ബന്ധനമുക്തമാക്കുക എന്നാണ് ത്വലാഖിൻ്റെ ഭാഷാര്‍ത്ഥം. പ്രത്യേക പദങ്ങള്‍ ഉപയോഗിച്ച് ഭാര്യ – ഭര്‍തൃ വിവാഹ ഇടപാട് ഒഴിവാക്കുക എന്നതാണ് ത്വലാഖിൻ്റെ ശറഈ ഭാഷ്യം.ശരീഅത്തില്‍ നിയമ വിധേയമാണെങ്കിലും ഇസ്ലാം പ്രോത്സാഹിപ്പിക്കാത്ത ഒന്നാണ് ത്വലാഖ്.അതിനാല്‍ തന്നെ ദാമ്പത്യജീവിതം ഒന്നിച്ചു പോകാനുള്ള എല്ലാ സാധ്യതകളും അടയുന്ന അനിവാര്യഘട്ടത്തില്‍ മാത്രമാണ് ത്വലാഖിൻ്റെ നിയമസാധുതയെ പരീക്ഷിക്കേണ്ടത്.ത്വലാഖ് അനുവദനീയമാണ് എന്നതോടൊപ്പം അബുദാവൂദ്(റ) രേഖപ്പെടുത്തിയ ഹദീസ് ചേര്‍ത്തു വായിക്കേണ്ടതാണ്:”അനുവദനീയമായതില്‍ നിന്ന് അല്ലാഹുവിന് ഏറ്റവും കോപമുള്ള കാര്യമാണ് വിവാഹമോചനം”(തഹ്ദീബു തഹ്ദീബ് 9:143). ത്വലാഖ് എന്ന നിയമം പത്‌നിമാരെ തൻ്റെ ഇംഗിതത്തിന് നിര്‍ത്താനുള്ള മാര്‍ഗമായി പുരുഷന്മാര്‍ ഒരിക്കലും കാണാന്‍ പാടുള്ളതല്ല. അത് ഇസ്ലാമിക നിയമത്തിൻ്റെ ചൈതന്യത്തിനോട് എതിരാണ്.
ത്വലാഖിൻ്റെ പദങ്ങള്‍
പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്ന വേളയില്‍ ഭാര്യയെ ഉപദേശിക്കുക, കിടപ്പറയില്‍ ഉപേക്ഷിക്കുക, പരുക്കില്ലാത്ത വിധം അടിക്കുക, ഉഭയകക്ഷി ചര്‍ച്ച ചെയ്യുക തുടങ്ങിയ നാല് ഘട്ടങ്ങള്‍ ത്വലാഖിന് മുമ്പ് പ്രയോഗിക്കണം. ഇവയൊന്നും ഫലിക്കാതെ അനുരഞ്ജനത്തിൻ്റെയും യോജിപ്പിൻ്റെയും വാതിലുകള്‍ പൂര്‍ണമായി അടഞ്ഞു കഴിഞ്ഞാല്‍ മാത്രമേ ത്വലാഖിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ.ത്വലാഖിൻ്റെ പദങ്ങള്‍ രണ്ട് രൂപത്തിലുണ്ട്. വ്യക്തമായ പദങ്ങളുപയോഗിച്ചു കൊണ്ടുള്ളതും(സ്വരീഹ്) സൂചക പദങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ളതും(കിനായത്). സ്വരീഹിൻ്റെ പദങ്ങളായ സറാഹ്(പിരിച്ചുവിടല്‍), ഫിറാഖ്(വേര്‍പ്പെടുത്തല്‍), ത്വലാഖ്(അഴിക്കല്‍) എന്നിവയോ അതിൻ്റെ പരിഭാഷയോ ഉച്ചരിക്കല്‍ കൊണ്ട് തന്നെ(ഉദാ:ത്വല്ലഖ്തുകി=നിന്റെ വിവാഹ ബന്ധത്തെ ഞാന്‍ അഴിച്ചു) നിയ്യത്ത് ഇല്ലെങ്കിലും വിവാഹമോചനം സംഭവിക്കും.മാത്രമല്ല തമാശയായി ചൊല്ലിയാലും ത്വലാഖ് സാധുവാകും.കിനായതിൻ്റെ രൂപത്തില്‍(പദങ്ങള്‍ നിരവധിയുണ്ട്) ഉദ്ദേശത്തോടുകൂടിയാണെങ്കില്‍ മാത്രമേ ത്വലാഖ് സംഭവിക്കുകയുള്ളൂ.ഉദാ:നീ എനിക്ക് നിഷിദ്ധമാണ്, നീ എന്റെ മാതാവിനെ പോലെയാണ് തുടങ്ങിയവ പദങ്ങള്‍ ത്വലാഖ് നിയ്യത്താക്കി ഭാര്യയോട് മൊഴിയുക.
