അന്ത്യപ്രവാചകർ മുഹമ്മദ് നബി(സ്വ)ക്ക് ശേഷം ഇസ്ലാമിക ഖിലാഫത്തിന്റെ ഭരണസാരഥ്യം വഹിച്ചവരാണ് ഖുലഫാഉ റാഷിദീൻ. മുഹമ്മദ് നബി(സ്വ)യുടെ ഏറ്റവുമടുത്ത അനുയായികളും ഉന്നതസ്ഥാനീയരുമായ സ്വഹാബിമാരിലെ അബൂബക്കർ(റ), ഉമർ(റ), ഉസ്‌മാൻ(റ), അലി(റ) എന്നീ നാലു മഹാന്മാരാണ് ഖുലഫാഉ റാഷിദീൻ അംഗങ്ങൾ.ലോകത്തിന്നുവരെ കഴിഞ്ഞുപോയ ഏതൊരു ഭരണകൂടത്തിനും ഭരണീയർക്കും മാതൃകയാണ് 30 വർഷം നീണ്ടുനിന്ന ഖുലഫാഉ റാഷിദയുടെ ഭരണം. പതിമൂന്ന് നൂറ്റാണ്ട് നിലനിന്ന ഇസ്ലാമിക ഖിലാഫത്തിലെ സുവർണ്ണ കാലഘട്ടവുമായിരുന്നു അത്.
അബൂബക്കര്‍ സിദ്ധീഖ്(റ)
ഖുലഫാഉ റാഷിദൂനിലെ ഒന്നാമന്‍ അബൂബക്കര്‍ സിദ്ദീഖ്(റ) ആണ്. പുരുഷന്മാരില്‍നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ചവരും, നബിതങ്ങളെ മദീന ഹിജ്‌റയില്‍ അനുഗമിച്ചവരും, പ്രവാചക പത്‌നി ആയിഷാ ബീവി(റ)യുടെ പിതാവും ആണവര്‍.പ്രവാചകരുടെ ഉറ്റ കൂട്ടാളിയായിരുന്ന അബൂബക്കര്‍(റ) മുഖേന പ്രമുഖ സഹാബിമാരടക്കം ഒട്ടേറെ പേര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്.പ്രവാചകന്‍(സ്വ) പറയുന്ന കാര്യങ്ങള്‍ സംശയലേശമന്യേ ഉടനടി വിശ്വസിച്ചിരുന്നതിനാല്‍ ‘സിദ്ധീഖ്’ എന്ന വിശേഷണ നാമം നബി(സ്വ)തങ്ങള്‍ മഹാനവര്‍കള്‍ക്ക് നല്‍കി.
മുഹമ്മദ് നബി(സ്വ) വഫാത്തായ അന്ന് തന്നെ ബനൂ സാഇദ ഗോത്രക്കാരുടെ പന്തലില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ മുസ്ലിംകള്‍ ഐക്യകണ്‌ഠേനയാണ് മഹാനവര്‍കളെ ഖലീഫയായി തെരഞ്ഞെടുത്തത്.നബി(സ്വ) തങ്ങളുടെ വഫാത്തിന് ശേഷം മുസ്ലിംകള്‍ക്കിടയില്‍ ഉടലെടുത്ത ആഭ്യന്തര കലാപങ്ങളെ വിജയകരമായി നേരിട്ടത് ഭരണത്തിലെ വലിയ നേട്ടങ്ങളില്‍ ഒന്നാണ്. സക്കാത് നിഷേധികളെ സൈനികമായി തന്നെ അബൂബക്കര്‍(റ) നേരിട്ടു. കള്ള പ്രവാചകത്വം വാദിച്ച മുസൈലിമയെ യമാമ യുദ്ധത്തില്‍ വച്ച് പരാജയപ്പെടുത്തുകയും ചെയ്തു.അതോടൊപ്പം തന്നെ അക്കാലത്തെ ഏറ്റവും വലിയ ശക്തികളായിരുന്ന റോമന്‍,പേര്‍ഷ്യന്‍ ഭരണകൂടങ്ങളെ ഒരേസമയം നേരിട്ട് നിരവധി പ്രദേശങ്ങള്‍ ഇസ്ലാമിന്നധീനത്തില്‍ കൊണ്ടുവരാനും അബൂബക്കര്‍(റ) ന് സാധിച്ചു. മഹാനവര്‍കളുടെ മറ്റൊരു മഹത്തായ സംഭാവനയാണ് പരിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം.യമാമ യുദ്ധത്തില്‍ നിരവധി ഖുര്‍ആന്‍ ഹാഫിളുകളായ സ്വഹാബികള്‍ ശഹീദായതിനെ തുടര്‍ന്ന് ഉമര്‍(റ) നിര്‍ദേശിച്ച ഈ മഹത്കര്‍ത്തവ്യം സൈദ് ബിന്‍ സാബിത്ത്(റ) വിൻ്റെ നേതൃത്വത്തിലാണ് ഖലീഫ അബൂബക്കര്‍(റ) പൂര്‍ത്തീകരിച്ചത്.രണ്ടര വര്‍ഷം ആയിരുന്നു മഹാനവര്‍കളുടെ ആകെ ഭരണകാലം.ഹിജ്റ പതിമൂന്നാം വര്‍ഷം ജ.ഉഖ്‌റാ 7ന് അബൂബക്കര്‍(റ)വഫാത്തായി. നബി(സ്വ)യുടെ ചാരത്ത് റൗളാ ശരീഫില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
ഉമര്‍ ബിന്‍ ഖത്താബ്‌റ)
അബൂബക്കര്‍ (റ)വിന് ശേഷം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത് ഉമര്‍ ബിന്‍ ഖത്താബ് (റ)ആണ്.തൻ്റെ വഫാത്തിനു മുമ്പ് അബൂബക്കര്‍(റ) ഉമറി (റ)നെ പിന്‍ഗാമിയായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് ജനങ്ങള്‍ ഐക്യകണ്‌ഠേന ബൈഅത് ചെയ്യുകയുമായിരുന്നു. പ്രവാചകത്വത്തിൻ്റെ ആറാം വര്‍ഷമാണ് മഹാനവര്‍കള്‍ ഇസ്ലാം സ്വീകരിച്ചത്. ‘ഫാറൂഖ്'(സത്യാസത്യ വിവേചകന്‍) എന്നാണ് നബി(സ്വ)തങ്ങള്‍ ഉമറി(റ)ന് നല്‍കിയ സ്ഥാനപ്പേര്. പ്രവാചക പത്‌നി ഹഫ്‌സ ബീവി(റ)യുടെ പിതാവുമാണവര്‍.
‘അമീറുല്‍ മുഅ്മിനീന്‍‘ എന്ന സ്ഥാനപ്പേരില്‍ ആദ്യമായി അറിയപ്പെട്ടത് ഉമര്‍(റ) ആണ്.ഖലീഫ ഉമറി(റ)ൻ്റെ ഭരണം ലോക ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. മഹാനവര്‍കളുടെ ഭരണസംവിധാനം,നീതിനിര്‍വ്വഹണം,ലളിതജീവിതം എന്നിവയെല്ലാം സര്‍വ്വത്ര പ്രശംസിക്കപ്പെട്ടു. ഉമര്‍(റ)വിൻ്റെ ഭരണകാലത്ത് മുസ്ലിംകള്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന് അന്ത്യം കുറിക്കുകയും റോമന്‍ ആധിപത്യത്തില്‍ നിന്ന് സിറിയ, ഫലസ്തീന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളെ മോചിപ്പിക്കുകയും ചെയ്തു. ബൈത്തുല്‍ മുഖദ്ദസ് ക്രിസ്ത്യാനികളില്‍ നിന്നും മോചിപ്പിച്ചതാണ് (ഹി.15) അക്കാലത്തെ സുപ്രധാന വിജയം.ഖാലിദ് ബിന്‍ വലീദ്(റ)ൻ്റെ നേതൃത്വത്തില്‍ 40,000ത്തോളം മുസ്ലിംകള്‍ രണ്ട് ലക്ഷത്തോളം റോമക്കാരെ പരാജയപ്പെടുത്തിയ യര്‍മൂക്ക് യുദ്ധം, സഅദ് ബിന്‍ അബീ വഖാസി(റ)ൻ്റെ നേതൃത്വത്തില്‍ 40,000ത്തോളം മുസ്ലിംകള്‍ രണ്ട് ലക്ഷത്തോളം പേര്‍ഷ്യക്കാരെ പരാജയപ്പെടുത്തിയ ഖാദിസിയ്യ യുദ്ധം, ഫത്ഹുല്‍ ഫുതൂഹ്(വിജയങ്ങളുടെ വിജയം) എന്നറിയപ്പെടുന്ന നഹാവന്ദ് യുദ്ധം തുടങ്ങിയവയും അക്കാലത്തെ മികച്ച യുദ്ധവിജയങ്ങളില്‍ പെട്ടതാണ്.മഹാനവര്‍കളുടെ സര്‍വ്വസൈന്യാധിപന്‍ അബു ഉബൈദതുല്‍ ജറാഹ്(റ) ആയിരുന്നു.
