ചരിത്രം ഒരു ആയുധമാണ്.ഏതൊരു സമൂഹത്തിന്റെയും പതനത്തിനും ഉയർത്തെഴുന്നേൽപ്പിനും ആ സമൂഹം വെച്ച് പുലർത്തുന്ന ചരിത്ര ബോധത്തിനും ഇല്ലായ്മക്കും വലിയ പങ്കുവഹിക്കാൻ കഴിയും .കാരണം ചരിത്രം എന്നത് കേവലം കഴിഞ്ഞ് പോയ കാലത്തെ സംഭവങ്ങൾക്കുള്ള ചുരുക്കപ്പേരോ അതല്ലെങ്കിൽ ഭൂതകാലാഭിമുഖ്യം മാത്രം പുലർത്താനുള്ള ഒരു മാർഗ്ഗമോ അല്ല,മറിച്ച് വർത്തമാന കാലത്തിനഭിമുഖമായി ഭൂതകാലത്തെ പ്രതിഷ്ഠിച്ച് ഭാവിയെ ഭാസ്വരമാക്കാനുള്ള ശക്തമായ ഒരായുധമാണ് ചരിത്രം. ഭൂതകാലത്തെ പോലെ തന്നെ വർത്തമാനത്തെയും ഭാവിയെയും ബാധിക്കുന്ന ബഹുമുഖ വിഷയമാണ് ഓരോ ചരിത്രവും. അത് കൊണ്ടാണ് സമകാലിക ഇന്ത്യയിലെ പ്രസിദ്ധ ചരിത്രകാരിയായ റോമില ഥാപ്പർ “ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള നിരന്തര സംവാദമാണ് ചരിത്രം” എന്ന് നിർവചിച്ചത്. ചരിത്രത്തിന്റെ ഈ സ്വാധീന ശക്തിയെ പലപ്പോഴും ദുരുപയോഗം ചെയ്യുന്ന വ്യാജ ചരിത്ര നിർമിതികളും ലോകചരിത്രത്തിലെമ്പാടും കാണാനാകും. ആര്യന്മാരാണ് ലോകം ഭരിക്കേണ്ടതെന്നും ജർമൻകാർ ആര്യന്മാരാണെന്നും പറഞ്ഞ അഡോൾഫ് ഹിറ്റ്ലർ അതിനായി പയറ്റിയ പ്രധാന തന്ത്രം ചരിത്രത്തിന്റെ ഈ അപരനിർമിതിയായിരുന്നു. നാസിസത്തിന്റെ അതേപതിപ്പായാണ് ഇന്ത്യയിൽ സംഘ്പരിവാറും പ്രവർത്തിക്കുന്നത്. വംശശുദ്ധി സിദ്ധാന്തവും വിദ്വേഷ പ്രചരണങ്ങളും അഹിംസ മാർഗങ്ങളും പോലെ തന്നെ വ്യാജ ചരിത്ര നിർമിതിയിലും സംഘ്പരിവാർ ജർമ്മനിയെയും ഹിറ്റ്ലറെയും ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്തുടരുകയാണ്.
സംഘപരിവാറും ഇന്ത്യാചരിത്രവും
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലോ രാഷ്ട്ര നിർമ്മാണത്തിലോ ഒരു പങ്കും അവകാശപ്പെടാനില്ലാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്ന സംഘ്പരിവാർ ശക്തികൾ. അവരുടെ ആത്മീയ ആചാര്യനായിരുന്ന വി ഡി സവർക്കർ സ്വാതന്ത്ര്യസമരകാലത്ത് പലകുറി ബ്രിട്ടന് മാപ്പെഴുതിക്കൊടുത്ത് ജയിൽ മോചിതനായ വ്യക്തിയാണ്.മാത്രമല്ല ക്വിറ്റിന്ത്യ സമരത്തെ ഒറ്റിക്കൊടുക്കുകയും ഗാന്ധിയും നെഹ്റുമടങ്ങുന്ന സമരനേതൃത്വത്തെയും കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളെയും പല കുറി വിമർശിക്കുകയും ചെയ്തിരുന്നു അദ്ദേഹം. എല്ലാത്തിനും പുറമെ ഗാന്ധി വധക്കേസിൽ കുറ്റപത്രത്തിൽ അഞ്ചാംപ്രതിയാവുകയും തെളിവുകളുടെ അഭാവത്തിൽ മാത്രം വെറുതെ വിട്ടയക്കപ്പെടുകയുമായിരുന്നു സവർക്കർ.