സ്വതന്ത്ര ഇന്ത്യയിലെ പതിനെട്ടാമത് ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പാണ് ഏപ്രിൽ,മെയ് മാസങ്ങളിലായി ഏഴ് ഘട്ടമായി നടക്കാൻ പോകുന്നത് .കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടെ രാജ്യത്ത് നടന്ന 17 ലോകസഭ തെരഞ്ഞെടുപ്പുകളും ലോക ചരിത്രത്തിൽ തന്നെ തുല്യത ഇല്ലാത്തതാണ്. കോടിക്കണക്കിന് ജനങ്ങൾ തങ്ങളുടെ സമ്മതിദായവകാശം വിനിയോഗിച്ച ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഓരോ പ്രാവശ്യവും ഇന്ത്യയിൽ നടന്നത്. ഏറ്റവും ഒടുവിൽ നടന്ന 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യയിലൊട്ടാകെ 90 കോടി വോട്ടർമാരും 650 ലധികം പാർട്ടികളും 8000ത്തിലേറെ സ്ഥാനാർത്ഥികളുമാണുണ്ടായിരുന്നത് എന്നതിൽ നിന്ന് ഒരു ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിന്റെ വലിപ്പവും വ്യാപ്തിയും മനസ്സിലാക്കാം.സ്വാതന്ത്ര്യവും നീതിയുക്തവുമായി നടന്ന ഈ തെരഞ്ഞെടുപ്പുകളിൽ ഇതുവരെ വിവിധ ഏകകക്ഷി – മുന്നണി സർക്കാറുകളിലായി 14 പ്രധാനമന്ത്രിമാരും രാജ്യത്തുണ്ടായി. വാശിയേറിയ പ്രചാരണങ്ങളും പാർട്ടികളുടെ ഉയർച്ചയും താഴ്ചയും മുന്നണി രൂപീകരണവുമെല്ലാം കണ്ട സംഭവബഹുലമായ ഏടുകളാണ് ഇന്ത്യയിലെ ഓരോ പൊതു തെരഞ്ഞെടുപ്പുകളും.
നെഹ്റു യുഗം (1951- 64)
1951 ഒക്ടോബർ മുതൽ 1952 ഫെബ്രുവയായിരുന്നു ഇന്ത്യയിലെ പ്രഥമ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. 489 ലോക്സഭാ മണ്ഡലങ്ങൾക്കൊപ്പം രാജ്യത്ത് അന്ന് നിലവിലുണ്ടായിരുന്ന നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.17 കോടി വോട്ടർമാർ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നു . ലോക്സഭയിലേക്ക് മാത്രം 1949 സ്ഥാനാർത്ഥികൾ മത്സരിച്ചു.അക്കാലത്ത് സമ്പന്ന രാജ്യങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിലും വടക്കേ അമേരിക്കയിലും മാത്രമായിരുന്നു ജനാധിപത്യവും തെരഞ്ഞെടുപ്പുമൊക്കെ ഉണ്ടായിരുന്നത്. ഈയൊരു സാഹചര്യത്തിൽ രാജ്യത്തിന്റെ വിസ്തൃതിയും സമ്മതിദായകരുടെ എണ്ണവും വെച്ച് ലോകത്തെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ നടത്തുക എന്നത് തീർത്തും വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. രാജ്യത്തിന്റെ ദാരിദ്ര്യവും ജനങ്ങളുടെ നിരക്ഷരതയും മറ്റൊരു ആശങ്കയും പ്രതിസന്ധിയുമായിരുന്നു .യോഗ്യരായ സമ്മതിദായകരിൽ 15 ശതമാനത്തിന് മാത്രമായിരുന്നു സാക്ഷരത ഉണ്ടായിരുന്നത്. എങ്കിലും സുകുമാർ സെന്നിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ഭഗീരഥപ്രയത്നത്തിലൂടെ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു. മൂന്നുലക്ഷം ഓഫീസർമാരും പോളിംഗ് ഉദ്യോഗസ്ഥരും ചേർന്ന് 68 ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഒടുവിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം ലോകത്താകമാനം പ്രശംസിക്കപ്പെട്ടു. ദാരിദ്ര്യവും നിരക്ഷരതയും ജനാധിപത്യ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് തടസ്സമല്ലെന്നും ലോകത്തിന്റെ ഏതു ഭാഗത്തും ജനാധിപത്യം പ്രവർത്തികമാക്കാമെന്നും ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു.തെരഞ്ഞെടുപ്പ് നീതിയുക്തമായിരുന്നുവെന്ന് പരാജയപ്പെട്ടവർ വരെ അംഗീകരിച്ചിരുന്നു.
ഫലം വന്നപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് പോലെതന്നെ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് വമ്പിച്ച വിജയം നേടി. 45% വോട്ടോടെ ലോക്സഭയിൽ ആകെയുള്ള 489 സീറ്റുകളിൽ 364 സീറ്റും കോൺഗ്രസ് നേടി. 16 സീറ്റുകൾ(3% വോട്ട്) നേടിയ സിപിഐയും 12 സീറ്റുകൾ നേടിയ(11%വോട്ട് )ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പാർട്ടിയും ആയിരുന്നു ഏറ്റവും വലിയ പ്രതിപക്ഷ കക്ഷികൾ. അഥവാ കോൺഗ്രസിന്റെ പത്തിലൊന്നു സീറ്റ് പോലും നേടാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞിരുന്നില്ല. അതിലും വലിയ തമാശ,കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചത് സ്വതന്ത്രരായിരുന്നു എന്നതാണ്!37 ഇടത്ത് ഒരു പാർട്ടിയുടെയും ഭാഗമാകാത്ത സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് വിജയം നേടാനായി.സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സമ്പൂർണ്ണ വിജയം നേടി. 52 ലെ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനമായിരുന്നു 57ലും 62ലും നടന്ന രണ്ടും മൂന്നും ലോക്സഭ തെരഞ്ഞെടുപ്പുകളിലും.കോൺഗ്രസ് നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടർന്നു.1957ൽ പുതുതായി രൂപീകരിച്ച 5 മണ്ഡലങ്ങൾ അടക്കം തെരഞ്ഞെടുപ്പ് നടന്ന 494 മണ്ഡലങ്ങളിൽ 371ഉം, 1962 ൽ 361ഉം സീറ്റുകൾ കോൺഗ്രസ് നേടി. ഇരു തെരഞ്ഞെടുപ്പുകളിലും യഥാക്രമം 27,29 സീറ്റുകൾ നേടി സിപിഐ രണ്ടാമതും എത്തി. പക്ഷേ ആകെ അംഗബലത്തിന്റെ പത്തിലൊന്ന് സീറ്റുകൾ പോലും നേടാൻ കഴിയാത്തതിനാൽ മുഖ്യപ്രതിപക്ഷ പാർട്ടി പദവി അവകാശപ്പെടാൻ അവർക്ക് കഴിഞ്ഞില്ല. മാത്രമല്ല പ്രഥമ തെരഞ്ഞെടുപ്പ് പോലെ തന്നെ 57ലും കോൺഗ്രസിന് പിന്നിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് സ്വതന്ത്രർ ആയിരുന്നു,42 എണ്ണം; അതും 20 ശതമാനം വോട്ടോടെ!(സർവ്വകാല റെക്കോർഡ്). 62ൽ 11 ശതമാനം വോട്ടും 20 സീറ്റുകളും നേടിയ സ്വതന്ത്രർ കോൺഗ്രസിനും സിപിഐക്കും പിന്നിൽ മൂന്നാമതും എത്തി. സ്വാതന്ത്രസമര പോരാട്ടത്തിൽ നേതൃപരമായ പങ്കു വഹിച്ചതിലൂടെ ലഭിച്ച ദേശീയ പ്രസ്ഥാന പാരമ്പര്യവും പ്രചാരണത്തിന് നേതൃത്വം നൽകിയ ജവഹർലാൽ നെഹ്റുവിനെ പോലെയുള്ള സമുന്നതരായ നേതാക്കളുടെ സാന്നിധ്യവുമാണ് ആദ്യ മൂന്ന് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ ഏകപക്ഷീയമായ വിജയത്തിലേക്ക് നയിച്ചത്. അന്ന് രാജ്യവ്യാപകമായി കെട്ടുറപ്പുള്ള സംഘടന ശൃംഖലയുള്ള ഏക പാർട്ടി കോൺഗ്രസ് മാത്രമായിരുന്നു.
