വസന്തത്തിന്റെ പര്യവസാനത്തെയാണ് റബീഉല്‍ ആഖര്‍ അടയാളപ്പെടുത്തുന്നത്. പുണ്യ വസന്തത്തില്‍ നിന്നുള്ള ഒത്തിരി അദ്ധ്യാത്മിക അധ്യായങ്ങള്‍ തുന്നി ചേര്‍ത്ത മാസം കൂടിയാണിത്. പ്രവാചക നിദര്‍ശന സ്മരണകളുടെ രണ്ടാം മാസം തന്നെ എന്നു പറയാം.
സുല്‍ത്താനുല്‍ ഔലിയ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ), റഈസുല്‍ മുഹഖിഖ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍(ന.മ),പണ്ഡിത സൂര്യ തേജസ്സ് ശംസുല്‍ ഉലമ(ന.മ), ജീവിതം കൊണ്ട് സൂഫിസം പഠിപ്പിച്ച അത്തിപ്പറ്റ മുഹ്‌യുദ്ധീന്‍ മുസ്ലിയാര്‍(ന.മ), സമസ്തയുടെ ആധുനിക സംഘാടകന്‍ ടി.എം ബാപ്പു മുസ്ലിയാര്‍(ന.മ)തുടങ്ങിയ മഹത്തുക്കളുടെ സുകൃത സ്മരണകളാല്‍ സമ്പുഷ്ടമാണ് ഈ മാസം. ആ സുകൃത സരണികള്‍ ഉണര്‍ന്നു പാട്ടായി ചരിത്രത്തോടോതുന്നതും സമ്പുഷ്ടം തന്നെ. ആദ്ധ്യാത്മികതയെ പരിപോഷിച്ച് വര്‍ണ പകിട്ടേകിയതിന്റെ ചിത്രങ്ങളായിരുന്നു അവരുടെ പച്ചയായ ജീവിതങ്ങള്‍. ആ പച്ച ജീവിതങ്ങളെ സ്വജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് നാമും അവരോടടുക്കുന്നത്.
അല്ലാഹുവിനെ സ്‌നേഹിച്ച് അടുത്തറിഞ്ഞവര്‍, പ്രീതി കാംഷിച്ച് നടന്നവര്‍, ആത്മീയ ദാഹം തീര്‍ത്തവര്‍, ഇലാഹീ പ്രീതിയിലേക്കുള്ള രാപ്രയാണത്തില്‍ മിന്നാ മിനുങ്ങിന്‍ നറുങ്ങ് വെട്ടം പോലും ആയുധമാക്കിയവര്‍, ഘോരമായ മഴയത്തും ഇലാഹീ പ്രയാണത്തിന്റെ ആത്മാവനേഷിച്ചിറങ്ങി നനഞ്ഞ് കുളിച്ചവര്‍, ഹഖീകത്തിന്റെ വജ്ര മുത്തുകളെ ആഴക്കടലില്‍ നിന്നും കരസ്ഥമാക്കിയവര്‍, ജീവിതം മെഴുകുതിരി സമാനമാക്കി ചുറ്റും അറിവും അദബും അദ്ധ്യാത്മികതയും പ്രകാശിപ്പിച്ചവര്‍, പരീക്ഷണങ്ങളുടെ ഇടിമിന്നലുകള്‍ കൊണ്ട് മുഖം കരുവാളിക്കാതെ ക്ഷമയുടെ പടയങ്കിയേന്തിയവര്‍. പുഞ്ചിരി കൊണ്ട് മാനവ മനസ്സിലെ മലീമസതകളെ കഴുകി കളഞ്ഞവര്‍……
സമ്പുഷ്ടതയുടെ പര്യായം തന്നെയാണ് റബീഉല്‍ ആഖര്‍ നമുക്ക് മുന്നില്‍ തുറന്ന് തന്നിരിക്കുന്നത്. ഓരോ അദ്ധ്യയങ്ങള്‍ ആഴമേറിയതും ചിന്തോദ്ദീപകവുമാണ്. ഒരോ ഏടും ദൈര്‍ഘ്യ മേറിയ ജീവിത വഴികളില്‍ നമുക്ക് പ്രകാശം തരികയാണ്. ആ പ്രകാശഗോപുരങ്ങളാണ് നമ്മുടെ വഴികാട്ടികള്‍. നേരിന്റ പാതയിലെ സമാനതകളില്ലാ സമസ്യകളെ സംപൂരണം ചെയ്യുന്ന ചരിത്ര സുകൃതങ്ങളുടെ സമ്പുഷ്ടതയെയാണ് റബീഉല്‍ ആഖര്‍ ഉയര്‍ത്തിപിടിക്കുന്നത്.
Irshad Tuvvur
9746834141