സവർക്കറുടെ ഈ മായാകറ ബിജെപിക്ക് എന്നുമൊരു തലവേദനയാണ്. അതുപോലെ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ സമ്പന്നമായ സ്വാതന്ത്രസമര പോരാട്ടത്തിലെ സാന്നിധ്യവും, കോൺഗ്രസ് പാരമ്പര്യം പേറുന്ന നെഹ്റു, സർദാർ പട്ടേൽ, അബ്ദുൽ കലാം ആസാദ്, രാജേന്ദ്രപ്രസാദ് തുടങ്ങി ദേശീയ നേതാക്കളുടെ നീണ്ട നിരയും ബിജെപിക്ക് ചരിത്രപരമായ വെല്ലുവിളി തന്നെയാണ്. സ്വാതന്ത്ര്യാനന്തരം രാജ്യം കൈവരിച്ച സാമ്പത്തിക പുരോഗതിയിൽ മുൻ കഴിഞ്ഞ കോൺഗ്രസ് ഗവൺമെന്റുകളുടെ പങ്കും നെഹ്റു,ഇന്ദിരാഗാന്ധി തുടങ്ങി കോൺഗ്രസ് പ്രധാനമന്ത്രിമാർക്ക് ലോക നേതാക്കൾക്കിടയിലുള്ള സ്വീകാര്യതയും ബിജെപിക്ക് സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല.
അതുപോലെതന്നെ രാജ്യത്തിന്റെ ഒന്നാമത്തെ ശത്രുവായി ‘വീർ’സവർക്കർ വിചാരധാരയിലൂടെ തങ്ങൾക്ക് പരിചയപ്പെടുത്തിത്തന്ന മുസ്ലിംങ്ങൾക്ക് ഇന്ത്യ ചരിത്രത്തിൽ നൂറ്റാണ്ടുകളുടെ അധികാര ചരിത്രമുള്ളതും അതിന്റെ പ്രതാപം പേറുന്ന നഗരങ്ങളും നിർമ്മിതികളും ഇന്നും നിലനിൽക്കുന്നതും സ്വാതന്ത്ര്യസമര ചരിത്രത്തിൽ മുസ്ലിംകൾക്കുള്ള പങ്കും സംഘപരിവാറിന് അരോചകമുണ്ടാക്കുന്ന സംഗതികൾ തന്നെയാണ്. അതിനാൽ തന്നെ തങ്ങളില്ലാത്ത ഇന്ത്യയെ ‘ചരിത്ര’മാക്കി തങ്ങളുടെതായ ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാണ് മോദിയും കൂട്ടരും ഒരുമ്പെടുന്നത്. ഇതിന്റെ ഭാഗമായി സവർക്കറടക്കമുള്ള തങ്ങളുടെ നേതാക്കളെ വീരനായകരാക്കുന്ന വ്യാജ ചരിത്രങ്ങൾ നിർമ്മിക്കുകയും രാജ്യത്തിന്റെ യഥാർത്ഥ ചരിത്രത്തെ വക്രീകരിച്ചു വ്യാജമായി അവതരിപ്പിക്കുകയും ചെയ്യുന്ന ദ്വിമുഖ ആക്രമണമാണ് സംഘപരിവാർ നടത്തുന്നത്.
എൻസിഇആർടിയിലെ പരിഷ്കരണങ്ങൾ
തങ്ങളുടെ വ്യാജ ചരിത്ര നിർമിതികൾ പ്രചരിപ്പിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം എന്ന നിലക്ക് രാജ്യത്തെ വിദ്യാഭ്യാസ സംവിധാനങ്ങളെയാണ് സംഘപരിവാർ പ്രധാനമായും ദുരുപയോഗം ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞവർഷം എൻസിഇആർടി പാഠപുസ്തകങ്ങളിൽ വന്ന പുതിയ പരിഷ്കരണങ്ങൾ.1961 ലാണ് രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് നൂതന ആശയങ്ങൾ നടപ്പിലാക്കാനായി നാഷണൽ കൗൺസിൽ ഫോർ എജുക്കേഷണൽ റിസർച് ട്രെയിനിങ്(എൻസിഇആർടി) രൂപീകരിക്കപ്പെടുന്നത്. രാജ്യത്തെ ഒന്നു മുതൽ 12 വരെയുള്ള പല ക്ലാസുകളിലും,കേരളം ഉൾപ്പെടെ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളും 20ലേറെ ബോർഡുകളും എൻസിഇആർടി തയ്യാറാക്കിയ പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ പ്രഗൽഭരായ വിദ്യാഭ്യാസ വിദഗ്ധർ ചേർന്ന് തയ്യാറാക്കുന്ന സിലബസ് ആയതിനാൽ നിലവാരത്തിലും ഗുണമേന്മയിലും എൻസിഇആർടി ഇകാലമത്രയും അതിന്റെ വിശ്വാസത നിലനിർത്തിപ്പോന്നിട്ടുമുണ്ട്. എന്നാൽ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ രാജ്യത്താകമാനം ഗ്രസിച്ചു കൊണ്ടിരിക്കുന്ന കാവിവൽക്കരണത്തിന് എൻസിഇആർടിയും ഇരയായി.
