+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

വർഗീയ രാഷ്ട്രീയവും ബിജെപിയുടെ വളർച്ചയും

ഇറ്റലിയിലെ ഫാഷിസത്തിന്റെയും ജർമ്മനിയിലെ നാസിസത്തിന്റെയും ഇന്ത്യൻ പതിപ്പാണ് സംഘപരിവാർ.വംശമഹിമയിലൂന്നിയ അപരവിദ്വേഷവും ഹിംസാത്മക രാഷ്ട്രീയവുമാണ് മൂന്നിന്റെയും പ്രത്യേകത. രൂപീകരണ കാലം തൊട്ടേ തങ്ങളുടെ ഗൂഢലക്ഷ്യങ്ങളെ മുൻനിർത്തി വിദ്വേഷ പ്രചാരണങ്ങളിലൂടെ വർഗീയ മുതലെടുപ്പ് നടത്തിയ സംഘപരിവാർ ഇന്ന് ഇന്ത്യ മഹാരാജ്യത്തിന്റെ അധികാരം വരെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. മഹത്തായ പൈതൃകം പേറുന്ന മതേതര ഭാരതത്തിന്റെ പൊതുബോധത്തെ മലീനസമാക്കിയുള്ള സംഘപരിവാറിന്റെ അഭൂതപൂർവ്വമായ വളർച്ചയുടെ ഘട്ടങ്ങൾ അതിശയകരവും ആശങ്കയുളവാക്കുന്നതും തന്നെയാണ്.

ആശയ വേരുകൾ
ഇന്ത്യയെ തങ്ങളുദ്ദേശിക്കുന രീതിയിലുള്ള ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്നുള്ളതാണ് സംഘപരിവാറിന്റെ അത്യന്തിക ലക്ഷ്യം. 1914ൽ മദൻ മോഹൻ മാളവ്യ സ്ഥാപിച്ച ഹിന്ദു മഹാസഭ,1925ൽ കേശവ് ബലിറാം ഹെഡ്ഗെവാർ രൂപീകരിച്ച രാഷ്ട്രീയ സ്വയം സേവക്(ആർഎസ്എസ്) തുടങ്ങിയവയിലൂടെയാണ് ഈ ‘ഹിന്ദുത്വ’ പ്രത്യശാസ്ത്രം ഇന്ത്യയിൽ സ്ഥാപനവൽക്കരിക്കപ്പെടുന്നത്. ലോകത്തെ മറ്റു ഫാസിസ്റ്റ് ശക്തികളെല്ലാം പയറ്റിയത് പോലെ വംശമഹിമ സിദ്ധാന്തം തന്നെയായിരുന്നു ഇന്ത്യയിലെ സംഘ്പരിവാറിന്റെയും ആയുധം. സംഘ്പരിവാറിന്റെ താത്വികചാര്യനും ആർഎസ്എസിന്റെ രണ്ടാമത് സർസംഘ് ചാലകുമായിരുന്ന എം എസ് ഗോൾവാൾക്കർ വംശത്തെ രാഷ്ട്രത്തിന്റെ പ്രധാനവും അത്യന്താപേക്ഷികവുമായ ഘടകമായിട്ടാണ് നിർവചിക്കുന്നത്. വംശം രാഷ്ട്രത്തിന്റെ ശരീരമാണെന്നും മാതൃവംശത്തിന്റെ തകർച്ചയോടെ രാഷ്ട്രത്തിന്റെ തന്നെ നാശം സംഭവിക്കുമെന്നും ഗോൾവാൾക്കർ പ്രസ്താവിച്ചു. തുടർന്ന് ഇന്ത്യക്കാർ ആര്യന്മാരായിരുന്നുവെന്നും അതിനാൽ ആര്യന്മാരുടെ പിൻമുറക്കാരായ ഹിന്ദുക്കൾക്ക് മാത്രമാണ് ഭാരതത്തിന്റെ വംശുദ്ധിയും ‘പിതൃഭൂമി’യും അവകാശപ്പെടാൻ കഴിയുകയുള്ളൂവെന്നും സംഘ്ആചാര്യന്മാർ സിദ്ധാന്തിച്ചു. ഇതിലൂടെ രാജ്യത്തെ അഹിന്ദുക്കളെയെല്ലാം സംഘപരിവാർ അന്യവൽക്കരിച്ച് ഭ്രഷ്‌ട് കൽപ്പിച്ചു നിർത്തുകയും ചെയ്തു.

“ഹിന്ദുസ്ഥാനിലെ അഹിന്ദുക്കൾ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദുമതത്തെ ബഹുമാനിക്കാനും അതിനോട് ഭയഭക്തി പുലർത്താനും പഠിക്കണം. അതിന് കഴിയുന്നില്ലെങ്കിൽ ഒരു ആനുകൂല്യവും പരിഗണനവും ആവശ്യപ്പെടാതെ ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമായി അവർക്ക് ഇവിടെ ജീവിക്കാം”

