+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

മാണിക്ക്യാ മലരിന്റെ പ്രണയം



| Abu Twahir  Mananthavadi |
അതിര് വിട്ട ആഭാസങ്ങളും ചേഷ്ടകളുമാണ് ഇന്ന് പ്രണയമെന്ന പേരില്‍ അറിയപ്പെടുന്നത്.
അത്തരം ഒരു തരത്തിലേക്ക് പവിത്രമായ ചരിത്ര പശ്ചാത്തലങ്ങളെ അനാവരണം ചെയ്യുന്നത് നിന്ദ തന്നെയാണ്.

അനുയോജ്യമാകാത്ത സംയോജനങ്ങള്‍ ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്.
ഇന്ന് പ്രണയത്തിന്റെ ക്ലൈമാക്‌സ് വിവാഹമാണ്. അത് കഴിഞ്ഞാല്‍ എല്ലാം തീര്‍ന്നു.
പ്രവാചകന്റെയും പ്രിയ പത്‌നി ഖദീജയുടേയും പ്രണയം അതിര് വിട്ട ആഭാസമായിരുന്നില്ല.
അവര്‍ നേരിട്ട് പ്രണയം പങ്ക് വെച്ചല്ല വിവാഹിതരായത്.
അതിന്റെ ക്ലൈമാക്‌സ് വിവാഹവുമായിരുന്നില്ല. വിവാഹാനന്തരവും ആ പ്രണയം പന്തലിച്ചു നിന്നു.

നബിയോട് ഖദീജ ബീവിക്ക് തോന്നിയ ഇഷ്ടം അവര്‍ മാന്യമായ രീതിയിലൂടെ അറിയിച്ച്. ജാഹിലിയ്യത്തിലും ഏറ്റവും നല്ല സംസ്‌കാരത്തിലൂടെയാണ് ഒന്നിച്ചത്.

ചരിത്രരത്തി ലെ ഖദീജ ചെയ്തത് എന്താണെന്നെങ്കിലും പഠിക്കണമായിരുന്നു.
പട്ടിണിയുടെ കഷ്ടകാലത്തിലേക്ക് എത്തിപ്പെടുമെന്ന് ഉറച്ചുകൊണ്ടു തന്നെ അല്‍അമീനായ മുഹമ്മദിന്റെ ജീവിതസഖിയായി. പ്രവാചകത്വത്തിന്റെ വിഹ്വലതകളില്‍ ആശ്വാസത്തിന്റെ മടിത്തട്ടായി. പ്രതിസന്ധികളുടെ വേനലില്‍ സമാധാനത്തിന്റെ പുതുമഴയായി.
കഷ്ടപ്പാടിന്റെ കണ്ണീരില്‍ ഒറ്റപ്പുഞ്ചിരി കൊണ്ട് കുളിരായി.

ശിഅബു അബീത്വാലിബ് എന്ന കുന്നിന്‍ ചെരിവില്‍ ഒറ്റപ്പെട്ടു കഴിഞ്ഞപ്പോള്‍ തിരുനബിക്കും കൂടെയുള്ളവര്‍ക്കും പച്ചിലയും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. അപ്പോഴും മക്കയിലെ ആ പഴയ രാജകുമാരി പ്രിയതമനൊപ്പമുണ്ടായിരുന്നു. തിരുനബിയുടെ കൈപിടിച്ച് ഖദീജയുടെ സ്നേഹമുണ്ടായിരുന്നു.

ഹിറാഗുഹയില്‍ ധ്യാനത്തിലിരുന്നപ്പോളും നേരത്തിനു ഭക്ഷണവുമായി പ്രിയതമനരികില്‍ ആ സ്നേഹമെത്തി. അന്‍പത്തിയഞ്ച് വയസ്സുള്ള സ്ത്രീ. വീടിന്റെയും മക്കളുടെയും കാര്യങ്ങളെല്ലാം അവര്‍ നോക്കണം. അതിന്നിടയില്‍, കല്ലും മുള്ളും കാട്ടുമൃഗങ്ങളും നിറഞ്ഞ മലയിലേക്ക് കയറിച്ചെല്ലുന്നത് ഒന്നോര്‍ത്തുനോക്കൂ…

