വിജയത്തിന്റെ അനിവാര്യമായ ഗുണവിശേഷമാണ് വിനയം. അത് വിശ്വാസിയുടെ അടയാളവും ഉയർച്ചയുടെ അടിസ്ഥാനവുമാണ്. മറ്റുള്ളവരോടുള്ള പെരുമാറ്റരീതിയിൽ വിനയം കാത്തു സൂക്ഷിക്കൽ വിശ്വാസിയുടെ മുഖ മുദ്രയാണ്. പൊങ്ങച്ചം കാണിക്കാതെ സഹജീവികളോട് നല്ലരീതിയിൽ പെരുമാറുകയും വസ്തുതകളെ നിരാകരിക്കാതിരിക്കുകയും ആരോഗ്യകരമായ രീതിയിൽ ആളുകൾക്ക് വഴങ്ങിക്കൊടുക്കുകയും ചെയ്യുക എന്നതാണ് വിനയം കൊണ്ട് അർത്ഥമാക്കുന്നത്. വിനയം കൈകൊണ്ടവരാണ് അല്ലാഹുവിൻ്റെ യഥാർത്ഥ അടിമകൾ. സാത്വികരായി ജീവിതം നയിച്ച പൂർവസൂരികളായ പണ്ഡിതരിൽ ഈ സദ്ഗുണം വേണ്ടുവോളമുണ്ടായിരുന്നു. പൈശാചിക ചാപല്യങ്ങളിൽ നിന്ന് ഉണ്ടാകുന്ന ഉൾനാട്യത്തിന്റെയും പൊങ്ങച്ചത്തിന്റെയും മതിൽ കെട്ടുകൾക്കുള്ളിൽ മനുഷ്യ മനസ്സ് കുടുസ്സാകുമ്പോഴാണ് വിനയവും സൂക്ഷ്‌മതയും അന്യം നിൽക്കുന്നത്. പരിശുദ്ധ ഖുർആൻ വിനയശീല അവൻ്റെ യഥാർത്ഥ അടിമരെ പരിചയപ്പെടുത്തുന്നത് കളായിട്ടാണ്.
وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَهْلُونَ
قَالُوا سَلَمًا
“കരുണാമയനായ അല്ലാഹുവിന്റെ ദാസന്മാർ വിനയാന്വിതരായി ഭൂമിയിൽ സഞ്ചരിക്കുന്നവരാണ്” (ഫുർഖാൻ 63). മഹാനായ ലുഖ്മാനുൽ ഹകീം(റ)തന്റെ മകനെ ഉപദേശിക്കുന്നതായി വിശുദ്ധ ഖുർആൻ പറയുന്നു:
وَلَا تُصَعِرُ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا إِنَّ اللَّهَ لَا يُحِبُّ كُلَّ
مُخْتَالٍ فَخُورٍ
“നീ ജനങ്ങളിൽ നിന്ന് ആഢ്യമനസ്കനായി മുഖം തിരിച്ച്കളയുകയും ഭൂമിയിൽ അഹംഭാവത്തോടെ നടക്കുകയുമരുത്. അഹന്തയും പൊങ്ങച്ചവും കാട്ടുന്ന ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല” (ലുഖ്മാൻ 18). നബി(സ്വ) പറയുന്നു:
إن الله أوحى إلي أن تواضعوا حتى لا يفخر أحد على أحد ولا يبغي أحد على أحد
“നിശ്ചയം, നിങ്ങൾ വിനയം കാണിക്കുവാൻ അല്ലാഹു എനിക്ക് ദിവ്യബോധനം നൽകിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ ഒരാളും മറ്റൊരാളുടെ മേൽ അഭിമാനം നടിക്കു കയോ ആരും ആരുടെ നേർക്കും അക്രമം നടത്തു കയോ ഇല്ല” (മുസ്‌ലിം).
