+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ബുദ്ധിക്ക് വഴങ്ങുന്നത് തന്നെയാണ് ഇസ്‌ലാമിക വിശ്വാസം

മുഹമ്മദ്‌ ഫാരിസ്  പഴയന്നൂർ

(STATE MEMBER , SKSSF IBAD COMMITTEE)

           പിറന്നതും കാതുകളിൽ ബാങ്കും,  ഇഖാമത്തും ഉപ്പ മാറിമാറി വിളിച്ചു, ചോറ് കഴിക്കാൻ മടിച്ചപ്പോൾ അല്ലാഹു ശിക്ഷിക്കുമെന്ന് ഉമ്മ പറഞ്ഞു, നബിദിന പരിപാടികളിൽ അവതരിപ്പിക്കാനായി നബി (സ) യെ കുറിച്ച് കുറച്ചൊക്കെ പഠിച്ചു. ഇതിലപ്പുറവും പതിനാലു നൂറ്റാണ്ടിന്റെ പാരമ്പര്യം പറയുന്ന ശരാശരി മലയാളി മുസ്‌ലിമിന്റെ വിശ്വാസധാരക്ക് കാര്യമായ വൈജ്ഞാനിക  അടിത്തറയില്ല. 

         കഴിഞ്ഞ കാലമത്രയും അതു വേണ്ടിയിരുന്നുമില്ല. കാരണം അവർ അല്ലാഹുവിനെ ഓർമപ്പെടുത്തുന്ന ധാരാളം മനുഷ്യരെ കണ്ടിരുന്നു.  മാല, മൗലിദ് റാതീബുകളിലൂടെ അല്ലാഹുവിനോടും,  അവന്റെ ദൂതരോടും ആ വഴി നടന്നവരോടും ഉള്ള സ്നേഹത്തെ പാടിപ്പുകഴ്ത്തുക വഴി അവരുടെ ആത്മാവുകൾ സ്ഫുടം ചെയ്യപ്പെട്ടിരുന്നു.  ഇന്ന് നമുക്ക് ആ അനുഭൂതി നഷ്ടപ്പെട്ടിരിക്കുന്നു. സദസ്സുകളിൽ നല്ല  ഭക്ഷണവും സൗഹൃദവുമല്ലാതെ ലഭ്യമാവുന്നുമില്ല. ഒപ്പം എല്ലാവരും അറിയാനും ആരായാനും തുടങ്ങിയിരിക്കുന്നു. ആത്മീയമായ ഇസ്‌ലാമിനെ നഷ്ടപ്പെട്ടതിനാൽ ബൗദ്ധികമായ ഇസ്‌ലാമിനെ  പ്രതിഷ്ഠിക്കേണ്ടിയിരിക്കുന്നു. 

        ഉമ്മയും ഉപ്പയും പറഞ്ഞു, ഉസ്താദുമാർ പഠിപ്പിച്ചു എന്നതിലപ്പുറം അല്ലാഹു ഉണ്ടെന്നും അവൻ ദൂതരെ അയച്ചെന്നും മുഹമ്മദ്‌ നബി (സ) അവരിലെ പ്രധാനിയാണെന്നും ഖുർആൻ അല്ലാഹുവിന്റെ സംസാരമാണെന്നും  വിശ്വസിക്കുന്നതിന് തെളിവുകൾ വേണം. അതു നൽകാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ അടുത്ത തലമുറ തള്ളിപ്പറയുമെന്നതിൽ സംശയമില്ല (അല്ലാഹു കാക്കട്ടെ). വിശ്വാസത്തിന് തെളിവന്വേഷിച്ചു നാമധികം വിയർക്കേണ്ടതേയില്ല. മുൻഗാമികളുടെ എഴുത്തുകൾക്ക് കണ്ണ് നൽകുക മാത്രം മതി. ഇമാം ഗസാലി (റ)യെ പോലെ,  ഫഖ്‌റുദീനു റാസി(റ )യെ പോലെ മുന്നേ നടന്നവരുടെ പിന്നാലെ നടക്കാൻ ഒരുങ്ങുക.അത്തരമൊരു പുനർവായനക്ക് പ്രചോദനമാകാൻ അൽപം പറയാം. 

