ലോകജനതക്കാകമാനം മാർഗദർശനമായി അവതരിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. സൃഷ്ടാവായ റബ്ബിന്റെ കലാമായ ഖുർആൻ 23 വർഷങ്ങൾ കൊണ്ട് ഘട്ടം ഘട്ടമായി മാലാഖ ജിബ്‌രീൽ മുഖേനയാണ് അന്ത്യപ്രവാചകർ മുഹമ്മദ് നബി(സ്വ)ക്ക് ഇറക്കപ്പെട്ടത്. അവതീർണ്ണ കാലം തൊട്ട് ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്നതും മനപ്പാഠമാക്കപ്പെടുന്നതുമായ ഗ്രന്ഥം വിശുദ്ധ ഖുർആനാണ്.“തീർച്ചയായും നാമാണ് ഈ ഖുർആൻ അവതരിപ്പിച്ചത്.നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും”(സൂറതുൽ ഹിജ്ർ 09) എന്ന ഖുർആനിക പ്രഖ്യാപനത്തിന്റെ സാക്ഷാത്കാരമാണത്. ഖുർആനിന്റെ ഗ്രന്ഥ കോപ്പികളിലൂടെ മാത്രമല്ല; കോടിക്കണക്കിന് വിശ്വാസികളുടെ മനസ്സുകളിലൂടെ കൂടിയാണ് ഖുർആൻ സംരക്ഷിക്കപ്പെടുന്നത്. അല്ലാഹു നിശ്ചയിച്ച ഈ സംരക്ഷണത്തിന്റെ ശ്രദ്ധേയവും പ്രധാനപ്പെട്ടതുമായ ഭാഗമാണ് ഖുർആന്റെ ക്രോഡീകരണം. ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടിൽ വിവിധ ഘട്ടങ്ങളിലായാണ് ഖുർആൻ ക്രോഡീകരണം നടന്നത്. ക്രോഡീകരണത്തിലെ സൂക്ഷ്മതയും ശാസ്ത്രീയതയും മറ്റു ഗ്രന്ഥങ്ങൾക്കൊന്നും അവകാശപ്പെടാനാവാത്ത ആധികാരികത വിശുദ്ധ ഖുർആന് നൽകുന്നു.
നബി(സ്വ)യുടെ കാലഘട്ടം
നബി(സ്വ)യുടെ കാലത്ത് ഖുർആൻ ഗ്രന്ഥ രൂപത്തിൽ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. ഖുർആൻ അവതരിക്കുന്ന സമയത്ത് തന്നെ നബി(സ്വ) അത് മനപ്പാഠമാക്കി സൂക്ഷിക്കുകയും തുടർന്ന് സ്വഹാബികൾക്ക് പകർന്നു കൊടുക്കുകയുമാണ് ചെയ്തിരുന്നത്. അവർ പ്രധാനമായും അത് ഹൃദ്യസ്ഥമാക്കി തന്നെയാണ് സൂക്ഷിച്ചിരുന്നത്. നബിയുടെ കാലത്ത് ഖുർആൻ ഹാഫിളുകളായ അനേകം സ്വഹാബിമാർ ഉണ്ടായിരുന്നതായി ഹദീസുകളിൽ നിന്നും ചരിത്രങ്ങളിൽ നിന്നും വ്യക്തമാണ്. സദാസമയവും പ്രവാചകരെ മനസ്സാ വാചാ കർമ്മണാ അനുഗമിക്കുകയും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും ചെയ്തിരുന്ന അനുയായിവൃന്ദം ദിവ്യവചനങ്ങൾ പഠിക്കാനും മനപ്പാഠമാക്കാനും പ്രത്യേക താൽപര്യവും ശ്രദ്ധയും കാണിക്കുന്നത് സ്വാഭാവികം ആണല്ലോ. പ്രവാചകരിൽ നിന്ന് കേട്ട ഖുർആൻ അതേപടി തന്നെ സ്വഹാബികൾ അവരുടെ മനസ്സിൽ സൂക്ഷിച്ചു. കൂടാതെ അവരിൽ പലരും തങ്ങൾ പഠിച്ച ഖുർആനിക സൂക്തങ്ങൾ എഴുതിവെക്കുകയും ചെയ്തു.