റംസാൻ ഇളയോടത്ത്
(യുവ എഴുത്തുകാരൻ)
ചരിത്രങ്ങളിൽ നാമങ്ങൾക്ക് വളരെയധികം പ്രാധാന്യമാണുള്ളത് .നാമങ്ങൾ ചരിത്രത്തിന്റെ അടയാളങ്ങളായി നില നിൽക്കുന്നു .ആ നാമങ്ങളിലൂടെ അതിന് പിന്നിലുള്ള ചരിത്രത്തെ പുതു തലമുറ ഓർത്തു കൊണ്ടിരിക്കുന്നു .നാമങ്ങൾ സ്ഥലനാമങ്ങളോ സംഭവ നാമങ്ങളോ ആകാം .അവ രണ്ടും ഒരുപോലെ ചരിത്രത്തെയും ഭാവി തലമുറയെയും പിടിച്ചു കുലുക്കാൻ ശേഷിയുള്ളതാണ് . ചരിത്രത്തെ മായ്ച്ചു കളഞ്ഞ് അവിടെ തങ്ങളുടെ വംശീയ ശുദ്ധിയുടെ ചരിത്രത്തെ പ്രതിഷ്ഠിക്കാൻ സ്വേച്ഛാധിപതികൾ ചെയ്തിരുന്ന പ്രക്രിയ ചരിത്രത്തിൽ തങ്ങൾക്ക് മായ്ച്ച് കളയേണ്ട സംഭവങ്ങളുടെയോ സ്ഥലങ്ങളുടെയോ നാമങ്ങൾ മായ്ച്ച് അവിടെ പുതിയത് ചേർക്കുക എന്നതായിരുന്നു .അതായിരുന്നു ജർമ്മനയിൽ ഹിറ്റ്ലർ ചെയ്തതും ഹിന്ദുത്വ ഭരണകൂടത്തിനടിയിൽ പെട്ട നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും .നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് ഉത്തർപ്രദേശിൽ ഹിന്ദുത്വ ശക്തികൾ അധികാരം പിടിച്ചടക്കിയതിന് ശേഷം മുഗൾഭരണകാലത്തിന്റെ ചരിത്രങ്ങൾ പേറിയിരുന്ന ഒരുപാട് സ്ഥലങ്ങളുടെയും നിർമ്മിതികളുടെയും പേരുകൾ അവർ തിരുത്തിയിരിക്കുന്നു.അലഹാബാദിനെ പ്രയാഗ് രാജ് എന്ന് പുനർ നാമകരണം ചെയ്തത് അതിനൊരുദാഹരണമാണ് .പ്രാചീന ഇന്ത്യ ഭരിച്ചിരുന്ന രാജവംശത്തിലെ ശക്തരായ മുഗൾ ഭരണകൂടത്തിന്റെ ഓർമ്മകൾ രാജ്യത്ത് നിന്ന് തുടച്ചു നീക്കുക വഴി അവർ ലക്ഷ്യമിടുന്നത് രാജ്യത്തെ മുസ്ലിം പൈതൃകങ്ങളെ മായ്ച്ച് കളഞ്ഞു അവരെ സാംസ്കാരിക ഷണ്ഡരാക്കുക എന്നതാണ് . ഒരു ജനതയോട് ചെയ്യാൻ കഴിയാവുന്ന ഏറ്റവും വലിയ ക്രൂരത ഒരു കൂട്ടക്കൊലയല്ല ,മറിച്ച് അവരുടെ പൈതൃകങ്ങളും ചരിത്രങ്ങളും അവരുൾക്കൊള്ളുന്ന സമൂഹത്തിൽ നിന്ന് തുടച്ചു മാറ്റുക എന്നതാണ് .ഒരു വംശീയ കൂട്ടക്കൊല കൊണ്ട് ഒരു തലമുറയെ മാത്രമേ നശിപ്പിക്കാനാവൂ .അടുത്ത തലമുറ വീണ്ടും ഉയർത്തെഴുന്നേൽക്കും .