അമീൻ നിഷാൽ വെള്ളേരി
കേരള മുസ്ലിംകളുടെ ആധികാരിക പരമോന്നത പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. പരിശുദ്ധ ഇസ്ലാമിന്റെ യഥാർത്ഥ ആശയാദർശങ്ങൾ പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത് കൊണ്ട് മുസ്ലിം ഉമ്മത്തിനെ മത സാമൂഹിക വൈജ്ഞാനിക രംഗങ്ങളിൽ പുരോഗതിയിലേക്കും ഉന്നമനത്തിലേക്കും നയിക്കുക എന്ന മഹത് കർത്തവ്യമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. സമുദായത്തിന് നേരിന്റെ ദിശ തെളിയിച്ചുകൊണ്ട് ഈ സംഘശക്തിയുടെ പ്രയാണം ആദർശ വിശുദ്ധിയുടെ 9 പതിറ്റാണ്ടുകൾ പിന്നിട്ടു കൊണ്ട് ഒരു നൂറ്റാണ്ടിലേക്ക് കട ക്കുകയാണ്.
ആദർശ വിശുദ്ധിയുടെ 94 വർഷങ്ങൾ
1926 ലാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകൃതമാകുന്നത്. മലബാർ കലാപത്തെ തുടർന്ന് കേരള മുസ്ലിംകൾക്കിടയിൽ ഉടലെടുത്ത അരക്ഷിതാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് പ്രവാചകന്റെ കാലത്ത് തന്നെ പരിശുദ്ധ ഇസ്ലാമിന്റെ പ്രകാശമെത്തിയ കേരളത്തിൽ, കേരള മുസ്ലിംകൾ അക്കാലമത്രയും അനുവർത്തിച്ചുപോന്നിരുന്ന വിശ്വാസാനുഷ്ടാനങ്ങളെയും ആചാരങ്ങളെയും തള്ളിപ്പറഞ്ഞു കൊണ്ടും കേരള മുസ്‌ലിംകളുടെ മേൽ ഒന്നടങ്കം ശിർക്കാരോപിച്ചു കൊണ്ടും പുത്തനാശയക്കാർ സമുദായത്തിൽ ചിത്രതക്ക് ഒരുമ്പിട്ടെറങ്ങി.
മുസ്ലിംകളെ ആശയപരമായും രാഷ്ട്രീയപരമായും ഭിന്നിപ്പിക്കുന്നതിനുവേണ്ടി ലോകാടിസ്ഥാനത്തിൽ തന്നെ ബ്രിട്ടീഷുകാരും സാമ്രാജ്യത്വ ശക്തികളും രൂപംകൊടുത്ത വഹാബിസം പോലെയുള്ള തീവ്ര സലഫി പ്രസ്ഥാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വർ തന്നെയായിരുന്നു കേരളത്തിലും അനൈക്യത്തിന്റെ വിത്തുപാകിയത്. ഈ ഒരു ദൗർഭാഗ്യകരമായ സാഹചര്യത്തിൽ കാലഘട്ടത്തിന്റെ അനിവാര്യതയും ആവശ്യകതയും ആയിട്ടാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന മഹിത പ്രസ്ഥാനം രൂപീകൃതമാവുന്നത്.അത്കൊണ്ട് തന്നെ പരിശുദ്ധ ഇസ്ലാമിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ യഥാർത്ഥ വിധികൾ അനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് സമസ്തയുടെ പ്രഥമവും മുഖ്യവുമായ ദൗത്യം. സമസ്തയെ മറ്റിതര പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യാസമാക്കുന്നതും ഈ ആദർശ വിശുദ്ധിതന്നെ. മുഹമ്മദ് നബി (സ്വ)യും സ്വഹാബത്തും താബിഉകളും
സച്ചിരതരായ മുന്ഗാമികളും കാണിച്ചുതന്ന ഒരു വഴിയിലൂടെ അതിന്റെ തുടർച്ച എന്ന നിലക്കാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നിലകൊള്ളുന്നത്. അതിനാൽ തന്നെ ഇതര പ്രസ്ഥാനങ്ങളെ പോലെ ആശയങ്ങളും നിലപാടുകളും മാറ്റിപറയേണ്ട ദുരവസ്ഥയോ അല്പംപോലും അപചയമോ സമസ്ത നാളിതുവരെ നേരിട്ടില്ല.
