മനസ്സും ശരീരവും ഒരുപോലെ സംശുദ്ധമാക്കാനാണ് നോമ്പ്. അവനവൻ്റെ വികാര വിചാരങ്ങളെ അടക്കി നിര്‍ത്താനും ഇബാദത്ത് നിര്‍വ്വഹിക്കാന്‍ ശരീരത്തെ പാകപ്പെടുത്താനും നോമ്പിലൂടെ സാധിക്കും.ഐഹികവും പാരത്രികവും ആത്മീയവും ഭൗതികവും വ്യക്തിപരവും സാമൂഹികപരവുമായ അനേകം പ്രയോജനങ്ങള്‍ നോമ്പിലൂടെ ലഭിക്കുന്നുണ്ട്.അതുകൊണ്ടാണ് ആദം നബി(അ) മുതല്‍ അന്ത്യ പ്രവാചകര്‍(സ്വ) വരെയുള്ള എല്ലാ നബിമാരും സ്വസമൂഹത്തോട് നോമ്പനുഷ്ഠിക്കാന്‍ ഉപദേശിച്ചത്.വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:’സത്യവിശ്വാസികളേ,നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു.നിങ്ങള്‍ സൂക്ഷ്മശാലികളാകാന്‍ വേണ്ടി'(സുറതുല്‍ ബഖറ : 183).ഫജ്‌റുസ്സ്വാദിഖ് (സുബ്ഹ്) വെളിവായത് മുതല്‍ സൂര്യാസ്തമയം വരെ അല്ലാഹുവിൻ്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ച് അന്നപാനീയങ്ങളും മറ്റു സുഖഭോഗങ്ങളും ഉപേക്ഷിക്കുന്നതാണ് നോമ്പ്.
ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തിലാണ് റമളാന്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. കണക്കാക്കാനാവാത്ത പ്രതിഫലമാണ് നോമ്പിനുള്ളത്. ഇക്കാരണത്താലാണ് മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി നോമ്പിൻ്റെ പ്രതിഫലത്തെ അല്ലാഹു പ്രത്യേകം തന്നിലേക്ക് ചേര്‍ത്തിപ്പറഞ്ഞത്. ഹദീസില്‍ കാണാം:’അല്ലാഹു പറയുന്നു:മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവനുള്ളത് തന്നെയാണ്.നോമ്പൊഴികെ! നോമ്പെനിക്കുള്ളതാണ്,ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്.’നോമ്പില്‍ മറ്റുള്ളവരെ കാണിക്കുന്നതിനോ പ്രശസ്തി ആഗ്രഹിക്കുന്നതിനോ സാധ്യതയില്ലെന്നതാണ് ഇതിന് പ്രധാന കാരണമായി പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നത്.
ആര്‍ക്കാണ് നോമ്പ് നിര്‍ബന്ധം?
പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള നോമ്പനുഷ്ഠിക്കാന്‍ സാധിക്കുന്ന എല്ലാ മുസ്ലിമിനും റമളാനിലെ നോമ്പ് നിര്‍ബന്ധമാണ്. കുട്ടി,ഭ്രാന്തന്‍,പ്രായമായത് കൊണ്ടോ സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം കൊണ്ടോ നോമ്പെടുക്കാന്‍ സാധിക്കാത്തവന്‍,ഹൈളുകാരി, നിഫാസുകാരി ഇവര്‍ക്കൊന്നും നോമ്പ് നിര്‍ബന്ധമില്ല.വാര്‍ദ്ധക്യം,സുഖപ്പെടാന്‍ സാധ്യതയില്ലാത്ത രോഗം പോലുള്ള പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങാന്‍ സാധിക്കാത്ത കാര്യങ്ങള്‍ കൊണ്ട് റമളാനിലെ നോമ്പൊഴിവാക്കിയവര്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഭക്ഷ്യധാന്യം നല്‍കേണ്ടതാണ്.നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല.ശഅ്ബാന്‍ 30 പൂര്‍ത്തിയാവുകയോ 29ൻ്റെ സൂര്യനസ്തമിച്ച ശേഷം മാസപ്പിറവി കാണുകയോ ചെയ്താല്‍ അടുത്ത ദിവസം റമളാന്‍ ഒന്നായി കണക്കാക്കുകയും നോമ്പ് നിര്‍ബന്ധമാവുകയും ചെയ്യും.
നിയ്യത്ത്
റമളാനിലെ നോമ്പിന് ഓരോ ദിവസവും നിയ്യത്ത് നിര്‍ബന്ധമാണ്.നിയ്യത്ത് ഹൃദയത്തിലാണുണ്ടാകേണ്ടത്.നാവു കൊണ്ട് മൊഴിയല്‍ സുന്നത്താണ്. റമളാന്‍ ഒന്നിൻ്റെ രാവില്‍ തന്നെ എല്ലാ ദിവസത്തേക്കുമുള്ള നിയ്യത്ത് വെച്ചാല്‍ മറ്റുള്ള ദിവസങ്ങള്‍ക്ക് ആ നിയ്യത്ത് മതിയാവുകയില്ല. ഫര്‍ള് നോമ്പുകളുടെ നിയ്യത്ത് രാത്രിയില്‍(സുര്യാസ്തമയം മുതല്‍ സുബ്ഹ് വരെ) തന്നെയാകല്‍ നിര്‍ബന്ധമാണ്.സുന്നത്ത് നോമ്പുകള്‍ക്ക് ഉച്ചക്ക്(ളുഹ്‌റ്) മുമ്പായി നിയ്യത്ത് ചെയ്താല്‍ മതി. നിയ്യത്തിന്റെ പൂര്‍ണരൂപം താഴെ പറയുന്നതാണ്:
നോമ്പ് മുറിയുന്ന കാര്യങ്ങള്‍
1.സ്വന്തം അറിവോടെയും ബോധത്തോടെയും എന്തെങ്കിലുമൊരു വസ്തു നോമ്പുകാരൻ്റെ തുറന്ന ദ്വാരത്തിലൂടെ അകത്തേക്ക് പ്രവേശിക്കുക.തനിക്ക് നോമ്പുണ്ടെന്ന കാര്യം മറന്നു കൊണ്ടോ നിര്‍ബന്ധിതനായോ വല്ലതും ഉള്ളിലേക്കെത്തി യാലും,ഉമിനീര് ഇറക്കിയാലും നോമ്പ് മുറിയുകയില്ല.രക്തമോ കഫമോ കലര്‍ന്ന ഉമിനീരാണ് വിഴുങ്ങിയതെങ്കില്‍ നോമ്പ് മുറിയും.
ചെവി,മൂക്ക്, മൂത്രദ്വാരം,പിന്‍ദ്വാരം, മുലക്കണ്ണ് തുടങ്ങിയവയുടെ ഉള്ളിലേക്ക് ഏതെങ്കിലും വസ്തുക്കള്‍ പ്രവേശിക്കല്‍ കൊണ്ടും ചെവിയില്‍ മരുന്ന് ഉറ്റിക്കുക,മൂക്കില്‍ പൊടി വലിക്കുക തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും നോമ്പ് മുറിയും.എന്നാല്‍ ഇഞ്ചക്ഷന്‍ ചെയ്യുക,തലയില്‍ എണ്ണ തേക്കുക,കണ്ണില്‍ സുറുമയിടുക തുടങ്ങിയവ കൊണ്ട് നോമ്പ് മുറിയുകയില്ല. നിര്‍ബന്ധ കുളി കുളിക്കുന്ന സമയത്ത് അറിയാതെ ഉള്ളിലേക്ക് വെള്ളമെത്തിയാല്‍ നോമ്പ് നഷ്ടപ്പെടുകയില്ല. അതേസമയം സുന്നത്തായ കുളിയോ മുങ്ങി കുളിയോ ആണെങ്കില്‍ നോമ്പ് നഷ്ടപ്പെടും.
