+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ആൾക്കൂട്ട കൊലപാതകങ്ങൾ

ആൾക്കൂട്ട ഫാസിസം; പിൻബലമേകുന്ന പ്രത്യയശാസ്ത്ര പ്രചരണങ്ങൾ

മൂന്നാം വട്ടവും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിലെത്തിയത് മുതൽ രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജൂൺ നാലിന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ പത്തിലേറെ ആൾക്കൂട്ട കൊലപാതകങ്ങളും നിരവധി ആക്രമങ്ങളുമാണ് ഇന്ത്യ രാജ്യത്ത് അരങ്ങേറിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി രാജ്യത്ത് അതിഭീകരമാവിധം വളർന്നുകൊണ്ടിരിക്കുന്നതും ഈ തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി തന്നെ നേതൃത്വം നൽകുകയും ചെയ്ത കടുത്ത മുസ്ലിം – ന്യൂനപക്ഷ വിരുദ്ധ വിദ്വേശ പ്രചരണങ്ങളുടെ അനുരണനമാണ് ഇത്തരം ആൾക്കൂട്ടകൊലപാതകങ്ങൾ. സംഘപരിവാർ വിഭാവനം ചെയ്യുന്ന വർഗീയ ഫാസിസ്റ്റ് ആശയങ്ങളാണ് വിദ്വേശ പ്രചരണങ്ങൾക്ക് പിൻബലമേകുന്നതെന്ന് അവരുടെ പ്രത്യയശാസ്ത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും.