ഇങ്ങനെ ഖുർആൻ എഴുതി സൂക്ഷിക്കാനായി നബി(സ്വ) പ്രത്യേക നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. കല്ലുകളും പലകകളും ഈത്തപ്പന ഓലകളും മൃഗത്തിന്റെ തോലുകളുമെല്ലാമായിരുന്നു അന്ന് ഖുർആൻ എഴുതി വെക്കാനായി ഉപയോഗിച്ചിരുന്നത്. മാത്രമല്ല പ്രവാചകർക്ക് പ്രമുഖരായ സ്വഹാബിമാരടങ്ങിയ വഹ്യ് എഴുത്തു സംഘം തന്നെ നിലവിലുണ്ടായിരുന്നു. കൂടാതെ വിവിധ ഘട്ടങ്ങളിലിറങ്ങിയ ഖുർആനിക ആയത്തുകളും സൂറത്തുകളും അല്ലാഹു നിശ്ചയിച്ചത് പ്രകാരം നബി(സ്വ) ക്രമപ്പെടുത്തുകയും ചെയ്തിരുന്നു.വഫാത്താകുന്ന വർഷം രണ്ട് തവണ ഖുർആൻ പൂർണമായി നബി(സ്വ) ജിബ്രീലിന് ഓതിക്കേൾപ്പിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ നബി(സ്വ)തങ്ങളുടെ കാലത്ത് തന്നെ ഖുർആൻ പൂർണമായും സ്വഹാബികൾ മനപ്പാഠമാക്കുകയും അവയിൽ മിക്കതും ലിഖിത രൂപത്തിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്തിരുന്നെങ്കിലും ഗ്രന്ഥ രൂപത്തിൽ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല.
അബൂബക്ർ(റ)ന്റെ കാലഘട്ടം
ഖുർആൻ ക്രോഡീകരണത്തിന്റെ പ്രധാന കാലഘട്ടമാണിത്. അബൂബക്കർ പ്രഥമ ഖലീഫയായി സ്ഥാനമേറ്റ ഉടനെ പല അഭ്യന്തര പ്രശ്നങ്ങളും ഉടലെടുത്തു. കള്ള പ്രവാചകന്മാരുടെ രംഗപ്രവേശനമായിരുന്നു അവയിലേറ്റവും രൂക്ഷം. ശക്തമായ നിലപാട് കൈകൊണ്ട ഖലീഫ വിഘടന നീക്കളങ്ങൾക്കെതിരെ സൈന്യത്തെ തന്നെ അണിനിരത്തി. ഹിജ്‌റ പതിനൊന്നാം വർഷം റജബ് മാസത്തിൽ മുസ്ലിംകൾ കള്ള പ്രവാചകത്വം വാദിച്ചവരിൽ പ്രമുഖനായ ബനൂ ഹനീഫ ഗോത്രക്കാരുടെ നേതാവ് മുസൈലിമതുൽ കദ്ദാബിനെതിരെ യമാമ യുദ്ധത്തിൽ വെച്ച് ഏറ്റുമുട്ടി. യുദ്ധത്തിൽ ഖാലിദ് ബ്നു വലീദി(റ)ന്റെ നേതൃത്വത്തിലുള്ള മുസ്ലിംകൾ വിജയിക്കുകയും മുസൈലിമ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ യുദ്ധത്തിൽ മുസ്ലിം പക്ഷത്തുനിന്നും ധാരാളം പേർ രക്തസാക്ഷിത്വം വരിച്ചു.അവരിൽ 70 പേർ ഖുർആൻ മനപ്പാഠമാക്കിയ ഹാഫിളുകളായ സ്വഹാബിമാരായിരുന്നു.
