+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

samastha-darshanam-alathurpadi-dars

സമസ്ത; പൈതൃക പാതയിലെ സത്യസരണി

കേരളം മുസ്ലിംകളുടെ പരമോന്നത പണ്ഡിതസഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകൃതമായിട്ട് സൂര്യവർഷ പ്രകാരം ഈ ജൂൺ 26 ന് 98 വർഷം പൂർത്തിയാവുകയാണ്. പരിശുദ്ധ ഇസ്ലാമിന്റെ യഥാർത്ഥ ആശയാദർശങ്ങൾ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് മുസ്ലിം ഉമ്മത്തിനെ മത സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പുരോഗതിയിലേക്കും ഉന്നമനത്തിലേക്കും നയിക്കുക എന്ന മഹത്കർത്തവ്യമാണ് ഒരു നൂറ്റാണ്ട് കാലത്തോളമായി സമസ്ത നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ഒരിക്കലും കേരളത്തിൽ ഏതാനും ആശയങ്ങളും ആചാരങ്ങളുമായി രൂപീകൃതമായൊരു പുതിയ പ്രസ്ഥാനമല്ല സമസ്ത.മറിച്ച് സച്ചരിതരായ മുൻഗാമികൾ കാണിച്ചുതന്ന സൽപാൻഥാവിന്റെ തുടർച്ചക്കായാണ് സമസ്ത സ്ഥാപിതമാകുന്നതും ഇക്കാലമത്രയും നിലകൊണ്ടതും. അതിനാൽ തന്നെ സമസ്ത കേവലമൊരു സംഘടന എന്നതിലുപരി അഹലുസുന്നത്തി വൽജമാഅത്തിന്റെ നേർരൂപമാണ്. ഈ ആദർശ വിശുദ്ധിയും പാരമ്പര്യാവകാശവുമാണ് സമസ്തയെ മറ്റിതര പ്രസ്ഥാനങ്ങളിൽ നിന്ന് വ്യതിരിക്തമാക്കുന്ന പ്രധാന ഘടകവും. മുസ്ലിം കൈരളിയുടെ ചരിത്രത്തിലൂടെ കണ്ണോടിക്കുന്ന ഏതൊരാൾക്കും ആ പൈതൃക വഴിയിലെ സത്യസരണിയാണ് സമസ്ത എന്ന സത്യം സംശയലേശമന്യേ ബോധ്യപ്പെടുന്ന കാര്യമാണ്.

പൈതൃകവും നായകരും

അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ്വ) തങ്ങളുടെ കാലത്ത് തന്നെ പരിശുദ്ധ ഇസ്ലാമിൻ്റെ സത്യസന്ദേശം കൊണ്ട് അനുഗ്രഹീതമായ നാടാണ് നമ്മുടെ കേരളം. മാലിക് ബ്‌നു ദീനാർ(റ), ചേരമാൻ പെരുമാൾ (താജുദ്ദീൻ)ൻ്റെയും നേതൃത്വത്തിൽ തുടക്കം കുറിച്ച ഇസ്ലാമിൻ്റെ പ്രചാരണം, പിന്നീട് യമനിൽ നിന്നു കേരളത്തിലേക്ക് കച്ചവടാവശ്യത്തിനും മറ്റുമായി വന്നെത്തിയ സാദാത്തുക്കളും പണ്ഡിതന്മാരുമാണ് നിർവഹിച്ചത്.ഓരോ സ്ഥലത്തും പള്ളികൾ നിർമ്മിക്കുകയും തുടർന്ന് പള്ളികൾ കേന്ദ്രീകരിച്ച് തന്നെ പണ്ഡിതന്മാർ ഇസ്ലാമിക പ്രബോധനം നിർവഹിക്കുകയും ചെയ്യുന്ന രീതിയായിരുന്നു കേരളത്തിലുണ്ടായിരുന്നത്. പിന്നീട് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഖ്‌ദൂമുമാരുടെ വരവോടെ കേരള മുസ്ലിം പൈതൃകത്തിന് പുതിയ വിലാസവും നവോന്മേഷവും കൈവന്നു. അതിനുമുമ്പുള്ള ഏതാനും നൂറ്റാണ്ടുകളെ കുറിച്ച് (10 മുതൽ 15 വരെയുള്ള), ആഗമന കാലഘട്ടം മുതൽ തന്നെ കണ്ണിമുറിയാതെ ഇസ്ലാമിന്റെ സാന്നിധ്യം കേരളത്തിൽ ഉണ്ടായിരുന്നു എന്നതിനപ്പുറമുള്ള ചരിത്രം ഏറെക്കുറെ അജ്ഞാതമാണ്.

യമനിലെ മഅ്ബറിൽ നിന്ന് കടന്നുവന്ന മഖ്‌ദും കുടുംബം കേരളത്തിൽ മത വൈജ്ഞാനിക നവോത്ഥാനത്തിന് തന്നെ തുടക്കം കുറിച്ചു. മഖ്‌ദൂം പണ്ഡിതന്മാരിൽ ഏറെ പ്രശസ്തരായ സൈനുദ്ദീൻ ബ്നു അലി മഖ്‌ദൂമിൻ്റെയും അഹ്മദ് സൈനുദ്ദീൻ മഖ്ദൂമിന്റെയും(മഖ്‌ദൂം ഒന്നാമൻ,രണ്ടാമൻ) കാലഘട്ടം കേരളത്തിൽ വൈജ്ഞാനിക പ്രസരണത്തിൻ്റെ സുവർണ്ണയുഗം തന്നെയായിരുന്നു. മക്കയിലെ ഹറമിലും ഈജിപ്തിലെ അൽഅസ്ഹറിലും പോയി അക്കാലത്തെ ലോകപ്രശസ്ത പണ്ഡിതന്മാരിൽ നിന്ന് വിജ്ഞാനം നുകർന്ന അവർ, തങ്ങളുടെ അധ്യാപനങ്ങളിലൂടെയും രചനകകളിലൂടെയും കേരളത്തെ ലോക ശ്രദ്ധയാകർഷിപ്പിച്ചു. പൊന്നാനി വലിയ പള്ളി കേന്ദ്രീകരിച്ച് മഖ്‌ദൂമാർ നടത്തിയിരുന്ന ദർസിൽ അന്ന് കേരളത്തിൻ്റെ നാനാ ദിക്കുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ അറേബ്യൻ നാടുകളിൽ നിന്നുവരെ പഠിതാക്കൾ എത്തിയിരുന്നു. കേരള മുസ്ലിംകളെ കർമ്മ ശാസ്ത്രപരമായി ശാഫിഈ മദ്ഹബിൽ അണിനിരത്തുന്നതിൽ മഖ്‌ദൂമുമാർക്കുള്ള പങ്ക് അനിഷേധ്യമാണ്. വിലപ്പെട്ട ഒരുപാട് ഗ്രന്ഥങ്ങളും മഖ്ദൂമാർ സമൂഹത്തിന് സമർപ്പിച്ചിട്ടുണ്ട്. സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച ഫത്ഹുൽ മുഈൻ ആണ് അതിൽ ഏറെ പ്രശസ്തം. മഖ്ദൂം രണ്ടാമൻ തന്നെ രചിച്ച കേരള ചരിത്രം പറയുന്ന ആദ്യ ഗ്രന്ഥമാണ് തുഹ്ഫതുൽ മുജാഹിദീൻ. അതുപോലെ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള പ്രവാചക മൗലൂദ് ആയ മൻഖൂസ് മൗലിദ് രചിച്ചത് മഖ്ദൂം ഒന്നാമനാണ്. പ്രസിദ്ധ തസ്വവ്വഫ് ഗ്രന്ഥങ്ങളായ ഹിദായതുൽ അദ്കിയ, മുർശിദുത്തുല്ലാബ്, സിറാജുൽ ഖുലൂബ് എന്നിവയും മഖ്ദൂം ഒന്നാമന്റെ രചനകളാണ്.

എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം കേവലം പള്ളികളിൽ ഇബാദത്തിലും അധ്യാപനങ്ങളിലുമായി മാത്രമായി ഒഴിഞ്ഞുകൂടുന്നവരായിരുന്നില്ല മഖ്‌ദൂമുമാർ എന്നതാണ്. മുസ്ലിം സമുദായം അന്ന് നേരിട്ടിരുന്ന സകല പ്രശ്നങ്ങളിലും അവർ ഇടപെട്ടു. അധിനിവേശ ശക്തികളായ പറങ്കികളുടെ ക്രൂരതക്കെതിരെ ശക്തമായി തന്നെ അവർ നിലകൊണ്ടു. ജിഹാദിന് ആഹ്വാനം നൽകിക്കൊണ്ടുള്ള കവിതകളും മറ്റും (മഖ്‌ദൂം ഒന്നാമന്റെ തഹ് രീള്, രണ്ടാമന്റെ തുഹ്ഫതുൽ മുജാഹിദീൻ ഉദാഹരണം) രചിക്കുകയും മഹല്ലുകളിൽ വിതരണം ചെയ്യുകയും ചെയ്തു.തങ്ങളുടെ നാവ് കൊണ്ടും തൂലിക കൊണ്ടും പറങ്കികൾക്കെതിരായ പോരാട്ടങ്ങൾക്ക് മഖ്ദൂമുമാർ സമുദായത്തിന് നേതൃത്വം നൽകി.മഖ്ദൂമുമാരുടെ പൊന്നാനിപ്പള്ളിയിലെ വിളക്കത്തിരുന്ന് അറിവ് സമ്പാദിച്ചവരാണ് കേരളത്തിലെ പിൽക്കാലത്തെ ബഹുഭൂരിപക്ഷം പണ്ഡിതരും. വിവിധ സ്ഥലങ്ങളിൽ ഖാളിമാരായി നിയമിക്കപ്പെട്ടിരുന്നതും ദർസ് നടത്തിയിരുന്നവരുമൊക്കെ മഖ്‌ദൂം പണ്ഡിത കുടുംബ – ശിഷ്യ
താവഴിയിലുള്ളവരായിരുന്നു. ശൈഖ് ഉസ്മാൻ, ശൈഖ് ജമാലുദ്ദീൻ ഖായി,ശൈഖ് അബ്ദുറഹ്മാൻ മഖ്‌ദൂം, ശൈഖ് ഉസ്മാൻ മഖ്ദൂം,ശൈഖ് അബ്ദുൽ അസീസ് മഖ്‌ദൂം രണ്ടാമൻ തുടങ്ങിയവർ പിൽക്കാലത്ത് വന്ന അറിയപ്പെട്ട മഖ്ദൂമി പണ്ഡിതന്മാരാണ്.