ഉമറി(റ)ൻ്റെ ഭരണപരിഷ്‌കാരങ്ങള്‍ ഇസ്ലാമിക രാജ്യത്തെ ലോകത്തെ ഏറ്റവും വ്യവസ്ഥാപിത ഭരണകൂടവുമാക്കി മാറ്റി. മഹാനവര്‍കള്‍ ഖിലാഫത്തിനെ വിവിധ സംസ്ഥാനങ്ങളും ജില്ലകളുമാക്കി തിരിച്ചു. പൊതു ഖജനാവ് സമ്പ്രദായം,എല്ലാ മുസ്ലിംകള്‍ക്കും പെന്‍ഷന്‍, കോടതികള്‍ സ്ഥാപിക്കല്‍, തപാല്‍ സമ്പ്രദായം, ഭൂമി സര്‍വ്വേ, ജനങ്ങളുടെ സെന്‍സസ്, അധ്യാപകര്‍ക്ക് ശമ്പളം നിശ്ചയിക്കല്‍ തുടങ്ങിയവ ഉമര്‍(റ) നടപ്പിലാക്കിയ പരിഷ്‌കാരങ്ങളില്‍ പെട്ടതാണ്. അതുപോലെ നബി(സ്വ) തങ്ങളുടെ ഹിജ്‌റ അടിസ്ഥാനമാക്കി ഇസ്ലാമിക് കലണ്ടറിന് (ചന്ദ്രവര്‍ഷ പ്രകാരം)തുടക്കമിട്ടതും ഉമര്‍(റ)ൻ്റെ കാലത്താണ്. ആകെ പത്തര വര്‍ഷമായിരുന്നു ഖലീഫ ഉമര്‍(റ)ൻ്റെ ഭരണം. സുബഹി നിസ്‌കരിച്ചു കൊണ്ടിരിക്കെ അബൂ ലുഅ്‌ലുഅ് എന്ന മജൂസി അടിമയുടെ കുത്തേറ്റായിരുന്നു മഹാനവര്‍കളുടെ വഫാത്ത്(ഹി.23 ദുല്‍ഹിജ്ജ 23).റൗള ശരീഫില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
ഉസ്മാന്‍ ബിന്‍ അഫ്‌വാന്‍(റ)
തുടര്‍ന്ന് ഖലീഫയായത് ഉസ്മാന്‍ ബിന്‍ അഫ്‌വാന്‍(റ) ആണ്. ഉമര്‍(റ) നിയോഗിച്ച പ്രമുഖരായ ആറ് സ്വഹാബിമാരടങ്ങിയ സമിതി കൂടിയാലോചിച്ച് ഉസ്മാന്‍(റ)വിനെ ഖലീഫയായി തെരഞ്ഞെടുക്കുകയും തുടര്‍ന്ന് ജനങ്ങള്‍ ഒന്നടങ്കം ബൈഅത്ത് ചെയ്യുകയുമായിരുന്നു. നബി(സ്വ) തങ്ങളുടെ രണ്ടു പുത്രിമാരെ വിവാഹം ചെയ്തതിനാല്‍ ‘ദുന്നൂറൈന്‍’ എന്ന അപരനാമം മഹാനാവര്‍കള്‍ക്കുണ്ട്.വലിയ സമ്പന്നനായിരുന്ന ഉസ്മാന്‍(റ) ഇസ്ലാമിനും നബി(സ്വ)തങ്ങള്‍ക്കും വേണ്ടി ചെയ്ത ദാനധര്‍മ്മങ്ങള്‍ അങ്ങേയറ്റം പ്രശസ്തമാണ്.