ആർത്തലക്കുന്ന ആൾക്കൂട്ടം

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നു മൂന്നാം ദിവസം ജൂൺ ഏഴിനാണ് രാജ്യത്തെ നടുക്കിയ ആദ്യത്തെ ആൾക്കൂട്ട കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂരിൽ ഉത്തർപ്രദേശ് സ്വദേശികളായ ​ഗുഡ്ഡു ഖാൻ,സദ്ദാം ഖുറേഷി,ചാന്ദ് മിയാ ഖാൻ എന്നീ മൂന്ന് മുസ്ലിം യുവാക്കളാണ് ആൾക്കൂട്ട ആക്രമത്തിനിരയായി കൊല്ലപ്പെട്ടത്. പശുക്കടത്ത് ആരോപിച്ചായിരുന്നു ജനക്കൂട്ടം ഇവരെ ദാരുണമായി തല്ലിക്കൊന്നത്.ജൂൺ 18ന് ഉത്തർപ്രദേശിലെ അലിഗഡിൽ അടുത്ത കൊലപാതകം.35 കാരനായ ഫരീദിനെ മോഷണക്കുറ്റം ആരോപിച്ച് ഹിന്ദുത്വവാദികൾ ഇരുമ്പ് വടികളുപയോഗിച്ച് മർദിച്ചും റോഡിലൂടെ വലിച്ചിഴച്ചും കൊലപ്പെടുത്തി. പിന്നാലെ ജൂൺ 23ന് ഗുജറാത്തിലെ ചിക്രോദയിൽ നിന്ന് അടുത്ത ആൾക്കൂട്ട കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെട്ടു.അർദ്ധരാത്രിയിൽ ക്രിക്കറ്റ് കാണാൻ വന്ന ആൾക്കൂട്ടത്തിനു മുന്നിൽ വച്ച് സൽമാൻ വോഹ്‌റ(23) എന്ന ചെറുപ്പക്കാരൻ അതിക്രൂരമായി കൊലചെയ്യപ്പെട്ടു.നാലഞ്ച് പേർ ചേർന്ന് ബാറ്റും കത്തിയും ഉപയോഗിച്ച് സൽമാനെ ആക്രമിക്കുമ്പോൾ 40 ഓളം വരുന്ന ആൾക്കൂട്ടം ജയ് ശ്രീറാം എന്ന് ആർത്തുവിളിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു! തൊട്ടുടനെ ജൂൺ 24ന് ഛത്തീസ്ഗഡിൽ ഹിന്ദുമതത്തിൽ നിന്ന് മതം മാറി ക്രിസ്ത്യാനിയായ ബിന്ദു സ്വാധി എന്ന യുവതിയും ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു.കൊലയാളികളിൽ സ്വാധിയുടെ സ്വന്തം കുടുംബക്കാരും ഉണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിലെ കൊൽക്കത്തയിൽ ആയിരുന്നു അടുത്ത കൊലപാതകം. ജൂലൈ 28ന് മൊബൈൽ മോഷണം ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. രണ്ടുദിവസത്തിനുശേഷം ജൂൺ 30ന് ജാർഖണ്ഡിൽ മൗലാനാ ശിഹാബുദ്ദീൻ എന്ന പള്ളി ഇമാമും ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായി കൊല്ലചെയ്യപ്പെട്ടു. ഇമാം സഞ്ചരിച്ച ബൈക്ക് അബദ്ധത്തിൽ അനിത ദേവി എന്ന യുവതിയെ ഇടച്ചതിനെ തുടർന്ന് ഒരു കൂട്ടമാളുകൾ അക്രമാസക്തരായി ഇമാമിനെ ആക്രമിക്കുകയായിരുന്നു. മൗലാനയെ തല്ലരുതെന്ന് പരിക്കേറ്റ യുവതി കരഞ്ഞു പറഞ്ഞിട്ടും അമ്പത് കഴിഞ്ഞ ആ പണ്ഡിതനെ ജീവൻ പോകുവോളം തല്ലിച്ചതക്കുന്നത് വിദ്വേഷം തലക്ക് പിടിച്ച വർഗീയ കോമരങ്ങൾ നിർത്തിയില്ല. ജൂലൈ 4 ന് യുപിയിലെ ജലാബാദിൽ മോഷണക്കുറ്റം ആരോപിച്ച് ഫിറോസ് ഖുറേഷി എന്ന മുസ്ലിം ചെറുപ്പക്കാരനും ആൾക്കൂട്ടത്തിനിരയായി കൊല്ലപ്പെട്ടു.