| Ibrahim manjeri |
ഇസ്‌ലാമിക പ്രബോധനലക്ഷ്യം പറഞ്ഞ് കൊണ്ട് നമ്മുടെ നാടുകളില്‍ വീടുവീടാന്തരം കയറി ഇറങ്ങി പള്ളികളും കവലകളും കേന്ദ്രീകരിച്ച് പ്രബോധനം നടത്തുന്ന വിഭാഗങ്ങളാണല്ലോ തബ്‌ലീഗ് ജമാഅത്ത്. വേഷവിധാനത്തിലും നബി(സ്വ)യുടെ മറ്റുപല സുന്നത്തുകളും നമ്മുടെ നോട്ടത്തില്‍ കര്‍ക്കശമായി പിന്‍പറ്റുകയും അധിക സമയം പള്ളിയിലും നിസ്‌കാരങ്ങള്‍ക്ക് ആദ്യസ്വഫില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന ഇവര്‍ പിഴച്ചവരാണെന്ന് പറയുമ്പേള്‍ നമുക്ക് അത്ഭുതം തോന്നുന്നില്ലേ? നമുക്ക് വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടോ?
മുസ്‌ലിം സമൂഹം പലവിധത്തിലുള്ള ആശയങ്ങള്‍ വെച്ച്പുലര്‍ത്തി വിവിധ വിഭാഗങ്ങളായി നമ്മുടെ നാടുകളില്‍ ഇസ്‌ലാമിനെ പ്രബോധനം നടത്തികൊണ്ടിരിക്കുന്നു. ഇതില്‍ ഏത് വിഭാഗമാണ് സത്യം ഏത് വിഭാഗത്തില്‍ ചേര്‍ന്നാലാണ് സ്വര്‍ഗ്ഗം ലഭിക്കുക എന്ന് അന്വേഷിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് സത്യം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ കൊച്ചു കൃതി സമര്‍പ്പിക്കുന്നത്. സത്യം മനസ്സിലാക്കി സത്യത്തിന്റെ കൂടെ അടിയുറച്ച് നില്‍ക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ.
സത്യപാത
നബി (സ) പറയുന്നു: ‘ബനൂ ഇസ്രാഈല്‍ 72 വിഭാഗം ആയിട്ടുെണ്ടങ്കില്‍ എന്റെ സമുദായം 73 വിഭാഗം ആകുകയും അതില്‍ ഒരു വിഭാഗമല്ലാത്തവരെല്ലാം നരകത്തില്‍ പ്രവേശിക്കുകയും ചെയ്യും.’ സ്വഹാബത്ത് ചോദിച്ചു: ‘ഏതാണ് ഒരു വിഭാഗം? നബി(സ) പറഞ്ഞു: ‘ഞാനും എന്റെ സ്വഹാബത്തും ജീവിച്ച പ്രകാരം ജീവിക്കുന്നവരാണ്'(തുര്‍മുദി).
നബി(സ) ഒരു സദസ്സില്‍ സ്വാഹിബുകളുടെ മുമ്പില്‍ ഒരു നേര്‍രേഖ വരച്ചുകൊണ്ട് പറഞ്ഞു : ‘ഇതാണ് അല്ലാഹുവിന്റെ മാര്‍ഗ്ഗം, പിന്നീട് പ്രസ്തുത വരയുടെ ഇടത്തും വലത്തുമായി കുറേ വരകള്‍ വരച്ച ശേഷം നബി(സ) പറഞ്ഞു: ഇതെല്ലാം പലവഴികളാണ്. ഈ വഴികളിലെല്ലാം പിശാച് തന്റെ പക്ഷത്തേക്ക് ആളുകളെ ക്ഷണിക്കുകയാണ്’ (അഹ്മദ്, നസാഈ, ദാരിമി)
നബി(സ) പറഞ്ഞു: എന്റെ ശേഷം നിങ്ങളില്‍ ആരെങ്കിലും അധികരിച്ച കാലം ജീവിക്കുകയാെണങ്കില്‍ ധാരാളം ഭിന്നതകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അപ്പോള്‍ എന്റെയും ഖുലഫാഉറാഷിദീങ്ങളുടേയും ചര്യ നിങ്ങള്‍ നിര്‍ബന്ധമായി മുറുകെ പിടിക്കുകയും അവയെ അണപ്പല്ല് കൊണ്ട് കടിച്ച് പിടിക്കുകയും ചെയ്യുക(അബൂദാവൂദ്, തുര്‍മുദി).