ഉസ്മാന്‍(റ)ൻ്റെ ഭരണകാലത്ത് ഇസ്ലാമിക സാമ്രാജ്യത്തിൻ്റെ വിസ്തൃതി വളരെയധികം വര്‍ധിച്ചു.പേര്‍ഷ്യന്‍ സാമ്രാജ്യത്തെ മുസ്ലിംകള്‍ പരിപൂര്‍ണ്ണമായും കീഴടക്കി. കിഴക്ക് അഫ്ഗാന്‍ പ്രദേശങ്ങളിലും ഉത്തരാഫ്രിക്കയിലും ഇസ്ലാമിൻ്റെ വെന്നിക്കൊടി പാറി. മുആവിയ(റ)ൻ്റെ നേതൃത്വത്തില്‍(അന്ന് സിറിയ ഗവര്‍ണര്‍) ഇസ്ലാമിക ചരിത്രത്തില്‍ ആദ്യമായി നാവിക
സേന രൂപീകരിക്കപ്പെട്ടതും ഉസ്മാന്‍(റ)ൻ്റെ കാലത്താണ്. മഹാനവര്‍കളുടെ മറ്റൊരു സുപ്രധാന സംഭാവനയാണ് അബൂബക്കര്‍(റ)ൻ്റെ കാലത്ത് ക്രോഡീകരിച്ച ഖുര്‍ആന്‍ പകര്‍ത്തിയെഴുതി വിവിധ മുസ്ലിം രാഷ്ട്രങ്ങളിലേക്ക് അയച്ചുകൊടുത്തത്.ആകെ 12 വര്‍ഷമായിരുന്നു ഖലീഫ ഉസ്മാന്‍ (റ)ൻ്റെ ഭരണകാലം. ഭരണത്തിൻ്റെ അവസാന കാലഘട്ടത്തില്‍ ഉടലെടുത്ത അഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ഏതാനും കലാപകാരികള്‍ ഉസ്മാന്‍(റൻ്റെ വീട് വളയുകയും ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.ഹി.35 ദുല്‍ഹിജ്ജ 18നായിരുന്നു ഉസ്മാന്‍(റ) രക്തസാക്ഷിത്വം വരിച്ചത്. മദീനയിലെ ജന്നതുല്‍ ബഖീഇലാണ് മഹാനവര്‍കളുടെ മഖ്ബറ സ്ഥിതി ചെയ്യുന്നത്.
അലി ബിന്‍ അബീത്വാലിബ്(റ)
ഖുലഫാഉ റാശിദീനിലെ നാലാമന്‍ അലി ബിന്‍ അബീത്വാലിബ്(റ) ആണ്.കുട്ടികളില്‍ നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ചവരും, നബി(സ്വ)തങ്ങളുടെ പിതൃവ്യപുത്രനും, പ്രവാചകപുത്രി ഫാത്തിമ ബീവി(റ)യുടെ ഭര്‍ത്താവും ബനൂഹാഷിം കുടുംബത്തില്‍ നിന്നുള്ള പ്രഥമ ഖലീഫയുമാണവര്‍.”ഞാന്‍ അറിവിൻ്റെ പട്ടണവും അലി അതിൻ്റെ കവാടവുമാണ്“, “ഇഹലോകത്തും പരലോകത്തും അലി എൻ്റെ കൂട്ടുകാരനാണ്” എന്നിങ്ങനെ അലി (റ)വിനെ പ്രശംസിച്ച് നബി(സ്വ) അരുളിയിട്ടുണ്ട്.