ഇന്ദിരാ രാജും ജനതാ ഗവൺമെന്റും (1967-1980)
ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുള്ള തെരഞ്ഞെടുപ്പാണ് 1967ലെ നാലാം ലോക്സഭാ തിരഞ്ഞെടുപ്പ്. 17 വർഷം അധികാരത്തിലിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നാലാം തവണ അധികാരം പൂർത്തിയാക്കും മുമ്പേ 1964 അന്തരിച്ചു. പകരം വന്ന ലാൽ ബഹദൂർ ശാസ്ത്രി 1966ലും അന്തരിച്ചു. തുടർന്ന് നെഹ്റുവിന്റെ മകൾ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിപദം ഏറ്റെടുത്ത് അധികം വൈകാതെ തെരഞ്ഞെടുപ്പും വന്നു. ആദ്യ മൂന്നു തെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷത്തിനുമേൽ മൃഗീയ ഭൂരിപക്ഷം നേടിയിരുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ മേധാവിത്വത്തിന് ആദ്യമായി ഇളക്കം തട്ടിയത് 1967ലെ തെരഞ്ഞെടുപ്പിലാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഉയർത്തിക്കാട്ടിയുള്ള ജനകീയ പ്രതിഷേധങ്ങൾക്കും കർഷകപ്രക്ഷോഭങ്ങൾക്കും മധ്യേയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇന്ദിരാഗാന്ധിയുടെ ഭരണപരിചയക്കുറവും പാർട്ടിക്കകത്തെ ചേരിപ്പോരുകളും കോൺഗ്രസിന് പ്രതികൂല സാഹചര്യമുണ്ടാക്കി. റാം മനോഹർ ലോഹ്യയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഐക്യപ്പെട്ടതും കോൺഗ്രസിന് തലവേദന സൃഷ്ടിച്ചു. എങ്കിലും ആകെ ഉണ്ടായിരുന്ന 523 സീറ്റുകളിൽ 283 സീറ്റുകളും നേടി കോൺഗ്രസ് അധികാരം നിലനിർത്തി. ഇന്ദിര തന്നെ വീണ്ടും പ്രധാനമന്ത്രിയായി. പ്രതിപക്ഷ ഐക്യം തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്യമായി പ്രതിഫലിച്ചു. 44 സീറ്റുകൾ നേടിയ രാജഗോപാലചാരിയുടെ സ്വതന്ത്രപാർട്ടിയായിരുന്നു പ്രതിപക്ഷ പാർട്ടികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1964ൽ രണ്ടായി പിളർന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ സിപിഐ 23ഉം സിപിഐ(എം) 19ഉം സീറ്റുകൾ നേടി. ജനസംഘം(35), ദ്രാവിഡ മുന്നേറ്റ കഴകം(25), സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി(23), പ്രജാ സോഷ്യലിസ്റ്റ് പാർട്ടി(13) തുടങ്ങിയവയും സഖ്യങ്ങളിലൂടെ നേട്ടമുണ്ടാക്കിയ പാർട്ടികളാണ്. അതേസമയം ലോക്സഭയിലേക്കാളേറെ കോൺഗ്രസിന് തിരിച്ചടി നേരിട്ടത് അതോടൊപ്പം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു. 9 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ ജനപ്രീതിയാർജിച്ച പ്രാദേശിക പാർട്ടിയായ ഡിഎംകെ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. ബാക്കി എട്ട് സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിതര പാർട്ടികൾ ചേർന്നുണ്ടാക്കിയ കൂട്ടുകക്ഷി ഗവൺമെന്റുകളും രൂപീകൃതമായി. കോൺഗ്രസിന്റെ തകർച്ചയും മുന്നണിസംവിധാന രൂപീകരണവുമടക്കം അസാധാരണ സംഭവങ്ങൾ അരങ്ങേറിയ 967ലെ തെരഞ്ഞെടുപ്പിനെ ‘രാഷ്ട്രീയ ഭൂകമ്പം’ എന്നാണ് അക്കാലത്തെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചത്.
1971ഫെബ്രുവരിയിലായിരുന്നു ലോക്സഭയിലേക്കുള്ള അഞ്ചാമത്തെ പൊതുതെരെഞ്ഞെടുപ്പ് നടന്നത്. കാലാവധി പൂർത്തിയാക്കും മുമ്പേ 1980 ഡിസംബറിൽ ഇന്ദിരാഗാന്ധി ലോക്സഭാ പിരിച്ചുവിടുകയും പുതിയ തെരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്യുകയുമായിരുന്നു.ഏവരെയും അമ്പരിപ്പിച്ച ധീരമായ നീക്കമായിരുന്നു അത്. പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും വളരെയേറെ പ്രതിസന്ധികളും ശക്തമായ വെല്ലുവിളികളും നേരിട്ട ഘട്ടത്തിൽ ഇന്ദിരയിൽ നിന്ന് അത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എതിരാളികളെയെല്ലാം നിഷ്പ്രഭമാക്കി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉരുക്കുവനിതയായി ഇന്ദിരാഗാന്ധി ഉദിച്ചുയരുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 967ലെ മങ്ങിയ വിജയത്തിനുശേഷം കോൺഗ്രസ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു പാർട്ടിയിലുണ്ടായ പിളർപ്പ്. പാർട്ടി സംഘടനയെ നിയന്ത്രിച്ചിരുന്ന മുതിർന്ന നേതാക്കളുടെ കൂട്ടായ്മയായ സിൻഡിക്കേറ്റിനെതിരെ ഇന്ദിര തുറന്ന പോർമുഖം പാർട്ടിയെ പിളർപ്പിലെത്തിച്ചു. ഇന്ദിരയുടെ നേതൃത്വത്തിലുള്ള വിഭാഗം കോൺഗ്രസ് (R-പുനസംഘടന)എന്നും, സിൻഡിക്കേറ്റ് നേതൃത്വത്തിലുള്ള ഗ്രൂപ്പ് കോൺഗ്രസ് O (ഓർഗനൈസേഷൻ-സംഘടന) എന്ന പേരിലും അറിയപ്പെട്ടു. ‘പഴയ’ കോൺഗ്രസ് എന്ന നിലക്ക് പാർട്ടിയുടെ സംഘടനാ സംവിധാനം കൂടുതലും സംഘടന കോൺഗ്രസിന്റെ നിയന്ത്രണത്തിലായിരുന്നു. പിളർപ്പിനെ തുടർന്ന് ലോക്സഭയിലെ 68 എംപിമാർ സംഘടന കോൺഗ്രസിനോടൊപ്പം ചേരുകയും ചെയ്തു. ഇതോടെ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ഇന്ദിര സിപിഐ, ഡിഎംകെ തുടങ്ങി കക്ഷികളുടെ പ്രശ്നാധിഷ്ഠിത പിന്തുണയോടെ അധികാരം നിലനിർത്തിപ്പോന്നു. എങ്കിലും ഈ സ്ഥിതിയിൽ ഏറെക്കാലം അധികാരത്തിൽ തുടരാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇന്ദിര മറ്റു പാർട്ടികളുടെ മേലുള്ള ആശ്രയത്വം അവസാനിപ്പിക്കാനും യഥാർത്ഥ കോൺഗ്രസ് തന്നോടൊപ്പമാണെന്ന് കാണിക്കാനും ജനവിധി തേടുവാൻ തീരുമാനിച്ചു. ഇതോടെ വീണ് കിട്ടിയ അവസരം മുതലെടുക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒത്തൊരുമിച്ച് മുന്നോട്ട് വന്നു. വിവിധ സോഷ്യലിസ്റ്റ് പാർട്ടികൾ ക്കും ജനസംഘം,സ്വതന്ത്ര പാർട്ടി തുടങ്ങിയവക്കുമൊപ്പം സംഘടന കോൺഗ്രസും ചേർന്ന് ‘മഹാസഖ്യം’ എന്ന പേരിൽ ഇന്ദിരയ്ക്കെതിരെ പ്രതിപക്ഷ മുന്നണിയുണ്ടാക്കി.ഇന്ദിര ഹാഠാവോ(ഇന്ദിര നിർമ്മാർജ്ജനം) എന്നായിരുന്നു അവരുടെ മുദ്രാവാക്യം തന്നെ.