| മുഹമ്മദ് ഫവാസ് അകംമ്പാടം |
സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും നീരുറവകള്‍ വറ്റിക്കൊണ്ടിരിക്കുന്ന സ്വാര്‍ത്ഥതയുടെ ലോകത്ത് പ്രശംസകള്‍ക്കും പേരിനുമപ്പുറം ഇന്ന് നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന എത്ര പേരുണ്ട് …?
കുറഞ്ഞ കാലം കൊണ്ട് തന്നെ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും വലിയ ഒരു ലോകം സമൂഹത്തിനു മുമ്പിൽ പണിതു വെക്കാന്‍ പരിശ്രമിക്കുകയും അതിലൂടെ വലിയ വിജയം കരസ്ഥമാക്കുകയും ചെയ്തവര്‍ ഇല്ലെന്ന് പറയാനും ആവില്ല.
സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കും നിരാശ്രിതര്‍ക്കും മനസ്സ് നിറയെ സ്‌നേഹം ചൊരിഞ്ഞു നല്‍കുമ്പോള്‍ നാം എത്ര വലിയ പ്രതിഫലമാണ് അതിലൂടെ നേടിയെടുക്കുന്നത്
എന്ന് നാം ചിന്തിച്ചിട്ടുണ്ടോ?
ഒരല്‍പം സാന്ത്വനം തേടി എത്തുന്നവര്‍ക്ക് വേണ്ടതിലപ്പുറം സ്‌നേഹവും സംരക്ഷണവും നല്‍കാന്‍ കഴിഞ്ഞുവെന്ന ആത്മനിര്‍വൃതി അടയാന്‍ സാധിച്ചാല്‍ അത് ഇരട്ടി മധുരം തന്നെയാവും.
ചെറുപ്രായത്തില്‍ മാതാ-പിതാക്കള്‍ മക്കള്‍ക്ക് നല്‍കിയ സ്‌നേഹ സംരക്ഷണങ്ങള്‍ക്ക് പകരം നല്‍കാന്‍ ഇന്ന് അധികപേര്‍ക്കും കഴിയാതെ വരുന്ന ദുരവസ്ഥയെ വൃദ്ധസദനങ്ങളുടെ എണ്ണം നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ. കര്‍മ്മഫലമാണോ? സ്‌നേഹം മണ്ണടിഞ്ഞു പോയതാണോ? എന്നത് മാത്രമാണ് സങ്കടകരമായ ഒരു ചോദ്യം…!
വൃദ്ധസദനങ്ങളുടെ ഓരോ മുറികള്‍ക്കുള്ളില്‍ നിന്നും നിസ്സഹായതയുടെ ഞരുക്കവും മാനസിക പിടിമുറുക്കവും അനുഭവിച്ചു കഴിയുന്ന ഓരോ സഹജീവികള്‍ക്കും സ്‌നേഹവും വാത്സല്യവും സ്വപ്നം കണ്ടിരുന്ന എത്ര ദിനരാത്രങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കാതെ ഭൗതികതയുടെ പടവുകള്‍ നാം എത്ര താണ്ടിയും എന്താണ് ഫലം…..?
ഇവിടെയാണ് സാമൂഹ്യ നന്മ വിളിച്ചോതുന്ന പ്രവര്‍ത്തനങ്ങളിലൂടെ കാലം മറുപടി പറയുന്നത്.