പ്രശസ്ത സൂഫിയായ ദുന്നൂറുൽ മിസ്വരി(റ)വിനോട് ഒരിക്കൽ ഒരാൾ ചോദിച്ചു: “ആരാണ് വി നയശീലൻ?” അദ്ദേഹം പറഞ്ഞു: “വിനയമുള്ളവൻ സ്വയം നിസ്സാരനായി കാണുന്നവനാണ്. എന്നാൽ മറ്റുള്ളവരെ തന്നെക്കാൾ നിസ്സാരനായി കാണുകയില്ല”. തുടർന്ന് വിനയശീലരുടെ ലക്ഷണങ്ങൾ വിശദീകരിച്ച് അദ്ദേഹം പറയുന്നു: “അയാൾ പാവങ്ങളുടെയും സ്വന്തം വേലക്കാരുടെയും കൂടെ ഇരുന്ന് ഭക്ഷണം കഴിക്കും, ചെറിയവർക്ക് സലാം പറയും, ആടുമാടുകളുടെ പാൽ കറക്കും, ലളിതമായ ജോലി ചെയ്യാൻ സ്വയം സന്നദ്ധനാകും”. തുടങ്ങിയ ഒരുപാട് ലക്ഷണങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി.
യഥാർത്ഥത്തിൽ ലക്ഷണമൊത്ത മനുഷ്യനിൽ ഉണ്ടാവേണ്ട സ്വഭാവഗുണമാണ് വിനയം. കഴിവും അറിവും സ്വായത്തമാക്കുന്നവന് ഈ ഗുണം വർധിച്ചു വരേണ്ടതാണ്. എല്ലാവരെയും ഉൾക്കൊള്ളാനും, അവരെ അർഹിക്കുന്ന രീതിയിൽ സമീപിക്കാനുമുള്ള വിശാലമനസ്കത വിനയം അവരിൽ നിർമിക്കുന്നു. ഈ വിശാലമനസ്സ് ഒരു മനുഷ്യനെ ഉത്തമനാക്കുന്നു.
വിനയത്തിന്റെ വിപരീത സ്വഭാവമാണ് അഹങ്കാരം. അത് പരാജിതരുടെയും ദു:സ്വഭാവികളുടെയും വിശേഷണമാണ്. അത്കൊണ്ടാണല്ലോ ഇബ്‌ലീസ് അവസാനനാള് വരെ ആട്ടിയോടിക്കപ്പെട്ടവനും ശപിക്കപ്പെട്ടവനുമായിത്തീർന്നത്. പ്രപഞ്ചത്തിലെ പ്രഥമ പാപിയാണവൻ. അവൻ അല്ലാഹുവിന് അനുസരണക്കേട് കാണിച്ചു. ആദം നബി(അ)ന് സാഷ്ടാംഗം ചെയ്യാൻ വിസമ്മതിച്ചു. പരിശുദ്ധ ഖുർആൻ പറയുന്നു:
قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ قَالَ فَاهْبِطُ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَاخْرُجْ إِنَّكَ مِنَ الصَّاغِرِينَ
അല്ലാഹു ചോദിച്ചു: “ഞാൻ കൽപ്പിച്ചപ്പോൾ സുജൂദ് ചെയ്യാതിരിക്കാൻ നിനക്കെന്താണ് തടസ്സമുണ്ടായത്?”. അവൻ പറഞ്ഞു: “ആദമിനെക്കാൾ ശ്രേഷ്‌ഠൻ ഞാനാണ്. എന്നെ തീയിലും അവനെ മണ്ണിൽനിന്നുമാണ് സൃഷ്ടിച്ചിരിക്കുന്നത്”. അല്ലാഹു അരുളി: “ഉടൻ ഇറങ്ങിപ്പോകൂ ഇവിടുന്ന്, നിനക്ക് അഹങ്കരിക്കാൻ എന്താണുള്ളത്. കടക്ക് പുറത്ത്! നിന്ദ്യരിൽ പെട്ടവനാണു നീ, തീർച്ച” (അഅ്റാഫ് 12,13).
നംറൂദിന്റെയും ഫിർഔനിന്റെയും മറ്റു പല ഗോത്രങ്ങളുടെയും പതനത്തിനും ഹേതുവായത് അഹങ്കാരമാണ്. മാത്രമല്ല എല്ലാ സമൂഹങ്ങളും വഴി പിഴക്കാനുള്ള കാരണം അഹങ്കാരത്തിൽ നിന്നുണ്ടായ ചിന്തയായിരുന്നുവെന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തത്തെ മഹത്വവൽക്കരിക്കുകയും മറ്റുള്ളവരെ നിസ്സാരമായി കാണുകയും ചെയ്യുന്നതിൽ നിന്നാണ് അഹങ്കാരം ഉടലെടുക്കുന്നത്. അതൊഴിവാക്കി വിനീതരായിത്തീരണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു.
മനുഷ്യൻ എല്ലാനിലക്കും ബലഹീനനാണ്. ദുർബലമാണവന്റെ ശരീരം, അവൻ നേടിയെടുക്കുന്ന അറിവും വിദ്യയുമെല്ലാം വളരെ തുച്ചമാണ്. അല്ലാഹു പറയുന്നു: وَخُلِقَ الْإِنسَانُ ضَعِيفًا മനുഷ്യൻ ദുർബലനായിട്ടാണ് സൃഷ്ടിക്കപ്പെട്ടത് (അന്നിസാഅ്). ഇവിടെ തന്റെ കഴിവുകേടുകൾ തിരിച്ചറിഞ്ഞ് മറ്റുള്ളവരെ അംഗീകരിച്ച് ജീവിക്കലാണ് മനുഷ്യദൗത്യം. പ്രവാചകർ തിരുമേനി(സ്വ) തന്നെയാണ് വിനയത്തിന്റെയും താഴ്മയുടെയും സമുന്നതമാതൃക. അല്ലാഹു നബിതങ്ങളെ കുറിച്ച് പറയുന്നു:
فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ علَى اللهِ ، إِنَّ اللَّهَ يُحِبُّ الْمُتَوَكَّلِينَ
“അല്ലാഹുവിങ്കൽ നിന്നുള്ള മഹത്തായ അനുഗ്രഹം കൊണ്ടാണ് താങ്കൾക്ക് ജനങ്ങളോട് സൗമ്യ സമീപനത്തിനു കഴിയുന്നത്. അങ്ങ് പരുഷനും കഠിന ഹൃദയനുമായിരുന്നെങ്കിൽ അവർ താങ്കളുടെ ചുറ്റു നിന്നും പിരിഞ്ഞുപോയേനെ”
തൻ്റെ അനുയായികളിൽ താഴെ തട്ടിലുള്ള ആളുകളെ ശ്രദ്ധിക്കാനും ശ്രവിക്കാനും കൂടെയിരിക്കാനും പ്രവാചകർ(സ്വ) സന്നദ്ധരായിരുന്നു. അറേബ്യയുടെ അധിപനും ഒരു ജനതയുടെ നേതാവായിട്ട് പോലും വ്യക്തിപരമായ കാര്യങ്ങൾ തിരുറസൂൽ (സ്വ) സ്വന്തമായി ചെയ്തിരുന്നു. ആഇശ(റ) പറയുന്നു: “നബി(സ്വ) വസ്ത്രവും പാദരക്ഷയും നിങ്ങൾ തുന്നുകയും ചെയ്യുന്നത് പോലെ വീട്ടുജോലികൾ സ്വന്തമായി നിർവഹിക്കുകയും ചെയ്യുമായിരുന്നു”.
عن عائشة أنها سئلت: ما كان التي صلى الله عليه وسلم يعمل في بيته ؟ قالت: كان يخيط ثوبه ويخصف نعله ويعمل ما يعمل الرجال في بيوتهم (صحيح ابن حبان)
നബി(സ്വ) തങ്ങൾ വീട്ടിൽ വന്നാൽ ബാങ്കുകേട്ട് പള്ളിയിൽ പോകുന്നത് വരെ വീട്ടുകാരെ ജോലിയിൽ സഹായിക്കുമായിരുന്നു. നബി(സ്വ) തങ്ങൾക്ക് നേതാവാണെന്ന് തിരിച്ചറിയുന്ന പ്രത്യേക വേഷഭൂഷാദികളൊന്നും ഇല്ലായിരുന്നു. ആരെങ്കിലും നബി(സ്വ) ക്ക് കൈകൊടുത്താൽ അയാൾ കൈവിട്ടിട്ടല്ലാതെ നബി(സ്വ) കൈവിടുമായിരുന്നില്ല (തുർമുദി). നബി(സ്വ) പറഞ്ഞു: “ഒരു മൃഗത്തിൻ്റെ കൈയോ കാലോ തിന്നാൻ എന്നെ ആരെങ്കിലും ക്ഷണിച്ചാൽ ഞാൻ ആ ക്ഷണം സ്വീകരിക്കും. ആരെങ്കിലും കൈയോ കാലോ എനിക്ക് നൽകിയാൽ അത് ഞാൻ സ്വീകരിക്കും” (ബുഖാരി).
عن أبي هريرة رضي الله عنه مرفوعاً: لو دُعِيتُ إلى كُرَاعٍ أو ذِرَاعٍ لأَجَبتُ، ولو أُهدِيَ إِلَيَّ ذِرَاعٌ أَو كُرَاعٌ لقبلت
അതിദരിദ്രനായ സ്വഹാബിയായിരുന്നു സാഹിർ ബ്നു ഹറാം(റ), മദീനയുടെ പുറത്തുള്ള ഗ്രാമത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ചില സമയങ്ങളിൽ മദീനയിലെ ചന്തയിലെത്തി ചെറിയ കച്ചവടം നടത്തിയായിരുന്നു അദ്ദേഹം ഉപജീവനം കണ്ടെത്തിയിരുന്നത്.
ഒരിക്കൽ അദ്ദേഹം മദീനയിൽ വന്നപ്പോൾ സാധാരണപോലെ ആദ്യം നബി (സ്വ) തങ്ങളെ കാണാൻ പള്ളിയിൽ ചെന്നു. പുറത്തെവിടെയോ പോയതാണെന്നറിഞ്ഞ അദ്ദേഹം തന്റെ കൈവശമുള്ള ചരക്കുകൾ വിൽക്കാനായി ചന്തയിൽ പോയി. കച്ചവടം തുടങ്ങി അൽപസമയം കഴിഞ്ഞപ്പോൾ ആരോ പിന്നിൽ നിന്ന് അദ്ദേഹത്തെ അണച്ച് പിടിച്ചു. ആരാണെന്നറിയാതെ അദ്ദേഹം പിടിവിടാൻ പറയുകയും കുതറി നോക്കുകയും ചെയ്തു. അത് കേൾക്കാതെ വീണ്ടും ചേർത്ത് പിടിച്ച് കൊണ്ട് അവർ പറഞ്ഞു: “ഈ അടിമയെ ആരാണ് വാങ്ങുക”. ശബ്ദം കേട്ട് അത് പ്രവാചകരാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. തൻ്റെ മുഷിഞ്ഞ വസ്ത്രം നോക്കാതെ എല്ലാവരും കാണവേ നബി(സ്വ) തങ്ങൾ തന്നെ അണച്ച് പിടിച്ചതോർത്ത് അദ്ദേഹത്തിന്റെ മനസ്സിൽ സന്തോഷം തോന്നി. നോക്കൂ… എന്തൊരു സ്വഭാവ മഹിമയാണ് നബി(സ്വ) തങ്ങൾക്ക്.