നബി(സ)യുടെ ഉമ്മത്ത് 73 വിഭാഗം ആകുമെന്നും അതില്‍ ഒരു വിഭഗം മാത്രമേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയൊള്ളൂവെന്നും അത് നബി(സ)യും സ്വഹാബത്തും എപ്രകാരമാണോ ജീവിച്ചത് അപ്രകാരം ജീവിക്കുന്നവരാെണന്നും മേല്‍പറഞ്ഞ ഹദീസുകളില്‍ നിന്ന് നാം മനസ്സിലാക്കി. പ്രവാചകന്റെ ഈ പ്രവചനത്തെ അന്വര്‍ത്ഥമാക്കി ലോകത്ത് ഒട്ടനവധി നൂതന ചിന്താഗതിക്കാര്‍ കടന്നുവരികയും ഇസ്‌ലാമിന്റെ സത്യപാതയില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിനെ വഴി പിഴപ്പിക്കാന്‍ അവര്‍ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുകയും ഇന്നും അത് തുടര്‍ന്നുകൊണ്ടിരുക്കുകയും ചെയ്യുന്നു. മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള ബിദഈ പ്രസ്ഥാനക്കാര്‍ പിഴച്ചവരാണന്നും എന്നാല്‍ തബ്‌ലീഗ് ജമാഅത്തും സുന്നികളും എന്താണ് വ്യത്യാസമുള്ളതന്നും അവര്‍ സുന്നി ആശയങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നവരല്ലെ എന്നും ചേദിക്കുന്നവരോട് പറയാനുള്ളത് തബ്‌ലീഗ് ജമാഅത്ത് മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി പേലെയുള്ള ബിദഈ പ്രസ്ഥാനക്കാരുടെ ആശയം തന്നെയാണ് ഉള്‍ക്കൊള്ളുെന്നതന്നും അവര്‍ സുന്നത്ത് ജമാഅത്തിന് എതിരാെണന്നും അവരുടെ ഗ്രന്ഥങ്ങള്‍ പരിശേധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണെന്നുമാണ്.
എന്താണ് തബ്‌ലീഗ് ജമാഅത്ത്?
ഹിജറ 1303 ല്‍ യു.പി യിലെ കാന്ദ്‌ലയില്‍ ജനിച്ച ജനാബ് മുഹമ്മദ് ഇല്ല്യാസ് സാഹിബാണ് തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥാപകന്‍. പല വിഷയങ്ങളിലും തനി വഹാബി വീക്ഷണം വെച്ച് പുലര്‍ത്തിയുരുന്ന റഷീദ് അഹ്മദ് ഗംഗോഹിയാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരു. സ്ഥാപകന്റെ വരമൊഴികള്‍ ‘മകാതീബ്’ എന്നപേരിലും വാമൊഴികള്‍ ‘മല്‍ഫൂളാത്ത്’ എന്ന പേരിലും സമാഹരിക്കപ്പെട്ടിട്ടുണ്ട്. തബ്‌ലീഗ് സ്ഥാപകന്റെ വചനങ്ങളും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശികളുടെ പ്രസ്താവനകളുമാണ് വിമര്‍ശനത്തിനുള്ള പ്രധാന നിദാനം. തനിക്കുണ്ടായ ചില സ്വപ്‌ന ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് തബ്‌ലീഗ് ജമാഅത്തിന് തുടക്കം കുറിക്കുന്നതെന്നാണ് ഇല്ല്യാസ് സാഹിബ് പറയുന്നത്(മല്‍ഫൂളാത്ത് 51, 52).
തബ്‌ലീഗ് ജമാഅത്തിന്റെ ഗ്രന്ഥങ്ങളില്‍ നിന്ന് ബിദഈ പ്രസ്ഥാനക്കാരുടെ അതേ ആശയം തന്നേയാണ് അവര്‍ ഉള്‍ക്കൊള്ളുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അവയില്‍ നിന്നും ചിലത് മാത്രം സാധാരാണക്കാരുടെ അറിവിലേക്കായി ചുവടെ ചേര്‍ക്കുന്നു.
