ഇന്ന് ലോകത്തെ ഏറ്റവും വലിയ ‘അംഗീകൃത’ തീവ്രവാദ സംഘമാണ് ഇസ്രായേൽ എന്ന രാജ്യം. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി മനുഷ്യത്വത്തിന്റെ സകല സീമകളും അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചു കൊണ്ട് ഇസ്രായേൽ ആയിരങ്ങളെ നിഷ്കരുണം കൂട്ടക്കൊല ചെയ്യുമ്പോൾ ലോകം കയ്യും കെട്ടി നോക്കിയിരിക്കുകയാണ്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഒക്ടോബർ ഏഴിന് ഗസ്സയിൽ ആരംഭിച്ച ഇസ്രായേൽ നരമേധത്തിൽ ഇതുവരെ അര ലക്ഷത്തിലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഗസ്സയിൽ തുടങ്ങി വെസ്റ്റ് ബാങ്കിലേക്കും ലെബനാനിലേക്കും വ്യാപിച്ച ഇസ്രായേൽ ആക്രമണം ഇപ്പോൾ ബദ്ധവൈരികളായ ഇറാനിലേക്ക് കൂടി കടന്നിരിക്കുകയാണ്.യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രതീക്ഷിതമായി ഇറാനെ ആക്രമിക്കുകയും പ്രമുഖ നേതാക്കളെ ഉന്നം വെച്ച് വധിക്കുകയും ചെയ്ത ഇസ്രായേൽ പശ്ചിമേഷ്യയൊട്ടാകെ സംഘർഷഭരിതമാക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ലോകസമാധാനത്തിന് തന്നെ ഭീഷണിയുർത്തിയിരിക്കുകയാണ്. 1948 മെയ് 14 നാണ് കൊടിയ വഞ്ചനയിലൂടെ ഇസ്രായേൽ എന്ന രാജ്യം രൂപം കൊണ്ടത്. സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗൂഢപ്രവർത്തനങ്ങളും സാമ്രാജ്യത്വ താൽപര്യങ്ങളും യുണൈറ്റഡ് നാഷന്റെ പക്ഷപാതിത്വവുമെല്ലാം കൂടിച്ചേർന്ന വഞ്ചനകളുടെ സൃഷ്ടിയായിരുന്നു ഇസ്രായേലിന്റെ പിറവി.
സയണിസ്റ്റ് പ്രസ്ഥാനം
ഇസ്രായേൽ രൂപീകരണത്തിന് ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച സംഘമാണ് സയണിസ്റ്റ് പ്രസ്ഥാനം.1897ൽ സ്വീറ്റ്സർലൻ്റിലെ ബേസിൽ വെച്ച് ഹംഗേറിയൻ മാധ്യമപ്രവർത്തകനായ തിയോഡർ ഹെർഷലാണ് പ്രസ്ഥാനത്തിന് രൂപം നൽകിയത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിന്നിച്ചിതറി കിടക്കുന്ന ജൂതരെ ഏകോപിപ്പിച്ച് കൊണ്ട് പുണ്യഭൂമിയായ ഫലസ്തീനിൽ ജൂതർക്ക് സ്വന്തമായി ഒരു രാജ്യം സ്ഥാപിക്കുകയായിരുന്നു സംഘടനയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം.നൂറ്റാണ്ടുകളായി യൂറോപ്പ്യൻ ഭരണാധികാരികളിൽ നിന്നും പീഡനങ്ങളേറ്റുവാങ്ങിക്കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയാർത്ഥികളായി കഴിയുകയായിരുന്നു ജൂതസമൂഹം.അവരെയെല്ലാം ഒരുമിപ്പിച്ചു കൊണ്ട് ഫലസ്തീനിൽ കുടിയിരുത്താനുള്ള ഗൂഢമായ പദ്ധതികൾ സയണിസ്റ്റ് പ്രസ്ഥാനം ആവിഷ്കരിച്ചു.