സംഭവത്തിൽ ആൾക്കൂട്ട കൊലപാതകം സംബന്ധിച്ച വകുപ്പ് ഒഴിവാക്കിയ യുപി പോലീസ് മനഃപൂർവമല്ലാത്ത നരഹത്യ പ്രകാരമാണ് കേസെടുത്തത്. ജൂലൈ 8ന് ബംഗാളിലെ പർഗനാസ് ജില്ലയിൽ അസ്ഗർ മൊല്ല എന്ന അമ്പതുകാരനെ മരത്തിൽ കെട്ടിയിട്ട് ആൾക്കൂട്ടം തല്ലികൊലപ്പെടുത്തി. പിറ്റേദിവസം റാഞ്ചിയിൽ ആടിനെ മോഷ്ടിച്ചുവെന്നാരോപിച്ച് അക്തർ അൻസാരി എന്ന മുസ്ലിം യുവാവിനെയും ആൾക്കൂട്ടം കൊലപ്പെടുത്തി. അക്തറിന്റെ പേര് ചോദിച്ചായിരുന്നു അക്രമികൾ മർദ്ദനം തുടങ്ങിയതെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുകയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ആൾക്കൂട്ട അക്രമത്തിനിരയായി ജീവൻ നഷ്ടമാകുന്ന പതിനൊന്നാമത്തെ ആളായിരുന്നു അക്തർ അൻസാരി.

മോദി ഇന്ത്യയിൽ മുസ്ലിം വിരുദ്ധതയുടെ പ്രധാന ആയുധവും വ്യക്തമായ അടയാളവുമാണ് 2014 മുതൽ രാജ്യത്ത് തുടർച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ. ഗോവധം ആരോപിച്ചും ജയശ്രീറാം വിളിക്കാനാവശ്യപ്പെട്ടും നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ ഇരയായവരിൽ ബഹുഭൂരിഭാഗവും മുസ്ലിംകളായിരുന്നു. ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖ്,രാജസ്ഥാനിലെ പെഹ്ലുഖാൻ, ഹരിയാനയിലെ ഹാഫിള് ജുനൈദ് തുടങ്ങി നൂറുകണക്കിന് ജീവനുകളാണ് മോദി ഇന്ത്യയിൽ ആൾക്കൂട്ട ആക്രമണങ്ങളിൽ ഹോമിക്കപ്പെട്ടത്.പലപ്പോഴും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം കൊലപാതകങ്ങളുടെ ദൃശ്യങ്ങൾ പ്രതികൾ തന്നെ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക വരെ ചെയ്തു! ഗോരക്ഷാസേനയുടെയും മറ്റും പേരിൽ പ്രവർത്തിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളിലെ പ്രതികൾക്ക് ലഭിക്കുന്ന ലജ്ജിപ്പിക്കുന്ന സാമൂഹ്യ – രാഷ്ട്രീയ പിന്തുണയാണ് ഇതിന് കാരണം.ആള്‍ക്കൂട്ടആക്രമണത്തിനെതിരെയുള്ള രാഷ്ട്രീയ പ്രതികരണം ഒന്നുകില്‍ നിശബ്ദതയോ അല്ലെങ്കില്‍ ഹിംസയെ അനുകൂലിക്കുന്നതോ ആണ്.