ഖുർആൻ ഹാഫിളുകളായ സ്വഹാബിമാർ രക്തസാക്ഷിത്വം വരിക്കുന്നത്, ഭാവിയിൽ ഖുർആൻ സൂക്ഷിക്കപ്പെടുന്നതിന് ഭീഷണിയാകുമെന്ന് സ്വഹാബിമാർ ആശങ്കപ്പെട്ടു. ഖുർആൻ ഗ്രന്ഥ രൂപത്തിൽ കൂടി ക്രോഡീകരിച്ച് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അവർ ചിന്തയിലാണ്ടു.ഉമർ ബ്നു ഖത്വാബ്(റ) ആയിരുന്നു ഇങ്ങനെ ചിന്തിച്ചവരിൽ പ്രഥമൻ. മഹാനവർകൾ അടിയന്തരമായി വിഷയം ഖലീഫയുടെ ശ്രദ്ധയിൽപ്പെടുത്തി, ഖുർആൻ ഗ്രന്ഥ രൂപത്തിൽ ക്രോഡീകരിക്കണമെന്ന് ഉണർത്തി. എന്നാൽ നിർദ്ദേശം കേട്ട അബൂബക്ർ ആദ്യം വിസമ്മതിച്ചു. തിരുനബി(സ്വ) ചെയ്യാത്ത ഒരു കാര്യം നമ്മൾ എങ്ങനെ ചെയ്യും എന്ന ചിന്തയായിരുന്നു മഹാനവർകളുടെ വൈമനസ്യത്തിന് കാര്യം. തുടർന്ന് ഉമർ(റ)വിഷയത്തിന്റെ ഗൗരവം അബൂബക്ർ(റ)നോട് വിശദീകരിച്ചതോടെ ഖലീഫക്കും വിഷയത്തിന്റെ പ്രാധാന്യം ബോധ്യമായി. അങ്ങനെ നിരന്തര കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷം അവർ ഖുർആൻ ക്രോഡീകരണ പ്രക്രിയകളിലേക്ക് കടന്നു.
നബി തങ്ങളുടെ വഹ്യ് എഴുത്തുകാരിൽ പ്രമുഖനായ സൈദു ബ്നു സാബിത്(റ)നെയാണ് ഖുർആൻ ക്രോഡീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഖലീഫ ചുമതലപ്പെടുത്തിയത്. നബി(സ്വ) തങ്ങളുടെ വഫാത്ത് നടന്ന വർഷം തങ്ങൾക്ക് ഖുർആൻ പൂർണ്ണമായി രണ്ട് പ്രാവശ്യം ഓതി കേൾപ്പിച്ച മഹാനവർകൾ ഈ മഹത് ഉദ്യമത്തിന് അനുയോജ്യൻ തന്നെയായിരുന്നു. സൈദ്(റ)വും ആദ്യം വൈമനസ്യം കാണിക്കുകയും അബൂബക്ർ പറഞ്ഞ അതേ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവിൽ സമ്മതം മൂളിയ സൈദ് (റ)പറഞ്ഞു: “എന്നോട് ഒരു പർവ്വതം മാറ്റി സ്ഥാപിക്കാൻ പറഞ്ഞാൽ പോലും ഇതിനേക്കാൾ എളുപ്പമാകുമായിരുന്നു”. വിഷയത്തിന്റെ ഗൗരവവും മഹാനവർകൾ അതിനു നൽകിയ പ്രാധാന്യവും ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ്. തുടർന്ന് വളരെയധികം സൂക്ഷ്മതയോടെയും ചിട്ടയോടെയും ആണ് ഖുർആൻ ക്രോഡീകരണ പ്രവർത്തനങ്ങൾ നടന്നത്.
