| സയ്യിദ് അമീറുദ്ധീന്‍ PMS |
മനുഷ്യന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് സ്റ്റാറ്റസ് വിപ്ലവം. അതിനുവേണ്ടി മോശമല്ലാത്ത സമയം ചെലവഴിക്കുന്നവരും ചുരുക്കമല്ല. എന്തിന് അതെക്കുറിച്ച് ഇത്ര വിശാലമായ സംസാരിക്കുന്നു, ചര്‍ച്ച ചെയ്യുന്നു എന്ന ചോദ്യം അപ്രസക്തമാണ്. കാരണം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സൂക്ഷ്മതയോടെ നിര്‍വ്വഹിക്കേണ്ടതുണ്ട്, അവന്റെ നഖശിഖാന്തം പ്രവര്‍ത്തനങ്ങളിലും ആത്മീയ ചലനങ്ങള്‍ പ്രസരിക്കണം. ഇസ്‌ലാമിക ശരീഅത്തിനോട് അണുമണി പോലും വിരുദ്ധത പാടില്ല.
കാലചക്രം സഞ്ചരിക്കുന്നതിനോടൊപ്പം മനുഷ്യന്റെ ചിന്തകളും മുന്നോട്ട് സഞ്ചരിക്കും. സാങ്കേതിക വിദ്യയും, പുരോഗമന ചിന്തകളും യന്ത്രവല്‍ക്കരണ മേഖലയും, വിദ്യാഭ്യാസമേഖലയും, സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് തുടങ്ങി എല്ലാ മേഖലകളും പുതിയ രൂപത്തിലും ഭാവത്തിലും അപ്‌ഡേറ്റ് ചെയ്യപ്പെടും. ധാരാളം സൗകര്യങ്ങള്‍ മനുഷ്യന് ലഭിക്കും. കൗതുകമുള്ള പുതിയ പല പ്രവര്‍ത്തനങ്ങളും കടന്നു വരും. അവിടെ പുറം തിരിഞ്ഞിരിക്കാതെ വിശ്വാസിയുടെ ശൈലികളിലും, ചിട്ടകളിലും മാറ്റവും, കുറവും വരാതെ അവയെല്ലാം സ്വീകരിച്ച് കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ജീവിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ഒരു മുസ്ലിം ഇസ്‌ലാമികമായി പുരോഗതിയുടെ ഉത്തുംഗതയിലേക്ക് എത്തുന്നതിന്റെ ഭാഗമാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കല്‍ (ഹദീസ്), മഹാനായ സയ്യിദു താബിഈന്‍ ഹസനുല്‍ ബസ്വരി(റ ) പറയുന്നു: അള്ളാഹു അവന്റെ അടിമയെ തൊട്ട് തിരിഞ്ഞു കളഞ്ഞിരിക്കുന്നു എന്നതിന്റെ അടയാളമാണ് അടിമ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ജോലിയാവല്‍. ചുരുക്കത്തില്‍, ആത്മീയമായോ, ബൗദ്ധികമായോ ഗുണകരമായി ഒന്നും ലഭിക്കാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കലാണ് ബുദ്ധി. ഇനി തിരികെ സോഷ്യല്‍ മീഡിയകളിലേക്ക് നോക്കുമ്പോള്‍ സുകൃതങ്ങള്‍ക്കുള്ള വലിയ ഒരു പ്ലാറ്റ്‌ഫോം അവിടെ കാണാന്‍ സാധിക്കുന്നു. സ്റ്റാറ്റസുകളിലൂടെ നന്മകളെയും, ഇസ്‌ലാമിക സന്ദേശങ്ങളെയും കൈമാറാനും പ്രചരിപ്പിക്കുവാനും സാധിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആ ഒരു സാധ്യതയെയാണ് വിശ്വാസി കാണേണ്ടതും മുതലെടുക്കേണ്ടതും. അനാവശ്യം ചിന്തിക്കുന്നതുപോലും ഹൃദയത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണെന്ന് പരിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നു. അങ്ങനെയിരിക്കെ അനാവശ്യങ്ങളെ അന്വേഷിക്കലും, പ്രചരിപ്പിക്കലും വലിയ തെറ്റ് തന്നെ. തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നല്ല നിയ്യത്ത് കൊണ്ട് ആരാധനയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് വിശ്വാസിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. അലക്ഷ്യമായ അല്ലെങ്കില്‍ അനാവശ്യമായ ഒരു പ്രവര്‍ത്തനവും യഥാര്‍ത്ഥ വിശ്വാസിയുടെ ജീവിതത്തില്‍ ഉണ്ടാവുകയില്ല. ചില വിനോദങ്ങള്‍ ഇസ്‌ലാം നിഷിദ്ധമാക്കിയതിന് പിന്നിലുള്ള താല്‍പര്യവും അതുതന്നെ. അഥവാ ഗുണകരമായി ഒന്നും ലഭിക്കുന്നില്ല പകരം അമൂല്യമായ സമയങ്ങള്‍ നഷ്ടപ്പെടുന്നു. സന്തോഷങ്ങള്‍ വൈവിദ്ധ്യമെങ്കിലും വിശ്വാസിയുടെ ശാശ്വത സന്തോഷം അല്ലാഹുവിന്റെ ലിഖാഉം, സ്വര്‍ഗ്ഗ പ്രവേശനവും തന്നെയാണ്. ആ സന്തോഷം അനശ്വരമാണ്, അതിലേക്കുള്ള പ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമാണ് വിശ്വാസികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സന്തോഷം നിറഞ്ഞു നില്‍ക്കുന്ന മനസ്സാണ് വിശ്വാസി ആരിലും ആഗ്രഹിക്കേണ്ടത്. ഏവര്‍ക്കും സന്തോഷദായകമായ ജീവിതം നയിക്കാനാകണമെന്ന് മുഅ്മിന്‍ ചിന്തിക്കുന്നു. ആരിലും നൈരാശ്യവും ദുഃഖവും വളര്‍ത്താനുതകുന്ന നോട്ടം പോലും നമ്മുടെ പക്കല്‍ നിന്നുണ്ടാവരുതെന്നാണ് ദീനിന്റെ താല്പര്യം. മറ്റുള്ളവരെ സന്തോഷവാര്‍ത്തകള്‍ അറിയിക്കാനുള്ള സന്ദര്‍ഭങ്ങളാണ് മുഅ്മിന്‍ കണ്ടെത്തേണ്ടത്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് മുസ്‌ലിമിന്റെ സ്റ്റാറ്റസുകളില്‍ മറ്റു വിശ്വാസികളുടെ, നമ്മെ സ്വീകരിക്കുന്നവരുടെ മനദാരിലേക്ക് സന്തോഷവും പ്രതീക്ഷകളും ആശ്വാസവും നല്‍കുന്ന വചനങ്ങളും സന്ദേശങ്ങളും നിറഞ്ഞുനിന്നു കൂടാ. നല്ല പ്രതീക്ഷയും, പ്രത്യാശയുമാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്.