എന്നാൽ ഇതിനു ബദലായി ‘ഗരീബി ഹാഠാവോ'(ദാരിദ്ര നിർമ്മാർജ്ജനം) എന്ന ജനശ്രദ്ധ പിടിച്ചു പറ്റിയ ക്രിയാത്മക മുദ്രാവാക്യമുയർത്തി ഇന്ദിരയും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. ബാങ്കുകളുടെ ദേശസാൽക്കരണവും ഭൂപരിഷ്കരണവുമടക്കമുള്ള ഇന്ദിരയുടെ ഇടത് – സോഷ്യലിസ്റ്റ് ആശയത്തിലൂന്നിയ വികസന പ്രവർത്തനങ്ങൾ കാരണം സിപിഐയുടെ പിന്തുണയും സഖ്യവും ഇന്ദിരക്ക് ലഭിക്കുകയും ചെയ്തു. ഫലം വന്നപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് കോൺഗ്രസ് R – സിപിഐ മുന്നണി ആകെയുള്ള 518 ലോക്സഭാ സീറ്റുകളിൽ 375 സീറ്റുകളും നേടി(കോൺഗ്രസ് ഒറ്റക്ക് 352) അധികാരത്തിലെത്തി. കേവലം 50 ഓളം സീറ്റുകളിൽ മാത്രം വിജയിക്കാനായ പ്രതിപക്ഷത്തിന്റെ മഹാസഖ്യം കനത്ത പരാജയം ഏറ്റുവാങ്ങി. ഏറെ കൊട്ടിഘോഷിക്കപ്പെട്ട സംഘടന കോൺഗ്രസ് 16 സീറ്റുകൾ മാത്രം നേടി അതിദയനീയമായി തകർന്നടിഞ്ഞു. ഇന്ദിരാ കോൺഗ്രസിന് 44% വോട്ട് ലഭിച്ചപ്പോൾ സംഘടനാ കോൺഗ്രസിന് 10% മാത്രമാണ് ലഭിച്ചത്. ഇതോടെ യഥാർത്ഥ കോൺഗ്രസ് ഇന്ദിരാഗാന്ധിയുടെതാണെന്ന് സ്ഥാപിക്കപെടുകയും ചെയ്തു.
തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെ ഉടനേ നടന്ന പാക്കിസ്ഥാനുമായുള്ള യുദ്ധവിജയം ഇന്ദിരയുടെ ജനപ്രീതി ഉയർത്തി. ഇന്ദിര പാർട്ടിയിലെയും ദേശീയ രാഷ്ട്രീയത്തിലെയും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉയർന്നു. അതിന് രാജ്യം നൽകേണ്ട വിലയായിരുന്നു അടിയന്തരാവസ്ഥ.1975 ജൂൺ 26നാണ് ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതിയായിരുന്ന ഫക്രുദീൻ അലി അഹമ്മദ് രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ചുകൊണ്ട് 971 ലെ ഇന്ദിര ഗാന്ധിയുടെ വിജയം റദ്ദാക്കിക്കൊണ്ടും ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുമുള്ള അലഹബാദ് ഹൈക്കോടതി വിധിയും ജയപ്രകാശ് നാരായണന്റെ ജെപി മൂവ്മെന്റടക്കമുള്ള ഗവൺമെന്റിനെ പിടിച്ചു കുലുക്കിയ പ്രതിപക്ഷ പ്രക്ഷോഭങ്ങളുമാണ് ഇന്ദിരയെ ചൊടിപ്പിച്ചത്. നാലാം ലോക്സഭ കാലാവധി തീരുംമുമ്പേ പിരിച്ചുവിട്ടു ധീരത കാണിച്ച ഇന്ദിര ജനരോഷം ഭയന്ന് അഞ്ചാം ലോക്സഭയുടെ കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്താതെ അടിയന്തരാവസ്ഥയുടെ മറവിൽ ഒളിച്ചിരുന്ന് നീട്ടി കൊണ്ടുപോകുന്നതാണ് രാജ്യം കണ്ടത്. അങ്ങനെ 1976ൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് നടക്കുന്നത് അടിയന്തരാവസ്ഥ പിൻവലിച്ചതിനു ശേഷം 1977 മാർച്ചിലാണ്.തെരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടായിരുന്നുവത്രേ പൊടുന്നനെ അടിയന്തരാവസ്ഥ പിൻവലിക്കുന്നതിലേക്ക് ഇന്ദിരയെ നയിച്ചത്. ഇതോടെ അടിയന്തരാവസ്ഥയുടെ ഹിതപരിശോധനയായി ആറാം ലോക്സഭ തെരഞ്ഞെടുപ്പ് മാറി. ‘ജനാധിപത്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി സംഘടനാ കോൺഗ്രസും സോഷ്യലിസ്റ്റ് പാർട്ടികളും ജനസംഘവുമടക്കമുള്ള പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം ചേർന്ന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ജനതപാർട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഫലം വന്നപ്പോൾ അടിയന്തരാവസ്ഥക്കെതിരെയുള്ള ജനരോഷം ഇന്ദിരയുടെയും കോൺഗ്രസിന്റെയും മേൽ ആഞ്ഞടിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആകെയുള്ള542 സീറ്റുകളിൽ 330ഉം സ്വന്തമാക്കി ജനതാ പാർട്ടിയും സഖ്യകക്ഷികളും അത്യുജ്വല വിജയം നേടി. ജനതാ പാർട്ടി ഒറ്റക്ക് തന്നെ കേവല ഭൂരിപക്ഷം നേടിയിരുന്നു(295). കോൺഗ്രസ് 154 സീറ്റിലൊതുങ്ങി.അടിയന്തരാവസ്ഥയുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തകർന്നടിഞ്ഞു. ഉത്തർപ്രദേശ്,ബീഹാർ ഡൽഹി,ഹരിയാന,പഞ്ചാബ് എന്നിവിടങ്ങളിൽ എല്ലാ മണ്ഡലങ്ങളിലും പരാജയപ്പെട്ട കോൺഗ്രസിന് രാജസ്ഥാനിലും മധ്യപ്രദേശിലും ഓരോ സീറ്റുകളിലും മാത്രമാണ് വിജയിക്കാനായത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റായ്ബറേലിയിലും മകൻ സഞ്ജയ് ഗാന്ധി അമേഠിലും പരാജയപ്പെട്ടു. ഇന്ദിരയുടെ കടുത്ത എതിരാളിയായിരുന്ന സംഘടനാ കോൺഗ്രസിലെ മൊറാർജി ദേശായിയാണ് ജനത പാർട്ടിയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ആശയപരമായ ഭിന്നതകളുള്ള ഒരു കൂട്ടം പാർട്ടികളുടെ കൂട്ടുകെട്ടായിരുന്നു ജനതാ ഗവൺമെന്റ്. അതുകൊണ്ടുതന്നെ അധികാരമേറ്റ് അധികം കഴിയും മുമ്പേ ആഭ്യന്തര ഭിന്നതകളും അധികാര പോരാട്ടങ്ങളും പാർട്ടിയെ ഉലക്കാൻ തുടങ്ങി.18 മാസം മാത്രമായിരുന്നു ജനതാ ഗവൺമെന്റിന് ആയുസ്സുണ്ടായിരുന്നത്.പാർട്ടി പിളരുകയും മൊറാർജി ദേശായിക്ക് പ്രധാനമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വരികയും ചെയ്തു. തുടർന്ന് മൊറാർജിക്കെതിരെ പാർട്ടിക്കുള്ളിൽ കരുക്കൾ നീക്കാൻ മുമ്പന്തിയിലുണ്ടായിരുന്ന ഭാരതീയ ലോക്ദളിന്റെ ചരൺസിംഗ് മറ്റു പാർട്ടികളുമായി ചേർന്ന് ഒരു കൂട്ടുകക്ഷി ഗവൺമെന്റ് രൂപീകരിച്ചു പ്രധാനമന്ത്രിയായി.കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു.എന്നാൽ സഭയിലെത്തി വിശ്വാസ വോട്ടെടുപ്പ് തേടുന്നതിന് തലേദിവസം കോൺഗ്രസ് ചരൺസിംഗിനുള്ള പിന്തുണ പിൻവലിച്ചു. അതോടെ ഒരു മാസം പോലും തികയുന്നതിന് മുമ്പ് ചരൺസിംഗിന് പ്രധാനമന്ത്രിപദം രാജിവെക്കേണ്ടി വന്നു. അങ്ങനെ ഒരു കോൺഗ്രസിതര ഗവണ്മെന്റിനും,ഭൂരിപക്ഷം നഷ്ടപ്പെട്ട് ഒരു പ്രധാനമന്ത്രി രാജിവെക്കുന്നതിനും, മറ്റൊരു പ്രധാനമന്ത്രി സഭയെ അഭിമുഖീകരിക്കുന്നതിനും മുമ്പേ രാജിവെക്കുന്നതിനും ആറാം ലോക്സഭയ്ക്ക് സാക്ഷിയാകേണ്ടിവന്നു.