മഖ്ദും കുടുംബത്തെ പോലെ തന്നെ മുസ്ലിം കൈരളിയുടെ നേതൃപദവിയിൽ ജ്വലിച്ചു നിന്നവരായിരുന്നു കോഴിക്കോട് ഖാളിമാർ. അവരിൽ ഏറെ പ്രശസ്തനാണ് ഖാളി മുഹമ്മദ് (ന:മ).കേരളത്തിലെ മാല മൗലിദുകളിൽ ഏറെ പ്രശസ്തമായ ‘മുഹ് യുദ്ദീൻ മാല’യുടെ രചയിതാവാണ് മഹാനവർകൾ. കോഴിക്കോട് കുറ്റിച്ചിറ പള്ളി കേന്ദ്രീകരിച്ച് ദർസ് നടത്തിയിരുന്ന മഹാനവർകൾ അറബിയിൽ മാത്രമായി 500 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.അതുപോലെ കോഴിക്കോട് സാമൂതിരി പറങ്കികളിൽ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തപ്പോൾ അതിനെ പ്രകീർത്തിച്ചു കൊണ്ട് മഹാനവർകൾ ‘ഫത്ഹുൽ മുബീൻ‘ എന്ന പ്രകീർത്തന കാവ്യവും രചിച്ചു. സൂഫിയും പണ്ഡിതനുമായിരുന്ന വെളിയങ്കോട് ഉമർ ഖാളി മറ്റൊരു പ്രധാന വ്യക്തിത്വമാണ്. ഇന്ത്യയിൽ ആദ്യമായി ബ്രിട്ടീഷുകാർക്കെതിരെ നികുതി നിഷേധ സമരം (1819) നടത്തിയത് മഹാനവർകളാണ്. അതേ സമയം തന്നെ വലിയ പ്രവാചകപ്രേമി ആയിരുന്ന മഹാനവർകൾ ‘സ്വല്ലൽ ഇലാഹു ബൈത്’ പോലെ ഒട്ടനേകം പ്രവാചക പ്രകീർത്തന കൃതികളും രചിച്ചിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്ലിംകളുടെ ആത്മീയ – രാഷ്ട്രീയ രംഗത്തെ ശക്തമായ നേതൃത്വങ്ങളായിരുന്നു മമ്പുറം സയ്യിദ് ബാ അലവി തങ്ങളും പുത്രൻ ഫസൽ പൂക്കോയ തങ്ങളും. തന്റെ ‘സൈഫുൽ ബത്താർ’ എന്ന കൃതിയിലൂടെ ബ്രിട്ടീഷുകാർക്കെതിരെ ഫത് വ നൽകുകയും മുസ്ലിംകളെ ഒരുമിപ്പിക്കുകയും ചെയ്ത മമ്പുറം തങ്ങൾ തന്നെയായിരുന്നു അത്തൻ കുരിക്കൾ,ചെമ്പൻ പോക്കർ,ഉണ്ണിമൂസ തുടങ്ങി ധീരദേശാഭിമാനികൾക്ക് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ വീര്യം പകർന്നതും. തങ്ങളുടെ മകനായ ഫസൽ പൂക്കോയ തങ്ങളും ബ്രിട്ടീഷ്കാർക്കെതിരെ ശക്തമായി നിലകൊണ്ടു. ‘ഉദ്ദതുൽ ഉമറ’ എന്ന ബ്രിട്ടീഷ് വിരുദ്ധ കൃതി രചിച്ച തങ്ങൾ, തൻ്റെ ജുമുഅ പ്രഭാഷണങ്ങളിലൂടെയും മറ്റും ബ്രിട്ടീഷുകാർക്കെതിരെ ജനങ്ങളെ ഒരുമിപ്പിക്കുകയും ചെയ്തു. മാത്രമല്ല ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി ശഹീദായ ചേറൂർ ശുഹദാക്കളെ അനുസ്മരിച്ചു കൊണ്ട് അവരുടെ മഖ്ബറകളിൽ തങ്ങൾ ചേറൂർ നേർച്ചയും തുടങ്ങിയിരുന്നു. പറങ്കികൾക്കെതിരെ പോരാടിയ കുഞ്ഞാലി മരക്കാരുമാരും ഖിലാഫത്ത് പ്രസ്ഥാനത്തിന് ആത്മീയ നേതൃത്വം നൽകിയ നെല്ലിക്കുത്ത് ആലി മുസ്ലിയാരും ധീര വിപ്ലവകാരി വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയും കേരള മുസ്ലിം ചരിത്രത്തിലെ പ്രമുഖരാണ്.

ചുരുക്കത്തിൽ കേരള മുസ്ലിംകളുടെ ആത്മീയ മത മേഖലയെ നിയന്ത്രിച്ചിരുന്ന പണ്ഡിത മഹത്തുക്കളൊക്കെയും അവരുടെ രാഷ്ട്രീയ ഭൗതിക രംഗത്തെയും നേതാക്കളായിരുന്നു. പള്ളിദർസുകളിലൂടെയും ഓത്തുപള്ളികളിലൂടെയും മുസ്ലിം സമുദായത്തിന് ജ്ഞാനം പകർന്ന അവർ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുൻനിരയിൽ തന്നെ നിലയുറപ്പിക്കുകയും ചെയ്തു. അതേ സമയം തന്നെ അവരൊക്കെയും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ശക്തരായ വാക്താക്കളും പ്രചാരകരും ആയിരുന്നു. ഇസ്ലാമിനെ അതിന്റെ ശരിയായ ആദർശത്തോടെയും ശൈലിയോടെയും പ്രബോധനം ചെയ്ത അവർ ബിദഈ ചിന്തകളെ തൊട്ടും പുത്തൻ പ്രസ്ഥാനങ്ങളെ തൊട്ടും മുസ്ലിം കൈരളിയെ പൂർണ്ണമായും സംരക്ഷിച്ചു. ഖവാരിജുകൾ,മുഅ്‌തസിലകൾ,ശിയാക്കൾ തുടങ്ങി അവാന്തര വിഭാഗങ്ങൾ കേരളത്തിൽ പേരിനുപോലും സാന്നിധ്യം അറിയിച്ചിരുന്നതായി ചരിത്രത്തിൽ കാണാൻ കഴിയില്ല.