പ്രവാചക വിമര്‍ശനം
പ്രവാചകര്‍(സ്വ) സാധാരണ ജനങ്ങളുമായി സഹവര്‍ത്തിത്വം സ്ഥാപിക്കുന്നത് നിമിത്തം നബി(സ്വ) യില്‍ നിന്ന് കദൂറാത്തുകള്‍ ഉണ്ടാകുന്നു (മല്‍ഫൂളാത്ത് 87). അറബി ഭാഷയില്‍ സ്ഫുടത എന്നതിന്റെ വിപരീത ശബ്ദമാണ് കദൂറാത്ത്.
പ്രവാചകന്മാരില്‍ നിന്ന് ഒരുതരത്തിലുള്ള പാകപ്പിഴവുകളും ഉണ്ടാകില്ലെന്ന് ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
‘നിങ്ങളുടെ കൂട്ടുക്കാരന്‍ (പ്രവാചകന്‍) വഴിതെറ്റിയിട്ടില്ല (സത്യത്തില്‍ നിന്നും) വ്യതിചലിച്ചിട്ടുമില്ല സ്വന്തം ഇഛക്കൊത്ത് തിരുമേനി സംസാരിക്കുകയില്ല'(സൂറ:നജ്മ്: 2, 3)
സത്യത്തില്‍ പ്രവാചകന്മാര്‍ വിമര്‍ശിക്കപ്പെടേണ്ടവരല്ല അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും മാതൃകയാക്കപ്പെടുകയും ചെയ്യേണ്ടവരാണ്. അല്ലാഹു പറയുന്നു: ‘അല്ലാഹു അവരെ സന്മാര്‍ഗത്തിലാക്കിയിരുക്കുന്നു അവരുടെ മാതൃക നിങ്ങള്‍ പിന്തുടരുക'(അല്‍ അന്‍ആം: 90)
തബ്‌ലീഗ് സ്ഥാപകന്റെ പരാമര്‍ശത്തെ ന്യായീകരിക്കുന്ന നിലപാടാണ് അനുയായികള്‍ സ്വീകരിച്ച് വരുന്നത് . അന്ധമായ പക്ഷപാതിത്വമാണ് ഇതിന് അവരെ പ്രേരിപ്പിച്ചിരിക്കുന്നത്
പ്രവാചക നിന്ദ
നിസ്‌ക്കാരത്തിലെ അത്തഹിയ്യാത്തില്‍ അസ്സലാമുഅലൈക്ക അയ്യുഹനബിയ്യു എന്ന് പറയുമ്പോള്‍ സ്വന്തം കഴുതയെ അഥവാ കുതിരയെ ഓര്‍ത്താല്‍പോലും പ്രവാചകരെ ഓര്‍ക്കാന്‍ പാടില്ല(സ്വിറാഥെ മുസ്തഖീം: പേജ് :118).
തബ്‌ലീഗുകാര്‍ തങ്ങളുടെ ആദര്‍ശഗുരുവാഎന്ന്‌യി പരിചയപ്പെടുത്തുന്ന ഇസ്മാഈല്‍ ദഹ്‌ലവിയുടെ സംശുദ്ധവിശ്വാസ ഗ്രന്ഥമെന്ന് അവര്‍ തന്നെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് സ്വിറാഥെ മുസ്തഖീം
എന്നാല്‍ ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിത് എന്ന് മുസ്‌ലിം ലോകം വാഴുത്തുന്ന ഇമാം ഗസ്സാലി (റ) പറയുന്നു: ‘നീ ഹൃദയത്തില്‍ നബി (സ്വ)യെ അവിടത്തെ വശുദ്ധ വ്യക്തിത്വത്തോടപ്പം ഹാജറാക്കി അസ്സലാമുഅലൈക്ക അയ്യുഹനബിയ്യു വറഹ്മുത്തല്ലാഹി വബറകാത്തുഹു എന്ന് പറയുക. തന്റെ സലാം അവിടെ എത്തുമെന്നും അതിലേറെ പൂര്‍ണമായ രൂപത്തില്‍ മടക്കുമെന്നും നീ മനസ്സില്‍ ഉറപ്പിക്കുക'(ഇഹ്‌യ 1/169).
അദൃശ്യ ജ്ഞാനം
പ്രവാചകന്മാര്‍ക്ക് അദൃശ്യകാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന വിശ്വാസം വ്യക്തമായ ശിര്‍ക്കാകുന്നുവെന്ന്(രിസാല പേജ് 69, ഫത്താവ റശീദിയ്യ 1:96)മുതലായവയില്‍ ആരോപിചിട്ടുണ്ട്.
പ്രവാചകന്മാര്‍ക്ക് അല്ലാഹു അദൃശ്യകാര്യങ്ങള്‍ അറിയിച്ചുകൊടുക്കുമെന്ന് ഖുര്‍ആന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്.
അല്ലാഹു പറയുന്നു : ‘നിങ്ങളില്‍ ഓരോരുത്തര്‍ക്കും അല്ലാഹു അദൃശ്യകാര്യങ്ങള്‍ അറിയിച്ചുതരുകയില്ല. എങ്കിലും അല്ലാഹു അവന്‍ ഉദ്ദേശിച്ചവരെ പ്രവാചകന്മാരില്‍ നിന്ന് (അദൃശ്യ ജ്ഞാനം നല്‍കാന്‍ ) അവന്‍ തിരഞ്ഞടുക്കും (ആലുഇംറാന്‍ 179). ഖുര്‍ആനിലെ യൂസുഫ് 86, ആലുഇംറാന്‍ 44, ജിന്ന് 26 വാക്യങ്ങളും മഹാന്മാര്‍ക്ക് അല്ലാഹു മറഞ്ഞകാര്യങ്ങള്‍ അറിയിച്ചുകൊടുക്കുമെന്നതിനുള്ള വ്യക്തമായ തെളിവുകളാകുന്നു. അല്ലാഹു അവന്റെ ഇഷ്ടദാസന്മാര്‍ക്ക് അദൃശ്യ ജ്ഞാനം അറിയുച്ചു കൊടുക്കുമെന്നത് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയ അടിസ്ഥാനത്തില്‍ നാം എന്തിന് അവയെ എതിര്‍ക്കണം.
ഇസ്തിഗാസക്കെതിര്
യാറസൂലല്ലാഹ് എന്നു വിളിക്കുന്നത് തനിച്ച കുഫ്‌റാണന്ന് ഫത്താവാ റശീദിയ്യയിലും മഹാന്മാരേട് സഹായം തേടല്‍ ശിര്‍ക്കാണന്ന് രിസാല പേജ് 25ലും പറഞ്ഞിട്ടുണ്ട്.
ഖബറാളിയോട് നിങ്ങളന്റെ കാര്യം സാധിപ്പിച്ച് തരണമെന്ന് പറയുന്നതില്‍ (ഇസ്തിഗാസ നടത്തുന്നത്) ഖബറിന്നരികിലായാലും ദൂരെനിന്നായാലും ശിര്‍ക്കാണ്.(റശീദ് അഹ്മദ്, ഫത്താവാ റശീദിയ്യ: 123)
ഇസ്തിഗാസ എന്ന പദത്തിന്റെ അര്‍ത്ഥം സഹായം തേടുകയെന്നാണ്. അല്ലാഹുവിനോടല്ലാതെ സൃഷ്ടികളോട് സഹായം തേടാന്‍ പാടില്ലെന്ന പുത്തന്‍ പ്രസ്താനക്കാരുടെ ചിന്താഗതിയും അത് സംബന്ധിച്ച സംവാദങ്ങളും നമുക്കറിയാവുന്നതാണ് സൂറ: ഫാത്തിഹയിലെ ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായംതേടുകയും ചെയ്യുന്നു’ എന്ന ആയത്തോദി സാധാരണക്കാരെ തെറ്റിധരിപ്പികുകയാണ് ബിദഈ കക്ഷികള്‍ ചെയ്യുന്നത്.
സൃഷ്ടികള്‍ പരസ്പരമുള്ള സഹായാഭ്യര്‍ത്ഥനകള്‍ നാലുതരത്തില്‍ നമുക്ക് കണാവുന്നതാണ്.