ഹിറാ ഗഹ്വരത്തില്‍ നിന്നുത്ഭവിച്ച വിഹ്വലതയില്‍, കുളിര് നല്‍കി സമാശ്വസിപ്പിച്ച ഖദീജ(റ)യുടെ പക്വതയാര്‍ന്ന സാന്ത്വന വാക്കുകള്‍, ഉത്തമ ഭാര്യയെ കിട്ടിയ സന്തോഷത്തില്‍ നല്ല ഭര്‍ത്താവായ തിരുനബിക്ക് ഏറെ ആശ്വാസപ്രദമായിരുന്നു. അത്രമേല്‍ മധുരമായിരുന്നു ആ വചസ്സുകള്‍. ‘പടച്ചോന്‍ അങ്ങയെ ഒരിക്കലും നൊമ്പരപ്പെടുത്തില്ല; അല്ലാഹുവാണെ, അങ്ങ് കുടുംബ ബന്ധം ചേര്‍ക്കുന്നു, സത്യം സംസാരിക്കുന്നു, പ്രയാസങ്ങള്‍ ഏറ്റെടുക്കുന്നു, ഇല്ലാത്തവര്‍ക്ക് വേണ്ടി കഷ്ടപ്പെടുന്നു, അതിഥികളെ സല്‍കരിക്കുന്നു, സത്യകാര്യങ്ങള്‍ക്ക് സഹായമേകുന്നു’ ഉറക്കിലും ഉണര്‍വിലും കുളിരേകിയ പ്രിയ പത്നിയാണ് ഖദീജ(റ).

നബി(സ്വ), തന്റെ ആദ്യപത്നിയായ ഖദീജ(റ)യെ ഇണയാക്കുമ്പോള്‍ പ്രായം ഇരുപത്തഞ്ച്. ഖദീജ(റ)ക്ക് നാല്‍പത്. മനസ്സറിഞ്ഞുള്ള ഈ സ്നേഹക്കൂട്ടില്‍ പ്രായം രണ്ടുപേര്‍ക്കും ഒരു തടസ്സമായില്ല. ഖദീജ(റ) നബി(സ്വ)യുടെ അരികിലെത്തുന്നതിനു മുമ്പ് രണ്ടു വിവാഹം കഴിച്ചിരുന്നു. രണ്ടു വിവാഹത്തിലും മക്കളുമുണ്ടായിരുന്നു. മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. വിധവയായി ഒറ്റക്കു താമസിക്കാന്‍ കൊതിച്ച് കഴിഞ്ഞ സമ്പന്നയായ, കുലീനയായ, ഖുറൈശീ സ്ത്രീകളുടെ നേതാവായിരുന്ന ഖദീജയുടെ ജീവിതത്തിലേക്ക് വിശ്വസ്തനും സുമുഖനുമായ നബി(സ്വ) നിയോഗം പോലെ കടന്നുവന്നു. ഖദീജാബീവി(റ)യുടെ ബിസിനസ്സില്‍ കാണിച്ച സമ്പൂര്‍ണ സത്യസന്ധത, ഒന്നിച്ചുള്ള കുടുംബ വിതത്തിലും

പുലര്‍ത്തി. ഖദീജ(റ)യുടെ വിജ്ഞാനവും ദീര്‍ഘദൃഷ്ടിയുമാണ് ഭാവി പ്രവാചകനെ സ്വന്തമാക്കാന്‍ കാരണമായത്. ഹിറായിലേക്ക് പോയ ഭര്‍ത്താവിനെ നബിയായിട്ടാണ് ഖദീജ(റ)ക്ക് തിരിച്ചുകിട്ടിയത്. പിന്നെ, ചിന്തിക്കേണ്ടി വന്നില്ല; ആ

നിമിഷം മുതല്‍ ഭര്‍ത്താവിന്റെ ഇസ്ലാം മതത്തില്‍ ആദ്യവിശ്വാസിനിയായി ഖദീജ(റ) പ്രവേശിച്ചു. വളരെ സന്തോഷം നിറഞ്ഞ ദാമ്പത്യവല്ലരിയില്‍, പക്വമതിയായ ഖദീജ(റ) നബിതിരുമേനിക്ക് ആറു മക്കളെ നല്‍കി. ഖാസിം, സൈനബ്, റുഖിയ്യ, ഫാത്വിമ, ഉമ്മു കുല്‍സൂം, അബ്ദുല്ലാഹ് എന്നിവര്‍. ഏഴാമത്തെ സന്താനം ഇബ്രാഹീം മഹതി മാരിയത്തുല്‍ ഖിബ്തിയ്യയിലാണുണ്ടായത്.