രൂപീകരണം; അനിവാര്യതയുടെ സൃഷ്ടി

1926 ജൂൺ 26(1344 ദുൽഹിജ്ജ 14)നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകൃതമാകുന്നത്.1921ലെ മലബാർ കലാപത്തെ തുടർന്ന് കേരള മുസ്ലിംകൾക്കിടയിൽ ഉടലെടുത്ത അരക്ഷിതാവസ്ഥയെ ചൂഷണം ചെയ്തു കൊണ്ട് പുത്തനാശയക്കാർ സമുദായത്തിൽ ചിദ്രതക്ക് ഒരുമ്പിട്ടിറങ്ങിയപ്പോൾ അതിനെ പ്രതിരോധിക്കുക എന്ന തികച്ചും അനിവാര്യമായ സന്ദർഭത്തിലാണ് സമസ്ത രൂപീകരിക്കപ്പെടുന്നത്. പ്രവാചകന്റെ(സ്വ)കാലത്ത് തന്നെ പരിശുദ്ധ ഇസ്ലാമിന്റെ പ്രകാശമെത്തിയ കേരളത്തിൽ അക്കാലമത്രയും മുസ്ലിംകൾ അനുവർത്തിച്ചു പോന്ന അനുഷ്ഠാനങ്ങളെയും വിശ്വാസാചാരങ്ങളെയും തള്ളിപ്പറഞ്ഞു കൊണ്ടും കേരള മുസ്ലിംകളുടെ മേൽ ഒന്നടങ്കം ശിർക്കാരോപിച്ചുകൊണ്ടുമായിരുന്നു പുത്തനാശയക്കാരുടെ കടന്നുവരവ്. മുസ്ലിംകളെ ആശയപരമായും രാഷ്ട്രീയപരമായും ഭിന്നിപ്പിക്കുന്നതിനുവേണ്ടി ലോകാടിസ്ഥാനത്തിൽ തന്നെ ബ്രിട്ടീഷുകാരും സാമ്രാജ്യത്വ ശക്തികളും രൂപംകൊടുത്ത വഹാബിസം പോലെയുള്ള തീവ്ര സലഫി പ്രസ്ഥാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവർ തന്നെയായിരുന്നു കേരളത്തിലും അനൈക്യത്തിൻ്റെ വിത്തുപാകിയത്.