എന്നായിരുന്നു ‘We or our nationhood defined’ എന്ന തന്റെ കുപ്രസിദ്ധ ഗ്രന്ഥത്തിലൂടെ ഗോൾവാൾക്കർ പറഞ്ഞുവെച്ചത്. മാത്രമല്ല അതേ ഗ്രന്ഥത്തിൽ,ഇറ്റലിയിലെയും ജർമ്മനിയിലെയും ഫാസിസത്തെ ന്യായീകരിച്ചു കൊണ്ടും അതിൽനിന്ന് പാഠമുൾക്കൊള്ളാൻ ഭാരതീയരെ ഉത്ബോധിപ്പിച്ചു കൊണ്ടും ഗോൾവാൾക്കർ പറയുന്നത് കാണുക:“ഇറ്റലിയും ജർമ്മനിയും രണ്ടു രാജ്യങ്ങളാണ്.പുരാതന ഗോത്ര ചൈതന്യം അവിടെ ഉയർത്തെഴുന്നേറ്റിരിക്കുന്നു. അതുപോലെ നമുക്കിടയിലും ഗോത്രബോധം ഉണർന്നിരിക്കുന്നു.അങ്ങനെ മുസ്ലിംകളെ ഭ്രഷ്ടരാക്കാനൊരവസരം ഹിന്ദുക്കൾക്ക് കൈവന്നിരിക്കുന്നു”. ഗോൾവാൾക്കറുടെ പ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമായ വിചാരധാരയിൽ ഇന്ത്യയുടെ മൂന്ന് ശത്രുക്കളായി ക്രമപ്രകാരം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയുമാണ് പരിചയപ്പെടുത്തുന്നത്.ഒരിക്കൽ ഗോൾവാൾക്കർ തന്റെ അനുയായികളെ ഉണർത്തിയത് ഇങ്ങനെയാണ്: “സവർണ്ണ ഹിന്ദുക്കൾ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തു അവരുടെ ഊർജ്ജം പാഴാക്കരുത്, നിങ്ങളുടെ ശത്രുക്കൾ ബ്രിട്ടീഷുകാർ അല്ല; മുസ്ലിംകളും ക്രിസ്ത്യാനികളുമാണ്”. സ്വാതന്ത്രസമരത്തോടുള്ള ആർഎസ്എസിന്റെ നിലപാടും ഇതിൽ നിന്നു വ്യക്തമാണ്.

അതുപോലെ മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുക എന്ന വിഷവിത്ത് ആദ്യമായി പാകിയതും ഇന്ത്യ വിഭജനത്തിനായി ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും സംഘ്പരിവാറാണ്. 1920 കളുടെ തുടക്കത്തിൽ തന്നെ ഹിന്ദു മഹാസഭ നേതാവായിരുന്ന വിഡിസവർക്കർ തന്റെ പ്രസംഗങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും “ഹൈന്ദവതയും ഇസ്ലാമും വിഭിന്നങ്ങളായ രണ്ട് സംസ്കാരങ്ങളാണെന്നും ഇരുവിഭാഗങ്ങളുമടങ്ങിയ ഒരൊറ്റ രാജ്യമായി ഇന്ത്യക്ക് നിലനിൽക്കനാവില്ലെന്നും” തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്.തുടർന്ന് 1937ൽ അഹമ്മദാബാദിൽ വച്ച് നടന്ന ഹിന്ദു മഹാസഭയുടെ പത്തൊമ്പതാം സമ്മേളനത്തിൽ സഭയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സവർക്കർ അതേ സമ്മേളനത്തിൽ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ മറ്റൊരു പതിപ്പായി ‘Theory of two nations’അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു:“ഇന്ത്യയിൽ പരസ്പരം വിരുദ്ധമായി ജീവിക്കുന്ന രണ്ട് രാഷ്ട്രങ്ങളുണ്ട്.ഇന്ത്യ ഇന്ന് ഏകീകൃതമായ രാഷ്ട്രമാണെന്ന് കരുതാനാവില്ല. നേരെമറിച്ച്,പ്രധാനമായും രണ്ട് രാഷ്ട്രങ്ങളുണ്ട്;ഹിന്ദുക്കളും മുസ്ലീങ്ങളും ആണവ”. മാത്രമല്ല ഗാന്ധിജിയേയും ഹിന്ദു – മുസ്ലിം ഐക്യമെന്ന അദ്ദേഹത്തിന്റെ ആശയത്തെയും പരിഹസിക്കുകയും പലപ്പോഴും നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു സവർക്കർ.മുഹമ്മദലി ജിന്നയും മുസ്ലിം ലീഗും പാക്കിസ്ഥാൻ വാദം ഉയർത്തുന്നത് 1940ൽ മാത്രമാണ്. അതിനും എത്രയോ മുമ്പ് തന്നെ സംഘപരിവാർ തങ്ങളുടെ നയം വ്യക്തമാക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു എന്നതാണ് വാസ്തവം.

രാഷ്ട്രീയ രൂപങ്ങൾ
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ തന്നെ സംഘപരിവാർ സംഘടനകൾ രാജ്യത്ത് സജീവമായിരുന്നെങ്കിലും മഹാത്മാഗാന്ധിയേയും ജവഹർലാൽ നെഹ്റുവിനെയും പോലുള്ള ദേശീയ നേതാക്കളുടെ സാന്നിധ്യം മൂലം അവർക്ക് കാര്യമായ വേരോട്ടം ലഭിച്ചില്ല. ഹിന്ദുമഹാസഭയിലൂടെയും ആർഎസ്എസിലൂടെയും സംഘടിത രൂപം കൈവരിച്ച സംഘപരിവാർ ജനസംഘത്തിലൂടെയും പിന്നീട് ബിജെപിയിലൂടെയുമാണ് ഇന്ത്യയിൽ രാഷ്ട്രീയ രൂപം പ്രാപിക്കുന്നത്.നൂറുകണക്കിന് ജാതികളും മതങ്ങളുമടങ്ങിയ, കോടിക്കണക്കിന് ജനങ്ങൾ അധിവസിക്കുന്ന ഒരു രാജ്യത്ത് ഭൂരിപക്ഷ വർഗീയതയെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്ന് സംഘപരിവാർ ജനസംഘത്തിലൂടെയും ബിജെപിയിലൂടെയും കാണിച്ചുതന്നു. തീവ്ര വർഗീയ പ്രചാരണങ്ങളും കപടദേശീയതയുമാണ് സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ഗാന്ധിവധം മുതലിങ്ങോട്ട് കൃത്യമായ ആസൂത്രണങ്ങളിലൂടെയും ഗൂഢമായ അജണ്ടകളിലൂടെയുമാണവർ മുന്നോട്ടുപോകുന്നത്.

