പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് ഹജ്ജ്.ചില പ്രത്യേക ആരാധനാകർമങ്ങൾ നിർവഹിക്കാൻ ഉദ്ദേശിച്ച് മക്കയിലെ വിശുദ്ധ കഅബ ശരീഫിനെ കരുതി പോകുന്നതിനാണ് സാങ്കേതികമായി ഹജ്ജ് എന്ന് പറയുന്നത്. മനുഷ്യോൽപ്പത്തി മുതൽ നിലവിലുള്ള ഒരു ആരാധനാ കർമ്മമാണ് ഹജ്ജ് എന്ന് പ്രമാണങ്ങളിലൂടെ ബോധ്യപ്പെട്ടതാണ്. ആദിമ മനുഷ്യനും ആദ്യ പ്രവാചകനുമായ ആദം നബി ഇന്ത്യയിൽ നിന്ന് കാൽനടയായി 40 തവണ ഹജ്ജ് നിർവഹിച്ചു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഭൂമിയിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ഗേഹം വിശുദ്ധ കഅബാലയമാണെന്ന് വിശുദ്ധ ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തിയ കാര്യവുമാണ്. ഹിജ്റയുടെ എട്ടാം വർഷത്തിലായിരുന്നു മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് ഹജ്ജ് നിർബന്ധമാക്കപ്പെട്ടത്. പ്രായപൂർത്തിയും ബുദ്ധിയും സ്വതന്ത്രവും ഹജ്ജിന് കഴിവുള്ളവരുമായ (തടിയാലും മുതലാലും വഴിയാലും) എല്ലാവർക്കും ആയുസ്സിൽ ഒരിക്കലെങ്കിലും ഹജ്ജ് നിർവഹിക്കൽ നിർബന്ധമാണ്. ഹജ്ജിന്റെ മഹത്വത്തെ പറ്റി നബി(സ്വ)പറഞ്ഞു: “ആരെങ്കിലും കുറ്റമറ്റ രീതിയിൽ ഹജ്ജ് നിർവഹിച്ചാൽ അവൻ അവന്റെ ഉമ്മയിൽ നിന്ന് പ്രസവിക്കപ്പെട്ട ദിവസം പോലെയായിരിക്കും” അഥവാ അവന്റെ എല്ലാ പാപങ്ങളും പൊറുക്കപ്പെടും. ഇന്ന് നാം നിർവഹിച്ചു വരുന്ന ഹജ്ജിന്റെ അമലുകൾ മുഴുവനും ഹിജ്റ പത്താം വർഷം പ്രവാചകർ(സ്വ)ഒരു ലക്ഷ്യത്തിലധികം വരുന്ന അനുചരർക്കൊപ്പം നിർവഹിച്ച ഹജ്ജത്തുൽ വിദാഇൽ പഠിപ്പിച്ചു കൊടുത്തതാണ്. നബി(സ്വ)തങ്ങൾ ജീവിതത്തിൽ ഈ ഒരൊറ്റ ഹജ്ജ് മാത്രമേ നിർവഹിച്ചിട്ടുള്ളൂ.ഒന്നിൽ കൂടുതൽ ഹജ്ജ് ചെയ്താൽ അത് സുന്നതായാണ് പരിഗണിക്കപ്പെടുക. മറ്റു ആരാധന കർമ്മങ്ങളെ പോലെ തന്നെ നബി (സ്വ)തങ്ങൾ കാണിച്ചുതന്നത് പോലെയാണ് ഹജ്ജും നാം നിർവഹിക്കേണ്ടത്.
ഹജ്ജിന്റെ റുക്‌നുകൾ
1.ഇഹ്റാം ചെയ്യുക അഥവാ ഹജ്ജിൽ പ്രവേശിക്കുന്നു എന്ന് കരുതുക.
2.അറഫയിൽ നിൽക്കൽ.
ഹജ്ജിന്റെ കർമ്മങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇത്.”അൽഹജ്ജു അറഫ” എന്നാണ് തിരുനബി അരുളിയത്.സ്വർഗ്ഗത്തിൽ നിന്ന് ഇറക്കപ്പെട്ട ശേഷം ആദം നബി(അ)യും ഹവ്വാ ബീവി(റ)യും ആദ്യമായി കണ്ടുമുട്ടിയ സ്ഥലം എന്ന നിലക്കാണ് ‘അറഫ’എന്ന പേര് വന്നത്.
3.ഇഫാളതിന്റെ ത്വവാഫ്. ഹജ്ജിൽ നിർബന്ധമായ ത്വവാഫിനാണ് ഇഫാളതിന്റെ ത്വവാഫ് എന്ന് പറയുന്നത്.
4.സ്വഫ-മർവക്കിടയിൽ ഏഴ് തവണ സഅ് യ് ചെയ്യൽ. കുഞ്ഞായിരുന്ന ഇസ്മാഈൽ നബി(അ)ന് വെള്ളമന്വേഷിച്ച് ഹാജറ ബീവി(റ) നടന്ന സ്ഥലമാണ് സ്വഫാ മർവക്കിടയിലുള്ളത്. ഇവിടെ സ്വഫയിൽ നിന്ന് മർവയിലേക്കുള്ള പോക്ക് ഒരു പ്രാവശ്യവും മർവയിൽ നിന്ന് സ്വഫയിലേക്കുള്ള പോക്ക് മറ്റൊരു പ്രാവശ്യവുമായാണ് പരിഗണിക്കുക.
5.തലയിൽ നിന്ന് മുടി നീക്കൽ. തല മുണ്ഡനം ചെയ്യലാണ് ഉത്തമം. മൂന്ന് മുടിയിൽ കുറയാതെ നീക്കൽ കൊണ്ടും ബാധ്യത വീടും.
6.മേൽ പറയപ്പെട്ട കർമ്മങ്ങൾ തർതീബായി(ക്രമപ്രകാരം) ചെയ്യുക.
ഇവയിൽ നിന്ന് ഏതെങ്കിലും ഒഴിവായാൽ ഹജ്ജ് ബാത്വിലാകും. ബലി നൽകൽ പോലെയുള്ള പ്രായശ്ചിതങ്ങൾ പരിഹാരമാവുകയില്ല.
ത്വവാഫിന്റെ ശർത്വുകൾ
ത്വവാഫ് ശരിയാകണമെങ്കിൽ അതിന് ആറു നിബന്ധനകളാണ് ഉള്ളത്.
1.അശുദ്ധികളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ശുദ്ധിയാവുക.
2.കഴിവുള്ളവർ നഗ്നത മറക്കുക.
3.ത്വവാഫിനെ കരുതുക.
ത്വവാഫിനെ മാത്രമാണ് ഒരാൾ ചെയ്യുന്നതെങ്കിൽ മറ്റ് ഇബാദത്തുകളെ പോലെ തന്നെ നിയ്യത്ത് അനിവാര്യം.ഇനി മറ്റൊരു ഇബാദത്തിൽ അതിനെ ഉൾക്കൊള്ളിക്കുന്നുണ്ടെങ്കിൽ നിയ്യത്ത് അനിവാര്യമില്ല.
4.ഇടതുവശം പൂർണ്ണമായും ഹജറുൽ അസ് വദിലേക്ക് തിരിച്ച് അവിടെ നിന്ന് ത്വവാഫ് ആരംഭിക്കുക.
5.ത്വവാഫിൽ കഅ്ബയെ ഇടതുവശത്താക്കുക.
6.കഅ്ബയെ ഏഴ് തവണ വലം വെക്കുക.
ഹജ്ജിന്റെ വാജിബുകൾ
ഹജ്ജിന് അഞ്ച് വാജിബുകളാണ് ഉള്ളത്. ഉപേക്ഷിച്ചാൽ ഹജ്ജ് സ്വീകാര്യമാകാൻ പ്രായശ്ചിത്തം നിർബന്ധമായ കാര്യങ്ങളാണ് വാജിബുകൾ.
1.മീഖാത്തിൽ നിന്ന് ഇഹ്റാം ചെയ്യുക.
(ഹജ്ജ് ഉംറകളിൽ പ്രവേശിക്കേണ്ടത് ചില നിശ്ചിത സ്ഥലങ്ങളിൽ വെച്ചാണ്.പല നാട്ടുകാർക്കും പല സ്ഥലങ്ങളാണ്.ഇങ്ങനെ ഹജ്ജ് ഉംറകളിൽ പ്രവേശിക്കാൻ നിശ്ചയിച്ച പ്രത്യേക സ്ഥലങ്ങളാണ് മീഖാത്തുകൾ)
2.പെരുന്നാൾ രാവിൻ്റെ രണ്ടാം പാതിയിൽ അല്പനേരമെങ്കിലും മുസ്‌ദലിഫയിൽ രാപ്പാർക്കുക.