1980 ജനുവരിയിലായിരുന്നു ലോക്സഭയിലേക്കുള്ള ഏഴാം തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന്റെയും ഇന്ദിരയുടെയും ഐതിഹാസികമായി തിരിച്ചുവരവിന് രാജ്യം സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. 353 സീറ്റുകൾ നേടി കോൺഗ്രസ് പൂർവാധികം ശക്തിയോടെ അധികാരത്തിലേക്ക് തിരിച്ചെത്തി. ചരൺ സിംഗ് പുതുതായി രൂപീകരിച്ച ജനത പാർട്ടി(സെക്കുലർ) ആയിരുന്നു (41 സീറ്റുകൾ)രണ്ടാമത്. സിപിഐ(എം) 37 സീറ്റുകൾ നേടി മൂന്നാമതെത്തിയപ്പോൾ ജഗജീവൻ റാമിന്റെ നേതൃത്വത്തിൽ മത്സരിച്ച പിളർന്നു തകർന്ന ജനത പാർട്ടിയുടെ അവശേഷിച്ച വിഭാഗത്തിന് 31 സീറ്റുകൾ മാത്രമാണ് നേടാനായത്. അങ്ങനെ ഒരു ഇടവേളക്കുശേഷം ഇന്ദിര വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
രാജീവും റാവുവും കോൺഗ്രസ് മേധാവിത്വത്തിന്റെ തകർച്ചയും(1984-1991)
മൂന്നാം തവണ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പത്തെ വർഷം,1984 ഒക്ടോബർ 31ന് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. അതോടെ 1984 ഡിസംബറിൽ തന്നെ രാജ്യത്ത് മറ്റൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഇന്ദിരയുടെ മകൻ രാജീവ് ഗാന്ധിയെ മുൻനിർത്തിയായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ദിര തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ കോൺഗ്രസ് റെക്കോർഡ് വിജയം നേടി. ആകെയുള്ള 543 മണ്ഡലങ്ങളിൽ 415 ഇടത്തും കോൺഗ്രസ് വിജയിച്ചു. മറ്റു ദേശീയ പാർട്ടികളെല്ലാം നിഷ്പ്രഭമായിപ്പോയ തെരഞ്ഞെടുപ്പിൽ(സിപിഐഎം – 22 സീറ്റ്,ജനത പാർട്ടി -10 സീറ്റ്) ആന്ധ്രയിലെ തെലുങ്കുദേശം പാർട്ടി 30 സീറ്റുകൾ നേടി മുഖ്യപ്രതിപക്ഷമായി.ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ പ്രാദേശിക പാർട്ടിയുമായി അവർ മാറി. ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപി(രൂപീകരണം 1980) ആദ്യമായി പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചതും 1984 ൽ ആയിരുന്നു.രണ്ട് സീറ്റ് മാത്രമാണ് അന്ന് അവർക്ക് ലഭിച്ചത്.
1989 നവംബറിൽ നടന്ന ഒമ്പതാം ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു.ബോഫേഴ്സ് അഴിമതി, ശബാനു കേസിലെ മുസ്ലിം പ്രീണനാരോപണം,അസമിലെയും പഞ്ചാബിലെയും കലാപങ്ങൾ,ശ്രീലങ്കയിലെ എൽ.ടി.ടി.ഇ യുമായുള്ള പോരാട്ടം തുടങ്ങി വെല്ലുവിളികളുടെ പടുകുഴിയിൽ നിന്നാണ് രാജീവ് ഗാന്ധിക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുണ്ടായിരുന്നത്.കേന്ദ്ര ധനമന്ത്രി പദവിയിൽ നിന്ന് രാജിവെച്ച് രാജീവിന്റെ ഏറ്റവും വലിയ വിമർശകനായി മാറിയ വി പി സിംഗ് സോഷ്യലിസ്റ്റ് പാർട്ടികളെയെല്ലാം ലയിപ്പിച്ച് ജനതാദൾ പാർട്ടി രൂപീകരിക്കുകയും കോൺഗ്രസ്(എസ്),ടി ഡി പി,ഡിഎംകെ തുടങ്ങി പാർട്ടികൾക്കൊപ്പം ചേർന്ന് ‘നാഷണൽ ഫ്രണ്ട്’ എന്നപേരിൽ മുന്നണി രൂപീകരിച്ച് രാജീവിനെതിരെ അണിനിരക്കുകയും ചെയ്തു. സിപിഐഎമ്മിന്റെയും ബിജെപിയുടെയും പുറമേ നിന്നുള്ള പിന്തുണയും വി.പി.സിംഗിന് ലഭിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഫലം വന്നപ്പോൾ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. 415ൽ നിന്ന് 197 സീറ്റിലേക്ക് കോൺഗ്രസ് കൂപ്പുകുത്തി. എങ്കിലും കോൺഗ്രസ് തന്നെയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടാമതെത്തിയ വി പി സിംഗിന്റെ ജനതാദളിന് 143 സീറ്റാണ് ലഭിച്ചത്. അയോധ്യയിലെ രാം മന്ദിർ പ്രശ്നം ഉയർത്തിക്കാട്ടി വർഗീയ പ്രചാരണം നടത്തിയ ബിജെപി 85 സീറ്റുകൾ നേടി വൻ കുതിച്ചുചാട്ടം നടത്തി. ഏറ്റവും വലിയ കക്ഷിയായെങ്കിലും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഒടുവിൽ ജനതാദൾ മുന്നണി ‘നാഷണൽ ഫ്രണ്ട്’ ബിജെപിയുടെയും സിപിഐഎമ്മിന്റെയും (33 സീറ്റ്) പുറമേ നിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. വിപി സിംഗ് പ്രധാനമന്ത്രിയുമായി.
