+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഫിത്വർ സകാത്ത്

ശരീരത്തിൻ്റെ ബാധ്യതയാണ് ഫിത്വർ സകാത്ത്.നിസ്‌കാരത്തിൽ വന്ന വീഴ്‌ചകളെ സഹ്‌വിൻ്റെ സുജൂദ് കൊണ്ട് പരിഹരിക്കുന്നത് പോലെ റമളാനിൽ വന്ന വിഴ്‌ചകളെ ഫിത്വർ സക്കാത്ത് ശുദ്ധീകരിക്കും.പെരുന്നാൾ ദിവസത്തെ (രാവും പകലും) തനിക്കും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കും ആവശ്യമായ ഭക്ഷണം, പാർപ്പിടം, പരിചാരകൻ എന്നിവ കഴിച്ച് മിച്ചമുണ്ടെങ്കിൽ ഫിത്വർ സകാത്ത് കൊടുക്കൽ സ്വതന്ത്രരായ എല്ലാ മുസ്ലിമിനും നിർബന്ധമാണ്. കടമുണ്ടെങ്കിൽ അത് കൊടുത്ത് ബാക്കിയുണ്ടെങ്കിൽ മാത്രമേ സകാത്ത് കൊടുക്കേണ്ടതുള്ളൂ എന്നാണ് പ്രബലമായ അഭിപ്രായം.

ഫിത്വർ സകാത്ത് നിർബന്ധമായ ഒരാൾക്ക് തനിക്ക് ചെലവിന് കൊടുക്കൽ നിർബന്ധമായ ഭാര്യ,മക്കൾ മാതാപിതാക്കൾ,തൻ്റെ കീഴിലുള്ള മുസ്ലിംകളായ അടിമകൾ എന്നിവരുടെ സകാത്തും നിർബന്ധമാണ്. ആദ്യം സ്വന്തത്തിന്റെയും പിന്നീട് ഭാര്യ, ചെറിയ കുട്ടി, പിതാവ്, മാതാവ്, വലിയ കുട്ടി എന്നീ ക്രമത്തിലാണ് കൊടുക്കേണ്ടത്.

റമളാൻ വ്രതം അവസാനിക്കുന്ന രാവിന്റെ സൂര്യാസ്ത‌മയ സമയമാണ് ഫിത്വർ സകാത്ത് നിർബന്ധമാകുന്നത്. പെരുന്നാൾ നിസ്കാരത്തെക്കാൾ പിന്തിക്കൽ കറാഹത്തും പിന്തിക്കാതിരിക്കൽ സുന്നത്തുമാണ്. കാരണം കൂടാതെ പെരുന്നാൾ ദിനത്തിലെ സൂര്യാസ്തമയത്തെ തൊട്ട് പിന്തിക്കൽ ഹറാമാണ്. എന്നാൽ റമളാനിൻ്റെ ആദ്യം മുതൽ ഫിത്റിനെ മുൻകൂട്ടി കൊടുക്കുന്നതിന് വിരോധമില്ല.

കൊടുക്കപ്പെടുന്ന നാട്ടിലെ സർവ്വ സാധാരണമായ ഭക്ഷ്യധാന്യത്തിൽ നിന്ന് ഒരാളെ തൊട്ട് ഒരു സ്വാഅ് എന്ന അളവിലാണ് ഫിത്വർ സകാത്ത് കൊടുക്കേണ്ടത്. ഒരു സ്വാഅ് നാല് മുദ്ദാണ്(3.060 ലിറ്റർ). ഒരു സാധാരണ മനുഷ്യൻ്റെ രണ്ടു കൈകളും കൂട്ടിയുള്ള ഒരു വാരലിൽ കൊള്ളുന്നതാണ് ഒരു മുദ്ദെന്ന് ഒരു സംഘം പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്.ഇന്ന് അതിനുവേണ്ടി പ്രത്യേകം തയ്യാർ ചെയ്ത ‘മുദ്ദുന്നബവി’ എന്ന പേരിലുള്ള പാത്രങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്.മലയാളിയുടെ മുഖ്യാഹാരം അരിയായത് കൊണ്ട് ഒരു സ്വാഅ് അരിയാണ് നാം നൽകേണ്ടത്.

സക്കാത്ത് വിതരണത്തിന് നിയ്യത്ത് നിർബന്ധമാണ്.”ഇത് എന്റെ ഫിത്വര്‍ സക്കാത്ത് ആകുന്നു” , ”നിര്‍ബന്ധമായ സക്കാത്താകുന്നു” എന്നെല്ലാം നിയ്യത്ത് ചെയ്യാവുന്നതാണ്. അവകാശികള്‍ക്ക് നല്‍കുന്ന സമയത്തോ, സകാത്ത് നല്‍കാനുള്ള വിഹിതം മാറ്റിവെക്കുന്ന സമയത്തോ, മാറ്റിവെച്ചതിന് ശേഷം അവകാശികള്‍ക്ക് നല്‍കുന്നതിന് മുമ്പോ നിയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്.

