ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയെ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. ഇന്ത്യയിലെ നിയമനിർമ്മാണ സഭയായ പാർലമെന്റിന്റെ ഇരുസഭകളിലൊന്നാണ് അധോസഭ എന്നറിയപ്പെടുന്ന ലോക്സഭ. ലോക് എന്നാൽ ഹിന്ദിയിൽ ജനം എന്നാണ് അർത്ഥം. അപ്പോൾ ലോക്സഭ എന്നാൽ ജനസഭ.പേര് സൂചിപ്പിക്കും പോലെ തന്നെ രാജ്യത്തെ വോട്ടവകാശമുള്ള ഓരോ പൗരനും വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്ന തങ്ങളുടെ പ്രതിനിധികളാണ് ലോക്സഭയിലെ അംഗങ്ങൾ. രണ്ടാമത്തെ സഭയായ രാജ്യസഭ ഉപരിസഭ എന്നാണ് അറിയപ്പെടുന്നത് . ഇവിടെ പൊതുജനങ്ങളല്ല,മറിച്ച് സംസ്ഥാന നിയമസഭാംഗങ്ങൾ വോട്ട് ചെയ്താണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
കോടിക്കണക്കിന് ജനങ്ങൾ തങ്ങളുടെ സമ്മതിദായവകാശം വിനിയോഗിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യയിലെ ലോക്സഭ തെരഞ്ഞെടുപ്പുകൾ. ഏറ്റവും ഒടുവിൽ നടന്ന 2019ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലൊട്ടാകെ 90 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. പ്രായപൂർത്തിയായ (പതിനെട്ട് വയസ്സ്) ഇന്ത്യയിലെ ഓരോ പൗരനും രാജ്യത്തെ വോട്ടറാണ്.അഞ്ചുവർഷമാണ് ഒരു ലോക്സഭയുടെ കാലാവധി.എന്നാൽ അടിയന്തരാവസ്ഥ നിലവിലുണ്ടെങ്കിൽ പാർലമെന്റിന് ഇത് ഒരു സമയം ഒരു വർഷം എന്ന തോതിൽ നീട്ടിയെടുക്കാം.ഇന്ത്യയിൽ ഒരു പ്രാവശ്യം മാത്രമാണ്(1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ)അഞ്ചുവർഷത്തിൽ കൂടുതൽ കാലാവധി ലോക്സഭ എടുത്തിട്ടുള്ളത്. സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെടുകയോ, പ്രധാനമന്ത്രി ശുപാർശ ചെയ്തതനുസരിച്ച് രാഷ്ട്രപതി നേരത്തെ പിരിച്ചുവിടുകയോ ചെയ്താൽ ലോക്സഭയുടെ കാലാവധി അഞ്ചു വർഷത്തിൽ ചുരുങ്ങുകയും ചെയ്യാം. ഇതനുസരിച്ച് 18ാമത് ലോക്സഭ പൊതുതെരഞ്ഞെടുപ്പാണ് 2024ൽ നടക്കാൻ പോകുന്നത്.
ജനാധിപത്യ തിരഞ്ഞെടുപ്പുകൾ നടത്താൻ ലോകരാജ്യങ്ങൾ തെരഞ്ഞെടുക്കുന്ന രണ്ടു രീതികളാണ് കേവലഭൂരിപക്ഷ വ്യവസ്ഥയും ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയും. ഇതിൽ കേവല ഭൂരിപക്ഷ വ്യവസ്ഥ അനുസരിച്ചാണ് ഇന്ത്യയിൽ ലോക്സഭ തെരഞ്ഞെടുപ്പുകൾ നടത്തുന്നത്. ഇതനുസരിച്ച് ആദ്യം രാജ്യത്തെ വിവിധ നിയോജക മണ്ഡലങ്ങളായി തിരിക്കും. നിലവിൽ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്ത്യയിൽ ആകെ 543 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. തുടർന്ന് ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടിക്കാരും സ്വതന്ത്രരുമായ സ്ഥാനാർത്ഥികളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ഒരാൾ മാത്രം വിജയിയായി തെരഞ്ഞെടുക്കപ്പെടുന്നു. ഇന്ത്യയിൽ 25 വയസ്സ് കഴിഞ്ഞ രാജ്യത്തെ ഏതൊരു പൗരനും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമുണ്ട്. ശേഷം മൊത്തം വിജയികളുടെ എണ്ണം കേവല ഭൂരിപക്ഷം(മൊത്തം അംഗസംഖ്യയുടെ പകുതി,ഇന്ത്യയിൽ 272) കടക്കുന്ന പാർട്ടി/മുന്നണി ഗവൺമെന്റ് രൂപീകരിക്കുകയും ചെയ്യും. വിജയിച്ച പാർട്ടി/മുന്നണി തങ്ങളുടെ അംഗങ്ങളിൽ നിന്ന് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുകയും മന്ത്രിസഭ രൂപീകരിക്കുകയും ചെയ്യുന്നു(പ്രധാനമന്ത്രി, മന്ത്രിസഭ എന്നിവരിലേക്ക് രാജ്യസഭാംഗങ്ങളെയും പരിഗണിക്കും).എന്നാൽ ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയിൽ രാജ്യത്തെ ബഹുഅംഗ മണ്ഡലങ്ങളായി വിഭജിക്കുകയോ ഒരൊറ്റ മണ്ഡലമായി പരിഗണിക്കുകയോ ചെയ്യുന്നു. ഇവിടെ ജനങ്ങൾ വോട്ട് ചെയ്യുന്നത് സ്ഥാനാർത്ഥികൾക്കല്ല മറിച്ച് പാർട്ടികൾക്കാണ്. ശേഷം ലഭിക്കുന്ന വോട്ടിന്റെ ആനുപാതികമായി സീറ്റുകൾ ഓരോ പാർട്ടികൾക്കും നിയമനിർമ്മാണ സഭയിൽ ലഭിക്കും. ഇതിന്റെ ഫലമായി സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങൾക്ക് സഭയിൽ പ്രാതിനിധ്യം ലഭ്യമാകുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സഭയിൽ പ്രാതിനിധ്യം ലഭിക്കാൻ ഏറ്റവും അനുയോജ്യം ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയാണ്. പക്ഷേ സാധാരണക്കാർക്ക് ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന രീതി ആയതുകൊണ്ടും വലിയ രാജ്യത്ത് അനുപാതിക പ്രാതിനിധ്യം പോലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാതിനിധ്യം നൽകൽ അസാധ്യമായതുകൊണ്ടും ഇന്ത്യ കേവല ഭൂരിപക്ഷ വ്യവസ്ഥയാണ് സ്വീകരിച്ചത്. എങ്കിലും ഇന്ത്യയിൽ രാഷ്ട്രപതി,ഉപരാഷ്ട്രപതി,രാജ്യസഭാംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ പ്രകാരമാണ്.