1989 ലെ തെരഞ്ഞെടുപ്പിനെ ‘കോൺഗ്രസ് വ്യവസ്ഥയുടെ അന്ത്യ’മായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. അതിനുശേഷം പിന്നീടൊരിക്കലും പാർട്ടിക്ക് സ്വന്തമായി കേവല ഭൂരിപക്ഷം ലഭിക്കുകയോ പൂർവ്വ പ്രതാപത്തിലേക്ക് മടങ്ങാൻ സാധിക്കുകയോ കഴിഞ്ഞിട്ടില്ല. കോൺഗ്രസിന്റെ തകർച്ചയോടെ ഇന്ത്യയിൽ ബഹുകക്ഷി സമ്പ്രദായത്തിന്റെ കാലഘട്ടവും ആരംഭിച്ചു.
ഒന്നാം കോൺഗ്രസിതര സർക്കാരായ മൊറാർജി ദേശായി ഗവൺമെന്റിന്റെ പോലെ തന്നെ അൽപായുസേ വിപി സിംഗിന്റെ നാഷണൽ ഫ്രണ്ടിനും ഉണ്ടായുള്ളൂ. ഭരണം ഏറ്റെടുത്ത് ഒരു വർഷം തികയും മുമ്പേ വി.പി.സിംഗ് സർക്കാർ നിലംപൊത്തി. അയോധ്യയിലേക്ക് ബിജെപിയുടെ എൽ കെ അദ്വാനി നടത്തിയ രഥയാത്രയെ സമസ്തിപൂരിൽ വച്ച് തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത ബീഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ നടപടിയെ വി പി സിംഗ് പിന്തുണച്ചതോടെ ബിജെപി സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു. ഇതോടെ സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. തുടർന്ന് ജനതാദളിന്റെ മറ്റൊരു മുതിർന്ന നേതാവായ ചന്ദ്രശേഖർ 64 എംപിമാരുമായി പാർട്ടിയിൽ നിന്ന് പിരിഞ്ഞ് സമാജ് വാദി ജനതാ പാർട്ടി രൂപീകരിച്ചു. അധികം വൈകാതെ കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ അദ്ദേഹം പ്രധാനമന്ത്രിയുമായി. എന്നാൽ ഏഴു മാസങ്ങൾക്കകം കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ ചന്ദ്രശേഖറിനും പ്രധാനമന്ത്രിപദം രാജിവെക്കേണ്ടിവന്നു. രാജ്യത്ത് മറ്റൊരു പൊതു തെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങി.
1991 മെയ്,ജൂൺ മാസങ്ങളിലാണ് ലോക്സഭയിലേക്കുള്ള പത്താം തെരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്, അയോധ്യയിലെ ബാബരി മസ്ജിദ്- രാമജന്മഭൂമി പ്രശ്നം തുടങ്ങിയവയിലെ ചൂടേറിയ ചർച്ചകൾക്കും പ്രക്ഷോഭങ്ങൾക്കുമാണ് തെരഞ്ഞെടുപ്പ് പ്രചാരണം വേദിയായത്. പ്രചാരണം പ്രധാനമായും ഈ രണ്ടു വിഷയങ്ങളെ കേന്ദ്രീകരിച്ചതിനാൽ ‘മണ്ഡൽ – മന്ദിർ തെരഞ്ഞെടുപ്പ്’ എന്നും 91ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അറിയപ്പെട്ടു. എന്നാൽ മെയ് മാസത്തിലെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാംഘട്ടം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി മറ്റൊരു പ്രധാനപ്പെട്ട സംഭവം കൂടി നടന്നു;രാജ്യത്തെ നടുക്കിയ രാജീവ് ഗാന്ധിയുടെ കൊലപാതകം. ഇതോടെ രാജീവിന്റെ സഹതാപ തരംഗത്തിൽ ജൂണിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്നിടത്തെല്ലാം കോൺഗ്രസ് വലിയ മുന്നേറ്റം നടത്തി. ഫലം വന്നപ്പോൾ 244 സീറ്റുകൾ നേടി കോൺഗ്രസ് കേവല ഭൂരിപക്ഷത്തിന് ഏതാണ്ടടുത്തെത്തി. അയോധ്യ വിഷയം കൊഴുപ്പിച്ചു പ്രചാരണം നടത്തിയ ബിജെപി 85ൽ നിന്ന് വീണ്ടും സീറ്റുകൾ ഉയർത്തി 122 ലേക്കെത്തി ഇത്തവണ മുഖ്യപ്രതിപക്ഷ പാർട്ടിയായി മാറി.59 സീറ്റിലൊതുങ്ങിയ വി പി സിംഗിന്റെ ജനതാദൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒടുവിൽ ഏതാനും ചെറു പാർട്ടികളെ കൂട്ടുപിടിച്ച് നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കി കോൺഗ്രസ് ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരിച്ചു. നിരവധി പ്രതിസന്ധികൾ തരണം ചെയ്തും അവിശ്വാസ പ്രമേയങ്ങളെ അതിജയിച്ചും നരസിംഹറാവു സർക്കാർ അഞ്ചുവർഷം പൂർത്തീകരിച്ചു. അന്ന് ധനമന്ത്രിയായിരുന്ന മൻമോഹൻസിങ് കൊണ്ടുവന്ന പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളായിരുന്നു സർക്കാറിനെ വലിയൊരളവോളം കാലാവധി പൂർത്തിയാക്കാൻ സഹായിച്ചത്.