ഫിത്വർ സകാത്ത് നൽകാൻ ബാധ്യസ്ഥനായ വ്യക്തി നിർബന്ധമായ സമയത്ത് താമസിക്കുന്നത് എവിടെയാണോ ആ സ്ഥലത്താണ് അത് കൊടുക്കേണ്ടത്. കുടുംബാംഗങ്ങളുടെ മുഴുവൻ ഫിത്വർ നൽകേണ്ട കുടുംബനാഥൻ വിദേശത്തോ മറ്റോ ആണെങ്കിൽ പ്രസ്തുത ബാധ്യത കുടുംബത്തിലെ മറ്റൊരു അംഗത്തെ ഏൽപ്പിച്ചാൽ മതി.

ഫിത്വർ സകാത്തിന് പകരം അതിന്റെ വില കൊടുത്താൽ മതിയാവുകയില്ല. അതുപോലെ തന്നെ ന്യൂനതയുള്ള നനഞ്ഞു കുതിർത്ത ധാന്യവും നൽകിയാൽ മതിയാവില്ല. എന്നാൽ നനഞ്ഞുണങ്ങിയാൽ അതു മതിയാകുന്നതാണ്.

സകാത്തിൻ്റെ അവകാശികൾ

“നിശ്ചയം സകാത്ത് മുതലുകൾ നൽകേണ്ടത് ഫഖീർ, മിസ്കീൻ, സകാത്തിന്റെ ഉദ്യോഗസ്ഥൻ, പുതു മുസ്ലിം, മോചന പത്രം എഴുതപ്പെട്ട അടിമ, കടം കൊണ്ട് വിഷമിക്കുന്നവർ, അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ,വഴിയാത്രക്കാരൻ എന്നിവർക്ക് മാത്രമാണ്.അല്ലാഹുവിങ്കൽ നിന്നും നിശ്ചയിക്കപ്പെട്ടതത്രേ” (ഖുർആൻ 9/60). ഖുർആനിൽ പ്രതിപാദിക്കപ്പെട്ട ഈ എട്ട് അവകാശികൾക്ക് നൽകിയാൽ മാത്രമേ സകാത്ത് സ്വീകാര്യമാവു കയുള്ളു. പ്രവാചക കുടുംബത്തിലെ അംഗങ്ങൾ ക്ക് സകാത്ത് വാങ്ങാൻ പാടില്ല എന്നാണ് പ്രമാണങ്ങൾ പറയുന്നത്. നബി തിരുമേനി(സ്വ) പറഞ്ഞു:“നിശ്ചയം സകാത്ത് ജനങ്ങളുടെ അഴുക്കുകളാണ്.മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും അത് അനുവദനീയമല്ല.”

ദരിദ്രർ:തൻ്റെ ചെലവിനും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവരുടെ ചെലവിനും മതിയാകുന്ന ജോലിയോ മാർഗ്ഗങ്ങളോ ഇല്ലാത്തവനാണ് ദരിദ്രൻ. നാളിതുവരെ അധ്വാനിച്ചുണ്ടാക്കിയ മുഴുവൻ സമ്പാദ്യം ഒരു അപകടത്തിലോ അപകട ദുരന്തത്തിലോ വെച്ച് നഷ്‌ടപ്പെട്ടവനും, ചൂഷകരുടെ കെണിയിൽ പെട്ട് സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടവനും ഫഖീർ തന്നെ. സ്വന്തം വ്യക്തിത്വത്തോട് യോജിച്ച ജോലിയില്ലാതെ വിഷമിക്കുന്നവനും ഫഖീറാണ്.

 അഗതി:സ്വന്തം ചെലവിന് ആവശ്യമായ ജോലിയും സമ്പത്തും ഉണ്ടായിട്ടും അത് തന്റെ നിത്യ ജീവിതത്തിലെ ചെലവിന് തികയാതെ വരുന്നവനാണ് മിസ്കീൻ.ഫഖീറിനേക്കാൾ നില മെച്ചപ്പെട്ടവനാണ് മിസ്കീൻ.ഈ വിഭാഗത്തിൽ പെട്ട പലരും ചിലപ്പോൾ സകാത്ത് നൽകാൻ ബാധ്യസ്ഥരായിരിക്കും. പക്ഷെ, അത് കൊണ്ട് അവർ സകാത്ത് വാങ്ങാൻ അർഹരല്ല എന്ന് വരുന്നില്ല.

ഉദ്യോഗസ്ഥർ(ആമിൽ):സക്കാത്തിന്റെ മുതൽ ശേഖരിക്കാനുള്ള എഴുത്തുകാർ,പിരിവുകാർ തുടങ്ങിയവരാണ് ഉദ്യോഗസ്ഥൻ എന്നറിയപ്പെടുന്നത്.ഇസ്ലാമിക ഭരണം നിലവിലില്ലാത്ത നമ്മുടെ നാടുകളിൽ ‘ആമിൽ’ എന്ന പേരിൽ സക്കാത്ത് പിരിക്കാനും വിതരണം ചെയ്യാനും ആർക്കും അധികാരമില്ല.