എന്നാൽ അവരുടെ ചരിത്രം ഇല്ലാതാക്കുക വഴി അവരുടെ അവകാശങ്ങളെ മേൽ വിലാസങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് .അത് ഒരു തലമുറയെയല്ല ഈ ലോകം നില നിൽക്കുന്ന കാലത്തോളം ഇവിടെ എത്ര തലമുറകൾ കടന്ന് പോകുന്നുവോ അവരെയെല്ലാം പ്രതികൂലമായി ബാധിക്കും . മേൽ വിലാസമില്ലാത്തവൻ അനാഥനാണ് .ഒരു കുഞ്ഞ് അനാഥനാണെന്ന് പറയുന്നത് അവന് മേൽവിലാസമില്ലാതെയാകുമ്പോഴാണ് .നിങ്ങളിൽ ഗോത്രവും വർഗ്ഗവും നൽകിയിരിക്കുന്നത് നിങ്ങളെ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണെന്ന ഇലാഹി വചനവും മേൽ പറഞ്ഞതിന്റെ പ്രാധാന്യം വെളിവാക്കുന്നുണ്ട് .
ചരിത്ര വായനകളിൽ അല്ലെങ്കിൽ ചരിത്ര ക്ലാസുകളിൽ നമ്മുടെ സമുദായം തെറ്റിദ്ധരിക്കപ്പെട്ട ചില വാക്കുകളെ ഉദ്ധരിച്ചു അതിനെ തിരുത്തി എഴുതിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ആകെത്തുകയായി ഉദ്ദേശിക്കുന്നത് . ചരിത്ര വായനയുടെ അല്ലെങ്കിൽ വിശദമായി പറഞ്ഞാൽ ഇന്ത്യ ചരിത്ര വായനയിൽ നമ്മുടെ സമുദായം ആവർത്തിക്കുന്ന എതാനും ചില തെറ്റുകളുണ്ട് .അതിലൊന്നാണ് നമ്മുടെ രാജ്യത്തെ ‘ഭാരതം’ എന്ന് വിളിക്കുന്നത് .ഭാരതം എന്നത് ഐതിഹ്യത്തിലെ നമ്മുടെ രാജ്യത്തെ സൂചിപ്പിക്കുന്ന ഒരു വാക്ക് മാത്രമാണ് .അല്ലാതെ അതൊരു ചരിത്ര നാമമല്ല .ഭാരതത്തെ കുറിച്ച് ഐതിഹ്യത്തിൽ പറയുന്നത് നോക്കാം .അതിപുരാതന കാലത്ത് ഈ ഉപഭൂഖണ്ഡം മുഴുവൻ ഭരതൻ എന്നു പേരുള്ള ഒരു ചക്രവർത്തി ഭരിച്ചിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു. മഹാഭാരതത്തിന്റെ ആദ്യപർവത്തിൽ ഭരതചക്രവർത്തിയെക്കുരിച്ചുള്ള പരാമർശമുണ്ട്. ഭരതരാജാവിന്റെ പേരിൽ നിന്നാണ് ഭാരതം എന്ന പേര് ഉടലെടുത്തത്.
ശകുന്തളയുടെ പുത്രനായിരുന്നു ഈ ഭരതൻ എന്നും പുരാണങ്ങൾ പറയുന്നു.
വിഷ്ണുപുരാണം ഭാരതവർഷത്തെ ഇപ്രകാരം വർണ്ണിക്കുന്നു:
ഉത്തരം യത് സമുദ്രസ്യ
ഹിമാദ്രൈശ്ചൈവ ദക്ഷിണം
വർഷം തദ് ഭാരതം നാമ
ഭാരതീ യത്ര സംതതിഃ
അതായത് ,സമുദ്രത്തിന്റെ ഉത്തരഭാഗത്തായും ഹിമാലയ പർവതത്തിന്റെ ദക്ഷിണ ഭാഗത്തായുമുള്ള ഈ ഭൂവിഭാഗത്തിന്റെ നാമം ഭാരതം.