ഇബ്‌നു അബ്ദുൽ വഹാബിന്റെ ആശയങ്ങളേക്കാളേറെ ഈജിപ്ഷ്യൻ ത്രയങ്ങളായ ജമാലുദ്ദീൻ അഫ്ഗാനി,മുഹമ്മദ് അബ്ദു,റഷീദ് രിളാ എന്നിവരുടെ മോഡേൺ സലഫിസമാണ് കേരളത്തിൽ വേരോട്ടം തുടങ്ങിയത്. റഷീദ് രിളയുടെ ഈജിപതിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അൽ മനാറി’ ന്റെ കേരളത്തിലെ ഏക വരിക്കാരനായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവിയായിരുന്നു കേരളത്തിലെ ബിദഈ പ്രസ്ഥാനത്തിൻ്റെ മുഖ്യ പ്രചാരകൻ. ആദ്യം മുസ്ലിം ഐക്യസംഘമായും പിന്നീട് കേരള ജംഇയ്യത്തുൽ ഉലമയായും അവർ സംഘടിത രൂപം കൈവരിക്കുകയും പൊതുസമ്മേളനങ്ങളും യോഗങ്ങളും നടത്തി ജനങ്ങളെ പരസ്യമായി വഴിപിഴപ്പിക്കാൻ തുടങ്ങുകയും ചെയ്തു. കൊടുങ്ങല്ലൂരിൽ നിന്ന് തുടങ്ങിയ മതനവീകരണ ചിന്തകൾ മലബാറിലും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യസംഘത്തിന്റെ മൂന്നാം വാർഷിക സമ്മേളനം 1925 ൽ കോഴിക്കോട് വെച്ച് നടത്തപ്പെട്ടു.ഇതോടെ വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട അക്കാലത്തെ സുന്നി പണ്ഡിതർ ശക്തമായ പ്രതിരോധ വലയം തീർത്തുകൊണ്ട് മുന്നോട്ടുവന്നു. പാങിൽ അഹ്മദ് കുട്ടി മുസ്ലിയാരെ പോലുള്ള പ്രഗൽഭ പണ്ഡിതന്മാർ ഉന്നത ദർസുകൾ നടക്കുന്നടിങ്ങളിൽ പോയി ഉലമാക്കളെ നേരിൽ കാണുകയും ബിദഇകളുടെ കുതന്ത്രങ്ങളെ കുറിച് അവരെ ബോധിപ്പിക്കുകയും ചെയ്തു.അതോടെ പുത്തനാശയക്കാരുടെ വിഷലിപ്തമായ പ്രചാരണ പ്രവർത്തനങ്ങൾക്കെതിരെ സംഘടിതമായി തന്നെ പോരാടാൻ പണ്ഡിതന്മാർ തീരുമാനിച്ചു. അങ്ങനെ 1926 ജൂൺ 26 ന് കോഴിക്കോട് ടാഗോർ ഹാളിൽ സയ്യിദ് ഹാഷിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ കേരളത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വറഇന്റെയും ഇഖ്‌ലാസിൻ്റെയും പ്രതീകങ്ങളായ ഉന്നതപണ്ഡിതന്മാർ ഒരുമിച്ചു കൂടുകയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് രൂപം നൽകുകയും ചെയ്തു.യോഗത്തിൽ വരക്കൽ മുല്ലക്കോയ തങ്ങളെ സംഘടനയുടെ പ്രഥമ പ്രസിഡന്റായും പള്ളിവീട്ടിൽ മുഹമ്മദ് മുസ്ലിയാരെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കുകയും ചെയ്തു.

പാരമ്പര്യാവകാശികൾ

മഖ്‌ദൂമുമാരടക്കമുള്ള മുൻഗാമികളായ പണ്ഡിതന്മാരുടെ അതേ പാരമ്പര്യം സംരക്ഷിക്കാനും പിന്തുടരാനുമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചത്.കേരള മുസ്‌ലിംകളുടെ പൈതൃകത്തിന്റെയും സമസ്തയുടെ രൂപീകരണ പശ്ചാത്തലത്തിന്റെയും ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും വ്യക്തമാകുന്ന സംഗതിയാണത്.ഇന്ന് കേരളത്തിൽ ജീവിക്കുന്ന സമസ്തയുടെ പണ്ഡിതന്മാരുടെ ഗുരു പരമ്പര ശംസുൽ ഉലമ,കണ്ണിയത്ത് ഉസ്താദ് എന്നിവരിലേക്കും തുടർന്ന് ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, ചാലിലകത്ത് കുഞ്ഞഹമ്മദ്മുസ്‌ലിയാർ എന്നിവരിലൂടെ മഖ്‌ദൂമുമാരിലേക്കും എത്തിച്ചേരുന്നവയാണ്. അവിടന്നങ്ങോട്ട് കേരളത്തിന് പുറത്തേക്ക് വ്യാപിക്കുകയും ഇബ്‌നു ഹജറിൽ ഹൈത്തമി(മഖ്ദൂം രണ്ടാമന്റെ മക്കയിലെ ഗുരുവര്യർ), സകരിയ്യൽ അൻസാരി(മഖ്ദൂം ഒന്നാമന്റെ അസ്ഹറിലെ ഗുരുവര്യർ) തുടങ്ങി ശാഫിഈ മദ്ഹബിലെ ലോക പ്രശസ്തരായ പണ്ഡിതന്മാരിലൂടെ തന്നെ ഇമാം ശാഫിഈ(റ)യിലും എത്തുന്നു.അവസാനം ഇബ്നു ഉമർ(റ),അലി(റ) പോലെയുള്ള പ്രഗൽഭ സ്വഹാബിമാരിലൂടെ അന്ത്യ പ്രവാചകരിലും ഈ മഹത്തായ ഗുരുപരമ്പര കണ്ണിമുറിയാതെ എത്തിച്ചേരുന്നു.എന്നാൽ കേരളത്തിലെ ബിദഇകളുടെ ഗുരുപരമ്പര ഒരു നൂറ്റാണ്ടിനപ്പുറം അവകാശപ്പെടാൻ കഴിയാത്തതാണ്. വക്കം മൗലവിയിലോ കെ എം മൗലവിയിലോ തട്ടി അത് നിൽക്കും. 920 കളിലെ ഐക്യസംഘം നേതാക്കളെല്ലാം അവരുടെ സുന്നികളായ ഉസ്താദുമാരെ തന്നെയായിരുന്നു തള്ളിപ്പറഞ്ഞിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പ് കേരളത്തിൽ ജീവിച്ച ഒരു ‘സലഫി’ യെ കാണിച്ചുതരാനോ മാതൃകയാക്കാനോ കേരളത്തിലെ ഒരു ബിദഈ സംഘടനകൾക്കും സാധ്യമല്ല തന്നെ.