ഓരോ ചലന-നിശ്ചലനത്തിലും നബി(സ്വ) ‘അല്‍അമീന്‍’ (സത്യസന്ധന്‍) ആയിരുന്നുവല്ലോ. ഖദീജ(റ) സത്യസന്ധയും പരിശുദ്ധയുമായ മഹതിയായിരുന്നു. ജാഹിലിയ്യ കാലത്തു തന്നെ ഖദീജ(റ) ത്വാഹിറ (പരിശുദ്ധ) എന്ന ഓമനപ്പേരിലറിയപ്പെട്ടു. ഒരിക്കല്‍ പോലും ഖദീജ(റ)യില്‍ നിന്ന്, മനസ്സു മടുപ്പിക്കുന്ന ഒന്നും നബി(സ്വ)ക്ക് കേള്‍ക്കാനിടവന്നില്ല. പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ശത്രു സമൂഹം അഴിച്ചുവിട്ട പീഡനങ്ങളില്‍ മനം തളരാതിരിക്കാന്‍, സ്നേഹമസൃണമായ പെരുമാറ്റവും സന്തോഷദായകമായ സാമീപ്യവും കൊണ്ട് കുരുത്തു നല്‍കി. ‘ഖദീജ(റ)യേക്കാള്‍ ഉത്തമമായ മറ്റൊന്നും അല്ലാഹു എനിക്ക് പകരം നല്‍കിയിട്ടില്ല; ജനങ്ങള്‍ എന്നെ അവിശ്വസിച്ചപ്പോള്‍ അവള്‍ എന്നെ വിശ്വസിച്ചു. ജനങ്ങള്‍ എന്നെ കളവാക്കിയപ്പോള്‍ അവള്‍ എന്നെ സത്യമാക്കി, ജനങ്ങള്‍ എനിക്ക് തടഞ്ഞുവെച്ചപ്പോള്‍ അവള്‍ എന്നെ സമ്പത്തു നല്‍കി സമാശ്വസിപ്പിച്ചു. എനിക്ക് മറ്റു ഭാര്യമാരില്‍ മക്കളെ തരാതിരുന്ന അല്ലാഹു അവരിലൂടെ മക്കളെ നല്‍കി’ (അഹ്മദ്, മജ്മഉസ്സവാഇദ് 9/224).

ഖദീജ(റ)യും നബി(സ്വ)യും ഇരുപത്തഞ്ച് വര്‍ഷം ഒരുമിച്ചു ജീവിച്ചു. പതിനഞ്ച് വര്‍ഷം നുബുവ്വത്തിന്റെ മുമ്പും പത്തു വര്‍ഷം നുബുവ്വത്തിന്റെ ശേഷവും. ഇക്കാലയളവില്‍ നബി(സ്വ) മറ്റാരെയും ഭാര്യയായി സ്വീകരിച്ചില്ല. ദാമ്പത്യത്തിന്റെ മധുര പ്രായത്തില്‍, യുവത്വത്തിന്റെ പ്രസരിപ്പില്‍ അമ്പതു വരെ ഏക പത്നീവ്രതമനുഷ്ഠിച്ചു നബി തിരുമേനി(സ്വ). ബഹുഭാര്യത്വം കൊണ്ട് സ്ത്രീ ശരീരമായിരുന്നു നബി(സ്വ)യുടെ ലക്ഷ്യമെങ്കില്‍, ഇത് വേണ്ടിയിരുന്നത് ഊര്‍ജ്ജസ്വലമായ യുവത്വ വേളയിലായിരുന്നു. മാത്രമല്ല, നാല്‍പതു കഴിഞ്ഞ വിധവയായ ഖദീജാ ബീവി(റ)യെ തീരെ അവിവാഹിതനായ ഇരുപത്തഞ്ച്

പ്രായമുള്ള മുത്ത് നബി(സ്വ) കുടുംബ ജീവിതത്തിലേക്ക് കൈപിടിച്ച്, കൂട്ടിപ്പിടിച്ച് കൊണ്ടുവരുന്നത് സ്ത്രീ ലമ്പടനായതു കൊണ്ടാണോ? ആരോപകര്‍ കണ്ണു തുറക്കണം.