ചുരുക്കത്തിൽ ഹിന്ദു മിത്തോളജി അടിസ്ഥാനമാക്കിയുള്ള ഒരു ഐതിഹ്യ കഥാപാത്രമായ ഭരതൻ ഭരിച്ചിരുന്ന നാട് എന്നർത്ഥത്തിലാണ് ‘ഭാരതം’എന്ന് വിളിച്ചു പോരുന്നതെന്നല്ലാതെ ഇതിന് പിന്നിൽ ചരിത്ര സത്യങ്ങളില്ല .ഇതൊന്നുമറിയാതെ നമ്മുടെ എഴുത്തുകാരും വാഗ്മികളും പണ്ഡിതന്മാരും ഇന്ത്യയെ ഭാരതം എന്ന് അവരുടെ എഴുത്തുകളിലൂടെയും പ്രസംഗംങ്ങളിലൂടെയും ആവർത്തിച്ചു പോരുന്നു .സിന്ധു നദീ തീരത്ത് താമസിക്കുന്നവർ എന്നർത്ഥമാക്കി ‘സിന്ധി ‘എന്നും അത് പിന്നീട് പരിണമിച്ച് ‘ഹിന്ദി ‘ എന്നും സിന്ധൂ നദീ തീരത്തെ പ്രദേശത്തെ ‘സിന്ധ് ‘,’ഹിന്ദ് ‘എന്നും അറബികൾ വിളിച്ചു പോന്നിരുന്നു എന്നത് മാത്രമേ ചരിത്രത്തിൽ കാണാനാകൂ .ഗൾഫ് രാജ്യങ്ങളിലെ ചില അറബികൾ ഇപ്പോഴും ഇന്ത്യക്കാരെ ഹിന്ദികൾ എന്നു വിളിക്കാറുണ്ട് .എന്ത് കൊണ്ട് ‘ഹിന്ദ് ‘ എന്നും ‘സിന്ധി ‘ എന്നുമുള്ള ചരിത്ര വാക്കുകളെ മായ്ച്ച് കളഞ്ഞു ‘ഭാരതം’ ,’ഭാരതീയർ ‘എന്ന വാക്കുകൾക്ക് ഇടം നൽകപ്പെട്ടു എന്നത് കൂടി നമ്മൾ അന്വേഷിക്കേണ്ടതുണ്ട് .ഭാരതം എന്നത് സംഘ് പരിവാർ ഐഡിയോളജി പാലും, പഴവും കൊടുത്ത് വളർത്തുന്ന ആശയമാണ് .ചരിത്ര സത്യങ്ങളെ മായ്ച്ച് പകരം ഭരതന്റെ നാട് എന്നർത്ഥമുൾക്കൊള്ളുന്ന ഭാരതം എന്ന വാക്കിനെ പ്രതിഷ്ഠിക്കുക വഴി അവർ ചെയ്യുന്നത് വൈവിധ്യമായ സംസ്കാരങ്ങളും, മതങ്ങളും നില നിൽക്കുന്ന ഈ രാജ്യത്തെ ഒരു ഏക ശിലാത്മക സംസ്കാരത്തിലേക്കും മതത്തിലേക്കും ചേർത്തു വെക്കുകയും അത് വഴി തങ്ങളുടെ വംശീയ അജണ്ടകൾ നടപ്പിലാക്കുകയും ചെയ്യുക എന്നതുമാണ് .സംഘപരിവാറിന്റെ ലക്ഷ്യങ്ങളിലൊന്ന് ‘അഖണ്ഡ ഭാരതമാ’ണ് .