ഇനി ആചാരങ്ങളിലേക്ക് വന്നാൽ ഇന്ന് പുത്തനാശയക്കാർ സുന്നികളുടെ മേൽ ശിർക്കാരോപിക്കുന്ന ഓരോ കർമ്മങ്ങളും മുൻഗാമികളായ പണ്ഡിത മഹത്തുക്കൾ ഇവിടെ സ്ഥാപിച്ചവയും നൂറ്റാണ്ടുകളായി കേരള മുസ്‌ലിംകൾ ഒന്നടങ്കം അനുഷ്ഠിച്ചു പോരുന്നവയും ആയിരുന്നു എന്നും നമുക്ക് ചരിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാം.അല്ലാതെ അതൊരിക്കലും ‘സമസ്ത മതക്കാർ’ കൊണ്ടുവന്ന പുത്തനാശയങ്ങളോ ദുരാചാരങ്ങളോ അല്ല. ഉദാഹരണത്തിന് കേരളത്തിൽ ഏറ്റവും കൂടുതൽ ചൊല്ലപ്പെടുന്ന മൗലിദ് ആയ മൻഖുസ് മൗലിദ് രചിച്ചത് 1500 കളിൽ മഖ്‌ദൂം ഒന്നാമൻ ആണ്;പോർച്ചുഗീസുകാർക്കെതിരെ തഹ് രീള് രചിച്ച അതേ കൈകൾ കൊണ്ട് തന്നെ.ഒന്ന് പറങ്കി ക്രൂരതകൾക്കെതിരായ പ്രതിഷേധമായിരുന്നെങ്കിൽ മറ്റേത് പ്ലേഗ് മഹാമാരിക്കെതിരെയായ ആത്മീയ പ്രതിരോധമായിരുന്നു.അതുപോലെ ബിദഇകളുടെ മറ്റൊരു പ്രധാന ആയുധമായ മുഹ്‌യുദ്ദീൻ മാല ഖാളി മുഹമ്മദ് രചിക്കുന്നത് ക്രി.1607ൽ ആണ്. തുഹ്ഫതുൽ മുജാഹിദിന്റെ കാര്യത്തിലെന്നപോലെ തന്നെ ഖാളി മുഹമ്മദിൻ്റെ ഫത്ഹുൽ മുബീനിലും ആർക്കും സംശയമില്ല! നികുതി നിഷേധ സമരം നടത്തിയ വെളിയങ്കോട് ഉമർ ഖാളിയെ പ്രശംസിക്കുമ്പോൾ തന്നെ മഹാനവർകൾ രചിക്കുകയും പാടുകയും ചെയ്ത ഒട്ടനവധി പ്രവാചക പ്രകീർത്തന കാവ്യങ്ങൾ നവീനവാദികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. അതുപോലെ ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധത്തിന്റെ അഗ്നി ജ്വലിപ്പിച്ച മമ്പുറം തങ്ങന്മാർ തന്നെയായിരുന്നു ചേറൂർ ശുഹദാക്കളുടെ പേരിൽ ആണ്ടുനേർച്ച നടത്തിയതെന്നും അവർ വിസ്മരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഖിലാഫത്ത് നായകൻ ആലി മുസ്‌ലിയാരാകട്ടെ, അന്ത്യസമയത്ത് കോയമ്പത്തൂർ ജയിലിൽ കഴിയുമ്പോൾ തനിക്ക് പാരായണം ചെയ്യാൻ പ്രസിദ്ധ സ്വലാത്ത് സമാഹാരം ദലാഇലുൽ ഖൈറാത്തിന്റെ കോപ്പി ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചതിന്റെ ജയിൽ റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞ വർഷമായിരുന്നല്ലോ. ഇനി സൂഫി ത്വരീഖത്തുകൾക്കാണ് പ്രശ്നമെന്ന് വെച്ചാൽ അതിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നത് ചരിത്ര യാഥാർത്ഥ്യമാണ്.ലോകത്ത് അറിയപ്പെട്ട മിക്ക ത്വരീഖത്തുകളും കേരളത്തിലും ആദ്യകാലം മുതൽക്കേ വേരോട്ടം നേടിയിരുന്നു. ഒന്നാം മഖ്ദൂം ഖാദിരിയ്യ,രിഫാഇയ്യ, ചിശ്തിയ്യ,ശതാരിയ്യ തുടങ്ങി ത്വരീഖത്തുകളുടെ ശൈഖ് കൂടിയായിരുന്നു എന്നത് ഒരു ഉദാഹരണം മാത്രം. ഇങ്ങനെ ഇന്ന് ശിർക്കും ബിദ്അത്തുമായി പുത്തനാശയക്കാർ മുദ്രകുത്തുന്ന ഓരോ ആചാരാനുഷ്ഠാനങ്ങളും കേരളത്തിൽ നൂറ്റാണ്ടുകളായി പ്രചുരപ്രചാരം നേടിയവയാണ്.ആണ്ടുനേർച്ചകളും മാല മൗലിദുകളും കേരള മുസ്‌ലിംകളുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. ബദ് രീങ്ങളും മറ്റു ശുഹദാക്കളുമെല്ലാം അവരുടെ നാവിൻ തുമ്പത്ത് തത്തിക്കളിച്ച നാമങ്ങളായിരുന്നു.