         കണ്ണു തുറന്ന് ചുറ്റിലേക്കും നോക്കിയാൽ അല്ലാഹുവിന്റെ ഏകത്വത്തെ അനുഭവിക്കാതിരിക്കാനാവില്ല. ഇബ്രാഹിം നബി (അ) അങ്ങനെയാണ് തന്റെ നാഥനെ കണ്ടെത്തിയത്. ഒരു കാരണത്തെ തുടർന്നാണ് പ്രപഞ്ചത്തിലെ സകല കാര്യങ്ങളും സംഭവിക്കുന്നത്. സകല സൃഷ്ടികൾക്കും കരണമുണ്ടാകും. പ്രപഞ്ചം ഒരു സൃഷ്ടിയാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇതിനൊരു പടച്ചവൻ ഉണ്ടാവണം. അവൻ അപരനാൽ പടക്കപ്പെടാത്തവനുമാവണം. അല്ലെങ്കിൽ ആ ചങ്ങല അങ്ങു നീണ്ടു പോകും. അത് അയുക്തികമാണ്. യുക്തിപരമല്ലാത്തതിനാൽ മാത്രമല്ല  അത് സംഭവ്യമല്ലെന്ന് വിധിക്കുന്നത്. മറിച്ച് അത് അസംഭവ്യമായതു കൊണ്ടു തന്നെയാണ്.  

        പുതിയ ഒരു സിദ്ധാന്തം തെളിയിക്കാനുള്ള ശ്രമമാണ്. വിഷയാവതരണം കഴിഞ്ഞപ്പോൾ വിധികർത്താക്കൾ ചോദിച്ചു. തെളിവെന്താണ്?. അത് മറ്റൊരു സിദ്ധാന്തമാണ്. അത് തെളിയിക്കപ്പെട്ടതാണോ? അല്ല, മറ്റൊരു തെളിയിക്കപ്പെടാത്ത സിദ്ധാന്തമാണ് അതിന്റെയും തെളിവ്. ഇങ്ങനെ പോയാൽ ഒരിക്കലും അയാളുടെ തിയറിയെ അവർ അംഗീകരിക്കാൻ പോവുന്നില്ല.അപ്പോൾ ഒരു കാര്യം വ്യക്തം. തുടക്കമുണ്ടായതിനാൽ തുടക്കക്കാരനുമുണ്ട്. എങ്കിലും അത് അല്ലാഹു ആകണമെന്നില്ലല്ലോ? നല്ല ചോദ്യം….

        ഉത്തരത്തിനായി ഒന്നുടെ ചുറ്റിലും നോക്കാം. നിന്റെ കണ്ണ് പ്രകാശം കടത്തിവിടുന്നു. ആ തരംഗങ്ങളെ മസ്തിഷ്‌കം തിരിച്ചറിയുന്നു. അപ്പോൾ മാത്രമാണ് കാഴ്ച നടക്കുന്നത്. ആരാണ് പ്രകാശം കടത്തിവിടുന്ന രീതിയിൽ ആ അവയവത്തെ പരുവപ്പെടുത്തിയത്?  ശരീരശാസ്ത്രത്തെ അധികം ആവർത്തിക്കേണ്ടതുമില്ല. കൂടുതൽ ഉദാഹരണങ്ങൾ  നമുക്കറിയാവുന്നതാണല്ലോ. ഇനി ചുറ്റിലേക്കും നോക്കാം. വസിക്കുന്ന ഭൂമി അൽപം ഭാരം കൂടിയതാണെങ്കിൽ ഗ്രാവിറ്റി കാരണം  നടക്കുക നമുക്ക് അസാധ്യമായേനെ. അങ്ങനെ നോക്കുകിൽ പ്രത്യേക ആവശ്യം നിറവേറ്റാൻ കഴിയുന്ന രീതിയിൽ സകലതിനെയും സംവിധാനിച്ചവന് ഒരു ഉദ്ദേശമുണ്ടാകുമെന്നും മനസിലാക്കാം. ആ ഉദ്ദേശം സൃഷ്ടികളെ അറിയിക്കേണ്ടതും അനിവാര്യമെന്ന് ബോധ്യപ്പെടുമ്പോഴാണ് പടച്ചവനിൽ നിന്നുള്ള ദൂതരെന്ന് പരിചയപ്പെടുത്തിയവർ ശ്രദ്ധേയമാവുന്നത്. ചരിത്രത്തിൽ ചിലരങ്ങിനെ വാദിച്ചിട്ടുണ്ട്. മുഹമ്മദ്‌ നബിയുടേത് മാത്രം സത്യമാവുന്നതെന്തുകൊണ്ട് എന്ന് ചിന്തിച്ചാൽ മാത്രമേ അതിന്റെ ഉത്തരം ലഭിക്കൂ. ചിലതു മാത്രം ചേർക്കാം. 

           നാൽപതു വർഷം സത്യസന്ധനും വിശ്വസ്തനുമായി ജീവിച്ച (പൂർണാർത്ഥത്തിൽ) ഒരാൾ പെട്ടന്ന് അത് ഉപേക്ഷിക്കുമോ? സമ്പത്ത്, സുന്ദരിമാരൊത്ത ദാമ്പത്യം, അധികാരം ഇതെല്ലാം ഓഫർ ചെയ്യപ്പെട്ടിട്ടും ഉപരോധവും പലായനവും പട്ടിണിയും സഹിച്ച് ഒരാൾ കള്ളപ്രവാചകത്വം വാദിക്കുമോ? (മറ്റു തെളിവുകൾ നിരത്തി നിങ്ങളുടെ അന്വേഷണത്വരയെ ഇല്ലാതാക്കുന്നില്ല. മുഹമ്മദ്‌ നബി(സ )യെ നമ്മൾ കണ്ടിട്ടില്ലല്ലോ. പിന്നെങ്ങനെ ഇതൊക്കെ സത്യമെന്ന് ബോധ്യപ്പെടും. അങ്ങനെയെങ്കിൽ  ചരിത്രമെന്ന പഠന മേഖല തന്നെ ഉണ്ടാവില്ലല്ലോ. മറ്റേതു ചരിത്രത്തെക്കാളും വിശ്വസ്തമായ രീതിയാണ് ഇസ്‌ലാമിക ലോകത്തിന്റേത്. നബിയുടെ കാലത്ത് നടന്ന ഒരു സംഭവം ചരിത്രമായി രേഖപ്പെടുത്തണമെങ്കിൽ, ഒരു വചനം ഹദീസായി ക്രോഡീകരിക്കണമെങ്കിൽ പാലിക്കേണ്ട ഒരു രീതിയുണ്ട്. ഖബർ മുതവാഥ്വിർ ആണോ അതെന്ന് നോക്കുക. 

         അതായത് വിശ്വസ്തരും ഓർമ്മപ്പിശകില്ലാത്തവരുമായ ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വൃത്താന്തമാണോ അതെന്ന്.  അത് മൂന്നിലധികം വ്യത്യസ്ത പരമ്പരയിലൂടെ രേഖിതമാകണം. അതായത് പ്രവാചകൻ പറഞ്ഞതും ആ ജീവിതത്തിൽ നടന്നതും  പിഴവ് വരാൻ അൽപം പോലും സാധ്യത ഇല്ലാത്ത രീതിയിലാണ് നമ്മുടെ മുന്പിലുള്ളത്.

            അപ്പോൾ ഇങ്ങനെയും സംശയിക്കണം. മുസ്‌ലിങ്ങൾ എഴുതിയ ഗ്രന്ഥങ്ങൾ മാത്രമല്ലെ തെളിവായുള്ളൂ. ആരെഴുതിയാലും അവരുടെ പഠന രീതിയും അവലംബവും തന്നെയാണ് നോക്കേണ്ടത്. മാത്രവുമല്ല ഇസ്‌ലാമിക വിമർശന ഗ്രന്ഥങ്ങൾ ആദ്യകാലം മുതൽക്കേ എഴുതപ്പെട്ടിട്ടുണ്ട്. അമവികളുടെ കാലത്ത് തന്നെ കടലാസ് നിർമാണ സാങ്കേതിക വിദ്യ ചൈനക്കാരിൽ നിന്നും പഠിച്ചെടുത്തു എന്നതിനാൽ മുസ്‌ലിങ്ങൾ എഴുത്ത് സംസ്കാരത്തിലേക്ക് പെട്ടന്ന് തന്നെ കടന്നു വന്നു എന്നത് ഒരു കുറവായി കാണരുതല്ലോ. മാത്രവുമല്ല ഖവാരിജ്, മുഅതസലി, ശിയാ, ഖദ്‌രിയ്യ, ജബരിയ്യ തുടങ്ങിയവരുടെ ശത്രുതാ പൂർവ്വവും സുന്നി പണ്ഡിതരുടെ ഗുണകാംഷാപൂർവവുമുള്ള വിമർശനങ്ങളെ അതിജീവിച്ചു എന്നത് ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ സത്യസന്ധയുടെ ഏറ്റവും വലിയ തെളിവാണ്.  