മുസ്‌ലിമിന്റെ ഹൃദയാന്തരങ്ങളിലേക്ക് സന്തോഷം നല്‍കുന്നതിനെ വലിയ പുണ്യകരമായ പ്രവര്‍ത്തനമായി പ്രവാചകര്‍ (സ്വ)യുടെ അധ്യാപനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. എന്ത് മനോഹരമാണ് ഇസ്‌ലാമിന്റെ ഈ ദര്‍ശനങ്ങള്‍. മനം നിറയെ സന്തോഷം നിറക്കുന്ന സുവിശേഷങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ധാരാളമുണ്ട്. അല്ലാഹു പറയുന്നു: തങ്ങളുടെ നാഥന്‍ തന്റെ പക്കല്‍ നിന്നുള്ള അനുഗ്രഹവും, പ്രീതിയും സ്വര്‍ഗ്ഗങ്ങളും കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കുന്നു അവര്‍ക്ക് ആ സ്വര്‍ഗ്ഗങ്ങളില്‍ സ്ഥായിയായ സൗഭാഗ്യം ഉണ്ട്. (സൂറത്തു തൗബ 21)….. മറ്റൊരു ആയത്ത് ഇങ്ങനെയാണ്: എന്റെ ദാസന്മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് (സൂറത്തു സുമര്‍ 17, 18). അബ്ദുല്ലാഹി ബ്‌നു അബൂ റൗഫ് (റ)ല്‍ നിന്ന് നിവേദനം. ഹദീസില്‍ നബി (സ്വ) ഖദീജ ബീവിക്ക് (റ) മുത്തു കൊണ്ടുള്ള ഒരു ഭവനം ഉണ്ടെന്ന് സന്തോഷം അറിയിച്ചതായി കാണാം. ഇങ്ങനെ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ കൊണ്ടും, വാഗ്ദാനങ്ങള്‍ കൊണ്ടും പരസ്പരം സന്തോഷവും പ്രതീക്ഷയും നല്‍കുന്നതിന് വിശ്വാസിയുടെ ജീവിതത്തില്‍ വലിയ സ്ഥാനം തന്നെയാണ്.
സ്റ്റാറ്റസിലൂടെ അറിവുകള്‍ പ്രചരിപ്പിക്കുന്നത് ശ്ലാഘനീയമായ മുന്നേറ്റമാണ്. നമ്മുടെ സ്റ്റാറ്റസ് കാണുന്നവര്‍ക്ക് എന്തെങ്കിലും ഒരു അറിവ് ലഭിക്കണമെന്ന സദുദ്ദേശ്യത്തോടെ മതഭൗതിക മേഖലയിലുള്ള ജ്ഞാനവിതരണം എന്തുകൊണ്ട് ഒരു മുസ്‌ലിം ചിന്തിച്ചു കൂടാ. ഏതു മാറ്റത്തെയും ആത്മീയമായി സ്വീകരിക്കാനും പ്രാവര്‍ത്തികമാക്കാനും സാധിക്കണം അപ്പോഴാണ് വിശ്വാസിയുടെ ജീവിതം ധന്യമാകുന്നത്. അറിവ് പ്രചരിപ്പിക്കുന്നതിന്റെ ശ്രേഷ്ഠതകള്‍ പറയേണ്ടതില്ലല്ലോ… ഇമാം ഇബ്‌നു ജൗസി എന്നവര്‍ പറയുന്നു ആരെങ്കിലും മരണശേഷം സല്‍കര്‍മ്മങ്ങള്‍ മുറിഞ്ഞു പോകാതിരിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അവന്‍ അറിവ് പ്രചരിപ്പിക്കട്ടെ. ജനങ്ങള്‍ക്ക് അല്ലെങ്കില്‍ നമ്മേ വീക്ഷിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഉപകരിക്കുന്ന വിജ്ഞാനങ്ങള്‍, ആരോഗ്യരക്ഷാ സന്ദേശങ്ങള്‍, ജീവിച്ചിരിക്കുന്നവരോ, മരണപ്പെട്ടവരോ ആയ മഹാന്മാരുടെ ജീവിത ശൈലികളും, ഗുണകാംക്ഷകളും.. ഇത്തരം നന്മകളാവട്ടെ മുസ്‌ലിമിന്റെ സ്റ്റാറ്റസ്. ഇതിനൊന്നും താന്‍ അര്‍ഹനല്ലെന്നും, തന്റെ ജീവിതം മ്ലേച്ഛമാണെന്നും ചിന്തിക്കുന്നവര്‍ ചുരുക്കമല്ല. എന്നാല്‍ പ്രസ്തുത സുകൃതങ്ങളിലൂടെ തന്റെ നഫ്‌സിന്റെ പരിശുദ്ധിയും ഉദ്ദേശിച്ചാല്‍ മതിയല്ലോ.. പുറമെ ഭംഗിയാക്കിയ കാരണത്താല്‍ ഉള്ളും അള്ളാഹു നന്നാക്കി തരും എന്ന പ്രവാചകാധ്യാപനം ഇവിടെ പ്രസക്തമാണ്. സൈനുദ്ധീന്‍ മഖ്ദൂം (റ )ന്റെ ‘അദ്കിയ’ എന്ന ലോക പ്രശസ്ത ഗ്രന്ഥത്തില്‍ പറയുന്നു: ശരീഅത്തു കൊണ്ട് പുറം ഭംഗിയാക്കല്‍ നിര്‍ബന്ധമാണെന്നും അതിനെ തുടര്‍ന്ന് ഹൃദയം പ്രകാശിക്കുമെന്നും.