പുതുവിശ്വാസി: പുതുതായി ഇസ്ലാം സ്വീകരിച്ചവരാണ് പുതുവിശ്വാസികൾ. പരിശുദ്ധ ഇസ്ലാമിൽ അവരെ നിലനിർത്താനും പരിഗണന നൽകാനും വേണ്ടിയാണ് ഈയൊരു വിഭാഗത്തെ സക്കാത്തിന്റെ അവകാശികളിൽ ഉൾപ്പെടുത്തിയത്.ഇസ്ലാമിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷയുള്ളവർക്ക് വേണ്ടിയോ ശത്രുത ഭയപ്പെട്ടവർക്ക് വേണ്ടിയോ സക്കാത്ത് നൽകാൻ അനുവാദമില്ല.ഇസ്ലാമിലേക്ക് കടന്നുവരാത്ത അവിശ്വാസികളെ പ്രലോഭിപ്പിക്കാനും വശീകരിക്കാനും വേണ്ടി സക്കാത്ത് നൽകാൻ പാടില്ല. ഇസ്ലാം സ്വീകരിക്കാൻ സാധ്യതയുള്ളവർക്കും പണം നൽകിയാൽ ഇസ്ലാം സ്വീകരിക്കുമെന്ന് പറഞ്ഞവർക്കും സക്കാത്തില്ല.

മോചന പത്രം എഴുതപ്പെട്ട അടിമ: സ്വന്തം യജമാനമാരുമായി മുകാതബ(ഞങ്ങൾ ഇത്ര സമയത്തിനുള്ളിൽ നിശ്ചിതമായ സംഖ്യ തരാം,ഞങ്ങളെ മോചിപ്പിക്കണമെന്ന് പറഞ്ഞ് കരാറിൽ ഏർപ്പെടുന്നവർ) എഴുതുകയും എന്നിട്ടത് നിറവേറ്റാൻ കഴിയാത്തവരുമായ അടിമകൾ, അവർക്ക് അത് പൂർത്തീകരിക്കുവാനാവശ്യമായത് സക്കാത്തിൽ നിന്നും നൽകാവുന്നതാണ്. അടിമകളെ വിലക്ക് വാങ്ങി സകാത്തിൽ നിന്നുള്ള വിഹിതം കൊണ്ട് അവരെ മോചിപ്പിക്കലും അനുവദനീയമാണ്. ബന്ധികളായ മുസ്ലിംകളെ സകാത്തിന്റെ വിഹിതം കൊണ്ട് മോചിപ്പിക്കാം.

കടമുള്ളവൻ: ഹലാലായ ആവശ്യങ്ങൾക്ക് കടം വാങ്ങി വീട്ടാൻ കഴിവില്ലാത്തവരാണ് കടക്കാരൻ എന്നതുകൊണ്ടുള്ള വിവക്ഷ.ഹറാമായ കാര്യത്തിന് വേണ്ടി കടം വാങ്ങി വലയുന്നവൻ സകാത്തിന്റെ അവകാശികളിൽ ഉൾപ്പെടുന്നില്ല.

അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവൻ:പ്രീതി കാംക്ഷിച്ചുകൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരാണ് ഇവർ. പരിശുദ്ധ ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ പോരാട്ടങ്ങൾ നടത്തുന്ന ഇത്തരം വിഭാഗക്കാർക്ക് ചിലപ്പോൾ സ്വന്തം തൊഴിൽ കൂടി നഷ്ടപ്പെട്ടേക്കാം. ഇത്തരം സാഹചര്യത്തിൽ അവരുടെ ചെലവ് നടത്താനും ആയുധങ്ങൾക്കും മറ്റു ജീവിതാവശ്യങ്ങൾക്കും ധനം ആവശ്യമായി വരുന്നു.

വഴിയാത്രക്കാരൻ: അനുവദനീയമായ യാത്ര ലക്ഷ്യം വെച്ച് സകാത്ത് കൊടുത്തുകൊണ്ടിരിക്കുന്ന നാട്ടിലൂടെ യാത്ര ചെയ്യുന്നവനാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഈ അവകാശിക്ക് സ്വന്തമായി സാമ്പത്തികശേഷി ഇല്ലാതിരിക്കലും അവന്റെ യാത്ര അനുവദനീയമായ കാര്യത്തിന് വേണ്ടിയായിരിക്കലും അനിവാര്യമാണ്.സ്വന്തം നാട്ടിൽ ക്രിമിനൽ കുറ്റം ചെയ്തു ഒളിച്ചോടി വന്നവനും ഹറാമായ ഒരു കാര്യത്തിനു വേണ്ടി യാത്ര പോകാൻ ലക്ഷ്യം വെക്കുന്നവനും സകാത്തിന് അർഹരല്ല.

 

Avatar
ഉവൈസ് അശ്റഫി ഫൈസി
+ posts
Share this article
Shareable URL
Prev Post

ഇമാം അബൂ ഹസനിൽ അശ്അരി(റ)

Next Post

തഫ്സീർ; സ്വഹാബികളിലും താബിഉകളിലും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

കൊറോണയില്‍ കുരുങ്ങി ലോകം

ഹാഫിള് അമീന്‍ നിഷാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു…