ഇസ്‌ലാമിക വിശ്വാസ മേഖലയിലെ സരണികളിലൊന്നായ അശ്അരി മദ്ഹബിൻ്റെ സ്ഥാപകനാണ് ഇമാം അബൂ ഹസനിൽ അശ്അരി(റ). അലിയ്യുബ്നു ഇസ്മാഈൽ ബ്നു അബീ ബശ്ർ ഇസ്ഹാഖ് എന്നാണ് യഥാർത്ഥ നാമം. പ്രമുഖ സ്വഹാബി വര്യൻ അബൂ മൂസൽ അശ്അരി(റ)യിലേക്കാണ് ഇമാവർകളുടെ പരമ്പര ചെന്നെത്തുന്നത്. ഹിജ്റ 260ൽ ബസ്വറയിലാണ് ഇമാം ജനിച്ചത്.
പ്രമുഖ ഹദീസ് പണ്ഡിതനായിരുന്ന ഇമാമിന്റെ പിതാവ് ഇസ്മാഈൽ മരണപ്പെട്ട ശേഷം മാതാവിനെ വിവാഹം ചെയ്തത് പ്രസിദ്ധ മുഅ്തസിലീ പണ്ഡിതൻ അബൂ അലി അൽ ജുബ്ബാഇ ആയിരുന്നു. ഈ സംഭവം അദ്ദേഹത്തിൻ്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് തിരി കൊളുത്തി.ജുബ്ബാഇയുടെ കൂടെ വളർന്ന് ഇൽമുൽ കലാമും മുഅ്തസിലീ ആശയങ്ങളും അദ്ദേഹം സ്വായത്തമാക്കി.ആഴത്തിലുള്ള പഠനവും ഗുരുവിൻ്റെ സാമീപ്യവും ഇമാമിനെ വലിയ മുഅ്തസിലീ പണ്ഡിതനാക്കി മാറ്റി. ഇമാമവർകളുടെ ബുദ്ധി വൈഭവം മനസ്സിലാക്കിയ ജുബ്ബാഇ പല സംവാദങ്ങൾക്കും അദ്ദേഹത്തെ പറഞ്ഞയച്ചിരുന്നു.ജീവിതത്തിൻ്റെ ഭൂരിഭാഗവും മുഅ്തസിലീ ആശയങ്ങൾക്ക് വേണ്ടി സംസാരിക്കാനും എഴുതാനും അദ്ദേഹം സമയം ചെലവഴിച്ചു.
എന്നാൽ 40ാം വയസ്സിൽ താൻ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ പൊള്ളയാണെന്ന് മനസ്സിലാക്കി അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ സുന്ദര തീരത്തിലേക്ക് ഇമാം അശ്അരി(റ) കടന്നുവരികയാണുണ്ടായത്.പൊടുന്നനെയുള്ള മഹാനവർകളുടെ മാറ്റത്തിന് പല കാരണങ്ങളും പണ്ഡിതന്മാർക്കിടയിലുണ്ടെങ്കിലും തൻ്റെ ഗുരുവും രണ്ടാനുപ്പയുമായ ജുബ്ബാഇയുമായുള്ള ഒരു സംവാദമാണ് നിദാനമെന്ന് പലരും പറയുന്നു.ആ ചരിത്രം ഇങ്ങനെ; ‘അടിമക്ക് ഏറ്റവും അനുയോജ്യമായവ ചെയ്തു നൽകൽ അല്ലാഹുവിൻ്റെ മേൽ നിർബന്ധമാണ്’ എന്ന മുഅ്തസിലീ ആശയത്തിൽ സംശയം പ്രകടിപ്പിച്ച ഇമാം ഗുരുവായ ജുബ്ബാഇയോട് ചോദിച്ചു:”മൂന്ന് പേർ മരണപ്പെട്ടു.ഒരാൾ സന്മാർഗം സിദ്ധിച്ചവൻ,മറ്റൊരാൾ ദുർമാർഗി, മൂന്നാമൻ ചെറിയ കുട്ടി. പരലോകത്തിൽ ഇവരുടെ അവസ്ഥ എന്തായിരിക്കും?.ജുബ്ബാഇ മറുപടി നൽകി:”ഒന്നാമൻ സ്വർഗ്ഗത്തിൽ,രണ്ടാമൻ നരകത്തിൽ, മൂന്നാമന് രണ്ടുമില്ല“. അപ്പോൾ അശ്അരി ഇമാം ചോദിച്ചു:“അങ്ങനെയെങ്കിൽ,റബ്ബേ..