വിഷം ചീറ്റുന്ന വിദ്വേഷ പ്രചരണങ്ങൾ

ജൂൺ 26ന്, രാജ്യത്ത് വ്യാപകമായി ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് യുഎസ് വിദേശകാര്യവകുപ്പിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ട് പുറത്തുവന്നത്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും അവരുടെ ആരാധനാലയങ്ങളും ഭൂമിയും കയ്യേറുന്ന സംഭവങ്ങളും അധികരിക്കുന്നത് ആശങ്കാജനകമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയത് മുതൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിശിഷ്യാ മുസ്ലിംകൾക്കെതിരെ വ്യാപകമായ വർഗീയ വിദ്വേഷ പ്രസംഗങ്ങളും പ്രചരണങ്ങളും നടക്കുന്നുണ്ട് എന്നതൊരു ദുഃഖ സത്യമാണ്. ഇത്തരം വിദ്വേഷപ്രചരണങ്ങളിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന വെറുപ്പിന്റെ മാനസികാവസ്ഥയാണ് പച്ച മനുഷ്യരെ നിർദാക്ഷിണം തല്ലിക്കൊല്ലാൻ സംഘ്പ്രഭൃതികളെ പ്രേരിപ്പിക്കുന്നത് എന്നതാണ് വാസ്തവം.

കഴിഞ്ഞ വർഷം ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് വരെ വിദ്വേഷ പ്രസംഗത്തിന് സാക്ഷിയായത് നാം കണ്ടതാണ്. സഭയിൽ പ്രസംഗിക്കവേ അന്ന് ബി എസ് പി അംഗമായിരുന്ന ഡാനിഷ് അലിക്കെതിരെ ബിജെപിയുടെ രമേശ് ബിദോരി മുസ്‍ലിം തീവ്രവാദി,കൂട്ടിക്കൊടുപ്പുകാരൻ, ചേലാകർമ്മം നടത്തിയവൻ തുടങ്ങി വാക്കുകൾ ഉപയോഗിച്ചാണ് വിഷം ചീറ്റിയത്. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ അവസ്ഥ ഇതാണെങ്കിൽ രാജ്യത്തെ മുസ്ലിം വിദ്വേഷത്തിന്റെ വ്യാപ്തി നമുക്ക് ഊഹിക്കാവുന്നതാണ്. ഗോവധം,ലൗ ജിഹാദ് അടക്കമുള്ള വിവിധതരം ജിഹാദുകൾ,പള്ളി- മദ്രസ പോലെയുള്ള മതസ്ഥാപനങ്ങൾ,വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം അഭയാർത്ഥികൾ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും വിദ്വേശ പ്രചരണങ്ങൾ അരങ്ങേറിയത്.പലപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണ വേദികളും റാലികളുമായിരുന്നു വിദ്വേഷ പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നടക്കുന്ന ഹിന്ദുക്കളുടെ മതപരമായ ചടങ്ങുകളേയും ഘോഷയാത്രകളെയും ഇടക്കിടെ തങ്ങളുടെ വിദ്വേഷ പ്രസംഗങ്ങളിലൂടെ സംഘപരിവാർ കലാപാഹ്വാന വേദിയാക്കി മാറ്റി.ഈ വർഷം പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാർച്ചിൽ, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേശ പ്രസംഗങ്ങൾ രേഖപ്പെടുത്തുന്ന വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഇന്ത്യാ ഹേറ്റ് ലാബ് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, 2023-ൽ മാത്രം മുസ്ലീങ്ങളെ ലക്ഷ്യമിട്ട് 668 വിദ്വേഷ പ്രസംഗ സംഭവങ്ങളാണ് ഇന്ത്യയിൽ അരങ്ങേറിയത്. അതിൽ 75 ശതമാനവും(498) ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു.അതുപോലെ 36%വും മുസ്ലിംകൾക്കെതിരെ നേരിട്ടുള്ള കലാപാഹ്വാനമായിരുന്നു എന്നും കണക്കുകൾ പറയുന്നു.പരിപാടികളിൽ 216 എണ്ണവും സംഘടിപ്പിച്ചത് വിഎച്ച്പി,ബജറംഗ്ദൾ തുടങ്ങി തീവ്ര ഹിന്ദുത്വ സംഘടനകളായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.നേതാക്കളുടെ വർഗീയ പ്രസംഗങ്ങൾക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചും മുസ്ലിംകൾക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങളാണ് സംഘപരിവാർ നടത്തുന്നത്. മുസ്ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ വേണ്ടി മാത്രം നൂറുകണക്കിന് യൂട്യൂബ് ചാനലുകളും ഫേസ്ബുക്ക്,ട്വിറ്റർ അക്കൗണ്ടുകളുമാണ് സംഘപരിവാർ നേതൃത്വത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.വെറുപ്പിന് ശ്രോതാക്കളാകാൻ പ്രേക്ഷകർ കൂടുമെന്നതിനാൽ റേറ്റിംഗ് കൂട്ടാൻ വെറുപ്പുൽപാദനത്തിന് മത്സരിക്കുകയാണ് ഇന്ത്യയിലെ പല മാധ്യമങ്ങളും.