സൈദ്(റ)നെ കൂടാതെ അലി(റ), ത്വൽഹത് ബ്നു ഉബൈദില്ലാഹ്(റ) തുടങ്ങി ഉന്നത സ്വഹാബിമാരടങ്ങിയ പന്ത്രണ്ടംഗ സംഘമാണ് ഖുർആൻ ക്രോഡീകരണത്തിന് നേതൃത്വം നൽകിയത്. അന്ന് നിലവിൽ ഉണ്ടായിരുന്ന ഖുർആന്റെ ലിഖിത രൂപങ്ങളെല്ലാം ശേഖരിക്കുകയും മനപ്പാഠമുള്ള സ്വഹാബിമാരുടെ പാരായണവുമായി ചേർത്തു നോക്കുകയും ചെയ്തു. സ്വഹാബിമാരുടെ മനപ്പാഠത്തെ മാത്രം അവലംബിക്കുകയല്ല, മറിച്ച് അവയുടെ എഴുത്ത് രൂപങ്ങൾ ഉണ്ടോ എന്നുകൂടി പരിശോധിക്കുകയും ചെയ്തു.ഒരു ആയത് ഖുർആനിൽ പെട്ടതാണെന്ന് സ്ഥിരീകരിക്കാൻ ചുരുങ്ങിയത് രണ്ടുപേരുടെ സാക്ഷ്യം വേണമെന്ന് അബൂബക്ർ(റ) നിർദ്ദേശിച്ചിരുന്നു. സൂറത് തൗബയിലെ അവസാനത്തെ രണ്ട് ആയതുകൾ പലരുടെയും മനപ്പാഠത്തിൽ ഉണ്ടായിരുന്നെങ്കിലും ലിഖിത രൂപങ്ങൾ എവിടെ നിന്നും ലഭ്യമാവാത്തതിനാൽ കൊടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ കുറെ അന്വേഷണത്തിനു ശേഷം അബു ഖുസൈമതുൽ അൻസാരി(റ)യുടെ പക്കൽ നിന്നും കണ്ടെത്തി.പക്ഷേ അപ്പോഴും രണ്ടുപേർ തികയാത്തതിനാൽ ഉൾപ്പെടുത്തിയില്ല.തുടർന്ന് അബു ഖുസൈമതുൽ അൻസാരിയുടെ സാക്ഷ്യം മറ്റുള്ള രണ്ടുപേരുടെ സാക്ഷ്യത്തിന് തുല്യമാണെന്ന് നബി(സ്വ) തങ്ങൾ പറഞ്ഞ സംഭവം ഉദ്ധരിക്കപ്പെട്ടപ്പോൾ മാത്രമാണ് ആ രണ്ട് ആയതുകൾ ഖുർആനിൽ ഉൾപ്പെടുത്തിയത്. ഖുർആൻ ക്രോഡീകരണ വിഷയത്തിൽ സഹാബികൾ കാണിച്ച സൂക്ഷ്മതയും അവലംബങ്ങളുടെ ദൃഢതയും ഈയൊരു സംഭവത്തിൽ നിന്ന് വ്യക്തമാണ്. ഇങ്ങനെ കുറ്റമറ്റ രീതിയിൽ ഖുർആൻ ക്രോഡീകരണം പൂർത്തിയാക്കി സൈദ്(റ) ഖലീഫ അബൂബക്ർ സിദ്ധീഖ് (റ)ന് സമ്മാനിച്ചു. അബൂബക്ർ(റ) അത് ഉമർ(റ)ന് കൈമാറി. ഉമർ(റ) വഫാതാകുമ്പോൾ അത് തന്റെ മകളും പ്രവാചക പത്നിയുമായ ഹഫ്സ(റ)യെ ഏൽപ്പിച്ചു. പിന്നീട് ദീർഘകാലം സൂക്ഷിച്ച ഹഫ്സ(റ) ‘ഖുർആനിന്റെ സൂക്ഷിപ്പുകാരി’ എന്ന അപരനാമത്തിനും അർഹയായി.
ഉസ്മാൻ(റ) കാലഘട്ടം
ഉസ്മാൻ(റ)ന്റെ കാലത്ത് ഇസ്ലാം അറേബ്യൻ ഉപഭൂഖണ്ഡത്തിന് പുറത്തുള്ള വിദൂരദുകളിലേക്ക് വ്യാപിക്കുകയും പേർഷ്യക്കാരും ഇറാഖികളും ആഫ്രിക്കക്കാരുമായ ധാരാളം പേർ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.അവർക്കെല്ലാം സ്വഹാബികൾ തന്നെ ഖുർആൻ പാരായണവും പഠനവും അധ്യാപനം ചെയ്തുപോന്നു. എങ്കിലും പുതു മുസ്ലിംകളായ അനറബികളുടെ പാരായണങ്ങളിൽ അവരുടെ തദ്ദേശീയമായ ഭാഷ വൈവിധ്യങ്ങൾ കാരണം വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഈ വ്യതിയാനം വലിയ പ്രശ്നമായി മാറുകയും ഓരോരുത്തരും തങ്ങളുടേതാണ് ശരിയായ രൂപമെന്ന് വാദിച്ച് മറ്റുള്ളവരെ ചോദ്യം ചെയ്യാനും പരസ്പരം കലഹിക്കാനും തുടങ്ങി.