നീ എന്തിനാണ് എന്നെ ചെറുപ്രായത്തിൽ മരിപ്പിച്ചത്. എനിക്ക് ആയുസ്സ് നീട്ടി നൽകിയിരുന്നെങ്കിൽ ഞാൻ നിന്നെ വിശ്വസിക്കുകയും അനുസരിക്കുന്നവനുമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുമായിരുന്നല്ലോ.. എന്ന് മൂന്നാമനായ ചെറിയ ബാലൻ പറയുകയാണെങ്കിൽ റബ്ബ് എന്ത് മറുപടി പറയും”.ജുബ്ബാഇ പറഞ്ഞു:”റബ്ബ് പറയും, നീ വലുതായാൽ എന്നെ അനുസരിക്കാതിരിക്കുകയും അതുവഴി നരകത്തിൽ പ്രവേശിക്കുകയും ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ചെറുപ്പത്തിലേ മരിപ്പിച്ചത്”. ഉടൻ അശ്അരി ചോദിച്ചു:“അങ്ങനെയെങ്കിൽ റബ്ബേ നീ എന്തുകൊണ്ട് എന്നെ ചെറുപ്പത്തിൽ മരിപ്പിച്ചില്ല, എങ്കിൽ എനിക്ക് ധിക്കാരിയും അതുകാരണം നരകവാസിയും ആകേണ്ടി വരില്ലല്ലോ എന്ന് രണ്ടാമൻ ചോദിച്ചാലോ?” ഈ ചോദ്യത്തോടെ ജുബ്ബാഇയുടെ ഉത്തരം മുട്ടി. തൽഫലമായി ഇമാം അശ്അരി(റ) മുഅ്തസിലീ ബന്ധം ഉപേക്ഷിക്കുകയും അവരുടെ വിഘടന വാദങ്ങളെ സമൂഹത്തിന് തുറന്നു കാണിക്കാൻ ഇറങ്ങുകയും ചെയ്തു.
ഈ സംവാദമാണ് അശ്അരിയുടെ മനം മാറ്റത്തിന് കാരണമെന്ന് കരുതുന്നുവെങ്കിലും പല പണ്ഡിതന്മാരും വേറെ അഭിപ്രായങ്ങളും പങ്കുവെക്കുന്നുണ്ട്. ഇബ്നു അസാക്കിർ എന്നവർ ഉദ്ധരിക്കുന്ന റിപ്പോർട്ട് പ്രകാരം തിരുദൂതരെ സ്വപ്നം കണ്ടതാണ് ഇമാമവർകളുടെ മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു.മുഅ്തസിലീ ആശയങ്ങളുടെ പടവുകൾ കയറി വലിയ പണ്ഡിതനായി മാറിയ ഇമാം അശ്അരിക്ക് അറിവിൻ്റെ ആഴങ്ങളിലേക്ക് അടുക്കും തോറും സംശയങ്ങളും ജനിച്ചു തുടങ്ങി. തൻ്റെ ഗുരുവര്യന്മാരോട് അതേക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും അവരുടെ മറുപടിയിൽ അദ്ദേഹം തൃപ്തനായിരുന്നില്ല.ആ സമയത്ത് റമളാൻ ആദ്യ പത്തിൽ അദ്ദേഹം തിരുദൂതരെ (സ്വ) സ്വപ്നത്തിൽ ദർശിച്ചു. തൻ്റെ പ്രശ്നങ്ങൾ പ്രവാചകതിരുമേനി (സ്വ)ക്ക് മുമ്പിൽ അവതരിപ്പിച്ചു.“എന്നിൽ നിന്ന് ശരിയായ റിപ്പോർട്ട് ചെയ്യപ്പെട്ട വഴികൾ പിന്തുടരുക” എന്ന് റസൂൽ(സ്വ) ഉപദേശിച്ചു.