ഇങ്ങനെയൊക്കെയായിട്ടും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണഗോദയിൽ മുമ്പൊന്നുമില്ലാത്ത വിധം തീവ്രമായ വർഗീയ വിദ്വേഷ പ്രചരണങ്ങളാണ് ബിജെപി നടത്തിയത്. ഏറ്റവും ദയനീയം, പ്രധാനമന്ത്രി തന്നെയായിരുന്നു മുസ്ലിംകൾക്കെതിരായ വിദ്വേശപ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് എന്നതായിരുന്നു. പ്രധാനമന്ത്രിപദത്തിന്റെ അന്തസ്സിന് നിരക്കാത്ത വിധം ലോകരാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തെ നാണം കെടുത്തുന്ന പ്രയോഗങ്ങളാണ് മോദി തെരഞ്ഞെടുപ്പ് വേദികളിൽ മുസ്ലിംകൾക്കെതിരെ നടത്തിയത്. വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ പോളിംഗ് കുറഞ്ഞതിനെ തുടർന്ന് പരാജയം മണത്ത മോദി, വോട്ടെടുപ്പിന്റെ പിറ്റേദിവസം തന്നെ രാജസ്ഥാനിലെ ബെൻസാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ‘നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികൾ ഉണ്ടാക്കുന്നവർ’ തുടങ്ങി അങ്ങേയറ്റം ലജ്ജാവഹമായ വാക്കുകളാണ് മുസ്ലിംകൾക്കെതിരെ ഉപയോഗിച്ചത്. തുടർന്ന് തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടവും അവസാനിക്കുവോളം മോദി വിദ്വേശ പ്രചരണങ്ങൾ തുടർന്നു.മോദിയെ ഏറ്റുപിടിച്ച് അമിത് ഷാ, ജെ പി നദ്ദ,യോഗി ആദിത്യനാഥ് തുടങ്ങി ബിജെപിയുടെ ദേശീയ നേതാക്കൾ മുതൽ പ്രാദേശിക നേതൃത്വം വരെ മുസ്‌ലിംകൾക്കെതിരെ വർഗീയ വിഷം ചീറ്റി. പക്ഷേ ഫലം വന്നപ്പോൾ ബിജെപിയുടെ വർഗീയ പ്രചരണങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് മതേതര ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 400 സീറ്റ് നേടുമെന്ന് ഗീർവാണം മുഴക്കിയവർ 240ലൊതുങ്ങി. ജെ ഡി യു, ടി ഡി പി തുടങ്ങി പാർട്ടികളുടെ പിന്തുണയോടെയാണ് മൂന്നാം എൻഡിഎ സർക്കാറിന് സത്യപ്രതിജ്ഞ ചെയ്യാനായത്. എന്നാൽ വെറുപ്പ് ഫലിക്കാത്തിടത്ത് ‘കൂടുതൽ വെറുപ്പ്’ എന്ന തന്ത്രമാണ് ബിജെപിയും സംഘപരിവാറും പയറ്റുന്നത്. തുടർച്ചയായി നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസർ രാജും കാണിച്ചുതരുന്ന രാജ്യത്തിന്റെ ചിത്രം അതാണ് വ്യക്തമാക്കുന്നത്.