രൂപീകരണ കാലം തൊട്ടു തന്നെ സമസ്ത അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിനെതിരെയുള്ള കടന്നുകയറ്റത്തിനും പ്രചാരണങ്ങൾക്കുമെതിരെ സമസ്ത ശക്തമായ പ്രതിരോധ കോട്ട കെട്ടുകയും അത്തരം അബദ്ധങ്ങളെകുറിച്ചും തെറ്റിദ്ധാരണങ്ങളെ കുറിച്ചും ജനങ്ങളെ ഉൽബുദ്ധരാക്കുകയും ചെയ്തു.ആദ്യ കാലങ്ങളിൽ സമസ്ത തുടർച്ചയായി നടത്തിയ ബഹുജന വാർഷിക സമ്മേളനങ്ങൾ പ്രധാനമായും ഈ ലക്ഷ്യം മുൻനിർത്തിയായിരുന്നു.വഹാബികളുടെ വികലമായ ആശയങ്ങളുടെ പാപ്പരത്വവും പൊള്ളത്തരങ്ങളും തുറന്നുകാണിച്ച ഇത്തരം സമ്മേളനങ്ങൾ അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ സത്യ പന്ഥാവിൽ ജനങ്ങളെ അടിയുറപ്പിച്ചു നിർത്തി. മുജാഹിദ്, ജമാഅത്ത്, തബ്ലീഗ് പോലെയുള്ള പുത്തൻ പ്രസ്ഥാനങ്ങൾക്കെതിരെയും കള്ള ത്വരീഖത്ത് കൾക്കെതിരെയും സമസ്ത ശക്തമായ നിലപാട് സ്വീകരിച്ചു.ഖാദിയാനികൾ ഇസ്ലാമിന് പുറത്താണെന്ന് പറയാൻ ലോകത്ത് ആദ്യമായി ആർജ്ജവം കാണിച്ചത് സമസ്ത യായിരുന്നയായിരുന്നു.
തുടർന്ന് ബിദഇകൾക്കെതിരെ പലതവണ ജനമധ്യയുള്ള പരസ്യ സംവാദങ്ങളും ഖണ്ഡന പ്രസംഗങ്ങളും സമസ്തയുടെ ഉലമാക്കൾ നടത്തിയിട്ടുണ്ട്. 1933 നാദാപുരത്ത് നടന്ന ലിഖിതമായ വാദപ്രതിവാദം ആണ് കേരളത്തിൽ നടന്ന ആദ്യത്തേത്. തുടർന്ന് പൂനൂർ, താനാളൂർ, നന്തി,എടത്തറ, കുറ്റിച്ചിറ, വാഴക്കാട് കൊട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ വാദപ്രതിവാദങ്ങൾ നടന്നു. പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ മുതൽ പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരും വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാരും ശംസുൽ ഉലമയും ഇ കെ ഹസ്സൻ മുസ്‌ലിയാരും ഒക്കെ നടത്തിയ ആദർശ പടയോട്ടം വഹാബികളെ കേരളത്തിൽ നിന്ന് തുരത്തുകയും കേരളത്തെ അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്തിന് വളക്കൂറുള്ള മണ്ണക്കി മാറ്റുകയും ചെയ്തു.ഒരു നൂറ്റാണ്ട് കാലം കിണഞ്ഞു പരിശ്രമിച്ചിട്ടും ബിദഈ പ്രസ്ഥാനങ്ങൾ കേരളത്തിൽ ഇപ്പോഴും നാമമാത്രമായി മാത്രം അവശേഷിക്കാൻ കാരണം സമസ്തയുടെ ഇത്തരം ശക്തമായ ആദർശ നിലപാടുകളും പോരാട്ടങ്ങളും ആണ്. Skssf ന്റെ ഇസതിഖാ മയിലൂടെ ഇന്നും സമസ്ത ആ ദൗത്യം നിർവഹിച്ചു കൊണ്ടിരിക്കുന്നു.മംഗലാപുരം സംവാദവും ഈയിടെ നടന്ന ആലപ്പുഴ, കോഴിക്കോട് സംവാദങ്ങളും ആദർശ സംരക്ഷണങ്ങളിൽ നിന്ന് സമസ്ത ഒരിഞ്ച് പോലും പിന്നോട്ടില്ല എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നവയായിരുന്നു.