പ്രാദേശികപാർട്ടികളുടെ ഉയർച്ചയും ദേശീയ മുന്നണികളുടെ രൂപീകരണവും (1996 – 2014)
1996 മെയ്,ജൂൺ മാസങ്ങളിൽ മൂന്ന് ഘട്ടമായി പതിനൊന്നാം ലോക്സഭ തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസും, ബിജെപിയും, ജനതാദളും പ്രാദേശിക കക്ഷികളും ചേർന്നുണ്ടാക്കിയ മൂന്നാം മുന്നണിയായ ‘യുണൈറ്റഡ് ഫ്രണ്ടും’ തമ്മിലായിരുന്നു പ്രധാന മത്സരം. ഫലം വന്നപ്പോൾ ബിജെപി 161 സീറ്റുകൾ നേടി ആദ്യമായി രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. റാവുവിന്റെ ജനപ്രീതിയില്ലായ്മയും അഴിമതി ആരോപണങ്ങളും പാർട്ടിക്കകത്തെ ഗ്രൂപ്പുകളും പിളർപ്പും കാരണം തകർന്നടിഞ്ഞ കോൺഗ്രസ് 140 സീറ്റിൽ ഒതുങ്ങി. മൂന്നാം മുന്നണിയിൽ ജനതാദൾ(46 സീറ്റ്), സിപിഐ(എം)(32സീറ്റ്), സമാജ് വാദി പാർട്ടി, ഡിഎംകെ (17 സീറ്റ്), തെലുങ്കുദേശം പാർട്ടി(16) തുടങ്ങിയവയും മുന്നിട്ടുനിന്നു. ആർക്കും കാര്യമായ ഭൂരിപക്ഷമില്ലാത്തതിനാൽ ഒട്ടേറെ നാടകീയ രംഗങ്ങൾക്കാണ് ഇന്ദ്രപ്രസ്ഥം പിന്നീട് സാക്ഷ്യം വഹിച്ചത്. ആദ്യം ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ രാഷ്ട്രപതിയായിരുന്ന ശങ്കർദയാൽ ശർമയുടെ ക്ഷണമനുസരിച്ച് ബിജെപിയുടെ എബി വാജ്പേയ് സർക്കാർ രൂപീകരിച്ചു. പക്ഷെ കേവലം 13 ദിവസങ്ങൾ കൊണ്ട് വിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. രണ്ടാമത്തെ വലിയ കക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ താല്പര്യം കാണിച്ചില്ല. തുടർന്ന് മൂന്നാം മുന്നണിക്കായി അവസരം. അവിടെ ആദ്യ സാധ്യത ജനതാദളിന്റെ വി.പി.സിംഗ് ആയിരുന്നു,പക്ഷേ അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് നറുക്കു വീണത് ദീർഘകാലമായി ബംഗാൾ മുഖ്യമന്ത്രിപദം അലങ്കരിക്കുകയായിരുന്ന സിപിഐഎമ്മിന്റെ ജ്യോതി ബസുവിനായിരുന്നു. പക്ഷേ തങ്ങൾക്ക് ഭൂരിപക്ഷമില്ലാത്ത ഒരു സർക്കാരിൽ ചേരാൻ പാർട്ടി പോളിറ്റ് ബ്യൂറോ അദ്ദേഹത്തെ അനുവദിച്ചില്ല! പിന്നീട് ജ്യോതി ബസു തന്നെ വിശേഷിപ്പിച്ചത് പോലെ ‘ചരിത്രപരമായ വിഡ്ഢിത്തം’
അന്ന് പാർട്ടി കാണിച്ചിരുന്നില്ലെങ്കിൽ ഒരു ജനാധിപത്യ രാജ്യത്ത് രാഷ്ട്രത്തലവൻ ആകുന്ന ആദ്യ കമ്മ്യൂണിസ്റ്റ് എന്ന പദവി ജ്യോതി ബസുവിനെ തേടിയെത്തുമായിരുന്നു. ഒടുവിൽ ജ്യോതി ബസുവിന്റെ നിർദ്ദേശപ്രകാരം കർണാടക മുഖ്യമന്ത്രിയായിരുന്ന ജനതാദളിന്റെ എച്ച് ഡി ദേവഗൗഡയെ നാഷണൽ ഫ്രണ്ട് തങ്ങളുടെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടി. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്തിരുത്താൻ കോൺഗ്രസ് ദേവഗൗഡക്ക് പുറത്തുനിന്നുള്ള പിന്തുണ പ്രഖ്യാപിച്ചു.അങ്ങനെ 1996 ജൂൺ ഒന്നിന് നാഷണൽ ഫ്രണ്ട് മുന്നണി ദേവഗൗഡയുടെ നേതൃത്വത്തിൽ ഗവൺമെന്റ് രൂപീകരിച്ചു. എന്നാൽ ഒരു വർഷം തികയും മുമ്പ് തന്നെ പ്രധാനമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചു കോൺഗ്രസ് സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു. 1997 ഏപ്രിലിൽ ദേവഗൗഡക്ക് രാജിവെക്കേണ്ടിവന്നു.തുടർന്ന് കോൺഗ്രസ് പിന്തുണയോടെ അവർക്ക് കൂടുതൽ സമ്മതനായിരുന്ന ജനതാദളിലെ തന്നെ ഐ കെ ഗുജറാൾ പ്രധാനമന്ത്രിയായി. എന്നാൽ 11 മാസങ്ങൾക്ക് ശേഷം 1998 മാർച്ചിൽ,രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന ഭരണമുന്നണിയിലെ ഘടകകക്ഷിയായ ഡി എം കെയെ സർക്കാരിൽ നിന്ന് പുറത്താക്കാനുള്ള കോൺഗ്രസ് ആവശ്യം നിരാകരിച്ചതിനെ തുടർന്ന് ഗുജ്റാളിനുള്ള പിന്തുണയും കോൺഗ്രസ് പിൻവലിച്ചു. അതോടെ നാഷണൽ ഫ്രണ്ട് മുന്നണിയും നിലംപൊത്തി. മറ്റൊരു സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകളെല്ലാം അപ്രായോഗികമായതോടെ രാജ്യം ഒരു ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങി.
1998 മാർച്ചിൽ ആയിരുന്നു പന്ത്രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പ് അണ്ണാ ഡി എം കെ,സമതാ പാർട്ടി,ശിവസേന തുടങ്ങി പാർട്ടികൾക്കൊപ്പം ചേർന്ന് ബിജെപി ‘എൻഡിഎ'(നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) എന്ന പേരിൽ ഒരു ദേശീയ മുന്നണി രൂപീകരിച്ചു. 1996 ലെ തെരഞ്ഞെടുപ്പിന് ഏതാണ്ട് സമാനമായിരുന്നു 98 ലെ ഫലവും. ബിജെപി 182 സീറ്റുകൾ നേടി ഒന്നാമതും 141 സീറ്റുകൾ നേടി കോൺഗ്രസ് രണ്ടാമതും എത്തി. മുൻ തെരഞ്ഞെടുപ്പുകളിലെ സ്ഥിരതയാർന്ന പ്രകടനം തുടർന്ന സിപിഐ(എം) 32 സീറ്റുകൾ നേടി മൂന്നാമതും എത്തി. എൻഡിഎ മുന്നണിയിലെ മറ്റു പാർട്ടികളുടെ സീറ്റുകൾ കൂട്ടിയിട്ടും ബിജെപിക്ക് കേവല ഭൂരിപക്ഷം തികക്കാനായില്ല. എങ്കിലും തെലുങ്കുദേശം പാർട്ടിയുടെ പിന്തുണയോടെ അവസാനം എ ബി വാജ്പേയ് പ്രധാനമന്ത്രിയായി എൻഡിഎ ഗവൺമെന്റ് തന്നെ നിലവിൽ വന്നു. എന്നാൽ 13 മാസങ്ങൾക്ക് ശേഷം അണ്ണാ ഡിഎംകെ എൻഡിഎ സഖ്യം ഉപേക്ഷിച്ചതോടെ സർക്കാർ വീണു. 1999 ഏപ്രിൽ 17ന് രണ്ടാം തവണയും അധികാരം പൂർത്തിയാക്കാനാകാതെ വാജ്പേയിക്ക് പ്രധാനമന്ത്രി പദവി രാജിവെക്കേണ്ടി വന്നു. തുടർന്ന് പ്രതിപക്ഷം ആയിരുന്ന കോൺഗ്രസിനും സർക്കാർ രൂപീകരിക്കാൻ കഴിയാതിരുന്നതോടെ രാഷ്ട്രപതിയായ കെ ആർ നാരായണൻ രാജ്യത്ത് വീണ്ടും പൊതു തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടു.