വെറുപ്പ് ഉൽപാദിപ്പിക്കുന്ന പ്രത്യയശാസ്ത്രം

മുസ്ലിംകളടക്കമുള്ള രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത വിദ്വേഷം നിറഞ്ഞ ആശയങ്ങളാണ് സംഘപരിവാർ വെച്ചുപുലർത്തുന്നത്. വിദ്വേശ പ്രചരണങ്ങളും അതുമൂലമുള്ള ആൾക്കൂട്ട കൊലപാതകങ്ങളും നടത്താൻ ഹിന്ദുത്വവാദികളെ പ്രേരിപ്പിക്കുന്നത് അവരുടെ ഹിംസാത്മക പ്രത്യയശാസ്ത്രമാണ്.
1914ൽ മദൻ മോഹൻ മാളവ്യ സ്ഥാപിച്ച ഹിന്ദു മഹാസഭ,1925ൽ കേശവ് ബലിറാം ഹെഡ്ഗെവാർ രൂപീകരിച്ച രാഷ്ട്രീയ സ്വയം സേവക്(ആർഎസ്എസ്) തുടങ്ങിയവയിലൂടെയാണ് ഈ ‘ഹിന്ദുത്വ’ പ്രത്യശാസ്ത്രം ഇന്ത്യയിൽ സ്ഥാപനവൽക്കരിക്കപ്പെടുന്നത്. ലോകത്തെ മറ്റു ഫാസിസ്റ്റ് ശക്തികളെല്ലാം പയറ്റിയത് പോലെ ‘വംശമഹിമ സിദ്ധാന്തം’ തന്നെയായിരുന്നു ഇന്ത്യയിലെ സംഘ്പരിവാറിന്റെയും ആയുധം. സംഘ്പരിവാറിന്റെ താത്വികചാര്യനും ആർഎസ്എസിന്റെ രണ്ടാമത് സർസംഘ് ചാലകുമായിരുന്ന എം എസ് ഗോൾവാൾക്കർ വംശത്തെ രാഷ്ട്രത്തിന്റെ പ്രധാനവും അത്യന്താപേക്ഷികവുമായ ഘടകമായിട്ടാണ് നിർവചിക്കുന്നത്. വംശം രാഷ്ട്രത്തിന്റെ ശരീരമാണെന്നും മാതൃവംശത്തിന്റെ തകർച്ചയോടെ രാഷ്ട്രത്തിന്റെ തന്നെ നാശം സംഭവിക്കുമെന്നും ഗോൾവാൾക്കർ പ്രസ്താവിച്ചു. തുടർന്ന് ഇന്ത്യക്കാർ ആര്യന്മാരായിരുന്നുവെന്നും അതിനാൽ ആര്യന്മാരുടെ പിൻമുറക്കാരായ ഹിന്ദുക്കൾക്ക് മാത്രമാണ് ഭാരതത്തിന്റെ വംശുദ്ധിയും ‘പിതൃഭൂമി’യും അവകാശപ്പെടാൻ കഴിയുകയുള്ളൂവെന്നും സംഘ്ആചാര്യന്മാർ സിദ്ധാന്തിച്ചു. ഇതിലൂടെ രാജ്യത്തെ അഹിന്ദുക്കളെയെല്ലാം സംഘപരിവാർ അന്യവൽക്കരിച്ച് ഭ്രഷ്‌ട് കൽപ്പിച്ചു നിർത്തുകയും ചെയ്തു. എട്ട് നൂറ്റാണ്ട് കാലത്തോളം ഇന്ത്യ ഭരിച്ച ഡൽഹി സുൽത്താന്മാരും മുഗളന്മാരും അങ്ങനെയാണ് സംഘപരിവാറിന് കേവലം ‘വിദേശികൾ’ മാത്രമായത്. മുസ്‌ലിംകളെ ‘നുഴഞ്ഞുകയറ്റക്കാർ’ എന്ന് വിളിക്കാൻ മോദിയെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്ര പിൻബലവും മറ്റൊന്നല്ല. “ഹിന്ദുസ്ഥാനിലെ അഹിന്ദുക്കൾ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദുമതത്തെ ബഹുമാനിക്കാനും അതിനോട് ഭയഭക്തി പുലർത്താനും പഠിക്കണം. അതിന് കഴിയുന്നില്ലെങ്കിൽ ഒരു ആനുകൂല്യവും പരിഗണനവും ആവശ്യപ്പെടാതെ ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമായി അവർക്ക് ഇവിടെ ജീവിക്കാം”
എന്നായിരുന്നു ‘We or our nationhood defined’ എന്ന തന്റെ കുപ്രസിദ്ധ ഗ്രന്ഥത്തിലൂടെ ഗോൾവാൾക്കർ പറഞ്ഞുവെച്ചത്.ഗോൾവാൾക്കറുടെ പ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമായ വിചാരധാരയിൽ ഇന്ത്യയുടെ മൂന്ന് ശത്രുക്കളായി ക്രമപ്രകാരം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയുമാണ് പരിചയപ്പെടുത്തുന്നത്.

