മദീനാ പള്ളിയില്‍ മുഹമ്മദ് നബി(സ) തുടങ്ങിയ ദീനീ അറിവിന്റെ വിതരണം അത് നബിക്ക് ശേഷം സ്വഹാബാക്കളിലൂടെ പിന്നീട് താബിഉ താബിഉകളിലൂടെ കടന്ന് വന്ന് നമ്മുടെ കൈകളില്‍ സുരക്ഷിതമായി എത്തി. ഇന്ന് ആ അറിവിന്റെ പൈതൃകം അതുപോലെ വളരെ നല്ല രീതിയില്‍ പള്ളിദര്‍സുകളിലൂടെയും കോളേജുകളിലൂടെയും മറ്റും നടന്നുവരുന്നു. പ്രവാചക പാരമ്പര്യമുള്ള ദൈവികമായ അറിവ് അത് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി മറ്റു ആധുനിക വിദ്യാര്‍ത്ഥിയെ പോലെ അല്ല അവന് ധാരാളം പ്രത്യേകതകള്‍ ഉണ്ട്. ഈ അറിവ് പഠിക്കാന്‍ പുറപ്പെട്ടതിലൂടെ അവന്‍ യഥാര്‍ത്ഥത്തില്‍ സ്വര്‍ഗത്തിലേക്കുള്ള വഴിയിലാണ് പ്രവേശിച്ചത്. മാത്രമല്ല, അവന്റെ മേല്‍ അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങും. മാലാഖമാര്‍ അവനെ പൊതിയും. അല്ലാഹു അവനെ കുറിച്ച് സന്തോഷത്തോടെ വിളിച്ച് പറയും. ഇതൊന്നും ഒരു ഭൗതിക വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നില്ല. അവന് വെറും ഇഹപരലോകങ്ങളില്‍ ഉപകാരം ലഭിക്കുന്നു. എന്തൊരു അത്ഭുതമാണിത്. പക്ഷേ, വിദ്യാര്‍ത്ഥി യഥാര്‍ത്ഥ മത വിദ്യാര്‍ത്ഥി ആയിരിക്കണം. അല്ലാഹുവിന്റെ പ്രകാശമായ ഈ അറിവ് കരസ്ഥമാകുമ്പോഴേക്കും അതിന് ധാരാളം കടമകളും മര്യാദകളും പാലിക്കേണ്ടതുണ്ട്. അത് പാലിക്കുമ്പോള്‍ മാത്രമാണ് അല്ലാഹുവിന്റെ പ്രകാശം കരസ്ഥമാക്കാന്‍ അവനിക്ക് സാധിക്കൂ. മത പരമായ അറിവ് നേടിയാല്‍ അല്ലാഹുവിന്റെ കരുണയുടെ കവാടം അവന്റെ മേല്‍ തുറക്കപ്പെടും. അത് കൊണ്ട് മരിക്കുന്നത് വരെ ആ കവാടം അടക്കപ്പെടാതിരിക്കാന്‍ അവന്‍ ശ്രദ്ധിക്കണം. മാത്രമല്ല, അറിവിനെയും അറിവിന്റെ ഉപകരണങ്ങളെയും ഗുരുനാഥന്‍ന്മാരെയും സഹപാഠികളെയും ആദരിക്കല്‍ അവന്റെ മേല്‍ നിര്‍ബന്ധമാണ്. ദീനി വിവരം ഇല്ലാത്ത ഭൗതിക വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ വിദ്യയെ കുറ്റം പറയുന്നത് പോലും മത വിദ്യാര്‍ത്ഥി പറയാന്‍ പാടില്ല. കാരണം, സ്വയം അറിവ് ഉല്‍പാദിപ്പിക്കാനുളള ആന്തരിക സന്നദ്ധത ഓരോ കുട്ടിയിലും ഉണ്ട്. അതു കൊണ്ട് തന്നെ എനിക്ക് പഠിക്കാന്‍ കഴിയില്ല എന്ന് പറയാന്‍ പാടില്ല. മറിച്ച് അവന്‍ നിരന്തരമായി പരിശ്രമിക്കുകയാണ് വേണ്ടത. മതവിദ്യ നേടുന്ന സന്ദര്‍ഭത്തില്‍ അവനിക്ക് വിനയം ഉണ്ടായിരിക്കല്‍ അത്യാവശ്യമാണ്. ശരിയായ വിനയത്തിലൂടെയാണ് നമ്മുടെ മുന്‍ഗാമികള്‍ അറിവിനെ കരസ്ഥമാക്കിയത്. മാവിന്മേല്‍ മാങ്ങ ഉണ്ടാവുമ്പോള്‍ അതിന്റെ ശിഖിരങ്ങള്‍ താഴോട്ട് ചാഞ്ഞ് നില്‍ക്കാന്‍ തുടങ്ങും എന്നത് പോലെ ഇല്‍മ് കൂടുംതോറും അവന് താഴ്മ കാണിക്കല്‍ അത്യാവശ്യമാണ്. കാരണം താഴ്മയുടെ വിപരീതം അഹങ്കാരമാണ് അതാണ് അവനില്‍ ഉള്ളതെങ്കില്‍ ഇല്‍മ് അവനില്‍ നിന്നാലും അറിവ് അവന് ശത്രുവായി മാറും. മലവെള്ളം ഉയര്‍ന്ന പ്രദേശത്തിന് ശത്രു ആകുന്നത് പോലെ അതാണ് ബഹുമാനപ്പെട്ട സൈനുദ്ദീന്‍ മഖ്ദൂം(റ) പറഞ്ഞത്. ഇല്‍മാകുന്നത് ഉന്നതമായി ആഗ്രഹിക്കുന്നവന് ശത്രുവാണ് എന്ന്.
മത വിദ്യ നേടുന്നത് കൊണ്ടുള്ള ലക്ഷ്യം
വിദ്യ നേടുമ്പോള്‍ ലക്ഷ്യമില്ലാതെ പഠിക്കാന്‍ പാടില്ല. കാരണം ലക്ഷ്യമില്ലാത്ത പഠനം അവന്റെ ജീവിതം നശിപ്പിക്കും. അതുകൊണ്ട് ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. ആഖിറത്തിലേക്ക് ഉപകരിക്കുന്ന രൂപത്തില്‍ ആത്മ സംസ്‌കരണം ആയിരിക്കണം അവന്റെ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം വെക്കുന്നതിലൂടെ അവനിക്ക് വിജയത്തിലേക്ക് എത്താന്‍ സാധിക്കും തീര്‍ച്ച. കളങ്കരഹിതമായ മനസ്സും നിര്‍മ്മലമായ സ്വഭാവവും നേടി എടുക്കുന്നതിനുള്ള പരിശീലനമാവണം വിദ്യാഭ്യാസം. നിഷ്‌കളങ്കരായിരിക്കുക എന്നാണ് മഹാനായ ഗസ്സാലി(റ) ശിഷ്യനോട് എപ്പോഴും ഉപദേശിച്ചിരുന്നത്. മനസ്സിന് തെളിച്ചം വരുത്തുക എന്നതിനുമാവണം വിദ്യാഭ്യാസത്തിന്റെ ഊന്നല്‍. ദര്‍ശനം, ശ്രവണം, ഘ്രഹണം, സ്പര്‍ഷം, രുചി എന്നിവ പഞ്ചേന്ദ്രിയങ്ങള്‍ക്ക് പുറമേ തതുല്യമായ ഓര്‍മ്മ, ഭാവന, ചിന്ത, അവബോധം, സാമാന്യബോധം എന്നിങ്ങനെ അഞ്ച് മാനസിക ഇന്ദ്രിയങ്ങള്‍ ഉള്ളതായി ഗസ്സാലി ഇമാം പറയുന്നു. മനുഷ്യവ്യക്തിയുടെ സ്വഭാവത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കുന്നത് ഈ അഞ്ച് ഇന്ദ്രിയങ്ങള്‍ ആണ്. അതിനാല്‍ ഈ അഞ്ച് ഇന്ദ്രിയങ്ങളെ ചെറുപ്പം മുതല്‍ തന്നെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. നന്മ, തിന്മകള്‍ തിരിച്ചറിയുന്നതിനും ശരിയായ മാര്‍ഗ്ഗത്തില്‍ ഉറച്ച് നില്‍ക്കുന്നതിനും സഹായിക്കുന്നത് ഈ ഇന്ദ്രിയങ്ങളാകയാല്‍ ഇവയെ ബലപ്പെടുത്തുക എന്നതാവണം വിദ്യാഭ്യാസ പ്രക്രിയയുടെ ഉദ്ദേശ്യങ്ങളിലൊന്ന്. സംസ്‌കരണം എന്ന പ്രധാന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഇത് സഹായകമാകും.
