ഭൗമ കേന്ദ്രമായ, പുണ്യ ഗേഹമായ പരിശുദ്ധ കഅ്ബാലയ പരിസരത്ത് ഇബ്റാഹീം നബി(അ)യും പത്നി ഹാജറ ബീവി(റ)യും മകൻ ഇസ്മാഈൽ നബി(അ)യും നെയ്തെടുത്ത അർപ്പണബോധത്തിൻ്റെയും ത്യാഗസന്നദ്ധതയുടെയും ചരിത്രസ്മരണ പുതുക്കാൻ വേണ്ടി ഇസ്ലാമിക ശരീഅത്തിൽ നിയമമാക്കപ്പെട്ടതാണ് പരിശുദ്ധ ഹജ്ജ് കർമ്മം. ദുൽഹിജ്ജ മാസത്തിൽ അനുവർത്തിക്കപ്പെടുന്ന ഹജ്ജ് കർമ്മം ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പെട്ടതുമാണ്.
ഹജ്ജ് കർമ്മത്തിൻ്റെ ചരിത്ര പശ്ചാത്തലത്തിൽ അനുവർത്തിക്കപ്പെടുന്നതാണല്ലോ ഉള്ഹിയത്.തന്റെ സ്വപ്നദർശനാനന്തരം മകൻ ഇസ്മാഈൽ(അ)നെ ബലിയറുക്കാൻ തയ്യാറായ ഇബ്രാഹീം നബി(അ) എന്ന പിതാവിൻ്റെ ആത്മധൈര്യത്തിനും മകൻ്റെ സഹനത്തിനും പകരം നാഥൻ നൽകിയ ആടിനെ അറുക്കപ്പെട്ട സംഭവത്തിന്റെ സ്മരണക്കായി നിയമമാക്കപ്പെട്ട സുന്നത്തായ പുണ്യകർമ്മമാണത്.
ചരിത്രം
ഇബ്റാഹിം നബി(അ) പതിറ്റാണ്ടുകൾ തൻ്റെ പത്നി സാറ ബീവിയോടൊപ്പം ദാമ്പത്യം നയിച്ചിട്ടും സന്താനലബ്ധി ലഭിക്കാത്തതിനാൽ സ്രഷ്ടാവിനോട് മനമുരുകി പ്രാർത്ഥിച്ചതിന്റെ ഫലമായി ഹാജറ എന്ന അടിമസ്ത്രീയിലൂടെ ഇസ്മാഈൽ(അ) ജനിക്കുകയുണ്ടായി.പ്രാർത്ഥിച്ച് ലഭിച്ച മകൻ്റെ വളർച്ചയുടെ ഘട്ടങ്ങളിൽ സ്രഷ്ടാവിന്റെ പല പരീക്ഷണങ്ങൾക്കും മൂവരും വിധേയരായിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഒരിക്കൽ ഇബ്രാഹിം(അ) മകനെ ബലി നടത്താൻ നിർദ്ദേശിച്ചുകൊണ്ടുള്ള സ്വപ്നം ദർശിക്കുന്നത്. അല്ലാഹുവിന്റെ ആജ്ഞകൾ യഥാവിധി അനുസരിച്ചുകൊണ്ട് ബലി നടത്താൻ ഇബ്രാഹിം(അ)മും കുട്ടിയായ മകൻ ഇസ്മാഈൽ(അ) തയ്യാറായി. എന്നാൽ ഇരുവരുടെയും
അർപ്പണബോധത്തിന് പകരമായി ആടിനെ അറുക്കാൻ സ്രഷ്ടാവ് നിർദ്ദേശിക്കുകയാണുണ്ടായത്.ഈ സംഭവം വളരെ കൃത്യമായി സ്വാഫാത് സൂറത്തിൽ വിവരിച്ചിട്ടുണ്ട്. ത്യാഗ സമ്പൂർണ്ണമായ ആ ചരിത്ര സ്മരണ പുതുക്കാനാണ് ഹിജ്റ രണ്ടാം വർഷം ഉള്ഹിയത് കർമം നിയമമാക്കപ്പെടുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വരൂപിക്കപ്പെട്ട പണത്തിൽ നിന്നോ പരിപാലിക്കപ്പെട്ട വളർത്തുമൃഗത്തിൽ നിന്നോ സ്രഷ്ടാവിന്റെ പ്രീതിക്കുവേണ്ടി ബലി നടത്തുന്നതാണ് ഉള്ഹിയ്യത്. ഹാജിമാർ വലിയ പെരുന്നാൾ ദിവസം മിനായിൽ വെച്ചും അല്ലാത്തവർ അതാത് നാടുകളിൽ നിന്നുമാണ് ബലികർമ്മം നിർവഹിക്കേണ്ടത്. ബലിപെരുന്നാൾ നിസ്കാരം കഴിഞ്ഞ്, ശേഷമുള്ള മൂന്നു ദിവസമാണ് ബലികർമ്മത്തിന്റെ അനുവദനീയമായ സമയം.
