+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

വോട്ട് ചോറിയും ജനാധിപത്യത്തിൻറെ ഭാവിയും

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉയർത്തി വിട്ട ആരോപണങ്ങളാൽ കലങ്ങി മറിയുകയാണ് സമകാലിക ഇന്ത്യൻ രാഷ്ട്രീയം.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ശേഷം നടന്ന വിവിധ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലും വ്യാപകമായി കള്ളവോട്ടുകൾ ചേർത്ത് ബിജെപിയെ അധികാരത്തിലേറാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിച്ചുവെന്നാണ് ഓഗസ്റ്റ് ഏഴിന് എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ആരോപിച്ചത്. കേവലം വാദങ്ങൾ ഉന്നയിക്കുകയല്ല, അവയെ സ്ഥിരീകരിക്കുന്ന കൃത്യമായ ഡാറ്റകൾ അടക്കമുള്ള തെളിവുകൾ ഉദ്ധരിച്ച് പവർ പോയിന്റ് പ്രസന്റേഷൻ രീതിയിലായിരുന്നു രാഹുലിന്റെ വാർത്താ സമ്മേളനം.കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒട്ടേറെ ജനാധിപത്യ ധ്വംസനങ്ങൾക്കും ഭരണഘടന സ്ഥാപനങ്ങളുടെ അപചയങ്ങൾക്കും നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും, ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങളുടെ ഏറ്റവും വലിയ ശക്തിയായ വോട്ടിനെ തന്നെ അട്ടിമറിക്കപ്പെടുന്നു എന്നത് അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതും ഭീതിജനകവുമായ കാര്യമാണ്.

രാഹുലിന്റെ ‘ആറ്റംബോംബ്’ 

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ ഉൾപ്പെപെടുന്ന മഹാദേവപുരം നിയമസഭാ മണ്ഡലത്തിലെ ക്രമക്കേടുകളാണ് രാഹുൽ തന്റെ വാദങ്ങൾക്ക് തെളിവായി പുറത്ത് കൊണ്ടുവന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി മൻസൂർ അലിഖാനെ 33,000 വോട്ടിന് പരാജയപ്പെടുത്തി ബിജെപിയുടെ പിസി മോഹൻ ആണ് അവിടെ വിജയിച്ചത്. മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളിൽ മഹാദേവപുര ഒഴികെയുള്ള ആറിലും കോൺഗ്രസ് സ്ഥാനാർത്ഥിക്കായിരുന്നു ലീഡ്, മൊത്തം 81,000 വോട്ടിന്.എന്നാൽ മഹാദേവപുരയിലെ 1,15,000 വോട്ട് ലീഡിന്റെ ബലത്തിൽ ബിജെപി സ്ഥാനാർഥി വിജയിച്ചു കയറുകയായിരുന്നു. ആറുമാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ 37,000 വോട്ടിന്റെ ലീഡ് നിലയിൽ നിന്ന് വൻ കുതിച്ചുചാട്ടമാണ്  ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയത്. വിജയമുറപ്പിച്ച മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിൽ സംശയം തോന്നിയ മൻസൂർ അലി ഖാൻ വിഷയം രാഹുൽ ഗാന്ധിയുമായി പങ്കുവെച്ചു.തുടർന്ന് രാഹുൽ ഗാന്ധി നേരിട്ടും കോൺഗ്രസ് പാർട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷനോട് വോട്ടർ പട്ടികയുടെ ഡിജിറ്റൽ രേഖ ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകാൻ തയ്യാറായില്ല. നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ വോട്ടിംഗ് ലിസ്റ്റിന്റെ പേപ്പർ കെട്ടുകൾ നൽകുകയായിരുന്നു കമ്മീഷൻ. ഒരിക്കലും പരിശോധിക്കാൻ കഴിയരുതെന്ന നിർബന്ധ ബുദ്ധിയോടെ കമ്മീഷൻ നൽകിയ ആ പേപ്പർ കെട്ടുകൾക്ക് ഏഴടി ഉയരമുണ്ടായിരുന്നു.എന്നാൽ പിന്മാറാൻ തയ്യാറല്ലാതിരുന്ന രാഹുൽ ഓരോ പേപ്പറും സ്കാൻ ചെയ്ത് ഡാറ്റകൾ കളക്ട് ചെയ്യാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചു. നാല്പത് പേരടങ്ങിയ സംഘത്തിന്റെ നാലുമാസത്തോളം നീണ്ട ഭഗീരഥ പ്രയത്നങ്ങൾക്കൊടുവിൽ രാജ്യം ഞെട്ടിയ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ കണക്കുകളാണ് പുറത്തുവന്നത്. രാഹുൽ തന്നെ വിശേഷിപ്പിച്ചത് പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഒരു ‘ആറ്റം ബോംബ്’ തന്നെയാണ് ഒരു മണിക്കൂറും 12 മിനിറ്റും നീണ്ട തന്റെ വാർത്ത സമ്മേളനത്തിലൂടെ രാഹുൽ പുറത്തുവിട്ടത്.