                                                              1951 ഒക്ടോബർ 21ന് ഗോൾവാൾക്കറുടെ അനുമതിയോടെ ഡോ.ശ്യാമപ്രസാദ് മുഖർജിയാണ് ജനസംഘം രൂപീകരിച്ചത്. ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്ന ഡോ.മുഖർജി പ്രഥമ നെഹ്റു മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് നെഹ്‌റുവും പാക്കിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത് അലി ഖാനും തമ്മിൽ നടന്ന ഡൽഹി ഉടമ്പടിയുടെ പേരിൽ അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.തുടർന്നായിരുന്നു ജനസംഘത്തിന്റെ രൂപീകരണം.1952ലെ സ്വാതന്ത്രാനന്തര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ 93 സീറ്റിൽ ജനസംഘം മത്സരിക്കുകയും 3.06 ശതമാനം വോട്ടും മുഖർജിയടക്കം മൂന്ന് ലോക്‌സഭംഗങ്ങളേയും ലഭിക്കുകയും ചെയ്തു. നെഹ്റുവിനെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ചിരുന്ന ഡോ.മുഖർജി സഭയിലെത്തിയശേഷം നാൽപതോളം പ്രതിപക്ഷ അംഗങ്ങളെ ചേർത്ത് നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരിൽ മുന്നണി രൂപീകരിക്കുകയും ചെയ്തു. അതോടെ ഡോ.മുഖർജിക്ക് പലപ്പോഴും ഒരനൗദ്യോഗിക പ്രതിപക്ഷ നേതാവിന്റെ പരിവേശം ലഭിക്കുകയും ചെയ്തു.അക്കാലത്ത് ജനസംഘം നടത്തിയ ഏറ്റവും പ്രധാന പരിപാടി കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ആം വകുപ്പിനെതിരെ നടത്തിയ സമരങ്ങളായിരുന്നു. ‘ഒരു രാഷ്ട്രം,ഒരു രാഷ്ട്രപതി,ഒരു ഭരണഘടന,ഒരു കൊടിക്കൂറ’എന്ന മുദ്രാവാക്യമുയർത്തി ജനസംഘം കാശ്മീരിന്റെ പ്രത്യേകാവകാശങ്ങളെ ശക്തമായി എതിർത്തു. ഡോ.മുഖർജി സത്യഗ്രഹം നടത്തി ജയിലിൽ പോയി. തടയറയിൽ വെച്ച് അദ്ദേഹം അന്തരിക്കുകയും ചെയ്തു. 1957ൽ വോട്ട് വിഹിതം ഇരട്ടിയായി വർദ്ധിച്ചു ആറ് ശതമാനത്തിലും നാല് ലോക്സഭാംഗങ്ങളിലും എത്തിയ ജനസംഘം തുടർന്ന് ഓരോ തിരഞ്ഞെടുപ്പിലും തങ്ങളുടെ വോട്ട് വിഹിതവും സീറ്റ് നിലയും വർദ്ധിപ്പിച്ചു കൊണ്ടേയിരുന്നു. പിന്നീട് 1977ൽ അന്നത്തെ പ്രതിപക്ഷ പാർട്ടികളെല്ലാം ഐക്യപ്പെട്ട് ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ ജനസംഘവും അതിൽ ലയിച്ചു. പൊതു തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയെ തറപറ്റിച്ച് ജനതാ പാർട്ടി അധികാരത്തിലേറിയപ്പോൾ പഴയ ജനസംഘം പ്രതിനിധികളായി എ ബി വാജ്പേയിയും എൽ കെ അദ്വാനിയും കേന്ദ്രമന്ത്രിസഭയിലും ഇടം നേടി. എന്നാൽ ആർഎസ്എസ് അംഗത്വത്തെ ജനതാ പാർട്ടിയിലെ മറ്റു അംഗങ്ങൾ ചോദ്യം ചെയ്തതോടെ വാജ്പേയിയും അദ്വാനിയുമടക്കമുള്ളവർ പാർട്ടിയിൽ നിന്ന് രാജിവെക്കുകയും 1980 ഏപ്രിൽ ആറിന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) രൂപീകരിക്കുകയും ചെയ്തു.

