അബ്ദുല്ല(റ)യാണ് നബി(സ)യുടെ പിതാവ്. മക്കയിലെ വിശ്വപ്രസിദ്ധമായ ഖുറൈശ് ഗോത്രത്തിലെ ബനൂഹാശിം വംശത്തിൽ അബ്ദുൽ മുത്തലിബ് – ഫാത്വിമ ബിൻത് അംറ് ദമ്പതികളുടെ പത്താമത്തെ മകനായാണ് അബ്ദുല്ല(റ)യുടെ ജനനം.അബൂ അഹ്മദ്, അബൂ മുഹമ്മദ്, അബൂ ഖസം എന്നീ ഓമനപ്പേരുകളിൽ അബ്ദുല്ല അറിയപ്പെടുന്നു. ‘ദബീഹ്’ എന്നായിരുന്നു സ്ഥാനപ്പേര്.
അബ്ദുല്ല(റ)യുടെ പിതാവായ അബ്ദുൽ മുത്തലിബി(റ)നെ മക്കളില്ലാത്ത കാരണത്താൽ അദിയ്യുബ്നു നൗഫൽ എന്ന വ്യക്തി ആക്ഷേപിച്ചപ്പോൾ “എനിക്ക് 10 മക്കളുണ്ടായാൽ അതിലൊരാളെ ഞാൻ പരിശുദ്ധ കഅ്ബ ശരീഫിന്റെ അടുക്കൽ വച്ച് ബലിയറുക്കുമെന്ന് അദ്ദേഹം സത്യം ചെയ്തു. പത്താമനായി അബ്ദുല്ല ജനിച്ചപ്പോൾ സത്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആരെയറുക്കണമെന്ന് അറിയാൻ അബ്ദുൽ മുത്തലിബ് നറുക്കിടാൻ തീരുമാനിച്ചു.അന്ന് ഇളയപുത്രനായ അബ്ദുല്ല എന്നവർക്ക് തന്നെയാണ് നറുക്ക് വീണത്. അബ്ദുൽ മുത്തലിബ്(റ)മകനെ അറുക്കാൻ വേണ്ടി കിടത്തിയെങ്കിലും ജനങ്ങൾ മുഴുവൻ എതിർത്തതിനാൽ സാധിക്കാതെ വന്നു. പിന്നീട് തന്റെ മറ്റു മക്കളും ഖുറൈശി പ്രമുഖരും ഒന്നടങ്കം നിർദ്ദേശിച്ചതനുസരിച്ച് ഹിജാസിലെ പ്രസിദ്ധയായ ഒരു ജോത്സ്യയെ കാണാനും അവൾ എന്തഭിപ്രായപ്പെട്ടാലും അത് സ്വീകരിക്കാനും തീരുമാനിച്ചു. 100 ഒട്ടകം അറുക്കാനായിരുന്നു വിധി. തുടർന്ന് അത്പ്രകാരം അറുത്ത് അബ്ദുൽ മുത്തലിബ് മകന് പകരം ദാനം ചെയ്തു.ഇതിനാൽ നബി(സ്വ)തങ്ങൾ ‘ഇബ്നുദ്ദബീഹൈൻ'(രണ്ട് ബലിപുത്രരുടെ മകൻ) എന്ന് വിളിക്കപ്പെട്ടിട്ടുണ്ട്,ഒന്ന് പ്രപിതാമഹൻ ഇസ്മാഈൽ നബി(അ)യാണ്.അബ്‌ദുല്ലാഹ്(റ)വിന് നബിതങ്ങൾ അല്ലാതെ ആണായോ പെണ്ണായോ മറ്റു മക്കളുണ്ടായിട്ടില്ല.
അബ്ദുല്ല വളർന്നു വലുതായി, 18-ാം വയസ്സിൽ (24 എന്നും അഭിപ്രായമുണ്ട്) ബീവി ആമിനയുമായി മക്കയിലെ ദാറുന്നദ് വയിൽ വെച്ച് വിവാഹിതനായി. ആമിന ബീവി രണ്ട് മാസം ഗർഭിണിയായപ്പോൾ അബ്ദുല്ല ശാമിലെ ഗസ്സയിലേക്ക് കച്ചവടാവശ്യാർത്ഥം യാത്ര പോയി.മദീനയിലെത്തിയപ്പോൾ രോഗബാധിതനായി. മദീനയിലുള്ള അമ്മാവന്മാരുടെ പരിചരണത്തിൽ ഒരു മാസത്തോളം രോഗ ശയ്യയിൽ കിടന്ന ശേഷം പത്തൊമ്പതാം വയസ്സിൽ(25എന്നും അഭിപ്രായം) അബ്ദുല്ല(റ)വഫാത്താവുകയായിരുന്നു. മദീനയിൽ അമ്മാവന്മാരുടെ ഉടമസ്ഥതയിലുള്ള ദാറുന്നാബിഗയിൽ ഖബറടക്കി.അഞ്ച് ഒട്ടകങ്ങൾ,കുറച്ച് ആട്ടിൻപറ്റം, ബറകയെന്ന് പേരുള്ള(പിന്നീട് നബി തങ്ങളുടെ പോറ്റുമ്മയായ മഹതി ഉമ്മു അയ്മൻ(റ) അബ്സീനിയക്കാരിയായ അടിമസ്ത്രീ ഇത്രയുമായിരുന്നു നബി(സ്വ)തങ്ങൾക്ക് പിതാവിൽ നിന്ന് അനന്തരമായി ലഭിച്ചത്.