3.അയ്യാമുത്തഷ്രീക്കിൻ്റെ ദിവസങ്ങളിൽ (ദുൽഹിജ്ജ 11,12,13)മിനയിൽ രാപ്പാർക്കുക.
4.വിദാഇൻ്റെ ത്വവാഫ്
5.പെരുന്നാൾ രാവ് പകുതിയായാൽ ‘ ജംറതുൽ അഖബയെ ‘ ഏഴുതവണ എറിയുകയും അയ്യാമുതശ്രീക്കിൻ്റെ മൂന്ന് നാളുകളിൽ ആദ്യം ‘ജംറത്തുൽ ഊല’ യെയും പിന്നെ ‘വുസ്ത്വ’ യേയും ശേഷം ‘അഖബ’ യേയും യഥാക്രമം ഏഴുതവണ വീതം എറിയുകയും ചെയ്യണം.
ഈ വാജിബാതുകളിൽ ഏതെങ്കിലും വിട്ടു പോയാൽ ബലി കൊണ്ട് പരിഹാരമാകും.
ഹജ്ജിന്റെ സുന്നത്തുകൾ
1.ഇഹ്റാം ചെയ്യാൻ കുളിക്കുക.
2.അറഫയിൽ നിൽക്കാൻ അന്ന് വൈകുന്നേരം കുളിക്കുക,അയ്യാമുത്തശ്രീക്കിലെ ഏറിനും കുളിക്കുക
3.ഇഹ്‌റാമിന് തൊട്ടുമുമ്പ് ദേഹത്തിലും വസ്ത്രത്തിലും സുഗന്ധദ്രവ്യം പുരട്ടുക.
4.തൽബിയ്യത് ചൊല്ലുക.
5.ഖുദൂമിൻ്റെ ത്വവാഫ്
6.അറഫാ രാവിൽ മിനായിൽ രാപ്പാർക്കുക.ഇപ്പോൾ മശ്അറുൽ ഹറാം എന്നറിയപ്പെടുന്നിടത്ത് നിൽക്കലും സുന്നത്തുണ്ട്. (മുസ്ദലിഫയുടെ അറ്റത്തുള്ള മലയാണ് മശ്അറുൽ ഹറാം)
ഇഹ്റാം കൊണ്ട് ഹറാമാകുന്ന കാര്യങ്ങൾ
1.ആണും പെണ്ണും ഇണചേരൽ
2.ചുംബിക്കൽ
3.വികാരത്തോടെ സല്ലപിക്കൽ
4.വിവാഹം
5.സുഗന്ധ ദ്രവ്യം ഉപയോഗിക്കൽ
6.താടിയിലും മുടിയിലും എണ്ണ പുരട്ടൽ
7.തലയിൽ നിന്നോ താടിയിൽ നിന്നോ ദേഹത്തിന്റെ മറ്റു വശങ്ങളിൽ നിന്നോ രോമം നീക്കൽ
8.കൈകാലുകളുടെ നഖം മുറിക്കൽ
9.പുരുഷൻ തല മറക്കൽ
10.സ്ത്രീ മുഖം മറക്കൽ
ഫിദ് യ
ഇഹ്റാമിന് ശേഷം ഇഹ്റാം കൊണ്ട് ഹറാമാകുന്ന കാര്യങ്ങളിൽ നിന്ന് വല്ലതും ചെയ്താൽ അതിനുള്ള ഫിദ് യ (പ്രായശ്ചിത്തം) നിർബന്ധമാണ്. ഉളുഹിയ്യത് അറുക്കാൻ പറ്റുന്ന ഒരാടിനെ ബലി അറുക്കലാണ് ഫിദ് യ. അല്ലെങ്കിൽ ഹറമിൽ ഓരോരുത്തർക്കും അര സ്വാഅ് വീതം ആകെ മൂന്ന് സ്വാഅ് നൽകുകയോ അതുമല്ലെങ്കിൽ മൂന്ന് വ്രതമനുഷ്ഠിക്കുകയോ ചെയ്യാം.പറയപ്പെട്ടതിൽ നിന്നും താല്പര്യാനുസരണം തെരഞ്ഞെടുക്കാം.
❤️