അതുപോലെ കേരളത്തിലേക്ക് ഇസ്‌ലാമിക പ്രബോധനാർത്ഥം വന്ന ആരും തന്നെ അനറബി ഭാഷയിൽ ഖുത്ബ നിർവഹിച്ചതായോ 1930 ന് മുമ്പ് കേരളത്തിൽ സ്ത്രീകൾ പള്ളിയിൽ പോയിരുന്നതായോ ബിദഇകൾ തന്നെ വാദിക്കുന്നില്ല.മറിച്ച് തങ്ങൾക്കു മുമ്പ് കേരള മുസ്‌ലിംകൾ മക്കാ മുശ് രിക്കുകളെക്കാൾ അധപതിച്ചവരും കേരളത്തിൽ ആദ്യമായി ഹിദായത്ത് കിട്ടിയവരും കൊടുത്തവരും ഞങ്ങൾ ആണെന്നുമാണ് ബിദഈ പ്രസ്ഥാനക്കാർ വാദിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഈ കാര്യങ്ങളൊക്കെ ഉന്നയിച്ചുകൊണ്ട് തങ്ങളാണ് കേരളത്തിൽ നവോത്ഥാനം കൊണ്ടുവന്നതെന്ന് ഘോരഘോരം പ്രസംഗിക്കുന്നവർ തങ്ങൾക്ക് പാരമ്പര്യമില്ല എന്ന് കൂടിയാണ് വിളിച്ചുപറയുന്നത്. ഐക്യത്തോടെ കഴിഞ്ഞിരുന്ന കേരള മുസ്‌ലിംകൾക്കിടയിൽ അനൈക്യമുണ്ടാക്കുകയാണ് യഥാർത്ഥത്തിൽ ‘ഐക്യസംഘ’ക്കാർ ചെയ്തതെന്നും വ്യക്തം.

ഹാഫിള് അമീൻ നിഷാൽ വെള്ളേരി
Student at  |  + posts
Share this article
Shareable URL
Prev Post

ഹജ്ജ്; കർമ്മം മഹത്വം

Next Post

മുഹറം; ചരിത്രവും മഹത്വവും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next