രണ്ടാമത്തെ പത്തിൽ വീണ്ടും സമാനമായ രീതിയിൽ പ്രവാചക ദർശനം മഹാനവർകൾക്ക് ലഭിച്ചു. ഞാൻ പറഞ്ഞതനുസരിച്ച് എന്താണ് നീ ചെയ്തതെന്ന് പ്രവാചക തിരുമേനി (സ്വ) ചോദിച്ചപ്പോൾ അങ്ങയെ തൊട്ട് ശരിയായ റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകൾ ഞാൻ പിന്തുടർന്നു എന്ന് ഇമാം മറുപടി നൽകി. ഈ സംഭവത്തോടെ ഇൽമുൽ കലാം ഒഴിവാക്കാനും ഖുർആൻ പാരായണത്തിലും ഹദീസ് പഠനത്തിലും ജീവിതം സമർപ്പിക്കാനും അശ്അരി ഇമാം തീരുമാനിച്ചു.മൂന്നാമത്തെ പത്തിൽ 27ാം രാവിൽ ഒരിക്കൽ കൂടി പ്രവാചക തിരുമേനി(സ്വ) യെ സ്വപ്നം കണ്ടു. ഞാൻ പറഞ്ഞതനുസരിച്ച് നീ എന്ത് ചെയ്തുവെന്ന തിരുമേനി(സ്വ) യുടെ ചോദ്യത്തിന് “ഞാൻ ഇൽമുൽ കലാം ഒഴിവാക്കുകയും ഖുർആനും സുന്നത്തും മുറുകെ പിടിക്കുകയും ചെയ്തു” എന്ന് ഇമാം മറുപടി നൽകി.അപ്പോൾ തിരുദൂതർ (സ)പറഞ്ഞു:“ഇൽമുൽ കലാം ഒഴിവാക്കാൻ ഞാൻ പറഞ്ഞിട്ടില്ല.എന്നിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട മദ്ഹബുകളെ ശക്തിപ്പെടുത്താനാണ് ഞാൻ പറഞ്ഞത്.കാരണം,അതാണ് ശരി അല്ലാഹുവിൻ്റെ സഹായം നിങ്ങൾക്കുണ്ടാകും”. ഇതോടെ പ്രമാണങ്ങൾ സഹിതം അഹ്ലുസ്സുന്നത്തിന്റെ ആശയങ്ങൾ അദ്ദേഹം മാലോകർക്ക് സമർപ്പിച്ചു.
മുകളിൽ പറഞ്ഞ രണ്ട് കാരണങ്ങളും ഒരിക്കലും വൈരുദ്ധ്യമല്ല. മറിച്ച് തന്റെ സംശയങ്ങൾക്കുള്ള മറുപടി ഗുരുവിൽ നിന്നും ലഭിക്കാതെയായപ്പോൾ ഇമാമവർകൾക്ക് അത്താണിയായി പ്രവാചക തിരുമേനി(സ്വ)യെ ലഭിച്ചു. ഈ സംഭവങ്ങൾക്ക് ശേഷം ജനങ്ങളിൽ നിന്നും പതിനഞ്ച് ദിവസം വിട്ടുനിന്ന ഇമാം അഖീദയിലെ ഓരോന്നും പ്രവാചക തിരുമേനി(സ്വ) നിർദ്ദേശിച്ച രീതിശാസ്ത്രമനുസരിച്ച് പുനർവിചിന്തനം നടത്തി. അവസാനം ബസ്വറ പള്ളിയിലെ മിമ്പറിൽ കയറി അഹ്ലുസ്സുന്നത്തിലേക്കുള്ള തന്റെ മടക്കം പ്രഖ്യാപിച്ചു.മുഅ്തസിലീ മാർഗ്ഗത്തിൽ നിന്നും ഒരു വസ്ത്രത്തിൽ നിന്നെന്ന പോലെ മുക്തനായെന്ന് പറയുകയും പ്രതീകാത്മകമായി തൻ്റെ ശരീരത്തിൽ നിന്ന് ഒരു കോട്ട് ഊരിക്കളയുകയും ചെയ്തു. തുടർന്ന് സുന്നി ആദർശം വിശദീകരിക്കുന്ന കിതാബുല്ലുമഅ്, കശ്ഫുൽ അസ്രാർ വ ഫത്കുൽ അസ്താർ പോലോത്ത ഗ്രന്ഥങ്ങൾ സമുദായത്തിന് സമർപ്പിച്ചു.