                                                                ബിജെപി ഒരു പുതിയ പാർട്ടിയായിരുന്നില്ല, മറിച്ച് പഴയ ജനസംഘമെന്ന വീഞ്ഞ് ബിജെപിയെന്ന പുതിയ കുപ്പിയിൽ പുനർജനിക്കുകയായിരുന്നു. തുടക്കത്തിൽ മിതവാദിയുടെ മൂടുപടമണിഞ്ഞ എ ബി വാജ്പേയിയെ മുൻനിർത്തി ബിജെപി അല്പമൊക്കെ മതേതരത്വവും ഗാന്ധിയൻ സോഷ്യലിസവും പ്രസംഗിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ 1984ലെ തെരഞ്ഞെടുപ്പിൽ കേവലം രണ്ട് സീറ്റിലൊതുങ്ങി കനത്ത പരാജയം നേരിട്ടതോടെ ബിജെപി വീണ്ടും തങ്ങളുടെ തനിസ്വരൂപം പുറത്തെടുക്കാൻ തുടങ്ങി. തെരഞ്ഞെടുപ്പ് പരാജയം അന്വേഷിച്ച പാർട്ടി ജന:സെക്രട്ടറി കൃഷ്ണലാൽ ശർമ പരാജയകാരണം കണ്ടെത്തി പറഞ്ഞത് “നാം ഹിന്ദു വ്യക്തിത്വം കളഞ്ഞു കുളിച്ചിരിക്കുന്നു, ആർഎസ്എസുമായി അടുക്കുകയല്ലാതെ ഇനി രക്ഷയില്ല” എന്നായിരുന്നു . തുടർന്ന് പാർട്ടിക്ക് ഹിന്ദുത്വമുണ്ടാക്കാൻ മൂന്ന് പ്രഖ്യാപിത അജണ്ടകളും ബിജെപി മുന്നോട്ടുവച്ചു.370ആം വകുപ്പ് റദ്ധാക്കുക , ന്യൂനപക്ഷ കമ്മീഷൻ മനുഷ്യാവകാശ കമ്മീഷനാക്കി മാറ്റുക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക തുടങ്ങിയവയായിരുന്നു അത്. വാജ്പേയിയെ മാറ്റി കൂടുതൽ ഹിന്ദുത്വവാദിയായ എൽ കെ അദ്വാനിയെ പാർട്ടി അധ്യക്ഷനാക്കുകയും ചെയ്തു. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വർഗീയ കാർഡിറക്കാൻ കച്ചകെട്ടിയിറങ്ങിയ ബിജെപിക്കും അദ്വാനിക്കും കിട്ടിയ സുവർണ്ണാവസരമായിരുന്നു അയോധ്യയിലെ രാം മന്ദിർ പ്രശ്നം.

മന്ദിർ രാഷ്ട്രീയം
1984ൽ ഡൽഹിയിൽ ചേർന്ന 558 ഹിന്ദു പുരോഹിതന്മാരുടെ യോഗം അയോധ്യയിലെ ബാബരി മസ്ജിദ്, വരാണസിയിലെ ഗ്യാൻവാപി മസ്ജിദ്, മധുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദ് എന്നിവയ്ക്ക് മേൽ അവകാശമുന്നയിക്കാൻ തീരുമാനിച്ചു. തുടർന്ന് ബിജെപിയും അദ്വാനിയും ഇതൊരു പ്രചാരണമായി ഏറ്റെടുത്തു. ബാബറിനേയും ഔറംഗസീബിനേയും പോലുള്ള ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികൾ ധാരാളം ഹൈന്ദവ ക്ഷേത്രങ്ങൾ തകർത്ത് മുസ്ലിം പള്ളികൾ നിർമ്മിച്ചതായും ആ പള്ളികളെല്ലാം തകർത്ത് തലസ്ഥാനത്ത് ക്ഷേത്രങ്ങൾ പുനർ നിർമ്മിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ബിജെപി പ്രഖ്യാപിച്ചു.ആദ്യം അവർ ലക്ഷ്യം വെച്ചത് അയോധ്യയിലെ ബാബരി മസ്ജിദ് ആയിരുന്നു.
                                                          1989 ജൂണിൽ പാലംപൂരിൽ നടന്ന പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയോഗത്തിലാണ് അയോധ്യയിലെ രാമജന്മഭൂമി ഹിന്ദുക്കൾക്ക് കൈമാറണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം ബിജെപി കൊണ്ടുവരുന്നത്. തുടർന്ന് ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസ്,വിശ്വഹിന്ദു പരിഷത്ത്, ബജറംഗ്ദൾ,ശിവസേന തുടങ്ങി കാവിഭീകര സംഘടനകളോടൊപ്പം ചേർന്ന് ബിജെപി രാജ്യത്തുടനീളം പ്രക്ഷോഭങ്ങൾ നടത്തി. സാധ്വി ഋതംബര, വിനയ് കത്യാർ, ഉമാഭാരതി തുടങ്ങി വർഗീയവിഷം ചീറ്റുന്ന പ്രാസംഗകരിലൂടെ ഹൈന്ദവ വികാരം ആളിക്കത്തിച്ചു. 1990 സെപ്റ്റംബർ 25ന് ക്ഷേത്രനഗരമായ ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് അദ്വാനി രഥയാത്ര ആരംഭിച്ചു. എട്ട് സംസ്ഥാനങ്ങളിലൂടെ പതിനായിരം കിലോമീറ്റർ സഞ്ചരിക്കുന്ന രഥയാത്രക്ക് തുടക്കമിട്ടുകൊണ്ട് അദ്വാനി പറഞ്ഞത് ഇങ്ങനെയായിരുന്നു :”രാജ്യത്ത് ഐക്യം വളര്‍ത്താനും ദേശീയതയെ ശക്തമാക്കാനുമുള്ള യജ്ഞമാണിത്.ഈ രഥത്തെ ആരും തടയരുത്.കാരണം ഇത് ജനങ്ങള്‍ ആഗ്രഹിക്കുന്ന യാത്രയാണ്.അയോധ്യയില്‍ തന്നെ ഞങ്ങൾ ക്ഷേത്രം നിർമ്മിക്കും. ആരാണ് തടയുന്നതെന്ന് കാണട്ടെ..”. തുടർന്ന് യാത്ര കടന്നുപോയ പലയിടത്തും വർഗീയ സംഘർഷങ്ങൾ ഉടലെടുത്തു. ഒക്ടോബർ 22ന് ബീഹാറിലെ സമസ്തിപൂരിൽ വച്ച് മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് അദ്വാനിയെ അറസ്റ്റ് ചെയ്ത് രഥയാത്രക്ക് അന്ത്യമിടുമ്പോഴേക്കും ഉത്തരേന്ത്യയൊട്ടാകെ ബിജെപിയുടെ വർഗീയ പ്രചാരണങ്ങളാൽ മലീനസമാക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസതിന്റെ ആദ്യത്തെ ശക്തമായ മുന്നേറ്റമായി അദ്വാനിയുടെ രഥയാത്ര ചരിത്രത്തിലിടം പിടിച്ചു. ബിജെപിയുടെ ഇന്നോളമുള്ള വളർച്ചയിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് രഥയാത്രയും അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ നടത്തിയ മറ്റു പ്രക്ഷോഭങ്ങളുമായിരുന്നു. 84ലെ രണ്ട് സീറ്റിൽ നിന്ന് 89ൽ 85 സീറ്റിലേക്കും 91ൽ 122 സീറ്റിലേക്കും ബിജെപി വളർന്നു. ഒടുവിൽ 1992 ഡിസംബർ ആറിന് ലോകം നോക്കിനിൽക്കെ ബാബരി മസ്ജിദിന്റെ മിനാരങ്ങൾ തച്ചു തകർത്ത് സംഘപരിവാർ മതേതര ഇന്ത്യയുടെ ആത്മാവിന് മറക്കാനാവാത്ത മുറിവുമേൽപ്പിച്ചു.

