ഹിജ്റ കലണ്ടറിലെ പ്രഥമ മാസമാണ് പവിത്രമായ മുഹറം മാസം. നിരവധി പ്രത്യേകതകളും മഹത്വങ്ങളും കൊണ്ട് സമ്പന്നമായ മുഹറം, ഇസ്‌ലാമിൽ യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളിൽ ഒന്നാണ്. അല്ലാഹു സുബ്ഹാനഹു വതആല പരിശുദ്ധ ഖുർആനിൽ പറയുന്നു:അല്ലാഹു ഭുവന-വാനങ്ങളെപ്പടച്ച കാലം മുതല്‍ മാസങ്ങളുടെ എണ്ണം അല്ലാഹുവിങ്കല്‍ പന്ത്രണ്ടാകുന്നു. അതില്‍ നാലെണ്ണം (യുദ്ധം നിഷിദ്ധമായ) ആദരണീയമാസങ്ങളാണ്,അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്.”(തൗബ:36). ദുൽഖഅദ്, ദുൽഹിജ്ജ, മുഹറം, റജബ് എന്നിവയാണ് യുദ്ധം നിഷിദ്ധമായ നാല് പവിത്രമാസങ്ങൾ.
പുണ്യ മാസം
ഇസ്‌ലാമിക ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച മുഹറം മാസത്തിൽ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിന്, വിശിഷ്യാ വ്രതമനുഷ്ഠിക്കുന്നതിന് വലിയ പ്രതിഫലമാണുള്ളത്. അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി (സ്വ)തങ്ങൾ പറയുന്നു: റമളാൻ മാസത്തെ നോമ്പിന് ശേഷം ഏറ്റവും മഹത്വമേറിയ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറം മാസത്തിലെ നോമ്പാകുന്നു(സ്വഹീഹ് മുസ്ലിം).മുഹറം മാസം മുഴുവൻ നോമ്പ് അനുഷ്ഠിക്കൽ സുന്നത്തും ആദ്യത്തെ പത്ത് ദിവസം ശക്തമായ സുന്നത്തും ആണ്(ഫതാവൽ കുബ് റാ)മുഹറത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ആശൂറാഉം(മുഹറം പത്ത്)പിന്നെ താസൂആഉം(മുഹറം ഒമ്പത്) ആണ്. മുഹറം മാസത്തിലെ ചരിത്ര സംഭവങ്ങളിൽ ഏറെയും നടന്ന ആശൂറാഅ് ദിനത്തിലെ നോമ്പിന്റെ ശ്രേഷ്ഠതയെ കുറിച്ച് നബി(സ്വ) തങ്ങൾ പറഞ്ഞു: ആശൂറാഅ് ദിനത്തിലെ നോമ്പ് കാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു”(സ്വഹീഹ് മുസ്‌ലിം).അതുപോലെ ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം:അങ്ങേയറ്റത്തെ താല്പര്യത്തോടെ, മറ്റുള്ളവയെക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ട് നബി(സ) ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല;ഇന്ന ദിവസമൊഴികെ,അതായത് ആശൂറാഅ് ദിവസം, ഇന്ന മാസമൊഴികെ അതായത് റമളാന്‍ മാസം”(സ്വഹീഹുല്‍ ബുഖാരി). നബി(സ്വ) നൽകിയ പ്രാധാന്യത്തിൽ നിന്ന് ആശൂറാഅ് നോമ്പിന്റെ ശ്രേഷ്ഠത നമുക്ക് മനസ്സിലാക്കാം.നബി (സ) മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ജൂതന്മാര്‍ മുഹറം പത്ത് (ആശൂറാഅ്) നോമ്പെടുക്കുന്നതായി കണ്ടു. അപ്പോള്‍ നബി (സ്വ) തങ്ങൾ അവരോട് ചോദിച്ചു: ഇതെന്ത് ദിവസമാണ് ? അവര്‍ പറഞ്ഞു: “ഇതൊരു നല്ല ദിവസമാണ്.ഈ ദിവസത്തിലാണ് ബനൂ ഇസ്റാഈല്യരെ അവരുടെ ശത്രുവില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: “മൂസയെ നിങ്ങളെക്കാള്‍ അര്‍ഹിക്കുന്നത് ഞാനാണ്”. തുടർന്ന് തങ്ങൾ ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോല്‍ക്കാന്‍ കല്പിക്കുകയും ചെയ്തു. ഇതാണ് ആശൂറാഅ് നോമ്പ് സുന്നത്തായതിന്റെ ചരിത്രപശ്ചാത്തലം. ശേഷം ജൂത ക്രൈസ്തവരോട് എതിരാവാൻ വേണ്ടി മുഹറം ഒമ്പതിനും(താസൂആഅ്) നോമ്പ് സുന്നത്താക്കപ്പെടുകയായിരുന്നു.