ആ അഖണ്ഡ ഭാരത ഭൂപടത്തിൽ ഇന്ത്യ മാത്രമല്ല ,അയൽ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും, നേപ്പാളിനും, ഭൂട്ടാനുമൊക്കെ ഉൾക്കൊള്ളാവുന്ന വിശാലതയുണ്ട് .അഖണ്ഡ ഭാരതത്തിലൂടെ അവർ ലക്ഷ്യമിടുന്നത് ഇന്ത്യൻ ഉപഭൂദണ്ഡത്തിന്റെ വംശീയപരമായ ശുദ്ധി ബ്രാഹ്മണിക്കൽ ഹിന്ദൂയിസത്തിനാണെന്ന് സ്ഥാപിച്ച് ഈ ഉപഭൂഖണ്ഡത്തിന്റെ അധികാരം തങ്ങളുടെ കാൽ കീഴിൽ കൊണ്ടു വരിക എന്നതാണ് . സംഘപരിവാറിന്റെ ഈ അഖണ്ഡ ഭാരതം എന്ന ഐഡിയോളജി നടപ്പിലാക്കാൻ അവർക്ക് വേണ്ടിയിരുന്നത് രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ ഭാരതം എന്ന ആശയത്തെ കുടിയിരുത്തുകയും അവരുടെ മനസ്സിനെ ഭാരതം എന്ന ഐഡിയോളജിയിലേക്ക് കൊണ്ടു വരികയും ചെയ്യുക എന്നതായിരുന്നു .അതിനവർ ഉപയോഗപ്പെടുത്തിയത് ചരിത്രത്തേയും സാംസ്കാരിക മേഖലെയുമാണ് .രാജ്യത്തിന്റെ ചരിത്രത്തിലും സാംസ്കാരിക രംഗങ്ങളിലും അവർ അവരുമായി ബന്ധമുള്ളവരുടെ സഹായത്തോടെ ഭാരതം എന്ന വാക്ക് കൂട്ടി ചേർത്തു.പതിയെ അത് തിരിച്ചറിയാൻ പറ്റാത്ത ഒന്നായി നമ്മുടെ സമസ്ത മേഖലകളിലും അലിഞ്ഞു ചേർന്നു .ഭാരതം എന്ന വാക്കിനു പിന്നിൽ ഇത്തരമൊരു ലക്ഷ്യമുള്ളത് തിരിച്ചറിയാതെ നമ്മുടെ നേതാക്കന്മാർ ഇപ്പോഴും ഈ രാജ്യത്തെ ആ പേരിൽ അഭിസംബോധന ചെയ്യുകയാണ് .സംഘ്പരിവാർ ആശയങ്ങളെ എതിർക്കാൻ വിളിച്ചു കൂട്ടിയ സമ്മേളനങ്ങളിലും സെമിനാറുകളിൽ പോലും ഇതാവർത്തിക്കുന്നു എന്നതാണ് വലിയ വിരോധാഭാസം . ഈയൊരു വാക്കിനു പിന്നിലെ കെട്ടുകഥകളെ അറിയാത്തത് കൊണ്ടാണ് അവർക്കിങ്ങനെ തെറ്റ് പറ്റുന്നതെങ്കിൽ ഇനിയെങ്കിലും തിരുത്താൻ അവർ തയ്യാറാകണം .അറിഞ്ഞിട്ടും അൾട്രാ സെക്യൂലറിസത്തിന്റെ പുതപ്പിട്ടു മൂടാനാണ് ലക്ഷ്യമെങ്കിൽ ആ പുതപ്പിനുള്ളിൽ കൂടുതൽ കാലം സുരക്ഷിതരല്ല എന്നേ പറയാനൊക്കൂ .
