ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സമുന്നത നേതാവാണ് നമ്മുടെ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ അഹിംസ സമരമാര്‍ഗത്തിലൂടെ പോരാട്ടം നയിച്ച മഹാത്മാഗാന്ധിജിയുടെ ജീവിതം ഒരു അത്ഭുത പ്രതിഭാസം തന്നെയായിരുന്നു. ഗാന്ധി മരിച്ചപ്പോള്‍ വിഖ്യാത ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്‍ പറഞ്ഞത്:”ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല” എന്നായിരുന്നു.സത്യാഗ്രഹത്തിലൂടെയും ഉപവാസത്തിലൂടെയും മതജാതിഭേദമന്യേ ഗാന്ധിജി ഇന്ത്യക്കാരുടെ ‘ബാപ്പുജി’ യായി മാറി. തൻ്റെ രാഷ്ട്രീയ കളരിയായ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 1915ല്‍ തിരിച്ചെത്തിയതു മുതല്‍ 1947ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഗാന്ധിജി ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ മൂന്നു ബഹുജന പ്രക്ഷോഭങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ…
നിസ്സഹകരണ പ്രസ്ഥാനം(1920)
ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ ഗാന്ധിജി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനായി ഇന്ത്യയിലുടനീളം സന്ദര്‍ശനം നടത്തി. ഇതിനെ തുടര്‍ന്നാണ് ഗാന്ധിജിയുടെ ആദ്യകാല സമരങ്ങളായ ബീഹാറിലെ ചമ്പാരന്‍ സമരം(1917), അഹമ്മദാബാദിലെ തുണിമില്‍ സമരം(1918), ഗുജറാത്തിലെ ഖേടയിലെ കര്‍ഷക സമരം(1918) എന്നിവ സംഭവിക്കുന്നത്. ഇവ മൂന്നും പ്രാദേശിക സമരങ്ങള്‍ ആയിരുന്നു. എന്നാല്‍ അപ്പോഴേക്കും ഗാന്ധിജി രാജ്യമാകെ ശ്രദ്ധപിടിച്ചു പറ്റുന്ന നേതാവായി ഉയര്‍ന്നുവന്നിരുന്നു. ഉപവാസവും സത്യഗ്രഹവുമടക്കമുള്ള സമര രീതികളും ലളിത ജീവിതവും സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നുള്ള ഇടപെടലുകളുമെല്ലാം ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. 1919ല്‍ റൗലറ്റ് ആക്ടിനെതിരെ നടന്ന സത്യഗ്രഹ വിജയത്തോടെ ഗാന്ധിജി ശരിക്കും ദേശീയ നേതാവായി മാറി.വിജയത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ബ്രിട്ടീഷ് ഭരണത്തോട് ഒരു നിസ്സഹകരണത്തിന് തുടക്കമിടാന്‍ ഗാന്ധിജി തീരുമാനിച്ചു.
1920 സെപ്റ്റംബര്‍ നാലിന് ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടു. നിസ്സഹകരണത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെയും സമ്പദ് വ്യവസ്ഥയേയും നിലനിര്‍ത്തുന്ന എല്ലാ മേഖലകളേയും ബഹിഷ്‌കരിക്കാന്‍ ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയ്തു.കോളനി വാഴ്ചയുടെ അന്ത്യം ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ സ്‌കൂളുകളും,കോളേജുകളും,കോടതികളും ബഹിഷ്‌കരിക്കണമെന്നും നികുതി നല്‍കാതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഖിലാഫത്ത് പ്രസ്ഥാനവുമായി ഗാന്ധിജി കൈകോര്‍ത്തു. ഈ രണ്ടു പ്രസ്ഥാനങ്ങളും ഒന്നിച്ചു ചേര്‍ന്നാല്‍ ഹിന്ദു- മുസ്ലിം ഐക്യത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാനാകുമെന്ന് ഗാന്ധിജി വിശ്വസിച്ചു.
ഖിലാഫത്ത് – നിസ്സഹകരണ പ്രസ്ഥാനം ഇന്ത്യയിലുടനീളം വ്യാപിച്ചു. ഗവണ്‍മെൻ്റ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും,കോളേജുകളും വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചു.അഭിഭാഷകര്‍ കോടതികളില്‍ ഹാജരാകാന്‍ വിസമ്മതിച്ചു.തൊഴിലാളികള്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടു.ഗോത്രവര്‍ഗ്ഗക്കാര്‍ വനനിയമം ലംഘിച്ചു.കര്‍ഷകര്‍ നികുതി നല്‍കാന്‍ കൂട്ടാക്കിയില്ല.കൂടാതെ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണവും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ പ്രചാരണവും നടന്നു.