മുൻവർഷത്തെ പാഠപുസ്തകങ്ങളിൽ നിന്ന് മധ്യകാല ഇന്ത്യയുടെ ചരിത്രത്തിലെ മുഗൾ ഭരണാധിപന്മാരുടെ ചരിത്രം പറയുന്ന ഭാഗങ്ങൾ, മഹാത്മാഗാന്ധിയുടെ വധത്തെ തുടർന്ന് ബിജെപിയുടെ മാതൃ സംഘടനയായ ആർഎസ്എസിനെ നിരോധിച്ചതടക്കമുള്ള രാജ്യത്തുണ്ടായ സംഭാവികാസങ്ങൾ, നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അധ്യായമായ ഗുജറാത്ത് കലാപം തുടങ്ങിയവയാണ് എൻസിഇആർടി ഒഴിവാക്കിയ പ്രധാന പാഠഭാഗങ്ങൾ. അതുപോലെ പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗങ്ങളും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുൽ കലാം ആസാദിനെ പറ്റിയുള്ള ഭാഗവും എൻസിഇആർടി തങ്ങളുടെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി. പല പാഠഭാഗങ്ങളും ആവർത്തിക്കപ്പെടുന്നതിനാലും വിദ്യാർത്ഥികൾക്ക് പഠനഭാരം കുറക്കാനുമാണ് പരിഷ്കാരങ്ങൾ നടത്തിയതെന്നാണ് എൻസിഇആർടി വിശദീകരണം. എന്നാൽ ഒഴിവാക്കിയ ഭാഗങ്ങളുടെ പൊതുസ്വഭാവവും സമകാലിക ഇന്ത്യൻ സാഹചര്യങ്ങളും നിരീക്ഷിക്കുന്ന ഏതൊരാൾക്കും പരിഷ്കാരങ്ങൾക്ക് പിന്നിലെ ഒളിയജണ്ടകളും എൻസിഇആർടിയുടെ കാപട്യവും തിരിച്ചറിയാൻ അധികം പ്രയാസമില്ല. ഏതായാലും ഹിന്ദുത്വ രാഷ്ട്രമെന്ന തങ്ങളുടെ അത്യന്തിക ലക്ഷ്യത്തെ മുൻനിർത്തിയുള്ള ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാൻ രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും പോലെ തന്നെ വിദ്യാഭ്യാസ സംവിധാനങ്ങളെയും സംഘപരിവാർ ദുരുപയോഗം ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്നത് മതേതര ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്.
മുസ്ലിം ഭരണകൂടങ്ങളോടുള്ള വിദ്വേഷം
സംഘപരിവാർ ഏറ്റവും കൂടുതൽ വളച്ചൊടിക്കുന്നത് മധ്യകാല ഇന്ത്യയിലെ ചരിത്രമാണ്. എൻസിഇആർടിയുടെ പുതിയ പരിഷ്കാരത്തിലൂടെ ആറ് നൂറ്റാണ്ടിലേറെ നീണ്ടുനിന്ന മധ്യകാല ഇന്ത്യയിലെ സമ്പന്നമായ മുസ്ലിം ഭരണവും അക്കാലത്ത് ഭാരതം കൈവരിച്ച നേട്ടങ്ങളും രാജ്യത്തെ വളർന്നുവരുന്ന തലമുറ അറിയേണ്ട എന്ന തങ്ങളുടെ തിട്ടൂരമാണ് സംഘപരിവാർ നടപ്പിലാക്കുന്നത്. മുഗളരും ഡൽഹി സുൽത്താൻമാരും അവർക്ക് കേവലം വിദേശികളും വർഗീയവാദികളും മാത്രമാണ്. കൂട്ടത്തിൽ കൂടുതൽ മതനിഷ്ഠ പുലർത്തിയ ഔറംഗസീബും ടിപ്പുസുൽത്താനുമാണ് സംഘപരിവാറിന് തീവ്ര വർഗീയവാദികൾ. ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹം നൂറ്റാണ്ടുകളായി മുസ്‌ലിം ഭരണാധികാരികളാല്‍ വേട്ടയാടപ്പെടുകയാണെന്ന ഒരു പൊതുധാരണയുണ്ടാക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകളാണ് കാലങ്ങളായി പരിവാര്‍ സംഘടനകള്‍ നടത്തിവരുന്നത്.വസ്തുതകളെ കല്ലുവച്ച പെരുംനുണകളാക്കി മാറ്റി,ഹിന്ദു ഇരവാദമുയർത്തി സാധാരണ ഹിന്ദുവിന്റെ ചിന്തയില്‍ വിദ്വേഷവും പകയും കുത്തിനിറച്ച് രാഷ്ട്രീയനേട്ടം കൊയ്യുന്ന ചരിത്രവഞ്ചനയാണ് സംഘപരിവാർ ചെയ്യുന്നത്.
മുസ്ലിം ഭരണാധികാരികളുടെ കാലത്ത് ധാരാളം ഹൈന്ദവ ക്ഷേത്രങ്ങൾ തകർത്തു പള്ളികൾ നിർമ്മിച്ചുവെന്നും ആ പള്ളികളെല്ലാം പൊളിച്ചു തൽസ്ഥാനത്ത് ക്ഷേത്രങ്ങൾ പുനർ നിർമ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചാണ് സംഘപരിവാർ ബാബരി മസ്ജിദ് തകർത്തതും ഗ്യാൻവാപി,മധുര തുടങ്ങി മസ്ജിദുകൾക്ക് മേൽ ഇപ്പോൾ അവകാശമുന്നയിക്കുന്നതും. അക്കാലത്ത് യുദ്ധങ്ങളിലും അല്ലാതെയും മുസ്ലിങ്ങൾ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തുവന്നും പറഞ്ഞാണ് ഇന്ന് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ സംഘ്പരിവാർ,നിരന്തരം ആസൂത്രിതമായ വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നത്. അതുപോലെ ഹിന്ദു സ്ത്രീകൾ വ്യാപകമായി മുസ്ലിം രാജാക്കന്മാരിൽ നിന്നും സൈനികരിൽ നിന്നും മാനഭംഗത്തിനിരയായിരുന്നുവെന്നും പ്രചരിപ്പിച്ചാണ് ഗുജറാത്തിലും മറ്റും നടന്ന കലാപങ്ങളിൽ മുസ്ലിം സ്ത്രീകൾക്കെതിരെയുള്ള കൂട്ട ബലാത്സംഗങ്ങൾ പ്രധാന ആയുധമായി സംഘ്പരിവാർ പ്രയോഗിച്ചത്. മുസ്ലിം സുൽത്താൻമാരുടെ കാലത്ത് നിർമ്മിച്ച നഗരങ്ങളും നിർമ്മിതികളുമെല്ലാം ഇന്ന് പേരുമാറ്റൽ പ്രക്രിയക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അലഹബാദ് പ്രയാഗ് രാജായതും ഫൈസാബാദ് അയോധ്യയായതും അഹമ്മദാബാദ് കർണാവതിയായതും ഔറംഗാബാദ് സംഭാജി നഗറായതും ചില ഉദാഹരണങ്ങൾ മാത്രം.മുസ്‌ലിം ഭരണകാലത്ത് ഇന്ത്യയില്‍ ഒന്നും പുതിയതായി നിര്‍മിക്കപ്പെട്ടിട്ടില്ലെന്നും മറിച്ച് അവയെല്ലാം അവര്‍ക്ക് മുന്നേ ഗുപ്തന്മാരുടേയും മൗര്യന്മാരുടെയും കാലത്ത് നിര്‍മിക്കപ്പെട്ടിട്ടുള്ളതാണെന്നും,അവയെല്ലാം തകര്‍ക്കുകയും രൂപമാറ്റംവരുത്തുകയും ചെയ്ത്,അവയ്‌ക്കെല്ലാം തങ്ങളുടെ പേരു നല്‍കുക മാത്രമാണ് മുസ്ലിം സുൽത്താന്മാർ ആകെ ചെയ്തതെന്നുമാണ് സംഘ്പരിവാർ വാദിക്കുന്നതും പ്രചരിപ്പിക്കുന്നതും.
