| അബ്ദുല്‍ ബാസിത്ത് ഏലംകുളം |
മറയുമീ മൂവന്തി
പൊഴിയുന്നു യാമങ്ങള്‍
കനവുകള്‍ കതിരിടും
പുലരി കാണാന്‍…
പ്രശസ്തമായ ഈ വരികള്‍ ഇന്നിവിടെ യാതാര്‍ത്ഥ്യമാവുകയാണ്. മഹാമാരിയില്‍ ഉരുകിത്തീര്‍ന്ന ഇന്നിന്റെ യാമങ്ങള്‍ പൊഴിഞ്ഞു വീഴുമ്പോഴും ഓരോ മൂവന്തിയും തുടര്‍ന്നു വരുന്ന പുലരിക്കായി സ്വപ്നസാക്ഷാത്കാരങ്ങളുടെ പ്രതീക്ഷകളുടെ നീണ്ട കാത്തിരിപ്പിലാണ്. അതെ, പുണ്യ റമളാന്‍ ആഗതമാവാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. പുണ്യങ്ങളുടെ പൂക്കാലമായ അനുഗ്രഹീത റമളാന്‍ സുഗന്ധപൂരിതമാണെങ്കിലും അതിലെ നറുമണം വമിക്കാതെ പോവുന്ന ഹതഭാഗ്യരായി നാം മാറരുത്. വര്‍ണ്ണനകളും പോരിശകളും പത്തി മടക്കുന്ന നന്മയുടെ നറുമണം പരത്തുന്ന വസന്ത കാലത്തെ പരിചയം പുതുക്കലാണിത്
റമളാന്‍ അര്‍ത്ഥവും ആഴവും
റമളാന്‍ എന്ന വാക്കില്‍ അഭിപ്രായ വിത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട് . ഇമാം മുജാഹിദ് (റ) പറയുന്നു : റമളാന്‍ അല്ലാഹുവിന്റെ നാമങ്ങളിലൊന്നാണ് . അത് കൊണ്ടാണ് പരിശുദ്ധ റസൂല്‍ അവിടുത്തെ അനുചരന്മാരെ ഇപ്രകാരം പഠിപ്പിച്ചത് ‘ റമളാന്‍ വന്ന് പോയി എന്ന് നിങ്ങള്‍ പറയരുത് എങ്കിലും റമളാന്‍ മാസം വന്നു എന്ന് നിങ്ങള്‍ പറയൂ.’ മറ്റൊരു അഭിപ്രായപ്രകാരം റമളാന്‍ എന്നത് മാസത്തിന്റെ പേരാകുന്നു എന്ന വസ്തുതയാണ് .
റമളാന്‍ എന്ന വാക്കിന്റെ ഉത്ഭവത്തിലും അഭിപ്രായ വിത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട് .റമളാന്‍ എന്നത് റമ’ളാ’അ എന്ന പദത്തില്‍ നിന്നും പിടിച്ചെടുത്തതാണത്രെ . റമ’ളാ’അ എന്ന പദത്തിനര്‍ത്ഥം കാലവര്‍ഷം എത്തുന്നതിന് മുമ്പുള്ള പുതുമഴ എന്നതാണ്. പുതുമഴ പെയ്താല്‍ തോടുകളും വഴികളും ശുദ്ധിയാകുന്നത് പോലെ റമളാന്‍ വന്നാല്‍ മനുഷ്യ ശരീരത്തിലെ ദോഷങ്ങള്‍ ഇല്ലാതാവുന്നു . മറ്റൊരു അഭിപ്രായപ്രകാരം ‘റമള’ എന്ന പദത്തില്‍ നിന്നും പിടിച്ചെടുത്തതാണ്. ‘റമള’ എന്ന പദത്തിനര്‍ത്ഥം സൂര്യപ്രകാശം ഏറ്റ കല്ല്’ എന്നാകുന്നു. വിശപ്പിന്റെ ചൂടേറ്റ് മനുഷ്യന്‍ കരിഞ്ഞ് പോകുന്ന മാസമാണല്ലൊ റമളാന്‍ . (റാസി 5/91)
വിശ്വാസിയുടെ കൊയ്ത്ത് കാലം
അബൂബക്കര്‍ അല്‍ബല്‍ഹി (റ) പറഞ്ഞു: ‘റജബ് മാസം കൃഷിയുടെ വിളവിറക്കല്‍ മാസമാണ്. ശഅ്ബാന്‍ വിള നനക്കാനുള്ള മാസമാണ് . വിശുദ്ധ റമളാന്‍ വിളവിന്റെ കൊയ്ത്ത് മാസവും.’ ആയതിനാല്‍ ഏതൊരു വിശ്വാസിയും റജബ് മാസത്തില്‍ തന്നെ സല്‍കര്‍മങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി സല്‍കര്‍മങ്ങളിലേക്ക് ഒരുങ്ങേണ്ടതായുണ്ട് .