സമരത്തിൻ്റെ ഭാഗമായി ആയിരക്കണക്കിന് മനുഷ്യര്‍ ജയിലില്‍ അടക്കപ്പെട്ടു. എന്നാല്‍ സമരം ശക്തിയാര്‍ജിച്ചു വരുന്ന സമയത്ത് തികച്ചും അപ്രതീക്ഷിതമായി നിസ്സഹകരണ സമരം ഗാന്ധിജി അവസാനിപ്പിച്ചു. 1922 ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശിലെ ചൗരി ചൗരാ എന്ന ചെറു ഗ്രാമത്തിലെ ഒരു സംഘം കര്‍ഷകര്‍ അക്രമാസക്തരായി പോലീസ് സ്റ്റേഷന് തീയിടുകയും അക്രമത്തില്‍ 22 പോലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ വാര്‍ത്ത അറിഞ്ഞു വേദനിച്ച ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിരിച്ചുവിട്ടു. തൻ്റെ അഹിംസ ആശയം ജനങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടില്ലെന്ന് ഗാന്ധിജി നിരീക്ഷിച്ചു.
സിവില്‍ നിയമലംഘനം പ്രസ്ഥാനം(1930)
1929 ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളന തീരുമാനപ്രകാരം ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന രണ്ടാം ബഹുജന സമരമാണ് സിവില്‍ നിയമലംഘന പ്രസ്ഥാനം.ഇന്ത്യന്‍ ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ത്തിയ ലാഹോര്‍ സമ്മേളനത്തില്‍ 1930 ജനുവരി 26ന് സ്വാതന്ത്ര്യ ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിൻ്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസിൻ്റെ ദേശീയ സമരങ്ങളുടെ ലക്ഷ്യം ‘പൂര്‍ണ്ണ സ്വരാജ്’ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഉപ്പു സത്യാഗ്രഹമായിരുന്നു നിയമലംഘന സമരങ്ങളില്‍ പ്രധാനപ്പെട്ടത്.അതിൻ്റെ ഭാഗമായി നടന്ന ദണ്ഡി യാത്രയോടെയാണ് നിയമലംഘന പ്രസ്ഥാനം ആരംഭിച്ചത്.1930 മാര്‍ച്ച് 12ന് 78 അനുയായികളോടൊപ്പം ഗാന്ധിജി സബര്‍മതി ആശ്രമത്തില്‍ നിന്നും 241 മൈല്‍ ദൂരെയുള്ള ദണ്ഡിയിലേക്ക് മാര്‍ച്ച് ചെയ്തു.24 ദിവസത്തെ കാല്‍നടയാത്രയ്ക്ക് ശേഷം 1930 ഏപ്രില്‍ ആറിന് ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്ത് വെച്ച് ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.’ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്നാണ് അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ഇര്‍വിന്‍ പ്രഭു ഉപ്പു സത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്.
സിവില്‍ നിയമലംഘന പ്രസ്ഥാനം അതിവേഗം നാടാകെ വ്യാപിച്ചു.വിവിധ തലങ്ങളിലുള്ള ജനവിഭാഗങ്ങള്‍ സമരത്തില്‍ പങ്കുചേര്‍ന്നു.ഉപ്പു സത്യാഗ്രഹങ്ങള്‍,നികുതി നിഷേധം, മദ്യശാലകള്‍ പിക്കറ്റ് ചെയ്യല്‍, ഹര്‍ത്താലുകള്‍ തുടങ്ങിയവ രാജ്യത്തെ ഇളക്കിമറിച്ചു.സമരത്തെ അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. കോണ്‍ഗ്രസിനെ നിരോധിച്ചു.ഗാന്ധിജി ഉള്‍പ്പെടെ അനേകം നേതാക്കന്മാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 1931 മാര്‍ച്ചില്‍ ഗാന്ധി – ഇര്‍വിന്‍ കരാറിനെ തുടര്‍ന്ന് സിവില്‍ നിയമലംഘന പ്രസ്ഥാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ക്വിറ്റ് ഇന്ത്യ സമരം(1942)
ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച അവസാന ബഹുജന സമരമാണ് ക്വിറ്റിന്ത്യാ സമരം. ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഹൈലൈറ്റ്’ എന്നാണ് ക്വിറ്റ് ഇന്ത്യ സമരം അറിയപ്പെടുന്നത്.1942 ഓഗസ്റ്റ് എട്ടിന് ബോംബെയില്‍ ചേര്‍ന്ന കോണ്‍ഗ്രസിൻ്റെ വാര്‍ഷിക സമ്മേളനമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന പ്രമേയം പാസാക്കിയത്. രണ്ടാം ലോക യുദ്ധത്തില്‍ ബ്രിട്ടന്‍ പരാജയപ്പെടുമെന്ന തോന്നല്‍, യുദ്ധത്തില്‍ മ്യാന്‍മര്‍ ആക്രമിച്ച ജപ്പാന്‍ ബ്രിട്ടീഷ് കോളനിയെന്ന നിലക്ക് അടുത്തതായി ഇന്ത്യയെ ആക്രമിക്കുമെന്ന ഭയം, ക്രിപ്‌സ് മിഷൻ്റെ ഭാഗമായുള്ള ഭരണഘടന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ബ്രിട്ടന്‍ കാണിച്ച വൈമനസ്യം, ആവശ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ക്കുണ്ടായ രോഷം തുടങ്ങിയവയാണ് ബ്രിട്ടീഷുകാരോട് അടിയന്തരമായി ഇന്ത്യ വിടാന്‍ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിനെയും ഗാന്ധിജിയെയും പ്രേരിപ്പിച്ചത്.
‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന പ്രശസ്ത മുദ്രാവാക്യം ഗാന്ധിജി ഇന്ത്യന്‍ ജനതയ്ക്ക് പകര്‍ന്നു നല്‍കിയത് ഈ സമരത്തിന് മുന്നോടിയാണ്. കൂടാതെ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളോട് സമരത്തിൻ്റെ ഭാഗമാകാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഗാന്ധിജി നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ രാജിവെക്കാതെ ദേശീയ പ്രസ്ഥാനത്തോട് കൂറ് പ്രഖ്യാപിക്കുക, പട്ടാളക്കാര്‍ സൈന്യത്തോടൊപ്പം നിന്നുകൊണ്ടു തന്നെ സമരം ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ വിസമ്മതിക്കുക, നാട്ടുരാജാക്കന്മാര്‍ സമരക്കാരെ പിന്തുണയ്ക്കുകയും ജനങ്ങളുടെ പരമാധികാരം അംഗീകരിക്കുകയും ചെയ്യുക, കര്‍ഷകര്‍ തങ്ങളുടെ ഭൂവുടമകള്‍ സര്‍ക്കാര്‍ വിരുദ്ധരെങ്കില്‍ മാത്രം നികുതി നല്‍കുക, വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യ ലബ്ധി വരെ പിടിച്ചു നില്‍ക്കാന്‍ കഴിയുമെങ്കില്‍ സ്‌കൂളുകള്‍ ബഹിഷ്‌കരിക്കുക എന്നിങ്ങനെ വിവിധ രൂപത്തില്‍ ക്വിറ്റിന്ത്യാ സമരത്തിന്റെ ഭാഗമാകാന്‍ ഗാന്ധിജി രാജ്യത്തുടനീളമുള്ള ബഹുജനങ്ങളോട് ആഹ്വാനം ചെയ്തു.
ആഗസ്റ്റ് 9ന് സമരം ആരംഭിക്കുന്നതിനു മുമ്പേ ഗാന്ധിജിയടക്കം കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കന്മാരെയെല്ലാം ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. ഇതോടെ സമരം ഒരു നാഥനില്ലാ പ്രക്ഷോഭമായി മാറി.ക്വിറ്റിന്ത്യാ പ്രമേയത്തെ കുറിച്ചും നേതാക്കന്മാരുടെ അറസ്റ്റിനെ കുറിച്ചും കേട്ടറിഞ്ഞ ജനങ്ങള്‍ സമരത്തിന് തിരികൊളുത്തി.യുവജനങ്ങള്‍ സമരരംഗത്തേക്ക് എടുത്തുചാടി.എല്ലാ ഭാഗങ്ങളിലും പ്രതിഷേധങ്ങളും പണിമുടക്കുകളും അരങ്ങേറി.ബ്രിട്ടീഷ് അധികാരത്തിൻ്റെ ചിഹ്നങ്ങളായി ജനങ്ങള്‍ കരുതിയിരുന്ന പോലീസ് സ്റ്റേഷനുകള്‍, പോസ്റ്റ് ഓഫീസുകള്‍, റെയില്‍വേ പാതകള്‍, പാലങ്ങള്‍ തുടങ്ങിയവയെയെല്ലാം അവര്‍ ആക്രമിച്ചു.
ക്വിറ്റിന്ത്യാ സമരത്തെ അടിച്ചമര്‍ത്താന്‍ ലാത്തിച്ചാര്‍ജും, വെടിവെപ്പ്,അറസ്റ്റുകള്‍,മര്‍ദ്ദനം,തടവിലടക്കല്‍, പീഡനം തുടങ്ങി എല്ലാ മാര്‍ഗങ്ങളും ഗവണ്‍മെൻ്റ് ഉപയോഗിച്ചു.ഏകദേശം ഒരു വര്‍ഷത്തെ പ്രയത്‌നത്തിൻ്റെ ശേഷമാണ് ബ്രിട്ടീഷുകാര്‍ക്ക് ഈ സമരത്തെ പൂര്‍ണ്ണമായി അവസാനിപ്പിക്കാനായത്. പക്ഷേ അപ്പോഴേക്കും ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ കൊളോണിയല്‍ ഭരണത്തിന് മരണമണി മുഴങ്ങിയിരുന്നു.ധാരാളം ദേശസ്‌നേഹികള്‍ സ്വാതന്ത്ര്യത്തിനായി വിരോചിതം പോരാടുകയും രക്തം നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യലബ്ധിയില്‍ ഏറ്റവും നിര്‍ണായകമായത് ഗാന്ധിജിയുടെ അഹിംസ പോരാട്ടങ്ങള്‍ തന്നെയാണ് എന്ന് പറയാം.