സാമൂഹിക ജീവിയായ മനുഷ്യൻ്റെ ജീവിതത്തിലെ സുപ്രധാന അധ്യായമാണ് വിവാഹം.അതിലൂടെയാണ് പുതിയ കുടുംബങ്ങള്‍ രൂപപ്പെടുന്നതും മാനവസമൂഹത്തിന്റെ നിലനില്‍പ്പ് സാധ്യമാകുന്നതും. അതിനാല്‍ തന്നെ പ്രാപഞ്ചിക മതമായ പരിശുദ്ധ ഇസ്ലാം വലിയ പ്രാധാന്യമാണ് വിവാഹത്തിന് നല്‍കുന്നത്.വിവാഹം കഴിക്കല്‍ ശക്തിയായ സുന്നത്താണെന്ന് ഖുര്‍ആനിലും ഹദീസിലുമുള്ള ധാരാളം തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്.വൈവാഹിക ജീവിതത്തിൻ്റെ അടിസ്ഥാന ഘടകങ്ങളായ ഭര്‍ത്താവും ഭാര്യയും പരസ്പരം നിര്‍വഹിക്കേണ്ട ഒരുപാട് കടമകളും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.ദമ്പതികള്‍ ആ കടമകള്‍ നിറവേറ്റുമ്പോള്‍ മാത്രമാണ് ദാമ്പത്യജീവിതം സന്തോഷത്തിലും തൃപ്തിയിലും തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കുക.ദമ്പതിമാര്‍ തമ്മിലുള്ള ബന്ധത്തെ മനോഹരമായി ഖുര്‍ആന്‍ ഉപമിക്കുന്നത് വസ്ത്രത്തിനോടാണ്:”അവര്‍ നിങ്ങള്‍ക്കും, നിങ്ങള്‍ അവര്‍ക്കും വസ്ത്രമാണ്”(ബഖറ:187).അത്രയും പവിത്രമായ ബന്ധം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരാണവര്‍.
ഭര്‍ത്താവിൻ്റെ കടമകള്‍
കുടുംബത്തിൻ്റെ മേധാവിത്വ ചുമതല ഭര്‍ത്താവിനാണ്. അത് അധികാരത്തിൻ്റെതല്ല; ഉത്തരവാദിത്വങ്ങളുടെതാണ്.ഭാര്യയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ഒരു വ്യക്തി എന്ന നിലയില്‍ അവള്‍ക്ക് അര്‍ഹമായതെല്ലാം വകവെച്ച് കൊടുക്കുകയുമാണ് ഇസ്ലാം ചെയ്യുന്നത്.സല്‍സ്വഭാവിയായ ഒരു വ്യക്തി തൻ്റെ ഭാര്യയോട് മാന്യമായും സ്‌നേഹത്തോടെയും പെരുമാറും.അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:”നബി(സ്വ) പറഞ്ഞു:നിങ്ങളില്‍ ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്”(തുര്‍മുദി :1162). കിടപ്പറ രഹസ്യങ്ങളും സ്വകാര്യതകളും മറ്റുള്ളവരോട് പങ്കുവെക്കല്‍ ഇസ്ലാം ശക്തിയായി വിമര്‍ശിക്കുന്നു.നബി തിരുമേനി(സ്വ) പറയുന്നു:“നിശ്ചയം പരലോകത്ത് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ദുഷ്ടനായ മനുഷ്യന്‍ തന്റെ ഭാര്യയുമായി ഇണങ്ങിച്ചേര്‍ന്നതിന് ശേഷം അവളുടെ രഹസ്യം പുറത്തു പറയുന്നവനാണ്”(സ്വഹീഹ് മുസ്ലിം:1437). ഭാര്യയോടുള്ള ഭര്‍ത്താവിൻ്റെ കടമകളെക്കുറിച്ച് മുആവിയ(റ) പ്രവാചകര്‍(സ്വ) യോട് ചോദിച്ചപ്പോള്‍ നബി തിരുമേനി(സ്വ) പറഞ്ഞു:“നീ ഭക്ഷിക്കുന്നുവെങ്കില്‍ അവളെയും ഭക്ഷിപ്പിക്കുക.നീ വസ്ത്രം ധരിക്കുന്നുവെങ്കില്‍ അവളെയും ധരിപ്പിക്കുക.അവളുടെ മുഖത്ത് അടിക്കാതിരിക്കുക.അവളെ വഷളാക്കാതിരിക്കുക.കിടപ്പറയിലല്ലാതെ അവളെ വെടിയാതിരിക്കുക”(അബൂ ദാവൂദ്:2142).ഭാര്യയുമായുള്ള ഭര്‍ത്താവിൻ്റെ കടമകള്‍ നാലായി തരംതിരിക്കാം.
ഭാര്യയോട് നല്ല നിലയില്‍ വര്‍ത്തിക്കല്‍
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:“നിങ്ങള്‍ അവരോട് നല്ല നിലക്ക് വര്‍ത്തിക്കുവീന്‍.നിങ്ങള്‍ക്ക് അവരോട് ഇഷ്ടക്കേട് തോന്നുന്നുവെങ്കില്‍ ക്ഷമിക്കുവീന്‍.നിങ്ങള്‍ ഒരുകാര്യം വെറുക്കുകയും അല്ലാഹു അതില്‍ ധാരാളം നന്മകള്‍ നിശ്ചയിക്കുകയും ചെയ്‌തെന്ന് വരാം”(സൂറത് നിസാഅ് :19). സ്ത്രീകളോടുള്ള പെരുമാറ്റത്തെ കുറിച്ച് നബി(സ്വ) വിവരിക്കുന്നത് കാണുക:”സ്ത്രീ വാരിയെല്ല് കൊണ്ട് സൃഷ്ടിക്കപ്പെട്ടവളാണ്. വാരിയെല്ലില്‍ ഏറ്റവും വളഞ്ഞിട്ടുള്ളത് അതിന്റെ മുകള്‍ ഭാഗത്താണ്.അത് നീ നേരെയാക്കാന്‍ ശ്രമിച്ചാല്‍ അത് പൊട്ടിപ്പോകും. നീ അതിനെ അപ്രകാരം ഉപേക്ഷിക്കുകയാണെങ്കില്‍ അത് വളഞ്ഞുകൊണ്ടിരിക്കും”(സ്വഹീഹ് ബുഖാരി:5185). ഭാര്യമാരുടെ വിഷയത്തില്‍ വലിയ ക്ഷമ കൈക്കൊള്ളാനും അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നും ഈ ഹദീസ് നമ്മോട് ഉണര്‍ത്തുന്നു.
ഭാര്യയോട് എപ്പോഴും കോപിക്കുക,അവളെ അടിക്കുക എന്നിവ ഒരു നല്ല ഭര്‍ത്താവിൻ്റെ ലക്ഷണമല്ല.നബി(സ്വ) തങ്ങള്‍ പറഞ്ഞു:”ഒരു സത്യവിശ്വാസിയും സത്യവിശ്വാസിനിയോട് കോപിക്കരുത്. അവളില്‍ ഒരു സ്വഭാവം അവന്‍ വെറുത്താല്‍ അവളില്‍ നിന്ന് മറ്റൊന്ന്,അല്ലെങ്കില്‍ അത് ഒഴികെയുള്ളത് അവന്‍ ഇഷ്ടപ്പെടും”(സ്വഹീഹ് മുസ്ലിം : 1468). ഭാര്യയില്‍ നിന്ന് അനിഷ്ടകരമായ കാര്യങ്ങള്‍ കാണുമ്പോള്‍ ദേഷ്യപ്പെടുകയും അടിക്കുകയും ചെയ്യുന്നതിന് പകരം അവന്‍ ഇഷ്ടപ്പെടുന്ന പല സ്വഭാവങ്ങളും അവളിലുണ്ടെന്ന് അവന്‍ ഓര്‍ക്കണമെന്നാണ് ഹദീസിൻ്റെ സാരം.
സ്‌നേഹം നിറഞ്ഞ സമീപനമാണ് നബി(സ്വ) തങ്ങള്‍ ഭാര്യമാരോട് സ്വീകരിച്ചത്.ആയിശ(റ) കുടിച്ച വെള്ളത്തിൻ്റെ ബാക്കി അവിടെത്തന്നെ വായ വെച്ച് നബി(സ്വ) കുടിച്ചിരുന്നു.ഭാര്യമാരുടെ മുഖത്ത് നോക്കിയിരിക്കലും അവള്‍ പറയുന്നത് താല്‍പര്യപൂര്‍വ്വം കേള്‍ക്കലും അഭിപ്രായം തേടലും ഭാര്യമാര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്.അവള്‍ ചെയ്തു തരുന്ന കാര്യങ്ങള്‍ക്ക് നന്ദി പറയലും അവളുടെ നല്ല ഗുണങ്ങള്‍ എടുത്തു പറയലും സ്‌നേഹം വര്‍ധിക്കാന്‍ കാരണമായിത്തീരും. ഭാര്യയുടെ ഏറ്റവും നല്ല സുഹൃത്തും സംരക്ഷകനുമാകണം ഭര്‍ത്താവ്.
മഹ്ര്‍ നല്‍കുക
മഹ്ര്‍, അഥവാ വിവാഹ മൂല്യം ഭര്‍ത്താവ് നല്‍കേണ്ട സ്ത്രീയുടെ അവകാശമാണ്.അതിൻ്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശവും അവള്‍ക്കു തന്നെയാണ്.മഹ്‌റില്ലാതെ വിവാഹം സാധുവാവുകയില്ല. അത് ലഭിച്ചില്ലെങ്കില്‍ തൻ്റെ ഭര്‍ത്താവിനെ വഴിപ്പെടല്‍ അവള്‍ക്ക് നിര്‍ബന്ധമില്ല.എന്നാല്‍ മഹ്ര്‍ ഒഴിവാക്കിക്കൊടുക്കാനുള്ള അവകാശം ഭാര്യക്കുണ്ട്.
മൂല്യമുള്ള ഏതൊരു വസ്തുകൊണ്ടും മഹ്ര്‍ നല്‍കാം. എങ്കിലും വെള്ളിയാണ് പ്രവാചകചര്യയില്‍ പറയപ്പെട്ടത്.സ്വര്‍ണ്ണം നല്‍കുന്നതില്‍ പ്രത്യേക സുന്നത്തില്ല.മഹ്ര്‍ 500 ദിര്‍ഹം വെള്ളിയേക്കാള്‍ കൂടാതിരിക്കലും 10 ദിര്‍ഹമിനേക്കാള്‍ കുറയാതിരിക്കലും സുന്നത്താണ്.മഹ്ര്‍ വധുവിൻ്റെ കുടുംബത്തിൻ്റെ കുലീനതയിലും വിശേഷണങ്ങളിലും സമാനത പുലര്‍ത്തുന്നതുമായിരിക്കണം.
ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി നടപ്പാക്കുക
ശക്തമായ നിബന്ധനകളോടെ ഒരു പുരുഷന് നാല് ഭാര്യമാര്‍ വരെ ഇസ്ലാം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പുലര്‍ത്തണമെന്ന വലിയ ബാധ്യതയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്.ആത്യന്തികമായി സ്ത്രീ സമൂഹത്തോട് നന്മ ചെയ്യുകയെന്നതു തന്നെയാണ് ബഹുഭാര്യത്വം നിയന്ത്രിച്ചതിൻ്റെയും കണിശമായ ഉപാധികളോടെ അനുവദിച്ചതിൻ്റെയും ലക്ഷ്യം.തുല്യനീതി നടപ്പിലാക്കല്‍ വളരെ ബുദ്ധിമുട്ടാണെന്നും അതിന് കഴിയാത്തവര്‍ ഒരു സ്ത്രീയെ മാത്രം വിവാഹം കഴിക്കണമെന്നുമുള്ള നിര്‍ദേശമാണ് ഖുര്‍ആന്‍ നല്‍കുന്നത് (സൂറത്നിസാഅ്:03). ഭക്ഷണം,പാനീയം,വസ്ത്രം,താമസം,ശയനം,ചെലവിന് നല്‍കല്‍ എന്നിവയിലെല്ലാം തുല്യനീതി പുലര്‍ത്തണം.നബി(സ്വ) പറയുന്നു:“ഒരാള്‍ക്ക് രണ്ടു പത്‌നിമാരുണ്ട്,പക്ഷെ അവര്‍ക്കിടയില്‍ നീതിയോടെ പെരുമാറിയില്ലെങ്കില്‍ അന്ത്യനാളില്‍ ഒരുഭാഗം തളര്‍ന്നവനായാണവന്‍ യാത്രയാക്കപ്പെടുക”(അബൂദാവൂദ് : 1821).പൂര്‍ണമായും നീതി പാലിക്കാന്‍ നമുക്ക് സാധിക്കില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍(സൂറത് നിസാഅ്:129) കഴിവിനനുസരിച്ച് നീതി പുലര്‍ത്തണമെന്നാണ് ഹദീസിൻ്റെ താല്പര്യം.സ്വഭാവഗുണം,ഭര്‍തൃസ്‌നേഹം,സൗന്ദര്യം,ആരോഗ്യം,അറിവ്,കാര്യപ്രാപ്തി എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാവും ഭാര്യഭര്‍ത്താക്കള്‍ക്കിടയിലെ സ്‌നേഹത്തിനും ഇണക്കത്തിനും ഏറ്റ വ്യത്യാസം ഉണ്ടാവുന്നത്.പ്രസ്തുത ഗുണങ്ങള്‍ എല്ലാവരിലും വ്യത്യസ്തമായിരിക്കും.എങ്കിലും ഭക്ഷണം,വസ്ത്രം, താമസം,ജീവിത സൗകര്യങ്ങള്‍ എന്നിവയിലെല്ലാം തുല്യനീതി പാലിക്കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ്.
ഭാര്യക്ക് ചെലവ് കൊടുക്കല്‍
തൻ്റെയും ഭാര്യയുടെയും മക്കളുടെയും ചെലവ് വഹിക്കല്‍ ഭര്‍ത്താവിൻ്റെ ബാധ്യതയാണ്.തൻ്റെ അവസ്ഥക്കും നാട്ടിലെ പതിവ് ഭക്ഷണരീതിക്കും അനുസരിച്ചാണ് നല്‍കേണ്ടത്.അല്ലാഹു പറയുന്നു:”പുരുഷന്മാര്‍ സ്ത്രീകളുടെ സംരക്ഷകരാണ്.അവരില്‍ ചിലരെ മറ്റു ചിലരേക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയതിനാലും അവരുടെ ധനങ്ങളില്‍ നിന്ന് അവര്‍ ചെലവഴിക്കുന്നത് കൊണ്ടും”(സൂറത് നിസാഅ് :34).ഭാര്യയേയും മക്കളെയും അന്നമൂട്ടുന്നതും അതിനായി പ്രയാസങ്ങള്‍ സഹിക്കുന്നതും പ്രതിഫലാര്‍ഹമാണ്.ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്ന ഓരോ ഭക്ഷണവും സ്വദഖയാണെന്നാണ് ഹദീസ്(സ്വഹീഹ് ബുഖാരി :56).
ഭര്‍ത്താവ് സമ്പന്നനാണെങ്കില്‍ ഭക്ഷണമായി ദിവസവും രണ്ട് മുദ്ദ് ഭക്ഷണം നല്‍കണം(ഒരു മുദ്ദ് ഏകദേശം 650 ഗ്രാം ആണ്).ഭര്‍ത്താവ് ദരിദ്രനാണെങ്കില്‍ ദിവസവും ഒരു മുദ്ദാണ് നല്‍കേണ്ടത്.ഇടത്തരക്കാരനാണെങ്കില്‍ ഒന്നര മുദ്ദ് നല്‍കണം. ഭാര്യ സമ്പന്നയാണെങ്കില്‍ പോലും സ്വന്തം ചിലവുകള്‍ക്ക് അവള്‍ സ്വന്തം ധനം ചെലവഴിക്കേണ്ടതില്ല.ഭാര്യയുടെ നാട്ടിലെ പൊതുവായുള്ള ഭക്ഷണമാണ് നല്‍കേണ്ടത്.പ്രധാന വിഭവത്തിനോടൊപ്പം ആവശ്യമായ മറ്റു ഭക്ഷണങ്ങളും നല്‍കാന്‍ ഭര്‍ത്താവ് ശ്രദ്ദിക്കേണ്ടതുണ്ട്.കറി,മാംസം,എണ്ണ,കുടി വെള്ളം,ഉപ്പ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.ഓരോ ആറ് മാസം കൂടുമ്പോഴും ഭാര്യക്ക് ശരീരം മറക്കുന്ന വസ്ത്രവും വാങ്ങി നല്‍കണം(തുഹ്ഫ: 8/306) കൂടാതെ വസ്ത്രത്തിനോടൊപ്പം ഭര്‍ത്താവിന് മുമ്പില്‍ ഭംഗിയാകാന്‍ ആവശ്യമായ വസ്തുക്കളും നല്‍കല്‍ ഭര്‍ത്താവിൻ്റെ കടമയാണ്. യോജിച്ച അടച്ചുറപ്പുള്ള താമസ സൗകര്യം ഒരുക്കലും ഭര്‍ത്താവിൻ്റെ ബാധ്യതയാണ്.വീട്ടുജോലികളില്‍ ആവശ്യപ്പെട്ടാല്‍ സഹായത്തിനു ആളെയും വെച്ചുകൊടുക്കണം. ഇവിടെ പരാമര്‍ശിച്ചത് നിര്‍ബന്ധത്തിൻ്റെ പരിധിയാണ്.ഇതില്‍ വീഴ്ച വരുത്തുന്ന ഭര്‍ത്താവിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ഭാര്യക്ക് അവകാശവും സ്വാതന്ത്ര്യവുമുണ്ട്.
ഒരു സാഹചര്യത്തിലും ഭാര്യ ഭര്‍ത്താവിൻ്റെ വേലക്കാരിയല്ല.ഇണകള്‍ എന്നാണ് ഖുര്‍ആനിൻ്റെ പ്രയോഗം.ഭര്‍ത്താവിൻ്റെ ഭാരങ്ങള്‍ ലഘുകരിക്കുക എന്നതാണ് ഭാര്യക്ക് ഏറ്റവും യോജിച്ചത്.പരമാവധി വിട്ടുവീഴ്ചയും സഹകരണവുമാണ് വിവാഹത്തിൻ്റെ ചൈതന്യം.അത് കണക്കുപറച്ചിലിൻ്റെയോ വിലപേശലിൻ്റെയോ ഇടമല്ല.മറിച്ച് സ്‌നേഹത്തിൻ്റെയും സഹകരണത്തിൻ്റെയും സംവിധാനമാണ്.എന്ന് വെച്ച് നീതികേടുകള്‍ സഹിച്ച് മനംനൊന്ത് കഴിയണമെന്നുമില്ല. മനുഷ്യസഹജമായ ദൗര്‍ബല്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉള്ളു തുറന്ന ആശയവിനിമയത്തിലൂടെ പരിഹാരം നേടുകയാണ് വേണ്ടത്.
