പള്ളി ദര്‍സുകളും സമന്വയ വിദ്യാഭ്യാസത്തിനായി അറബിക് കോളേജുകളും സ്ത്രീ വിദ്യാഭ്യാസ സംവിധാനങ്ങളും സമസ്ത കാലോചിതമായി സ്ഥാപിക്കുകയും പരിപോഷിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ബിദഈ പ്രസ്ഥാനക്കാര്‍ ഈ മേഖലയിലെല്ലാം ചരിത്രത്തിലും വര്‍ത്തമാനത്തിലും സമസ്തയെക്കാള്‍ ബഹുദൂരം പിന്നിലാണ് എന്നതാണ് യാഥാര്‍ഥ്യം. യൂറോപ്പിന്റെ കപട പുരോഗതിയില്‍ കണ്ണ് മഞ്ഞളിച്ചും പശ്ചാത്യ സംസ്‌കാരങ്ങളില്‍ വഞ്ചിതരായും ഇതര മതപരിഷ്‌കാരങ്ങളില്‍ പ്രചോദിതരായും പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ് അനൈക്യമുണ്ടാക്കിയ പുത്തന്‍ പ്രസ്ഥാനക്കാര്‍ സമുദായ പുരോഗതിക്ക് വിലങ്ങ് തടിയാവുകയാണ് ചെയ്തത്.
സമസ്ത നടപ്പിലാക്കിയ വിദ്യാഭ്യാസ നവോത്ഥാനത്തിലൂടെയുണ്ടായ മതബോധമാണ് മുസ്ലിം കൈരളിയുടെ മതഭൗതിക ഉന്നമനത്തിന് നിദാനം. ആ മതബോധമാണ് കേരളത്തില്‍ മത സൗഹാര്‍ദ്ദമുണ്ടാക്കിയതും ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കാന്‍ കേരള മുസ്ലിംകളെ പ്രാപ്തമാക്കിയതും. കേരള മുസ്ലിംകളില്‍ ഭൂരിഭാഗത്തെയും ഒരേ രാഷ്ട്രീയ സംഘശക്തിയില്‍ അടിയുറപ്പിച്ചു നിര്‍ത്തിയതും അതുവഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേവലം വോട്ട് ബാങ്ക് എന്നതിനപ്പുറം രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തിയായി മാറാന്‍ മുസ്ലിംകൾക്ക് കഴിഞ്ഞതും ആ മതബോധം സമ്മാനിച്ച രാഷ്ട്രീയ പക്വതയാണ്.സമസ്തയുടെ സ്ഥാപക നേതാക്കളെ അതിയാഥാസ്ഥിതികരും,പിന്തിരിപ്പന്മാരുമായി ചിത്രീകരിക്കുകയും ഭൗതിക വിദ്യാഭ്യാസത്തിന് സമസ്ത എതിര് നില്‍ക്കുകയാണുണ്ടായിരുന്നതെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.