അറിവും പ്രവര്‍ത്തിയും
അറിവ് സമ്പാദിക്കുന്നത് കൊണ്ട് പൂര്‍ണ്ണമാകുന്നതല്ല വിദ്യാഭ്യാസമെന്ന് ഇമാം ഗസ്സാലി (റ) ഓര്‍മിപ്പിക്കുന്നു. കുറേയേറെ പാഠങ്ങള്‍ ഹൃദ്യസ്ഥമാക്കിയത് കൊണ്ട് ഒരാള്‍ വിദ്യ സമ്പന്നന്‍ ആവുന്നില്ല. അറിവ് അനുഭവമായ പ്രവര്‍ത്തിക്കപ്പെടണം. അറിവ് ഉത്തരവാദിത്തമാണ്. അറിവുള്ളവന്‍ അറിവിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നു. അല്‍പമെങ്കിലും ധാരാളമാണെങ്കിലും ഉള്ള അറിവിനെ പ്രവര്‍ത്തിക്കപ്പെടണം. ഇല്ലെങ്കില്‍ അതിനെ അറിവ് എന്ന് പറയില്ല. കാരണം, മഹാനായ ഹനഫീ ഇമാം പറയുന്നു. ഇല്‍മ് എന്നാല്‍ അതു കൊണ്ട് പ്രവര്‍ത്തിക്കല്‍ മാത്രമാണ്. അപ്പോള്‍ പ്രയോഗവല്‍ക്കരിക്കപ്പെടാത്ത അറിവ് ജഡത്തിന് തുല്യമാണ്. നാല് തരം ആളുകളെ കുറിച്ച് ഖലീല് ബ്‌നു അഹ് മദിനെ ഉദ്ദരിച്ച് ഇമാം ഗസ്സാലി(റ)പറയുന്നത് കാണുക (1) തന്റെ അറിവിനെ കുറിച്ച് ബോധമുള്ള ജ്ഞാനി അയാളെ അനുകരിക്കുക (2) തന്റെ അറിവില്ലയ്മയെ കുറിച്ച് അജ്ഞാനി അയാളെ അന്വേഷിയാണ് അയാള്‍ക്ക് മാര്‍ഗം കാണിച്ച് കൊടുക്കുക. (3) തന്റെ അറിവിനെ കുറിച്ച് ബോധമില്ലാത്ത ജ്ഞാനി അയാളെ വിളിച്ചുണര്‍ത്തുക. (4) തന്റെ അറിവില്ലായ്മയെ കുറിച്ച് ബോധമില്ലാത്ത അയാള്‍ വിഡ്ഡിയാണ് . അയാളെ ഒഴിവാക്കുക
വിദ്യാര്‍ത്ഥിയുടെ കടമകള്‍
ബാഹ്യവും ആന്തരികവുമായ തഖ് വ സമ്പാദിക്കുക വഴി സന്മാര്‍ഗത്തില്‍ പ്രവേശിക്കുക എന്നതാവണം വിദ്യാര്‍ത്ഥിയുടെ കടമ. തഖ് വ ഉണ്ടാകുന്നതിന് അല്ലാഹു നിരോധിച്ച എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ട് നില്‍ക്കണം. അല്ലാഹു ആയിരിക്കണം അവന്റെ കൂട്ടുകാരന്‍. പരലോക മോക്ഷത്തിന് വേണ്ടി അറിവ് ഉപയോഗപ്പെടുത്തണം. ഒരു വിദ്യാര്‍ത്ഥി നാല് കാര്യങ്ങള്‍ നടപ്പില്‍ വരുത്തണമെന്നും നാല് കാര്യങ്ങള്‍ ഉപേക്ഷിക്കണം എന്നും ഗസ്സാലി ഇമാം പറയുന്നു.