ലോക്സഭാ സ്പീക്കറാണ് ലോക്സഭയുടെ അധ്യക്ഷൻ. അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയാണ് സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. സഭാ നടപടികളുടെ പൂർണ്ണ നിയന്ത്രണം സ്പീക്കറുടെ മേൽ നിശിപ്തമാണ്. ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന അംഗങ്ങളുടെ സഭയായതിനാൽ രാജ്യസഭയെക്കാൾ അധികാരവും പ്രാധാന്യവും ലോക്സഭക്കുണ്ട്. പാർലമെന്റിന്റെ ചുമതലയായ നിയമനിർമ്മാണത്തിന്റെ ഭാഗമായി ധനബില്ലുകളും ധനേതര ബില്ലുകളും ലോക്സഭയിൽ അംഗങ്ങൾക്ക് അവതരിപ്പിക്കാൻ കഴിയും. എന്നാൽ രാജ്യസഭയിൽ ധനേതര ബില്ലുകൾ മാത്രമാണ് അവതരിപ്പിക്കാൻ കഴിയുക. ലോക്സഭ പാസാക്കിയ ധന ബില്ലുകളിൽ രാജ്യസഭക്ക് മാറ്റങ്ങൾ നിർദ്ദേശിക്കാമെങ്കിലും തള്ളിക്കളയാൻ കഴിയില്ല. രാജ്യസഭ നിർദേശിച്ച മാറ്റങ്ങൾ സ്വീകരിക്കൽ ലോക്സഭയ്ക്ക് നിർബന്ധവുമില്ല. രാജ്യസഭ ധനബില്ലിൽ 14 ദിവസത്തിനകം നടപടി എടുത്തില്ലെങ്കിൽ അത് രാജ്യസഭ പാസാക്കിയതായി പരിഗണിക്കുകയും ചെയ്യും. കേന്ദ്രമന്ത്രിസഭക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും ലോക്സഭയിൽ മാത്രമേ സാധ്യമാവുകയുള്ളൂ. ലോക്സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ കേന്ദ്ര ഗവൺമെന്റിന് രാജിവെക്കേണ്ടി വരും. അതുപോലെ നികുതി ചുമത്താനും ലോക്സഭയുടെ അനുമതി നിർബന്ധമാണ്. രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്,രാഷ്ട്രപതി-ഉപരാഷ്ട്രപതി- സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാർ എന്നിവരെ നീക്കം ചെയ്യുന്ന പ്രക്രിയ,കമ്മിറ്റികളെയും കമ്മീഷനുകളെയും നിയമിക്കുകയും അവരുടെ റിപ്പോർട്ട് പരിഗണിക്കുകയും ചെയ്യുക തുടങ്ങി വിഷയങ്ങളിൽ രാജ്യസഭക്കൊപ്പം കൂട്ടുത്തരവാദിത്വവും ലോക്സഭ വഹിക്കുന്നു.
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ നടത്താൻ മേൽനോട്ടം വഹിക്കുന്നത് .ലോക്സഭാ തെരഞ്ഞെടുപ്പിന് പുറമേ രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ അംഗങ്ങൾ,സംസ്ഥാന നിയമസഭ അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകുന്നതും തെരഞ്ഞെടുപ്പ് കമ്മീഷനാണ്. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറും,രണ്ട് കമ്മീഷണർമാരും അടക്കം മൂന്നംഗ കമ്മീഷനാണ് നിലവിലുള്ളത്. രാഷ്ട്രപതി തിരഞ്ഞെടുക്കുന്ന ഇവരുടെ കാലാവധി ആറു വർഷമോ 65 വയസ് തികയുന്നത് വരെയോ ആയിരിക്കും.വോട്ടർ പട്ടിക തയ്യാറാക്കുന്നത് മുതൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെയുള്ള നടപടിക്രമങ്ങളെല്ലാം നിർവഹിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.തെരഞ്ഞെടുപ്പ് തിയ്യതി നിശ്ചയിക്കലും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ടം നടപ്പിലാക്കലും ചെലവുകൾക്ക് പരിധി നിർണയിക്കലും കമ്മീഷന്റെ ചുമതലയാണ്. അതുപോലെ രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകി ചിഹ്നങ്ങൾ അനുവദിക്കുന്നതും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
മാഷാ അല്ലാഹ്
നല്ല എഴുത്ത്….
ഈ വക കാര്യങ്ങൾ തിരിച്ചറിയുമ്പോഴാണ് നമ്മുടെ ഓരോ വോട്ടിന്റെ വില മനസ്സിലാവുക…
Yes, really