വിശാലാര്‍ത്ഥത്തില്‍ ചിന്തിക്കുമ്പോള്‍ തനിക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങള്‍ ഇതുവരെ ലഭിക്കാത്ത ജീവിതങ്ങളും ഉണ്ടാകുമല്ലോ ഒരു പക്ഷെ അവരത് ദര്‍ശിക്കുമ്പോള്‍ വിഷമിച്ചാലോ എന്ന് ചിന്തിക്കാമെങ്കിലും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്തു കൊണ്ട് ആ സന്തോഷം പങ്കു വെക്കുകയുമാവാം. ഇസ്‌ലാമികയി ഒരു തെറ്റുമില്ല. കാരണം ഒരുപക്ഷേ അതിലൂടെ വിഷമിക്കുന്ന ജീവിതങ്ങള്‍ തിരിച്ചറിയാനും സഹായിക്കാനും സാധിച്ചേക്കാം. മാത്രമല്ല അല്ലാഹുവിലുള്ള പ്രതീക്ഷകളും വര്‍ദ്ധിക്കും. ഇത്രയേറെ സാധ്യതകളുണ്ടെങ്കിലും ഇവിടെയും പരാജയപ്പെട്ടു പോകുന്നവര്‍ ചുരുക്കമല്ല. സ്റ്റാറ്റസുകളിലൂടെ സിനിമ ക്ലിപ്പുകളും, സിനിമാഗാനങ്ങളും, അന്യസ്ത്രീകളുടെ ചിത്രങ്ങളും, അശ്ലീല ചിന്തകളും കൈമാറുന്നവര്‍ ചുരുക്കമല്ല. തെറ്റുകള്‍ ചെയ്യുന്നു ഇഷ്ടപ്പെടുന്നു എന്ന് മാത്രമല്ല അത്തരം ചിന്താ വൈകല്യങ്ങളെ പരസ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. വലിയ ഗുരുതര പാപം തന്നെയാണ് സംഭവിക്കുന്നത് ‘തെറ്റുകളെ പരസ്യമാക്കല്‍ അല്ലാഹു ഇഷ്ടപ്പെടുന്നില്ല’ (സൂറത്തു നിസാഅ്). നമ്മുടെ സ്റ്റാറ്റസുകളില്‍ നിന്ന് ദീനിന് നിരക്കാത്തത് ആരൊക്കെ കാണുന്നുണ്ടോ അതിന്റെയൊക്കെ കുറ്റങ്ങളില്‍ നിന്ന് ഒരു വിഹിതം ലഭിച്ചു കൊണ്ടേയിരിക്കും, അതേസമയം നേരത്തെ സൂചിപ്പിച്ചപോലെ നന്മകളും അറിവുകളുമാണെങ്കില്‍ അത് ആരൊക്കെ അറിയുന്നുണ്ടോ വായിക്കുന്നുണ്ടോ പ്രാവര്‍ത്തികമാക്കുന്നുണ്ടോ അതിന്റെയെല്ലാം ഒരു പുണ്യം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സ്റ്റാറ്റസ്, വ്യക്തിത്വ അടയാളപ്പെടുത്തലുകള്‍