ഉള്ഹിയത്ത് മൃഗത്തിന്റെ മാംസത്തിൽ അല്പം തൻ്റെ ഉപയോഗത്തിന് മാറ്റിവെച്ച് ബാക്കി ദാനം ചെയ്യലാണ് ഉത്തമം.മാത്രമല്ല ബലി മാംസത്തിൽ നിന്ന് അല്പമെങ്കിലും ദരിദ്ര്യർക്ക് ദാനം ചെയ്യൽ നിർബന്ധമാണ്.അതുപോലെ അറുത്ത വ്യക്തി മുഴുവൻ തന്റെ ആവശ്യത്തിനുവേണ്ടി മാറ്റിവയ്ക്കൽ നിഷിദ്ധവുമാണ്. നേർച്ചയാക്കിയാൽ മറ്റുള്ള കർമ്മങ്ങളെ പോലെ ഉള്ഹിയ്യതും നിർബന്ധമായി മാറും. അതോടൊപ്പം ഭക്ഷണം മുഴുവൻ വിതരണം ചെയ്യലും നിർബന്ധമാകും.
സുന്നത്ത് ബാധ്യത
പെരുന്നാൾ ദിവസം തൻ്റെയും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവരുടെയും ആവശ്യം കഴിഞ്ഞ് ധനം അവശേഷിക്കുന്ന, പ്രായപൂർത്തിയും ബുദ്ധിയും സ്വാതന്ത്ര്യവുമുള്ള എല്ലാ മുസ്ലിമിനും ഉള്ഹിയ്യത് കർമം സുന്നത്താണ്. മാത്രമല്ല,കഴിവുള്ളവൻ ഇത് ഉപേക്ഷിക്കൽ കറാഹതുമാണ്. ഒരു വീട്ടിൽ നിന്ന് ഒരാൾ അറവ് നടത്തിയാൽ ബാക്കിയുള്ളവരോടുള്ള സുന്നത്തായ കൽപ്പന ഒഴിവാകും. എങ്കിലും പ്രതിഫലം അറവ് നടത്തിയവന് മാത്രമേ ലഭിക്കുകയുള്ളൂ.
ജീവിച്ചിരിക്കുന്നവരുടെ പേരിൽ ബലികർമ്മം നിർവഹിക്കാൻ അവരുടെ സമ്മതം അനിവാര്യമാണ്. മരണപ്പെട്ടവരുടെ പേരിൽ അവരുടെ വസ്വിയ്യത്തോടു കൂടെ മാത്രമേ ബലി നിർവഹിക്കാൻ പാടുള്ളൂ. മാത്രമല്ല വസ്വിയ്യത് പ്രകാരം അറുക്കുന്നവർ ബലി മാംസത്തിൽ നിന്ന് ഭക്ഷിക്കാൻ പാടുള്ളതല്ല. മറിച്ച് അവർ മുഴുവനും വിതരണം ചെയ്യൽ നിർബന്ധമാണ്.
ബലിമൃഗം
ആട്, മാട്, ഒട്ടകം എന്നിവയാണ് ബലി മൃഗങ്ങളായി അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇവയിൽ നിന്ന് ആൺ,പെൺ മൃഗങ്ങളെ അറുക്കാവുന്നതാണ്.എന്നാൽ പറയപ്പെട്ട മൃഗങ്ങളിൽ നിന്നുള്ള ഒന്നും അവയല്ലാത്ത ഒന്നും ഇണചേർന്ന് ജനിച്ച മൃഗം ബലിക്ക് അനുവദനീയമല്ല.
മാംസം കൂടുതൽ രുചികരമായതിനാൽ ആൺ മൃഗത്തെ ആറുക്കലാണ് ഏറ്റവും ശ്രേഷ്ഠകരം. ഇതേ കാരണം കൊണ്ട് തന്നെ ഇണചേരാത്ത പെൺമൃഗമാണ് ഇണചേർന്നതിനേക്കാൾ ഉത്തമം.മണിയുടക്കപ്പെട്ട മൃഗവും ശ്രേഷ്ഠകരം തന്നെ.
ബലി മൃഗങ്ങളിൽ ഒട്ടകത്തിന് അഞ്ചു വയസ്സും മാട്, കോലാട് എന്നിവയ്ക്ക് രണ്ടു വയസ്സും നെയ്യാടിന് ഒരു വയസ്സും പൂർത്തിയാവൽ നിർബന്ധമാണ്. നെയ്യാടിന് ഒരു വയസ്സ് പൂർത്തിയാകുന്നതിനുമുമ്പ്, ആറുമാസത്തിനുശേഷം പല്ല് കൊഴിഞ്ഞതായാലും മതി.
ഇന്ന് നമ്മുടെ നാടുകളിൽ കാണപ്പെടുന്നത് കോലാടുകളാണ്.അവക്ക് രണ്ടു വയസ്സ് പൂർത്തിയാവൽ നിബന്ധനയാണ്. ഒരു വയസ്സ് പൂർത്തിയായാൽ മതിയെന്നും അഭിപ്രായമുണ്ട്.ആട്, മാട്, ഒട്ടകങ്ങളിൽ നിന്ന് പരസ്പരം ചേർന്ന് ജനിച്ച മൃഗം ഉളുഹിയ്യതിന് അനുവദനീയമാണ്. ഇതിൽ പ്രായം പരിഗണിക്കേണ്ടത് ജനയിതാക്കളിലുള്ള ഉയർന്ന പ്രായം കൊണ്ടാണ്. ഉദാഹരണത്തിന്, കോലാടും ഒട്ടകവും ഇണചേർന്നുണ്ടായ മൃഗത്തിന് ഒട്ടകത്തിന്റെ വയസ്സാണ് പരിഗണിക്കുക.