സാംസ്‌കാരിക വിദ്യാഭ്യാസ നവോത്ഥാനം
ആദർശ പ്രചരണത്തിന് പുറമെ സമുദായത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്ക് വേണ്ടിയും സമസ്ത അക്ഷീണം പ്രയത്നിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരള മുസ്‌ലിംകൾക്ക് മതപരമായും സാമ്പത്തികപരമായും രാഷ്ട്രീയപരവുമായിട്ടുള്ള ഉയർന്ന നിലവാരവും വളർച്ചയും സമസ്ത കേരളത്തിൽ സാധ്യമാക്കിയ തുല്യതയില്ലാത്ത നവോത്ഥാന സാംസ്കാരിക പ്രവർത്തനങ്ങൾ മൂലമാണ്. എന്നാൽ സമുദായത്തിൽ നവോത്ഥാനവും പുരോഗതിയും കൊണ്ടുവന്നത് തങ്ങളാണെന്ന് പുത്തനാശയക്കാർ അവകാശപ്പെടുന്ന ഒരു പ്രവണത കാലങ്ങളായു ണ്ട്. അവരുടെ ആ കുപ്രചരണം കേരള സർക്കാരിന്റെ സ്കൂൾ പാഠപുസ്തകങ്ങളിൽ വരെ കടന്നുകൂടിയിരിക്കുന്ന ഈ സാഹചര്യത്തിൽ സമസ്തയുടെ നവോത്ഥാനം ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.
ഒരു സമുദായത്തിന്റെ സാംസ്കാരിക വളർച്ചയിൽ ആ സമുദായം വെച്ചുപുലർത്തുന്ന മതബോധത്തിന് പ്രധാന പങ്കുണ്ട്.ഇത് മനസ്സിലാക്കി തന്നെ സമസ്ത മത വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രത്യേക ഊന്നൽ നൽകി. 1951 സെപ്തംബർ 17 ന് തുടക്കം കുറിച്ച ലോകത്ത് തന്നെ തുല്യതയില്ലാത്ത സമസ്തയുടെ മദ്രസ സംവിധാനം കേരളത്തിൽ ഒരു മത വിദ്യാഭ്യാസ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. 65 വർഷങ്ങൾക്കിപ്പുറം പതിനായിരത്തിലേറെ മദ്രസകളിൽ ആയി 12 ലക്ഷത്തോളം വിദ്യാർത്ഥികൾ ആണ് ഇന്ന് മദ്രസകളിലൂടെ മതവിദ്യ നുകരുന്നത്. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, ബംഗാൾ പോലെയുള്ള ഇതരസംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മലേഷ്യപോലുള്ള മറ്റു മുസ്‌ലിം രാജ്യങ്ങളിലും ഇന്ന് സമസ്തക്ക് മദ്രസകൾ ഉണ്ട്.
അതുപോലെതന്നെ മതത്തെ ആഴത്തിൽ മനസ്സിലാക്കിയ മതപണ്ഡിതർ ഉയർന്നു വരുവാൻ വേണ്ടി സമസ്തക്ക് കീഴിലുള്ള മഹല്ലുകളിൽ മുസ്ലിംപാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും അടയാളമായ പള്ളിദർസുകൾ പ്രൗഢിയോടെയും പരിശുദ്ധിയോടെയും കൂടി നിലനിൽക്കുന്നു.കേരളമുസ്ലിം ഉമ്മത്തിന്റെ സംസ്കാര രൂപീകരണത്തിലും ആത്‌മീയമുന്നേറ്റങ്ങളിലും പ്രധാന ഘടകമായത് ഇത്തരം പള്ളിദര്സുകളും അവിടങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ മഹാന്മാരുമാണ്. അതേസമയം തന്നെ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ കാലോചിതമായി നടത്താൻ പ്രാപ്തരായ പണ്ഡിതരെ വാർത്തെടുക്കാനും ഇസ്ലാമിക വിദ്യാഭ്യാസത്തെ ലോക നിലവാരത്തിലേക്ക് ഉയർതാനും മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തെയും സമസ്ത പരിപോഷിപ്പിക്കുന്നു. ഇത്തരംസ്ഥാപനങ്ങളിലൂടെ മത വിദ്യാഭ്യാസത്തോടൊപ്പം തന്നെ ചരിത്രവും ശാസ്ത്രവും വിവിധ ഭാഷകളും പഠിച്ച വിദ്യാർത്ഥികൾ കേരളത്തിനും സമസ്തക്കും അഭിമാനമായി ഇന്ന് ലോകോത്തര യൂണിവേഴ്സിറ്റികളിൽ ഉന്നത വിദ്യാഭ്യാസം നേടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക പ്രബോധകരായി വർത്തിക്കുകയും ചെയ്യുന്നു.