ഈ വംശ വർഗ്ഗ ശത്രുക്കളെ തങ്ങളുടെ ‘ഹിന്ദുരാഷ്ട്ര’ ത്തിൽ നിന്നും മാറ്റിനിർത്താൻ ഹിംസയുടെ മാർഗ്ഗം സ്വീകരിക്കാനും സംഘ്പരിവാർ ആചാര്യന്മാർ ആജ്ഞാപിക്കുന്നുണ്ട്. ഒരിക്കൽ ഗോൾവാൾക്കർ തന്റെ അനുയായികളെ ഉണർത്തിയത് ഇങ്ങനെയാണ്:” സവർണ്ണ ഹിന്ദുക്കൾ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തു അവരുടെ ഊർജ്ജം പാഴാക്കരുത്, നിങ്ങളുടെ ശത്രുക്കൾ ബ്രിട്ടീഷുകാർ അല്ല; മുസ്ലിംകളും ക്രിസ്ത്യാനികളുമാണ്”. സ്വാതന്ത്രസമരത്തോടുള്ള ആർഎസ്എസിന്റെ നിലപാടും ഇതിൽ നിന്നു വ്യക്തമാണ്.മാത്രമല്ല, ഗോൾവാൾക്കർ ഇറ്റലിയിലെയും ജർമ്മനിയിലെയും ഫാസിസത്തെ ന്യായീകരിച്ച് അതിൽ നിന്ന് പാഠമുൾക്കൊള്ളാൻ ഭാരതീയരെ ഉത്ബോധിപ്പിക്കുക വരെ ചെയ്യുന്നുണ്ട്. ഗോൾവാൾക്കർ പറയുന്നത് കാണുക:” ഇറ്റലിയും ജർമ്മനിയും രണ്ടു രാജ്യങ്ങളാണ്.പുരാതന ഗോത്ര ചൈതന്യം അവിടെ ഉയർത്തെഴുന്നേറ്റിരിക്കുന്നു. അതുപോലെ നമുക്കിടയിലും ഗോത്രബോധം ഉണർന്നിരിക്കുന്നു.അങ്ങനെ മുസ്ലിംകളെ ഭ്രഷ്ടരാക്കാനൊരവസരം ഹിന്ദുക്കൾക്ക് കൈവന്നിരിക്കുന്നു”(. ‘We or our nationhood defined’).
ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹം നൂറ്റാണ്ടുകളായി മുസ്‌ലിം ഭരണാധികാരികളാല്‍ വേട്ടയാടപ്പെടുകയാണെന്നും ഇപ്പോൾ ലഭിച്ച പകരം വീട്ടാനുള്ള അവസരത്തിൽ ഫാസിസ്റ്റ് – നാസി ആശയങ്ങളെ മാതൃകയാക്കണമെന്നുമാണ് സംഘ് ആചാര്യൻ പറഞ്ഞുവെക്കുന്നത്.ഇതിനായി മധ്യകാല ഇന്ത്യ ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലിം ഭരണാധികാരികളെ വർഗീയവാദികളായി സംഘ്പരിവാർ അവതരിപ്പിക്കുന്നു.അക്കാലത്ത് യുദ്ധങ്ങളിലും അല്ലാതെയും മുസ്ലിങ്ങൾ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തുവന്നും,ഹിന്ദു സ്ത്രീകൾ വ്യാപകമായി മുസ്ലിം രാജാക്കന്മാരിൽ നിന്നും സൈനികരിൽ നിന്നും മാനഭംഗത്തിനിരയായിരുന്നുവെന്നും സംഘ് ആചാര്യന്മാർ പ്രചരിപ്പിച്ചു. മാത്രമല്ല ‘വിദേശികളായ’ സുൽത്താന്മാർ ഹൈന്ദവരോട് ഒരുപാട് ക്രൂരതകൾ ചെയ്തപ്പോൾ അതിനോട് പ്രതികാരം ചെയ്യാൻ അവസരം ലഭിച്ചിട്ടും ഹിന്ദു രാജാക്കന്മാർ അതിന് മുതിർന്നിരുന്നില്ല എന്നും അവർ പറയുന്നത് കാണാം.ഹിന്ദുവിന്റെ വിശാലമനസ്കതയെ പ്രകീർത്തിക്കാനല്ല;മറിച്ച് അപലപിക്കാനും അക്രമാസക്തനാകാനുള്ള ആത്മ വീര്യം അവനിൽ കുത്തിനിറക്കാനുമാണ് അവർ അങ്ങനെ ചെയ്തത്. ഹിന്ദു മഹാസഭ നേതാവും ഹിന്ദുത്വ ആചാര്യനുമായിരുന്ന വി ഡി സവർക്കർ ഹിന്ദുവിന് പറ്റിയ ‘അബദ്ധ’മോർത്ത് പരിതപിക്കുന്നത് കാണുക
:”മുസ്ലിംകളുടെ കടന്നാക്രമണഘട്ടത്തിൽ തന്നെ ഹിന്ദുക്കൾ വിജയശ്രീലാളിതരായ യുദ്ധങ്ങളിൽ മുസ്ലിം ലൈംഗിക അതിപ്രസരങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കുകയോ,അവരെ നിർബന്ധ മതപരിവർത്തനം നടത്തുകയോ ചെയ്തിരുന്നെങ്കിൽ ഭീകരമായ അപബോധത്തിൽ അവരുടെ ഹൃദയം മഥിക്കുമായിരുന്നു. പിന്നെ ഒരു ഹിന്ദു യുവതിയെയും അവർ തൊടില്ലായിരുന്നു..”
സവർക്കറുടെ ആഹ്വാനം അനുയായികൾ ഏറ്റെടുത്തതിന്റെ ഫലമാണ് പിൽക്കാല ചരിത്രത്തിൽ നാം കണ്ടത്.മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിരന്തരം ആസൂത്രിതമായ വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനും, അത്തരം കലാപങ്ങളിൽ മുസ്ലിം സ്ത്രീകൾക്കെതിരെയുള്ള കൂട്ട ബലാത്സംഗങ്ങൾ പ്രധാന ആയുധമായി പ്രയോഗിക്കാനും സംഘ്പരിവാർ രാക്ഷസക്കൂട്ടങ്ങളെ പ്രചോദിപ്പിച്ചത് ഇത്തരം പ്രത്യയശാസ്ത്ര പിൻബലങ്ങളും ആചാര്യന്മാരുടെ ആശീർവാദങ്ങളുമാണ്. ഇങ്ങനെ ഹിന്ദു ഇരവാദമുയർത്തി
സാധാരണ ഹിന്ദുവിന്റെ ചിന്തയില്‍ വിദ്വേഷവും പകയും കുത്തിനിറച്ച് രാഷ്ട്രീയനേട്ടം കൊയ്യുന്ന ചരിത്രവഞ്ചനയാണ് സംഘപരിവാർ ചെയ്യുന്നത്.

ഹാഫിള് അമീൻ നിഷാൽ വെള്ളേരി
Student at  |  + posts
Share this article
Shareable URL
Prev Post

ഖിലാഫതുറാഷിദീൻ; ഒരു ഹൃസ്വവായന

Next Post

നബി(സ്വ)യുടെ മാതാപിതാക്കൾ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

രോദനം

|അല്‍സ്വഫ് ചിറ്റൂര്| ഒരു കയർ  രണ്ടു ജീവൻ ഒരു ചെറു കയറിൽ ഒതുക്കി നിർത്തിയെന്നയവർ.. ആരോടു പറയാൻ…