                                                      പിന്നീട് നടന്ന ഏഴു പൊതു തെരഞ്ഞെടുപ്പുകളിലും മസ്ജിദ് തകർത്തിടത്ത് ക്ഷേത്രം നിർമ്മിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ബിജെപിയുടെയും ആർഎസ്എസിന്റെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി ക്ഷേത്ര നിർമ്മാണ കളക്ഷനും നടന്നു. 1996ൽ സീറ്റ് നില വീണ്ടും ഉയർത്തി 161 ലെത്തിയ ബിജെപി രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 97ൽ വാജ്പേയ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. 2014ൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ നരേന്ദ്ര മോദി പറഞ്ഞതും രാമക്ഷേത്രം നിർമ്മിക്കാതെ അയോധ്യയിൽ കാലുകുത്തില്ലെന്നായിരുന്നു. ഒടുവിൽ 2019 നവംബറിൽ രാമക്ഷേത്രത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നു. 2020 ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിന് അയോദ്ധ്യയിൽ മോദി തറക്കല്ലിട്ടു. അതിനു കൃത്യം ഒരു വർഷം മുമ്പായിരുന്നു (2019 ഓഗസ്റ്റ് 5) ബിജെപിയുടെ മറ്റൊരു പ്രധാന അജണ്ടയായ കാശ്മീരിന് പ്രത്യേകാവകാശങ്ങൾ നൽകുന്ന 370 വകുപ്പ് മോദി സർക്കാർ റദ്ദാക്കിയത്. ഈ വർഷം ജനുവരി 22ന് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ നരേന്ദ്രമോദി തന്നെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചതോടെ അയോധ്യ വിഷയത്തിൽ സംഘപരിവാർ സമ്പൂർണ്ണ വിജയം കൈവരിക്കുകയും ചെയ്തു. അതേസമയം തന്നെ അയോധ്യ വിഷയം കഴിയുന്ന മുറക്ക്,ഗ്യാൻവാപ്പി മസ്ജിദും ഷാഹി ഈദ്ഗാഹ് മസ്ജിദും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളും സംഘപരിവാർ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ള ഇരു മസ്ജിദുകളും ബാബരിയുടെ വഴിയെ തന്നെയാണ് നീങ്ങികൊണ്ടിരിക്കുന്നത്. തങ്ങളുടെ ഭരണ പരാജയങ്ങൾ മറച്ചുവെക്കാനും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനും ബിജെപിക്ക് ഇത്തരം വർഗീയ വൈകാരിക വിഷയങ്ങൾ അത്യാവശ്യമാണ്. മന്ദിർ- മസ്ജിദ് പ്രശ്നങ്ങൾ ആണ് എന്നും ബിജെപിക്ക് അധികാരത്തിലേക്കുള്ള ടിക്കറ്റ്. പ്രധാനപ്പെട്ട മുസ്ലിം പള്ളികൾ മുമ്പ് ക്ഷേത്രങ്ങളായിരുന്നുവെന്നും അവ തിരിച്ചുപിടിച്ച് ക്ഷേത്രങ്ങളാക്കി പുനർ നിർമ്മിക്കുമെന്നുമുള്ള പ്രചാരണം ബിജെപി നടത്തും. അങ്ങനെ മുസ്ലിം വിരുദ്ധ – ഹിന്ദു ഏകീകരണ വോട്ടുകൾ ബിജെപിക്ക് ലഭിക്കും. ഇന്നലെകളിൽ ബാബരി അതായിരുന്നു ബിജെപിക്ക് നൽകിയത്. ഇന്ന് ഗ്യാൻവാപിയിലൂടെയും മധുര മസ്ജിദിലൂടെയും ബിജെപി പ്രതീക്ഷിക്കുന്നതും മറ്റൊന്നല്ല. സ്വാഭാവികമായും നാളെയുടെ വിഷയങ്ങളായി കുതുബ് മിനാറും താജ്മഹലും വഴിയേ വരും.