ചരിത്രത്താളുകളിൽ
ഇസ്‌ലാമിക ചരിത്രത്തിലെ വിശിഷ്യാ പ്രവാചകന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനേകം സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹറം. മേൽ സൂചിപ്പിച്ചതുപോലെ ഫിർഔനേയും കൂട്ടാളികളെയും ചെങ്കടലിൽ മുക്കിക്കൊന്നു അല്ലാഹു നശിപ്പിച്ചതും മൂസാ നബി(അ)യേയും ബനു ഇസ്റാഈല്യരേയും രക്ഷപ്പെടുത്തിയതും ഒരു മുഹറം പത്തിനായിരുന്നു.ഏകാധിപതിയായ ഫറോവയുടെ ക്രൂരതകളിൽ നിന്നും തങ്ങളുടെ പൂർവികർ രക്ഷ നേടിയതിന്റെ സ്മരണക്കായാണ് കാലങ്ങളായി ജൂതന്മാർ ആ ദിവസം നോമ്പനുഷ്ഠിച്ചിരുന്നത്. അതുപോലെ നീചനായ നംറൂദിന്റെ തീകുണ്ഠാരത്തിൽ നിന്ന് മഹാനായ ഖലീലുള്ളാഹി ഇബ്രാഹിം നബി(അ) രക്ഷപ്പെട്ടതും മുഹറം മാസത്തിലായിരുന്നു. മുകളിലൂടെ പറന്നു പോകുന്ന പക്ഷികൾ പോലും കരിഞ്ഞു വീഴുമാറ് ശക്തമായ തീയിലേക്ക് എറിയപ്പെട്ട ഇബ്രാഹിം നബിക്ക് പക്ഷെ,അല്ലാഹു തന്റെ കരുണ കടാക്ഷം കൊണ്ട് ‘തീയേ .. ഇബ്രാഹിമിന് നീ തണുപ്പും രക്ഷയുമാവുക’ എന്ന കൽപ്പനയോടെ സംരക്ഷണ കവചമൊരുക്കുകയായിരുന്നു. കാലങ്ങളോളം തീവ്രമായ രോഗം പിടിപെട്ട അയ്യൂബ് നബി(അ)ന് പരീക്ഷണങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് രോഗശമനം നൽകിയതും, ഭീമമായ മത്സ്യത്തിന്റെ വയറ്റിൽ നിന്ന് യൂനുസ് നബി(അ)നെ രക്ഷപ്പെടുത്തിയതും, ചെയ്യാത്ത തെറ്റിന്റെ പേരിൽ 12 വർഷത്തോളം കാരാഗ്രഹം അനുഭവിച്ചതിനുശേഷം യൂസഫ് നബി(അ)യെ മോചിപ്പിച്ചതും മുഹറം മാസത്തിലാണ്. വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്റെ പേരിൽ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കപ്പെട്ട ശേഷം ആദം നബിയുടെ തൗബ അല്ലാഹു സ്വീകരിച്ചതും നൂഹ് നബിയെ പ്രളയത്തിൽ നിന്ന് കപ്പൽ മുഖേന രക്ഷപ്പെടുത്തിയതും ഈ മുഹറം മാസത്തിലായിരുന്നു. മാത്രമല്ല ഇസ്ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമായ കർബലയുടെ കണ്ണീരിൽ കുതിർന്ന രംഗങ്ങൾ അരങ്ങേറിയതും ഒരു മുഹറം പത്തിന്റെ(ഹി. 61) അന്നായിരുന്നു. ഇമാം ഹുസൈൻ (റ)അടക്കം അഹ്‌ലുബൈത്തിലെ ഒട്ടനേകം മഹത്തുക്കൾ ധീര രക്തസാക്ഷിത്വം വരിച്ച കണ്ണീരോർമ്മകൾ കൂടിയാണ് ഓരോ മുഹറം പത്തും. ഇങ്ങനെ നീളുന്നതാണ് മുഹറമിന്റെ ചരിത്രത്താളുകൾ.