അബൂബക്കര്‍ സിദ്ധീഖ് (റ)
പുണ്യ നബി (സ)യുടെ അനുചരില്‍ അത്യുല്‍കൃഷ്ടരും ഉമ്മത്തില്‍ ഏറ്റവും വലിയ സ്ഥാനവുമുള്ള സ്വഹാബിയാണ് ഖുലഫാഉറാശിദുകളില്‍ ഒന്നാമരായ അബൂബക്കര്‍ സിദ്ധീഖ് (റ). (സിദ്ധീഖ് എന്ന പേരില്‍ അറിയപ്പെടുന്ന മഹാനവര്‍കളുടെ) പൂര്‍ണ്ണനാമം അബൂബക്കര്‍ അബ്ദുള്ള എന്നാണ്. ഹിജ്‌റയുടെ 50 ആണ്ടുകള്‍ക്ക് മുമ്പ് ( AD573) മക്കയിലെ തിഹാമയില്‍ ഉസ്മാന്‍ (റ) (അബൂ ഖുഹാഫ) ന്റെയും സല്‍മബിന്‍ത് സഖ്ര്‍ (റ) )ന്റെയും മകനായി ജന്മം കൊണ്ടു. അബ്ദുറഹിമാന്‍, അബ്ദുള്ള, മുഹമ്മദ്, അസ്മാഅ്, ആഇശ, ഉമ്മുകുല്‍സും എന്നീ മക്കളുള്ള മഹാനവര്‍കള്‍ക്ക് ഉമ്മുറുമ്മാന്‍, അസ്മാഅ്, ഹബീബ, ഖതീല എന്നിവര്‍ ജീവിത പങ്കാളികളായിരുന്നു. പിതാവും മാതാവും സന്താനവും സഹധര്‍മ്മിണികളും സത്യ മതം പുല്‍കിയവരെന്ന സവിശേഷതയും സിദ്ധീഖ് (റ) നുണ്ട്.
ഉന്നതമായ കുടുംബത്തില്‍ പിറന്നു വീണ മഹാന്‍ തിരുനബി(സ)യുടെ നുബുവ്വത്തിന് മുമ്പേയുള്ള കൂട്ടുകാരനായിരുന്നു. ജാഹിലിയ്യത്തിന്റെ കൂരിരുട്ടില്‍ കിടന്ന് മദ്യവും മറ്റു അരാചകത്വവും അഭിമാന ചിഹ്നമായി കണ്ടിരുന്ന സമകാലികരില്‍ നിന്ന് അദ്ദേഹം ഏറെ അകലം പാലിച്ചു. വിനയവും സൗമ്യതയും നിറഞ്ഞ മുഖത്തോടെ ജനത്തെ സമീപിക്കുന്ന അദ്ദേഹം തികഞ്ഞ സത്യസന്ധനും അതിരറ്റ ധര്‍മ്മിഷ്ടരുമായിരുന്നു.
പുരുഷന്മാരില്‍ നിന്നും ആദ്യം സത്യമതം പുല്‍കിയ അബൂബക്കര്‍ (റ) അവിടന്ന് പറയുന്നതെന്തും ഉടന്‍ വിശ്വസിച്ചു. ഇത് അവിടത്തെ വേറിട്ടൊരു സവിശേഷതയായിരുന്നു. ഇസ്‌റാഅ് മിഅ്‌റാജിന്റെ യാത്ര വിശ്വാസികളില്‍ തന്നെ ചിലര്‍ക്ക് സംശയപ്പെടുത്തിയപ്പോള്‍ പോലും മുഹമ്മദ് നബി (സ) തങ്ങള്‍ അങ്ങനെ പറഞ്ഞെങ്കില്‍ ഞാനത് വിശ്വസിച്ചു എന്ന് പറഞ്ഞ് നബി (സ) തങ്ങളോടുള്ള തന്റെ വിശ്വാസത്തിനെ ജനങ്ങള്‍ക്കിടയില്‍ വിളംബരം ചെയ്യുകയായിരുന്നു അദ്ദേഹം. അതേ തുടര്‍ന്ന് സിദ്ദീഖ് (റ) (പരമസത്യസന്ധന്‍) എന്ന സ്ഥാനപ്പേര് നല്‍കപ്പെട്ടു.