അത് പോലെ തന്നെ കുട്ടികളെ ശൈശവത്തിൽ തന്നെ മതകീയ ചുറ്റുപാടിൽ വളർത്തുന്നതിന് വേണ്ടി അൽബിർ പ്രീസ്കൂളിനും സമസ്ത ഇപ്പോൾ തുടക്കം കുറിച്ചിട്ടുണ്ട്.സമസ്തക്ക് ഒരു നേഴ്സറി പോലും നടത്താനറിയില്ല എന്ന് അധിക്ഷേപിച്ചവർക്ക് മുമ്പിൽ പട്ടിക്കാട് MEA എൻജിനീയറിങ് കോളേജ് വരെ സ്ഥാപിച്ചുകൊണ്ട് സമസ്ത അതിന്റെ വിദ്യാഭ്യാസ നവോത്ഥാനം തുടരുകയാണ്.സമസ്തയുടെ ഇത്തരം വിദ്യാഭ്യാസ നവോതാന ത്തിലൂടെയുണ്ടായ മതബോധ മാണ് കേരളമുസ്ലിംകളുടെ ഉന്നമനത്തിന് നിദാനം. ആ മതബോധമാണ് ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കാൻ കേരളമുസ്ലിംകളെ പ്രാപ്തമാക്കിയതും കേരളത്തിൽ മതസൗഹാർദ്ദമുണ്ടാക്കിയതും.തീവ്രവാദത്തോട് സമസ്ത ഒരിക്കലും രാജിയായില്ല.അത് കൊണ്ട് തന്നെ തീവ്രവാദത്തിന്റെ ഒരു കണികപോലും ഇന്നേവരെ സമസ്തക്ക് മേൽ ആരോപിക്കപ്പെട്ടില്ല. ബാബരി പ്രശ്നം കത്തിനിന്ന കാലത്ത് സമസ്ത സമൂഹത്തിൽ സമാധാനമുണ്ടാക്കാനും തീവ്ര ചിന്തയിൽ നിന്ന് മുസ്ലിം യുവതയെ സംരക്ഷിക്കാനും വേണ്ടി ‘ശാന്തിയാത്ര’ സംഘടിപ്പിച്ചു.അത്തരം സന്ദർഭങ്ങളിൽ സമസ്ത സ്വീകരിച്ച നിലപാടുകൾ പലപ്പോഴും ഭരണകൂടത്തിന്റെയും നിയമപാലക്കാരുടെയും പ്രശംസക്ക് വരെ ഇടയാക്കിയിട്ടുണ്ട്.
ശരീഅത് സംരക്ഷണത്തിനായും സമസ്ത ശക്തമായി നിലകൊണ്ടു.1985ലെ ഷാബാനു കേസ് മുതൽ വിവിധ ഘട്ടങ്ങളിൽ ശരീഅത്തിന്റെ കടക്കൽ കത്തി വെക്കാനുള്ള ചില ഗൂഡശക്തികളുടെ നീക്ക ങ്ങൾക്കെതിരെയെല്ലാം സമസ്ത അവസരോചിതമായി തന്നെ പ്രതിരോധ മതിൽ തീർത്തു.ഇത്തരം ഘട്ടങ്ങളിൽ ഭിന്നതകൾ മാറ്റിവെച്ച് ഇതര മുസ്‌ലിം സംഘടനകളോടപ്പം സമസ്ത സമരരംഗത്തേക്ക് ഇറങ്ങിയപ്പോൾ സമുദായവും ഭരണകൂടവും ഒരേപോലെ സമസ്തയുടെ നിലപാടുകൾക്ക് കാതോർത്തു.യുക്തിവാദികളും മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ചിന്താഗതിക്കാരും ‘ദീൻ ഇലാഹി’ക്കാരും ശരീഅത്തിനെതിരെ ഉറഞ്ഞുതുള്ളാൻ കണ്ണിൽ എണ്ണയൊഴിച് കാത്തിരിക്കുന്ന ഇക്കാലത്തും സമസ്ത തന്നെയാണ് സമുദായത്തിന് പ്രതീക്ഷയും കാവലും.
ഈ മതബോധം തന്നെയാണ് ഭൂരിപക്ഷ കേരള മുസ്‌ലിംകളെ ഒരേ സാമൂഹ്യരാഷ്ട്രീയ ചേരിയിൽ അണിനിരത്തിയതും. അതുവഴി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേവലം ഒരു വോട്ട് ബാങ്ക് എന്നതിനപ്പുറം ഒരു രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി മാറാനും കേരള മുസ്‌ലിംകൾക്ക് സാധിച്ചു.