കാർഗിൽ യുദ്ധത്തെ തുടർന്ന് നീണ്ടുപോയ പതിമൂന്നാം ലോക്സഭ തെരഞ്ഞെടുപ്പ് 1999 ഒക്ടോബറിൽ അഞ്ചു ഘട്ടങ്ങളായാണ് നടന്നത്. യുദ്ധസമയത്ത് കാവൽ പ്രധാനമന്ത്രി പദവിയിലിരുന്ന് വാജ്പേയ് രാജ്യത്തെ വിജയത്തിലേക്ക് നയിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദയിൽ ബിജെപിക്കനുകൂലമായ കാലാവസ്ഥ രൂപപ്പെട്ടു.അസ്ഥിരതയുള്ള സർക്കാറുകൾക്ക് ഒരു മാറ്റം ജനങ്ങൾ ആഗ്രഹിച്ചതും(മൂന്നുവർഷത്തിനിടെ നാലാം പൊതു തിരഞ്ഞെടുപ്പ് ആയിരുന്നു രാജ്യത്ത് നടക്കുന്നത്) ബിജെപിക്ക് അനുകൂല ഘടകമായി വർത്തിച്ചു. മറുവശത്ത് സോണിയ ഗാന്ധിയെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് പാർട്ടിയിലുണ്ടായ പൊട്ടിത്തെറി കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കിയിരുന്നു. ഫലം വന്നപ്പോൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി 269 സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തി.114 ഇടത്ത് മാത്രം ജയിക്കാനായ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് സീറ്റുകളിലൊതുങ്ങി. തങ്ങളുടെ കോട്ടകൾ ഭദ്രമാക്കിയ സിപിഎം 33 സീറ്റുകൾ നേടി ഇത്തവണയും കോൺഗ്രസിനും ബിജെപിക്കും പിന്നിൽ മൂന്നാമതെത്തി. സീറ്റുകളുടെ എണ്ണത്തിൽ നാലാമതുണ്ടായിരുന്ന (29 സീറ്റ്)തെലുങ്കുദേശം പാർട്ടി എൻഡിഎ മുന്നണിയെ പിന്തുണച്ചതോടെ വാജ്പേയ് മൂന്നാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത്തവണ വാജ്പേയിയെ നിർഭാഗ്യം പിടികൂടിയില്ല. എൻഡിഎയുടെ സീറ്റുനില ഭദ്രമായിരുന്നതിനാൽ സുഗമമായി തന്നെ അദ്ദേഹം കാലാവധി പൂർത്തിയാക്കുകയും ആ നേട്ടം കൈവരിക്കുന്ന ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയായി മാറുകയും ചെയ്തു. മാത്രമല്ല ആത്മവിശ്വാസം ഒരു പടി കൂടി കടന്ന വാജ്പേയ് കാലാവധി തീരാൻ എട്ട് മാസം ശേഷിക്കെ 2004 ഫെബ്രുവരിയിൽ തന്നെ സർക്കാരിനെ പിരിച്ചുവിട്ടു മറ്റൊരു പൊതു തെരഞ്ഞെടുപ്പിന് രാജ്യത്ത് കളമൊരുക്കുകയും ചെയ്തു.
2004 ഏപ്രിൽ,മെയ് മാസങ്ങളിലായി നാല് ഘട്ടമായാണ് പതിനാലാം ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായാണ് ബിജെപിയും എൻഡിഎയും തെരഞ്ഞെടുപ്പിനെ നേരിട്ടത്. മിക്ക എക്സിറ്റ് പോൾ ഫലങ്ങളും രാഷ്ട്രീയ നിരീക്ഷകരും എൻഡിഎയുടെ വിജയം പ്രചരിച്ചിരുന്നു. മറുവശത്ത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും ശക്തമായ തയ്യാറെടുപ്പുകൾ നടത്തി. എൻഡിഎക്ക് ബദലായി ദേശീയ തലത്തിൽ മുന്നണി രൂപീകരിക്കാൻ തെരഞ്ഞെടുപ്പിന് മുമ്പ് സാധ്യമായില്ലെങ്കിലും സംസ്ഥാനതലത്തിൽ കോൺഗ്രസ് പല പ്രാദേശിക പാർട്ടികളുമായും സഖ്യമുണ്ടാക്കി. കോൺഗ്രസ് ചരിത്രത്തിലാദ്യമായിട്ടായിരുന്നു പൊതു തെരഞ്ഞെടുപ്പിൽ അത്തരമൊരു നീക്കം നടത്തുന്നത്. പാർട്ടിയിലെ പല മുതിർന്ന നേതാക്കളുടെയും അഭിപ്രായങ്ങളെ അവഗണിച്ചുകൊണ്ട് സോണിയ ഗാന്ധി സ്വന്തം താല്പര്യത്തിലെടുത്ത തീരുമാനമായിരുന്നു അത്. ഫലം വന്നപ്പോൾ ബിജെപിയുടെ 138 സീറ്റ് അടക്കം എൻഡിഎക്ക് ആകെ ലഭിച്ചത് 189 സീറ്റുകൾ മാത്രം.പ്രതിപക്ഷത്ത് കോൺഗ്രസിന് സ്വന്തമായി ലഭിച്ചത് 145 സീറ്റുകൾ. ഉടനെ കോൺഗ്രസ് തങ്ങളെ പിന്തുണക്കുന്ന പാർട്ടികളെ ചേർത്ത് യുപിഎ മുന്നണി രൂപീകരിച്ചു.21 പാർട്ടികളുടെ കൂട്ടായ്മയായിരുന്ന മുന്നണിക്ക് ആകെ 225 അംഗങ്ങളുടെ പിന്തുണയും ഉണ്ടായി . ആർജെഡിയും(24സീറ്റ്)ഡിഎംകെയും(16 സീറ്റ്) ആയിരുന്നു യുപിഎയിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള പാർട്ടികൾ. ഇടതു പാർട്ടികളുടെ കൂട്ടായ്മയായ മൂന്നാം മുന്നണി 102 ഇടത്ത് മത്സരിച്ച് 55 സീറ്റുകൾ നേടി. അതിൽ സിപിഐ(എം) സ്വന്തമായി 43 സീറ്റുകൾ നേടി തങ്ങളുടെ സർവ്വകാല റെക്കോർഡും ഇട്ടു. ഒടുവിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ മതേതര പാർട്ടികളെല്ലാം ഒന്നിച്ചുനിന്നു.സിപിഐഎം അടക്കമുള്ള ഇടതു പാർട്ടികൾ,ബിഎസ്പി, എസ് പി തുടങ്ങിയവയെല്ലാം യുപിഎക്ക് പുറമേ നിന്നുള്ള പിന്തുണ പ്രഖ്യാപിച്ചു. പാർട്ടിയുടെയും മുന്നണിയുടെയും വിജയത്തിന്റെ സൂത്രധാര എന്ന നിലയിലും നെഹ്റു കുടുംബത്തിലെ മുതിർന്ന അംഗമെന്ന നിലയിലും പ്രധാനമന്ത്രിപദം സോണിയ ഗാന്ധിയെ തേടിയെത്തിയെങ്കിലും കൈവെള്ളയിൽ ലഭിച്ച അവസരം അവർ വേണ്ടെന്നുവച്ചു. പകരം സാമ്പത്തിക വിദഗ്ധനായിരുന്ന ഡോ.മൻമോഹൻ സിംഗിനെ പ്രധാനമന്ത്രിയായി നിർദ്ദേശിച്ചു. അങ്ങനെ 335 അംഗങ്ങളുടെ പിന്തുണയോടെ 2004 മെയ് 23 ന് മൻമോഹൻ സിംഗ് രാജ്യത്തിന്റെ പതിമൂന്നാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മൻമോഹൻസിംഗ് സർക്കാർ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് 2009 ഏപ്രിൽ,മെയ് മാസങ്ങളിലായി അഞ്ച് ഘട്ടങ്ങളിലായി പതിനഞ്ചാം ലോക്സഭ തെരഞ്ഞെടുപ്പ് നടന്നു. യുപിഎക്കും എൻഡിഎക്കും പുറമേ ഇടതു പാർട്ടികളും ബിഎസ് പിയും ബിജെഡി യും(ഒഡീഷ) എഐഡിഎംകെയും നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയും എസ്പി യും ആർജെഡി യും നേതൃത്വം നൽകുന്ന നാലാം മുന്നണിയും മത്സര രംഗത്തുണ്ടായിരുന്നു. തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള ഒന്നാം മൻമോഹൻ സിംഗ് ഗവൺമെന്റിന്റെ ജനപ്രിയ പദ്ധതികൾ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. യുപിഎ മുന്നണി 262 സീറ്റുകൾ നേടി തുടർഭരണം ഉറപ്പിച്ചു. കോൺഗ്രസിന് സ്വന്തമായി തന്നെ 206(1991 ന് ശേഷം ഏറ്റവും ഉയർന്ന സീറ്റ് നില)സീറ്റുകൾ ലഭിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് (19), ഡിഎംകെ (18) എന്നിവരായിരുന്നു യുപിഎ മുന്നണിയിൽ കോൺഗ്രസിനു പിന്നിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടികൾ. മുഖ്യപ്രതിപക്ഷമായ എൻഡിഎ ക്ക് ആകെ 179 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ സ്വന്തമായുള്ള സീറ്റ് നില 116ലേക്ക് കൂപ്പുകുത്തി. മൂന്നാം മുന്നണിക്ക് 79 സീറ്റുകളും നാലാം മുന്നണിക്ക് 27 സീറ്റുകളും ലഭിച്ചു. തെരഞ്ഞെടുപ്പിനുശേഷം എൻഡിഎ മുന്നണിയിലെ ആർഎൽഡി(5 സീറ്റ്)യും മൂന്നാം മുന്നണിയിലെ ജെഡിഎസും(3 സീറ്റ്) യുപിഎ മുന്നണിയിലേക്ക് മാറി. മൂന്നാം മുന്നണിയിലെ ബിഎസ്പിയും(21സീറ്റ്) നാലാമുന്നണിയും (എസ്പിയും ആർ ജെ ഡിയും) യുപിഎക്ക് പുറമേ നിന്നുള്ള പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ യുപിഎക്ക് മൊത്തം 318 അംഗങ്ങളുടെ പിന്തുണയായി. പ്രധാനമന്ത്രിപദത്തിലേക്ക് ആദ്യം സോണിയക്കൊപ്പം മകൻ രാഹുൽ ഗാന്ധിയുടെയും പിന്നീട് പ്രണബ് മുഖർജിയുടെയുമൊക്കെ പേരുകൾ ഉയർന്നു വന്നെങ്കിലും ഒടുവിൽ മൻമോഹൻസിംഗ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകാൻ ധാരണയായി. 2009 മെയ് 22ന് രണ്ടാം യുപിഎ സർക്കാർ അധികാരത്തിലേറി.