ഉസ്മാന്‍(റ )ൻ്റെ വധത്തെ തുടര്‍ന്നുണ്ടായ പ്രശ്നകലുഷിതമായ അന്തരീക്ഷത്തില്‍ ഭൂരിഭാഗം സ്വഹാബിമാരുടെയും ബൈഅതോടെയാണ് മഹാനവര്‍കള്‍ ഖിലാഫത് ഏറ്റെടുക്കുന്നത്.അലി(റ)ൻ്റെ ഭരണസംവിധാനം കുറെയൊക്കെ ഉമര്‍(റ)ൻ്റെതിന് സമാനമായിരുന്നു.അദ്ദേഹത്തെപ്പോലെ തന്നെ വളരെ നീതിയോടു കൂടി ഭരിക്കുകയും ലളിത ജീവിതം നയിക്കുകയും ചെയ്തു.അങ്ങാടികളില്‍ ഇറങ്ങി നടന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം നിര്‍ദ്ദേശിക്കുകയും, ദൈവഭക്തിയിലും അളവിലും തൂക്കത്തിലും സൂക്ഷ്മത പുലര്‍ത്തുന്നതിലും അവരെ ഉപദേശിക്കുകയും ചെയ്യുമായിരുന്നു.മുസ്ലിംകള്‍ പരസ്പരം പോരടിച്ച ജമല്‍ യുദ്ധം, സ്വിഫീന്‍ യുദ്ധം എന്നിവ അലി(റ) കാലത്തെ ദൗര്‍ഭാഗ്യകരമായ രണ്ട് യുദ്ധങ്ങളായിരുന്നു. നാലര വര്‍ഷം നീണ്ടുനിന്ന ഭരണത്തിൻ്റെ ഒരുപാട് സമയങ്ങള്‍ ആഭ്യന്തര കലഹത്തിൻ്റെ പിടിയിലമര്‍ന്നതിനാല്‍ അക്കാലത്ത് പുതിയ പ്രദേശങ്ങള്‍ ജയിച്ചടക്കാന്‍ സാധിച്ചില്ല. എങ്കിലും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് അലി(റ) പ്രബോധനസംഘങ്ങളെ അയച്ചിരുന്നു. അതുപോലെ ഖിലാഫത്തിൻ്റെ ആസ്ഥാനം മദീനയില്‍ നിന്ന് കൂഫയിലേക്ക് മാറ്റുകയും ചെയ്തു. അക്കാലത് രൂപംകൊണ്ട ഖവാരിജുകള്‍ എന്ന അവാന്തര വിഭാഗത്തില്‍ പെട്ട ഇബ്‌നു മുല്‍ജിം എന്ന വ്യക്തി, സുബഹി നമസ്‌കരിക്കാന്‍ പോകുമ്പോള്‍ അലി(റ)നെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.4 വര്‍ഷവും 9 മാസവും നീണ്ട ഭരണത്തിനു ശേഷം ഹിജ്റ 40 റമളാന്‍ 21നായിരുന്നു ഖലീഫ അലി(റ) രക്തസാക്ഷിത്വം വരിച്ചത്.അതോടുകൂടി ഇസ്ലാമിക ചരിത്രത്തിലെ ഒരു സുവര്‍ണയുഗത്തിന് അന്ത്യം കുറിക്കപ്പെടുകയും ചെയ്തു.
