|
മുസ്‌ലിം ജനസാമാന്യത്തിന്റെ നാവിന്‍ തുമ്പിന്‍ ഉമിനീരിനൊപ്പം ഊറി നില്‍ക്കുന്ന വിശുദ്ധ നാമമാണ് ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി (ഖ.സി), ആത്മീയ ലോകത്ത് അത്യുന്നത സ്ഥാനമലങ്കരിക്കുന്നവരാണവര്‍, അധ്യാത്മ ലോകത്ത് ചോദ്യം ചെയ്യപ്പെടാത്ത,എക്കാലത്തെയും ചക്രവര്‍ത്തിയാണ് ശൈഖ് ജീലാനി (ഖ.സി). ഇസ്‌ലാമിക ദര്‍ശനങ്ങള്‍ വിസ്മൃതമാവുകയും മുസ്‌ലിംകള്‍ കേവലം നാമം പേറുന്ന ജഢങ്ങള്‍ മാത്രമായി അധഃപതിക്കുകയും ചെയ്ത ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ സായാഹ്നത്തിലാണ് ശൈഖവര്‍കളുടെ നിയോഗമുണ്ടായത്. കല്‍പനങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുകയും നിരോധിക്കപ്പെട്ടവ സമ്പൂര്‍ണമായി വര്‍ജിക്കുകയും ചെയ്ത ഇഷ്ടദാസന്മാരെ അല്ലാഹുവിന്റെ പ്രീതിക്കു പാത്രമായ പുണ്യാത്മാക്കളെ അവര്‍ പല പദവികള്‍ ഉയര്‍ത്തുമെന്നും അനുഗ്രഹത്തിന്റെ ഉന്നതങ്ങളില്‍ വാഴിക്കുമെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ അര്‍ത്ഥ ശങ്കക്കിടമില്ലാതെ പ്രസ്താവിക്കുന്നുണ്ട്. ഇത്തരത്തില്‍ ദൈവപ്രീതിക്കര്‍ഹമായ സിദ്ധാത്മാക്കളുടെ നേതാവായിട്ടാണ് ശൈഖവര്‍കള്‍ ഇസ്‌ലാമിക ലോകത്ത് അറിയപ്പെടുന്നത്.
കളിപ്രായത്തില്‍ തമാശക്കുപോലും കള്ളം പറയാത്ത വ്യക്തി ഒരത്ഭുതമല്ലേ, ഭൗതികമായ സകല സുഖ സൗകര്യങ്ങളും ത്യജിച്ചു ആത്മീയ ചിന്തയും ആരാധനയുമായി 25 വര്‍ഷമാണ് ശൈഖവര്‍കള്‍ മരുഭൂമിയിലും വനാന്തരങ്ങളിലും ഏകാന്തവാസം അനുഷ്ഠിച്ചത്. ജീവചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഇത് ഇരുപത്തിയഞ്ചിലും അമ്പതിനും വയസ്സിനിടക്കാണ് . ഒരു മനുഷ്യന്റെ സര്‍വ്വ വികാരങ്ങളും ഓജസ്സും തിളച്ചു മറിയുന്ന പ്രായം മുഴുകെ ഭൗതിക വിരഹം വരിക്കുക! ജീവിതത്തിലെ ആദ്യത്തെ 25 വര്‍ഷത്തില്‍ ശൈശവം ഒഴിച്ചുള്ള കാലമെല്ലാം വിജ്ഞാന സമ്പാദനത്തിലും ആത്മീയ ശിക്ഷണത്തിലും മുഴുകുക! ഇങ്ങനെ അഗ്നി സ്ഫുടം ചെയ്ത 50 കഴിഞ്ഞ സ്വാതികനാണ് തന്റെ സമൂഹത്തില്‍ ആത്മീയ ഗുരുവായി വന്നു നിന്ന ഗൗസുല്‍ അഅ്‌ളം (ഖ.സി).