‘The jewish state'(ജൂതരാഷ്ട്രം) എന്ന തൻ്റെ പുസ്തകത്തിലാണ് ജൂതർക്ക് സ്വന്തമായി ഒരു രാഷ്ട്രം എന്ന ആശയം ഹെർഷൽ മുന്നോട്ടുവച്ചത്.എന്നാൽ ഇന്നു നാം കാണുന്നതുപോലെ കേവലം ഫലസ്തീൻ കൊണ്ട് തൃപ്തിപ്പെടുന്നതല്ല സയണിസത്തിന്റെ ജൂതരാഷ്ട്ര സങ്കല്പങ്ങൾ. ഫലസ്തീന് പുറമേ മക്കയും മദീനയും ഉൾക്കൊള്ളുന്ന ഹിജാസും സിറിയയും ലബനാനും ജോർദാന്റെയും ഈജിപ്തിന്റെയും ഭാഗങ്ങളുമെല്ലാം ചേർന്ന് ‘ഗ്രേറ്റർ ഇസ്രാഈൽ’ ആണ് സയണിസത്തിന്റെ ആത്യന്തികമായ ലക്ഷ്യം.ജൂത മതവിശ്വാസ പ്രകാരം എബ്രഹാം(ഇബ്രാഹിം നബി) ഭൂമിയിലൂടെ സഞ്ചരിച്ച മുഴുവൻ സ്ഥലങ്ങളും ദൈവമായ യഹോവ ജൂതർക്ക് നൽകിയിട്ടുണ്ട് എന്നാണ്. ലോക ഭൂപടത്തിൽ ഈ പ്രദേശങ്ങളൊക്കെയും അടയാളപ്പെടുത്തുന്ന പാമ്പ് ചുറ്റിയ നിലയിലുള്ള വൃത്തത്തിന് ‘സയണിസ്റ്റ് സ്നൈക്’എന്നാണ് പറയപ്പെടുന്നത്.അതിനാൽ ഈ പ്രദേശങ്ങളിൽ നിന്നെല്ലാം അറബികളെ പുറത്താക്കിക്കൊണ്ട് ജൂതരെ കുടിയിരുത്തുക എന്നതാണ് സയണിസ്റ്റ് രാജ്യമായ ഇന്നത്തെ ഇസ്റാഈലിന്റെ ലക്ഷ്യം.അതിന് വേണ്ടിയുള്ള കുതന്ത്രങ്ങളും കുടിലനീക്കങ്ങളുമാണ് ഫലസ്തീനികൾക്ക് നേരെയുള്ള നിരന്തരമായ നീതി നിഷേധത്തിലൂടെയും പശ്ചിമേഷ്യൻ സംഘർഷങ്ങളിലൂടെയും അവർ നടത്തിക്കൊണ്ടിരിക്കുന്നത്.ഗസ്സയിലെ ആളുകളെ കൊന്നൊടുക്കി കൊണ്ട് പ്രദേശം ഒഴിപ്പിക്കുന്നതോടൊപ്പം തന്നെ വെസ്റ്റ് ബാങ്കിൽ വ്യാപകമായ അനധികൃത കുടിയേറ്റ നിർമാണങ്ങൾക്കും ഇസ്രായേൽ മുൻകൈയെടുക്കുന്നുണ്ട് എന്നുള്ളത് നാം ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.
സൈക്കസ്—പിക്കോട്ട് ഉടമ്പടിയും അറബ് രാജ്യങ്ങളും
ഒന്നാം ലോക യുദ്ധം തുടങ്ങുന്ന സമയത്ത് ഫലസ്തീൻ അടക്കമുള്ള അറബ് പ്രദേശങ്ങൾ ഉസ്മാനിയ്യ ഖിലാഫത്തിന് കീഴിലായിരുന്നു.യുദ്ധത്തിൽ ലോക മുസ്ലിംകളുടെ പിന്തുണ ആർജിക്കുന്നതിനായി ബ്രിട്ടൻ ഗൂഢവും കുടിലവുമായ തന്ത്രങ്ങളാണ് പയറ്റിയത്.മക്കയിലെ ഉസ്മാനികളുടെ ഗവർണറായ ശരീഫ് ഹുസൈൻ അടക്കമുള്ളവരെ അധികാരവും സമ്പത്തും വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൂടെ നിർത്തി.അതോടൊപ്പം അറബ് നാടുകളിൽ ദേശീയതാ വികാരം ആളിക്കത്തിച്ച് അറബികളെ ഉസ്മാനികൾക്കെതിരെ ഇളക്കിവിട്ടു(അറബ് വിപ്ലവം).അതുപോലെ തന്നെ ഇന്ത്യ അടക്കമുള്ള കോളനി രാജ്യങ്ങളിലെ മുസ്ലിംകളോട് യുദ്ധത്തിൽ ബ്രിട്ടനോടൊപ്പം അണിനിരക്കാൻ നിർബന്ധിപ്പിക്കുകയും ഉസ്മാനിയ്യ ഖിലാഫത്തിന്ന് തങ്ങൾ ഒരു പോറലും ഏൽപ്പിക്കുകയില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തു.ഇതേസമയം തന്നെ സമ്പന്നരായ ജൂത നേതാക്കളിൽ നിന്നും വ്യാപാരികളിൽ നിന്നും യുദ്ധസഹായ ധനമായി വമ്പിച്ച തുക ബ്രിട്ടൻ കൈപ്പറ്റുകയും ചെയ്തു.