മദ്രസ പ്രസ്ഥാനം
ഒരു സമുദായത്തിന്റെ സാംസ്‌കാരിക പുരോഗതിയില്‍ ആ സമുദായം വെച്ചുപുലര്‍ത്തുന്ന മതബോധത്തിന് പ്രധാന പങ്കുണ്ട്. ഇതു മനസ്സിലാക്കി തന്നെ സമസ്ത മത വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കി.1951 സെപ്റ്റംബര്‍ 17ന് തുടക്കം കുറിച്ച ലോകത്ത് തന്നെ തുല്യതയില്ലാത്ത സമസ്തയുടെ മദ്രസ സംവിധാനം കേരളത്തില്‍ ഒരു മത വിദ്യാഭ്യാസ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്.1945ലെ കാര്യവട്ടത്ത് നടന്ന സമസ്തയുടെ പതിനാറാം വാര്‍ഷിക സമ്മേളനത്തില്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ നടത്തിയ അധ്യക്ഷപ്രസംഗമാണ് മദ്രസ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് ഇടയാക്കിയത്. തുടര്‍ന്ന് 1951ല്‍ വടകരയില്‍ നടന്ന പത്തൊമ്പതാം സമ്മേളനത്തില്‍ വച്ച് മദ്രസ സംവിധാനത്തിന് നേതൃത്വം നല്‍കാന്‍ സമസ്തയുടെ പ്രഥമ കീഴ്ഘടകമായി ‘സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്’ രൂപീകരിക്കുകയുണ്ടായി. പറവണ്ണ മുഹിയുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ പ്രസിഡന്റും കെ പി ഉസ്മാന്‍ സാഹിബ് സെക്രട്ടറിയുമായ 33 അംഗങ്ങളടങ്ങിയതായിരുന്നു വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ കമ്മറ്റി.സര്‍ക്കാര്‍ കലാലയങ്ങളില്‍ മത വിദ്യാഭ്യാസം നിയമം മൂലം നിരോധിക്കപ്പെട്ട കാലമായിരുന്നു അത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ കേരളത്തിലങ്ങോളമിങ്ങോളം അതിവേഗം മദ്രസകള്‍ സ്ഥാപിക്കുകയും വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ അവക്കെല്ലാം ഏകീകൃത സിലബസ് കൊണ്ടുവരാനും നമ്മുടെ ഉലമാക്കള്‍ക്ക് സാധിച്ചു.കേരള മുജാഹിദുകള്‍ മദ്രസ ബോര്‍ഡ് രൂപീകരിക്കുന്നത് 1956ലാണെന്നത് കൂടി നാം ഇതിനോട് ചേര്‍ത്തു വായിക്കണം.
ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം 10,948(2024 ജനുവരി) മദ്രസകളിലായി 12 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ന് സമസ്തയുടെ മദ്രസകളില്‍ നിന്ന് മതവിദ്യനുകരുന്നത്. കേരളം മുസ്ലിംകളില്‍ ബഹുഭൂരിവിഭാഗവും ഇസ്ലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നത് ഈ മദ്രസകളിലൂടെയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാന്‍ ഒരു ലക്ഷത്തിലേറെ മുഅല്ലിമുകളും സേവന സജ്ജരാണ്. മദ്രസാധ്യാപകരുടെ കൂട്ടായ്മയായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലും(സ്ഥാപിതം 1959) നിലവിലുണ്ട്. വിദ്യാര്‍ത്ഥികളുടെ നിലവാരവും മദ്രസകളുടെ ഭൗതിക സൗകര്യങ്ങളും വിലയിരുത്താന്‍ നൂറിലേറെ മുഫത്തിശുമാരും വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുണ്ട്. അധ്യാപകര്‍ക്ക് കൃത്യമായ ഹിസ്ബ് ട്രെയിനിങ് ക്ലാസുകളും, വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ദ്ധവാര്‍ഷിക,വാര്‍ഷിക മൂല്യനിര്‍ണയങ്ങളുമൊക്കെയായി സര്‍ക്കാര്‍ സംവിധാനത്തോട് കിടപിടിക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു ഗമിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറമേ തമിഴ്‌നാട്,കര്‍ണാടക, ബംഗാള്‍,മഹാരാഷ്ട്ര തുടങ്ങി ഇതര സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ആന്‍ഡമാന്‍ ദ്വീപുകളിലും ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യ പോലെയുള്ള മറ്റു മുസ്ലിം രാജ്യങ്ങളിലും ഇന്ന് സമസ്തക്ക് മദ്രസകള്‍ ഉണ്ട്.