കരുത്തുകൂട്ടിയ കലാപങ്ങൾ
ബിജെപിയുടെ വളർച്ചയിൽ മന്ദിർ പൊളിറ്റിക്സിനെ പോലെ തന്നെ മറ്റൊരു പ്രധാന ഘടകമാണ് രാജ്യത്ത് നടന്ന സംഘപരിവാർ സ്പോൺസേർഡ് വർഗീയ കലാപങ്ങൾ. ഗോൾവാൾക്കാരുടെയും സവർക്കറുടെയും ചിന്തകൾ തന്നെയായിരുന്നു സംഘ് പ്രഭൃതികൾക്ക് കലാപങ്ങൾ നടത്താനും ഊർജ്ജമായി വർത്തിച്ചത്. അവരുടെ ഗ്രന്ഥങ്ങളിൽ ഇന്ത്യ ഭരിച്ച ‘വിദേശികളായ’ സുൽത്താന്മാർ ഹൈന്ദവരോട് ഒരുപാട് ക്രൂരതകൾ ചെയ്തതായും അതിനോട് പ്രതികാരം ചെയ്യാൻ അവസരം ലഭിച്ചിട്ടും ഹിന്ദു രാജാക്കന്മാർ അതിന് മുതിർന്നിരുന്നില്ല എന്നും പറയുന്നത് കാണാം. ഹിന്ദുവിന്റെ വിശാലമനസ്കതയെ പ്രകീർത്തിക്കാനല്ല,മറിച്ച് അപലപിക്കാനും അക്രമാസക്തനാകാനുള്ള ആത്മ വീര്യം അവനിൽ കുത്തിനിറക്കാനുമാണ് അവർ അങ്ങനെ ചെയ്തത്. ഹിന്ദുവിന് പറ്റിയ ‘അബദ്ധ’മോർത്ത് സവർക്കർ പരിതപിക്കുന്നത് കാണുക “മുസ്ലിംകളുടെ കടന്നാക്രമണ ഘട്ടത്തിൽ തന്നെ ഹിന്ദുക്കൾ വിജയശ്രീലാളിതരായ യുദ്ധങ്ങളിൽ മുസ്ലിം ലൈംഗിക അതിപ്രസരങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കുകയോ,അവരെ നിർബന്ധ മതപരിവർത്തനം നടത്തുകയോ ചെയ്തിരുന്നെങ്കിൽ ഭീകരമായ അപബോധത്തിൽ അവരുടെ ഹൃദയം മഥിക്കുമായിരുന്നു. പിന്നെ ഒരു ഹിന്ദു യുവതിയെയും അവർ തൊടില്ലായിരുന്നു..” സവർക്കറുടെ ആഹ്വാനം അനുയായികൾ ഏറ്റെടുത്തതിന്റെ ഫലമാണ് പിൽക്കാല ചരിത്രത്തിൽ നാം കണ്ടത്.

                                               മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ആസൂത്രിത കലാപങ്ങൾ നടപ്പിലാക്കുന്നതിലൂടെ പ്രധാനമായും രണ്ടു കാര്യങ്ങളാണ് സംഘ്പരിവാർ ലക്ഷ്യമിട്ടത്. ഒന്ന്,ആ പ്രദേശത്തെ മുസ്ലിംകളുടെ സാമ്പത്തിക പുരോഗതിയെ തകർക്കുക,രണ്ട് കലാപാനന്തരം ഹിന്ദു വോട്ടുകളുടെ ഏകീകരണം. ഈ ലക്ഷ്യങ്ങൾ മുൻനിർത്തി സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം നിരവധി വർഗീയ ലഹളകളും സംഘർഷങ്ങളും ഉണ്ടായി. ഹൈദരാബാദ്,മീററ്റ്, മൊറാബാദ്, അലിഗഡ്,മുംബൈ ഭീവണ്ടി,അഹമ്മദാബാദ്, വാരണാസി, കോയമ്പത്തൂർ, മുസഫർ നഗർ തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം പലകുറി കലാപ ഭൂമിയായി മാറി. പലപ്പോഴും പോലീസുകാരുടെയും നിയമപാലകരുടെയും ഒത്താശയോടെയായിരുന്നു കാവി ഭീകരരുടെ അഴിഞ്ഞാട്ടം അരങ്ങേറിയിരുന്നത്.ഈ കലാപങ്ങളിളെല്ലാം കൊല്ലപ്പെട്ടവരിലും ഇരയായവരിലും ഭൂരിഭാഗവും മുസ്ലിംകൾ തന്നെയായിരുന്നു. കലാപ കേന്ദ്രങ്ങളിൽ മുസ്ലിംകൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളെയും വ്യവസായകേന്ദ്രങ്ങളേയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിലൂടെ സംഘ്പരിവാർ മുസ്ലിംകളുടെ സാമ്പത്തിക പുരോഗതി ഇല്ലാതാക്കും.ഹിന്ദുക്കളും മുസ്ലിംകളും സമാധാനത്തോടെ കഴിഞ്ഞിരുന്ന പ്രദേശങ്ങളിൽ കലാപാനന്തരം ഇരു സമുദായങ്ങൾക്കുമിടയിലെ മാനസിക ഐക്യം തകരുകയും വർഗീയ വിഭജനം സൃഷ്ടിക്കപ്പെടുകയും ചെയ്യും. തുടർന്ന് ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ സംഘപരിവാർ തങ്ങളുദ്ദേശിച്ചത് നേടിയെടുക്കുകയും ചെയ്യും. ഇത്തരം കലാപങ്ങൾ ബിജെപിയുടെ വളർച്ചയിൽ, പ്രത്യേകിച്ചും ഹിന്ദി ഹൃദയ ഭൂമിയിലെ പാർട്ടിയുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഗുജറാത്തിൽ 2002ൽ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അരങ്ങേറിയ കലാപത്തിൽ രണ്ടായിരത്തിലേറെ മുസ്‌ലിംകളാണ് കൊലചെയ്യപ്പെട്ടത്. നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവും പ്രധാനമന്ത്രി പദം വരെയുള്ള ഉയർച്ചയുടെ തുടക്കവും അവിടെ നിന്നായിരുന്നു. അതേസമയം വിഭജനമേൽപ്പിച്ച മുറിവിൽ നിന്നും മുക്തരാകും മുമ്പേ ഇരുട്ടടിയായി ഭവിച്ച ഇത്തരം കലാപങ്ങൾ മുസ്ലികളെ സാമുദായികമായും സാമ്പത്തികമായും കൂടുതൽ ദുർബലരാക്കി.