പിറന്ന നാട് വിട്ട് മദീനയിലേക്ക് നടത്തിയ ഹിജ്‌റയുടെ കയ്പ്പുള്ള അനുഭവങ്ങളില്‍ മധുരമുള്ള ഓര്‍മ്മയായി നബി(സ) യുടെ കൂടെയുണ്ടായിരുന്നത് സിദ്ധീഖ് (റ) ആണ്. വിശുദ്ധ ഖുര്‍ആന്‍ പോലും പ്രതിബാധിച്ച ആ വിശേഷ ഹിജ്‌റയില്‍ മുത്ത് നബി (സ)യുടെ സേവകനായും സംരക്ഷകനായും സിദ്ധീഖ് (റ) കൂടെ ഉണ്ടായിരുന്നു. ‘തന്റെ ജീവിതത്തില്‍ അനുവര്‍ത്തിച്ച മുഴുവന്‍ കര്‍മ്മങ്ങളും നിങ്ങള്‍ക്കുതരാം നിങ്ങള്‍ നബി (സ)യോടൊപ്പം ഹിജ്‌റ പോയതിന്റെ പ്രതിഫലം എനിക്ക് തരുമോ’ എന്ന് ഒരിക്കല്‍ ഉമര്‍ (റ) അവിടുത്തോട് ചോദിച്ചുവെങ്കില്‍ എത്ര മഹത്തരമായിരിക്കും ആ ഹിജ്‌റയുടെ പ്രതിഫലം !
പ്രവാചകരോട് അതിരറ്റ പ്രണയമായിരുന്നു അവിടുന്ന് പുല്‍കിയിരുന്നത്. സത്യ മതത്തിന്റെ പരസ്യ പ്രചരണത്തിന് തുടക്കമിട്ട നേരത്ത് ശത്രു പ്രമുഖരില്‍ നിന്നുള്ള മര്‍ദ്ദനമേറ്റ് ബോധരഹിതനായ അദ്ദേഹം ഉണര്‍ന്നപ്പോള്‍ ഒരിറ്റ് വെള്ളം കുടിപ്പിക്കാന്‍ ഉമ്മയും കൂടെയുള്ളവരും തുനിഞ്ഞപ്പോഴും എന്റെ ഹബീബിന്റെ വിശേഷമറിയാതെ (ഒരു തുള്ളി വെള്ളം) വേണ്ടായെന്ന് തറപ്പിച്ച് പറയുകയായിരുന്നു. ഇത്തരത്തില്‍ മറ്റെന്തിനേക്കാളും ഹബീബിനെ ഇഷ്ടം വെച്ച അദ്ദേഹം ഇസ്‌ലാമിന്റെ പ്രചരണത്തിന് തിരുനബി (സ)ക്ക് മുമ്പില്‍ തന്റെ സമ്പത്തഖിലതും സമര്‍പ്പിച്ചു. ‘അബൂബക്കറിന്റെ ധനം ഉപകാരപ്പെട്ടത് പോലെ മറ്റാരുടെ ധനവും ഉപകാരപ്പെട്ടിട്ടില്ല എന്ന് നബി (സ) പറയുകയുണ്ടായി. ‘ബിലാല്‍ (റ), ആമിറുബ്‌നു ഹുറൈറ (റ) തുടങ്ങിയ ഒട്ടേറെ അടിമകളെ സ്വതന്ത്രമാക്കി. നിഴലില്ലാത്ത നബി (സ)യുടെ നിഴലായി കൂടെ നിന്ന സിദ്ധീഖ് (റ)വിന് അവിടുത്തെ വിയോഗം അസഹ്യമായെങ്കിലും അതെല്ലാം കടിച്ചമര്‍ത്തി കയ്യില്‍ വന്ന ഖിലാഫത്തിനെ മാന്യമായി ഏറ്റെടുത്തു. ഖലീഫയായി അടുത്ത ദിവസങ്ങളില്‍ തന്നെ കച്ചവട വസ്തുവുമായി അങ്ങാടിയിലേക്കിറങ്ങിയ സിദ്ധീഖ് (റ) നെ കണ്ട് സ്തബ്ധരായ സ്വഹാബത്തിന്റെ ഇടപെടലിന് ശേഷമാണ് ഉപജീവനത്തിന് പൊതു ഖജനാവില്‍ നിന്നും പണമെടുത്തത്. നബി (സ)യുടെ അടുക്കല്‍ നിന്നും ഒപ്പിയെടുത്ത സ്വഭാവ ഗുണങ്ങള്‍ തന്റെ ഖിലാഫത്തിന്റെ വേളയില്‍ പൂര്‍ണമായും അദ്ദേഹം പ്രകടിപ്പിച്ചു. നബി തങ്ങള്‍ക്ക് ശേഷം ഉമ്മത്ത് ഫിത്‌നയില്‍ അകപ്പെടുമോ എന്ന് ഭയപ്പെട്ടതിനാല്‍ മാത്രമാണ് അധികാരത്തിലേറിയത് എന്ന് അവിടുന്ന് പറയുകയുണ്ടായി.