ഞെട്ടിക്കുന്ന കണക്കുകൾ 

മഹാദേവപുര മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ക്രമക്കേട് നടന്നുവെന്നാണ് രാഹുൽ കൃത്യമായ തെളിവുകളോടെ അവതരിപ്പിച്ചത്. അതിൽ 40,000 പേർ വ്യാജ വോട്ടർമാരാണ്. 18 വയസ്സ് കഴിഞ്ഞവർ വോട്ടിന് അപേക്ഷിക്കുന്ന ഫോം 6 ദുരുപയോഗം ചെയ്തവർ 33,000 ലധികം പേരും ഇരട്ട വിലാസമുള്ളവർ 11,000 ലധികം പേരും ഉണ്ട്. 80 വയസ്സ് കഴിഞ്ഞവർ പോലും കന്നി വോട്ടർമാരായി ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് എന്നതാണ് ഏറെ വിചിത്രമായ കാര്യം. നിരവധി പേരുടെ വീട്ടുനമ്പർ പൂജ്യം ആണ്.പലരുടെയും പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അലക്ഷ്യമായി അടിച്ച ഇംഗ്ലീഷ് അക്ഷരങ്ങളാണുള്ളത്. 80 പേർ വരെ ഒറ്റ മുറിയിൽ താമസിക്കുന്നവരായി രേഖപ്പെടുത്തിയ അഡ്രസുകളും ഉണ്ട്.വിവിധ സംസ്ഥാനങ്ങളിൽ ഒന്നിലധികം വോട്ട് ചെയ്ത വോട്ടർമാരും,ഒരു മണ്ഡലത്തിൽ നാല് പോളിംഗ് ബൂത്തുകളിൽ വരെ വോട്ടുള്ളവരും ഉണ്ട്. ഇങ്ങനെ ഭീകരമായ ക്രമക്കേടുകളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് രാഹുൽ പുറത്തുവിട്ടത്.

ഇവിടെ പ്രത്യേകം പരാമർശിക്കേണ്ട മറ്റൊരു കാര്യം, രാജ്യത്തെ 543 ലോക്സഭ സീറ്റുകളിലെ ഒരു നിയമസഭാ മണ്ഡലത്തിലെ കണക്കുകൾ മാത്രമാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത് എന്നതാണ്. ബാക്കിയുള്ള മണ്ഡലങ്ങളിലെ കണക്കുകൾ കൂടി പരിശോധന വിധേയമാക്കിയാൽ കള്ള വോട്ടുകളുടെയും ക്രമക്കേടുകളുടെയും വ്യാപ്തി ഊഹിക്കാവുന്നതിലുമപ്പുറമായിരിക്കും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യയിലുടനീളം ബി. ജെ.പി ചെറിയ ഭൂരിപക്ഷത്തി ന് വിജയിച്ച മണ്ഡലങ്ങളിലും ക്രമക്കേട് നടന്നിരിക്കാനുള്ള സാധ്യത രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 25 ലോക്സഭാ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം 33000ത്തിൽ താഴെയാണ്. ഈ മണ്ഡലങ്ങളിലെ ഫലത്തിന്റെ ആനുകൂല്യത്തിലാണ് നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായത് എന്നത് നാം ഓർക്കണം.

ഇ സി ബിജെപി ഏജെന്റോ..?

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കുറച്ചു വർഷങ്ങളായി പല തരത്തിലുള്ള വിമർശനങ്ങളും ആരോപണങ്ങളും ഉയരുന്നുണ്ട്.മഹാദേപുരയിലെ ക്രമക്കേട് പുറത്തുകൊണ്ടു വരുന്നതിന് മുമ്പ് തന്നെ കഴിഞ്ഞവർഷം നടന്ന മഹാരാഷ്ട്ര,ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വ്യാപകമായ അട്ടിമറി നടന്നുവെന്ന ആരോപണം രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു.മഹാരാഷ്ട്രയിൽ ലോക്സഭ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമിടയിലുള്ള നാലു മാസത്തിനുള്ളിൽ 40 ലക്ഷത്തോളം വോട്ടർമാരാണ് പുതുതായി പട്ടികയിൽ ഇടം പിടിച്ചത്. അതുപോലെ പോളിങ്ങിന്റെ നിശ്ചിത സമയമായ അഞ്ചുമണിക്ക് ശേഷം വോട്ടിംഗ് ശതമാനം കുതിച്ചുയർന്നത് സംശയാസ്പദമാണെന്നും രാഹുൽ ആരോപിച്ചിരുന്നു.എന്നാൽ അന്നെല്ലാം അടിസ്ഥാനരഹിതം എന്ന് ഒറ്റവാക്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അതെല്ലാം നിഷേധിക്കുകയായിരുന്നു. എന്നാൽ കള്ളവോട്ടുകൾ ചേർത്തത് ഏതെല്ലാം രീതിയിൽ, എത്ര അളവിൽ എന്നെല്ലാം തെളിവുകൾ നിരത്തി പുറത്തുവിട്ടതിലൂടെ തിരഞ്ഞെടുത്ത് കമ്മീഷന് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും രാഹുൽ അടച്ചിരിക്കുകയാണ്.