പിന്നീട് വിളനനക്കല്‍ മാസമായ ശക്ബാനില്‍ ഒരോ അമലിനേയും മൂര്‍ച്ച കൂട്ടി പരിപോഷിപ്പിച്ച് കൊണ്ട് റമളാന്‍ മാസത്തെ വരവേല്‍ക്കണം .വിളവെടുപ്പ് മാസമായ റമളാനില്‍ എണ്ണമറ്റ പ്രതിഫലങ്ങളാല്‍ സല്‍പ്രവര്‍ത്തിയുടെ കൂമ്പാരങ്ങള്‍ സൃഷ്ടിക്കണം . സത്യവിശ്വാസിയുടെ വിരുന്ന് കാരനാണല്ലൊ റമളാന്‍. ആയതിനാല്‍ ആതിത്യ മര്യാദകളാല്‍ ഇബാദത്തുകളെ സമ്പന്നമാക്കണം നാമെല്ലാം. പരിശീലന മാസമായ ശഅബാനില്‍ തന്നെ റമളാന്‍ മാസത്തിലേക്കുള്ള മാനസിക വളര്‍ച്ചക്കൊപ്പം ആരാധനാ കര്‍മങ്ങള്‍ക്ക് സമയക്രമങ്ങള്‍ നിശ്ചയിച്ച് ജീവിതത്തിന് തന്നെ പുതുമുഖം സമ്മാനിക്കേണ്ടതുണ്ട്. സംശുദ്ധമായ ത്വൗബ ചെയ്ത് ഈമാനികമായ തയ്യാറെടുപ്പ് നടത്തുന്നതിനോടൊപ്പം വൈജ്ഞാനികമായ മുന്നേറ്റവും ശഅബാനില്‍ സാധ്യമാക്കണം. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ചും പഠിച്ചും നോമ്പിനെ സമ്പന്നമാക്കണം . പുണ്യമാസത്തെ വരവേല്‍പ്പിനായി കുടുംബങ്ങളെ സജ്ജമാക്കി പരസ്ഥിക വൃത്തി കൈവരിക്കുന്നതിനോടൊപ്പം മനസ്സില്‍ നിന്ന് അസൂയ, പക, വിദ്യേശം എന്നിവ പറിച്ച്മാറ്റി ആത്മസമരം നടത്തി ഹൃദയശുദ്ധി കൈവരിക്കുകയും വേണം.
നബി(സ്വ) പറയുന്നു. റമളാന്‍ ആഗതമായാല്‍ സ്വര്‍ഗീയ കവാടങ്ങള്‍
തുറക്കപ്പെടുകയും നരക കവാടങ്ങള്‍
അടക്കപ്പെടുകയും പിശാചുക്കള്‍
ചങ്ങലക്കിടപ്പെടുകയും ചെയ്യും. (ബുഖാരി,
മുസ്ലിം)
നിരാശരാവേണ്ട …. കരങ്ങളുയര്‍ത്താം …..
അബൂദ്ദര്‍ദാഅ് (റ ) ഇപ്രകാരം പറയാറുണ്ടായിരുന്നു : നിങ്ങള്‍ ദുആ വര്‍ദ്ധിപ്പിക്കുക നിശ്ചയം വാതില്‍ കൂടുതല്‍ മുട്ടുന്നവര്‍ക്ക് വേണ്ടി അത് തുറക്കപ്പെടും. (മുസ്വന്നഫ്ബ്‌നു അബീശൈബ).
ലോകമെമ്പാടും കോവിടെന്ന വിപത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ ലോകത്തിന്റെ കാവല്‍ ഭടന്മാരായി സ്വയം സ്ഥാനമേറ്റ് നാഥനിലേക്ക് കരങ്ങളുയര്‍ത്തി സമൂഹത്തിനായി വാതില്‍ മുട്ടുന്നവരായി നാം മാറണം.
ആലയില്‍ ഊട്ടിയ ഈമാനികാവേശം കൊണ്ട് ആരാധന കര്‍മ്മങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി റൈഹാനില്‍ സംവരണം ഉറപ്പുവരുത്തണം.
സമയമില്ല എന്ന മാനവന്റെ സ്ഥിരം പല്ലവി ഇന്ന് അസ്ഥാനത്താണല്ലോ! ആയതിനാല്‍ ഒഴിവുസമയങ്ങള്‍ ഉപയോഗപ്രദമാക്കി ഖുര്‍ആനിലും സ്വലാത്തിലും ആയി കൂടുതല്‍ സമയം കണ്ടെത്താന്‍ നാം ശ്രമിക്കേണ്ടതായിട്ടുണ്ട്. ഇനിയൊരു റമളാന്‍ നമ്മിലേക്ക് സമാഗതമാകുമെന്നതില്‍ എന്ത് ഉറപ്പാണുള്ളത്…?
ലോക്കിട്ട ഈ കാലത്ത് വ്യത്യസ്തമാര്‍ന്ന വിനോദങ്ങള്‍ കണ്ടെത്തുന്നതിന് പകരമായി വിവേകത്തോടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുക.
നാഥന്‍ തുണക്കട്ടെ…. ആമീന്‍….
Subscribe
Login
0 Comments
Oldest