ഓരോ മനുഷ്യനും വ്യത്യസ്ത ചിന്തകളും, വീക്ഷണങ്ങളും, സ്വഭാവങ്ങളും വെച്ചുപുലര്‍ത്തുന്നതുകൊണ്ടുതന്നെ സ്റ്റാറ്റസുകളും വ്യത്യസ്തമായിരിക്കും. തികച്ചും സ്വാഭാവികം. ചിലയാളുകള്‍ പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങളൊന്നും ഇല്ലാതെ വെറുതെ എന്തെങ്കിലുമൊക്കെ സ്റ്റാറ്റസ് വെക്കും, ചിലയാളുകള്‍ അവരുടെ ഓരോ ദിവസത്തെയും അനുഭവങ്ങള്‍, ഫീലിംഗ്‌സ് മറ്റുള്ളവരുമായി പങ്കു വെക്കും. മറ്റു ചിലര്‍ അവരുടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന അല്ലെങ്കില്‍ തനിക്ക് ഏറെ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ആയിരിക്കും. എന്നാല്‍ ചില ആളുകള്‍ സന്ദര്‍ഭത്തിനനുസരിച്ച് എന്തും അതില്‍ നിഷിദ്ധമായതും, മ്ലേച്ചമായതും കടന്നുവരും. കൂട്ടത്തില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച പരാജയങ്ങളും, വ്യസനങ്ങളും പരിഭവങ്ങളും അറിയിക്കുന്നവരും ധാരാളമാണ്. ഇവിടെ പലരും ലക്ഷ്യമാക്കുന്നത് ദുഃഖങ്ങളുടെ ഭാണ്ഡങ്ങള്‍ അഴിച്ചു വെക്കുമ്പോഴുണ്ടാകുന്ന താത്കാലിക സംതൃപ്തി, അല്ലെങ്കില്‍ തന്നെ ഉള്‍കൊള്ളുന്നവരില്‍ നിന്ന് ലഭിക്കുന്ന ആശ്വാസ വാചകങ്ങള്‍. എന്നാല്‍ അത്തരക്കാര്‍ മനസ്സിലാക്കേണ്ട ചില വലിയ യാഥാര്‍ത്ഥ്യങ്ങളുണ്ട്, ഒന്നാമതായി കഴിഞ്ഞുപോയ, ഏകാന്തതയില്‍ പോലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഇത്തരം കാര്യങ്ങള്‍ പറയുകയും, പരസ്യമാക്കുകയും, ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ ജീവിതത്തിന്റെ പ്രതീക്ഷയും, സന്തോഷവും കെട്ടുപോവുകയും നെഗറ്റീവ് എനര്‍ജി വ്യാപിക്കുകയും ചെയ്യുന്നു മറ്റൊന്ന് പരിഭവങ്ങളും പരാതികളും സങ്കടങ്ങളും ബോധിപ്പിക്കേണ്ടത് സര്‍വ്വാധി രാജനായ അല്ലാഹുവിനോടാണ്. പ്രപഞ്ച നാഥനോടുള്ള ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന ആശ്വാസം…. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് തന്നെയാണ് ഏറ്റവും വലുത്. പ്രയാസങ്ങളും ദുഃഖങ്ങളും ജീവിതത്തിന്റെ ഭാഗമായി തന്നെ മനസ്സിലാക്കണം. സന്തോഷവും ദുഃഖവും മാറിമാറി വരുന്ന ഒരു ചക്രമാണ് ജീവിതം പ്രയാസമുള്ള സമയം കടന്നു വരുമ്പോള്‍ ഓര്‍ക്കുക എളുപ്പമുള്ള സമയവും തീര്‍ച്ചയായും ഉണ്ടാകും. മനസ്സ് സങ്കടം കൊണ്ട് നിറയുമ്പോള്‍ കണ്ണുകള്‍ ദുഃഖം കൊണ്ട് നിറയുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ ഓര്‍ക്കുക അള്ളാഹു കൂടെയുണ്ട്, ഇപ്പോഴും കൂടെയുണ്ട്, എപ്പോഴും കൂടെയുണ്ട്. ഒരുപാട് കാലം നീണ്ടു നില്‍ക്കുന്ന ഒരു പരീക്ഷണശാല, അല്ലെങ്കില്‍ ഒരു പരീക്ഷണഹാളാണ് ഈ നശ്വരമായ ജീവിതം. മാത്രമല്ല കടുത്ത നൈരാശ്യം ഏറെ അപകടകരമാണ് ആത്മസംയമനത്തെ അത് തുടച്ചു നീക്കുന്നു. ജീവിത പരാജയത്തിന് വരെ കാരണമാകുന്നു. ആത്മഹത്യയിലേക്ക് മനുഷ്യനെ നയിക്കുന്നത് കഠിനമായ നിരാശയാണ് ആശയറ്റ നിമിഷങ്ങള്‍ വിശ്വാസിയുടെ ജീവിതത്തില്‍ ഉണ്ടായിക്കൂടാ. കാരണം എല്ലാ ആശകളും ഒഴിവാകുന്ന സന്ദര്‍ഭം ഇസ്‌ലാമിക ദൃഷ്ട്യാ ഇല്ല തന്നെ. പ്രതീക്ഷയുടെ വിഹായസ്സില്‍ നക്ഷത്രങ്ങള്‍ ഒത്തിരി ഉണ്ടെന്ന തിരിച്ചറിവ് ഉണ്ടാവണം. ദുഃഖങ്ങളുടെ വനാന്തര്‍ഭാഗത്ത് ഒറ്റപ്പെട്ട് കഴിയേണ്ടവനല്ല താനെന്ന അവബോധം കൂടി വിശ്വാസിയുടെ ഹൃദയഭിത്തിയില്‍ അലയടിക്കണം. സന്തോഷം ഉള്ളിലുണ്ടെങ്കിലേ പുറത്ത് പ്രകടിപ്പിക്കാനാവൂ, പ്രസന്നവദനനായി മറ്റുള്ളവരെ അഭിമുഖീകരിക്കേണ്ടത് വിശ്വാസിയുടെ കടമയാണ്. തന്റെ സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് പോലും സ്വദഖയാണെന്ന് തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ പഠിപ്പിക്കുന്നു. അതുകൊണ്ട് പരിഭവങ്ങള്‍ക്കും, ദുഃഖങ്ങള്‍ക്കും സ്ഥാനം കൊടുക്കാതെ ഈ പ്രപഞ്ച മനോഹാരിതയില്‍ അല്ലാഹുവിനെ ദര്‍ശിക്കാന്‍ സാധിക്കണം. സന്തോഷത്തിന്റെ സാധ്യതകളെ തേടി പിടിക്കണം. പരീക്ഷണങ്ങള്‍ പരീക്ഷണങ്ങളായിട്ട് തന്നെ കാണണം. സ്വന്തമെന്ന് തോന്നിയ പലതും നാമറിയാതെ നഷ്ടപ്പെടുമ്പോള്‍ അതാണ് ഖൈറെന്ന് ചിന്തിക്കുന്ന ഹൃദയം ഉണ്ടാക്കിയെടുക്കണം. പ്രാര്‍ത്ഥനയാണ് എല്ലാത്തിനും പരിഹാരമെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം.