മോദി ഇഫക്ട്
2014 ഏപ്രിൽ,മെയ് മാസങ്ങളിലായി 9 ഘട്ടങ്ങളായാണ് പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞ തെരഞ്ഞെടുപ്പായിരുന്നു 2014ലേത്. 1984നു ശേഷം ആദ്യമായി ഒരു കക്ഷി ലോക്സഭയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. അന്നത് കോൺഗ്രസ് ആയിരുന്നെങ്കിൽ ഇത്തവണ ബിജെപിയായിരുന്നു ആ നേട്ടം കൈവരിച്ചത്. രാജ്യത്താകമാനം മോദി തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ കോൺഗ്രസും യുപിഎ മുന്നണിയും തോറ്റു തുന്നംപാടി. തെരഞ്ഞെടുപ്പിന് ഒരു ഒരു വർഷം മുമ്പ് മാത്രമായിരുന്നു എൻ കെ അദ്വാനിക്ക് പകരം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ ബിജെപി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രംഗപ്രവേശനം ചെയ്ത മോദി രാജ്യത്തുടനീളം ബിജെപിയുടെയും മുന്നണിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചു. ഫലം വന്നപ്പോൾ 336 സീറ്റുകൾ നേടി എൻഡിഎ റെക്കോർഡ് വിജയം നേടി. സ്വപ്നതുല്യകുതിപ്പ് നടത്തിയ ബിജെപി 282 സീറ്റുകൾ സ്വന്തമാക്കി ഒറ്റക്ക് തന്നെ കേവല ഭൂരിപക്ഷവും നേടി. മോദി പ്രഭാവത്തിൽ തകർന്നടിഞ്ഞ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമേറ്റുവാങ്ങി കേവലം 44 സീറ്റുകളിലൊതുങ്ങി. സഭയിലെ ആകെ അംഗബലത്തിന്റെ പത്തിലൊന്നു പോലും അവകാശപ്പെടാനാവാത്തതിനാൽ മുഖ്യപ്രതിപക്ഷ പാർട്ടി പദവിയും കോൺഗ്രസിന് നഷ്ടമായി. യുപിഎ മുന്നണിക്ക് ആകെ ലഭിച്ചത് 60 സീറ്റുകൾ മാത്രമായിരുന്നു. മുന്നണിയിൽ രണ്ടാമതെത്തിയ എൻസിപിക്ക് ആറും മൂന്നാമതെത്തിയ ആർജെഡിക്ക് നാലും സീറ്റുകൾ മാത്രമാണ് ലഭിച്ചത്. രാജ്യത്തെ വിലക്കയറ്റവും സാമ്പത്തിക തകർച്ചയും മൂലവും രണ്ടാം യുപിഎ ഗവൺമെന്റിനെ ഗ്രസിച്ചു കളഞ്ഞ നിരവധി അഴിമതി ആരോപണങ്ങളാലും തുടർഭരണ സാധ്യത കുറെയൊക്കെ നഷ്ടപ്പെട്ടിരുന്നെങ്കിലും ഇതുപോലൊരു പതനം കോൺഗ്രസിനെയും യുപിഎയേയും സംബന്ധിച്ചിടത്തോളം അവിശ്വസനീയം തന്നെയായിരുന്നു. മോദി പ്രഭാവത്തിനിടയിലും പ്രാദേശിക പാർട്ടികളിൽ അണ്ണാ ഡിഎംകെയും (37 സീറ്റ്) തൃണമൂൽ കോൺഗ്രസ്സും (34 സീറ്റ്) ബിജു ജനതാദളും (20 സീറ്റ്) തങ്ങളുടെ കോട്ടകൾ നിലനിർത്തി. പക്ഷേ ഇടതു പാർട്ടികളും കനത്ത പരാജയം ഏറ്റുവാങ്ങി. സിപിഐഎം കേവലം ഒമ്പത് സീറ്റിലൊതുങ്ങിയപ്പോൾ സിപിഐക്ക് ആകെ ഒറ്റ സീറ്റാണ് ലഭിച്ചത്.
2014 ലെ ഫലത്തിന് ഏതാണ്ട് സമാനമായിരുന്നു 2019 ഏപ്രിൽ,മെയ് മാസങ്ങളിൽ ഏഴ് ഘട്ടമായി നടന്ന പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പ് ഫലവും.ബിജെപിയും എൻഡിഎയും വീണ്ടും വമ്പിച്ച വിജയം നേടി. ബിജെപിയുടെ സീറ്റ് നില 282ൽ നിന്ന് 303ലേക്കും എൻഡിഎയുടേത് 336ൽ നിന്ന് 353ലേക്കും ഉയർന്നു. കോൺഗ്രസും യുപിഎയും വീണ്ടും കനത്ത പരാജയം ഏറ്റുവാങ്ങി. കേവലം 52 സീറ്റ് മാത്രം നേടാനായ കോൺഗ്രസിന് തുടർച്ചയായി രണ്ടാം തവണയും മുഖ്യപ്രതിപക്ഷ പാർട്ടി പദവി നഷ്ടമായി. യുപിഎ മുന്നണിയുടെ ആകെ സീറ്റ് ബലവും(91 സീറ്റുകൾ) മൂന്നക്കത്തിലേക്ക് പോലും എത്തിയില്ല. സോണിയ ഗാന്ധിയിൽ നിന്നും കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുത്ത രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ട് ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പായിരുന്നു 2019ലേത്. നോട്ടു നിരോധനം,ജിഎസ്ടി എന്നിവ നടപ്പാക്കുന്നതിലെ പാളിച്ചകൾ,റാഫേൽ വിമാന അഴിമതി തുടങ്ങി വിഷയങ്ങളെല്ലാം പ്രതിപക്ഷം പ്രചാരണത്തിൽ ഉന്നയിച്ചിരുന്നെങ്കിലും അതൊന്നും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചില്ല. തീവ്ര ഹിന്ദുത്വത്തിലൂന്നിയ പ്രചാരണങ്ങളും പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ഐക്യമില്ലായ്മയുമാണ് തുടർച്ചയായി രണ്ടാമത്തെ തവണയും ബിജെപിയെ മൃഗീയ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്.