| Sayyid Ameerudheen Karyavattam |
എല്ലാ മതങ്ങള്‍ക്കും അവരുടെ വിശ്വാസാചാരങ്ങളെ പരിഗണിച്ചുകൊണ്ട് ഒരുപാട് ആഘോഷങ്ങള്‍ ഉണ്ട്. ഏറ്റവും ഉന്നതവും സത്യമതവുമായ പരിശുദ്ധ ഇസ്‌ലാമിലും ആഘോങ്ങളുണ്ട്. എന്നാല്‍ പരിശുദ്ധ ഇസ്‌ലാമിലെ ആഘോഷങ്ങള്‍ ബലിപെരുന്നാളിലും ചെറിയപെരുന്നാളിലുമായി ചുരുങ്ങി നില്‍ക്കുകയാണ്. വേറെ ഒരു രീതിയിലുള്ള ആഘോഷവും ഇസ്‌ലാം അനുവദിക്കുന്നില്ല. അനസ്(റ)ല്‍ നിന്നും നിവേദനം: നബി(സ്വ) മദീനയില്‍ വന്നപ്പോള്‍ ജനങ്ങള്‍ വര്‍ഷത്തില്‍ രണ്ട് ദിവസം ഉത്സവ ദിവസങ്ങളായി കൊണ്ടാടിയിരുന്നു. നബി(സ്വ) അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ഉല്ലാസത്തിനും, വിനോദത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച രണ്ടു ദിവസങ്ങളാണിത്. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ഈ രണ്ടു ദിവസത്തിനു പകരം അല്ലാഹു നിങ്ങള്‍ക്ക് മറ്റു രണ്ടു ദിവസം നിശ്ചയിച്ചു തന്നിരിക്കുന്നു. ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍ എന്നീ രണ്ട് ദിനങ്ങള്‍ (അബൂദാവൂദ്). ഈ രണ്ട് ദിനങ്ങളും ഇസ്‌ലാംമത വിശ്വാസികള്‍ക്ക് ആഘോഷിക്കാനുള്ളതാണ്. എന്നാല്‍ ഏതു വിഷയത്തിലുമുള്ള പോലെ നിയമ വലയങ്ങള്‍ക്കുള്ളിലുള്ള ആഘോഷ വിനോദങ്ങളെയാണ് ഇസ്‌ലാം അംഗീകരിക്കുന്നത്. പെരുന്നാളിന്റെ പേരില്‍ സര്‍വ്വ സ്വാതന്ത്രവും നല്‍കുന്ന കുത്തഴിഞ്ഞ പ്രവണതയല്ല ഇസ്‌ലാമിനുള്ളത്. മറിച്ച് ഇസ്‌ലാമിന്റെ നിയമങ്ങള്‍ പാലിച്ച് കൊണ്ട് പരിധി ലംഘിക്കാത്ത ആഘോഷങ്ങളെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. ഭക്തി, സമൂഹകെട്ടുറപ്പ്, കുടുംബ ബന്ധം പുലര്‍ത്തല്‍, ദൈവ മഹത്വം പ്രഘോഷിക്കലും സമസ്യ സൃഷ്ടികളുടെയും ഭിന്നതയകറ്റാന്‍ യത്‌നിക്കലും പരിധികള്‍ ലംഘിക്കാത്ത ആഘോഷങ്ങളില്‍ പെട്ടതാണ്.
ഒരുപാട് ആഘോഷിച്ച് പരസ്പരം സന്തോഷങ്ങള്‍ കൈമാറി വെറുമൊരു ആഘോഷ ദിനമാക്കി മാറ്റുകയെന്നതിനപ്പുറം സഹകരണത്തിന്റെയും സഹായത്തിന്റെയും ഒരു വലിയ സന്തോഷം രണ്ട് പെരുന്നാളുകളും സമര്‍പ്പിക്കുന്നു.