മാത്രമല്ല കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തീർത്തും പക്ഷപാതിത്വപരമായ നിലപാടുകളായിരുന്നു കമ്മീഷൻ കൈകൊണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരും യോഗി ആദിത്യനാഥും ഹിമന്ദ ബിശ്വ ശർമയുമടക്കമുള്ള ബിജെപി മുഖ്യമന്ത്രിമാരും കടുത്ത വർഗീയ വിദ്വേഷ പ്രചരണങ്ങൾ നടത്തിയപ്പോൾ കമ്മീഷൻ കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു.

പ്രതീക്ഷ നൽകുന്ന പ്രതിഷേധങ്ങൾ

ഭരണഘടന സ്ഥാപനങ്ങൾ കാവി വൽക്കരിക്കപ്പെടുകയും അന്വേഷണ ഏജൻസികളും മാധ്യമങ്ങളും കേന്ദ്രസർക്കാരിന്റെ വാലാട്ടികളായി മാറുകയും ചെയ്ത മോദി ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്ന ആരോപണങ്ങൾ അങ്ങേയറ്റം ആശങ്കയുള്ളവാക്കുന്നതാണ്.വോട്ടർമാരുടെ സമ്മതിദാവകാശം അട്ടിമറിക്കപ്പെടുന്നതിലൂടെ ജനാധിപത്യത്തിന്റെ മരണ മണിയാണ് മുഴങ്ങുന്നത്. എങ്കിലും രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിലൂടെ രാജ്യത്തുണ്ടായ ചലനങ്ങൾ പ്രതീക്ഷ നൽകുന്നതു തന്നെയാണ്.ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച്ചവെച്ചിരുന്ന ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിന് ശേഷം നിർജീവമായിക്കൊണ്ടിരിക്കുകയായിരുന്നു. എ എ പി സഖ്യം വിട്ടു. തൃണമൂലും ഇടതു കക്ഷികളും കോൺഗ്രസുമായി പലപ്പോഴും ഇടഞ്ഞു കൊണ്ടിരുന്നു. അതിനിടെ ഇരുട്ടടിയായി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി സഖ്യം പരാജയങ്ങൾ ഏറ്റുവാങ്ങി.

മുന്നണിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ‘മാസ്സ് എൻട്രി’ ഉണ്ടാകുന്നത്. ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളെല്ലാം ‘വോട്ട് ചോരി’ ആരോപണത്തിൽ രാഹുലിനും കോൺഗ്രസിനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വാർത്താസമ്മേളനം നടത്തി,അന്ന് രാത്രി തന്നെ ഇന്ത്യ മുന്നണിയിലെ കക്ഷി നേതാക്കൾക്കെല്ലാം പ്രതിപക്ഷ നേതാവിന്റെ വസതിയിൽ വിരുന്നൊരുക്കി രാഹുൽ തന്നെ ഒന്നിച്ചുള്ള പ്രതിഷേധത്തിന് മുൻകൈയെടുത്തു. തുടർന്ന് പാർലമെന്റിനകത്തും പുറത്തും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാറിനുമെതിരെ ഒന്നിച്ചുള്ള ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ റാലിയിൽ പ്രതിപക്ഷത്തിന്റെ ഐക്യം കൂടുതൽ പ്രകടമായി. ഭിന്നതകൾ മാറ്റിവെച്ച് ജനാധിപത്യ അട്ടിമറികൾക്കും ഫാസിസ്റ്റ് ഭരണകൂടത്തിനുമെതിരെ ഒന്നിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം പ്രതീക്ഷ നൽകുന്നത് തന്നെയാണ്. അടിയന്തരാവസ്ഥക്കെതിരെ പോരാടി വിജയം കൈവരിച്ച് പാരമ്പര്യമുള്ള നമ്മുടെ രാജ്യം ഈ ജനാധിപത്യ അട്ടിമറിക്കെതിരെയും വിജയം കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.

ഹാഫിള് അമീൻ നിഷാൽ വെള്ളേരി
Student at  |  + posts
Share this article
Shareable URL
Prev Post

ഇസ്രായേൽ;വഞ്ചനയിൽ പിറന്ന രാഷ്ട്രം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next