ശക്തമായ തീരുമാനമായിരുന്നു സിദ്ധീഖ് (റ) ന്റേത്. മുത്ത് നബിയുടെ വിയോഗാനന്തരം രൂപപ്പെട്ട സക്കാത്ത് വിരോധികളെയും അസ്‌വദുല്‍ അന്‍സിയുടെ ചുവട് പിടിച്ച് നുബുവ്വത്ത് വാദികളായ മുസൈലിമത്തുല്‍ ഖദ്ദാബ്, സജാഹ് തുടങ്ങിയവരെ ധീരമായി നേരിട്ടു. ഇവരില്‍ മുസൈലിമ ലഖീതുബ്‌നു മാലിക്, വഹ്ശ് (റ) ന്റെയും ലഖീതിനെ ഇക്‌രിമ (റ) ന്റെ സൈന്യവും വധിച്ചു. മറ്റുള്ളവര്‍ പില്‍കാലത്ത് ഇസ്‌ലാമിലേക്ക് മടങ്ങി.
രിദ്ദത് വാദം ഉമ്മത്തില്‍ സൃഷ്ടിച്ച അപകടം ചെറുതായിരുന്നില്ല. സക്കാത്ത് വിരോധികളെ നേരിടുന്നതിനിടെ ഉമര്‍ (റ) പോലും മയത്തിലായ നേരത്ത് നബി (സ)യുടെ കാലത്ത് നല്‍കിയിരുന്ന ഒട്ടക കയര്‍ തടഞ്ഞാല്‍ പോലും അതിനെ ഞാന്‍ നേരിടും എന്ന പ്രഖ്യാപനവുമായി യുദ്ധം നടത്തിയ സിദ്ധീഖ് (റ) ന്റെ തീരുമാനം തന്നെയായിരുന്നു ശരിയെന്ന് പില്‍കാലത്ത് തെളിയിക്കപ്പെട്ടു. നബി തങ്ങള്‍ സിറിയയിലേക്കയച്ച 18 തികയാത്ത ഉസാമ (റ) ന്റെ നേതൃത്വത്തിലുള്ള സംഘം നബി (സ)യുടെ വിയോഗത്താല്‍ മടങ്ങിയപ്പോള്‍ ഖലീഫയായ ശേഷം സിദ്ധീഖ് (റ) അതേ സംഘത്തെ തന്നെ പറഞ്ഞയക്കുകയും ശക്തരായ ഉമര്‍ (റ) നെ ഇവിടെ നിര്‍ത്തട്ടെ എന്ന സമ്മതം സേനാ നായകന്റെ ചെറുപ്പം നോക്കാതെ ചോദിച്ചതും ആ വിശാല മനസ്സിന്റെ വെണ്‍മയാര്‍ന്ന മുദ്രകളാണ്. തന്റെ അധികാര പരിധിയിലെ ഒരു പടു വൃദ്ധയെ ദിനവും തന്റെ കൈ കൊണ്ട് പരിചരിച്ച സിദ്ധീഖ് (റ) സമുദായത്തിന്റെ നേതാവ് അവരുടെ ഖാദിമാണെന്നതിന്റെ അതുല്യമായ ഉദാഹരണമാണ്.
ഖുര്‍ആന്‍ ക്രോഡീകരണം നടത്താനും രിദ്ദത് വാദം, കള്ള പ്രവാചകത്വം, സകാത്ത് വിരോധം തുടങ്ങിയ അനൈക്യത്തിന്റെയും അവിശ്വാസത്തിന്റേയും ചിറകരിഞ്ഞ് പേര്‍ഷ്യാ റോമാ സാമ്രാജ്യത്തെ തകര്‍ത്ത് ഇസ്‌ലാമികാതിര്‍ത്തിക്ക് വ്യാപ്തി നല്‍കാന്‍ കേവലം രണ്ട് വര്‍ഷവും രണ്ട് മാസവും നീണ്ടു നിന്ന ആ ഭരണത്തിന് സാധിച്ചു. രാജ്യത്തെ പത്ത് സംസ്ഥാനമായി തിരിച്ച് അവിടങ്ങളിലൊക്കെ അമീറുമാരെ നിയോഗിച്ചിരുന്നു. ഏതൊന്നും മറ്റുള്ളവരോട് അഭിപ്രായം തേടി മാത്രം ചെയ്തിരുന്ന ആ ഭരണത്തില്‍ വിശ്വാസികള്‍ സന്തുഷ്ടരായിരിക്കെ തന്റെ പിന്‍ഗാമിയായി ഉമര്‍ (റ)നെ നിയോഗിച്ച് ‘എന്റെ ഉമ്മത്തിലെ മുഴുവന്‍ ആളുകളുടേയും ഈമാന്‍ ഒരു തട്ടിലും സിദ്ധീഖ് (റ) ന്റെ ഈമാന്‍ മറ്റൊരു തട്ടിലും വെച്ചാല്‍ സിദ്ധീഖ് (റ) ന്റെ തട്ട് കനം തൂങ്ങുമെന്ന്’ പുണ്യ നബി വിശേഷിപ്പിച്ച ആ മഹാന്‍ ഹിജ്‌റ 13 ജമാദുല്‍ ഊലയില്‍ തന്റെ അറുപത്തിമൂന്നാം വയസ്സില്‍ റൗളാശരീഫില്‍ ഹബീബ് (സ) യോടൊപ്പം ചേര്‍ന്നു
ഉമര്‍ ബിന്‍ ഖത്താബ് (റ)
ഫാറൂഖ്; സത്യാസത്യങ്ങള്‍ വേര്‍തിരിക്കുന്നവന്‍ എന്നര്‍ത്ഥം. ഖത്താബിന്റെയും ഹന്‍തമ ബിന്‍ത് ഹിശാമ്ബ്‌നുല്‍ മുഗീറ എന്നിവരുടെയും പുത്രനായി മക്കയില്‍ എഡി 583 ല്‍ ജന്മം കൊണ്ടു. ആദ്യകാലത്ത് ഇസ്‌ലാമിന്റെ കഠിനശത്രുവും പിന്നെ സത്യദീനിന്റെ ശക്തനായ പോരാളിയുമായി മാറിയ ഹസ്രത്ത് ഉമര്‍ (റ) വാണ് ഈ സ്ഥാനപ്പേരിനര്‍ഹന്‍.
ഉമ്മു കുല്‍സൂം മുലൈക്ക, സൈനബ്, ജുമൈല, ആത്തിക്ക, ഉമ്മു കുല്‍സൂം ബിന്‍ത് അലി എന്നിവര്‍ സഹധര്‍മ്മിണികളും ഉബൈദുള്ള, സൈദുല്‍ അക്ബര്‍, സൈദുല്‍ അസ്ഹര്‍, അബ്ദുല്ല (ഇബ്‌നു ഉമര്‍ (റ) എന്ന പേരില്‍ പ്രസിദ്ധരായ), ഹഫ്‌സ്വ (മുത്ത് നബിയുടെ സഹധര്‍മിണിയാവാന്‍ ഭാഗ്യം സിദ്ധിച്ച), അബ്ദുറഹിമാനുല്‍ അക്ബര്‍, അബൂ ശഹ്മ, അബ്ദുറഹിമാന്‍ അസ്ഹര്‍, ആസിം, ഇയാദ്, ഫാത്തിമ, റുഖിയ്യ എന്നിവര്‍ അവിടുത്തെ സന്താനങ്ങളുമാണ്.
ധീരതയുടെ പര്യായമായ ഉമര്‍ (റ) ഇസ്‌ലാമികാഘോഷം പരസ്യമായി. ഇസ്‌ലാം ആശ്ലേഷിച്ച ശേഷം ധീരതയുടെ പര്യായമായ ഉമര്‍ (റ) നബി തങ്ങളുടെ സമ്മത പ്രകാരം 40 അംഗങ്ങളുള്ള വിശ്വാസികളെ രണ്ട് വരിയായി നിര്‍ത്തി കഅ്ബ ലക്ഷ്യമാക്കി മാര്‍ച്ച് നടത്തി. നടുവില്‍ നബി (സ) യും ഇരു വരികളില്‍ ഉമര്‍ (റ) യും ഹംസ (റ) യും മുന്നില്‍ നിന്നു. ഇതോടെയാണ് മഹാനവര്‍കള്‍ക്ക് ഫാറൂഖ് എന്ന സ്ഥാനപ്പേര് വന്നത്.