മൃഗത്തെ തിരഞ്ഞെടുക്കുന്ന രൂപം
ഉള്ഹിയത്തിനുള്ള മൃഗങ്ങളിൽ ഏറ്റവും ശ്രേഷ്ഠം യഥാക്രമം ഏഴ് ആടുകൾ, ഒട്ടകം, ആട്, നെയ്യാട്, കോലാട്, ഒട്ടകത്തിലോ മാടിലോ കൂറാവൽ എന്നിങ്ങനെയാണ്.ഒട്ടകം, മാട് എന്നിവയിൽ ഏഴുപേർക്ക് ചേർന്ന് ബലികർമ്മം നിർവഹിക്കാവുന്നതാണ്.
മൃഗങ്ങളുടെ നിറത്തേക്കാൾ പരിഗണിക്കേണ്ടത് മൃഗങ്ങളുടെ വണ്ണവും വലിപ്പവുമാണ്.ശ്രേഷ്ഠനിറത്തിലുള്ള മെലിഞ്ഞ രണ്ട് മൃഗത്തേക്കാൾ നല്ലത് തടിച്ച ഒരു മൃഗത്തെ അറുക്കലാണ്. മാംസ വർദ്ധനവിനാണ് പ്രാധാന്യം എന്നതാണ് ഇതിനു കാരണം.
മൃഗങ്ങളുടെ നിറങ്ങളിൽ ശ്രേഷ്ഠം യഥാക്രമം വെളുപ്പ്, മഞ്ഞ, മങ്ങിയ വെളുപ്പ്, നീല, ചുവപ്പ്, വെളുപ്പും ചുവപ്പും കലർന്നത്, കറുപ്പ് എന്നിങ്ങനെയാണ്.
സംഘടിത ഉള്ഹിയ്യത്ത്
മിക്ക നാടുകളിലും മഹല്ലുകളുടെ നേതൃത്വത്തിൽ സംഘടിത ഉളുഹിയ്യത്താണ് നടത്തപ്പെടാറുള്ളത്. അറവ് നടത്തുന്ന സന്ദർഭങ്ങളിൽ മഹല്ല് കമ്മിറ്റികൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഒരു മഹല്ലിലെ എഴുപത് ആളുകളിൽ നിന്ന് നിശ്ചിത സംഖ്യ സ്വീകരിച്ച് പത്ത് മാടുകൾ ഒരുമിച്ചു വാങ്ങി, അറവ് നടത്തി മാംസം വിതരണം ചെയ്താൽ ബലികർമം ശരിയാവുകയില്ല. പകരം ഓരോ മാടിനെയും ഏഴുപേർക്ക് വീതം നിശ്ചയിച്ചു, ഉടമപ്പെടുത്തി കൊടുത്തതിന് ശേഷം അവർ നിയ്യത്ത് വയ്ക്കുകയും സ്വന്തമായി അറുക്കുകയോ കൂട്ടത്തിൽ പെട്ടതോ അല്ലാത്തതോ ആയ ഒരാളെ വക്കാലത്താക്കുകയോ ചെയ്താലേ ഉള്ഹിയ്യത്ത് ശരിയാവുകയുള്ളൂ.ഓരോ മാടിലും ഒട്ടകത്തിലും ഏഴുപേർക്ക് വരെ പങ്കാകാം എന്ന് മാത്രമേ നിയമമുള്ളൂ.ഏഴുപേരും ഉള്ഹിയത് ഉദ്ദേശിക്കണമെന്നില്ല. വേണ്ടവർക്ക് അഖീഖത്തും കരുതാം.
ബലി കർമ്മം വളരെ ശ്രേഷ്ഠകരമായ സുന്നത്താണ്. ബലിമൃഗത്തിന്റെ ആദ്യ രക്തത്തുള്ളി നിലത്ത് വീഴുന്നതോടെ ബലി സമയർപ്പിക്കുന്നവന്റെ പാപങ്ങൾ മുഴുവനും പൊറുക്കപ്പെടും, ബലി മൃഗത്തിന്റെ എഴുപത് ഇരട്ടി വലിപ്പത്തിൽ അന്ത്യനാളിൽ അവൻ്റെ നന്മയുടെ തുലാസിൽ അതിനെ വെക്കപ്പെടുമെന്ന് പ്രവാചകൻ(സ) ബലി കർമ്മത്തിൻ്റെ ശ്രേഷ്ടതയെ കുറിച്ച് അരുളിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കാര്യക്ഷമമായ രീതിയിൽ ഈ സുന്നത്തിനെ നാം അനുവർത്തിക്കപ്പെടേണ്ടതുണ്ട്.