1. മരിച്ചവര്‍ മരിച്ചവരോട് സഹായം തേടുക
ആദം (അ) മുതല്‍ക്കുള്ള പ്രവാചകന്മാരെ സമീപിച്ച് ജനങ്ങള്‍ മഹ്ശറയില്‍വെച്ച് സഹായംതേടുമെന്ന് പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്
2. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരോട് സഹായം തേടുക.
സദ്‌വൃത്തരായ അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ മരണാനന്തരം തങ്ങളുടെ ജനാസ കൊണ്ട്‌പോകുന്നവരോട് വേഗത്തില്‍ കൊണ്ടുപോകാന്‍ ആവിശ്യപ്പെടുമെന്ന ഹദീസുകളും പ്രബലമാണ്.
3. ജീവിച്ചിരിക്കുന്നര്‍ തങ്ങളെപോലെ ജീവിച്ചിരിക്കുന്നവരോട് സഹായംതേടുക.
നാം തന്നെ എത്ര ആളുകളോട് ദിവസവും സഹായം തേടുന്നു!.
4. ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരോട് സഹായംതേടുക
സ്വഹാബികള്‍ നബി (സ)യുടെ വഫാത്തിന് ശേഷം മഴക്ഷാമം ഉണ്ടായപ്പോള്‍ പ്രവാചകരോട് സഹായം തേടിയ സംഭവം വളരെ പ്രസിദ്ധമാണ്.
ഉമര്‍ (റ)വിന്റെ ഭരണക്കാലത്ത് മദീനയില്‍ വരള്‍ച്ച ഉണ്ടായപ്പോള്‍ ഒരു മനുഷ്യന്‍ നബി(സ)യുടെ ഖബറിന് സമീപം വന്ന് അല്ലാഹുവിന്റെ റസൂലെ അങ്ങയുടെ ഉമ്മത്തിന് വേണ്ടി മഴ ചോദിക്കേണ അവര്‍ നാഷത്തിലായിരിക്കുന്നു എന്ന് സഹായം അഭ്യര്‍ത്തിച്ചു (ഫത്ത്ഹുല്‍ ബാരി 2495).
അല്ലാഹുവല്ലാത്തവരില്‍ ദിവ്യത്വം ആരോപിച്ച് കൊണ്ട് അവരെ വിളിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും മാത്രമല്ല, ഏത് തരത്തിലുള്ള ഭക്ത്യാദരുവകളും കടുത്ത ശിര്‍ക്കാകുന്നുവെന്ന് വിശ്വസിക്കുന്നവരാണ് സുന്നികള്‍. എന്നാല്‍, മുശ്‌രിക്കുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ സത്യവിശ്വാസികളുടെമേല്‍ ചുമുത്തുകയും മുഅ്മിനുകളെ മുശ്‌രിക്കുകളായി ചിത്രീകരിക്കുകയുമാണ് ബിദഈ കക്ഷികള്‍ ചെയ്യുന്നത്. പടപ്പുകളോട് ആവശ്യങ്ങള്‍ അപേഷിക്കല്‍ അല്ലാഹുവിന്റെസ്ഥാനം പടപ്പുകള്‍ക്ക് വകവെച്ചുകൊടുക്കലാണന്ന മൂഢവിശ്വാസമാണ് തബ്‌ലീഗുക്കാര്‍ക്കുള്ളത്.
ശഫാഅത്തിനെതിര്
പ്രവാചകരില്‍ നിന്നോ മറ്റോ ശഫാഅത്തിനെ പ്രതീക്ഷിക്കുന്നത് കഠിനമായ അജ്ഞതയും ശിര്‍ക്കുമാണ് (രിസാല പേജ് : 79)്.
മഹാനായ റസൂല്‍(സ) അന്ത്യനാളില്‍ നമുക്ക് വേണ്ടി ശഫാഅത്ത്‌ചെയ്യുമെന്നും അതിലൂടെ രക്ഷപ്പെടുമെന്നും നാം വിശ്വസിക്കുന്നു.