പരസ്യമായി ഹിജ്‌റ നടത്തിയ ഉമര്‍ (റ) ഇസ്‌ലാമിന്റെ വിജയ വേളകളിലെ നിര്‍ണ്ണായക സാന്നിധ്യമായി. അബൂബക്കര്‍ (റ) നേക്കാള്‍ 10 വര്‍ഷം ഇളയതായിരുന്നു ഉമര്‍ (റ) എങ്കിലും പരസ്പരം ശക്തമായ സ്‌നേഹ ബന്ധത്തിലായിരുന്നു. ഉമര്‍ (റ) ന്റെ നിലപാടിനെ ശരിവെച്ച് കൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ പോലും ഇറങ്ങിയിട്ടുണ്ട.് നിശ്ചയം അല്ലാഹു ഉമര്‍ (റ) ന്റെ നാവില്‍ സത്യത്തെ ചേര്‍ത്ത് വെച്ചിരിക്കുന്നുവെന്ന് ഒരിക്കല്‍ നബി (സ) പറയുകയുണ്ടായി. എനിക്ക് ശേഷം ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ ഉമര്‍ (റ) ആണെന്നും നബി (സ) അവിടുത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
തന്റെ പിന്‍ഗാമികയെ പ്രഖ്യാപിച്ച്് മദീനയെ ദുഃഖത്തിലാക്കി വിട പറഞ്ഞ സിദ്ധീഖ് (റ) ന് ശേഷം ഉമര്‍ (റ) നിയോഗിക്കപ്പെട്ടു. നീതിയുടെ നിറകുടമായിരുന്നു അദ്ദേഹം. അശരണര്‍ക്ക് ആശ്രയിക്കാവുന്ന അത്താണിയാണ്. പുണ്യ നബിയുടെ സ്വഭാവ ഗുണങ്ങള്‍ സിദ്ധീഖ് (റ) വിനെ പോലെ ഉമര്‍ (റ) ലും തിളങ്ങി നിന്നു. ഈന്തപ്പന ഓലയില്‍ കിടന്ന റസൂല്‍ (സ)യെ പിന്‍ പറ്റി ഉമര്‍ (റ) വും കിടന്നത് അങ്ങനെയാണ്. നീണ്ട ദിനങ്ങള്‍ പട്ടിണിയില്‍ കിടന്നു.
ഭരണ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല. സത്യത്തിനും സാധുക്കളുടേയും മുമ്പില്‍ പുഞ്ചിരി തൂകി വിനയാന്വിതനായി നില്‍ക്കുന്ന അദ്ദേഹം അധര്‍മ വാഹകര്‍ക്ക് മുമ്പിലും അനീതിക്കുമുമ്പിലും കത്തുന്ന തീ ജ്വാലയായി പിശാച് പോലും ആ ഗമനം കൊണ്ടുള്ള വഴിയില്‍ നിന്ന് മാറി നിന്നു. തന്റെ അധികാര പരിതിയില്‍ നിലകൊള്ളുന്നവരില്‍ ആരെങ്കിലും നീതി ലഭിക്കാതെ പോവുന്നുണ്ടോയെന്ന് അറിയാന്‍ പാതിരാത്രിയില്‍ ലോകമുറങ്ങിയ നേരം ഗ്രാമ പ്രദേശങ്ങളിലും നടന്നിരുന്നു ആ ഖലീഫ.ഇത് പടച്ചവനോടുള്ള ഭയം കൊണ്ട് മാത്രമായിരുന്നെന്ന് നമുക്ക് മനസ്സിലാക്കാം.
വ്യവസ്ഥാപിതമായ ഇസ്‌ലാമിക ഭരണത്തിന് തുടക്കമിട്ട ഉമര്‍ (റ) വിന്റെ പേരില്‍ പില്‍കാലത്ത് അറിയപ്പെട്ട ‘അവ്വലിയ്യത്തു ഉമര്‍ (റ)’ ലോകം മാതൃകയായി സ്വീകരിച്ചിട്ടുണ്ട്. ഗാന്ധിജിയടക്കമുള്ള പല രാഷ്ട്ര നായകന്മാരും ആ ഭരണ വ്യവസ്ഥ ആഗ്രഹിച്ചു.
രാജ്യം ജില്ലകളും സംസ്ഥാനങ്ങളുമാക്കി തിരിക്കല്‍, പ്രധാനയിടങ്ങളില്‍ ഖാസിമാരെ നിയമിക്കല്‍, സൈനിക രജിസ്റ്റര്‍, പൊതുമുതല്‍ സംവിധാനം, ശമ്പള-പെന്‍ഷന്‍ പദ്ധതികള്‍, സൗജന്യ റേഷന്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ അദ്ദേഹം കൊണ്ട് വന്നു. സംഘടിത തറാവീഹ് പുനഃര്‍ സംഘടിപ്പിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.
ഒരു കാലത്ത് തനിക്ക് പിറന്ന കുഞ്ഞ് പെണ്ണായതിനാല്‍ ജീവനോടെ കുഴിച്ച് മൂടിയ അതേ കൈ കൊണ്ട് തന്റെ രാജ്യത്തെ പാവപ്പെട്ട ഒരു പടു വൃദ്ധയുടെ മല മൂത്ര വിസര്‍ജ്ജനങ്ങള്‍ വൃത്തിയാക്കാന്‍ മാത്രം പരിവര്‍ത്തനം ചെയ്യപ്പെട്ട ആ ഹൃദയം പരലോക ചിന്തയില്‍ എപ്പോഴും തേങ്ങികൊണ്ടിരുന്നു.