2.അറിഞ്ഞുകൊണ്ടും സമ്മതത്തോടെയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ (സ്ഖലനമുണ്ടായില്ലെങ്കിലും) ഇരുവരുടെയും നോമ്പ് നഷ്ടപ്പെടും.ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുകൊണ്ട് റമളാനിലെ നോമ്പ് നഷ്ടപ്പെടുത്തിയാല്‍ ഖളാഅ് വീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം(കഫാറത്) ചെയ്യലും നിര്‍ബന്ധമാണ്. വിശ്വാസിയായ അടിമയെ മോചിപ്പിക്കുക,അതിന് സാധ്യമല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ട് മാസം നോമ്പനുഷ്ഠിക്കുക, അതിനും സാധ്യമല്ലെങ്കില്‍ 60 അഗതികള്‍ക്ക് നാട്ടിലെ സാധാരണ ഭക്ഷണ ധാന്യത്തില്‍ നിന്ന് ഒരു മുദ്ദ് വീതം നല്‍കല്‍ എന്നിങ്ങനെയാണ് പ്രായശ്ചിത്തം ചെയ്യേണ്ടത്.
3.നോമ്പുകാരന്‍ മന:പ്പൂര്‍വ്വം ഛര്‍ദ്ദി ഉണ്ടാക്കിയാല്‍ നോമ്പ് നഷ്ടപ്പെടും.പുറത്തേക്ക് വന്നത് ഉള്ളിലേക്ക് തന്നെ മടങ്ങിപ്പോയിട്ടില്ലെങ്കിലും മുറിയും. എന്നാല്‍ അനിയന്ത്രിതമായി ഛര്‍ദ്ദി ഉണ്ടായാല്‍ നോമ്പ് മുറിയുകയില്ല.
4. മൈഥുനം കൊണ്ടോ സ്പര്‍ശനത്തിലൂടെയോ ശുക്ല സ്ഖലനം ഉണ്ടാവുക എന്നത് കൊണ്ടും നോമ്പ് മുറിയും.ശക്തമായ രോഗം,നിസ്‌കാരം ഖസ്‌റാക്കാന്‍ പറ്റുന്ന രീതിയിലുള്ള യാത്ര,നോമ്പ് കാരണം അപകടം ഭയക്കല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്. പിന്നീട് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്.നിയ്യത്ത് ഉപേക്ഷിക്കുക,ഹൈള്,നിഫാസ് ഇവ കാരണം നഷ്ടപ്പെട്ട നോമ്പും ഖളാഅ് വീട്ടണം. കാരണം കൂടാതെയോ പിഴവ് സംഭവിച്ചതിനാലോ റമളാനിലെ നോമ്പ്(മറ്റ് നിര്‍ബന്ധ നോമ്പുകള്‍ക്ക് ബാധകമല്ല) നഷ്ടപ്പെട്ടാല്‍ അന്നേ ദിവസം നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കല്‍ നിര്‍ബന്ധമാണ്. റമളാനിലെ നോമ്പ് നഷ്ടപ്പെടുകയും അടുത്ത റമളാനാകുന്നത് വരെ കാരണമൊന്നുമില്ലാതെ അത് ഖളാഅ് വീട്ടാതിരിക്കുകയും ചെയ്താല്‍ ഓരോ വര്‍ഷത്തിനും ഓരോ മുദ്ദ് വീതം നല്‍കല്‍ നിര്‍ബന്ധമാണ്.
നോമ്പിൻ്റെ സുന്നത്തുകള്‍
1.അത്താഴം കഴിക്കല്‍.
റമളാനിലെ നോമ്പാണെങ്കിലും സുന്നത്ത് നോമ്പാണെങ്കിലും അത്താഴം കഴിക്കല്‍ സുന്നത്തുണ്ട്. രാത്രി പകുതിയായത് മുതല്‍ സുബ്ഹ് നിസ്‌കാരത്തിൻ്റെ സമയം പ്രവേശിക്കുന്നത് വരെയാണ് അത്താഴ സമയം. രാത്രിയുടെ അവസാനത്തിലേക്ക് പിന്തിപ്പിക്കലും ഈത്തപ്പഴം കൊണ്ടാവലും സുന്നത്താണ്. ഒരു ഇറക്ക് വെള്ളം മാത്രമാണെങ്കിലും സുന്നത്ത് ലഭിക്കും. ഇബാദത്തിന് ശാരീരിക ക്ഷമത കൈവരിക്കലാണ് അത്താഴം കഴിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്.അത്താഴ സമയത്ത് സുഗന്ധം ഉപയോഗിക്കലും സുന്നത്തുണ്ട്.
2.നോമ്പ്തുറ വേഗത്തിലാക്കല്‍.
സൂര്യാസ്തമയം ഉറപ്പായാല്‍ നോമ്പ്തുറ വേഗത്തിലാക്കല്‍ സുന്നത്താണ്. നോമ്പ്തുറ വേഗത്തിലാക്കുന്നത് കാരണം ജമാഅത്തോ ഇമാമിനോടു കൂടെയുള്ള തക്ബീറതുല്‍ ഇഹ്‌റാമോ നഷ്ടപ്പെടുമെന്ന ഭയമില്ലെങ്കില്‍ നിസ്‌കാരത്തെക്കാള്‍ മുന്തിക്കലും സുന്നത്താണ്.മൂന്ന് കാരക്ക കൊണ്ടാകലാണ് ഉത്തമം.കാരക്ക ഇല്ലെങ്കില്‍ വെള്ളമാണ് നോമ്പുതുറക്കാന്‍ ഉപയോഗിക്കേണ്ടത്. സമയം പ്രവേശിച്ച ഉടനെ വെള്ളം കൊണ്ട് നോമ്പ് തുറക്കലും കാരക്ക കൊണ്ട് സാവധാനം നോമ്പ് തുറക്കലും പരസ്പരം എതിരായി വന്നാല്‍ വെള്ളം കൊണ്ട് തുറക്കലിനെയാണ് മുന്തിക്കേണ്ടതെന്ന് ഇബ്‌നുഹജര്‍(റ) വ്യക്തമാക്കിയിട്ടുണ്ട്. നോമ്പ് തുറന്ന ഉടനെ ദുആക്ക് ഉത്തരം ലഭിക്കുന്ന സമയമാണ്. اللهم لك صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ എന്ന ദിക്ര്‍ നോമ്പ് തുറയുടെ ഉടനെ ചൊല്ലല്‍ സുന്നത്തുണ്ട്. വെള്ളം കൊണ്ടാണെങ്കില്‍ ذهب الظُّمَأُ وَابْتَلْتِ العُرُوق وَثَبَتَ الْأَجْرُ إِنْ شَاءَ اللهُ എന്ന് വര്‍ധിപ്പിക്കലും സുന്നത്തുണ്ട്.
3.ജനാബത്തുകാരന്‍ ഫജ്റിന് മുമ്പ് കുളിക്കല്‍.
നോമ്പെടുക്കുന്ന വ്യക്തി ജനാബത്ത് കുളി നിര്‍ബന്ധമായവനാണെങ്കില്‍ ഫജ്റിന് (സുബ്ഹ്) മുമ്പായി കുളിക്കല്‍ സുന്നത്താണ്.
ദാന ധര്‍മ്മങ്ങള്‍,ഖുര്‍ആന്‍ പാരായണം,ഇഅ്തികാഫ്, മറ്റ് ആരാധനാ കര്‍മ്മങ്ങള്‍ വര്‍ധിപ്പിക്കല്‍,തന്റെ ആശ്രിതര്‍ക്ക് ഭക്ഷണത്തിലും മറ്റും വിശാലത കാണിക്കല്‍,ബന്ധുക്കളോടും അയല്‍വാസികളോടും നന്മയില്‍ വര്‍ത്തിക്കല്‍ എന്നിവ വിശുദ്ധ റമദാനില്‍ (പ്രത്യേകിച്ച് അവസാനത്തെ പത്തില്‍) ശക്തിയായ സുന്നത്താണ്. സാധിക്കുമെങ്കില്‍ നോമ്പുകാരെ നോമ്പ് തുറപ്പിക്കലും സുന്നത്തുണ്ട്.പകലില്‍ സുബഹിക്ക് ശേഷവും രാത്രിയില്‍ അത്താഴസമയത്തും ഇശാ മഗ്രിബിന് ഇടയിലുമാണ് ഖുര്‍ആന്‍ പാരായണം ഏറ്റവും ശ്രേഷ്ഠം.ഹറാം കലര്‍ന്ന ഭക്ഷണം ഒഴിവാക്കുക, പകല്‍ സമയത്ത് സുഗന്ധം ഉപയോഗിക്കാതിരിക്കുക എന്നിവയും സുന്നത്താണ്.
So wonderful 😊