സത്യത്തില്‍ ശഫാഅത്ത് സംബന്ധിച്ചുള്ള ഹദീസുകള്‍ (മുതവാത്തിര്‍) എല്ലാവരും അംഗീകരിക്കപ്പെട്ടതാണെന്നാണ് യഥാര്‍ഥ്യം. അതുകൊണ്ട് തന്നെ ശഫാഅത്ത് വിമര്‍ശനം ഗൗരവമുള്ളകാര്യമാകുന്നു.
എന്താണ് ബിദ്അത്ത് ?
അല്ലാഹുവിന്റെ ദീനില്‍ പുതുതായി ഉണ്ടാക്കുന്നതിനെ കുറിച്ച് നബി(സ) സഗൗരവം ഉണര്‍ത്തിയുട്ടുണ്ട്. നബി(സ) പറയുന്നു: ‘നമ്മുടെ ഈ ദീന്‍ പെടാത്തത് ആെരങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്’.
എന്നാല്‍ ഇസ്‌ലാമിക അടിസ്ഥാനത്തിന്റെ പിന്‍ബലത്തിലുള്ള പുതിയ കാര്യങ്ങള്‍ നബി (സ) പ്രോത്സാഹിപ്പിക്കുകയും സ്വഹാബത്ത് പ്രാവര്‍ത്തികമാക്കുകയും ചെയിതിട്ടുണ്ട്. ഇത്തരം കാര്യങ്ങളെ ഇമാമുമാര്‍ ബിദഅഃഹസനഃ എന്നാണ് പരിചയപെടുത്തിയത്.
നബി(സ) പറയുന്നു: ‘ഇസ്‌ലാമില്‍ ആെരങ്കിലും ഒരു നല്ലകാര്യം നടപ്പില്‍ വരുത്തിയാല്‍ അയാള്‍ക്ക് അതിന്റെ പ്രതിഫലവും തുടര്‍ന്ന് അപ്രകാരം പ്രവര്‍ത്തിച്ചവരുടെ പ്രതിഫലവുമുണ്ട്'(മുസ്‌ലിം). ഈ ഹദീസ് വിശദീകരിച്ച് ഇമാമുമാര്‍ പറയുന്നു: ‘ദീനിന്റെ അടിസ്ഥാന നിയമങ്ങളുടെ (ഖുര്‍ആന്‍, ഹദീസ്, ഖിയാസ്, ഇജ്മാഅ്) പിന്‍ബലമുള്ള കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കിയാല്‍ അത് അംഗീകരിക്കുകയും പ്രാവര്‍ത്തികമാക്കാവുന്നതുമാണ്’. നബി(സ) അംഗീകാരം നല്‍കിയ ഈ ബിദ്അഃഹസനഃ സ്വഹാബത്തും താബിഇകളും പ്രാവര്‍ത്തികമാക്കിയതിന് നിരവധി തെളിവുകള്‍ ഉണ്ട്. അബൂബക്കര്‍ (റ)ന്റെ കാലത്തെ ഖുര്‍ആന്‍ ക്രോഡീകരണം, ഉമര്‍(റ)ന്റെ കാലത്തെ തറാവീഹ് ജമാഅത്തായി നിസ്‌ക്കരിക്കല്‍, ഉസ്മാന്‍(റ) സ്ഥാപിച്ച ജുമഅയുടെ രണ്ടാം ബാങ്ക്, ഉമര്‍ ബ്‌നു അബ്ദുല്‍ അസീസ് (റ)ന്റെ കാലത്തെ ഹദീസ് ക്രോഡീകരണം എന്നിവ അവയില്‍ ചിലതാണ്.
ദീനിന്റെ അടിസ്ഥാന നിയമങ്ങളുടെ പിന്‍ഭലമുള്ള കാര്യങ്ങള്‍ നമ്മുടെ ഇമാമുമാര്‍ നമുക്ക് കാണിച്ചുതന്ന പല ആചാരവും ഹറാമും ശിര്‍ക്കും കുഫ്‌റുമായി ചിത്രീകരിക്കുന്ന മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി മുതലായ കക്ഷികളുടെ അതേ അവസ്ഥയാണ് തബ്‌ലീഗ് ജമാഅത്തിനും ഉള്ളതെന്ന് അവരുടെ ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു.