ലളിതമായി ജീവിച്ച് ജ്ഞാനത്തെ സേവിച്ച് 10 വര്‍ഷവും 6 മാസവും നീണ്ട വിപ്ലവകരമായ ഭരണം കാഴ്ച വെച്ച് ഹിജ്‌റ 23 ദുല്‍ ഹിജ്ജ മാസത്തില്‍ തന്റെ 63 ാം വയസ്സില്‍ അബൂലുഅ്‌ലുഅയുടെ കുത്തേറ്റ് വീണ ആ നീതിയുടെ കൂട്ടുകാരന്‍ ലോകത്തോട് വിട പറഞ്ഞു. റൗളയില്‍ തിരുനബിയുടെ ചാരത്ത് അന്ത്യ വിശ്രമം കൊള്ളുന്നു.
ഉസ്മാന്‍ (റ)
ദുന്നൂറൈന്‍ അഥവാ ഇരട്ട പ്രകാശത്തിനുടയവന്‍, മക്കയില്‍ ധനാഢ്യനായ അഫ് വാന്റേയും അര്‍വായുടേയും മകനായി ഹിജ്‌റയുടെ 47 വര്‍ഷം മുമ്പ് പിറന്ന ഹസ്രത്ത് ഉസ്മാന്‍ (റ) വാണ് ഈ സ്ഥാനപ്പേരിനര്‍ഹന്‍. ബീവി റുഖിയ്യ (റ) ഉമ്മു കുല്‍സു (റ) ഫാഖിത ഫാതിമ, ഉമ്മുല്‍ ബനീന്‍, റംല, നാഇം എന്നിവര്‍ സഹധര്‍മ്മിണികളായിരുന്നു. അബ്ദുള്ള അക്ബര്‍, അംത്, ഉമര്‍, ഖാലിദ് അബാന്‍ എന്നിവര്‍ സന്താനങ്ങളും ഉണ്ടായിരുന്നു. ചെറുപ്രായത്തിലെ ഉത്കൃഷ സ്വഭാവത്തിനുടമയായ ഉസ്മാന്‍ (റ) അതീവ ലജ്ജയുടയവരും നബി തങ്ങളോട് ഏറെ സാദൃശ്യമുള്ളവരുമാണ്. ശത്രു ഭാഗത്ത് നിന്നും കഠിനമായ മര്‍ദ്ദനത്തിന് വിദേയനായ ആ ധനാഢ്യന്‍ തന്റെ ധനം നല്‍കി നബി തങ്ങളില്‍ നിന്ന് സ്വര്‍ഗം വാങ്ങിയവരാണ്്. മുത്ത് നബിയുടെ പ്രിയ പുത്രിമാര്‍ റുഖിയ്യ (റ) ഉമ്മു കുല്‍സും (റ) എന്നിവരെ വിവാഹം ചെയ്യാന്‍ അപൂര്‍വ്വ ഭാഗ്യമുണ്ടായി ഉസ്മാന്‍ തങ്ങള്‍ക്ക്. ഇതിനാലാണ് ദുന്നൂറൈനി എന്ന സ്ഥാനപ്പേര് ലഭിച്ചത്. മലക്കുകള്‍ പോലും മലക്കുകള്‍ പോലും ലജ്ജ കാണിക്കാറുണ്ടായിരുന്നു.
അവിടുത്തേടെന്ന് നബി (സ) ആഇശാ (റ) യോട് പറയുകയുണ്ടായി മസ്ജിദുന്നബവിയുടെ പുനരുദ്ദാരണം, മസ്ജിദുല്‍ ഹറം വിപുലീകരണം, ബിഅ്‌റു നുമ കിണര്‍, തുടങ്ങിയവയിലൊക്കെയും ഉസ്മാന്‍ (റ) വിന്റെ സംഭാവനയുണ്ടായി. ഏവരേയും വലിയ സ്‌നേഹത്തില്‍ കണ്ട മഹാന്‍ കൂട്ടുകുടുംബത്തേ ഊഷ്മളമാക്കിയുരുന്നെന്ന് അലി (റ) പറയുന്നുണ്ട് സ്വര്‍ഗത്തിലെ എന്റെ കൂട്ടുകാരന്‍ എന്നാണ് നബി(സ) അവിടത്തെ വിശേഷിപ്പിച്ചത്.