മതേതരക്കാരുടെ ‘പങ്ക്’
ബിജെപിയുടെ ഇതുവരെയുള്ള വളർച്ചയിൽ രാജ്യത്തെ മതേതരത്വം അവകാശപ്പെടുന്ന പല രാഷ്ട്രീയ പാർട്ടികളും പൊറുക്കാനാവാത്ത പാതകം പേറുന്നവരാണ്. ചെറുതും വലുതുമായ ദേശീയ,പ്രാദേശിക പാർട്ടികളൊക്കെയും ഈ വിഷയത്തിൽ തങ്ങളുടേതായ ‘സംഭാവന’യർപ്പിച്ചിട്ടുണ്ട്.തങ്ങളുടെ ഭരണം നിലനിർത്താനും താൽക്കാലിക രാഷ്ട്രീയ ലാഭങ്ങൾക്കും വേണ്ടി പല ഘട്ടങ്ങളിലും അവർ രാജ്യത്തിൻ്റെ മതേതരത്വത്തെ ഒറ്റിക്കൊടുത്തു.അപക്വമായ ഇത്തരം നടപടികൾ ബിജെപിയുടെ വളർച്ചയിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.

                                                         സ്വതന്ത്ര സമര കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തരവും കിണഞ്ഞു പരിശ്രമിച്ചിട്ടും പതിറ്റാണ്ടുകളോളം സംഘ്പരിവാറിനെ ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിന് പുറത്ത് നിർത്തിയത് പ്രധാനമായും അന്ന് ശക്തമായ സംഘടനാ സംവിധാനവും ജനകീയാടിത്തറയുമുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെച്ചു പുലർത്തിയ മതേതര നിലപാട് തന്നെയായിരുന്നു. സ്വാതന്ത്രസമര കാലഘട്ടത്തിൽ ഗാന്ധിയും പിന്നീട് നെഹ്റുവും രൂപപ്പെടുത്തിയ മതേതര ലൈൻ ആയിരുന്നു കോൺഗ്രസ് പിന്തുടർന്നിരുന്നത്. നെഹ്‌റുവിന് ശേഷം ശാസ്ത്രിയും പിന്നീട് കുറേയൊക്കെ ഇന്ദിരാഗാന്ധിയും ആ പാരമ്പര്യം കാത്തുസൂക്ഷിച്ചു. എന്നാൽ 1980 കൾക്ക് ശേഷം കോൺഗ്രസിന് ആദർശപരമായി വലിയ അപചയം സംഭവിച്ചു. നെഹ്റുവിനു ശേഷം ഹിന്ദുത്വക്കെതിരെ പുസ്‌തകമെഴുതിയ കോൺഗ്രസുകാരനെ കാണാൻ പിന്നീട് ശശിതരൂർ വരെ കാത്തിരിക്കേണ്ടി വന്നു.ബാബരി പ്രശ്ന‌ം കത്തിനിന്ന സമയത്ത് കോൺഗ്രസ് വർഗ്ഗീയതക്ക് കുടപിടിച്ചു. രാം മന്ദിർ – മസ്‌ജിദ് വിവാദത്തിന് വീണ്ടും ജീവൻ നൽകിയ പൂട്ടുതുറന്നു കൊടുക്കലിലേക്ക് രാജീവ് ഗാന്ധിയടക്കമുള്ള അന്നത്തെ കോൺഗ്രസ് നേതാക്കൾ ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. 1986ൽ സംഭവം നടക്കുമ്പോൾ കേന്ദ്രത്തിലും യുപിയിലും കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ. രാജീവ് ഗാന്ധിക്ക് അതിൽ പങ്കില്ലെന്നും അദ്ദേഹത്തെ അറിയിക്കാതെ അരുൺ നെഹ്റുവായിരുന്നു(പിന്നീട് ബിജെപിയിൽ ചേർന്നു) എല്ലാ ഗൂഢപ്രവർത്തനങ്ങളും നടത്തിയതെന്നുമാണ് ഇപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവായ മണിശങ്കർ അയ്യർ പറയുന്നത്. എന്നാൽ 1989ൽ തർക്കത്തിലിരുന്ന മസ്‌ജിദിൽ ആരാധന നടത്താൻ ഹിന്ദുത്വവാദികളെ അനുവദിച്ചതിൽ നിന്നും ഒഴിഞ്ഞു മാറാൻ രാജീവ് ഗാന്ധിക്ക് സാധ്യമല്ല. മാത്രമല്ല അന്ന് തന്നെ അയോധ്യ ആയുധമാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കോൺഗ്രസും രാജീവും തയ്യാറായിരുന്നു എന്നതും നിഷേധിക്കാവതല്ല.അക്കാലത്ത് ഇന്ത്യയിൽ റിലീസായ, വളരെയധികം ജനപ്രീതി നേടിയ ‘രാമായൺ'(1987) സീരീസിൽ രാമൻ്റെ വേഷം ചെയ്‌ത നടൻ അരുൺ ഗോവിലിനെ 1989ലെ പൊതു തെരഞ്ഞെടുപ്പിൽ, കാശി വിശ്വനാഥ ക്ഷേത്ര പരിസരത്ത് വെച്ച് കോൺഗ്രസിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് അംബാസിഡറായി പ്രഖ്യാപിച്ചു കൊണ്ടാണ് രാജീവ് ഗാന്ധി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചത്. മാത്രമല്ല 1991-ലെ പൊതുതെരെഞ്ഞെടുപ്പിൽ ബിജെപിയെ ‘ഭയന്ന്’ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് തെരഞ്ഞെടുപ്പ് പത്രികപോലും കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കാതെ ക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു വാഗ്ദാനം. ഇങ്ങനെ തീവ്ര ഹിന്ദുത്വമെന്ന ബിജെപിയുടെ ആയുധത്തെ മൃദു ഹിന്ദുത്വമെന്ന ‘ഉണ്ടയില്ലാ വെടി’ കൊണ്ട് നേരിടുകയായിരുന്നു പലപ്പോഴും കോൺഗ്രസ് ചെയ്തത്.ഒടുവിൽ 1992 ഡിസംബർ 6 ന് സംഘ്ഭീകരർ ബാബരി മസ്ജിദ് തകർക്കുമ്പോഴും കോൺഗ്രസ് തന്നെയായിരുന്നു കേന്ദ്രത്തിൽ അധികാരത്തിൽ. മസ്ജിദ് ഉടൻ പുനർനിർമ്മിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു അന്ന് പറഞ്ഞത്. എന്നാൽ ബാബരി മസ്‌ജിദ് തകർത്ത ശേഷം 15 വർഷത്തോളം അധികാരത്തിലിരുന്നിട്ടും അതിനായി ഒരു ചെറുവിരലനക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല.

                                                        എന്നാൽ കോൺഗ്രസിന്റെ പേരിൽ മാത്രം കുറ്റമാരോപിച്ച് മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് ഒരിക്കലും കൈ കഴുകാനാവില്ല.ഇന്നത്തെ പ്രബല പ്രതിപക്ഷ പാർട്ടികളിൽ ഒരിക്കൽ പോലും ബിജെപിയോട് രാഷ്ട്രീയ മുന്നണി ഉണ്ടാക്കാത്ത ഏക പാർട്ടി ബീഹാറിലെ ലാലു പ്രസാദ് യാദവിന്റെ ആർജെഡി മാത്രമാണ്. ഇന്ത്യയിൽ സോഷ്യലിസ്റ്റ് പാർട്ടികളുടെ ആചാര്യനായ രാം മനോഹർ ലോഹ്യ സോഷ്യലിസ്റ്റ് ആശയങ്ങളേക്കാളേറെ നെഹ്റു വിരുദ്ധതയായിരുന്നു പ്രചരിപ്പിച്ചത്. രാഷ്ട്രീയ നിലപാടുകൾക്കപ്പുറം നെഹ്റുവിന്റെ എല്ലാ ആശയങ്ങളെയും തുറന്നെതിർക്കാനായിരുന്നു അദ്ദേഹം സമയം ചെലവഴിച്ചത്.ലോഹ്യയുടെ പിൻഗാമികളായ ജോർജ് ഫെർണാണ്ടസും നിതീഷ് കുമാറുമൊക്കെ യാതൊരു സങ്കോചവും കൂടാതെ ബിജെപിക്കൊപ്പം കൂടിയതിന് പിന്നിലെ മനഃശാസ്ത്രവും ഇതാണ്. ഉത്തരേന്ത്യയിൽ ലോഹ്യ വിതച്ച ‘ആന്റി നെഹ്‌റു’ വിത്തിൽ നിന്നാണ് പിന്നീട് ബിജെപി വിളവെടുത്തു തുടങ്ങിയത്.അടിയന്തരാവസ്ഥക്ക് ശേഷം രൂപം കൊണ്ട ജനതപാർട്ടിയിൽ ജനസംഘത്തെയും, 89 ലെ കോൺഗ്രസ് വിരുദ്ധ മുന്നണിയായ നാഷണൽ ‘ഫ്രണ്ടി’ൽ ബിജെപിയെയും സ്വീകരിച്ചിരുത്തിയത് രാജ്യത്തെ സോഷ്യലിസ്റ്റ് ഇടതുപക്ഷ പാർട്ടികളാണ്. കോൺഗ്രസിന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കാനുള്ള തന്ത്രപ്പാടിൽ അവർ പലപ്പോഴും സ്വന്തം ആദർശം സംഘപരിവാറിന് മുന്നിൽ പണയം വെച്ചു.കടുത്ത കോൺഗ്രസ് വിരോധവും അധികാര മോഹവും കാരണം അവർക്ക് തങ്ങളുടെ അബദ്ധങ്ങൾ കാണാൻ കഴിഞ്ഞില്ല. അതിന്റെ ഫലമായിട്ടാണ് കേവലം രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണത്തിൽ പങ്കാളികളായി മാറിയത്.

ഹാഫിള് അമീൻ നിഷാൽ വെള്ളേരി
Student at  |  + posts
Share this article
Shareable URL
Prev Post

ലോക്സഭാ തിരഞ്ഞെടുപ്പുകൾ; 1952 മുതൽ 2019 വരെ

Next Post

ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘ്പരിവാർ ഒളിയജണ്ടകൾ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

ആൾക്കൂട്ട ഫാസിസം; പിൻബലമേകുന്ന പ്രത്യയശാസ്ത്ര പ്രചരണങ്ങൾ

മൂന്നാം വട്ടവും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിലെത്തിയത് മുതൽ രാജ്യത്ത് ആൾക്കൂട്ട…
ആൾക്കൂട്ട കൊലപാതകങ്ങൾ

കൊറോണ ജാഗ്രതയോടെ

|Muhammed Jasim N Athershery| മുന്നേറണം ഇനിയും ഏറെ കടമ്പകൾ മങ്ങാതെ സ്നേഹം പകർന്നീടാം തകരാത്ത മനസ്സുമായൊന്നിച്ച്…