          അപ്പോൾ ചുരുക്കട്ടെ.ഏകനായ ഒരു പടച്ചവൻ ഉണ്ടെന്നും തന്റെ സൃഷ്ടിക്കു പിന്നിൽ അവനൊരു ഉദ്ദേശമുണ്ടെന്നും നമുക്ക് ബോധ്യമായി. ദൈവ ദൂതരാണെന്ന് അവകാശപ്പെട്ട മുഹമ്മദ്‌ നബി (സ) പറഞ്ഞത് സത്യമാണെന്ന് നിഷേധിക്കാനാവാത്ത തെളിവിന്റെ അടിസ്ഥാനത്തിലും (ഖബർ മുതവാഥ്വിർ) ബോധ്യമായി. അങ്ങനെ ആ പ്രവാചകൻ എത്തിച്ചു തന്നതായി തെളിഞ്ഞ ഖുർആനിൽ നിന്നും  അതിന്റെ വിശദീകരണമായ ഹദീസിൽ നിന്നും അല്ലാഹുവിനെ കുറിച്ചും അവന്റെ ഉദ്ദേശങ്ങളെ കുറിച്ചും നമുക്ക് കൂടുതൽ മനസിലാക്കാം. 

           മരണാനന്തര ജീവിതവും ലോകാവസാനവും  വിചാരണയും സ്വർഗ്ഗ നരകവും അടങ്ങുന്ന അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കാൻ രണ്ട് അടിസ്ഥാനങ്ങൾ മാത്രമാണ് വേണ്ടത്.  ഇത്‌ പറയാൻ യോഗ്യനാണ് അല്ലാഹു എന്നതാണ് ഒന്നാമത്തേത്. അല്ലാഹു പറഞ്ഞതു തന്നെയാണിതെന്ന് ഖബർ മുതവാത്വറിലൂടെ  ബോധ്യപ്പെടലാണ്  രണ്ടാമത്തേത്. 

          അടുത്ത ആഴ്ച്ച ഗ്രഹണം ഉണ്ടാകുമെന്ന് isro പറഞ്ഞാൽ എല്ലാവരും വിശ്വസിക്കുന്നത് പോലെ. ഇവിടെയും രണ്ടു കാര്യമല്ലേ നോക്കൂ. Isro ഇത്‌ പറയാൻ അർഹരാണെന്നും അവർ പറഞ്ഞു എന്നത് സത്യമാണെന്നും. ചെറുപ്പത്തിൽ തന്നെ ഇങ്ങനൊരു അടിസ്ഥാനം നമ്മുടെ മക്കൾക്ക് ലഭിക്കണം. ബുദ്ധിയിലൂടെ കണ്ടെത്തിയ ഒന്നിനെ പിന്നീടവർ തള്ളിക്കളയില്ല. പ്രബോധന വഴിയിലേക്ക് ഇറങ്ങാൻ പോകുന്നവർ എന്ന നിലക്ക് നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ ഈ വിഷയത്തിൽ ചെയ്യാനാവും എന്ന വലിയ പ്രതീക്ഷയുണ്ട്.

Avatar
 | Website |  + posts
Share this article
Shareable URL
Prev Post

മൻഖൂസ് മൗലിദും പകർച്ചവ്യാധികളും

Next Post

ചരിത്രത്തിൽ നമ്മൾ വീണു പോയ ഇടങ്ങൾ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next