പ്രവാചക ജീവിതത്തിലെ മറ്റൊരു സന്ദർഭം നമുക്ക് നോക്കാം. മദീനയിലെ പള്ളി അടിച്ചുവാരിയിരുന്ന ഒരു സ്ത്രീ. ഒരു ദിവസം അവരെ കാണാതായപ്പോൾ പ്രവാചകർ(സ്വ) അനുയായികളോട് ആ സ്ത്രീയെ കുറിച്ച് അന്വേഷിച്ചു. അവർ പറഞ്ഞു: “ആ സ്ത്രീ മരണപ്പെട്ടു പോയി”. ഉടനെ പ്രവാചകർ(സ്വ) ചോദിച്ചു: “എന്നിട്ടെന്തേ നിങ്ങളെന്നെ അറിയിക്കാതിരുന്നത്”. അവർ പറഞ്ഞു: “രാത്രിയാണ് മരണപ്പെട്ടത്. നബിയെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഞങ്ങൾ അനന്തരകർമ്മങ്ങൾ നിർവഹിച്ചു”. ഇതുകേട്ട പ്രവാചകർ(സ്വ) അവരുടെ ഖബ്ർ കാണിച്ചു തരാൻ ആവശ്യപ്പെടുകയും അവിടെയെത്തി ആ സ്ത്രീയു ടെ പേരിൽ നിസ്ക്കരിക്കുകയും ചെയ്തു.
പ്രവാചകർ(സ്വ) യെ പിൻപറ്റി വിനയത്തി ന്റെയും താഴ്മയുടെയും സ്വരൂപങ്ങളായി ജീവിച്ച സ്വഹാബത്തിനെയും നിരവധി സൂഫീവര്യന്മാരെയും ചരിത്രത്തി ലുടനീളം കാണുവാൻ സാധിക്കും.
ഒന്നാം ഖലീഫ അബൂബക്ർ(റ) തൻ്റെ ഭരണ കാലത്ത് മദീനയിലെ അവശയായ ഒരു അന്ധയ്ക്ക് എല്ലാ സേവനങ്ങളും ചെയ്‌തുകൊടുത്തിരുന്നു. മുബാറകുബ്നു ഫളാല (റ) ഉദ്ധരിക്കുന്നു: ഒരിക്കൽ ഉമർ(റ)വിനോട് ഒരാൾ തർക്കിച്ചു. തർക്കത്തിനിടെയിൽ അയാൾ പറഞ്ഞു: “ഓ അമീറുൽ മുഅ്മിനീൻ, നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക”. ഇതുകേട്ട ജനങ്ങൾ അയാൾക്കെതിരെ തിരിഞ്ഞു. “നീ ഖലീഫയോടാണോ ഇങ്ങനെ പറഞ്ഞത്?” അപ്പോൾ ഉമർ(റ) പറഞ്ഞു: “അദ്ദേഹത്തെ വിടുക. എത്ര നല്ല വാക്കാണ് അദ്ദേഹം പറഞ്ഞത്. ആ വാക്ക് പറഞ്ഞിട്ടില്ലെങ്കിൽ നിങ്ങളിൽ ഒരു ഗുണവുമില്ല. അത് സ്വീകരിക്കാതിരുന്നാൽ എന്നിലും ഒരു ഗുണവും ഇല്ല”. മറ്റൊരിക്കൽ ശാമിലേക്കുള്ള യാത്രയിൽ ഉമർ(റ) തന്റെയും ഭൃത്യന്റെയും ഇടയിൽ ഒട്ടകപ്പുറത്തു സഞ്ചരിക്കാൻ ഊഴം നിശ്ചയിച്ചു. മഹാനവർകൾ ഒട്ടകപ്പുറത്ത് കയറിയാൽ ഒരു ഫർസഖ് ദൂരം ഭൃത്യൻ ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ച് തെളിക്കുകയും ശേഷം ഭൃത്യൻ ഒട്ടകത്തിൽ കയറുകയും ചെയ്യും. ശാമിലെത്താൻ സമയത്ത് ഭൃത്യന്റെ ഊഴമായിരുന്നു. ഉമർ(റ) ഒട്ടകത്തെ തെളിച്ച് പോകുന്നതിനിടയിൽ വഴിയിൽ വെള്ളക്കെട്ട് കണ്ടപ്പോൾ അദ്ദേഹം ചെരിപ്പ് അഴിച്ച് തൻ്റെ കക്ഷത്തിൽ വെക്കുകയും കടിഞ്ഞാൺ പിടിച്ച് വെള്ളത്തിലിറങ്ങുകയും ചെയ്തു. ഇതു കണ്ട ശാമിലെ ഗവർണർ അബൂ ഉബൈദത്തുൽ ജറാഹ്(റ) പറഞ്ഞു: “ഓ അമീറുൽ മുഅ്മിനീൻ, ശാമിലെ പ്രമാണിമാർ അങ്ങയെ കാണാൻ വരും. ഈ രൂപത്തിൽ അങ്ങയെ കണ്ടാൽ?” മഹാനവർകൾ പറഞ്ഞു: “നിസ്സംശ യം, ഇസ്ലാം കൊണ്ട് അല്ലാഹു നമ്മെ പ്രതാപികളാക്കിയിരിക്കുന്നു. അത് കൊണ്ട് ജനങ്ങളുടെ സംസാരം നാം ഗൗനിക്കുന്നില്ല”.
രണ്ടാം ഉമർ എന്ന പേരിൽ അറിയപ്പെട്ട ഉമറുബ്നു അബ്ദുൽ അസീസ്(റ) ഒരിക്കൽ എന്തോ എഴുതുകയായിരുന്നു. അദ്ദേഹത്തിന്റെ സമീപത്ത് ഒരതിഥിയുണ്ടായിരുന്നു. വിളക്ക് അണയാൻ തുടങ്ങിയപ്പോൾ അതിഥി പറഞ്ഞു: “ഞാൻ വിളക്ക് നേരെയാക്കാം”. അപ്പോൾ ഖലീഫ പറഞ്ഞു: “വേണ്ട. അതിഥിയെ കൊണ്ട് ജോലി ചെയ്യിക്കൽ മര്യാദയല്ല”. അപ്പോൾ അതിഥി പറഞ്ഞു: “എന്നാൽ ഞാൻ ഭൃത്യനെ വിളിച്ചുണർത്താം”. ഖലീഫ പറഞ്ഞു: “വേണ്ട. അവൻ ഇപ്പോൾ കിടന്നിട്ടൊള്ളു”. ഖലീഫ തന്നെ എഴുന്നേറ്റു വിളക്കിൽ എണ്ണയൊഴിച്ച് ശരിയാക്കി, അപ്പോൾ അതിഥി പറഞ്ഞു: “അല്ലയോ അമീറുൽ മുഅ്മിനീൻ… അങ്ങ് സ്വന്തമായി ഇതൊക്കെ ചെയ്യണമോ? അദ്ദേഹം പറഞ്ഞു: “ഞാൻ വിളക്ക് നന്നാക്കാൻ പോകുമ്പോൾ ഉമറായിരുന്നു. മടങ്ങി വരുമ്പോഴും ഉമർ തന്നെ”. നീതിയുടെ ഉത്തമ നിദർശനവും വിനയത്തിൻ്റെ കടഞ്ഞെടുത്തതനിമയുമായിരുന്നു ഉമറുബ്നു അബ്ദുൽ അസീസ്(റ). എഴുപത് വർഷം അല്ലാഹുവിനെ ആരാധിച്ച ഒരു മഹാൻ ഇസ്റാഈല്യരിൽ ജീവിച്ചിരുന്നു. വർഷം മുഴുവൻ അദ്ദേഹം നോമ്പുകാരനായിരുന്നു. ഒരിക്കൽ ഒരു കാര്യം സാധിക്കാനായി അല്ലാഹുവിനോട് പ്രാർത്ഥിച്ചു. പക്ഷെ, അല്ലാഹു