പള്ളിദര്‍സുകള്‍
മദ്രസകള്‍ക്ക് പുറമെ മതത്തെ ആഴത്തില്‍ മനസ്സിലാക്കിയ മതപണ്ഡിതര്‍ ഉയര്‍ന്നു വരുവാന്‍ വേണ്ടി സമസ്തക്ക് കീഴിലുള്ള മഹല്ലുകളില്‍ മുസ്ലിം പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും അടയാളമായ പള്ളിദര്‍സുകള്‍ പ്രൗഢിയോടെയും പരിശുദ്ധിയോടെയും കൂടി നിലനില്‍ക്കുന്നു. കേരള മുസ്ലിം ഉമ്മത്തിന്റെ സംസ്‌കാര രൂപീകരണത്തിലും മുന്നേറ്റങ്ങളിലും പ്രധാന ഘടകമായത് നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്ന പള്ളി ദര്‍സുകളും അവിടങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ മഹാന്മാരുമാണ്. കൂടാതെ, ഇസ്ലാമിന്റെ പാരമ്പര്യ തനിമ നിലനിര്‍ത്തുന്ന അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ പ്രചരണത്തിലും പള്ളിദര്‍സുകളുടെ പങ്ക് നിസ്സീമമാണ്.ഇത് മനസ്സിലാക്കി ദര്‍സുകള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും സമസ്ത അഹോരാത്രം പരിശ്രമിച്ചു.1933ല്‍ ഫറോഖില്‍ വെച്ച് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ ആറാം വാര്‍ഷിക സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തില്‍ ബിദ്അത്തിനെ തടയിടാനും യഥാര്‍ത്ഥ പണ്ഡിതരെ വാര്‍ത്തെടുക്കാനും പള്ളി ദര്‍സുകള്‍ സ്ഥാപിക്കാനും അവ വിപുലപ്പെടുത്താനും മഹല്ല് ജമാഅത്തുകളോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് സമസ്തക്ക് കീഴില്‍ ദര്‍സുകളുടെ ഏകീകരണത്തിനായി ‘സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍’ എന്ന കീഴ്ഘടകം നിലവിലുണ്ട്.സംഘടനയുടെ നേതൃത്വത്തില്‍ ദര്‍സുകള്‍ക്കായി ഏകീകൃത സിലബസ് സംവിധാനവും വാര്‍ഷിക മൂല്യനിര്‍ണയവുമടക്കമുള്ള കാര്യങ്ങളും വ്യവസ്ഥാപിതമായി നടന്നുവരുന്നു.ജംഇയ്യത്തുല്‍ മുദരിസീന്‍ 2019ല്‍ നടത്തിയ സെന്‍സസ് പ്രകാരം കേരളത്തില്‍ 933 ദര്‍സുകളിലായി 19,217 വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്.ബിദഈ പ്രസ്ഥാനക്കാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ എവിടെയും പള്ളിദര്‍സുകള്‍ നടക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അറബിക് കോളേജുകള്‍
ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ കാലോചിതമായി നടത്താന്‍ പ്രാപ്തരായ കൂടുതല്‍ പണ്ഡിതരെ വാര്‍ത്തെടുക്കാനും ഇസ്ലാമിക മത വിദ്യാഭ്യാസത്തെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനും മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തെയും സമസ്ത പരിപോഷിപ്പിക്കുന്നു. ഇതിനായി സ്ഥാപിക്കപ്പെട്ട അറബിക് കോളേജുകളിലൂടെ മത പഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും വിവിധ ഭാഷാ പരിജ്ഞാനവും അഭ്യസിച്ച വിദ്യാര്‍ഥികള്‍ കേരളത്തിനും സമസ്തക്കും അഭിമാനമായി ഇന്ന് ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ ഉന്നത വിദ്യാഭ്യാസം നേടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക പ്രബോധകരായി വര്‍ത്തിക്കുകയും ചെയ്യുന്നു.2023 മാര്‍ച്ച് 16ന് തുടക്കം കുറിച്ച സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നേരിട്ട് നേതൃത്വം നല്‍കുന്ന എസ്.എന്‍.ഇ.സി(സമസ്ത നാഷണല്‍ എഡ്യൂക്കേഷണല്‍ കൗണ്‍സില്‍) സംവിധാനം സമന്വയ വിദ്യാഭ്യാസരംഗത്ത് സമസ്തയുടെ നൂതനവും ക്രിയാത്മകവുമായ ഇടപെടലാണ്.ഒരു വര്‍ഷത്തിനകം തന്നെ 40ലേറെ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് എസ്.എന്‍.ഇ.സിയിലൂടെ വിജ്ഞാനം നുകരുന്നത്.ഉയര്‍ന്ന ഭൗതിക വിദ്യനേടിയ മതപണ്ഡിതരെ വാര്‍ത്തെടുക്കുന്നതിനായി ശരീഅ,ശരീഅ പ്ലസ്(ആണ്‍കുട്ടികള്‍) ശീ,ശീ പ്ലസ്(പെണ്‍കുട്ടികള്‍) കോഴ്‌സുകളും,മതബോധമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനായി ലൈഫ്,ലൈഫ് പ്ലസ്(ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) കോഴ്‌സുകളും എസ്.എന്‍.ഇ.സി സംവിധാനത്തിലുണ്ട്.