ത്വലാഖിൻ്റെ വിധികള്‍
1.കറാഹത്:
കാരണം കൂടാതെ വിവാഹബന്ധം വേര്‍പ്പെടുത്തല്‍ അനുവദനീയമാണെങ്കിലും അഭിലഷണീയമല്ല,കറാഹത്താണ്.
2.ഹറാം:
ത്വലാഖ് ഹറാമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. ബിദഇയ്യായ ത്വലാഖ് ഹറാമാകുന്നു.സംഭോഗവിധേയയായ സ്ത്രീയെ ആര്‍ത്തവ ഘട്ടം പോലുള്ളതില്‍ ത്വലാഖ് ചൊല്ലല്‍ ബിദഇയ്യായ ത്വലാഖാണ്. എന്നാല്‍ അവള്‍ പ്രതിഫലം നല്‍കി ത്വലാഖ് ആവശ്യപ്പെട്ടതാണെങ്കില്‍ ഹറാമാവുകയില്ല.സംഭോഗം ചെയ്ത ശുദ്ധിഘട്ടത്തിലും ത്വലാഖ് ബിദഇയ്യാണ്. (ഒന്നിലധികം ഭാര്യമാരുള്ളവന്‍) ഭാര്യയുടെ ഊഴമായ നിശ്ചിത സമയം പൂര്‍ത്തിയാവുന്നതിന് മുമ്പ് അവളെ ത്വലാഖ് ചൊല്ലുന്നതും നിഷിദ്ധമാണ്.അനന്തരാവകാശം മുടക്കണമെന്ന ലക്ഷ്യത്തോടെ രോഗി തൻ്റെ ഭാര്യയെ ത്വലാഖ് ചൊല്ലുന്നതും നിഷിദ്ധമാണ്.
3.വുജൂബ്:
ഉദാഹരണം: ഭാര്യയുമായി ബന്ധപ്പെടുകയില്ലെന്ന് ഭര്‍ത്താവ് ശപഥം ചെയ്ത് നാലുമാസത്തിനുശേഷം ഭാര്യ ആവശ്യപ്പെട്ടിട്ടും ശപഥത്തില്‍ നിന്ന് പിന്മാറാനോ ബന്ധം വേര്‍പ്പെടുത്താനോ തയ്യാറായില്ലെങ്കില്‍ ഖാളി ഇടപെട്ട് നിര്‍ബന്ധപൂര്‍വ്വം ത്വലാഖ് ചൊല്ലണം.
4.സുന്നത്ത്:
ഭാര്യയുടെ അവകാശങ്ങള്‍ നിറവേറ്റി കൊടുക്കാന്‍ കഴിയാതെ വരിക.
ഭാര്യ പതിവൃത അല്ലാതിരിക്കുക. എന്നാല്‍ ത്വലാഖ് കാരണം മറ്റുള്ളവര്‍ അവളെ അനാശ്യാസത്തിന് ഉപയോഗിക്കുമെങ്കില്‍ ത്വലാഖ് സുന്നതില്ല.
ന്യായമായ കാരണമുണ്ടായതിന് വേണ്ടി മാതാപിതാക്കളിലൊരാള്‍ വിവാഹം ബന്ധം വേര്‍പ്പെടുത്താന്‍ ആവശ്യപ്പെടുക(ഫത്ഹുല്‍ മുഈന്‍: 300).