മൂന്നാം ഖലീഫയായി സ്ഥാനമേറ്റ അദ്ദേഹത്തിനു കീഴില്‍ ത്വറാബല്‍സ്, അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ ഇടങ്ങളില്‍ ഇസ് ലാമിന്റെ വെളിച്ചമെത്തിച്ചു. നാവിക സേന ആദ്യമായി ഉപയോഗിച്ചത് ഇസ് ലാമിന്റെ കീഴില്‍ അദ്ദേഹമാണ്. നിരവധി രാജ്യങ്ങള്‍ ഖിലാഫത്തിനു കീഴില്‍ കൊണ്ട് വന്നു.
ഖിലാഫത്തിന്റെ അവസാന വേളയില്‍ അനൈക്യങ്ങള്‍ രൂപപ്പെടുകയും ഹിജ്‌റ 35 ല്‍ ഈജിപ്തില്‍ നിന്നുള്ള ചിലര്‍ മഹാനവര്‍കളുടെ വീട് വളഞ്ഞു. നോമ്പ്കാരനായി ദാഹിച്ച് വലഞ്ഞ മഹാന് സ്വപ്‌നത്തിലൂടെ ജലവുമായി നബി (സ) വരുകയും വെള്ളം കുടിപ്പിക്കുകയും നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ നാളെ എന്റെ പക്കല്‍ വെച്ച് നോമ്പ് മുറിക്കുകയോ അല്ലെങ്കില്‍ ശത്രുക്കളെ സഹായിക്കുകയോ ആവാം എന്ന് പറയുകയും ചെയ്തു.
ജീവിക്കുന്നതിനേക്കാള്‍ അങ്ങയോടൊപ്പം എത്തുന്നതാണ് ഇഷ്ടമെന്ന് ഉസ്മാന്‍ (റ) മറുപടി നല്‍കി. ആ രാത്രിയില്‍ പാരായണാവസ്ഥയില്‍ ശത്രുക്കളുടെ കരങ്ങളാല്‍ ആ സ്വദഖയുടെ കൂട്ടുകാരന്‍ 12 വര്‍ഷത്തെ ഭരണ ശേഷം 83ാം വയസ്സില്‍ ഹിജ്‌റ 35 ല്‍ ദുല്‍ഹിജ്ജയിലെ വെള്ളിയാഴ്ചയില്‍ നോമ്പുകാരനായി രക്ത സാക്ഷിയായി. ജന്നത്തുല്‍ ബഖീഇലാണ് ഖബര്‍ ശരീഫ്
അലി (റ)
‘ഞാന്‍ അറിവിന്റെ പട്ടണമാണെങ്കില്‍ അതിലേക്കുള്ള കവാടമാണ് അലി (റ)’ ; മക്കയിലെ പ്രമാണി അബൂത്വാലിബിന്റേയും ഫാത്തിമയുടേയും മകനായി പിറന്ന ഹസ്രത്ത് അലി (റ) നെ നബി തങ്ങള്‍ ഇങ്ങനെയായിരുന്നു വിശേഷിപ്പിച്ചത്. ഫാത്വിമ (റ), ഖൗല ഉമ്മാമ(റ), അസ്മാഅ്(റ), റുഹയ്യ, ലൈല, ഉമ്മു ഹബീബ, ഉമ്മു സഈദ് എന്നിവര്‍ സഹധര്‍മ്മിണികളും ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍(റ), ഉമ്മു കുല്‍സൂം, സൈനബ്, മുഹമ്മദ് അക്ബര്‍, മുഹമ്മദ് ഔസ്വത്ത് തുടങ്ങി 15 മക്കളും ഉണ്ടായിരുന്നു.
അറിവിന്റെ സാഗരമായിരുന്ന അലി (റ) കുട്ടിയായിരിക്കെ തന്നെ ഇസ് ലാമിലേക്ക് കടന്ന് വന്നു. വിനയം സ്ഫുരിക്കുന്ന ആ മുഖത്ത് സ്‌നേഹവും ഗാംഭീര്യവും നിറഞ്ഞുനിന്നു. മുത്ത് നബിയുടെ പ്രിയ പുത്രി ഫാത്വിമ (റ) യുടെ സഹധര്‍മ്മിണിയായതിലൂടെ അഹ് ലുബൈത്തിന്റെ ഉപ്പയാവാന്‍ ഭാഗ്യമുള്ളവരായി. ദീനിന്റെ ആദ്യ പ്രബോധനം എങ്ങനെ തുടങ്ങണമെന്നതിന് എല്ലാവരേയും സത്കരിച്ച് തുടങ്ങാം എന്ന് പറഞ്ഞത് അലി (റ) ആയിരുന്നു.