സമസ്തക്ക് കീഴിലായി ഇന്ന് കേരളത്തില്‍ നിരവധി ബിരുദ കോളേജുകള്‍ തന്നെ നടന്ന് വരുന്നുണ്ട്.സമസ്ത മുശാവറ നേരിട്ട് നടത്തുന്ന പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് (സ്ഥാപിതം 1963), സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ല കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി(സ്ഥാപിതം 1986), നന്തി ദാറുസ്സലാം അറബിക് കോളേജ് (സ്ഥാപിതം ),കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്(സ്ഥാപിതം 1973) തുടങ്ങിയവ സമസ്തക്ക് അഭിമാനകരമായ ബിരുദ സ്ഥാപനങ്ങളില്‍ ചിലതാണ്.
ഈ ബിരുദ സ്ഥാപനങ്ങള്‍ക്ക് കീഴിലായി ഒട്ടനേകം സമന്വയ വിദ്യാഭ്യാസം നല്‍കുന്ന അറബിക് കോളേജുകള്‍ കേരളത്തിനകത്തും പുറത്തുമായി വ്യാപിച്ചു കിടക്കുന്നു.60ലധികം വരുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ കീഴിലുള്ള ജൂനിയര്‍ കോളേജുകള്‍, ദാറുല്‍ ഹുദക്ക് കീഴില്‍ ആസാം,ബീഹാര്‍,മഹാരാഷ്ട്ര,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന ഓഫ് ക്യാമ്പസുകള്‍ എന്നിവ ഉദാഹരണങ്ങള്‍ മാത്രം.അതേസമയം സര്‍ക്കാര്‍ വക ‘അടിച്ചുമാറ്റിയ’ ചില അഫ്‌ളലുല്‍ ഉലമ കോളേജുകള്‍ മാത്രമാണ് സമന്വയ വിദ്യാഭ്യാസരംഗത്ത് പുത്തന്‍ പ്രസ്ഥാനക്കാരുടെ ആകെ സമ്പാദ്യം.
സ്ത്രീ വിദ്യാഭ്യാസം
സ്ത്രീ വിദ്യാഭ്യാസരംഗത്തും സമസ്ത നിസ്സീമമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവെക്കുന്നത്.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ സ്ത്രീകള്‍ക്ക് മാത്രമായി മേല്‍ പരാമര്‍ശിച്ച എസ്.എന്‍.ഇ.സിയുടെ വിവിധ ‘സനാഇയ്യ’ ബിരുദ കോഴ്‌സുകള്‍ക്ക് പുറമേ ഫാളില(മതപഠനം+പ്ലസ് ടു ) – ഫളീല(മതപഠനം+യു.ജി.സി ഡിഗ്രീ) കോഴ്‌സും നിലവിലുണ്ട്.നിലവില്‍ 75 സജീവ കോളേജുകളും 15 റസിഡന്‍ഷ്യല്‍ കോളേജുകളുമുള്ള ഫാളില ഫളീല സംവിധാനത്തിന്റെ നടത്തിപ്പിനായി 2019ല്‍ കൗണ്‍സില്‍ ഓഫ് സമസ്ത വുമണ്‍സ് കോളേജ്(CSWC) വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.ദാറുല്‍ ഹുദക്ക് കീഴിലെ ഫാത്തിമ സഹ്‌റവിയ്യ-മഹ്ദിയ്യ കോഴ്‌സുകള്‍, റഹ്‌മാനിയ അറബിക് കോളേജിന് കീഴിലെ റാളിയ കോഴ്‌സ് തുടങ്ങിയവയും സ്ത്രീ വിദ്യാഭ്യാസരംഗത്തെ സമസ്തയുടെ സംഭാവനകളാണ്.സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിനെതിരാണെന്ന് ഗീര്‍വാണം മുഴക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കൊന്ന് കണ്ണ് തിരിക്കാന്‍ സന്മനസ്സ് കാണിക്കണം.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം
വിവര വിനിമയ സാങ്കേതികവിദ്യ ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ആധുനിക കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലും സമസ്ത ചുവടുറപ്പിച്ചിട്ടുണ്ട്.2024ല്‍ തുടക്കം കുറിച്ച സമസ്ത ഇ ലേണിംഗ് സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സമസ്ത ഓണ്‍ലൈന്‍ ഗ്ലോബല്‍ മദ്രസ,ഓണ്‍ ഗോയിങ് എഡ്യൂക്കേഷന്‍,ഡിജിറ്റല്‍ മദ്‌റസ തുടങ്ങിയവ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ സമസ്തയുടെ കയ്യൊപ്പുകളാണ്.ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഓണ്‍ലൈനായി ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള സമസ്തയുടെ മദ്രസ വിദ്യാഭ്യാസം നേടാനുള്ള അവസരം നല്‍കുന്ന സമസ്ത ഓണ്‍ലൈന്‍ ഗ്ലോബല്‍ മദ്രസയില്‍ നിലവില്‍ അമേരിക്ക,യൂറോപ്പ്,ജി.സി.സി എന്നിവിടങ്ങളിലെ ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.മുതിര്‍ന്നവര്‍ക്ക് ഇസ്ലാമിക വിഷയങ്ങളില്‍ തുടര്‍ പഠനം നടത്താനുള്ള സംവിധാനമാണ് ഓണ്‍ഗോയിംഗ് എജുക്കേഷന്‍ നല്‍കുന്നത്.ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍ വഴി മദ്റസ പാഠപുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ സംവിധാനമൊരുക്കുന്ന ഡിജിറ്റല്‍ മദ്രസ മത വിദ്യാഭ്യാസ രംഗത്ത് വലിയ പരിവര്‍ത്തനമാണ് സൃഷ്ടിക്കുന്നത്.
വിപ്ലവം സൃഷ്ടിച്ചു മുന്നോട്ട്
കുട്ടികളെ ശൈശവത്തില്‍ തന്നെ മതകീയ ചുറ്റുപാടില്‍ വളര്‍ത്തുന്നതിനു വേണ്ടി അല്‍ബിര്‍ ഇസ്ലാമിക് പ്രീ സ്‌കൂളും സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനോപഹാരമായി 2016ല്‍ ആരംഭം കുറിച്ച ഈ പദ്ധതിക്ക് കീഴില്‍ നിലവില്‍ നാനൂറിലേറെ സ്‌കൂളുകളും പതിനാറായിരത്തിലധികം വിദ്യാര്‍ത്ഥികളുമുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മയായി ‘അസ്മി’ യും (അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിട്യൂഷന്‍) വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലെ സംരംഭമായുണ്ട്.എന്തിനേറെ പറയണം, പട്ടിക്കാടില്‍ എന്‍ജിനിയറിങ് കോളേജ്(എം.ഇ.എ) വരെ സമസ്ത സ്ഥാപിച്ചിട്ടുണ്ട്. സമസ്തക്ക് ഒരു നഴ്‌സറി പോലും നടത്താനറിയില്ല എന്ന് അടിച്ചാക്ഷേപിച്ചവര്‍ക്ക് മുന്‍പില്‍ അഭൂതപൂര്‍വ്വമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി സമസ്ത വിപ്ലവം സൃഷ്ടിച്ചു മുന്നേറുകയാണ്.നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന ഈ വേളയില്‍, കേരളത്തില്‍ സാധ്യമാക്കിയ വിദ്യാഭ്യാസ നവോത്ഥാനം ഇതര സംസ്ഥാനങ്ങളില്‍ കൂടി വ്യാപകമാക്കാനുള്ള ഊര്‍ജിത പരിശ്രമത്തിലാണ് സമസ്ത.