ത്വലാഖിൻ്റെ ഘട്ടങ്ങള്‍
ത്വലാഖിന് മൂന്ന് ഘട്ടങ്ങളാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.മൂന്ന് തലാഖും ഒന്നിച്ച് ചൊല്ലിയാല്‍(ഈ രീതിക്ക് ‘മുത്വലാഖ്’ എന്ന് പറയുന്നു) ത്വലാഖ് സാധുവാകുമെങ്കിലും അത് നിഷിദ്ധമാണെന്ന് ഇമാം അബുഹനീഫ(റ), ഇമാം മാലിക്(റ), ഇമാം അഹ്‌മദ് ബിന്‍ ഹമ്പല്‍(റ) എന്നിവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.അത് സുന്നത്തിനെതിരാണെന്നാണ് ഇമാം ശാഫിഈ(റ)ൻ്റെ പക്ഷം.’ത്വലാഖ് ഒന്നുകൊണ്ട് മതിയാക്കലാണ് സുന്നത്ത്'(ഫത്ഹുല്‍ മുഈന്‍: 300). ഒരാള്‍ തൻ്റെ ഭാര്യയെ മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയത് നബി(സ്വ) തങ്ങള്‍ അറിഞ്ഞപ്പോള്‍ അവിടുന്ന് ദേഷ്യപ്പെട്ട് എഴുന്നേറ്റു കൊണ്ട് പറഞ്ഞു:”ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹുവിൻ്റെ കിതാബ് കൊണ്ട് അവന്‍ കളിക്കുകയോ?’നബി(സ്വ) തങ്ങളുടെ ദേഷ്യം കണ്ടപ്പോള്‍ ഒരാള്‍ എഴുന്നേറ്റു നിന്ന് ചോദിച്ചു:’നബിയെ, ഞാന്‍ അവനെ വധിക്കട്ടെയോ”(നസാഈ: 3401).
ഓരോ തവണയായി ത്വലാഖ് ചെല്ലുമ്പോഴും ഓരോന്നിൻ്റെ ഇടയിലും,മുന്‍പ് പരാമര്‍ശിക്കപ്പെട്ട അനുരഞ്ജനത്തിൻ്റെ നാലു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.ആദ്യ രണ്ടു ത്വലാഖിന് ശേഷവും ബന്ധം പുനസ്ഥാപിക്കല്‍ അനുവദനീയമാണ്. ബന്ധം പുനസ്ഥാപിക്കുന്നത് ഇദ്ദകാലം കഴിയുന്നതിനു മുമ്പാണെങ്കില്‍ ‘ഞാന്‍ എൻ്റെ ഭാര്യ(പേര്)യെ വിവാഹത്തിലേക്ക് തന്നെ മടക്കി’ എന്ന് പറഞ്ഞാല്‍ മതി.ഇദ്ദകാലം കഴിഞ്ഞതിനു ശേഷമാണെങ്കില്‍ സാധാരണ പോലെ മഹ്ര്‍ നല്‍കി പുനര്‍വിവാഹം നടത്തണം.”മടക്കിയെടുക്കാവുന്ന വിവാഹമോചനം രണ്ട് പ്രാവശ്യമാകുന്നു. പിന്നെ മര്യാദയ നുസരിച്ച് ഭാര്യയായി തിരിച്ചെടുത്തു കൂടെ നിലനിര്‍ത്തുകയോ നല്ല നിലയില്‍ വിട്ടേക്കുകയോ ചെയ്യാം”(സൂറതുല്‍ ബഖറ: 229).
മടക്കിയെടുക്കാവുന്ന രണ്ടു ത്വലാഖിന് ശേഷം ദമ്പതിമാര്‍ക്ക് പൂര്‍വ്വ ബന്ധത്തിലേക്ക് മടങ്ങുന്നതിന് വലിയ്യ്(രക്ഷിതാവ്) അവരെ തടയാന്‍ പാടില്ല.”നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം നടത്തി അവരുടെ ഇദ്ദകാലം പൂര്‍ത്തിയായി കഴിഞ്ഞാല്‍ അവരുടെ ഭര്‍ത്താക്കളെ വിവാഹം ചെയ്യുന്നതില്‍ നിന്ന് നിങ്ങള്‍ അവരെ തടയരുത്”(സൂറതുല്‍ ബഖറ: 232). ഇസ്ലാം പരമാവധി എളുപ്പത്തില്‍ പൂര്‍വ്വ ബന്ധത്തിലേക്ക് മടങ്ങാന്‍ നിയമ സാധുത നല്‍കുന്നത് ദാമ്പത്യബന്ധം ദൃഢപ്പെടുത്താനും സങ്കീര്‍ണ്ണമാകാതിരിക്കാനുമാണ്.മൂന്നാമതും അവളെ ത്വലാഖ് ചൊല്ലിയാല്‍ പിന്നീട് അവളെ വിവാഹം ചെയ്യാന്‍, മറ്റൊരാള്‍ അവളെ വിവാഹം കഴിച്ച് സംയോഗവും കയിഞ്ഞ് ബന്ധമൊഴിവാക്കുകയും ,അവളുടെ ഇദ്ദ കഴിഞ്ഞിരിക്കുകയും വേണം.