തബലീഗിന്റെ സ്ഥാപനമായ അല്‍ ജാമിഅത്തുല്‍ കൗസരിയ്യ പ്രസിദ്ധീകരിച്ചതും കാഞ്ഞാര്‍ മൂസ മൗലവി അവതാരിക എഴുതിയതുമായ മആരിഫുല്‍ ഖുര്‍ആന്‍ പരിഭാഷയില്‍ പൂര്‍വ്വീകരും സച്ചിതരുമായ സ്വഹാബത്തുകളടക്കമുള്ള മഹത്തുകള്‍ പകര്‍ന്ന് നല്‍കിയ അഹ്‌ലുസുന്നത്തിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ നൂതന ആശയങ്ങളാണ് അടിച്ച്‌നിരത്തി ഇന്നും വിതരണം ചെയ്ത് കൊണ്ടിരിക്കുന്നത്. ഉദാഹരണം കാണുക:
‘യേശു കൃസ്തുവിന്റെ ജന്മദിനത്തെ ക്രൈസ്തവര്‍ അവരുടെ പെരുന്നാള്‍ ദിനമായി കൊണ്ടാടി, അതിനെ മാതൃകയാക്കി നബി(സ)യുടെ ജന്മദിനം നബിദിനം എന്നപേരില്‍ ചിലര്‍ ഒരു ആഘോഷമാക്കി’.(മആരിഫ് സൂ:മാഇദ 03)
‘ഹലാലിലും ഹറാമിലും വസ്തുക്കളെ പങ്ക്‌ചേര്‍ക്കല്‍ ശിര്‍ക്കാകുന്നത് പോെലത്തന്നെ മറ്റാരുടെയും നാമത്തില്‍ നേര്‍ച്ച നേരുന്നതും ശിര്‍ക്കില്‍ പെട്ടതാണ്’ (മആരിഫ് സൂ: 17).
‘മിഠായി പലഹാരങ്ങള്‍ മുതലായവ ഹിന്ദുക്കള്‍ വിഗ്രഹങ്ങള്‍ക്ക് വേണ്ടിയും വിവരമില്ലാത്ത ചില മുസ്‌ലിമീങ്ങള്‍ മഹാത്മാകളുടെ മഖ്ബറയിലേക്കും കാണിക്കയായി നല്‍കാറുണ്ട്’ (മആരിഫ് സൂ; അല്‍ബഖറ 172,173).
ഇനിയും സംശയമോ?
മലായളക്കരയിലെ മുസ്‌ലിം മഹാഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമക്ക് നേതൃത്വം നല്‍കിയ പണ്ഡിത മഹത്തുക്കളുടെ ജീവിതവും അവരുടെ മരണവും നാം പഠിക്കുകയാണങ്കില്‍ സത്യപാത ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നതാണ്. അഹ്‌ലുസുന്നത്തിന്റെ ആളുകള്‍ അനുഷ്ടിക്കുന്ന എല്ലാ ആചാരവും ശരിയാണന്ന് തെളീക്കുന്ന തരത്തിലായിരുന്നു നമ്മെ ഇതെല്ലാം പഠിപ്പിക്കുകയും സ്വന്തം ജീവതത്തില്‍ പകര്‍ത്തുകയും ചെയ്ത മുന്‍ഗാമികളായ ഉസ്താദുമാര്‍ ഈ ലോകത്തോട് വിടപറഞ്ഞത്.