ലോകത്താകമാനം നായകനില്ലാതെ വ്യസനിച്ചിരുന്ന സുന്നി പക്ഷത്തിന് ലഭിച്ച ഈ നേതൃത്വത്തെ അവർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്.ഇമാം സുബുകി(റ) പറയുന്നു:“അഹമദുബ്‌നു ഹമ്പലിന് ശേഷം അഹ്ലുസ്സുന്നയുടെ ഉന്നത നേതാവായി വന്നത് അബുൽ ഹസനുൽ അശ്അരിയാണ്. ഇരുവരുടേയും അഖീദ(വിശ്വാസം) ഒന്നുതന്നെയാണെന്നതിൽ അഭിപ്രായാന്തരമില്ല.തൽവിഷയം മഹാനവർകൾ ഗ്രന്ഥങ്ങൾ പലതവണ എഴുതുകയും ചെയ്തിട്ടുണ്ട്”.തുടർന്ന് സുബുകി ഇമാം പറയുന്നു:“സച്ചരിതരായ മുൻഗാമികൾ പറഞ്ഞതിലപ്പുറം അബുൽ ഹസനുൽ അശ്അരി(റ) പറഞ്ഞിട്ടില്ല.അഹ്‌ലുസ്സുന്നയെ സഹായിക്കുകയും ശക്തിപ്പെടുത്തുകയുമായിരുന്നു മഹാനവർകളുടെ ദൗത്യം. മാലിക്കി ഇമാം മദീനാ നിവാസികളെ മുൻഗാമികളുടെ മാതൃകയിൽ മുന്നോട്ട് നയിച്ചപ്പോൾ അവർ മാലിക്കികൾ എന്ന പേരിലറിയപ്പെട്ടപോലെയാണ് ‘അശ്അരികൾ’ എന്ന പേരും പ്രസിദ്ധമായത്”.അബുൽ ഹസനുൽ അശ്‌അരിയുടെ കഴിവിനും ബുദ്ധികൂർമ്മതക്കും ദൃക്‌സാക്ഷിയായ അബ്‌ദുല്ലാഹിബ്‌നു ഖഫീഫ് ശീറാസി എന്നവർ തൻ്റെ അനുഭവം പങ്കുവെക്കുന്നു: “അശ്‌അരി ഇമാമിനെ കാണണമെന്ന ഉദ്ദേശ്യത്തോടെ ഞാൻ ബസ്വറ സന്ദർശിച്ചു. വലിയൊരു സദസ്സിലാണെനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞത്. ഒരുകൂട്ടം മുഅ്‌തസിലികൾ ഒരാൾക്കു പിറകെ മറ്റൊരാളായി ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നു.ചോദ്യങ്ങൾ അവസാനിച്ചപ്പോൾ ഇമാമവർകൾ ഒന്നിനു പിറകെ മറ്റൊന്നായി ഓരോരുത്തരുടെയും ചോദ്യങ്ങൾക്ക് വ്യക്തവും കൃത്യവുമായ മറുപടി പറയാൻ തുടങ്ങി.കൺമിഴിച്ചു നിന്ന എന്നോടദ്ദേഹം ആഗമനോദ്ദേശ്യം ആരാഞ്ഞു.ഞാൻ പറഞ്ഞു:“എന്തൊരാശ്ചര്യം താങ്കൾക്കെത്ര കണ്ണുകളും കാതുകളും നാക്കുകളുമാണുള്ളത്”.
പ്രമുഖ ശാഫിഈ പണ്ഡിതന്മാരായ അബൂ ഇസ്ഹാഖ് അൽ മർവസി, ഇബ്നു സുറൈജ്, അബു ഖലീഫ അൽ ജുമഹി, സകരിയ്യ ബ്നു യഹ്‌യ അസ്സാജി, സഹ്‌ലു ബ്നു നൂഹ്, മുഹമ്മദ് ബിൻ യഅ്ഖൂബ്, അൽ മുഖ് രി , അബ്ദുറഹ്മാൻ ബിൻ ഖലഫ് അള്ളബ്ബി എന്നിവരാണ് മറ്റു ഗുരുവര്യന്മാർ. ഹിജ്റ 324ൽ ബാഗ്ദാദിൽ വെച്ച് ഇമാം അശ്അരി(റ) വഫാത്തായി. കർബ്, ബാബുൽ ബസ്വറ എന്നീ പ്രദേശങ്ങൾക്കിടയിലാണ് മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നത്.