സ്വര്‍ഗീയ സ്ത്രീകളില്‍ ഉത്തമ വനിതയായി ഖദീജ(റ)യെ നബി(സ്വ) പുകഴ്ത്തിപ്പറഞ്ഞു. സ്വര്‍ഗീയ സ്ത്രീകളില്‍ ഉത്തമര്‍ ഖുവൈലിദിന്റെ മകള്‍ ഖദീജ, മുഹമ്മദിന്റെ മകള്‍ ഫാത്വിമ, ഇംറാന്‍ മകള്‍ മര്‍യം, മുസാഹിമിന്റെ മകള്‍ ആസിയ എന്നിവരാണ് (അഹ്മദ്, മജ്മഉസ്സവാഇദ് 9/223).

പില്‍ക്കാലത്ത് ഖദീജ(റ)യെ നബി(സ്വ) വല്ലാതെ ഓര്‍ത്തിരുന്നു. അവരുടെ മാഹാത്മ്യങ്ങളും പുണ്യകര്‍മങ്ങളും എടുത്തുപറയും. ഖദീജ(റ)വിന്റെ പേരില്‍ ദാനധര്‍മങ്ങള്‍ ചെയ്യുമായിരുന്നു. ആടിനെ അറുത്ത് ഖദീജ(റ)വിന്റെ കൂട്ടുകാരികള്‍ക്ക് കൊടുത്തുവിട്ടു. അനസ്(റ) പറയുന്നു: ‘നബി(സ്വ)ക്ക് വല്ലതും കൊണ്ടുകൊടുത്താല്‍ അവിടുന്ന് പറയും: ഇത് ഇന്നാലിന്നവള്‍ക്ക് എത്തിക്കൂ. അവള്‍ ഖദീജ(റ)യുടെ കൂട്ടുകാരിയാണ്. ഇത് ഇന്ന പെണ്ണിന് കൊടുക്കൂ. അവള്‍ ഖദീജയെ ഇഷ്ടപ്പെടുന്നവളാണ്’ (ഹാകിം). ഭാര്യയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഭാര്യയുടെ കൂട്ടുകാരികള്‍ക്ക്, സമ്മാനങ്ങള്‍ കൊടുത്തയക്കുന്ന ഉത്തമനായ ഭര്‍ത്താവായിരുന്നു മുത്തുനബി(സ്വ). ഓരോ ഭര്‍ത്താവും ചിന്തിക്കുക – കുടുംബത്തെ എത്ര മഹത്തരമായാണ് നബി തിരുമേനി കണ്ടത്. ഇണകള്‍ തമ്മില്‍ അവിശ്വാസം വളരുന്ന ആധുനിക കാലത്ത്, ഒരാളും ഒരാള്‍ക്കു കീഴിലും നില്‍ക്കാന്‍ തയ്യാറാവാത്ത ദശാ സന്ധിയില്‍ തരം കിട്ടുമ്പോള്‍ ഭര്‍ത്താവിനെ ഭാര്യയും, ഭാര്യയെ ഭര്‍ത്താവും പാര വെക്കാനും കുത്തിനോവിക്കാനും മെനക്കെടുമ്പോള്‍, ഒരിക്കലും വെറുപ്പുണ്ടാവാതിരുന്ന, സ്നേഹം വിരിഞ്ഞ, സുഗന്ധം പരത്തിയ ഈ വിശുദ്ധ ദാമ്പത്യത്തിലെ പാഠങ്ങള്‍ അടുത്തറിയാന്‍ നാം തയ്യാറാവണം.

Avatar
 | Website |  + posts
Share this article
Shareable URL
Prev Post

”ഒരു അഡാര്‍ ലൗവ്” അപകീര്‍ത്തനത്തിന്റെ ദൃശ്യാവിഷ്‌കാരം

Next Post

കോട്ടുമല ബാപ്പു ഉസ്താദ് ; ജീവിതവും സന്ദേശവും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

ഓണം ഇസ്‌ലാമികമാനം

✍🏻അല്‍ഫാസ് നിസാമി ചെറുകുളം   പ്രകടന പരതയിൽ അതിരു കടന്ന ബഹുസ്വരതയും മതേതരത്വവും മുസ്‌ലിംങ്ങൾക്കിടയിൽ സൃഷ്ടിച്ച…