എന്നാൽ അറബ് ഭരണാധികാരികളടക്കമുള്ളവരോട് സൗഹൃദം നടിക്കുമ്പോൾ തന്നെ മുസ്ലിം ലോകത്തെ വെട്ടിനുറുക്കാനുള്ള കുതന്ത്രങ്ങളും ബ്രിട്ടൻ അണിയറയിൽ നടത്തുന്നുണ്ടായിരുന്നുm അതിന്റെ ഏറ്റവും വലിയ തെളിവാണ് 1916ൽ റഷ്യയുടെയും ഇറ്റലിയുടെയും സമ്മതത്തോടെ യുദ്ധത്തിലെ സത്യകക്ഷികളും ഉസ്മാനികളുടെ എതിർപക്ഷക്കാരുമായ ബ്രിട്ടനും ഫ്രാൻസും ഒപ്പിട്ട സൈക്കസ്—പിക്കോട്ട് രഹസ്യ ഉടമ്പടി. ഇതടിസ്ഥാനത്തിൽ യുദ്ധാനന്തരം മുസ്ലിംകളുടെ ആഗോള നേതൃത്വമായ ഉസ്മാനിയ്യ ഖിലാഫത്തിനെ നിഷ്കാസനം ചെയ്യാനും അവരുടെ പ്രദേശങ്ങളോരോന്നും വീതം വെച്ചെടുക്കാനും സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിൽ ധാരണയായി (രഹസ്യമായിരുന്ന ഈ ഉടമ്പടി യുദ്ധാനന്തരം റഷ്യയിൽ അധികാരത്തിലെത്തിയ ലെനിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സർക്കാർ പുറത്ത് വിട്ടപ്പോഴാണ് ലോകമറിയുന്നത്). എന്നാൽ ഈ ചതിയൊന്നും തിരിച്ചറിയാൻ അധികാരഭ്രമം പൂണ്ട അറബ് ഭരണാധികാരികൾക്കോ വിപ്ലവ ചിന്തയുമായി നടന്ന അറബ് യുവതക്കോ കഴിഞ്ഞില്ല എന്നുള്ളത് അങ്ങേയറ്റം ദുഃഖകരമായിരുന്നു.ഇപ്പോൾ ഇസ്രാഈൽ ക്രൂരതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ഗൾഫ് അറബ് രാജ്യങ്ങളിലെ രാജാക്കന്മാർക്ക് നെഞ്ചുറപ്പും നട്ടെല്ലുമില്ലാത്തതിന്റെ പിന്നിലെ അടിസ്ഥാന ഹേതുവും ഇതാണ്.തങ്ങളുടെ പ്രപിതാക്കൾ മുസ്ലിം ഉമ്മത്തിനോട് ചെയ്ത വഞ്ചനാപരമായ നെറുകേടുകളുടെ ചുരുളഴിയുന്നത് അവരെ അലോസരപ്പെടുത്തുന്നുണ്ടാവണം.
ബാൽഫർ പ്രഖ്യാപനം
മുസ്ലിം ലോകത്തോട് ബ്രിട്ടീഷ് സാമ്രാജ്യ ശക്തികൾ ചെയ്ത ഏറ്റവും വലിയ ചതിയായിരുന്നു ബാൽഫർ പ്രഖ്യാപനം.ഒന്നാം ലോകയുദ്ധത്തിൽ വിജയിച്ച ബ്രിട്ടനും ഫ്രാൻസുടങ്ങുന്ന സഖ്യകക്ഷികൾ മുസ്ലിം ലോകത്തോട് ചെയ്ത വാഗ്ദാനങ്ങൾ കാറ്റിൽ പറത്തുകയും ഉസ്മാനിയ്യ ഖിലാഫത്തിനെ തകർക്കാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയും ചെയ്തു. സൈക്കസ് – പിക്കോട്ട് ഉടമ്പടി പ്രകാരം ഖിലാഫത്തിന്റെ പ്രദേശങ്ങൾ ബ്രിട്ടനും ഫ്രാൻസും ഇറ്റലിയും ചേർന്ന് പങ്കിട്ടെടുത്തു. ഇത് പ്രകാരം ഫലസ്തീനടക്കമുള്ള ഭൂപ്രദേശങ്ങൾ ബ്രിട്ടന്റെ കീഴിലായി.ഈ അവസരത്തിലാണ് ബാൽഫർ പ്രഖ്യാപനം വരുന്നത്.1914 നവംബർ 2ന് ഇസ്രയേൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന ആർതർ ബാൽഫർ “ഫലസ്തീനിന്റെ മണ്ണിൽ ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള സയണിസ്റ്റുകളുടെ ആഗ്രഹത്തെ ബ്രിട്ടൻ അംഗീകരിക്കുന്നു” എന്ന് സയണിസ്റ്റ് നേതാവായ വാൾട്ടർ റോത്സ് ചൈൽഡിന് അയച്ച കത്തിൽ വ്യക്തമാക്കി. യുദ്ധത്തിൽ ജൂതലോബിയിൽ നിന്ന് ലഭിച്ച ആയുധവും സമ്പത്തുമടക്കമുള്ള പിന്തുണകൾക്കുള്ള പ്രത്യുപകാരമായിട്ടായിരുന്നു ഒരിക്കലും നീതീകരിക്കാനാവാത്ത ഈ ചരിത്രവഞ്ചന ബ്രിട്ടൻ നടത്തിയത്.