ഇത് ശ്രദ്ധയിൽപ്പെട്ട പ്രമുഖ സ്വഹാബി വര്യൻ ഹുദൈഫതുൽ യമാൻ(റ)ന് വിഷയത്തിലെ അപകടം മനസ്സിലായി. മഹാനവർകൾ ഉടൻ ഖലീഫ ഉസ്മാൻ(റ)ന്റെ സന്നിധിയിലെത്തി സംഭവങ്ങൾ ധരിപ്പിച്ചു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ഖലീഫ ഹഫ്സ(റ)ന്റെ സന്നിധിയിലുള്ള ഖുർആൻ പതിപ്പ് വരുത്തിച്ചു. തുടർന്ന് അതിന്റെ പകർപ്പുകൾ തയ്യാറാക്കി വിവിധ ദേശങ്ങളിലേക്ക് അയച്ചു കൊടുക്കാൻ നിർദ്ദേശിച്ചു. അബൂബക്ർ(റ)ന്റെ കാലത് ക്രോഡീകരണത്തിന് നേതൃത്വം നൽകിയ സൈദ്(റ)നെ തന്നെയാണ് ഖുർആൻ പകർത്തെഴുത്തിനും ഉസ്മാൻ(റ) നേതൃത്വം ഏൽപ്പിച്ചത്. മഹാനവർകളെ കൂടാതെ, സഈദ് ബ്നു ആസ്(റ), അബ്ദുല്ലാഹിബിന് സുബൈർ(റ), അബ്ദുറഹ്മാനുബ്നു ഹാരിസു ബ്നു ഹിഷാം(റ) എന്നിവരും പകർത്തെഴുത്തിന്റെ ഭാഗമായി. ഖുർആൻ അവതരിക്കപ്പെട്ട ഖുറൈശി ഉച്ചാരണ ശൈലിയിൽ തന്നെ ക്രോഡീകരിക്കണമെന്ന് ഖലീഫ നിർദേശിച്ചിരുന്നു. തുടർന്ന് ഹഫ്സ(റ)ന്റെ ഖുർആൻ സൂക്ഷ്മ പരിശോധന നടത്തി ആധികാരികത ഒന്നുകൂടി ഉറപ്പുവരുത്തുകയും വളരെ സൂക്ഷ്മതയോടെയും സുതാര്യതയോടെയും അതിന്റെ ഏഴു പകർപ്പുകൾ തയ്യാറാക്കുകയും ചെയ്തു. ശേഷം ഓരോ കോപ്പികൾ വീതം മക്ക, ബസ്വറ, കൂഫ, സിറിയ, യമൻ, ബഹ്റൈൻ തുടങ്ങി മുസ്ലിം നാടുകളിലേക്ക് അയക്കുകയും ഒന്ന് മദീനയിൽ ഖലീഫ സ്വന്തം കൈവശം വെക്കുകയും ചെയ്തു. ഇവയല്ലാതെ അന്ന് നിലവിലുണ്ടായിരുന്ന ബാക്കിയെല്ലാ ഖുർആൻ പകർപ്പുകളും കരിച്ചു കളയാനും ഖലീഫ നിർദ്ദേശിച്ചു.ഔദ്യോഗിക രൂപത്തിൽ നിന്ന് വീണ്ടും വ്യതിചലനങ്ങൾ ഉണ്ടാകാതിരിക്കാനും ഭിന്നതകൾ ഉടലെടുക്കാതിരിക്കാനുമായിരുന്നു അത്. ഉസ്മാൻ(റ) ക്രോഡീകരിച്ച ഖുർആൻ ‘ഉസ്മാനി മുസ്ഹഫ്’ എന്ന പേരിൽ വിശ്രുതമായി. ഖുർആൻ എഴുത്തുരീതി ‘റസ്മുൽ ഉസ്മാനി’ എന്നും അറിയപ്പെട്ടു. ഇന്ന് ലോകത്ത് നിലവിലുള്ള ഖുർആൻ ഉസ്മാൻ(റ)ന്റെ കാലത്ത് ക്രോഡീകരിച്ചതാണ്.
👍