സ്വാതന്ത്രം,നീതി, സമത്വം
ലോകത്തെങ്ങും രാജവാഴ്ച അരങ്ങു വാണിരുന്ന ഒരുകാലത്ത് ഏകാധിപത്യ ഭരണ രീതിയുമായി വിദൂരബന്ധം പോലും ഖുലഫാഉ റാഷിദൂന്‍ ഭരണത്തിനില്ലായിരുന്നു. ഖിലാഫതു റാഷിദ ആധുനിക പശ്ചാത്യ നിര്‍വചനപ്രകാരമുള്ള ജനാധിപത്യവ്യവസ്ഥയായിരുന്നില്ല; എന്നാല്‍ ഏതൊരു പശ്ചാത്യ സോഷ്യലിസ്റ്റ് ജനാധിപത്യ ഭരണക്രമത്തേക്കാളും എത്രയോ പതിന്മടങ്ങ് ജനാധിപത്യപരവുമായിരുന്നു അത്. ഖിലാഫത്തു റാഷിദയില്‍ പരമാധികാരം അല്ലാഹുവിന് മാത്രമായിരിക്കും.അല്ലാഹുവിനും റസൂലിനും ശേഷം എല്ലാ അധികാരങ്ങളും ജനങ്ങള്‍ക്കാണ്.ഖുര്‍ആനും സുന്നത്തും നിര്‍ണയിച്ച പരിധിക്കകത്ത് അവര്‍ക്ക് പൂര്‍ണ്ണമായ മേല്‍ക്കൈ ഉണ്ടാകും.ഭരണത്തലവന്‍ എന്ന നിലക്ക് ഖലീഫക്ക് പൂര്‍ണ്ണ അധികാരം ഉണ്ടായിരുന്നുവെങ്കിലും ഇസ്ലാമിക നിയമങ്ങള്‍ അനുധാവനം ചെയ്യുക,കൂടിയാലോചന നടത്തുക തുടങ്ങി രണ്ട് കാര്യങ്ങള്‍ക്ക് ഖലീഫ വിധേയനായിരുന്നു.ഭരണമേറ്റെടുത്ത ശേഷം നടത്തിയ പ്രഥമ പ്രസംഗത്തില്‍ ഖലീഫ അബൂബക്കര്‍(റ) ജനങ്ങളെ അഭിമുഖീകരിച്ച് പറഞ്ഞത് “ഞാന്‍ ഖുര്‍ആനും സുന്നത്തും അനുസരിക്കുന്നില്ലെങ്കില്‍ എന്നെ നിങ്ങള്‍ അനുസരിക്കേണ്ടതില്ല” എന്നായിരുന്നു. കൂടിയാലോചന സമ്പ്രദായത്തിൻ്റെ പ്രാധാന്യത്തെ സംബന്ധിച്ച് ‘കൂടിയാലോചനയില്ലാതെ ഖിലാഫത്തില്ല’ എന്നായിരുന്നു രണ്ടാം ഖലീഫ ഉമര്‍(റ) അഭിപ്രായപ്പെട്ടത്. അഭിപ്രായപ്രകടനത്തിന് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യവും പ്രോത്സാഹനവും ഖലീഫമാര്‍ നല്‍കിയിരുന്നു. ഭരണ പ്രദേശങ്ങളില്‍ നീതി നിര്‍വഹണത്തിന് വേണ്ടി കോടതികള്‍ സ്ഥാപിക്കുകയും അതില്‍ ഖാളിമാരെ നിയമിക്കുകയും ചെയ്തിരുന്നു. വിധി തീര്‍പ്പുകള്‍ പക്ഷപാതരഹിതമായിരുന്നതിനാല്‍ ഖലീഫക്കെതിരെ പോലും വിധി പ്രസ്താവിച്ച സംഭവങ്ങളുണ്ടായിരുന്നു. അതുപോലെ തങ്ങള്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ക്കെതിരെ ജനങ്ങളില്‍ നിന്നും പരാതിയുയര്‍ന്നാല്‍ അവരെ വിചാരണ ചെയ്യുന്ന പതിവും ഖുലഫാഉ റാഷിദൂനുണ്ടായിരുന്നു. സമ്പത്തിൻ്റെ നീതിപൂര്‍വമായ വിതരണത്തിലും ഖിലാഫതുറാഷിദ മാതൃകയായിരുന്നു. സകാത് കൃത്യമായി ശേഖരിക്കുകയും പലിശയിടപാടുകള്‍ കര്‍ശനമായി നിരോധിക്കുകയും ചെയ്തു. ബൈതുല്‍ മാലിലെ ധനം ഖലീഫമാര്‍ ജനങ്ങളുടെ സൂക്ഷിപ്പുമുതലായാണ് ഗണിച്ചത്. തങ്ങളുടെ വ്യക്തിപരമോ കുടുംബപരമോ ആയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒന്നുംതന്നെ അവരതില്‍ നിന്നും എടുത്തില്ല.