ഉള്ളവന്‍ ഇല്ലാത്തവനു നല്‍കി പെരുന്നാളിന്റെ പകലില്‍ ആരും പട്ടിണി കിടക്കരുതെന്ന തീരുമാനം അടങ്ങിയിട്ടുണ്ട് ഇസ്‌ലാമിന്റെ സകാത്തില്‍. ബലി പെരുന്നാളിന്റെ മാംസവിതരണത്തില്‍ പങ്കുവെക്കല്‍ എന്നതും കടന്ന വരുന്നു. കൊടുത്തും വാങ്ങിയും ഒരു സമൂഹത്തിന്റെ പരസ്പര ബന്ധത്തിന്റെ ഭദ്രത ഊട്ടിയുറപ്പിക്കലും പരസ്പരം സ്‌നേഹകൈമാറ്റങ്ങളും പെരുന്നാളിലൂടെ കടന്നു വരുന്നു.
എന്നാല്‍ ഖേദകരമെന്ന് പറയട്ടെ. ഇസ്‌ലാമിലെ പവിത്രമായ ഈ രണ്ട് ആഘോഷങ്ങളും വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പെരുന്നാളിന്റെ പൊന്നമ്പിളി മാനത്ത് പ്രത്യക്ഷപ്പെടുന്നതോടെ സകല ആഭാസങ്ങള്‍ക്കും തിരികൊളുത്തുന്ന ദുഃഖകരമായ അവസ്ഥ. നിസ്‌കാരം പോലും ഒഴിവാക്കി വിനോദ യാത്രകള്‍ സംഘടിപ്പിച്ചും മദ്യവും മധിരാശിയുമായി കുത്തഴിഞ്ഞു നടത്തുന്ന ആഹ്ലാദ ആഘോഷങ്ങളാണ് ഇന്ന് യുവതലമുറയുടെ ശീലം. ഈദ് ഫെയറും നൃത്ത ചുവടുകളും തുടങ്ങിയ ഇതര മതങ്ങളില്‍ നിന്ന് കടമെടുത്ത ഇത്തരം പ്രവണതകള്‍ ദീര്‍ഘ തമസ്സിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം ഒരു നിമിഷത്തിലൂടെ നശിപ്പിച്ചുകളയലാണ്.
എന്നാല്‍ അനുഭൂതികളെ പാടെ തിരസ്‌കരിക്കുന്ന പരുക്കന്‍ ശൈലി ഇസ്‌ലാമിനിക്കില്ല. അതുകൊണ്ട് ഒരു പെരുന്നാള്‍ ദിനത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഒരു വിഭാഗം നടത്തിയ കളി നബി(സ) നോക്കിനില്‍ക്കുകയും ആയിശാ(റ) ബീവിക്ക് കാണാന്‍ സൗകര്യമൊരുക്കി കൊടുക്കുകയും ചെയ്തു.
മറ്റൊരു പെരുന്നാള്‍ ദിനത്തില്‍ നബി(സ) യുടെ സവിധത്തില്‍ വെച്ച്‌കൊണ്ട് ദഫ് മുട്ടി പാട്ട് പാടിയതിന്റെ പേരില്‍ അവരെ ശകാരിച്ചു. സിദ്ദീഖ്(റ)ന്റെ മുഖത്ത് നോക്കി നബി(സ) പറഞ്ഞു: ‘ഇന്ന് പെരുന്നാള്‍ ദിവസമല്ലേ അവര്‍ പാട്ടുപാടി കൊള്ളട്ടെ’ എന്നാല്‍ അതൊക്കെ ഇസ്‌ലാമിന്റെ പരിധിക്കുള്ളിലെ ആഘോഷങ്ങളായിരുന്നു എന്ന് നാം മനസ്സിലാക്കണം.
മുസ്‌ലിംകളും ഇതര മതാഘോഷങ്ങളും
മേല്‍ പറഞ്ഞതു പോലെ ഓരോ മതങ്ങള്‍ക്കും ഒരുപാട് ആഘോഷങ്ങള്‍ ഉണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ മറ്റു ഇതര മതക്കാരുടെ ആഘോഷങ്ങളില്‍ പങ്കുചേരുന്നത് ധാരാളമായി കണ്ടുവരുന്നു. എന്നാല്‍ അതിന്റെ ഇസ്‌ലാമിക മാനം അധികമാളുകളും മനസ്സിലാക്കുന്നില്ല. പരിശുദ്ധ ഇസ്‌ലാമിന് ഇത്തരം വിശയങ്ങളില്‍ വ്യക്തമായ നിലപാടുകളുണ്ട്.