ആമിന ബീവി(റ)
നബി(സ്വ) തങ്ങളുടെ മാതാവായ ആമിനാബീവി ഖുറൈശ് ഗോത്രത്തിലെ ബനൂ സഹ്റ വംശത്തിൽ വഹ്ബ് ബിൻ അബ്ദുമനാഫ് – ബർറ ബിൻത് അബ്ദിൽ ഉസ്സ ദമ്പതികളുടെ മകളായാണ് ജനിച്ചത്. നബി(സ്വ)തങ്ങളുടെ അഞ്ചാമത്തെ പിതാമഹനായ കിലാബ് എന്നവരിലാണ് തങ്ങളുടെ പിതാവിന്റെയും മാതാവിന്റെയും പരമ്പര ചെന്ന് ചേരുന്നത്. പിതാവ് വഹ്ബ് നേരത്തെ മരണപ്പെട്ടതിനാൽ പിതൃവ്യൻ വുഹൈബിന്റെ സംരക്ഷണത്തിലായിരുന്നു ആമിനാബീവി(റ) വളർന്നത്.
അബ്ദുല്ലയുമായി വിവാഹിതയായി. ഒരു വർഷത്തോളം മാത്രമായിരുന്നു ആ ബന്ധം നിലനിന്നിരുന്നത്.നുബുവ്വത്തിന്റെ വശ്യപ്രകാശം ആമിന ബീവി(റ)യിലേക്ക് കൈമാറി അധികം വൈകാതെ അബ്ദുല്ല(റ) വഫാത്തായി. ആമിന ബീവി(റ) തങ്ങളെ ഗർഭം ധരിച്ച് രണ്ടുമാസം പ്രായമായപ്പോയായിരുന്നു അത്.
ആമിനാ ബീവിക്ക് ഗർഭസമയത്ത് വേദനയോ പ്രസവ ക്ഷീണമോ അനുഭവപ്പെട്ടിരുന്നില്ല.ഗർഭം ധരിച്ചശേഷം ആമിനാ ബീവിക്ക് ദൈവിക വെളിപ്പാടുണ്ടായി: “നീ ഗർഭം ധരിച്ചിരിക്കുന്നത് ഈ സമുദായത്തിന്റെ നേതാവിനെയാണ്.അതുകൊണ്ട് പ്രസവിക്കപ്പെട്ട ഉടനെ أعيذه باالواحد من كل شر حاسد എന്ന് ചൊല്ലുകയും ‘മുഹമ്മദ്’ എന്ന് പേരിടുകയും വേണം”. ശിഫാഅ് ബിൻത് ഔഫ് എന്നവരാണ് ആമിന ബീവിയെ പ്രസവ ശുശ്രൂഷ നടത്തിയത്.ഗർഭം ചുമന്ന ശേഷം അബ്ദുല്ല(റ)യിലുണ്ടായിരുന്ന നുബുവ്വത്തിന്റെ വശ്യപ്രകാശം ആമിന ബീവിയിലേക്ക് നീങ്ങി.ആമിനാബീവിക്കും നബി(സ്വ)യല്ലാതെ മറ്റൊരു കുട്ടി ഉണ്ടായിരുന്നില്ല.തങ്ങളുടെ ജനനസമയത്തും തുടർന്ന് അല്പം ദിവസങ്ങളും ആമിന ബീവിയാണ് തങ്ങൾക്ക് മുല കൊടുത്തത്.ശേഷം തങ്ങളുടെ പിതൃവ്യൻ അബുലഹബിന്റെ അടിമയായ സുവൈബത്തുൽ അസ്ലമിയ്യയാണ് മുലയൂട്ടിയത്.
നബിതിരുമേനിയുടെ ആറാം വയസ്സിൽ പിതാവിന്റെ ഖബ്ർ സന്ദർശിക്കാൻ ആമിന ബീവി നബി(സ്വ)യോടും ഭൃത്യ ഉമ്മു ഐമനോടുമൊപ്പം മദീനയിലെത്തി. ഒരാഴ്ച്ച അവിടെ തങ്ങിയതിനു ശേഷം മടങ്ങിവരുമ്പോൾ അബവാഅ് എന്ന മരുഭൂപ്രദേശത്ത് വെച്ച് ആമിന ബീവി വഫാത്തായി. അന്ന് മഹതിക്ക് 20 വയസ്സായിരുന്നു പ്രായം. ഉമ്മു അയ്മനാണ് പിന്നീട് തങ്ങളെ മക്കയിലേക്ക് തിരികെ കൊണ്ടുവന്നത്.