പോരാട്ട ഭൂമികളിലും ധവള നക്ഷത്രമായിരുന്നു അലി (റ). ഇരുപത്തൊന്ന് വയസ്സ് മാത്രമുള്ള നേരത്താണ് ബദറില്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നത്. ഉഹ്ദിലും ഖൈബറിലും നായകത്വം വഹിച്ചും ധീരതയുടെ പര്യായമായി. പരിശുദ്ധ ഖുര്‍ആന്‍ അതിന്റെ അക്ഷരങ്ങളുടെ അര്‍ത്ഥമറിഞ്ഞ് ഹൃദ്യസ്ഥമാക്കിയ മഹാനവര്‍കള്‍ക്ക് തിരുനബിയെ 30 വര്‍ഷം പരിചരിക്കാന്‍ കഴിഞ്ഞത് അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള വഴിയായി. ദീനും വിജ്ഞാനവും കൂട്ടിനു കൂടിയ അദ്ദേഹം മത നിയമങ്ങളില്‍ മുഫ്തിയായി നിന്നു. പ്രിയതമ ഫാത്വിമ (റ) യേയും സന്താനങ്ങള്‍ ഹസന്‍ ഹുസൈനെയും അതിരറ്റ് സ്‌നേഹിച്ചു.
ഉസ്മാന്‍ (റ) വിന് ശേഷം ഇസ്‌ലാമിന്റെ നാലാം ഖലീഫയായി സ്ഥാനമേറ്റെടുക്കുന്ന നേരം ജനങ്ങളോട് അദ്ദേഹം പറഞ്ഞത് ഞാനെന്റെ അറിവനുസരിച്ചായിരിക്കും കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക. അതിനു വിസമ്മതിച്ചാല്‍ ഞാനും ഒരു സാധാരണക്കാരനായി കഴിഞ്ഞ് കൂടുമെന്നായിരുന്നു.
പ്രത്യക്ഷത്തില്‍ ദുഷ്‌കരമായിരുന്ന പല ധീര തീരുമാനങ്ങളും അദ്ദേഹം മുഖം നോക്കാതെയെടുത്തു. മുആവിയ (റ) നെ പോലോത്ത പ്രശസ്തരെ പോലും ജമല്‍ യുദ്ധം പോലോത്തതില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചെതങ്കിലും വേണ്ടിവന്നപ്പോള്‍ പിന്മാറാന്‍ ദുല്‍ഫുഖാര്‍ വാളിന്റെ ഉടമസ്ഥന്‍ ഒരുക്കമായിരുന്നില്ല. അറബിയിലെ നഹ്‌വിന് അലി (റ) നല്‍കിയ സംഭാവന ആ ഭാഷയുടെ തിളക്കം കൂട്ടി.
ഒരിക്കല്‍ അലി (റ) നബി (സ) യമനിലേക്ക് അയച്ച നേരത്ത് മഹാന്‍ പറഞ്ഞു റസൂലെ ഞാന്‍ ചെറുപ്പക്കാരനാണ്. എങ്ങനെ വിധി പറയും ? ഉടനെ നബി തങ്ങള്‍ اللهم اهد قلبه و ثبّت لسانه– എന്ന് ദുആ ചെയ്തു. അതിന് ശേഷം രണ്ടാള്‍ക്കിടയില്‍ വിധിക്കാന്‍ അലി (റ) പ്രയാസമുണ്ടായിട്ടില്ല. അലീ… നീ എന്റെ ഇരുലോകത്തേയും സഹോദരനാണ് എന്ന് നബി തങ്ങള്‍ ആ മഹാനുഭാവനോട് പറയുകയുണ്ടായി.
ഖവാരിജുകളും മറ്റും തുടങ്ങിയ വിഘടിത വാദികളുടെ വരവും ഖിലാഫത്ത് നിയമത്തിലെ അസാരഹ്യവും മുആവിയാ (റ) മായുള്ള അന്തരസ്സവും ആ ഭരണ കാലത്തെ നീറുന്ന പ്രശ്‌നങ്ങളായിരുന്നു. സങ്കീര്‍ണതയുടെ നടുവിലിരിക്കെ ഹിജ്‌റ 40 ാം മാസത്തില്‍ സ്വുബ്ഹ് നേരത്ത് ഇബ്‌നു മുല്‍ജിമിന്റെ വെട്ടേറ്റ് ആ വിജ്ഞാനത്തിന്റെ കൂട്ടുകാരന്‍ 4 വര്‍ഷവും 6 മാസവും നീണ്ട ഭരണ ശേഷം രക്തസാക്ഷിത്വം വഹിച്ചു. കൂഫയിലാണ് ഖബര്‍.
|Ali Karippur|