മര്‍ഹൂം എ പി ബാപ്പു ഹാജി ദാനമായി നല്‍കിയ സ്ഥലത്ത് ‘ഹിമ ‘ ഒരുക്കിയ സംരക്ഷണവലയത്തില്‍ ഈ കുറഞ്ഞ കാലയളവിനുള്ളില്‍ നൂറിലേറെ വരുന്ന അന്തേവാസികളാണ് ആശ്വാസവും ആനന്ദവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
അവര്‍ക്കുള്ള ഭക്ഷണവും താമസവും ചികിത്സാ സൗകര്യങ്ങളുമെല്ലാം സൗജന്യമായി നല്‍കുമ്പോള്‍ അതിലേക്ക് പല നിലയ്ക്കും സഹായഹസ്തങ്ങള്‍ നീട്ടി നല്‍കാന്‍ സഹൃദയരും ഒരുമിച്ചപ്പോള്‍ അതിരുകളില്ലാത്ത സാന്ത്വനത്തിന്റെ ലോകത്ത് സ്‌നേഹ ചിറകുകളിലേറി അവര്‍ യാത്ര തുടര്‍ന്നു കൊണ്ടിരിക്കുകയാണ്…..
ഹിമയുടെ ‘ സ്‌നേഹ വീടുകള്‍ ‘ പദ്ധതി
തീര്‍ത്തും ഗൃഹാന്തരീക്ഷം നല്‍കി മാനസിക ദൃഢത നിലനിര്‍ത്താന്‍ സഹായകമാകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.
അത് പോലെ കാരുണ്യത്തിന്റെ ചിറകുകള്‍ വിരിച്ച് നിസ്സഹായതയുടെ കണ്ണീരൊപ്പാന്‍ സ്‌നേഹം മരിക്കാത്ത മനസ്സുകളുമായി പ്രവര്‍ത്തന സജ്ജരായ സഹചാരി, സി.എച്ച് സെന്റര്‍ ,വിഖായ തുടങ്ങി നിരവധി പ്രവര്‍ത്തന പടയണികള്‍ ചെയ്തു പൂര്‍ത്തീകരിച്ചതും ചെയ്തു കൊണ്ടിരിക്കുന്നതുമെല്ലാം അഭിമാനപൂര്‍വ്വം നമ്മുക്ക് എടുത്ത് പറയാനാവും.
ഇവിടങ്ങളിലെല്ലാം ഹൃദയത്തിന്റെയും ശരീരത്തിന്റെയും മുറിവുകള്‍ സ്‌നേഹവും കരുതലും ചേര്‍ത്ത ഔഷധക്കൂട്ടുകളിലൂടെയാണ് മാറ്റിയെടുക്കുന്നത്.
സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സ്പശനങ്ങള്‍ക്കപ്പുറം യാതനകളും വേദനകളും അനുഭവിക്കുന്നവര്‍ക്ക് മറ്റൊന്നും തന്നെ നല്‍കാനില്ല എന്ന വസ്തുതയാണ് ഇത്തരം പ്രയാണത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതും.
‘ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ ചെയ്യുക എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ ചെയ്യും.'(വി.ഖുര്‍ആന്‍) എന്ന സുന്ദരമായ വചനങ്ങള്‍ ചേര്‍ത്ത് വെച്ചു കൊണ്ട് വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ഇനിയുമേറെ ദൂരം നമുക്ക് മുന്നേറാന്‍ സാധ്യമാവണം.
കേവലം വായനകള്‍ക്കും എഴുത്തുകള്‍ക്കും അപ്പുറം നാം പ്രവര്‍ത്തന മേഖലകളില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാവണം
എങ്കിലെ നമ്മുടെ പ്രയാസങ്ങളും ദുരിതങ്ങളും എത്ര നിസ്സാരമാണെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ …
മുന്നെ ആരോ പറഞ്ഞു വെച്ചതുപോലെ
‘ഒറ്റ ചെമ്പകപ്പൂ മതി വീട് സുഗന്ധം കൊണ്ട് നിറയാന്‍…….’
എങ്കില്‍ നമുക്കിടയില്‍ പലരും തിരിച്ചറിയാതെ പോയ ധാരാളം ചെമ്പകപുഷ്പങ്ങള്‍ സുഗന്ധം പരത്തി കൊണ്ടേയിരിക്കുകയാണ്….
എന്നുകൂടെ പറഞ്ഞു വെക്കാന്‍ ആഗ്രഹിക്കുന്നു.