പിന്നീടുള്ള ജീവിതമോ ? പകലിന്റെ ഏറിയ പങ്കും ജനങ്ങള്‍ക്ക് ഉദ്‌ബോധനവും വിജ്ഞാനവും നല്‍കാന്‍ വിനിയോഗിച്ചു. രാത്രിയുടെ മുഖ്യഭാഗവും ഖുര്‍ആന്‍ പാരായണത്തിലും നിസ്‌കാരത്തിലും ഏര്‍പ്പെട്ടിരുന്നു, ഒരുപാട് വലിയ അത്ഭുതകരമായ കറാമത്തുകള്‍ക്ക് ഉടമയാണ് മഹാനവര്‍കള്‍, ചെറുപ്പം മുതലേ ഇലാഹീ ചിന്തയില്‍ ജീവിച്ച് ജീവിതം മുഴുവന്‍ റബ്ബാനിയ്യത്തിലായി വിലായത്തിന്റെ പദവി എത്തിച്ച മഹാനാണ് ശൈഖ് ജീലാനി(റ), ഒരുപാട് കറാമത്തുകള്‍ കേട്ടുകേള്‍വിയുള്ളവര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തല്‍ നിരര്‍ത്ഥകമാണ്. എന്നാലും ,ഒരിക്കല്‍ തന്റെ മദ്രസാ പരിസരത്ത് തടിച്ച് കൂടിയ ജനങ്ങള്‍ക്ക് മഹാനവര്‍കള്‍ മതോപദേശം നല്‍കുകയായിരുന്നു, പെട്ടെന്ന് കഠിനമായ മഴ പെയ്തു, ജനങ്ങള്‍ കൂട്ടം വിട്ട് നാലു ഭാഗത്തേക്കും ഓടി. ഇതു കണ്ട് ആകാശത്തേക്ക് നോക്കി കൊണ്ട് ആ ദിവ്യാത്മാവ് പറഞ്ഞു : ‘ഞാന്‍ നിനക്ക് വേണ്ടി ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നു, നീ അവരെ നാലുപാടും ഓടിച്ച് കളയുന്നു.’ ഇതു മൊഴിഞ്ഞതും മദ്രസയുടെ ഭാഗത്ത് മഴ നിന്നു. മദ്രസയും പരിസരവുമൊഴിച്ച് മറ്റു സ്ഥലത്തെല്ലാം മഴ കഠിനമായി തുടരുകയും ചെയ്തു. ഇതു മഹാനവര്‍കളുടെ കറാമത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ആത്മീയ പരിപോഷണത്തിനായി അവലംബിച്ച ഖാദിരിയ്യഃത്വരീഖത്തിന്റെ ശൈഖാണ് മഹാനായ ഗൗസുല്‍ അഅ്‌ളം അബ്ദുല്‍ ഖാദര്‍ ജീലാനി (ഖ.സി), മഹാനവര്‍കള്‍ക്ക് അനേകായിരം ശിഷ്യരും ആത്മീയ ഖലീഫമാരുമുണ്ടായിരുന്നു, ജീവിതം മുഴുവനും ഒരു ആത്മീയ ലോകമായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആത്മീയ ജീവിത രംഗത്ത് പദമൂന്നുവാന്‍ മഹാനവര്‍കള്‍ തീരുമാനിക്കുകയും ഒരു ആത്മീയ ഗുരുവെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെയാണ് ഹസ്രത്ത് ഖാസി അബൂ സഈദ് അലീ മുബാറക് (റ) എന്ന ആത്മീയ ഗുരുവിന്റെ ശിഷ്യത്വം മഹാനവര്‍കള്‍ സ്വീകരിക്കുന്നത്. ഹസ്രത്ത് ഖാസി അബൂ സഈദ് അലീ മുബാറക് (റ) ഇമാമുല്‍ ഔലിയ ഹസ്രത്ത് അലി (ഖ.സി) അവരുടെ ശിഷ്യ പരമ്പരയില്‍ പെട്ടവരാണ് മഹാനവര്‍കള്‍. അല്ലാഹു തആലാ അവരുടെയൊക്കെ മദദിലായി ജീവിക്കാനും അവരുടെ ബറക്കത്ത് കൊണ്ട് ഇല്‍മ് കരസ്ഥമാക്കാനും നമുക്ക് തൗഫീഖ് നല്‍കട്ടെ.
Muhammed Musthafa Papinippara