ദേശീയ നേതാക്കളോടുള്ള വിരോധം
അതുപോലെ സ്വാതന്ത്ര്യ സമരത്തെ വളച്ചൊടിച്ചുകൊണ്ട് തങ്ങളുടെ ആത്മീയാചാര്യൻ സവർക്കറെ ‘വീർ’ ആയി അവതരിപ്പിക്കാനുള്ള ശ്രമവും സംഘ്പരിവാർ തകൃതിയായി നടത്തുന്നുണ്ട്. കഴിഞ്ഞവർഷം ഉദയ് മഹുർക്കര രചിച്ച ‘വി ഡി സവർക്കർ;എ മാൻ ഹു പ്രിവന്റഡ് പാർട്ടിവിഷൻ’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങിൽ വച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് പറഞ്ഞത് “വി ഡി സവർക്കറെ പറ്റി പലരും മോശമായ കാര്യങ്ങളാണ് പറയുന്നത്. അദ്ദേഹം സ്വാതന്ത്രസമരത്തിൽ പങ്കെടുക്കാത്ത വ്യക്തിയാണെന്നും ബ്രിട്ടന് മാപ്പെഴുതിക്കൊടുത്ത ആളാണെന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.യഥാർത്ഥത്തിൽ മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരമായിരുന്നു അദ്ദേഹം മാപ്പപേക്ഷ നൽകിയത്” എന്നായിരുന്നു.
അതേസമയം തന്നെ യഥാർത്ഥ ദേശീയ നേതാക്കളെ താറടിച്ചു കാണിക്കാനുള്ള ഗൂഢശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സർദാർ പട്ടേലിന്റെ പേരിൽ ഗുജറാത്തിൽ ബിജെപി നിർമ്മിച്ചത്, അതേ ഗുജറാത്തിൽ ജനിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ താഴ്ത്തിക്കെട്ടാനാണ് എന്നതാണ് വാസ്തവം.എങ്കിലും മഹാത്മാഗാന്ധിക്ക് ഇന്ത്യൻ ജനതക്കിടയിലുള്ള സ്വാധീനവും ലോക രാഷ്ട്രങ്ങൾക്കിടയിലുള്ള സ്വീകാര്യതയും അറിയാവുന്നത് കൊണ്ട് ഉള്ളിലുള്ള ‘ഗാന്ധിവിരോധം’ ബിജെപി ഔദ്യോഗികമായി പുറത്തു കാണിക്കാറില്ല. പകരം പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയാണ് സംഘ്പരിവാർ പ്രധാനമായും കടന്നാക്രമിക്കാറുള്ളത്.നെഹ്റു പ്രഥമ പ്രധാനമന്ത്രിയായതുകൊണ്ടാണ് ഇന്ത്യയിൽ മതേതരത്വം നിലനിന്നത് എന്നും,അഞ്ച് പതിറ്റാണ്ട് കാലത്തോളം തങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും ഭരണസിരാകേന്ദ്രങ്ങളുടെയും പടിക്ക് പുറത്തായതെന്നും സംഘ്പരിവാറിന് നന്നായിയറിയാം. അതിനാലാണ് അനവസരത്തിൽ പോലും നെഹ്റുവിനെ കുറ്റപ്പെടുത്താൻ ഇപ്പോൾ ബിജെപി തയ്യാറാക്കുന്നത്. ഇന്ന് രാജ്യം അകപ്പെട്ടിരിക്കുന്ന സാമ്പത്തികതകർച്ചക്കും തൊഴിലില്ലായ്മക്കും വരെ നെഹ്റുവിനെയാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. കാശ്മീർ പ്രശ്നത്തിന്റെ പേരിലും ചൈന,പാക്കിസ്ഥാൻ ബന്ധങ്ങളിൽ വിള്ളൽ വീഴുമ്പോഴുമെല്ലാം നിരന്തരം പഴി കേൾക്കുന്നതിന് നെഹ്രുവിന് തന്നെ. ഏതായാലും ഇക്കണക്കിന് പോയാൽ നെഹ്റുവിനും ഗാന്ധിജിക്കുമൊക്കെ പകരം സവർക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുന്നതും അതിവിദൂരമല്ലാത്ത ഭാവിയിൽ നമുക്ക് കാണേണ്ടിവരും.