ത്വലാഖിന് സാക്ഷി നില്‍ക്കല്‍
ത്വലാഖ് ചൊല്ലിയതായി സ്ഥിരപ്പെടാന്‍ രണ്ട് സാക്ഷികള്‍ അനിവാര്യമാണ്. ത്വലാഖ് ചൊല്ലിയെന്ന് അംഗീകരിച്ചത് സ്ഥിരപ്പെടാനും ഇങ്ങനെ തന്നെ.അവര്‍ രണ്ടുപേരും പുരുഷന്മാരും സ്വതന്ത്രരും സത്യസന്ധരുമാവണം. സ്ത്രീകളുടെ സാക്ഷ്യം സ്വീകാര്യമല്ല.സ്ത്രീകളുടെ കൂടെ ഒരു പുരുഷനുണ്ടെങ്കിലും സ്ത്രീകള്‍ നാല് പേരുണ്ടെങ്കിലും അവരുടെ സാക്ഷ്യം പരിഗണിക്കുന്നതല്ല.അടിമകളുടെ സാക്ഷ്യവും(അവര്‍ സദ് വൃത്തരാണെങ്കിൽ പോലും)സ്വീകാര്യമല്ല. ദുര്‍നടപ്പുകാരൻ്റെ സാക്ഷ്യവും ഇങ്ങനെ തന്നെ. അകാരണമായി നിസ്‌കാരം ഖളാആക്കുക പോലുള്ള ദുര്‍നടപ്പാണെങ്കിലും സാക്ഷ്യം സ്വീകരിക്കുന്നതല്ല.
ത്വലാഖിൻ്റെ പദം അവന്‍ മൊഴിയുന്നത് സാക്ഷി നില്‍ക്കുന്നവര്‍ കേള്‍ക്കലും തത്സമയം അവനെ കാണലും സാക്ഷ്യത്തിൻ്റെ നിര്‍വ്വഹണത്തിനും സ്വീകാര്യതക്കും നിബന്ധനയാണ്. അതിനാല്‍ ത്വലാഖ് ചൊല്ലുന്ന വ്യക്തിയെ കാണാതെ ശബ്ദത്തിൻ്റെ അടിസ്ഥാനത്തില്‍ സാക്ഷിനില്‍ക്കുന്നത് സാധുവല്ല. തിരിച്ചറിയാതെ വന്നേക്കാം എന്നതുകൊണ്ടാണത്. ഭര്‍ത്താവുപയോഗിച്ച വ്യക്തമായതോ സൂചകമായതോ ആയ ത്വലാഖിൻ്റെ പദം സാക്ഷികള്‍ വ്യക്തമാക്കേണ്ടതാണ്. ത്വലാഖ് ചൊല്ലപ്പെട്ടവളുടെ പിതാവും മകനും അല്ലാഹുവിൻ്റെ തൃപ്തി മാത്രം ഉദ്ദേശിച്ച് യഥേഷ്ടം നില്‍ക്കുന്ന സാക്ഷ്യം സ്വീകാര്യമാണ്.
ഖുല്‍ഉം ഫസ്ഖും
ഭര്‍ത്താവിന് മോചനദ്രവ്യം നല്‍കി ഭാര്യ വിവാഹമോചനം തേടുന്ന,ത്വലാഖിൻ്റെ രൂപമാണ് ഖുല്‍അ്. അല്ലാഹു ഖുര്‍ആനിലൂടെ പറയുന്നു:”അല്ലാഹുവിൻ്റെ വിധിവിലക്കുകള്‍ അനുസരിക്കാനാകില്ലെന്ന് ഭയപ്പാട് ഉണ്ടെങ്കില്‍ വിവാഹമോചന ലബ്ധിക്കായി അവളെന്തെങ്കിലും നല്‍കുന്നുവെങ്കില്‍ അതില്‍ അവരിരുവര്‍ക്കും കുറ്റമൊന്നും തന്നെയില്ല”(സൂറതുല്‍ ബഖറ:229). മഹ്‌റായി പരിഗണിക്കുന്ന ഏതൊരു വസ്തുവും ഖുല്‍ഇനും പകരമാക്കാം(ഇആനത്തുത്ത്വാലിബീന്‍ 3:432). അതല്ലാത്തവ പകരം വെച്ചാല്‍ നിലവാര മഹ്‌റിനായിരിക്കും ഖുല്‍അ് നടക്കുന്നത്.’ഖുല്‍ഇൻ്റെയോ,ത്വലാഖിൻ്റെയോ വാചകം കൊണ്ട് ഖുല്‍അ് സംഭവിക്കുന്നതാണ് ,ഉദാ:‘ആയിരം രൂപക്ക് നീ ത്വലാഖ് ചൊല്ലപ്പെട്ടവളാണ്/ ആയിരം രൂപക്ക് നിന്നെ ഞാന്‍ ഖുല്‍അ് ചെയ്തു’ തുടങ്ങിയ വാചകം ചൊല്ലുകയും ഭാര്യ സ്വീകരിക്കുകയും ചെയ്താല്‍ ബന്ധം വേര്‍പ്പെടുകയും അതോടെ സ്ത്രീക്ക് ഇദ്ദയിരിക്കല്‍ നിര്‍ബന്ധമാവുകയും ചെയ്യും.എന്നാല്‍ മടക്കിയെടുക്കാവുന്നതല്ല(ഫത്ഹുല്‍ മുഈന്‍: 402). ഖുല്‍ഇല്‍ വിവാഹമോചനം ചെയ്യാനുള്ള അവകാശം ഭര്‍ത്താവിന് മാത്രമാണ്.