അത് നിറവേറ്റി കൊടുത്തില്ല. അയാൾ സ്വന്തത്തോട് പറഞ്ഞു. “അല്ലാഹുവിന്റെ അടുക്കൽ നിനക്ക് വല്ല സ്ഥാനവും ഉണ്ടായിരുന്നെങ്കിൽ അവൻ നിന്റെ പ്രാർത്ഥന സ്വീകരിക്കുമായിരുന്നു”. അപ്പോൾ ഒരു മലക്ക് വന്ന് പറഞ്ഞു: “ഇപ്പോൾ താങ്കൾ കാണിച്ച വിനയം എഴുപത് വർഷം ആരാധന ചെയ്‌തതിനേക്കാൾ അല്ലാഹുവിന്റെ അടുക്കൽ മഹത്തരമാണ്.” ആ വിനയം കാരണം അല്ലാഹു ആവശ്യം പൂർത്തികരിച്ചു കൊടുത്തു. വിനയം അയാളുടെ കാരണത്താൽ കൈവന്ന അനുഗ്രഹമാണിത്.
ചുരുക്കത്തിൽ ഒരു മനുഷ്യൻ്റെ ഐഹിക, പാരത്രിക വിജയത്തിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് വിനയമെന്നത്. താഴ്മയും വിനയവും ജീവിതത്തിൽ പകർത്തുമ്പോൾ മാത്രമെ ആത്മീയ പാദകളിൽ സഞ്ചരിച്ച് സ്വർഗ്ഗലോകത്ത് എത്താൻ സാധിക്കൂ. പിശാചിന്റെ കുതന്ത്രങ്ങൾക്കു വഴങ്ങാതെ ആത്മീയതയുടെ ദിവ്യ ചൈതന്യത്തിലൂടെ ശാശ്വത വിജയത്തിലേക്കു മുന്നേറാൻ നമുക്ക് സാധിക്കണം,
وما تواضع أحدٌ للَّهِ إِلَّا رَفَعَهُ اللَّهُ ”
ഒരടിമയും വിനയം കാണിച്ചിട്ടില്ല. അല്ലാഹു അവനെട്ടല്ലാതെ” ഉയർത്തിയി (മുസ്‌ലിം) എന്ന ഹദീസ് വചനം വ്യക്തമാക്കുന്നതും താഴ്മയുടെ വിജയരഹസ്യമാണ്. അറിവിൻ്റെ അളവ് കൂടുന്നതിനനുസരിച്ച് അവന്റെ ശിരസ്സ് താഴ്ന്നുകൊണ്ടേയിരിക്കണം. മറ്റുള്ളവരെ നിറപുഞ്ചിരിയോടെ സ്വീകരിക്കാൻ സാധിക്കണം. കാരണം പുഞ്ചിരിതാഴയുടെ പ്രധാനഘടകമാണ്. ഇങ്ങോട്ട് ചിരിച്ചാൽ പോലും അങ്ങോട്ട് ചിരിക്കാൻ പിശുക്ക് കാണിക്കുന്ന ചിലരുണ്ട്. താൻ ചെറുതായിപ്പോകുമോ എന്നവർ ഭയപ്പെടുന്നു. അഹങ്കാരത്തിന്റെ അത് ഭാഗമാണ്. അഹങ്കാരം ഉപേക്ഷിച്ച് സമൂഹത്തിൽ ഒരു സാധാരണ മനുഷ്യനായി ജീവിക്കാനാണ് ഇസ്‌ലാം ഉദ്ഘോഷിക്കുന്നത്. അപ്പോൾ മാത്രമാണ് അല്ലാഹുവിന്റെ ഇഷ്ട ദാസനായി മാറുകയുള്ളൂ. അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ…