ഇതേ പോലെ തന്നെ നമുക്ക് തെറ്റു പറ്റിയ ഒരു മേഖലയാണ് മലബാർ സമരവും(മലബാർ കലാപം ) വാഗൺ കൂട്ടക്കൊലയും(വാഗൺ ട്രാജഡി).മാസങ്ങൾക്ക് മുൻപ് മലയാള സിനിമയിലെ പ്രമുഖർ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരു സിനിമയുടെ പ്രഖ്യാപനം നടത്തിയത് മുതൽ നമ്മുടെ ചർച്ചാ മണ്ഡലത്തിലേക്ക് വീണ്ടും മലബാർ സമരം കടന്നു വന്നിരിക്കുകയാണ് .അത് പോലെ തന്നെ മലബാർ സമരത്തിന് അടുത്ത വർഷം ഒരു നൂറ്റാണ്ട് തികയുകയുമാണ് .മലബാർ സമരത്തിന്റെ യുദ്ധഭൂമിയായ ഏറനാടും, പൂക്കോട്ടൂരും ജീവിക്കുന്ന നമ്മൾ ഈ വിഷയത്തിൽ ആവർത്തിച്ചു പോരുന്ന മറ്റൊരു തെറ്റാണ് ഈ പോരാട്ടത്തെ കലാപം എന്ന് വിളിച്ചു എന്നത് .മലബാർ സമരത്തെ കുറിച്ച് പ്രബലമായ രണ്ട് ചരിത്രവസ്തുതകളാണുള്ളത് .മലബാറിലെ മാപ്പിളമാർ കർഷക കുടിയാന്മാരായിരുന്നുവെന്നും ഇവർ ജന്മിമാരുടെ പീഡനങ്ങളിൽ പൊറുതിമുട്ടി ആരംഭിച്ച സമരമാണിതെന്നും ആ സമരത്തെ അടിച്ചമർത്താൻ ജന്മിമാരെ ബ്രീട്ടീഷ് സേന സഹായിച്ചെന്നും സ്വാഭാവികമായി മാപ്പിളമാരുടെ പോരാട്ടം അവർക്കെതിരെയായി എന്നുമാണ് ഒരു വസ്തുത . മറ്റൊന്ന് , മുസ്ലിംകളുടെ ഖിലാഫത്ത് നേതാവായിരുന്ന ഓട്ടോമൻ സുൽത്താനെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയതിലുള്ള പ്രതിഷേധം മൂലമാണ് മാപ്പിളമാർ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തത് എന്നുമാണ് .ഈ രണ്ട് വസ്തുതകളിൽ ഏത് സ്വീകരിച്ചാലും അതിന്റെയെല്ലാം അവസാന ലക്ഷ്യം മാപ്പിളമാർക്കുണ്ടായിരുന്നത് ബ്രിട്ടീഷുകാരുടെ നീചമായ ഭരണത്തിൽ നിന്ന് ഈ നാടിനെ രക്ഷിച്ച് ഇവിടെ ഒരു സമാധാന ജീവിതം കൊണ്ട് വരിക എന്നതായിരുന്നു . അത്തരമൊരു ലക്ഷ്യത്തോടെ മലബാറുകാർ നടത്തിയ ഈ പോരാട്ടത്തെ ചരിത്രം രേഖപ്പെടുത്തിയത് ‘കലാപം’ എന്ന വാക്കുപയോഗിച്ചായിരുന്നു . ‘യുദ്ധം ‘ എന്ന വാക്കിന്റെ യഥാർത്ഥ ധ്വനിയല്ല ‘കലാപം ‘ എന്ന വാക്കിനുള്ളത് .യുദ്ധം എന്ന വാക്ക് നന്മക്ക് വേണ്ടിയുള്ള പോരാട്ടമാണെങ്കിൽ കലാപം എന്ന വാക്ക് തിന്മയിലധിഷ്ഠിതമായ അക്രമത്തെയാണ് സൂചിപ്പിക്കുന്നത് .