ഭര്‍ത്താവ് ദരിദ്രനും ഭാര്യക്ക് ജീവിത ചെലവോ,മഹ്‌റോ നല്‍കാന്‍ കഴിവില്ലാത്തവനുമായിത്തീര്‍ന്നാല്‍ ഭാര്യക്ക് ഫസ്ഖ് ചെയ്ത് വിവാഹബന്ധം വേര്‍പ്പെടുത്താം(ഫത്ഹുല്‍ മുഈന്‍: 424). വിവാഹത്തോടുകൂടി തൻ്റെ ഭാര്യയുടെ ജീവിതചെലവ് വഹിക്കാന്‍ ബാധ്യസ്ഥനായിത്തീരുന്ന ഭര്‍ത്താവ്, ദരിദ്യനും ജോലി ചെയ്ത് മതിയായ കൂലി സമ്പാദിക്കാന്‍ കഴിവില്ലാത്തവനുമായാല്‍ ഭര്‍ത്താവിൻ്റെ സമ്മതമില്ലെങ്കിലും, രാത്രി തിരിച്ചെത്തണമെന്ന നിബന്ധനയോടു കൂടി പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ ഇസ്ലാം ഭാര്യയ്ക്ക് അവകാശം നല്‍കുന്നുണ്ട്(ഫത്ഹുല്‍ മുഈന്‍: 429,430). അവള്‍ക്ക് സ്വന്തമായി സ്വത്തും വീടിനകത്തിരുന്ന് ജോലി ചെയ്ത് സമ്പാദിക്കാന്‍ അവസരവും ഉണ്ടായാലും ഈ അവകാശം നിഷേധിക്കപ്പെടുന്നില്ല.അവന് അവളെ വിലക്കാവുന്നതുമല്ല.ഇതിന് പുറമെ ഭര്‍ത്താവിനെ തൃപ്തിപ്പെട്ട് ജീവിതം തുടരുകയോ ഫസ്ഖ് ചെയ്ത് വിവാഹബന്ധം തന്നെ വേര്‍പ്പെടുത്തുകയോ ചെയ്യാനും അവള്‍ക്ക് അവകാശമുണ്ട്.എന്നാല്‍,നികാഹ്,ത്വലാഖ് എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമായി, ഒരു ഖാളിക്കു മുമ്പാകെ പ്രശ്‌നമവതരിപ്പിക്കുകയും സമ്മതം നേടുകയും ചെയ്ത ശേഷം മാത്രമേ ഫസ്ഖ് നടപടിയാവുകയുള്ളു(ഫത്ഹുല്‍ മുഈന്‍: 425). അത് പോലെ ഭാര്യ ഭര്‍ത്താക്കന്മാര്‍ ഓരോരുത്തരുടെയും ന്യൂനത വെളിവായ ഉടനെ,വിവാഹം ദുര്‍ബലപ്പെടുത്താന്‍ അധികാരമുണ്ട്.ന്യായാധിപൻ്റെ സാന്നിധ്യത്തില്‍ ഭ്രാന്ത്, ശക്തമായ കുഷ്ഠം,വെള്ളപ്പാണ്ട്,സ്ത്രീയുടെ ജനനേന്ദ്രിയം അടക്കപ്പെട്ടവളാവുക,പുരുഷന്‍ ലൈംഗികശേഷി ഇല്ലാത്തവനാവുക എന്നിവ വിവാഹത്തെ ദുര്‍ബലപ്പെടുത്താവുന്ന ന്യൂനതകളില്‍ ചിലതാണ്(മുഹ്താജ് 4:340,341).