ഇനി സ്റ്റാറ്റസിലൂടെ വ്യക്തിത്വത്തെ വിലയിരുത്താനാകുമോ എന്ന ചോദ്യത്തിന് ഉത്തരം തിരയുമ്പോള്‍ ചില നിരീക്ഷണങ്ങള്‍ ആവശ്യമാണ്. പലപ്പോഴും പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം പ്രത്യേക താല്‍പര്യങ്ങളൊന്നും വച്ചു പുലര്‍ത്തുന്നില്ലയെന്ന് മനസ്സിലാക്കാം. ‘നാം പുറമേ കണ്ട് വിധിക്കുന്നവരാണ് അവരുടെ ഹിസാബ് അല്ലാഹുവിങ്കലാകുന്നു’ എന്ന തിരുവചനം ഇവിടെ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ഇനി ഒരേ ഭാവത്തില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന, അല്ലെങ്കില്‍ ഒരു വിഷയത്തില്‍ കൂടുതല്‍ മുന്‍തൂക്കം കൊടുക്കുന്നവന്‍ അയാള്‍ ആ വിഷയത്തില്‍ കൂടുതല്‍ തല്പരനാണെന്ന് മനസ്സിലാക്കാം. ഇതിനൊന്നും കൂടുതല്‍ ബുദ്ധി ഉപയോഗിക്കേണ്ടതായിട്ട് തോന്നുന്നില്ല. ഒരാള്‍ എന്തിനോടാണോ കൂടുതല്‍ പ്രിയം വെക്കുന്നത്, ഇഷ്ടം വെക്കുന്നത് ഏതൊന്നാണോ കൂടുതല്‍ ചിന്തിക്കുന്നത് അത് അയാള്‍ എപ്പോഴും പ്രകടിപ്പിക്കാന്‍ ശ്രമിക്കും. ഹൃദയം എന്തിലേക്കാണോ കൂടുതല്‍ ആകര്‍ശിച്ചിരിക്കുന്നത് ആ കാര്യം അയാളിലൂടെ കണ്ടുകൊണ്ടിരിക്കും.
ഒരാളുടെ പ്രൊഫൈല്‍ ചിത്രത്തിലൂടെ അയാള്‍ വഹിക്കുന്ന സ്ഥാനത്തിന് എത്രത്തോളം പ്രതിബദ്ധത പുലര്‍ത്തുന്നുണ്ടെന്ന് നിഴലിച്ചു കാണാനാകും. ഉദാഹരണമായി ഒരു പണ്ഡിതന്‍ അല്ലെങ്കില്‍ ഒരു വിദ്യാര്‍ത്ഥി അവനോട് യോജിച്ച പ്രൗഡിയില്‍ തന്നെ പ്രത്യക്ഷപ്പെടണം അതിന് വിപരീതം സംഭവിക്കുമ്പോള്‍ പ്രതിബദ്ധതയെയും, ഉത്തരവാദിത്വത്തെയും അളക്കേണ്ടി വരും. നാം എങ്ങനെയാണോ സമൂഹത്തിനു മുമ്പില്‍ വന്നു നില്‍ക്കുന്നത് അല്ലെങ്കില്‍ നമ്മെ കാണിച്ചു കൊടുക്കുന്നത് അത് പോലെ തന്നെ ആയിരിക്കും സമൂഹം നമ്മെ സ്വീകരിക്കുക. ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് സമൂഹം അത് തിരിച്ചറിഞ്ഞു കൊണ്ടുള്ള പെരുമാറ്റവും, പുരോഗമനവും പ്രായോഗികതലത്തില്‍ കൊണ്ടുവരണം. നമ്മിലുള്ള വിശ്വസ്തതയെ കളങ്കപ്പെടുത്തുന്ന ഒരു നിശ്വാസത്തെ പോലും നാം ഭയക്കണം. തെറ്റിദ്ധാരണകള്‍ ശരവേഗത്തില്‍ ജനിക്കും പക്ഷെ അവ നീങ്ങണമെങ്കില്‍ ഒച്ച് ലക്ഷ്യത്തിലെത്തുന്നതിനേക്കാള്‍ പ്രയാസമാണ്.
സംഗ്രഹം
ചുരുക്കത്തില്‍ സ്റ്റാറ്റസിലൂടെ ‘സ്റ്റാറ്റസ്’ നഷ്ടപ്പെട്ടു പോകാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കരുത്. സ്റ്റാറ്റസ് എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥവ്യാപ്തി തിരിച്ചറിഞ്ഞ് വിശ്വാസികളായ നമ്മുടെ അന്തസ്സിനും അഭിമാനത്തിനും നിലവാരത്തിനും അനുയോജ്യമായ രീതിയില്‍ പുതിയ മാറ്റങ്ങള്‍ സ്വീകരിക്കാനാകണം. നാഥന്‍ അനുഗ്രഹിക്കട്ടെ…