ഭാര്യയുടെ ബാധ്യതകള്‍
കുടുംബനാഥനായ ഭര്‍ത്താവ് ജീവിതചെലവ് കണ്ടെത്തുന്നതിലും മറ്റുമായ മുഴുകുമ്പോള്‍ ഗൃഹഭരണം ഏറ്റെടുത്തു നടത്തേണ്ടുന്നവളാണ് ഭാര്യ.ഭര്‍ത്താവിന് ഭാര്യയോട് കടമകളുള്ളത് പോലെ ഭാര്യക്ക് തിരിച്ചും കടമകളുണ്ട്. അവ പൂര്‍ത്തീകരിച്ച് കൊണ്ടുപോകുമ്പോള്‍ കുടുംബജീവിതം സന്തോഷത്തിലും ആനന്ദത്തിലുമാകുന്നു.ഭാര്യക്ക് പ്രധാനമായും ചെയ്യേണ്ടിവരുന്ന കടമകളെ നാലായി തിരിക്കാം.
ഭര്‍ത്താവിന് വഴിപ്പെടുക
നബി(സ്വ) പറയുന്നു:”ഒരു സൃഷ്ടിക്ക് മറ്റൊരു സൃഷ്ടിയോട് സുജൂദ് ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ ഭാര്യ ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കുമാമായിരുന്നു”(അബൂ ദാവൂദ് :2140).നബി(സ്വ) വീണ്ടും പറയുന്നു:”സ്ത്രീ അവളുടെ മേല്‍ നിര്‍ബന്ധമായ അഞ്ചു സമയത്തെ നമസ്‌കാരം നിര്‍വഹിക്കുകയും അവളുടെ ഒരു മാസത്തെ നോമ്പ് അനുഷ്ഠിക്കുകയും അവളുടെ ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കുകയും ഭര്‍ത്താവിന് വഴിപ്പെടുകയും ചെയ്താല്‍ സ്വര്‍ഗ കവാടങ്ങളില്‍ അവള്‍ ഉദ്ദേശിച്ചതില്‍ കൂടി അവള്‍ പ്രവേശിപ്പിക്കപ്പെടും.”(അഹ്‌മ്മദ്:1661). ഭാര്യ ഭര്‍ത്താവിന് വഴിപ്പെടുന്നതിൻ്റെ പ്രാധാന്യം മേല്‍ ഹദീസുകളില്‍ നിന്ന് വ്യക്തമാണല്ലോ.
ഭര്‍ത്താവിനോട് നല്ല നിലയില്‍ പെരുമാറുക
ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ തന്റെയും രഹസ്യമായിരിക്കുക,അവനെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അപമാനപ്പെടുത്താതിരിക്കുക,അവന്റെ മുമ്പില്‍ അവളുടെ കണ്ണ് താഴ്ത്തുക,അവന്റെ കല്‍പ്പന അനുസരിക്കുക,അവന്‍ സംസാരിക്കുമ്പോള്‍ മൗനിയായിരിക്കുക,അവന്‍ അടുക്കലുള്ളപ്പോള്‍ ഭംഗിയോടെ നില്‍ക്കുകയും അവന്റെ അഭാവത്തില്‍ ഭംഗി ഉപേക്ഷിക്കുകയും ചെയ്യുക,അവന്റെ അനുമതി കൂടാതെ പുറത്തു പോകാതിരിക്കുക,സമ്മതമില്ലാതെ സുന്നത് നോമ്പ് അനുഷ്ഠിക്കാതിരിക്കുക എന്നിവ ഭര്‍ത്താവിനോട് ചെയ്യേണ്ട നല്ല കാര്യങ്ങളില്‍ ചിലതാണ്.നബി(സ്വ) പറയുന്നു:’ഭര്‍ത്താവ് തന്റെ ഇണയുമായി പൊരുത്തത്തിലും തൃപ്തിയിലും ജീവിച്ചു കൊണ്ടിരിക്കെ അവള്‍ മരണപ്പെട്ടാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്.(തുര്‍മുദി:1161)
ശാരീരിക ബന്ധത്തിന് അനുവദിക്കുക
വിവാഹത്തിൻ്റെകാതലായ നേട്ടങ്ങളില്‍ ഒന്നാണല്ലോ ലൈംഗിക സുഖം.ഭര്‍ത്താവിന് ആവശ്യമായ സമയത്തെല്ലാം ഭാര്യ തയ്യാറാവല്‍ അവളുടെ മേല്‍ ബാധ്യതയാണ്.മാത്രമല്ല, ഇതിന് സ്വദഖയുടെ പുണ്യവും ലഭിക്കും.എതിര്‍ക്കുന്നത് വലിയ കുറ്റമായിട്ടാണ് ഇസ്ലാം കണക്കാക്കുന്നത്.ഭര്‍ത്താവിനെ എതിര്‍ത്ത ഭാര്യയെ പുലരുവോളം മലക്കുകള്‍ ശപിക്കുന്നതായി ഹദീസില്‍ വന്നിട്ടുണ്ട്.
ഉത്തരവാദിത്ത പൂര്‍ണ്ണമായ ഗൃഹഭരണം
നബി(സ്വ) പറയുന്നു:”ഒരു സ്ത്രീ അവളുടെ ഭര്‍തൃഗൃഹത്തിലെ ഭരണാധികാരിയാണ്.ഭരണീയരെക്കുറിച്ച് അവളോട് ചോദ്യം ചെയ്യപ്പെടും”(സ്വഹീഹുല്‍ ബുഖാരി:2554). ഭര്‍ത്താവിൻ്റെ സ്വത്തുകള്‍ സൂക്ഷിക്കുക, സന്താനങ്ങളെ പരിപാലിക്കുക, മാതാപിതാക്കളെ പരിചരിക്കുക തുടങ്ങിയ കാര്യങ്ങളാണ് അവള്‍ ശ്രദ്ധിക്കേണ്ടത്.മാത്രമല്ല,സല്‍പ്രവര്‍ത്തനങ്ങളിലേക്ക് തൻ്റെ കുടുംബത്തെ പ്രേരിപ്പിക്കലും ഭര്‍ത്താവിന് സദുപദേശം നല്‍കലും അവള്‍ ചെയ്യേണ്ടതായ കാര്യമാണ്.നബി(സ്വ) പറഞ്ഞു:”അല്ലാഹു ഒരു മനുഷ്യന് കരുണ ചെയ്യട്ടെ,അവന്‍ രാത്രി എഴുന്നേല്‍ക്കുകയും നിസ്‌കരിക്കുകയും ചെയ്യുന്നു.ശേഷം ഭാര്യയെ വിളിച്ചുണര്‍ത്തി അവളും നിസ്‌കരിക്കുന്നു.അവള്‍ വിസമ്മതിച്ചാല്‍ മുഖത്ത് വെള്ളം കുടഞ്ഞ് എഴുന്നേല്‍പ്പിക്കുന്നു. അല്ലാഹു ഒരു പെണ്ണിനും കരുണ ചെയ്യട്ടെ.അവള്‍ രാത്രി എഴുന്നേറ്റ് നിസ്‌കരിക്കുകയും ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തുകയും ചെയ്യുന്നു, അവന്‍ വിസമ്മതിച്ചാല്‍ അവൻ്റെ മുഖത്ത് വെള്ളം കുടയുകയും ചെയ്യുന്നു”(അബൂ ദാവൂദ്:1308).