സമകാലിക പ്രസക്തി
ഫാഷിസം അതിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ രീതിയിൽ കളം വാഴുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ സമസ്തയുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്. ചരിത്രത്തിന്റെ ഏതു കാലഘട്ടത്തിലും എവിടെയൊക്കെ മുസ്ലിംകൾക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടോ അപ്പോഴെല്ലാം സമുദായത്തിലെ ഭിന്നതയാണ് അതിന് ഒരു പരിധിവരെ ഹേതുവായത്. ഇസ്ലാമിനെ തകർക്കാൻ വേണ്ടി ശത്രുക്കൾ ഉപയോഗിച്ചതും ഈ ‘ഡിവൈഡ് ആൻഡ് റൂൾ’എന്ന നയമാണ്. അതിന്റെ പരിണിതഫലമാണ് വഹാബിസം തൊട്ട് ഐഎസ് വരെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളും. എല്ലാ കാലത്തും ഇസ്ലാമിക പാരമ്പര്യത്തെയും മുൻഗാമികളായ മഹത്തുക്കളെയും തള്ളിപ്പറഞ്ഞും ഇസ്ലാമിന്റെ മഹത്തായ ദര്ശനങ്ങൾക്കും പൊതുനേതൃത്വത്തിനും എതിരായിട്ടുമാണ് ഇത്തരം സംഘങ്ങൾ ഉദയം ചെയ്തത്. ഇത് ലോക മുസ്‌ലിംകൾക്കിടയിൽ ഭിന്നിപ്പും അതുവഴി നഷ്ടവും മാത്രമാണ് സമ്മാനിച്ചത്. ഈ കൂട്ടർ തന്നെയാണ് മുസ്ലിം ലോകത്ത് എക്കാലത്തും നടന്നിട്ടുള്ള എല്ലാ കുഴപ്പങ്ങളുടെയും ചിത്രതയുടെയും ഉത്തരവാദികളും.
അതേസമയം തന്നെ യഥാർത്ഥ ഇസ്ലാമിന്റെ അഥവാ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാ ദർശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ആത്മീയമായ ഒരു പാരമ്പര്യത്തിന്റെയും നേതൃത്വത്തിന്റേയും തണലിൽ ജീവിക്കുന്ന ഒരു വിഭാഗത്തെയും അന്നും ഇന്നും കാണാനാവും. അവർ ഇസ്ലാമിനെ സങ്കുചിതമായി കണ്ടില്ല; മറിച്ച് ഇസ്ലാമിന്റെ മഹത്തായ മാനവിക ദർശനങ്ങളും ബഹുസ്വരതയും ലോകത്ത് പ്രചരിപ്പിച്ചു.അത് ലോകത്ത് സമാധാനവും സാഹോദര്യവും നിലനിർത്തി. ഇസ്ലാം ഇ കാലമത്രയും നേടിയ വലിയ നേട്ടങ്ങളുടെയും വിജയങ്ങളുടെയുമെല്ലാം പിന്നിൽ ഈ ‘സൂഫി’ ഇസ്ലാമാണ്. ആ ഒരു പാരമ്പര്യത്തിലൂടെയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേരള മുസ്ലിം ഉമ്മത്തിനെ നയിക്കുന്നതും. പൗരത്വ പ്രശ്നവും മറ്റുമായി രാജ്യത്ത് മുസ്‌ലിംകളുടെ നിലനിൽപ്പിന് തന്നെ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നാം ചെയ്യേണ്ടതും ഈ ആത്മീയ ചേരിയിൽ അണിനിരന്ന് കൊണ്ട് നമ്മുടെ പാരമ്പര്യവും ഐക്യവും കാത്തുസൂക്ഷിക്കുക എന്നുള്ളതാണ്. നാം ഒരിക്കലും വികാരത്തിന് അടിമപ്പെടരുത്. എടുത്തു ചാടുന്ന ഒരു സമീപനവും നമ്മിൽ നിന്ന് ഉണ്ടാവാൻ പാടില്ല. അങ്ങിനെയെങ്കിൽ ആധുനിക ഇറാഖിന്റേയും സിറിയയുടെയും നിർഭാഗ്യകരമായ ചരിത്രം നമുക്കും ആവർത്തിക്കേണ്ടി വരും. മറിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നമ്മുടെ മഹാന്മാരായ നേതാക്കളുടെ നിലപാടിനൊപ്പം അടിയുറച്ചു നിൽക്കുകയും അവർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ യഥാവിധി പാലിച്ചു കൊണ്ട് ആത്മീയമായ ഒരു ഊർജ്ജം കൈമുതലാക്കി സംയമനത്തോടുകൂടി നീങ്ങുകയുമാണ് വേണ്ടത്. അങ്ങിനെയെങ്കിൽ ചരിത്രത്തിലുടനീളം കാണാനാവുന്ന ശത്രുക്കൾക്കെതിരെയു ള്ള ഇസ്ലാമിന്റെ വിജയ് ചരിത്രം ആവർത്തിക്കാൻ നമുക്കുമാവും.