മലബാർ യുദ്ധത്തെ കലാപം എന്ന വാക്കിൽ കൂട്ടിച്ചേർത്തെഴുതിയത് പിന്നീട് വരുന്ന തലമുറയിൽ ഇതിനെ ഒരു മുസ്‌ലിം വർഗ്ഗീയ കലാപമാക്കി ചിത്രീകരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ മുസ്ലിം സാന്നിധ്യത്തെ മായ്ച്ചു കളയാനുമാണ് .അത് മനഃപൂർവ്വം ചെയ്തതുമാണ് .അന്നത്തെ ചരിത്രകാരന്മാർ മുഴുവനും സവർണ ഹിന്ദുക്കളായിരുന്നു .സവർണ ഹിന്ദുക്കൾ തന്നെയായിരുന്നു കുടിയാന്മാരെ പീഡിപ്പിച്ചിരുന്ന ജന്മിമാരും .അത് കൊണ്ട് തന്നെ അവരൊരിക്കലും അവരുടെ ക്രൂരതകളുടെ കഥ വരുന്ന തലമുറയെ അറിയിക്കാൻ താല്പര്യപ്പെടില്ല .മറിച്ച് അത് തങ്ങളുടെ നേരേ നടന്ന മുസ്ലിംകളുടെ വർഗ്ഗീയ കലാപമാക്കി ചിത്രീകരിച്ച് അതിൽ നിന്നും സിംപതി നേടാനേ ശ്രമിക്കുകയുള്ളൂ .അത് പോലെത്തന്നെയാണ് വാഗൺ ട്രാജഡി എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ള വാഗൺ കൂട്ടക്കൊലയുടെ കാര്യവും . ട്രാജഡി (ദുരന്തം) എന്ന വാക്ക് അർത്ഥമാക്കുന്നത് മനഃപൂർവ്വമല്ലാതെ സംഭവിക്കുന്ന അപകടങ്ങളെയാണ് .ഇവിടെ വാഗൻ കൂട്ടക്കൊല നടന്നത് ഒരു അസ്വാഭാവിക പ്രവർത്തിയല്ല .കോയമ്പത്തൂരിലേക്ക് ഒരു ചരക്ക് തീവണ്ടിയിൽ മനുഷ്യരെ കുത്തിനിറച്ച് കൊണ്ടുപോയാൽ അവർ മരണപ്പെടും എന്ന സത്യം മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവരാവില്ല ബ്രിട്ടീഷുകാർ .എന്നിട്ടും അവരിങ്ങനെ ചെയ്തത് മാപ്പിളമാർ കൊല്ലപ്പെടണമെന്ന ആസൂത്രിത ലക്ഷ്യത്തോടെ തന്നെയാണ് . എന്നിട്ടും ഇതിനെ ചരിത്രം രേഖപ്പെടുത്തിയത് കേവലമൊരു ദുരന്തമായിട്ടാണ് .പഞ്ചാബിൽ നടന്ന ജാലിയൻ വാലാബാഗ് വെടിവെപ്പിനെ കൂട്ടക്കൊലയായി വിളിക്കപ്പെടുമ്പോഴും നമ്മുടെ പൂർവികരെ കൂട്ടക്കൊല ചെയ്ത സംഭവത്തിനെ നാമിപ്പോഴും വിളിക്കുന്നത് ദുരന്തം എന്ന് വിശേഷിപ്പിച്ചാണ് .
ചരിത്രത്തിൽ നമ്മൾ ഒരുപാട് ഇടങ്ങളിൽ കെണികളിൽ വീണു പോയിട്ടുണ്ട് .ഇനിയും നമുക്ക് മുൻപിൽ ഒരുപാട് കെണികൾ ഒരുക്കിവെച്ചിട്ടുമുണ്ട് .നിരന്തരമായ ചരിത്രവായനകളിലൂടെ ഇത്തരം കെണികളെ തിരിച്ചറിഞ്ഞ് അതിനെയൊക്കെ തകർത്തെറിഞ്ഞു മുന്നോട്ട് പോവുക എന്നതാണ് ഈ സ്വത്വ പ്രതിസന്ധി കാലത്ത് നമ്മൾ ചെയ്യേണ്ടത് .