നബി(സ) പറഞ്ഞു: ‘ആരുടെയെങ്കിലും അവസാന വാക്ക് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നാണങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു’. സമസ്തക്ക് നേതൃത്വം നല്‍കിയ ശംസുല്‍ ഉലമാ(നഃമ), കണ്ണിയത്ത് ഉസ്താദ്(നഃമ) കെ ടി മാനു ഉസ്താദ്(നഃമ) സി എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ (നഃമ) പോലെയുള്ള എല്ലാമഹത്തുകളും ഈ ലോകത്തോട് വിടപറഞ്ഞത് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമത്തുതൗഹീദ് ഉച്ചരിച്ച്‌കൊണ്ടാണന്ന നഗ്ന സത്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
സുന്നികള്‍ അനുഷ്ടിക്കുന്ന ആചാരങ്ങള്‍ ശിര്‍ക്കും കുഫ്‌റുമാണങ്കില്‍ അവര്‍ക്കെങ്ങനെ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലിമരിക്കാനാകുമെന്ന് ബിദഈ കക്ഷികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്
വന്‍ ദോഷത്തേക്കാള്‍ അപകടമാണ് ബിദഅത്തെന്ന് പണ്ഡിതന്മാര്‍ നമ്മെ പഠിപ്പിക്കുന്നു. കാരണം ഒരാള്‍ വന്‍ദോഷം ചെയിതാല്‍ അവന് അതില്‍ നിന്നും തൗബ ചെയ്ത് മടങ്ങാന്‍സാധിക്കുന്നതാണ്. എന്നാല്‍ ബിദഅത്തുകാര്‍ അവര്‍ പ്രവര്‍ത്തിക്കുന്നതാണ് ശരി എന്ന ഭാവത്തില്‍ നില്‍ക്കുകയാണ് ചെയ്യുന്നത്.
നബി(സ) പറഞ്ഞു: ‘ഒരാള്‍ തന്റെ ബിദഅത്ത് ഉപേക്ഷിക്കുന്നത് വരെ അല്ലാഹു അവനില്‍ നിന്നും പശ്ചാതാപത്തെ മറച്ചുവെച്ചിരിക്കുന്നു'(ഇബുനു മാജ)
നബി(സ) പറഞ്ഞു: ‘ബിദഅത്ത്ക്കാരനെ ആദരിച്ചവന്‍ ഇസ്‌ലാമിനെ പൊളിക്കാന്‍ സഹായിച്ചിരിക്കുന്നു’. (ത്വബ്‌റാനി)
നബി (സ) പറഞ്ഞു: ‘ബിദ്അത്തുകാരനില്‍ നിന്നും നോമ്പോ നിസ്‌ക്കാരമോ ഹജ്ജോ ഉംറയോ ഫര്‍ളോ സുന്നത്തോ യാതൊന്നും അല്ലാഹു സ്വീകരിക്കുകയില്ല’ (ഇബ്‌നു മാജ)
നബി (സ) പറഞ്ഞു: ‘ബിദ്അത്തിന്റെ ആളുകള്‍ സൃഷ്ടികളില്‍ഏറ്റവും നികൃഷ്ടരാണ്’. (അബൂ നഈം )
നബി (സ) പറഞ്ഞു:’ബിദ്അത്തിലായി ധാരാളം സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഏറ്റവും നല്ലത് സുന്നത്തിലായുള്ള കുറഞ്ഞ പ്രവര്‍ത്തനമാണ്’. ( റാഫിഈ)
നബി (സ) പറഞ്ഞു:’ബിദ്അത്തുകാരന്‍ മരിച്ചാല്‍ ഇസ്‌ലാമില്‍ ഒരു വിജയംനടന്നിരിക്കുന്നു’. (ദൈലമി)
ആകര്‍ഷണീയ രൂപത്തിലുള്ള വേഷവിദാനങ്ങള്‍ കണ്ട് തബ്‌ലീഗ് ജമാഅത്തിന്റെ ക്ലാസുകളില്‍ പങ്കെടുക്കുകയും അവരില്‍ ഒരു തെറ്റും കണ്ടില്ലെന്ന് പറയുന്ന സാധാരണക്കാരോട് ഓര്‍മ്മപ്പെടുത്താനുള്ളത്, തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥാപകരെ കുറിച്ചും അവരുടെ ഗ്രന്ഥങ്ങളെ കുറിച്ചും പഠിക്കുകയാണെങ്കില്‍ അവര്‍ പിഴച്ചവരെല്ലെന്ന് പറയാന്‍ സാധിക്കുകയില്ലെന്നാണ്. നബി (സ) യുടെ സമുദായം 73 വിഭാഗം ആവുകയും അതില്‍ ഒരു വിഭാഗം മാത്രമെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയെള്ളൂ എന്ന ഹദീസ് നാം മറക്കാതിരിക്കുക. വിമര്‍ശന ബുദ്ധി ഉപേക്ഷിച്ച് സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ക്യതി ഒരു വഴി കാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.