ജൂത കുടിയേറ്റവും ഇസ്രാഈൽ രൂപീകരണവും
ബാൽഫർ പ്രഖ്യാപനത്തോടു കൂടി ഫലസ്തീനിലേക്കുള്ള ജൂതന്മാരുടെ കുടിയേറ്റം വലിയ തോതിൽ വർദ്ധിച്ചു. 1929 മുതൽ 39 വരെയുള്ള കാലത്ത് ജൂതരുടെ സംഘടിത കുടിയേറ്റമായ ‘ആലിയ’യിലൂടെ രണ്ടര ലക്ഷം പേർ ഫലസ്തീനിലേക്ക് കുടിയേറി.അവർ അറബികളിൽ നിന്നും അവരുടെ ഭൂമികൾ അനധികൃതമായും അല്ലാതെയും കൈക്കലാക്കാൻ തുടങ്ങി.ഈ സമയത്ത് തന്നെയാണ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമനിയിലും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലും ജൂതർക്കെതിരെ വംശീയ ഉന്മൂലന ശ്രമങ്ങളും കൂട്ടക്കൊലകളും നടക്കുന്നത്.ഈ പീഡനങ്ങൾ ജൂതർക്ക് ലോക സമൂഹത്തിനിടയിൽ അനുകമ്പ നേടിക്കൊടുത്തു.ജൂതർക്ക് സ്വന്തമായൊരു രാഷ്ട്രം വേണമെന്ന ആവശ്യത്തിന് സ്വീകാര്യതയും തീവ്രതയും കൂടി വന്നു.മുമ്പേ ജൂതരെ ഒരു ‘അധികപ്പറ്റായി’ കണ്ടിരുന്ന യൂറോപ്യർ ജൂതരാഷ്ട്രം തങ്ങളുടെ രാജ്യത്തുള്ള ‘ജൂതബാധ’ ഒഴിപ്പിക്കാനുള്ള ഒരുപാധിയായി കണക്കാക്കുകയും ചെയ്തു.ജർമ്മനിയിൽ നിന്നും മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും ജൂതന്മാർ ഫലസ്തീൻ മണ്ണിലേക്ക് വ്യാപകമായി കുടിയേറാൻ തുടങ്ങി.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അഭയാർത്ഥി പ്രവാഹം രൂക്ഷമായി. കുടിയേറിയ ജൂതർ ഫലസ്തീനികളുടെ ഭൂമി കയ്യേറാനും തുടങ്ങിയതോടെ പ്രാദേശിക വാസികളായ അറബികളും ജൂതരും തമ്മിൽ നിരന്തരമായ സംഘർഷങ്ങളും അരങ്ങേറി. ഇതോടെ വിഷയം യു എൻ പൊതുസഭയുടെ ശ്രദ്ധയിലെത്തി.1947 നവംബർ 29ന് യു എൻ ജനറൽ അസംബ്ലി വിഷയം ചർച്ച ചെയ്തു. നീണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കുമൊടുവിൽ ഫലസ്തീൻ ജൂതർക്കും അറബികൾക്കുമായി വിഭജിക്കാൻ തീരുമാനിച്ചു. ബ്രിട്ടനും അമേരിക്കയുമൊക്കെ ചേർന്നെടുത്ത ഈ തീരുമാനത്തെ അറബ് ലീഗ് രാജ്യങ്ങൾ എതിർത്തെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് 1948 മെയ് 14ന് അർദ്ധരാത്രി കൊടിയ വഞ്ചനയിലൂടെ ഇസ്രാഈൽ എന്ന പുതിയ രാജ്യം പിറവി കൊണ്ടു. അതിനെ തുടർന്ന് പത്ത് ലക്ഷത്തോളം അറബികൾക്ക് സ്വന്തം വീടും നാടും വിട്ട് അഭയാർത്ഥികളായിത്തീരേണ്ടിവന്നു. ഇന്ത്യ – പാക് വിഭജനത്തിനു ശേഷം സാമ്രാജ്യത്വം ലോകത്ത് വിതച്ച അതിലും വലിയ ദുരന്തമായിരുന്നു ഫലസ്തീൻ ഇസ്രായേൽ വിഭജനം.